സന്തുഷ്ടിക്കായുള്ള അന്വേഷണം
സന്തുഷ്ടിക്കായുള്ള അന്വേഷണം
“ഏതാനും വർഷം മുമ്പ് ഐക്യനാടുകൾ, ഗ്രേറ്റ് ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർവേ നടത്തുകയുണ്ടായി. “സന്തുഷ്ടിക്ക് എന്താണ് ആവശ്യമായിരിക്കുന്നത്?” എന്ന ചോദ്യത്തിനാണ് അവർ ഉത്തരം പറയേണ്ടിയിരുന്നത്. അഭിമുഖത്തിൽ പങ്കെടുത്തവരിൽ 89 ശതമാനവും നല്ല ആരോഗ്യമാണ് ആവശ്യം എന്ന് അഭിപ്രായപ്പെട്ടു. 79 ശതമാനം, സംതൃപ്ത വിവാഹജീവിതമോ ജീവിത പങ്കാളിത്തമോ ആണു വേണ്ടത് എന്ന അഭിപ്രായക്കാരായിരുന്നു. 62 ശതമാനം ആളുകൾ സന്താനലബ്ധിയും അതിന്റെ സത്ഫലങ്ങളുമാണു ചൂണ്ടിക്കാട്ടിയത്. വിജയകരമായ ഒരു തൊഴിലാണ് ആവശ്യം എന്ന് 51 ശതമാനം അഭിപ്രായപ്പെട്ടു. സന്തുഷ്ടി നൽകാൻ പണത്തിനു കഴിയില്ല എന്നതാണ് പരമ്പരാഗത വീക്ഷണമെങ്കിലും 47 ശതമാനത്തിന്റെ അഭിപ്രായത്തിൽ സന്തുഷ്ടിക്കു നിദാനം പണം തന്നെയാണ്. എന്നാൽ വസ്തുതകൾ എന്താണു കാണിക്കുന്നത്?
ആദ്യമായി, പണവും സന്തുഷ്ടിയും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന ബന്ധം ഒന്നു പരിശോധിക്കുക. ഐക്യനാടുകളിലെ ഏറ്റവും സമ്പന്നരായ നൂറു പേരുടെ ഇടയിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത് അവരാരും സാധാരണ ജനങ്ങളെക്കാൾ സന്തുഷ്ടരല്ല എന്നാണ്. മാത്രമല്ല കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കുള്ളിൽ ഐക്യനാടുകളിൽ പലരും തങ്ങളുടെ ഭൗതിക സമ്പത്ത് ഏതാണ്ട് ഇരട്ടിയാക്കിയിട്ടുണ്ടെങ്കിലും അവർക്കാർക്കും മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ സന്തുഷ്ടി ലഭിച്ചിട്ടുള്ളതായി കാണുന്നില്ല എന്ന് മാനസിക-ആരോഗ്യ വിദഗ്ധർ പറയുന്നു. വാസ്തവത്തിൽ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഇതേ കാലഘട്ടത്തിനുള്ളിൽ, വിഷാദം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. കൗമാരപ്രായക്കാരുടെ ആത്മഹത്യാ നിരക്ക് മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. വിവാഹമോചന നിരക്ക് ഇരട്ടിയായിരിക്കുന്നു.” പണവും സന്തുഷ്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഏതാണ്ട് 50 രാജ്യങ്ങളിൽ പഠനം നടത്തിയ ഗവേഷകർ, പണംകൊണ്ട് സന്തുഷ്ടി വിലയ്ക്കു വാങ്ങാനാവില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.
അടുത്തതായി നല്ല ആരോഗ്യം, സംതൃപ്ത വിവാഹജീവിതം, വിജയകരമായ തൊഴിൽ എന്നീ ഘടകങ്ങൾ സന്തുഷ്ടിക്ക് എത്രത്തോളം പ്രധാനമാണ്? ഇവ സന്തുഷ്ടിക്ക് അനിവാര്യമാണെങ്കിൽ നല്ല ആരോഗ്യമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചെന്ത്? ദാമ്പത്യജീവിതത്തിൽ സംതൃപ്തി ഇല്ലാത്തവരുടെ കാര്യമോ? മക്കളില്ലാത്ത വിവാഹിത ഇണകളുടെയും വിജയകരമായ തൊഴിൽ ഇല്ലാത്ത സ്ത്രീപുരുഷന്മാരുടെയും കാര്യമോ? ഇത്തരം വ്യക്തികളെല്ലാം അസന്തുഷ്ട ജീവിതം നയിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണോ? ഇപ്പോൾ നല്ല ആരോഗ്യവും സംതൃപ്ത വിവാഹബന്ധവും ആസ്വദിക്കുന്ന, സന്തുഷ്ടർ എന്നു കണക്കാക്കപ്പെടുന്ന ആളുകളുടെ സാഹചര്യങ്ങൾക്കു മാറ്റമുണ്ടായാൽ അവരുടെ സന്തുഷ്ടി അപ്രത്യക്ഷമാകുമോ?
നാം അന്വേഷിക്കുന്നത് ശരിയായ ഇടങ്ങളിൽ ആണോ?
എല്ലാവരും സന്തുഷ്ടി ആഗ്രഹിക്കുന്നു. മനുഷ്യന്റെ സ്രഷ്ടാവ് ‘സന്തുഷ്ട ദൈവവും’ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സാദൃശ്യത്തിലും ആയിരിക്കെ, അതിൽ അതിശയിക്കാനില്ല. (1 തിമൊഥെയൊസ് 1:11, NW; ഉല്പത്തി 1:26, 27) അപ്പോൾ സന്തുഷ്ടിക്കായി അന്വേഷിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വാഭാവികം മാത്രമാണ്. എന്നിരുന്നാലും സന്തുഷ്ടി നിലനിറുത്തുക എന്നത് കൈക്കുള്ളിൽ മണൽ പിടിച്ചുനിറുത്താൻ ശ്രമിക്കുന്നതുപോലെ വിഷമകരമാണ് എന്ന് പലരും കണ്ടെത്തിയിരിക്കുന്നു—രണ്ടും എളുപ്പത്തിൽ ചോർന്നുപോകുന്നു.
എന്നാൽ സന്തുഷ്ടി കണ്ടെത്താനുള്ള ചിലരുടെ ശ്രമങ്ങൾ ഒരുപക്ഷേ അതിരുകടന്നു പോകുകയാണോ? സാമൂഹിക തത്ത്വചിന്തകനായ എറിക് ഹോഫർ അങ്ങനെയാണു കരുതുന്നത്. അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു: “സന്തുഷ്ടിക്കു വേണ്ടിയുള്ള അന്വേഷണമാണ് അസന്തുഷ്ടിയുടെ മുഖ്യ കാരണങ്ങളിലൊന്ന്.” ശരിയായ ഇടങ്ങളിലല്ല നാം സന്തുഷ്ടിക്കായി അന്വേഷിക്കുന്നതെങ്കിൽ ഇതു തീർച്ചയായും സത്യമാണ്. അതാണു നമ്മുടെ അവസ്ഥയെങ്കിൽ നിരാശയും ഇച്ഛാഭംഗവും ആയിരിക്കും ഫലം. ധനികരാകാനോ പേരും പെരുമയും നേടിയെടുക്കാനോ ഉള്ള കഠിന ശ്രമം, രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ ലക്ഷ്യങ്ങൾ വെച്ച് അവ എത്തിപ്പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കൽ, സ്വാർഥത നിറഞ്ഞതും സ്വന്തം താത്പര്യങ്ങളുടെ തത്ക്ഷണ സാക്ഷാത്കാരത്തിൽ കേന്ദ്രീകൃതവുമായ ഒരു ജീവിതം നയിക്കൽ, ഇവയൊന്നും സന്തുഷ്ടി കൈവരുത്തുന്നില്ല. “സന്തുഷ്ടരായിരിക്കാനുള്ള ശ്രമങ്ങൾ ഒന്ന് അവസാനിപ്പിച്ചിരുന്നെങ്കിൽത്തന്നെ നമുക്ക് ഒരുവിധം നല്ല സന്തുഷ്ടി ആസ്വദിക്കാൻ കഴിയുമായിരുന്നു!” എന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരിയുടെ വൈരുദ്ധ്യമെന്നു തോന്നിക്കുന്ന വീക്ഷണം ചിലരെങ്കിലും സ്വീകരിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല.
ആദ്യം സൂചിപ്പിച്ച സർവേയിൽ പങ്കെടുത്തവരിൽ 40 ശതമാനം ആളുകളും നന്മ ചെയ്യുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും സന്തുഷ്ടി കൈവരുത്തും എന്നു വിചാരിച്ചിരുന്നു എന്നതും പ്രാധാന്യം അർഹിക്കുന്നു. സന്തുഷ്ടി ഉണ്ടായിരിക്കുന്നതിൽ മതവിശ്വാസവും മതപരമായ ബോധ്യങ്ങളും ഒരു വലിയ പങ്കു വഹിക്കുന്നു എന്ന് 25 ശതമാനം പേർ എടുത്തുപറഞ്ഞു. വ്യക്തമായും യഥാർഥ സന്തുഷ്ടിക്ക് എന്താണ് ആവശ്യമായിരിക്കുന്നത് എന്നതു സംബന്ധിച്ച് നാം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. അടുത്ത ലേഖനം അതിനു നമ്മെ സഹായിക്കും.
[3-ാം പേജിലെ ചിത്രങ്ങൾ]
പണം, സംതൃപ്ത കുടുംബജീവിതം, വിജയകരമായ തൊഴിൽ എന്നിവയാണ് സന്തുഷ്ടി ക്ക് ആധാരം എന്ന് അനേകർ വിചാരിക്കുന്നു. നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ?