വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിരുത്സാഹത്തെ എങ്ങനെ തരണംചെയ്യാം?

നിരുത്സാഹത്തെ എങ്ങനെ തരണംചെയ്യാം?

നിരുത്സാഹത്തെ എങ്ങനെ തരണംചെയ്യാം?

നിങ്ങൾക്കു നിരുത്സാഹം അനുഭവപ്പെടുന്നുണ്ടോ? അനിശ്ചിതത്വത്തിന്റെയും കുഴപ്പങ്ങളുടെയും ഈ കാലഘട്ടത്തിൽ പലർക്കും നിരുത്സാഹം തോന്നുന്നു. തൊഴിൽ ഇല്ലാത്തതായിരിക്കാം ചിലരുടെ കാരണം. മറ്റു ചിലർ ഏതെങ്കിലും ഒരു അത്യാഹിതത്തെ തുടർന്നുള്ള പ്രശ്‌നങ്ങളുമായി മല്ലടിക്കുകയാവാം. കുടുംബ പ്രശ്‌നങ്ങൾ, ഗുരുതരമായ രോഗം, ഏകാന്തത എന്നിവയായിരിക്കാം ചിലരുടെ പ്രശ്‌നങ്ങൾ.

നിരുത്സാഹം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക്‌ സഹായത്തിനായി എങ്ങോട്ടു തിരിയാൻ കഴിയും? ദൈവവചനമായ ബൈബിൾ വായിക്കുന്നതിലൂടെ ദശലക്ഷങ്ങൾ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്‌. പൗലൊസ്‌ അപ്പൊസ്‌തലന്റെ ഈ വാക്കുകൾ അവർക്കു ധൈര്യം പകരുന്നു: ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ. നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.’ (2 കൊരിന്ത്യർ 1:3, 4) ഈ വാക്യവും മറ്റു ബൈബിൾ ഭാഗങ്ങളും സ്വന്തം ബൈബിളിൽനിന്നുതന്നെ നിങ്ങൾക്കു വായിച്ചുനോക്കാൻ കഴിയും. അത്‌ ‘നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു [നിങ്ങളെ] സ്ഥിരപ്പെടുത്തും.’​—⁠2 തെസ്സലൊനീക്യർ 2:17.

നിരുത്സാഹത്തെ തരണം ചെയ്യാനുള്ള സഹായം യഹോവയെ സേവിക്കുന്നവരുമായുള്ള സഹവാസത്തിലൂടെയും കണ്ടെത്താനാവും. “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 12:25 പറയുന്നു. ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ “മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും” ആയ ആ “നല്ല വാക്ക്‌” നാം കേൾക്കുന്നു. (സദൃശവാക്യങ്ങൾ 16:24) അത്തരം ഒരു കൂടിവരവിന്‌ നിങ്ങളെ എത്രമാത്രം ബലപ്പെടുത്താൻ കഴിയുമെന്ന്‌ അനുഭവിച്ചറിയാൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ നടക്കുന്ന ഒരു യോഗത്തിൽ സംബന്ധിക്കരുതോ?

പ്രാർഥനയുടെ ശക്തിയിൽനിന്നും നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും. ജീവിതോത്‌കണ്‌ഠകൾ നിങ്ങളെ ഭാരപ്പെടുത്തുന്നെങ്കിൽ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ ‘പ്രാർഥന കേൾക്കുന്നവനുമായി’ പങ്കുവെക്കുക. (സങ്കീർത്തനം 65:2) നാം നമ്മെ മനസ്സിലാക്കുന്നതിനെക്കാൾ മെച്ചമായി നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവം നമ്മെ മനസ്സിലാക്കുന്നു. അവന്റെ സഹായം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവന്റെ വചനം ഈ വാഗ്‌ദാനം നൽകുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) അതേ, “യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും.”​—⁠യെശയ്യാവു 40:31.

നിരുത്സാഹത്തെ വിജയപ്രദമായി തരണം ചെയ്യുന്നതിനുള്ള ശക്തി നമുക്കു പകർന്നു തരാനാകുന്ന അനേകം കരുതലുകൾ യഹോവയാം ദൈവം പ്രദാനം ചെയ്‌തിട്ടുണ്ട്‌. നിങ്ങൾ അവ ഉപയോഗപ്പെടുത്തുമോ?