വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സോടെയുള്ള ത്യാഗം സംതൃപ്‌തവും സന്തുഷ്ടവുമായ ജീവിതം സമ്മാനിച്ചിരിക്കുന്നു

മനസ്സോടെയുള്ള ത്യാഗം സംതൃപ്‌തവും സന്തുഷ്ടവുമായ ജീവിതം സമ്മാനിച്ചിരിക്കുന്നു

ജീവിതകഥ

മനസ്സോടെയുള്ള ത്യാഗം സംതൃപ്‌തവും സന്തുഷ്ടവുമായ ജീവിതം സമ്മാനിച്ചിരിക്കുന്നു

മാറിയോ ഷൂമിഗയും റോസ ഷൂമിഗയും പറഞ്ഞപ്രകാരം

“സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും” എന്ന്‌ സങ്കീർത്തനം 54:6 പ്രഖ്യാപിക്കുന്നു. ഫ്രാൻസിലെ മാറിയോ ഷൂമിഗയുടെയും ഭാര്യ റോസയുടെയും ജീവിതത്തിലെ സൂക്തവാക്യമാണ്‌ ഈ പ്രസ്‌താവന. യഹോവയുടെ സേവനത്തിൽ പിന്നിട്ട സുദീർഘവും സംതൃപ്‌തിദായകവുമായ ദിനങ്ങളെ കുറിച്ചുള്ള ചില സുപ്രധാന സ്‌മരണകൾ അവർ ഈയിടെ പങ്കുവെക്കുകയുണ്ടായി.

മാറിയോ: പോളണ്ടിൽനിന്നു ഫ്രാൻസിലേക്കു കുടിയേറിയ റോമൻ കത്തോലിക്ക വിശ്വാസികൾ ആയിരുന്നു എന്റെ മാതാപിതാക്കൾ. ഡാഡി ഒരു എളിയ മനുഷ്യനായിരുന്നു. സ്‌കൂളിൽ പോകാൻ അദ്ദേഹത്തിന്‌ ഒരിക്കലും അവസരം ലഭിച്ചില്ല. എന്നിരുന്നാലും, ഒന്നാം ലോകമഹായുദ്ധകാലത്ത്‌ കിടങ്ങുകളിൽ കഴിച്ചുകൂട്ടിയ സമയത്ത്‌ അദ്ദേഹം വായിക്കാനും എഴുതാനും പഠിച്ചു. ദൈവഭക്തനായിരുന്നെങ്കിലും സഭ അദ്ദേഹത്തെ കൂടെക്കൂടെ നിരാശപ്പെടുത്തിയിരുന്നു.

ഒരു സംഭവം പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓർമയിൽ ഉടക്കിക്കിടന്നു. ഒരിക്കൽ ഒരു സൈനിക പുരോഹിതൻ ഡാഡിയുടെ യൂണിറ്റ്‌ സന്ദർശിക്കാൻ വന്നു. പെട്ടെന്ന്‌ സമീപത്തായി ഒരു സ്‌ഫോടക ഷെൽ പൊട്ടിയപ്പോൾ, പേടിച്ചരണ്ട പുരോഹിതൻ തന്റെ കൈവശമുണ്ടായിരുന്ന ക്രൂശിതരൂപംകൊണ്ട്‌ കുതിരയെ അടിച്ച്‌ അതിനെ പായിച്ചുപോയി. ദൈവത്തിന്റെ “ഒരു പ്രതിനിധി” ഒരു “വിശുദ്ധ” വസ്‌തു ഇങ്ങനെയൊരു ആവശ്യത്തിന്‌ ഉപയോഗിക്കുന്നതു കണ്ട്‌ ഡാഡി ഞെട്ടിപ്പോയി. എന്നാൽ ഇത്തരം അനുഭവങ്ങളും യുദ്ധത്തിൽ താൻ കണ്ട ഭീകരരംഗങ്ങളും ഡാഡിയുടെ ദൈവവിശ്വാസത്തെ ദുർബലമാക്കിയില്ല. യുദ്ധത്തിൽനിന്നു സുരക്ഷിതമായി തിരിച്ചെത്താൻ തന്നെ സഹായിച്ചത്‌ ദൈവമാണെന്ന്‌ അദ്ദേഹം മിക്കപ്പോഴും പറയുമായിരുന്നു.

“കൊച്ചു പോളണ്ട്‌”

1911-ൽ എന്റെ ഡാഡി അയൽഗ്രാമത്തിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അന്ന സിസോവ്‌സ്‌കി എന്നായിരുന്നു അവളുടെ പേര്‌. 1919-ൽ, യുദ്ധം കഴിഞ്ഞ്‌ ഏറെ താമസിയാതെ എന്റെ മാതാപിതാക്കൾ പോളണ്ടിൽനിന്നു ഫ്രാൻസിലേക്കു കുടിയേറി, ഡാഡിക്ക്‌ അവിടെയുള്ള ഒരു കൽക്കരി ഖനിയിൽ ജോലിയും കിട്ടി. 1926 മാർച്ചിൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ കന്യാക്‌ ലിമീനയിലാണ്‌ ഞാൻ ജനിച്ചത്‌. തുടർന്ന്‌ എന്റെ മാതാപിതാക്കൾ ഉത്തര ഫ്രാൻസിലെ ലോസിനു സമീപമുള്ള ലോസ്‌ അങ്ക്വേലയിലെ ഒരു പോളണ്ടു സമുദായത്തിൽ താമസമാക്കി. ഈ സ്ഥലത്ത്‌ എവിടെ നോക്കിയാലും പോളണ്ടുകാരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ഇതിനെ കൊച്ചുപോളണ്ട്‌ എന്നു വിളിച്ചിരുന്നതിൽ അതിശയിക്കാനില്ല. എന്റെ മാതാപിതാക്കൾ സാമുദായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സംഗീതവും പാട്ടും നാടകവുമൊക്കെ ഉൾപ്പെട്ട കലാപരിപാടികൾ ഡാഡി മിക്കപ്പോഴും സംഘടിപ്പിക്കുമായിരുന്നു. പുരോഹിതനുമായുള്ള ചർച്ചയും മുറയ്‌ക്കു നടന്നിരുന്നു. എന്നാൽ, “നമുക്കു മനസ്സിലാക്കാനാകാത്ത പല മർമങ്ങളുമുണ്ട്‌” എന്ന പുരോഹിതന്റെ സ്ഥിരം മറുപടി അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തിയിരുന്നില്ല.

1930-ൽ ഒരു ദിവസം രണ്ടു സ്‌ത്രീകൾ ഞങ്ങളെ സന്ദർശിക്കാനെത്തി. അവർ ബൈബിൾ വിദ്യാർഥികൾ​—⁠അന്ന്‌ യഹോവയുടെ സാക്ഷികൾ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠ആയിരുന്നു. ഡാഡിക്ക്‌ അവർ ഒരു ബൈബിൾ നൽകി. ഏറെ കാലമായി അദ്ദേഹം വായിക്കാൻ ആഗ്രഹിച്ച ഒരു പുസ്‌തകമായിരുന്നു അത്‌. ആ സ്‌ത്രീകൾ നൽകിയ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും മമ്മിയും ഡാഡിയും ഉത്സാഹപൂർവം വായിച്ചു, വായിച്ച വിവരങ്ങൾ അവരെ ആഴത്തിൽ സ്‌പർശിക്കുകയും ചെയ്‌തു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും അവർ, ബൈബിൾ വിദ്യാർഥികൾ ക്രമീകരിച്ചിരുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. അതോടെ പുരോഹിതനുമായുള്ള ചർച്ചകളും ചൂടുപിടിക്കാൻ തുടങ്ങി. ഒടുവിൽ, മാതാപിതാക്കൾ ബൈബിൾ വിദ്യാർഥികളുമായി തുടർന്നും സഹവസിച്ചാൽ എന്റെ ചേച്ചി സ്റ്റിഫാനിയെ വേദപാഠ ക്ലാസ്സിൽനിന്നു പുറത്താക്കുമെന്ന്‌ പുരോഹിതൻ ഭീഷണിപ്പെടുത്തി. പക്ഷേ ഡാഡിയുടെ മറുപടി ഇപ്രകാരമായിരുന്നു: “അതിനായി താങ്കൾ ബുദ്ധിമുട്ടണമെന്നില്ല. ഇനി മുതൽ എന്റെ മക്കളെല്ലാവരും ഞങ്ങളോടൊപ്പം ബൈബിൾ വിദ്യാർഥികളുടെ യോഗത്തിൽ പങ്കെടുക്കും.” ഡാഡി സഭ വിട്ടുപോന്നു. 1932-ന്റെ ആരംഭത്തിൽ എന്റെ മാതാപിതാക്കൾ സ്‌നാപനമേറ്റു. അന്നാളിൽ, ഫ്രാൻസിൽ ഏകദേശം 800 രാജ്യഘോഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

റോസ: എന്റെ മാതാപിതാക്കൾ ഹംഗറിക്കാർ ആയിരുന്നു, കൽക്കരി ഖനികളിൽ വേല ചെയ്യാനായി മാറിയോയുടെ മാതാപിതാക്കളെ പോലെ അവരും ഫ്രാൻസിന്റെ വടക്കുഭാഗത്ത്‌ താമസം ഉറപ്പിച്ചു. 1925-ലാണ്‌ ഞാൻ ജനിച്ചത്‌. 1937-ൽ, യഹോവയുടെ സാക്ഷികളിൽ ഒരുവനായ ഓഗ്വീസ്റ്റ്‌ ബൂഷാ​—⁠ഞങ്ങൾ വിളിച്ചിരുന്നത്‌ ഓഗ്വീസ്റ്റ്‌ പാപ്പ എന്നായിരുന്നു​—⁠എന്റെ മാതാപിതാക്കൾക്ക്‌ ഹംഗറി ഭാഷയിലുള്ള വീക്ഷാഗോപുരം കൊണ്ടുവന്നു കൊടുക്കാൻ തുടങ്ങി. മാസികകൾ ഇഷ്ടപ്പെട്ടെങ്കിലും രണ്ടു പേരും യഹോവയുടെ സാക്ഷികൾ ആയിത്തീർന്നില്ല.

ചെറുപ്പമായിരുന്നെങ്കിലും വീക്ഷാഗോപുരത്തിൽ വായിച്ച കാര്യങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശിച്ചു, എനിക്കു തുണയായി ഓഗ്വീസ്റ്റ്‌ പാപ്പയുടെ മരുമകൾ സുസാന ബൂഷാ ഉണ്ടായിരുന്നു. സുസാന എന്നെ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടു പോകുന്നതിൽ എന്റെ മാതാപിതാക്കൾക്ക്‌ എതിർപ്പില്ലായിരുന്നു. പിന്നീട്‌ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ഞായറാഴ്‌ചകളിൽ യോഗങ്ങൾക്കു പോകുന്നത്‌ ഡാഡിയെ നീരസപ്പെടുത്തി. പൊതുവേ ഒരു നല്ല പ്രകൃതക്കാരൻ ആയിരുന്നെങ്കിലും, അദ്ദേഹം ഇങ്ങനെ പരാതിപ്പെട്ടു: “ഇടദിവസങ്ങളിലൊന്നും നീ ഇവിടെ ഇല്ല, ഞായറാഴ്‌ചയോ, നീ നിന്റെ യോഗങ്ങൾക്കും പോകുന്നു!” പക്ഷേ തുടർന്നും ഞാൻ യോഗങ്ങൾക്കു പൊയ്‌ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം അദ്ദേഹം പറഞ്ഞു: “നിന്റെ സാധനങ്ങളെല്ലാം എടുത്തുകൊണ്ട്‌ ഇവിടെനിന്ന്‌ ഇറങ്ങിക്കോളൂ!” നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അന്ന്‌ എനിക്കു 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എവിടേക്കു പോകണം എന്നറിയാതെ ഞാൻ വിഷമിച്ചു. ഒടുവിൽ, കരഞ്ഞുകൊണ്ട്‌ ഞാൻ സുസാനയുടെ വീട്ടിലേക്കു ചെന്നു. ഒരാഴ്‌ചയോളം അവരോടൊപ്പം കഴിഞ്ഞു. അപ്പോഴേക്കും എന്നെ കൂട്ടിക്കൊണ്ടുപോകാനായി ഡാഡി എന്റെ ചേച്ചിയെ അയച്ചു. ഞാൻ ഒരു നാണംകുണുങ്ങി ആയിരുന്നെങ്കിലും 1 യോഹന്നാൻ 4:⁠18-ലെ പ്രസ്‌താവന ഉറച്ചുനിൽക്കാൻ എന്നെ സഹായിച്ചു. “തികഞ്ഞ സ്‌നേഹം, ഭയത്തെ പുറത്താക്കിക്കളയുന്നു” എന്ന്‌ അതു പറയുന്നു. 1942-ൽ ഞാൻ സ്‌നാപനമേറ്റു.

അമൂല്യമായ ഒരു ആത്മീയ പൈതൃകം

മാറിയോ: എന്റെ സഹോദരനായ സ്റ്റിഫാന്റെയും സഹോദരിമാരായ സ്റ്റിഫാനിയുടെയും മിലാനിയുടെയും കൂടെ 1942-ൽ ഞാൻ സ്‌നാപനമേറ്റു. വീട്ടിൽ ദൈവവചനത്തെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങൾ എല്ലാം ചെയ്‌തിരുന്നത്‌. മേശയ്‌ക്കുചുറ്റും ഇരിക്കുന്ന ഞങ്ങളെ ഡാഡി പോളിഷ്‌ ഭാഷയിലുള്ള ബൈബിൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. രാജ്യപ്രസംഗ വേലയിൽ ഉണ്ടായ അനുഭവങ്ങൾ, വൈകുന്നേരം മാതാപിതാക്കൾ വിവരിക്കുമ്പോൾ അതു കേട്ടുകൊണ്ടിരിക്കുന്നത്‌ ഞങ്ങളുടെ പതിവായിരുന്നു. ആത്മീയ പ്രോത്സാഹനത്തിന്റേതായ ആ നിമിഷങ്ങൾ, യഹോവയെ സ്‌നേഹിക്കാനും അവനിൽ അധികമധികം ആശ്രയിക്കാനും ഞങ്ങളെ പഠിപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ നിമിത്തം ഡാഡി ജോലിയിൽനിന്നു വിരമിച്ചെങ്കിലും തുടർന്നും അദ്ദേഹം ഞങ്ങളെ ആത്മീയമായും ഭൗതികമായും പരിപാലിച്ചു.

ഇപ്പോൾ അദ്ദേഹത്തിന്‌ ധാരാളം ഒഴിവു സമയം ഉണ്ടായിരുന്നതിനാൽ, വാരത്തിലൊരിക്കൽ ഡാഡി സഭയിലെ യുവാക്കൾക്ക്‌ പോളിഷ്‌ ഭാഷയിൽ ബൈബിളധ്യയനം നടത്തി. അവിടെവെച്ച്‌ ഞാൻ പോളിഷ്‌ വായിക്കാൻ പഠിച്ചു. മറ്റു വിധങ്ങളിലും ഡാഡി യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. അന്ന്‌ ഫ്രാൻസിൽ യഹോവയുടെ സാക്ഷികളുടെ വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ഗ്വിസ്റ്റാവ്‌ സോപ്‌ഫർ ഒരിക്കൽ ഞങ്ങളുടെ സഭ സന്ദർശിച്ചു. അപ്പോൾ, ബേൽശസ്സർ രാജാവിന്റെ വിരുന്നിനെയും ചുവരിലെ കൈയെഴുത്തിനെയും ആസ്‌പദമാക്കി പുരാതന വേഷവിധാനങ്ങളോടുകൂടിയ ഒരു ബൈബിൾനാടകവും ഒരു സംഘഗാനവും ഡാഡി അവതരിപ്പിച്ചു. (ദാനീയേൽ 5:1-31) ദാനീയേലിന്റെ ഭാഗം അഭിനയിച്ചത്‌ ലൂയി പ്യെഷൂത ആയിരുന്നു, ഇദ്ദേഹം പിന്നീട്‌ നാസിവാഴ്‌ചക്കാലത്ത്‌ സത്യത്തിനു വേണ്ടി ഒരു ഉറച്ച നിലപാട്‌ സ്വീകരിക്കുകയുണ്ടായി. * ഇങ്ങനെയുള്ള ഒരു കുടുംബാന്തരീക്ഷത്തിലാണ്‌ ഞങ്ങൾ വളർന്നത്‌. മാതാപിതാക്കൾ എല്ലായ്‌പോഴും ആത്മീയകാര്യങ്ങളിൽ തിരക്കുള്ളവരായിരിക്കുന്നത്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അവർ എത്ര സമ്പന്നമായ ഒരു ആത്മീയ പൈതൃകമാണ്‌ ഞങ്ങൾക്കു കൈമാറിയതെന്ന്‌ ഇന്നു ഞാൻ തിരിച്ചറിയുന്നു.

1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഫ്രാൻസിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടു. ആയിടയ്‌ക്ക്‌ അധികാരികൾ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു തിരച്ചിൽ നടത്തി. ജർമൻ പട്ടാളക്കാർ എല്ലാ വീടുകളും വളഞ്ഞു. വസ്‌ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരയുടെ അടിയിൽ ഡാഡി കൃത്രിമമായ ഒരു അടിത്തട്ട്‌ ഉണ്ടാക്കിയിരുന്നു. ആ തട്ടിന്റെ അടിയിൽ ഞങ്ങൾ എല്ലാ ബൈബിൾ സാഹിത്യങ്ങളും ഒളിപ്പിച്ചുവെച്ചു. എന്നിരുന്നാലും, ഫാസിസമോ സ്വാതന്ത്ര്യമോ (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകത്തിന്റെ കുറെ പ്രതികൾ ഭക്ഷണമേശയുടെ ഒരു വലിപ്പിൽ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ ഡാഡി അതെല്ലാം, വരാന്തയിൽ തൂക്കിയിട്ടിരുന്ന ഒരു കോട്ടിന്റെ പോക്കറ്റിൽ കുത്തിയിറക്കി. രണ്ടു പട്ടാളക്കാരും ഒരു ഫ്രഞ്ച്‌ പോലീസുകാരനും ചേർന്ന്‌ ഞങ്ങളുടെ വീടു പരിശോധിച്ചു. ഞങ്ങൾ ശ്വാസമടക്കി നിന്നു. പട്ടാളക്കാരിൽ ഒരാൾ വരാന്തയിൽ തൂക്കിയിട്ടിരുന്ന വസ്‌ത്രങ്ങൾ പരിശോധിക്കാൻ തുടങ്ങി. ഉടൻതന്നെ അയാൾ കൈയിൽ ചെറുപുസ്‌തകങ്ങളുമായി, അടുക്കളയിലായിരുന്ന ഞങ്ങളുടെ അടുത്തേക്കു വന്നു. ഞങ്ങളെ തറപ്പിച്ചു നോക്കിയ ശേഷം അത്‌ മേശപ്പുറത്തിട്ടു. എന്നിട്ട്‌ മറ്റിടങ്ങളിൽ തിരച്ചിൽ തുടർന്നു. ഞാൻ പെട്ടെന്നുതന്നെ അതു വാരിയെടുത്ത്‌ പട്ടാളക്കാർ പരിശോധിച്ചു കഴിഞ്ഞിരുന്ന ഒരു വലിപ്പിൽ ഇട്ടു. പിന്നീട്‌ ആ പട്ടാളക്കാരൻ അതു ചോദിച്ചതേയില്ല​—⁠അതേക്കുറിച്ച്‌ അയാൾ പരിപൂർണമായും മറന്നതുപോലെ തോന്നി!

മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നു

1948-ൽ പയനിയർ ശുശ്രൂഷയിലൂടെ യഹോവയെ മുഴുസമയം സേവിക്കുന്നതിന്‌ എന്നെത്തന്നെ വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ എനിക്കൊരു കത്തു ലഭിച്ചു. ബെൽജിയത്തിനടുത്തുള്ള സുഡോയിലെ സഭയിൽ പയനിയറായി സേവിക്കുന്നതിന്‌ എന്നെ നിയമിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്‌. യഹോവയെ സേവിക്കുന്നതിനായി ഞാൻ ഈ രീതി തിരഞ്ഞെടുത്തത്‌ എന്റെ മാതാപിതാക്കളെ അതിയായി സന്തോഷിപ്പിച്ചു. എന്നാൽ പയനിയർ വേല ഉല്ലസിക്കാനുള്ള ഒരു വേദിയല്ലെന്നു ഡാഡി എന്നെ ഓർമിപ്പിച്ചു. അത്‌ കഷ്ടപ്പാടു നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, എനിക്ക്‌ എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമെന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും സഹായിക്കാമെന്നും അദ്ദേഹം എന്നോടു പറഞ്ഞു. കയ്യിൽ അധികം പണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മാതാപിതാക്കൾ എനിക്കൊരു പുതിയ സൈക്കിൾ വാങ്ങിത്തന്നു. അതിന്റെ ബിൽ ഇപ്പോഴും എന്റെ കയ്യിലുണ്ട്‌, അതു കാണുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പും. 1961-ൽ അവർ രണ്ടുപേരും മരണമടഞ്ഞു, പക്ഷേ ഡാഡിയുടെ ജ്ഞാനമൊഴികൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കുന്നു. ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന വർഷങ്ങളിലെല്ലാം അത്‌ എന്നെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു.

സുഡോ സഭയിലെ 75 വയസ്സുള്ള എലിസ മൊട്ട്‌ സഹോദരി എനിക്കു പ്രോത്സാഹനത്തിന്റെ മറ്റൊരു ഉറവായിരുന്നു. വേനൽക്കാലത്ത്‌ ദൂരെയുള്ള ഗ്രാമങ്ങളിൽ പ്രസംഗിക്കാൻ ഞങ്ങൾ പോകുമായിരുന്നു​—⁠ഞാൻ എന്റെ സൈക്കിളിലും എലിസ ട്രെയിനിലും. എന്നാൽ, ഒരു ദിവസം ട്രെയിൻ എഞ്ചിനീയർമാർ പണിമുടക്കിയപ്പോൾ വീട്ടിൽ എങ്ങനെ തിരിച്ചെത്തും എന്നോർത്ത്‌ എലിസ വല്ലാതെ വിഷമിച്ചുപോയി. എലിസയെ സൈക്കിളിന്റെ പിന്നിലിരുത്തി കൊണ്ടുപോകുകയല്ലാതെ വേറെ വഴിയില്ല എന്ന്‌ എനിക്കു മനസ്സിലായി, അത്‌ എളുപ്പം അല്ലായിരുന്നെങ്കിലും. പിറ്റേന്നു രാവിലെ എലിസയെ കൂട്ടിക്കൊണ്ടുപോകാൻ അവരുടെ വീട്ടിലേക്കു പോകുമ്പോൾ ഞാൻ ഒരു കുഷനും കരുതിയിരുന്നു. അതോടെ അവർ ട്രെയിൻ യാത്ര മതിയാക്കി. അതിനുള്ള പണംകൊണ്ട്‌, ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾക്കു കുടിക്കാൻ ചൂടുള്ള എന്തെങ്കിലും വാങ്ങുകയും ചെയ്‌തു. എന്റെ സൈക്കിൾ, യാത്രയ്‌ക്കുള്ള ഒരു പൊതുവാഹനം ആയിത്തീരുമെന്ന്‌ ആരെങ്കിലും വിചാരിച്ചിരിക്കുമോ?

കൂടുതൽ ഉത്തരവാദിത്വങ്ങൾ

1950-ൽ ഉത്തര ഫ്രാൻസിലെ മുഴു സ്ഥലങ്ങളിലും ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കാൻ എന്നോട്‌ ആവശ്യപ്പെട്ടു. വെറും 23 വയസ്സുള്ള എന്നെ അത്‌ ആശങ്കപ്പെടുത്തി. ബ്രാഞ്ച്‌ ഓഫീസിന്‌ തെറ്റു പറ്റിയതാണെന്നു ഞാൻ വിചാരിച്ചു! എന്റെ മനസ്സു നിറയെ ചോദ്യങ്ങളായിരുന്നു: ‘ആത്മീയമായും ശാരീരികമായും ആവശ്യമായ യോഗ്യത എനിക്കുണ്ടോ? ഓരോ വാരത്തിലും മാറിക്കൊണ്ടിരിക്കുന്ന താമസസൗകര്യങ്ങളുമായി ഞാൻ എങ്ങനെ പൊരുത്തപ്പെടും?’ മാത്രമല്ല, ആറു വയസ്സു മുതൽ കോങ്കണ്ണ്‌ നിമിത്തം ഞാൻ ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്നു. മറ്റുള്ളവർ എന്തു വിചാരിക്കും എന്നോർത്ത്‌ ഞാൻ അസ്വസ്ഥനായിരുന്നു. ആ സന്ദർഭത്തിൽ ഗിലെയാദ്‌ മിഷനറി സ്‌കൂൾ ബിരുദധാരിയായ സ്റ്റെഫാൻ ബെയൂനിക്‌ എന്നെ ഏറെ സഹായിച്ചത്‌ ഞാൻ നന്ദിയോടെ ഓർക്കുന്നു. പ്രസംഗ പ്രവർത്തനം നിമിത്തം പോളണ്ടിൽനിന്നു നാടുകടത്തപ്പെട്ട ബെയൂനിക്‌ സഹോദരന്‌ ഫ്രാൻസിലേക്കു നിയമനമാറ്റം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ധൈര്യം എന്നിൽ വളരെ മതിപ്പുളവാക്കി. യഹോവയോടും സത്യത്തോടും അദ്ദേഹത്തിന്‌ ആഴമായ ആദരവ്‌ ഉണ്ടായിരുന്നു. എന്നോടുള്ള സഹോദരന്റെ പെരുമാറ്റം കർശനമായിരുന്നെന്ന്‌ ചിലർ വിചാരിച്ചെങ്കിലും അദ്ദേഹത്തിൽനിന്നു ധാരാളം കാര്യങ്ങൾ ഞാൻ പഠിച്ചു. സഹോദരന്റെ ധൈര്യം എനിക്ക്‌ ആത്മവിശ്വാസം പകർന്നുതന്നു.

വയൽസേവനത്തിൽ വിസ്‌മയകരമായ ചില അനുഭവങ്ങൾ ആസ്വദിക്കാൻ സഞ്ചാരവേല എനിക്ക്‌ അവസരമൊരുക്കി. 1953-ൽ പവോലി എന്ന ഒരു വ്യക്തിയെ സന്ദർശിക്കാൻ എന്നോട്‌ ആവശ്യപ്പെട്ടു​—⁠പാരീസിനു തെക്കു താമസിച്ചിരുന്ന അദ്ദേഹം വീക്ഷാഗോപുരത്തിന്റെ വരിസംഖ്യ എടുത്തിരുന്നു. ഞാൻ അദ്ദേഹത്തെ സന്ദർശിച്ചു; പട്ടാളത്തിൽനിന്നു വിരമിച്ച അദ്ദേഹം വീക്ഷാഗോപുരത്തിൽ തത്‌പരനായിരുന്നു എന്നു ഞാൻ മനസ്സിലാക്കി. ആയിടെ ലഭിച്ചിരുന്ന ഒരു ലക്കത്തിൽ യേശുവിന്റെ മരണത്തിന്റെ സ്‌മാരകത്തെ കുറിച്ചുള്ള ഒരു ലേഖനം വായിച്ചശേഷം അദ്ദേഹം ഒറ്റയ്‌ക്ക്‌ ആ സ്‌മാരകം ആചരിച്ചെന്നും, സായാഹ്നത്തിന്റെ ശേഷിച്ച സമയത്ത്‌ സങ്കീർത്തനങ്ങൾ വായിക്കുന്നതിൽ മുഴുകിയെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള സമയത്തിലധികവും ഞങ്ങൾ ചർച്ചയിലായിരുന്നു. വിട പറയുന്നതിനുമുമ്പ്‌ സ്‌നാപനത്തെ കുറിച്ചും ഞങ്ങൾ ചുരുക്കമായി സംസാരിച്ചു. പിന്നീട്‌, 1954-ന്റെ ആരംഭത്തിൽ നടത്താനിരുന്ന ഞങ്ങളുടെ സർക്കിട്ട്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട്‌ ഞാൻ അദ്ദേഹത്തിന്‌ ഒരു കത്ത്‌ അയച്ചു. അദ്ദേഹം വന്നു എന്നു മാത്രമല്ല, ആ സമ്മേളനത്തിൽ മറ്റ്‌ 25 പേരോടൊപ്പം സ്‌നാപനമേൽക്കുകയും ചെയ്‌തു. അത്തരം അനുഭവങ്ങൾ ഓർക്കുന്നത്‌ ഇന്നും എന്നെ സന്തോഷഭരിതനാക്കുന്നു.

റോസ: 1948 ഒക്ടോബറിൽ ഞാൻ പയനിയർ ശുശ്രൂഷ ആരംഭിച്ചു. ബെൽജിയത്തിനു സമീപത്തുള്ള അനോറിലെ സേവനത്തിനു ശേഷം മറ്റൊരു പയനിയറായ ഇറേന കൊളോസ്‌കിയോടൊപ്പം​—⁠ഇപ്പോൾ അവരുടെ പേര്‌ ലർവാ എന്നാണ്‌​—⁠എന്നെ പാരീസിലേക്കു നിയമിച്ചു. നഗരമധ്യത്തിൽ, സഷെർമ ഡിപ്രിയിലുള്ള ഒരു കൊച്ചു മുറിയിൽ ഞങ്ങൾ താമസിച്ചു. ഒരു ഗ്രാമീണ വനിതയായ എനിക്ക്‌ പാരീസുകാരെ കാണുമ്പോൾ അങ്കലാപ്പ്‌ തോന്നിയിരുന്നു. അവരെല്ലാം വളരെ പരിഷ്‌കൃതരും സമർഥരും ആണെന്ന്‌ ഞാൻ വിചാരിച്ചു. എന്നാൽ അവരോടു പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, അവരും മറ്റുള്ളവരെ പോലെതന്നെയാണെന്ന്‌ പെട്ടെന്ന്‌ ഞാൻ മനസ്സിലാക്കി. ഫ്‌ളാറ്റുകളിലെയും മറ്റും കാവൽക്കാർ മിക്കപ്പോഴും ഞങ്ങളെ ഓടിച്ചുവിട്ടിരുന്നതിനാൽ ബൈബിളധ്യയനം ആരംഭിക്കുക പ്രയാസമായിരുന്നു. എങ്കിലും ചിലർ ഞങ്ങളുടെ സന്ദേശം സ്വീകരിച്ചു.

1951-ലെ ഒരു സർക്കിട്ട്‌ സമ്മേളനവേളയിൽ ഇറേനയ്‌ക്കും എനിക്കും പയനിയർ സേവനത്തോടു ബന്ധപ്പെട്ട്‌ ഒരു അഭിമുഖം ഉണ്ടായിരുന്നു. ആരായിരുന്നു അഭിമുഖം നടത്തിയതെന്ന്‌ ഊഹിക്കാമോ? ചെറുപ്പക്കാരനായ മാറിയോ ഷൂമിഗ എന്ന സർക്കിട്ട്‌ മേൽവിചാരകൻ. മുമ്പൊരിക്കൽ ഞങ്ങൾ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ ഈ സമ്മേളനത്തിനു ശേഷം ഞങ്ങൾ കത്തുകൾ കൈമാറാൻ തുടങ്ങി. ഒരേ വർഷം സ്‌നാപനപ്പെടുകയും ഒരേ വർഷം പയനിയർമാരാകുകയും ചെയ്‌തു എന്ന വസ്‌തുത ഉൾപ്പെടെ ഞങ്ങൾ ഇരുവർക്കും പൊതുവായി പലതും ഉണ്ടായിരുന്നു. എന്നാൽ, എല്ലാറ്റിലും പ്രധാനമായി ഞങ്ങൾ രണ്ടുപേരും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ ആഗ്രഹിച്ചു. അങ്ങനെ, പ്രാർഥനാപൂർവകമായ പരിചിന്തനത്തിനുശേഷം 1956 ജൂലൈ 31-ന്‌ ഞങ്ങൾ വിവാഹിതരായി. അതോടെ എനിക്ക്‌ ഒരു പുതിയ ജീവിതരീതി കൈവന്നു. ഒരു ഭാര്യയുടെ പങ്കു നിർവഹിക്കാനും, ഓരോ വാരത്തിലും വ്യത്യസ്‌ത ഭവനങ്ങളിൽ താമസിച്ചുകൊണ്ട്‌ സഞ്ചാര വേലയിൽ മാറിയോയെ അനുഗമിക്കാനും ഞാൻ പഠിക്കേണ്ടിയിരുന്നു. ആദ്യമൊക്കെ ദുഷ്‌കരം ആയിരുന്നെങ്കിലും, പിന്നീട്‌ അതു ഞങ്ങളെ വലിയ സന്തോഷത്തിലേക്കു നയിച്ചു.

ഒരു അനുഗൃഹീത ജീവിതം

മാറിയോ: കൺവെൻഷനുകളുടെ നടത്തിപ്പിനു സഹായിക്കുക എന്ന അതുല്യ പദവിയും വർഷങ്ങളോളം ഞങ്ങൾ ആസ്വദിച്ചു. പ്രത്യേകിച്ചും, 1966-ൽ ബൊർദുവിൽ നടന്ന ഒരു സമ്മേളനത്തിന്റെ പ്രിയങ്കരമായ ഓർമകൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. അന്നു പോർച്ചുഗലിൽ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌, ഫ്രാൻസിൽ എത്തിച്ചേരാൻ കഴിഞ്ഞ സാക്ഷികളുടെ പ്രയോജനത്തിനായി സമ്മേളന പരിപാടികൾ പോർച്ചുഗീസ്‌ ഭാഷയിലും നടത്തപ്പെട്ടു. പോർച്ചുഗലിൽനിന്ന്‌ എത്തിച്ചേർന്ന നൂറുകണക്കിനു സഹോദരീസഹോദരന്മാർക്ക്‌ താമസസൗകര്യം പ്രദാനം ചെയ്യുക എന്നത്‌ വലിയ വെല്ലുവിളി സൃഷ്ടിച്ചു. ബൊർദുവിലുള്ള സഹോദരങ്ങളുടെ ഭവനങ്ങളിൽ വേണ്ടത്ര സൗകര്യം ഇല്ലാതിരുന്നതിനാൽ, വെറുതെ കിടന്നിരുന്ന ഒരു സിനിമാ തീയേറ്റർ ഡോർമിറ്ററിയായി ഉപയോഗിക്കുന്നതിന്‌ ഞങ്ങൾ വാടകയ്‌ക്കെടുത്തു. ഇരിപ്പിടങ്ങളെല്ലാം നീക്കിയശേഷം സ്റ്റേജിൽനിന്നെടുത്ത ഒരു കർട്ടൻ ഉപയോഗിച്ച്‌ ഹാളിനെ രണ്ടു ഡോർമിറ്ററികളായി തിരിച്ചു, ഒന്ന്‌ സഹോദരന്മാർക്കും മറ്റൊന്ന്‌ സഹോദരിമാർക്കും. കൂടാതെ, ഷവറുകളും വാഷ്‌ബേസിനുകളും സ്ഥാപിക്കുകയും സിമെന്റു തറയിൽ വയ്‌ക്കോൽ നിരത്തി അതിനു മുകളിൽ കാൻവാസ്‌ ഷീറ്റുകൾ വിരിക്കുകയും ചെയ്‌തു. എല്ലാവരും ഈ ക്രമീകരണത്തിൽ സംതൃപ്‌തരായിരുന്നു.

കൺവെൻഷൻ പരിപാടികൾക്കു ശേഷം ഞങ്ങൾ ഡോർമിറ്ററിയിലുള്ള സഹോദരങ്ങളെ സന്ദർശിച്ചു. ആവേശജനകമായ ഒരു അന്തരീക്ഷമായിരുന്നു അവിടെങ്ങും. എതിർപ്പിൻ മധ്യേ വർഷങ്ങളോളം സഹിഷ്‌ണുത പ്രകടമാക്കിയ അവരുടെ അനുഭവങ്ങൾ ഞങ്ങളെ എത്ര പ്രോത്സാഹിതരാക്കിയെന്നോ! സമ്മേളനത്തിനു ശേഷം അവർ പിരിഞ്ഞുപോയപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു.

അതിനു രണ്ടു വർഷം മുമ്പ്‌, 1964-ൽ, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചിരുന്നു. അപ്പോഴും, എനിക്കതു നിവർത്തിക്കാൻ സാധിക്കുമോ എന്നു ഞാൻ ആശങ്കപ്പെട്ടു. എന്നാൽ, എനിക്കതിനു കഴിയും എന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ ഉത്തരവാദിത്വപ്പെട്ടവർ ഇങ്ങനെയൊരു നിയമനം സ്വീകരിക്കാൻ എന്നോട്‌ ആവശ്യപ്പെടുന്നത്‌ എന്നു ഞാൻ ആശ്വസിച്ചു. മറ്റു സഞ്ചാര മേൽവിചാരകന്മാരുമായി അടുത്ത സമ്പർക്കം സാധ്യമാക്കിയ ഈ സേവനം ഒരു നല്ല അനുഭവമായിരുന്നു. അവരിൽനിന്നു ധാരാളം കാര്യങ്ങൾ ഞാൻ പഠിച്ചു. യഹോവയുടെ ദൃഷ്ടിയിൽ അതിപ്രധാന ഗുണങ്ങളായ സഹിഷ്‌ണുതയുടെയും സ്ഥിരോത്സാഹത്തിന്റെയും യഥാർഥ ദൃഷ്ടാന്തങ്ങൾ ആയിരുന്നു അവരിൽ അനേകരും. നമ്മൾ കാത്തിരിപ്പിൻ മനോഭാവം ഉള്ളവരാണെങ്കിൽ നമുക്കു യോജിച്ച നിയമനങ്ങൾ നൽകാൻ യഹോവയ്‌ക്കറിയാം എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.

1982-ൽ പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ബുലോന്വ ബിയോങ്കൂറിലെ പോളണ്ടുകാരായ 12 പ്രസാധകരുടെ ഒരു ചെറിയ കൂട്ടത്തെ സഹായിക്കാനും ബ്രാഞ്ച്‌ ഓഫീസ്‌ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. അത്‌ ശരിക്കും ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ദിവ്യാധിപത്യ പദങ്ങൾ പോളിഷ്‌ ഭാഷയിൽ പറയാൻ പഠിച്ചിരുന്നെങ്കിലും വാചകങ്ങൾ ഉണ്ടാക്കുക എനിക്കു പ്രയാസമായിരുന്നു. എന്നിരുന്നാലും, ആ സഹോദരങ്ങൾ പ്രകടിപ്പിച്ച ദയയും അവരുടെ നല്ല സഹകരണവും എന്നെ വളരെ സഹായിച്ചു. ഇപ്പോൾ ആ സഭയിൽ 60-ഓളം പയനിയർമാർ ഉൾപ്പെടെ ഏകദേശം 170 പ്രസാധകരുണ്ട്‌. പിന്നീട്‌ റോസയും ഞാനും, ഓസ്‌ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും ഉള്ള പോളിഷ്‌ കൂട്ടങ്ങളും സഭകളും സന്ദർശിച്ചു.

സാഹചര്യങ്ങൾ മാറുന്നു

വ്യത്യസ്‌ത സഭകൾ സന്ദർശിച്ചുകൊണ്ട്‌ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച ഞങ്ങൾക്ക്‌ എന്റെ മോശമായ ആരോഗ്യസ്ഥിതി നിമിത്തം 2001-ൽ സഞ്ചാരവേലയിൽനിന്നു വിരമിക്കേണ്ടിവന്നു. എന്റെ സഹോദരി റൂറ്റ്‌ താമസിക്കുന്ന പിതീവ്യെ പട്ടണത്തിലെ ഒരു അപ്പാർട്ട്‌മെന്റിലേക്കു ഞങ്ങൾ താമസം മാറുകയും ചെയ്‌തു. ഞങ്ങളുടെ സാഹചര്യത്തിനു ചേർച്ചയിൽ, കുറഞ്ഞ മണിക്കൂർ വ്യവസ്ഥ നിശ്ചയിച്ചുകൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ ദയാപൂർവം ഞങ്ങളെ പ്രത്യേക പയനിയർമാരായി നിയമിച്ചു.

റോസ: സഞ്ചാരവേല നിറുത്തിയതിനു ശേഷമുള്ള ആദ്യത്തെ ഒരു വർഷം എനിക്കു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പെട്ടെന്നുള്ള ഈ വലിയ മാറ്റം, ഇനി എന്നെക്കൊണ്ടു പ്രയോജനമില്ല എന്ന ചിന്ത എന്നിൽ ഉളവാക്കി. എന്നാൽ, ‘ഒരു പയനിയറായി സേവിച്ചുകൊണ്ട്‌ നിന്റെ സമയവും നിനക്കുള്ള ആരോഗ്യവും ഇനിയും നന്നായി വിനിയോഗിക്കാൻ സാധിക്കും’ എന്ന്‌ ഞാൻ സ്വയം ഓർമപ്പെടുത്തി. ഇന്ന്‌ ഞങ്ങളുടെ സഭയിലെ മറ്റു പയനിയർമാരോടൊപ്പം ഞാൻ സന്തോഷത്തോടെ പ്രവർത്തിക്കുന്നു.

യഹോവ എല്ലായ്‌പോഴും ഞങ്ങളെ പരിപാലിച്ചു

മാറിയോ: കഴിഞ്ഞ 48 വർഷങ്ങളിൽ റോസയെപ്പോലെ ഒരുവൾ എനിക്ക്‌ ആത്മസഖിയായി ഉണ്ടായിരുന്നതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്‌. സഞ്ചാരവേലയിൽ ചെലവഴിച്ച അക്കാലമത്രയും അവൾ എനിക്ക്‌ കണക്കറ്റ പിന്തുണ നല്‌കി. ‘ഈ യാത്രയെല്ലാം മതിയാക്കി നമുക്ക്‌ എവിടെയെങ്കിലും സ്ഥിരമായി താമസിച്ചാലോ’ എന്ന്‌ ഒരിക്കൽ പോലും അവൾ എന്നോടു പറഞ്ഞിട്ടില്ല.

റോസ: ചിലപ്പോൾ ചിലരൊക്കെ എന്നോടു പറയും: “ഒരു സാധാരണ ജീവിതം അല്ല നിങ്ങൾ നയിക്കുന്നത്‌. മറ്റുള്ളവരുടെ വീട്ടിലാണല്ലോ എന്നും നിങ്ങളുടെ താമസം.” എന്നാൽ, എന്താണ്‌ യഥാർഥത്തിൽ ഒരു “സാധാരണ ജീവിതം”? പലപ്പോഴും, നമ്മുടെ ആത്മീയ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന നൂറുകൂട്ടം പ്രശ്‌നങ്ങൾകൊണ്ട്‌ നാം നമ്മെത്തന്നെ മൂടുന്ന ഒരു ജീവിതം ആണത്‌. ആകെക്കൂടി നമുക്കു വേണ്ടത്‌, ഭേദപ്പെട്ട ഒരു കിടക്കയും ഒരു മേശയും ചുരുക്കം ചില അടിസ്ഥാന സംഗതികളുമാണ്‌. പയനിയർമാർ എന്ന നിലയിൽ ഭൗതികമായി ഞങ്ങൾക്ക്‌ അധികമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന്‌ ആവശ്യമായ സകലതും ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു. ചിലർ എന്നോട്‌ ഇങ്ങനെയും ചോദിച്ചിട്ടുണ്ട്‌: “വയസ്സാകുമ്പോൾ, സ്വന്തമായി ഒരു വീടോ പെൻഷനോ ഇല്ലാതെ നിങ്ങൾ എന്തു ചെയ്യും?” അപ്പോൾ സങ്കീർത്തനം 34:10 ഉദ്ധരിച്ചുകൊണ്ട്‌ ഞാൻ പറയും: “യഹോവയെ അന്വേഷിക്കുന്നവർക്ക്‌ ഒരു നന്മെക്കും കുറവുണ്ടാകില്ല.” അതേ, യഹോവ എന്നും ഞങ്ങൾക്കായി കരുതിയിട്ടുണ്ട്‌.

മാറിയോ: അതു സത്യമാണ്‌! വാസ്‌തവത്തിൽ, ഞങ്ങൾക്ക്‌ ആവശ്യമായതിലും അധികം യഹോവ നൽകിയിരിക്കുന്നു. ഉദാഹരണത്തിന്‌, 1958-ൽ ന്യൂയോർക്കിലെ അന്താരാഷ്‌ട്ര കണവെൻഷനിൽ ഞങ്ങളുടെ സർക്കിട്ടിനെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ പങ്കെടുക്കാൻ എന്നെ തിരഞ്ഞെടുത്തു. എന്നാൽ റോസയ്‌ക്കുംകൂടിയുള്ള ടിക്കറ്റു വാങ്ങാൻ പണമുണ്ടായിരുന്നില്ല. ഒരു ദിവസം വൈകുന്നേരം ഒരു സഹോദരൻ ഞങ്ങൾക്കൊരു കവർ നൽകി. അതിന്റെ പുറത്ത്‌ “ന്യൂയോർക്ക്‌” എന്നെഴുതിയിരുന്നു. ആ സ്‌നേഹോപഹാരം റോസയുടെ യാത്രയ്‌ക്കുള്ള പണമായിരുന്നു!

യഹോവയുടെ സേവനത്തിൽ പിന്നിട്ട അനേകം വർഷങ്ങളെ കുറിച്ച്‌ ഓർക്കുമ്പോൾ റോസയും ഞാനും അശേഷം ഖേദിക്കുന്നില്ല. ഒന്നും ഞങ്ങൾക്കു നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല സകലവും​—⁠മുഴുസമയ ശുശ്രൂഷയിലെ സംതൃപ്‌തവും സന്തുഷ്ടവുമായ ഒരു ജീവിതം​—⁠ഞങ്ങൾ നേടുകയും ചെയ്‌തു. യഹോവ അങ്ങേയറ്റം നല്ലവനായ ഒരു ദൈവമാണ്‌. അവനെ പൂർണമായി ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. അവനോടുള്ള ഞങ്ങളുടെ സ്‌നേഹം ശക്തമാകുകയും ചെയ്‌തിരിക്കുന്നു. നമ്മുടെ ചില സഹോദരന്മാർ വിശ്വസ്‌തത പാലിക്കാനായി ജീവൻ ബലി കഴിച്ചിട്ടുണ്ട്‌. എന്നിരുന്നാലും, ഒരു വ്യക്തിക്ക്‌ വർഷങ്ങളിലൂടെ തന്റെ ജീവിതം അൽപ്പാൽപ്പമായി ബലി കഴിക്കാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു. റോസയും ഞാനും ഈ സമയം വരെയും അതിനാണു ശ്രമിച്ചിട്ടുള്ളത്‌, ഭാവിയിലും അതുതന്നെ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

[അടിക്കുറിപ്പുകൾ]

^ ഖ. 14 1980 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌), “ഞാൻ ‘മരണ പ്രയാണ’ത്തെ അതിജീവിച്ചു” എന്ന തലക്കെട്ടിൽ ലൂയി പ്യെഷൂതയുടെ ജീവിതകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

[20-ാം പേജിലെ ചിത്രം]

ഫ്രാസ്വ ഷൂമിഗയും അന്ന ഷൂമിഗയും മക്കളായ സ്റ്റിഫാനി, സ്റ്റിഫാൻ, മിലാനി, മാറിയോ എന്നിവരോടൊപ്പം ഏകദേശം 1930-ൽ. സ്റ്റൂളിന്മേൽ നിൽക്കുന്നതാണ്‌ മാറിയോ

[22-ാം പേജിലെ ചിത്രം]

മുകളിൽ: 1950-ൽ ഉത്തര ഫ്രാൻസിലെ ആർമോറ്റിയേ റിലുള്ള ഒരു കച്ചവട കൗണ്ടറിൽ ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുന്നു

[22-ാം പേജിലെ ചിത്രം]

ഇടത്ത്‌: സ്റ്റെഫാൻ ബെയൂനിക്‌ മാറിയോയോടൊപ്പം, 1950-ൽ

[23-ാം പേജിലെ ചിത്രം]

റോസ (ഇടത്തേ അറ്റത്ത്‌) പയനിയർ കൂട്ടാളിയായ ഇറേനയോടൊപ്പം (ഇടത്തുനിന്ന്‌ നാലാമത്‌) 1951-ൽ ഒരു സമ്മേളനം പരസ്യപ്പെടുത്തുന്നു

[23-ാം പേജിലെ ചിത്രം]

മാറിയോയും റോസയും അവരുടെ വിവാഹത്തലേന്ന്‌

[23-ാം പേജിലെ ചിത്രം]

സർക്കിട്ട്‌ സന്ദർശനങ്ങൾക്കുള്ള യാത്ര പ്രധാനമായും സൈക്കിളിലായിരുന്നു