അമൂല്യമായ ചെസ്റ്റർ ബീറ്റി ശേഖരങ്ങളിലേക്ക് ഒരു എത്തിനോട്ടം
അമൂല്യമായ ചെസ്റ്റർ ബീറ്റി ശേഖരങ്ങളിലേക്ക് ഒരു എത്തിനോട്ടം
“മൺമറഞ്ഞ സംസ്കാരങ്ങൾ അവശേഷിപ്പിച്ചിട്ടുപോയ നിക്ഷേപങ്ങളാൽ സമ്പന്നം, . . . കണ്ണഞ്ചിക്കുന്ന മനോഹരമായ മാതൃകകളുടെയും പെയിന്റിങ്ങുകളുടെയും കമനീയ ശേഖരം.” അയർലൻഡിലെ ഡബ്ലിനിലുള്ള ചെസ്റ്റർ ബീറ്റി ലൈബ്രറിയെ, അതിന്റെ മുൻ മേൽനോട്ടക്കാരനായ ആർ. ജെ. ഹെയ്സ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. അമൂല്യമായ പുരാവസ്തുക്കൾ, അതിമനോഹരമായ കലാസൃഷ്ടികൾ, അത്യപൂർവ പുസ്തകങ്ങൾ, വിലകൽപ്പിക്കാനാവാത്ത കൈയെഴുത്തുപ്രതികൾ തുടങ്ങിയവയുടെ ഒരു വമ്പിച്ച ശേഖരംതന്നെ അവിടെയുണ്ട്. അങ്ങനെയെങ്കിൽ ആരായിരുന്നു ഈ ചെസ്റ്റർ ബീറ്റി? എന്തെല്ലാം അമൂല്യ വസ്തുക്കളാണ് അദ്ദേഹം ശേഖരിച്ചിരുന്നത്?
ആൽഫ്രെഡ് ചെസ്റ്റർ ബീറ്റി, 1875-ൽ യു.എസ്.എ.-യിലെ ന്യൂയോർക്കിലാണു ജനിച്ചത്. ബീറ്റിയുടെ വംശപാരമ്പര്യം നോക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ പൂർവികർ സ്കോട്ട്ലൻഡ്, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽനിന്നൊക്കെ ഉള്ളവരായിരുന്നു. 32 വയസ്സായപ്പോഴേക്കും, ഒരു ഖനന എഞ്ചിനീയറും ഉപദേഷ്ടാവുമെന്ന നിലയിൽ വളരെയധികം സമ്പത്ത് ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജീവിതത്തിൽ ഉടനീളം, തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം മനോഹരമായ, അമൂല്യ വസ്തുക്കൾ വാങ്ങുന്നതിനായി അദ്ദേഹം ഉപയോഗിച്ചു. 1968-ൽ 92-ാമത്തെ വയസ്സിൽ മരിക്കുമ്പോൾ തന്റെ എല്ലാ ശേഖരവും അദ്ദേഹം അയർലൻഡിലെ ജനങ്ങൾക്കായി നൽകി.
എന്തെല്ലാമായിരുന്നു അദ്ദേഹം ശേഖരിച്ചിരുന്നത്?
ബീറ്റിയുടെ ശേഖരങ്ങൾ വളരെ വിപുലവും വൈവിധ്യമാർന്നതും ആയിരുന്നു. ഒരു സമയത്ത് അതിന്റെ ഒരു ശതമാനം മാത്രമേ പ്രദർശനത്തിനു വെക്കാറുള്ളൂ. ആയിരക്കണക്കിനു വർഷങ്ങളിലെ വിവിധ കാലഘട്ടങ്ങളിൽനിന്നും സംസ്കാരങ്ങളിൽ നിന്നുമായി അദ്ദേഹം വളരെ അപൂർവവും വിലയേറിയതുമായ വസ്തുക്കൾ ശേഖരിച്ചിരുന്നു. മധ്യകാലത്തെയും നവോത്ഥാന കാലത്തെയും യൂറോപ്പിൽനിന്നും, അസംഖ്യം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഉള്ള വസ്തുക്കൾ അവയിൽ ഉൾപ്പെട്ടിരുന്നു. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരത്തിലുള്ള ജാപ്പനീസ് വുഡ്ബ്ലോക്ക് പ്രിന്റുകൾ ലോകത്തിലെതന്നെ ഏറ്റവും മികച്ചവയിലൊന്നായി കണക്കാക്കപ്പെടുന്നു.
ഇവയിൽനിന്നൊക്കെ തികച്ചും വ്യത്യസ്തമായ ചില വസ്തുക്കളും അദ്ദേഹത്തിന്റെ ശേഖരത്തിൽ പെടുന്നു. കൗതുകമുണർത്തുന്ന, പുരാതന ക്യൂനിഫോം എഴുത്തോടു കൂടിയ നൂറിലധികം വരുന്ന ബാബിലോണിയൻ, സുമേറിയൻ കളിമൺ ഫലകങ്ങളാണ് അവ. 4,000-ത്തിലധികം വർഷം മുമ്പ് മെസൊപ്പൊത്താമ്യയിൽ ജീവിച്ചിരുന്ന ആളുകൾ അവരുടെ ജീവിതരീതിയുടെ വിശദാംശങ്ങൾ, നനഞ്ഞ കളിമൺ ഫലകങ്ങളിൽ കൊത്തിവെക്കുകയും അതിനുശേഷം അവ ചുട്ടെടുക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള അനേകം ഫലകങ്ങൾ നമ്മുടെ നാളുകളോളം അതിജീവിച്ചിട്ടുണ്ട്. അവയെല്ലാം അവയുടെ എഴുത്തുകളുടെ കാലപ്പഴക്കത്തിന്റെ വ്യക്തമായ തെളിവുകൾ നമുക്കു നൽകുന്നു.
പുസ്തകങ്ങളോടുള്ള ഭ്രമം
അലങ്കാരങ്ങളോടു കൂടിയ പുസ്തകങ്ങളുടെ കലാചാരുതയിലും ചെസ്റ്റർ ബീറ്റി ആകൃഷ്ടനായിരുന്നതു പോലെ തോന്നുന്നു. ഖുറാന്റെ മനോഹരമായ ചില പ്രതികൾ ഉൾപ്പെടെ, മതപരവും അല്ലാത്തതുമായ ആയിരക്കണക്കിനു പുസ്തകങ്ങൾ അദ്ദേഹം ശേഖരിച്ചിരുന്നു. ഒരു എഴുത്തുകാരൻ പറയുന്നു: “അറബി ലിപികളുടെ ഗണിതശാസ്ത്രപരമായ അനുപാതം അദ്ദേഹത്തെ ഏറെ ആകർഷിച്ചിരുന്നു . . . സ്വർണം, വെള്ളി തുടങ്ങിയ തിളക്കമേറിയ ധാതുക്കൾകൊണ്ട് നിറം നൽകി മോടിപിടിപ്പിച്ച വടിവൊത്ത അക്ഷരങ്ങൾ ബീറ്റിയുടെ ആസ്വാദനഹൃദയത്തെ തൊട്ടുണർത്തിയിരുന്നു.”
മുൻ നൂറ്റാണ്ടുകളിലെ ചില ചൈനീസ് ചക്രവർത്തിമാർക്കെന്നപോലെ, അക്കിക്കല്ലുകൾ ചെസ്റ്റർ ബീറ്റിക്കും ഹരമായിരുന്നു. അവർ അതിനെ ഏതൊരു ധാതുവിനെക്കാളും അമൂല്യമായി സ്വർണത്തെക്കാൾ പോലും വിലയേറിയതായി കണക്കാക്കി. അക്കിക്കല്ലിന്റെ വലിയ കഷണങ്ങളെ ലോലമായ കനം കുറഞ്ഞ ഷീറ്റുകളാക്കുന്നതിനായി ഈ ചക്രവർത്തിമാർ വിദഗ്ധരായ കൊത്തുപണിക്കാരെ നിയമിച്ചിരുന്നു. അനുഗൃഹീതരായ ആ കലാകാരന്മാർ ഈ ഷീറ്റുകളെ സ്വർണത്തിൽ തീർത്ത ചിത്രങ്ങളും എഴുത്തുകളുംകൊണ്ടു നിറച്ചു. നിർമിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വിസ്മയംകൊള്ളിക്കുന്ന പുസ്തകങ്ങളിൽ ചിലതാണ് ഇവ. ബീറ്റിയുടെ ഇത്തരം പുസ്തകശേഖരം ലോകപ്രശസ്തമാണ്.
അമൂല്യമായ ബൈബിൾ കൈയെഴുത്തുപ്രതികൾ
ബൈബിളിനെ സ്നേഹിക്കുന്നവർക്കുവേണ്ടി, ചെസ്റ്റർ ബീറ്റിയുടെ ഏറ്റവും വലിയ നിധി അതായത്, പുരാതന
കാലത്തെയും മധ്യകാലത്തെയും ബൈബിൾ കൈയെഴുത്തുപ്രതികളുടെ വൻ ശേഖരം തന്നെയുണ്ട്. അതീവ വശ്യതയാർന്ന ആ കൈയെഴുത്തുപ്രതികൾ, അവ പകർത്തിയെഴുതിയ ശാസ്ത്രിമാരുടെ ക്ഷമയും നൈപുണ്യവും വിളിച്ചോതുന്നു. അച്ചടിക്കപ്പെട്ട പുസ്തകങ്ങളാകട്ടെ ആദ്യകാല പ്രിന്റർമാരുടെയും ബയൻഡർമാരുടെയും കഴിവും നിർമാണ വൈദഗ്ധ്യവും പ്രകടമാക്കുന്നു. ബിബ്ലിയാ ലാറ്റിനാ ഇതിന് ഉദാഹരണമാണ്. 1479-ൽ നുറെംബെർഗിൽവെച്ച് യോഹാനെസ് ഗുട്ടൻബർഗിന്റെ കാലത്തു ജീവിച്ചിരുന്ന ആൻറ്റോൺ കോബെർഗെർ ആയിരുന്നു അത് അച്ചടിച്ചത്. “ആദ്യകാല പ്രിന്റർമാരിൽ ഏറ്റവും പ്രമുഖനും കർമോത്സുകനുമായ ഒരാളായി” അദ്ദേഹം അറിയപ്പെട്ടിരുന്നു.സിറിയൻ പണ്ഡിതനായ ഇഫ്രായെമിന്റെ, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ചർമപത്ര കൈയെഴുത്തു പ്രതി ചെസ്റ്റർ ബീറ്റി ലൈബ്രറിയിലെ അസാധാരണമായ ഒരു പ്രദർശന വസ്തുവാണ്. അതിൽ ഡിയാറ്റെസ്സറോൻ എന്നറിയപ്പെട്ടിരുന്ന, രണ്ടാം നൂറ്റാണ്ടിലെ ഒരു കൃതിയിൽനിന്നും ഇഫ്രായെം ധാരാളമായി ഉദ്ധരിച്ചിരിക്കുന്നു. അതിന്റെ എഴുത്തുകാരനായ തേഷൻ, യേശുക്രിസ്തുവിന്റെ ജീവിതം ഉൾക്കൊള്ളുന്ന നാലു സുവിശേഷ വിവരണങ്ങളും കൂടെ ഒന്നാക്കി ക്രമത്തിൽ വിവരിച്ചിരിക്കുന്നു. പിന്നീട്, ചില എഴുത്തുകാർ ഡിയാറ്റെസ്സറോനിനെ കുറിച്ചു പരാമർശിക്കുകയുണ്ടായി. എന്നാൽ ഈ കൃതിയുടെ ഒരൊറ്റ പ്രതി പോലും ഉണ്ടായിരുന്നില്ല. 19-ാം നൂറ്റാണ്ടിലെ ചില പണ്ഡിതന്മാർ അതിന്റെ അസ്തിത്വത്തെ തന്നെ സംശയിക്കുകയുണ്ടായി. എന്നിരുന്നാലും, 1956-ൽ, തേഷന്റെ ഡിയാറ്റെസ്സറോനിൽനിന്നുള്ള ഉദ്ധരണികളോടുകൂടിയ ഇഫ്രായെമിന്റെ കൃതി ബീറ്റി കണ്ടെത്തി. ബൈബിളിന്റെ ആധികാരികതയ്ക്കും സത്യതയ്ക്കുമുള്ള തെളിവുകളുടെ കൂടെ ആ കണ്ടെത്തലും ചേർക്കപ്പെട്ടു.
പപ്പൈറസ് കൈയെഴുത്തുപ്രതികളുടെ ഒരു അപൂർവ ശേഖരം
മതപരവും അല്ലാത്തതുമായ അനേകം പപ്പൈറസ് കൈയെഴുത്തുപ്രതികളുടെ ശേഖരവും ബീറ്റിക്ക് ഉണ്ടായിരുന്നു. ഇവയിൽ 50-ലധികവും പൊ.യു. നാലാം നൂറ്റാണ്ടിനു മുമ്പ് ഉണ്ടായിരുന്നതാണ്. ചിലത്, നൂറ്റാണ്ടുകളായി ഈജിപ്തിലെ മരുഭൂമിയിൽ കണ്ടെത്തപ്പെടാതെ കിടന്നിരുന്ന പപ്പൈറസിന്റെ കൂനയിൽനിന്നും—ചപ്പുചവറു കൂനയിൽനിന്നും—കണ്ടെടുത്തതാണ്. വിൽപ്പനയ്ക്ക് എത്തിയവയിൽ അനേകവും പറിഞ്ഞുകീറിയ അവസ്ഥയിലായിരുന്നു. വ്യാപാരികൾ അവയെ കാർഡ്ബോർഡുപെട്ടികളിൽ നിറച്ച് കൊണ്ടുവരും. “വാങ്ങാൻ താത്പര്യമുള്ള ആളുകൾ പെട്ടിയിൽ കയ്യിട്ട് ഏറ്റവും കൂടുതൽ എഴുത്തുള്ള ഏറ്റവും വലിയ കഷണങ്ങൾ എടുക്കുമായിരുന്നു” എന്ന് ചെസ്റ്റർ ബീറ്റി ലൈബ്രറിയിലെ പാശ്ചാത്യ ശേഖരങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ചാൾസ് ഹോർട്ടൺ പറയുന്നു.
അമൂല്യങ്ങളായ ബൈബിൾ കൈയെഴുത്തുപ്രതികളാണ് അദ്ദേഹത്തിന്റെ “കണ്ടെത്തലുകളിൽ ഏറ്റവും ശ്രദ്ധേയം,” ഹോർട്ടൺ പറയുന്നു. അവയിൽ, “അറിയപ്പെട്ടിരുന്നതിൽ ഏറ്റവും പുരാതനമായ ക്രിസ്തീയ പഴയ-പുതിയ നിയമങ്ങളുടെയും പ്രതികൾ ഉൾപ്പെട്ടിരുന്നു.” ഈ കൈയെഴുത്തുപ്രതികളുടെ മൂല്യം അറിയാമായിരുന്ന വിൽപ്പനക്കാർ അവയെ പല കഷണങ്ങളാക്കി പലർക്കു വിറ്റതായിരിക്കാനാണു സാധ്യത. എന്നിരുന്നാലും, കണ്ടെത്തിയവയിൽ അധികവും ബീറ്റി സ്വന്തമാക്കി. ഈ കൈയെഴുത്തുപ്രതികൾ എത്ര പ്രാധാന്യമുള്ളവയാണ്? 1844-ൽ ടിഷെൻഡോർഫ്, കോഡക്സ് സൈനാറ്റിക്കസ് കണ്ടെത്തിയതിനു ശേഷമുള്ള “ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ” എന്നാണ് സർ ഫ്രെഡറിക് കെനിയൻ ഇതിനെ വിശേഷിപ്പിച്ചത്.
ഈ കൈയെഴുത്തുപ്രതികൾ പൊ.യു. രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ്. ഗ്രീക്ക് സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലെ എബ്രായ തിരുവെഴുത്തുകളിൽ ഉല്പത്തിയുടെ രണ്ടു പതിപ്പുകൾ ഉണ്ടായിരുന്നു. അവ സവിശേഷ മൂല്യമുള്ളവ ആയിരുന്നു എന്ന് കെനിയൻ പറയുന്നു, കാരണം, നാലാം നൂറ്റാണ്ടിലെ ചർമപത്ര കൈയെഴുത്തുപ്രതികളായ “വത്തിക്കാനസിലും സൈനാറ്റിക്കസിലും [ഉല്പത്തി] പുസ്തകത്തിന്റെ ഏതാണ്ട് അധികഭാഗവും ഉണ്ടായിരുന്നില്ല”. മൂന്നു പ്രതികളിൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളായിരുന്നു അടങ്ങിയിരുന്നത്. ഒരെണ്ണത്തിൽ നാലു സുവിശേഷങ്ങളുടെയും പ്രവൃത്തികളുടെ പുസ്തകത്തിന്റെയും മിക്ക ഭാഗങ്ങളും ഉണ്ടായിരുന്നു. രണ്ടാമത്തേതിൽ—ഇതിന്റെ ചില താളുകൾ ബീറ്റിക്ക് പിന്നീടു കിട്ടിയതായിരുന്നു—എബ്രായർക്കുള്ള ലേഖനം ഉൾപ്പെടെ പൗലൊസിന്റെ ഏതാണ്ട് എല്ലാ എഴുത്തുകളും ഉണ്ടായിരുന്നു. മൂന്നാമത്തേതിൽ വെളിപ്പാടിന്റെ മൂന്നിലൊരു ഭാഗവും ഉൾപ്പെട്ടിരുന്നു. കെനിയന്റെ അഭിപ്രായത്തിൽ, ഈ പപ്പൈറസ് കൈയെഴുത്തുപ്രതികൾ “ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന പുതിയനിയമത്തിന്റെ പാഠത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെ സുവ്യക്തമായ തെളിവുകളാൽ ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുന്നു.”
ചെസ്റ്റർ ബീറ്റിയുടെ ബൈബിൾ പപ്പൈറസ് പ്രതികൾ കാണിക്കുന്നത്, സാധ്യതയനുസരിച്ച് പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽതന്നെ ക്രിസ്ത്യാനികൾ, കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്ന ചുരുളുകൾക്കു പകരം കോഡക്സ് അഥവാ കൈയെഴുത്തുപുസ്തകം ഉപയോഗിച്ചു തുടങ്ങിയിരുന്നു എന്നാണ്. എഴുതുന്നതിന് ആവശ്യമായ സാമഗ്രികൾ ലഭിക്കാൻ പ്രയാസമായിരുന്നതുകൊണ്ട് എഴുത്തുകാർ മിക്കപ്പോഴും പഴയ പപ്പൈറസ് താളുകൾ തന്നെയാണ് ഉപയോഗിച്ചിരുന്നത് എന്നും വ്യക്തമാകുന്നു. ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷഭാഗം അടങ്ങിയ ഒരു കോപ്റ്റിക് കൈയെഴുത്തുപ്രതി കാണപ്പെട്ടത് “ഗ്രീക്ക് ഗണിതശാസ്ത്ര അഭ്യാസ പുസ്തകം പോലെ തോന്നിക്കുന്ന ഒന്നിലായിരുന്നു.”
കാഴ്ചയ്ക്ക് അത്ര മനോഹരം ആയിരുന്നില്ലെങ്കിലും ഈ പപ്പൈറസ് പ്രതികൾ വിലപ്പെട്ടവതന്നെ ആയിരുന്നു. കൂടാതെ, അവ ആദിമ ക്രിസ്ത്യാനിത്വവുമായുള്ള പ്രത്യക്ഷത്തിലുള്ളതും ഈടുറ്റതുമായ ഒരു കണ്ണിയുമായിരുന്നു. “ആദിമ ക്രിസ്ത്യാനികളിൽ ചിലർ നിധിപോലെ കരുതിയിരുന്നതും ഉപയോഗിച്ചിരുന്നതുമായ പുസ്തകങ്ങൾ ഇവിടെ നിങ്ങളുടെ കൺമുമ്പിൽത്തന്നെ കാണാൻ കഴിയും” എന്ന് ചാൾസ് ഹോർട്ടൺ പറയുന്നു. (സദൃശവാക്യങ്ങൾ 2:4, 5) ചെസ്റ്റർ ബീറ്റി ലൈബ്രറിയിലെ ഈ അമൂല്യ ശേഖരം പരിശോധിക്കുന്നതിന് നിങ്ങൾക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുന്നെങ്കിൽ, അതു സംബന്ധിച്ച് നിങ്ങൾ ഒരിക്കലും നിരാശപ്പെടില്ല.
[31-ാം പേജിലെ ചിത്രം]
കാറ്റ്സൂഷിക്കാ ഹോക്കൂസൈയുടെ ജാപ്പനീസ് വുഡ്ബ്ലോക്ക് പ്രിന്റ്
[31-ാം പേജിലെ ചിത്രം]
ആദ്യകാലങ്ങളിൽ അച്ചടിക്കപ്പെട്ട ബൈബിൾപ്രതികളിൽ ഒന്നായിരുന്ന “ബിബ്ലിയാ ലാറ്റിനാ”
[31-ാം പേജിലെ ചിത്രം]
തേഷന്റെ “ഡിയാറ്റെസ്സറോനി”ൽനിന്നുള്ള ഉദ്ധരണികളോടു കൂടിയ ഇഫ്രായെമിന്റെ കൃതി ബൈബിളിന്റെ ആധികാരികതയ്ക്ക് ഉറപ്പുനൽകുന്നു
[31-ാം പേജിലെ ചിത്രം]
ലോകത്തിലെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തുപ്രതിയായ ചെസ്റ്റർ ബീറ്റി പി45, ഈ ഒരൊറ്റ വാല്യത്തിൽ നാലു സുവിശേഷങ്ങളുടെയും പ്രവൃത്തികളുടെ പുസ്തകത്തിന്റെയും മിക്ക ഭാഗങ്ങളും അടങ്ങിയിരിക്കുന്നു
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reproduced by kind permission of The Trustees of the Chester Beatty Library, Dublin
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Reproduced by kind permission of The Trustees of the Chester Beatty Library, Dublin