വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തീൻമേശയിൽ വിരുന്നൊരുക്കും തിരികല്ലുകൾ

തീൻമേശയിൽ വിരുന്നൊരുക്കും തിരികല്ലുകൾ

തീൻമേശയിൽ വിരുന്നൊരുക്കും തിരികല്ലുകൾ

ജീവന്‌ അത്യന്താപേക്ഷിതം, എണ്ണമറ്റ വർഷങ്ങളായി മനുഷ്യനെ പോറ്റിപ്പോന്ന ഭക്ഷ്യവസ്‌തു തുടങ്ങിയ വിശേഷണങ്ങളൊക്കെ ധാന്യത്തിനു നന്നേ ചേരും. അതേ, പുരാതന കാലം മുതൽ ധാന്യപദാർഥങ്ങൾ മനുഷ്യന്റെ അടിസ്ഥാന ആഹാരമായിരുന്നിട്ടുണ്ട്‌. ആഹാരമാകട്ടെ, മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യങ്ങളിലൊന്നാണുതാനും.

അരി, ഗോതമ്പ്‌ തുടങ്ങിയവ പോലുള്ള ധാന്യങ്ങൾ പൊടിച്ചെടുത്ത മാവാണ്‌ പല ആഹാരപദാർഥങ്ങളുടെയും പ്രധാന ചേരുവ. അതുകൊണ്ടുതന്നെ ധാന്യം പൊടിക്കൽ ഒരു പുരാതന കലയാണ്‌. ഉപകരണങ്ങളുടെ സഹായമൊന്നും ഇല്ലാതിരുന്ന ആ കാലത്ത്‌ ധാന്യം പൊടിക്കുന്നത്‌ എത്ര ശ്രമകരമായ ഒരു ജോലി ആയിരുന്നിരിക്കാം! ബൈബിൾ കാലങ്ങളിൽ, ധാന്യം പൊടിക്കുന്ന തിരികല്ലിന്റെ ശബ്ദത്തെ സമാധാനപരമായ സാഹചര്യവുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ അതിന്റെ അഭാവം ശൂന്യാവസ്ഥയെ അർഥമാക്കി.​—⁠യിരെമ്യാവു 25:⁠10, 11.

ധാന്യം പൊടിക്കുക എന്ന പ്രക്രിയയിൽ പുരാതനകാലം മുതൽ ഇന്നുവരെ എന്തൊക്കെയാണ്‌ ഉൾപ്പെട്ടിരുന്നത്‌? അതിനായി എന്തെല്ലാം രീതികളാണ്‌ ഉപയോഗിച്ചിരുന്നത്‌? ഇന്ന്‌ ഇതിനായി ഏതുതരം സംവിധാനങ്ങളാണ്‌ ഉള്ളത്‌?

അവ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആദ്യ മനുഷ്യ ജോടിയായ ആദാമിനോടും ഹവ്വായോടും യഹോവ പറഞ്ഞു: “ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്‌ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്‌പത്തി 1:⁠29) യഹോവ നൽകിയ ആഹാരങ്ങളിൽ ധാന്യവും ഉൾപ്പെട്ടിരുന്നു. മനുഷ്യന്റെ നിലനിൽപ്പിന്‌ അത്തരത്തിലുള്ള ആഹാരം ആവശ്യമായിരുന്നു. ഗോതമ്പ്‌, ബാർലി, വരക്‌, ഓട്‌സ്‌, അരി, തിന, ചോളം, മെയ്‌സ്‌ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ധാന്യവർഗത്തിൽ അന്നജസമ്പുഷ്ടമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിരിക്കുന്നു. ഈ കാർബോഹൈഡ്രേറ്റുകൾ ഉപയോഗിച്ചാണ്‌ ശരീരം പ്രധാന ഊർജസ്രോതസ്സായ ഗ്ലൂക്കോസ്‌ ഉത്‌പാദിപ്പിക്കുന്നത്‌.

വേവിക്കാത്ത, മുഴുവനോടെയുള്ള ധാന്യമണികൾ ദഹിപ്പിക്കാൻ മനുഷ്യശരീരത്തിനു കഴിയില്ല. എന്നാൽ, അവ പൊടിക്കുകയും വേവിക്കുകയും ചെയ്യുമ്പോൾ ദഹിക്കാൻ എളുപ്പമായിത്തീരുന്നു. ധാന്യം പൊടിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം, ഒരു ഉരലോ തിരികല്ലോ ഉപയോഗിക്കുന്നതാണ്‌.

മനുഷ്യശക്തികൊണ്ടു പ്രവർത്തിക്കുന്നവ

പുരാതന ഈജിപ്‌തിലെ ശവക്കല്ലറകളിൽനിന്നും കണ്ടെടുത്തിട്ടുള്ള ചെറിയ പ്രതിമകൾ, മുൻകാലങ്ങളിൽ കുതിരയുടെ ജീനിയുടെ ആകൃതിയിലുള്ള ഒരുതരം കല്ല്‌ ധാന്യം പൊടിക്കാൻ ഉപയോഗിച്ചിരുന്നു എന്നു കാണിക്കുന്നു. ഇതിൽ രണ്ടു കല്ലുകൾ ഉണ്ടായിരുന്നു​—⁠അൽപ്പം ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്ന, ചെരിവോടു കൂടിയ, മിനുസമുള്ള ഒരു കല്ല്‌ താഴെയും ചെറിയ ഒരു കല്ല്‌ മുകളിലും. ജോലി ചെയ്യുന്ന ആൾ​—⁠സാധാരണമായി ഒരു സ്‌ത്രീ​—⁠അതിന്റെ അടുത്തു മുട്ടുകുത്തിയിരിക്കുകയും തന്റെ അരയ്‌ക്കു മേൽപ്പോട്ടുള്ള ശരീരത്തിന്റെ ഭാരം മുഴുവൻ കൊടുത്തുകൊണ്ട്‌ താഴത്തെ കല്ലിനു മുകളിലൂടെ മുകളിലത്തെ ചെറിയ കല്ലിനെ രണ്ടു കൈകൊണ്ടും മുമ്പോട്ടും പുറകോട്ടും നീക്കുകയും ചെയ്യുന്നു. അങ്ങനെ കല്ലുകൾക്കിടയിലെ ധാന്യം പൊടിയുന്നു. ലളിതമെങ്കിലും എത്ര ഫലപ്രദമായ മാർഗം!

എന്നിരുന്നാലും, മണിക്കൂറുകളോളം ഇങ്ങനെ മുട്ടുകുത്തിയിരിക്കുന്നത്‌ ശരീരത്തിനു വലിയ ദോഷം ചെയ്‌തിരുന്നു. മുകളിലത്തെ കല്ല്‌ അടിയിലെ കല്ലിന്റെ അറ്റംവരെ തള്ളുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നത്‌ മുതുക്‌, കൈകൾ, തുടകൾ, കാൽമുട്ടുകൾ, കാൽവിരലുകൽ എന്നീ ശരീരഭാഗങ്ങളിന്മേൽ നിരന്തരമായ മർദം ചെലുത്തിയിരുന്നു. ധാന്യം പൊടിക്കുന്ന അത്തരം കല്ലുകളുടെ ഉപയോഗം ചെറുപ്പക്കാരികളിൽ വളരെയധികം ശാരീരിക ദോഷങ്ങൾക്ക്‌​—⁠കാൽമുട്ടുകൾക്കുണ്ടാകുന്ന തേയ്‌മാനം, നട്ടെല്ലിന്റെ അടിഭാഗത്തിന്‌ ഉണ്ടാകുന്ന ക്ഷതങ്ങൾ, പെരുവിരലിനുണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്‌ എന്നിവയ്‌ക്ക്‌​—⁠ഇടയാക്കിയിരുന്നതായി പുരാതന സിറിയയിൽനിന്നു കണ്ടെടുത്ത അസ്ഥികൂടങ്ങളിൽ എല്ലുസംബന്ധമായ വൈകല്യങ്ങളെ കുറിച്ചു പഠനം നടത്തിയ പുരാജീവിശാസ്‌ത്രജ്ഞർ നിഗമനം ചെയ്യുന്നു. പുരാതന ഈജിപ്‌തിൽ ദാസ്യവേല ചെയ്‌തിരുന്ന സ്‌ത്രീകളാണ്‌ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഇത്തരം കല്ലുകൾ ഉപയോഗിച്ചിരുന്നതെന്നു തോന്നുന്നു. (പുറപ്പാടു 11:⁠5) * ഈജിപ്‌ത്‌ വിട്ടുപോയ ഇസ്രയേല്യർ കൂടെ കൊണ്ടുപോയത്‌ മേൽപ്പറഞ്ഞ തരത്തിലുള്ള കല്ലാണെന്ന്‌ ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു.

പൊടിക്കുന്ന കല്ലുകൾക്ക്‌ പിന്നീടു വരുത്തിയ പല പരിഷ്‌കാരങ്ങളും അതിന്റെ പ്രവർത്തനക്ഷമത വർധിപ്പിച്ചു. രണ്ടു കല്ലുകളും കൊത്തുന്ന രീതി അതിൽ ഒന്നായിരുന്നു. പിന്നീട്‌, മുകളിലത്തെ കല്ലിന്‌ ഫണലിന്റെ രൂപത്തിലുള്ള ദ്വാരം ഇട്ടുകൊണ്ട്‌ തിരികല്ല്‌ നിർമിക്കാൻ തുടങ്ങി. ഈ ദ്വാരത്തിലൂടെ ഇടുന്ന ധാന്യം തനിയെ കല്ലുകൾക്കിടയിലേക്കു വീഴുമായിരുന്നു. പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ഗ്രീസിൽ, ലളിതമായ ഒരു സംവിധാനം രംഗത്തുവന്നു. തിരശ്ചീനമായ ഒരു പിടി മുകളിലത്തെ കല്ലുമായി യോജിപ്പിച്ചിരുന്നു. മറ്റേ അറ്റത്തു പിടിച്ചുകൊണ്ട്‌ കമാനാകൃതിയിൽ ചലിപ്പിക്കുന്നത്‌ മുകളിലത്തെ കല്ല്‌ അടിയിലെ കല്ലുമായി ഉരയാൻ ഇടയാക്കിയിരുന്നു.

മുമ്പു പ്രസ്‌താവിച്ചവയ്‌ക്കെല്ലാം തന്നെ വലിയൊരു പരിമിതി ഉണ്ടായിരുന്നു. അവയെല്ലാം തന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനത്തിലൂടെയാണ്‌ പ്രവർത്തിച്ചിരുന്നത്‌. കല്ല്‌ ഈ രീതിയിൽ ചലിപ്പിക്കുന്നതിന്‌ മൃഗങ്ങളെ പരിശീലിപ്പിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇതു പ്രവർത്തിപ്പിക്കാൻ മനുഷ്യനെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. പിന്നീട്‌ സാങ്കേതികമായി മികച്ച, കറങ്ങുന്ന പൊടിക്കൽ ഉപകരണങ്ങൾ രംഗത്തെത്തി. അതോടെ മൃഗങ്ങളെ ഉപയോഗിക്കാൻ കഴിയുമെന്നായി.

കറങ്ങുന്ന പൊടിക്കൽ ഉപകരണങ്ങൾ ജോലി ലഘൂകരിക്കുന്നു

സാധ്യതയനുസരിച്ച്‌, ഈ സംവിധാനം പൊ.യു.മു. ഏകദേശം രണ്ടാം നൂറ്റാണ്ടിൽ മെഡിറ്ററേനിയനു ചുറ്റും ജീവിച്ചിരുന്നവരാണു കണ്ടുപിടിച്ചത്‌. പൊ.യു. ഒന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും, പാലസ്‌തീനിൽ ഉണ്ടായിരുന്ന യഹൂദന്മാർക്ക്‌ ധാന്യം പൊടിക്കുന്ന അത്തരം രീതികൾ പരിചിതമായിരുന്നിരിക്കണം. കാരണം, ‘ഒരു കഴുതയെക്കൊണ്ട്‌ തിരിക്കുന്ന തിരികല്ലിനെ’ (NW) കുറിച്ച്‌ യേശു സംസാരിക്കുകയുണ്ടായി.—മർക്കൊസ്‌ 9:⁠42.

മൃഗങ്ങളെ ഉപയോഗിച്ചു ധാന്യം പൊടിക്കുന്ന കല്ലുകൾ റോമിലും റോമാസാമ്രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സുപരിചിതമായിരുന്നു. അത്തരം കല്ലുകൾ പോംപെയിൽ ഇന്നും കാണാൻ കഴിയും. വലിയ മണൽ ഘടികാരത്തോടു സാദൃശ്യമുള്ളതായിരുന്നു മുകളിലത്തെ കല്ല്‌. അടിയിലെ കല്ല്‌ കോൺ ആകൃതിയിലുള്ളതുമായിരുന്നു. മുകളിലുള്ള കല്ല്‌ അടിയിലുള്ള കല്ലിനോടു ചേർന്നു തിരിയവേ ധാന്യങ്ങൾ കല്ലുകൾക്കിടയിലേക്ക്‌ ഇട്ടുകൊടുക്കുന്നു. അങ്ങനെ വീഴുന്ന ധാന്യം പൊടിയുന്നു. നിലവിലുള്ള ഇത്തരം സംവിധാനത്തിന്റെ മുകളിലെ കല്ലിന്റെ വ്യാസം 45 മുതൽ 90 വരെ സെന്റിമീറ്ററാണ്‌. ഏകദേശം 180 സെന്റിമീറ്റർ ഉയരത്തിലുള്ള പൊടിക്കൽ ഉപകരണങ്ങൾ പോലും ഉണ്ടായിരുന്നു.

എന്നിരുന്നാലും, കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഭാരം കുറഞ്ഞ തിരികല്ലുകൾ, മൃഗങ്ങളെ ഉപയോഗിച്ചു ചലിപ്പിച്ചിരുന്നവയിൽനിന്നു വികാസം പ്രാപിച്ചതാണോ അതോ മറിച്ചാണോ എന്നു വ്യക്തമല്ല. കൂടെക്കൊണ്ടുനടക്കാൻ കഴിയുന്നത്‌, ഉപയോഗിക്കാൻ പ്രയാസമില്ലാത്തത്‌ എന്നീ പ്രത്യേകതകൾ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന ധാന്യം പൊടിക്കുന്ന കല്ലുകൾക്ക്‌ ഉണ്ടായിരുന്നു. 30 മുതൽ 40 വരെ സെന്റിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള രണ്ടു കല്ലുകളാണ്‌ അതിനുള്ളത്‌. മുകളിലത്തെ കല്ല്‌ അൽപ്പം അകത്തേക്കു കുഴിഞ്ഞതും അതിൽ കൃത്യമായി കൂട്ടിയോജിപ്പിക്കുന്ന വിധത്തിൽ അടിയിലെ കല്ല്‌ അൽപ്പം പുറത്തേക്ക്‌ ഉന്തിനിൽക്കുന്നതും ആയിരുന്നു. മുകളിലത്തെ കല്ല്‌ അടിയിലെ കല്ലിന്റെ കേന്ദ്രഭാഗത്തുള്ള തിരികുറ്റിയിന്മേലാണു വെച്ചിരുന്നത്‌. മുകളിലത്തെ കല്ലിന്മേൽ ഉറപ്പിച്ചിരുന്ന ഒരു മരപ്പിടി ഉപയോഗിച്ച്‌ അതിനെ കറക്കാൻ കഴിയുമായിരുന്നു. സാധാരണമായി, രണ്ടു സ്‌ത്രീകൾ മുഖാമുഖം ഇരുന്ന്‌ ഓരോ കൈകൊണ്ടു പിടിയിൽ പിടിച്ച്‌ മുകളിലത്തെ കല്ല്‌ കറക്കിക്കൊണ്ടിരിക്കും. (ലൂക്കൊസ്‌ 17:⁠35) മറ്റേ കൈകൊണ്ട്‌ അവരിലൊരാൾ, കുറേശ്ശെയായി ധാന്യം ഇട്ടുകൊടുക്കുകയും മറ്റേയാൾ ധാന്യപ്പൊടി അതിന്റെ അടിയിലായി വെച്ചിരിക്കുന്ന പാത്രത്തിലേക്കോ തുണിയിലേക്കോ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരം തിരികല്ലുകൾ, ധാന്യം പൊടിക്കാനുള്ള സൗകര്യങ്ങൾ അടുത്തില്ലാത്ത കുടുംബങ്ങൾ, പട്ടാളക്കാർ, നാവികർ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്‌തമായിരുന്നു.

കാറ്റിന്റെയും വെള്ളത്തിന്റെയും സഹായത്തോടെ പ്രവർത്തിപ്പിച്ചിരുന്നവ

പൊ.യു.മു. ഏകദേശം 27-ൽ, റോമൻ എൻജിനീയറായ വെർട്രൂവിയസ്‌, വെള്ളത്തിന്റെ സഹായത്തോടെ പ്രവർത്തിപ്പിച്ചിരുന്ന അന്നത്തെ ഒരു ഉപകരണത്തെ കുറിച്ചു വർണിക്കുകയുണ്ടായി. കുത്തിയൊഴുകുന്ന വെള്ളം, തിരശ്ചീനമായ ഒരു ഷാഫ്‌റ്റിനോടു ഘടിപ്പിച്ച, ലംബമായ ഒരു ചക്രത്തിന്റെ തണ്ടുകളുടെ മുകളിൽ വന്നുപതിക്കുന്നു. അത്‌ ചക്രം തിരിയാൻ ഇടയാക്കുന്നു. ഇതിനോടു ഘടിപ്പിച്ചിരിക്കുന്ന ഗിയറുകൾ ലംബമായ മറ്റൊരു ഷാഫ്‌റ്റിനെ ചലിപ്പിക്കുന്നു. ഷാഫ്‌റ്റാകട്ടെ തിരികല്ലിന്റെ മുകളിലത്തെ കല്ലിനെ ചലിപ്പിക്കുന്നു.

മറ്റു തിരികല്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ, വെള്ളം ഉപയോഗിച്ചു പ്രവർത്തിക്കുന്നവ എത്രത്തോളം പ്രവർത്തനക്ഷമമാണ്‌? കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന തിരികല്ലിൽ ഒരു മണിക്കൂറുകൊണ്ട്‌ 10 കിലോഗ്രാമിൽ താഴെ ധാന്യമേ പൊടിക്കാൻ കഴിയൂ എന്ന്‌ കണക്കാക്കപ്പെടുന്നു. അതുപോലെ മൃഗങ്ങളെ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നതിൽ ഏറ്റവും പ്രവർത്തനക്ഷമതയുള്ളതിന്‌ 50 കിലോഗ്രാം വരെ മാത്രമേ പൊടിക്കാനാകൂ. ഇതിൽനിന്നും വ്യത്യസ്‌തമായി, വെർട്രൂവിയസിന്റെ, വെള്ളം ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഉപകരണത്തിന്‌ മണിക്കൂറിൽ 150 മുതൽ 200 വരെ കിലോഗ്രാം ധാന്യം പൊടിക്കാൻ സാധിക്കുമായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിലെ യന്ത്രനിർമാതാക്കൾ തങ്ങളുടെ ഉപകരണങ്ങൾക്കു നിരവധി ഭേദഗതികളും പുരോഗതികളും വരുത്തിയെങ്കിലും വെർട്രൂവിയസ്‌ വിവരിച്ച അടിസ്ഥാന തത്ത്വം തന്നെയാണ്‌ അവയുടെയെല്ലാം രൂപകൽപ്പനയിൽ ഉപയോഗിച്ചിരിക്കുന്നത്‌.

പ്രകൃതിദത്തമായ ഊർജങ്ങളിൽ വെള്ളം മാത്രമല്ല ധാന്യം പൊടിക്കുന്ന കല്ലുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്‌. വെള്ളത്തിനു പകരം കാറ്റ്‌ ഉപയോഗപ്പെടുത്തിയാലും ലക്ഷ്യം സാധിക്കാമായിരുന്നു. സാധ്യതയനുസരിച്ച്‌ പൊ.യു. 12-ാം നൂറ്റാണ്ടിൽ, യൂറോപ്പിലെ ബെൽജിയം, ജർമനി, ഹോളണ്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ കാറ്റ്‌ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഉപകരണം വ്യാപകമായി ഉപയോഗിച്ചിരുന്നു. നീരാവി പോലുള്ള ഊർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങൾ മറ്റുള്ളവയുടെ സ്ഥാനം കൈയ്യടക്കുന്നതുവരെ മേൽപ്പറഞ്ഞതരം യന്ത്രങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു.

‘നമുക്ക്‌ ആവശ്യമുള്ള ആഹാരം’

നൂതന യന്ത്രങ്ങൾ രംഗത്ത്‌ എത്തിയിട്ടുണ്ടെങ്കിലും ധാന്യം പൊടിക്കുന്ന പഴയ പല രീതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലവിലുണ്ട്‌. ആഫ്രിക്കയിലും ഓഷ്യാനിയയിലും ഇപ്പോഴും ഉരലും ഉലക്കയും ഉപയോഗിക്കുന്നു. മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും ടോർട്ടിലകൾ ഉണ്ടാക്കുന്നതിനു വേണ്ട ചോളം പൊടിക്കുന്നത്‌, കുതിരയുടെ ജീനിയോടു സാദൃശ്യമുള്ള ആ കല്ലിലാണ്‌. കാറ്റുകൊണ്ടും വെള്ളംകൊണ്ടും പ്രവർത്തിക്കുന്ന ഉപകരണങ്ങളും ഇപ്പോഴും പലയിടങ്ങളിലുമുണ്ട്‌.

എന്നിരുന്നാലും ഇന്ന്‌ വികസിത രാജ്യങ്ങളിൽ, ആഹാരപദാർഥങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവ്‌ പൊടിച്ചെടുക്കുന്നത്‌ മുഴുവനായി യന്ത്രവത്‌കൃതമായ കറങ്ങുന്ന ഉപകരണങ്ങളിലാണ്‌. വ്യത്യസ്‌ത വേഗത്തിൽ തിരിയുന്ന, പരുപരുത്ത പ്രതലമുള്ള, അടുത്തടുത്തു വെച്ചിരിക്കുന്ന സ്റ്റീൽ സിലിണ്ടറുകൾക്കിടയിലൂടെ കടന്നുപോകുന്ന ധാന്യമണികൾ ക്രമാനുഗതമായി പൊടിയായിത്തീരുന്നു. ഈ സംവിധാനം, കുറഞ്ഞ ചെലവിൽ വ്യത്യസ്‌ത ഗുണനിലവാരത്തിലുള്ള ധാന്യങ്ങൾ പൊടിച്ചെടുക്കാൻ സഹായിക്കുന്നു.

ആഹാര ആവശ്യത്തിനായുള്ള മാവ്‌ പൊടിച്ചെടുക്കുന്നത്‌ ഇന്ന്‌ പണ്ടത്തെപ്പോലെ ശ്രമകരമായ ഒരു ജോലിയേ അല്ല. എന്നിരുന്നാലും, ധാന്യങ്ങൾ നൽകിത്തന്നതിനും അവ ‘നമുക്ക്‌ ആവശ്യമുള്ള ആഹാര’ത്തിന്റെ രൂപത്തിൽ ആക്കിത്തീർക്കാനുള്ള കഴിവു നൽകിയതിനും നമുക്കു നമ്മുടെ സ്രഷ്ടാവിനോടു നന്ദിയുള്ളവരായിരിക്കാൻ കഴിയും.​—⁠മത്തായി 6:⁠11.

[അടിക്കുറിപ്പ്‌]

^ ഖ. 10 ബൈബിൾ കാലങ്ങളിൽ, ശിംശോനെയും മറ്റു ചില ഇസ്രായേല്യരെയും പോലെ ശത്രുക്കളാൽ പിടിക്കപ്പെട്ടവർക്ക്‌ ധാന്യം പൊടിക്കുന്ന വേല നൽകപ്പെട്ടു. (ന്യായാധിപന്മാർ 16:⁠21; വിലാപങ്ങൾ 5:⁠13) സ്വതന്ത്രരായ സ്‌ത്രീകൾ തങ്ങളുടെ സ്വന്തം കുടുംബത്തിന്‌ ആവശ്യമായ ധാന്യം പൊടിച്ചിരുന്നു.​—⁠ഇയ്യോബ്‌ 31:⁠10.

[23-ാം പേജിലെ ചിത്രം]

ഈജിപ്‌തിൽ ധാന്യം പൊടിക്കാൻ ഉപയോഗിച്ചിരുന്ന, കുതിരയുടെ ജീനിയോടു സാദൃശ്യമുള്ള കല്ല്‌

[കടപ്പാട്‌]

Soprintendenza Archeologica per la Toscana, Firenze

[23-ാം പേജിലെ ചിത്രം]

മൃഗങ്ങളെക്കൊണ്ടു പ്രവർത്തിപ്പിക്കുന്ന തിരികല്ലിൽ ഒലിവെണ്ണയ്‌ക്കുവേണ്ടി ഒലിവ്‌ ആട്ടുന്നു

[22-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ജയിംസ്‌ രാജാവിന്റെ ഭാഷാന്തരവും പരിഷ്‌കൃത ഭാഷാന്തരവും അടങ്ങിയ സെൽഫ്‌-പ്രൊനൗൺസിങ്‌ എഡിഷൻ ഓഫ്‌ ദ ഹോളി ബൈബിളിൽനിന്ന്‌