വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ സുഹൃത്തുക്കൾ “സുഹൃദ്‌ ദ്വീപു”കളിൽ

ദൈവത്തിന്റെ സുഹൃത്തുക്കൾ “സുഹൃദ്‌ ദ്വീപു”കളിൽ

ദൈവത്തിന്റെ സുഹൃത്തുക്കൾ “സുഹൃദ്‌ ദ്വീപു”കളിൽ

ഒരു യാനപാത്രം 1932-ൽ വളരെ വിലപ്പെട്ട ചില വിത്തുകൾ ടോങ്‌ഗയിലേക്കു കൊണ്ടുവന്നു. ആ ചെറുകപ്പലിന്റെ കപ്പിത്താൻ, ചാൾസ്‌ വെറ്റെയ്‌ക്ക്‌ “മരിച്ചവർ എവിടെ?” (ഇംഗ്ലീഷ്‌) എന്ന അഭിധാനത്തിലുള്ള ഒരു ചെറുപുസ്‌തകം കൊടുത്തു. അതു വായിച്ചതോടെ, താൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന്‌ ചാൾസിനു ബോധ്യമായി. കുറച്ചു നാളുകൾക്കുശേഷം, ആ ചെറുപുസ്‌തകം തന്റെ പ്രാദേശിക ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിന്‌ യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തുനിന്ന്‌ ചാൾസിന്‌ അനുവാദം ലഭിച്ചു. ശ്രമകരമായ ആ ദൗത്യം പൂർത്തിയാക്കിയതിനെത്തുടർന്ന്‌ ചാൾസിന്‌ അതിന്റെ അച്ചടിച്ച 1,000 പ്രതികൾ ലഭിക്കുകയും അദ്ദേഹം അതു വിതരണംചെയ്യുകയും ചെയ്‌തു. അങ്ങനെയാണ്‌ യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സത്യത്തിന്റെ വിത്തുകൾ ടോങ്‌ഗയിൽ വിതയ്‌ക്കപ്പെട്ടു തുടങ്ങിയത്‌.

ദക്ഷിണ പസിഫിക്‌ പ്രദേശത്തിന്റെ ഭൂപടത്തിൽ, അന്തർദേശീയ ദിനാങ്കരേഖ ദക്ഷിണായന രേഖയുമായി സന്ധിക്കുന്നതിനു പടിഞ്ഞാറായി നിങ്ങൾക്കു ടോങ്‌ഗ കാണാൻ കഴിയും. ടോങ്‌ഗയിലെ ഏറ്റവും വലിയ ദ്വീപായ ടോങ്‌ഗാടാപൂ, ന്യൂസിലൻഡിലെ ഓക്‌ലാൻഡിൽനിന്ന്‌ ഏകദേശം 2,000 കിലോമീറ്റർ വടക്കുകിഴക്കായാണു സ്ഥിതിചെയ്യുന്നത്‌. 171 ദ്വീപുകൾ ചേരുന്നതാണു ടോങ്‌ഗ. ഈ ദ്വീപുകളിൽ 45 എണ്ണത്തിലേ ജനവാസമുള്ളൂ. 18-ാം നൂറ്റാണ്ടിലെ പ്രശസ്‌ത ബ്രിട്ടീഷ്‌ പര്യവേക്ഷകനായ ജെയിംസ്‌ കുക്ക്‌ ഒറ്റപ്പെട്ട ഈ ദ്വീപുകൾക്ക്‌ സുഹൃദ്‌ ദ്വീപുകൾ എന്നു പേരിട്ടു.

1,06,000-ത്തോളം പേർ നിവസിക്കുന്ന ടോങ്‌ഗ മൂന്നു ദ്വീപസമൂഹങ്ങൾ ചേരുന്നതാണ്‌. ടോങ്‌ഗാടാപൂ, ഹാപ്പായ്‌, വാവൗ എന്നിവയാണ്‌ അവ. യഹോവയുടെ സാക്ഷികൾക്ക്‌ ഇവിടെ അഞ്ചു പ്രാദേശിക സഭകളാണുള്ളത്‌, മൂന്നെണ്ണം ഏറ്റവും കൂടുതൽ ജനവാസമുള്ള ടോങ്‌ഗാടാപൂ ദ്വീപസമൂഹത്തിലും ഒരെണ്ണം ഹാപ്പായിലും മറ്റൊന്ന്‌ വാവൗ ദ്വീപസമൂഹത്തിലും. ദൈവത്തിന്റെ സുഹൃത്തുക്കൾ ആയിത്തീരുന്നതിന്‌ ആളുകളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്ക്‌ തലസ്ഥാനമായ നൂകൂവാലോഫായ്‌ക്കു സമീപം ഒരു മിഷനറി ഭവനവും ഒരു പരിഭാഷാ കാര്യാലയവും ഉണ്ട്‌.​—⁠യെശയ്യാവു 41:⁠8.

ചാൾസ്‌ വെറ്റെ 1930-കൾ മുതൽത്തന്നെ യഹോവയുടെ സാക്ഷികളിലൊരുവനായി വ്യാപകമായി അറിയപ്പെട്ടിരുന്നെങ്കിലും അദ്ദേഹം സ്‌നാപനമേറ്റത്‌ 1964-ലാണ്‌. മറ്റുള്ളവർ അദ്ദേഹത്തോടൊപ്പം സാക്ഷീകരണവേലയിൽ ചേർന്നു. 1966-ൽ 30 പേർക്ക്‌ ഇരിക്കാവുന്ന ഒരു രാജ്യഹാൾ നിർമിക്കപ്പെട്ടു. 1970-ൽ നൂകൂവാലോഫായിൽ 20 രാജ്യപ്രസാധകരുള്ള ഒരു സഭ രൂപീകൃതമായി.

പിന്നീടിങ്ങോട്ട്‌, പ്രവാചകനായ യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തി ടോങ്‌ഗ ദ്വീപുകളിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്‌: “അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്‌തുതിയെ ദ്വീപുകളിൽ പ്രസ്‌താവിക്കട്ടെ.” (യെശയ്യാവു 42:⁠12) യഹോവയുമായി അടുത്ത ബന്ധത്തിലേക്കു വരാൻ അനേകരെ സഹായിച്ചുകൊണ്ട്‌ ഇവിടെ രാജ്യവേല പുരോഗമിച്ചിരിക്കുന്നു. 2003-ൽ നൂകൂവാലോഫായിൽ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ 407 എന്ന അത്യുച്ച ഹാജർ ഉണ്ടായിരുന്നു, 5 പേർ സ്‌നാപനമേറ്റു. 2004-ലെ സ്‌മാരകാഘോഷത്തിൽ 621 പേർ പങ്കെടുത്തത്‌ വളർച്ചയ്‌ക്കുള്ള സാധ്യത സൂചിപ്പിക്കുന്നു.

ദ്വീപുവാസികളുടെ ലളിത ജീവിതം

എന്നാൽ തലസ്ഥാനത്തുനിന്ന്‌ അകലെ, ഇപ്പോഴും രാജ്യപ്രസംഗകരുടെ ശ്രദ്ധേയമായ ആവശ്യം അനുഭവപ്പെടുന്നു. ഉദാഹരണത്തിന്‌ ഹാപ്പായ്‌ ദ്വീപസമൂഹത്തിലെ ജനവാസമുള്ള 16 ദ്വീപുകളിലായി 8,500 ആളുകളാണ്‌ താമസിക്കുന്നത്‌. ഇവിടെ ബൈബിൾ സത്യം കൂടുതലായി പ്രസംഗിക്കേണ്ടതുണ്ട്‌. ഹാപ്പായിൽ പ്രധാനമായി പനകൾ നിറഞ്ഞ, താഴ്‌ന്ന ദ്വീപുകളാണുള്ളത്‌. വെള്ളമണൽ വിരിച്ച ദൈർഘ്യമേറിയ കടൽത്തീരങ്ങൾ ഈ ദ്വീപുകളുടെ സവിശേഷതയാണ്‌. ഇവിടത്തെ സമുദ്രജലത്തിന്‌ സാധാരണയിൽ കവിഞ്ഞ തെളിമയുണ്ട്‌. ജലത്തിനടിയിൽ 30 മീറ്ററിലേറെ ദൂരത്തിലുള്ള കാഴ്‌ചകൾവരെ പലപ്പോഴും കാണാനാകും. പവിഴപ്പുറ്റുനിരകളുടെയും നൂറിലധികം ഇനങ്ങളിലുള്ള, നിറപ്പകിട്ടാർന്ന ഉഷ്‌ണമേഖലാ മത്സ്യങ്ങളുടെയും ഇടയിലൂടെ നീന്തുന്നത്‌ അസാധാരണമായ ഒരനുഭവമാണ്‌. പൊതുവേ ചെറിയ ഗ്രാമങ്ങളാണ്‌ ഇവിടെയുള്ളത്‌. വീടുകൾ ലളിതമാണെങ്കിലും ഉഷ്‌ണമേഖലാ ചുഴലിക്കാറ്റുകളെ ചെറുക്കത്തക്കവിധമാണ്‌ അവ നിർമിച്ചിരിക്കുന്നത്‌.

കടപ്ലാവും മാവും, തണലും ഭക്ഷണവും പ്രദാനംചെയ്യുന്നു. ഭക്ഷണവസ്‌തുക്കൾ ശേഖരിക്കാനും പാകം ചെയ്യാനുമായി ദിവസത്തിന്റെ ഒരു നല്ല ഭാഗം ചെലവഴിക്കപ്പെടുന്നു. ദ്വീപുവാസികൾ പന്നിയിറച്ചിക്കു പുറമേ, സമൃദ്ധമായി ലഭ്യമായിരിക്കുന്ന സമുദ്രവിഭവങ്ങളും ആസ്വദിക്കുന്നു. സ്വന്തം കൃഷിയിടത്തിൽനിന്ന്‌ അവർക്ക്‌ കിഴങ്ങുകളും പച്ചക്കറികളും ലഭിക്കുന്നു. നാരകവർഗത്തിൽപ്പെട്ട മരങ്ങൾ കൃഷിചെയ്യാതെതന്നെ വളരുന്നു, തെങ്ങും വാഴയും എവിടെയുമുണ്ട്‌. ഔഷധമൂല്യമുള്ള ചെടികൾ, ഇലകൾ, മരപ്പട്ട, വേരുകൾ എന്നിവയെക്കുറിച്ചുള്ള നാട്ടറിവുകൾ തലമുറകളിൽനിന്നു തലമുറകളിലേക്കു കൈമാറുന്നു.

ഹാപ്പായുടെ ഏറ്റവും മനോഹരമായ സ്വത്ത്‌ തീർച്ചയായും ഇവിടത്തെ ശാന്തസുന്ദരമായ ചുറ്റുപാടുകൾക്ക്‌ ഇണങ്ങുന്ന സൗഹൃദമനസ്‌കരായ ആളുകളാണ്‌. ലാളിത്യം ഇവിടത്തെ ജീവിതത്തിന്റെ ഒരു മുഖമുദ്രയാണ്‌. സ്‌ത്രീകളിൽ ഭൂരിഭാഗവും കുട്ട നിർമാണം, ടാപാ വസ്‌ത്രം നെയ്യൽ, പായ നെയ്‌ത്ത്‌ തുടങ്ങിയ കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. മരത്തണലിൽ ഒരുമിച്ചിരുന്ന്‌ സംസാരിക്കുകയും പാടുകയും ചിരിക്കുകയും ഒക്കെ ചെയ്‌തുകൊണ്ടാണ്‌ ടോങ്‌ഗയിലെ സ്‌ത്രീകൾ ജോലി ചെയ്യാറ്‌. മിക്കപ്പോഴും കുട്ടികളും കൈക്കുഞ്ഞുങ്ങളും സമീപത്തെവിടെയെങ്കിലും കളിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നുണ്ടാവും. വേലിയിറക്ക സമയത്ത്‌ കക്ക പെറുക്കാനും ഭക്ഷ്യയോഗ്യമായ മറ്റു കടൽജീവികൾ, ചില കടൽസസ്യങ്ങൾ തുടങ്ങിയവ ശേഖരിക്കാനും പോകുന്നത്‌ പൊതുവേ സ്‌ത്രീകൾതന്നെയാണ്‌. ഇങ്ങനെ ശേഖരിക്കുന്ന കടൽസസ്യങ്ങൾ ഉപയോഗിച്ച്‌ അവർ രുചികരമായ ഒരു സാലഡ്‌ ഉണ്ടാക്കുന്നു.

മിക്ക പുരുഷന്മാരുടെയും തൊഴിൽ കൃഷി, മത്സ്യബന്ധനം, കൊത്തുപണി, ബോട്ടുനിർമാണം, വല നന്നാക്കൽ എന്നിവയൊക്കെയാണ്‌. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ബന്ധുക്കളെ സന്ദർശിക്കാനും വൈദ്യസഹായം തേടാനും സാധനങ്ങൾ വാങ്ങാനും വിൽക്കാനുമൊക്കെയായി അടച്ചുകെട്ടിയ ചെറിയ മത്സ്യബന്ധന ബോട്ടുകളിൽ ദ്വീപുകൾക്കിടയിൽ സഞ്ചരിക്കുന്നു.

വിദൂരസ്ഥ ദേശങ്ങളിൽപ്പോലും സുവാർത്ത എത്തിച്ചേരുന്നു

പ്രശാന്തസുന്ദരമായ ഈ ചുറ്റുപാടുകളിലേക്കാണ്‌ 2002-ലെ സ്‌മാരക കാലത്ത്‌ രണ്ടു മിഷനറിമാരും രണ്ടു പയനിയർ ശുശ്രൂഷകരും എത്തിച്ചേർന്നത്‌. അതിനുമുമ്പ്‌ ഇടയ്‌ക്കൊക്കെ ആരെങ്കിലും ഇവിടെ സുവാർത്ത പ്രസംഗിച്ചിരുന്നു. ഹാപ്പായിലെ ആളുകൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സാഹിത്യങ്ങൾ സ്വീകരിക്കുകയും എന്തിന്‌, സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകപോലും ചെയ്‌തിരുന്നു.

സന്ദർശകരായ നാലു ബൈബിൾ അധ്യാപകർക്ക്‌ മൂന്നു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്‌: ബൈബിൾ സാഹിത്യം സമർപ്പിക്കുക, ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുക, താത്‌പര്യം പ്രകടിപ്പിക്കുന്നവരെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്‌മാരകാഘോഷത്തിനു ക്ഷണിക്കുക. മൂന്നു ലക്ഷ്യങ്ങളും സാധിച്ചു. തൊണ്ണൂറ്റേഴു പേർ യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തോടു പ്രതികരിച്ചു. അവരിൽ ചിലർ കനത്ത മഴയും ശക്തമായ കാറ്റും വകവെക്കാതെ തുറന്ന ബോട്ടിൽ സഞ്ചരിച്ചാണ്‌ എത്തിയത്‌. മോശമായ കാലാവസ്ഥ നിമിത്തം, പലരും സ്‌മാരകാചരണം നടന്ന സ്ഥലത്തുതന്നെ രാത്രി കഴിച്ചുകൂട്ടി പിറ്റേ ദിവസമാണു വീടുകളിലേക്കു പോയത്‌.

സ്‌മാരക പ്രസംഗകനും കുറെയധികം പാടുപെടേണ്ടിവന്നു. “ഒരേ സന്ധ്യയ്‌ക്കുതന്നെ ഒരു വിദേശഭാഷയിൽ രണ്ടു തവണ സ്‌മാരക പ്രസംഗം നടത്തേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ട്‌ ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാം,” പ്രസംഗകനായിരുന്ന മിഷനറി അനുസ്‌മരിക്കുന്നു. “ഞാൻ എത്രമാത്രം ഉത്‌കണ്‌ഠാകുലനായിരുന്നു എന്നു നിങ്ങൾക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ആ സാഹചര്യത്തിൽ പ്രാർഥന എന്തൊരു സഹായമായിരുന്നെന്നോ! എനിക്കറിയാമെന്ന്‌ ഞാൻ ഒരിക്കലും മനസ്സിലാക്കാതിരുന്ന വാക്കുകളും വാക്യഘടനയും എന്റെ ഓർമയിലേക്കു വന്നു.”

ഹാപ്പായിലെ ദ്വീപുകളിലുണ്ടായിരുന്ന താത്‌പര്യക്കാരെ സുവിശേഷകർ സഹായിച്ചതിന്റെ ഫലമായി അവിടെനിന്നുള്ള രണ്ടു ദമ്പതികൾ സ്‌നാപനമേറ്റു. അതിൽ ഒരു ദമ്പതികളുടെ കാര്യത്തിൽ, പ്രാദേശിക പള്ളിയിലെ ശുശ്രൂഷകനാകാനുള്ള പരിശീലനം നേടിക്കൊണ്ടിരിക്കെയാണ്‌ ഭർത്താവിന്‌ സാക്ഷികളുടെ സാഹിത്യത്തിൽ താത്‌പര്യം ജനിച്ചത്‌.

ഭൗതികമായി ദരിദ്രരായിരുന്നെങ്കിലും ഈ വ്യക്തിയും ഭാര്യയും പള്ളിയിലെ പ്രതിവർഷ ധനാഭ്യർഥനാ വേളയിൽ അവരുടെ പേരു വിളിക്കുമ്പോൾ ഒരു നല്ല തുക സംഭാവനയായി നൽകുമായിരുന്നു. മുമ്പ്‌ അവരെ സന്ദർശിച്ചിരുന്ന ഒരു സാക്ഷി, ബൈബിൾ തുറന്ന്‌ 1 തിമൊഥെയൊസ്‌ 5:⁠8 വായിക്കാൻ ആ വ്യക്തിയെ ക്ഷണിച്ചു. അവിടെ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെയാണു പറയുന്നത്‌: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” ഈ ബൈബിൾ തത്ത്വം ഭർത്താവിന്റെ ഹൃദയത്തെ സ്‌പർശിച്ചു. സഭയുടെ അമിതമായ ധനാഭ്യർഥനകൾക്കു ചെവികൊടുക്കുകവഴി തന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിൽ താൻ പരാജയപ്പെടുകയാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അടുത്ത വാർഷിക ധനശേഖരണ സമയത്ത്‌, പണം കൈയിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‌ 1 തിമൊഥെയൊസ്‌ 5:⁠8 മറക്കാൻ കഴിഞ്ഞില്ല. പേരു വിളിച്ചപ്പോൾ തനിക്കു കുടുംബത്തിന്റെ ആവശ്യങ്ങളാണു കൂടുതൽ പ്രധാനം എന്ന്‌ അദ്ദേഹം ധൈര്യപൂർവം പുരോഹിതനെ അറിയിച്ചു. അതിന്റെ ഫലമായി പള്ളിയിലെ മൂപ്പന്മാർ അവരെ പരസ്യമായി ശകാരിക്കുകയും കൊച്ചാക്കുകയും ചെയ്‌തു.

യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചതിനുശേഷം, ഈ വ്യക്തിയും ഭാര്യയും സുവാർത്തയുടെ പ്രസാധകരായിത്തീർന്നു. അദ്ദേഹം പറയുന്നു: “ബൈബിൾ സത്യം എന്നിൽ പരിവർത്തനം വരുത്തിയിരിക്കുന്നു. ഞാൻ ഇപ്പോൾ കുടുംബത്തോട്‌ ക്രൂരമായോ പരുക്കനായോ ഇടപെടുന്നില്ല, അമിതമായി മദ്യപിക്കുന്നുമില്ല. സത്യം എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റം എന്റെ ഗ്രാമത്തിലുള്ളവർക്കു കാണാൻ കഴിയുന്നു. എന്നെപ്പോലെ അവരും സത്യസ്‌നേഹികളായിത്തീരും എന്നു ഞാൻ പ്രത്യാശിക്കുന്നു.”

അന്വേഷണം ഉപയോഗിച്ചുള്ള തിരച്ചിൽ

2002-ലെ സ്‌മാരകാചരണത്തിനുശേഷം എതാനും മാസങ്ങൾ കഴിഞ്ഞ്‌ മറ്റൊരു യാനപാത്രം അമൂല്യമായ ചില സാധനങ്ങളുമായി വിദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹാപ്പായിലെത്തി. ന്യൂസിലൻഡിൽനിന്നു വന്ന 18 മീറ്റർ നീളമുള്ള, അന്വേഷണം എന്നു പേരുള്ള ആ നൗക ടോങ്‌ഗ ദ്വീപുകൾക്കിടയിലൂടെ മുന്നോട്ടു നീങ്ങി. ഗാരി, ഹെറ്റി ദമ്പതികളും അവരുടെ മകളായ കെയ്‌റ്റിയുമാണ്‌ അതിൽ ഉണ്ടായിരുന്നത്‌. ടോങ്‌ഗക്കാരായ ഒമ്പതു സഹോദരീസഹോദരന്മാരും രണ്ടു മിഷനറിമാരും രണ്ടു പര്യടനങ്ങളിൽ അവരെ അനുയാത്ര ചെയ്‌തു. പ്രാദേശിക സാക്ഷികൾ, നൗക വിദഗ്‌ധമായി ഓടിക്കാൻ സഹായിച്ചു, പ്രത്യേകിച്ച്‌ ഭൂപടത്തിൽ രേഖപ്പെടുത്താത്ത പാറക്കെട്ടുകളും മറ്റുമുള്ള സ്ഥലങ്ങളിലൂടെ. ഇവ വിനോദയാത്രകളായിരുന്നില്ല. അതിലെ യാത്രക്കാർ ബൈബിൾ സത്യം പഠിപ്പിക്കാനാണ്‌ അവിടെയെത്തിയത്‌. 14 ദ്വീപുകൾ സന്ദർശിച്ചുകൊണ്ട്‌ ഒരു വലിയ സമുദ്രഭാഗം അവർ പ്രവർത്തിച്ചുതീർത്തു. ആ ദ്വീപുകളിൽ ചിലതിൽ രാജ്യസുവാർത്ത ഒരിക്കലും പ്രസംഗിക്കപ്പെട്ടിരുന്നില്ല.

ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്‌? കടൽമാർഗമെത്തിയ പ്രസംഗകരെ ദ്വീപുവാസികൾ പൊതുവേ ജിജ്ഞാസയോടെയും ഊഷ്‌മളതയോടെയും പരമ്പരാഗത ആതിഥ്യമര്യാദയോടെയും സ്വീകരിച്ചു. സന്ദർശകരുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയപ്പോൾ അവർ തികഞ്ഞ വിലമതിപ്പു പ്രകടിപ്പിച്ചു. ദ്വീപുവാസികൾ ദൈവവചനത്തെ ആദരിക്കുന്നെന്നും അവർ തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവരാണെന്നും സന്ദർശകർക്കു ബോധ്യമായി.​—⁠മത്തായി 5:⁠3, NW.

പലപ്പോഴും, ആളുകൾ തങ്ങളുടെ നിരവധി തിരുവെഴുത്തു ചോദ്യങ്ങളുമായി ഉഷ്‌ണമേഖലാ വൃക്ഷങ്ങളുടെ ചുവട്ടിൽ സന്ദർശകരോടൊപ്പം കൂടി. രാത്രിയിൽ വീടുകളിൽ ചർച്ച തുടർന്നു. സാക്ഷികൾ വിടവാങ്ങവേ, ഒരു ദ്വീപിലെ നിവാസികൾ ഇങ്ങനെ അപേക്ഷിച്ചു: “നിങ്ങൾ പോകരുത്‌! നിങ്ങൾ പോയാൽ ആരാണു ഞങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം തരിക?” ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “സത്യത്തിനുവേണ്ടി ദാഹിക്കുന്ന ചെമ്മരിയാടു സമാനരായ ഇത്രയധികം ആളുകളെ വിട്ടുപോകുന്നത്‌ എപ്പോഴും ദുഷ്‌കരമായിരുന്നു. നിരവധി രാജ്യവിത്തുകൾ വിതയ്‌ക്കപ്പെട്ടിട്ടുണ്ട്‌.” അന്വേഷണം ഒരു ദ്വീപിലെത്തിയപ്പോൾ ആളുകളെല്ലാം മരണസൂചകമായ വിലാപവസ്‌ത്രം ധരിച്ചിരിക്കുന്നത്‌ സാക്ഷികൾ കണ്ടു. പട്ടണാധികാരിയുടെ ഭാര്യ മരിച്ചുപോയിരുന്നു. ബൈബിളിൽനിന്ന്‌ ആശ്വാസദായകമായ സന്ദേശം നൽകിയതിന്‌ അധികാരി സാക്ഷികളോട്‌ നന്ദിപറഞ്ഞു.

ചില ദ്വീപുകളിൽ എത്തിച്ചേരുക ഏറെ ദുഷ്‌കരമായിരുന്നു. ഹെറ്റി വിശദീകരിക്കുന്നു: “ഒരു ദ്വീപിൽ, കപ്പൽ അടുപ്പിച്ച്‌ ഇറങ്ങുന്നതിനു യോജിച്ച കരഭാഗം ഉണ്ടായിരുന്നില്ല. സമുദ്രത്തിൽനിന്ന്‌ ഒന്നോ അതിലധികമോ മീറ്റർ ഉയരത്തിൽ കുത്തനെയുള്ള പാറക്കെട്ടുകളാണ്‌ അവിടെയുള്ളത്‌. ഞങ്ങളുടെ കൊച്ചു റബ്ബർ വഞ്ചി ഉപയോഗിച്ചുമാത്രമേ കരപറ്റാനാകുമായിരുന്നുള്ളൂ. ആദ്യം ഞങ്ങളുടെ ബാഗുകൾ കരയിൽ തയ്യാറായി നിൽക്കുന്നവരുടെ കൈകളിലേക്ക്‌ എറിഞ്ഞുകൊടുക്കണം. എന്നിട്ട്‌, തിരകൾ പാറക്കെട്ടിന്റെ വിളുമ്പിലേക്ക്‌ ഉയർത്തിക്കൊണ്ടുവരുന്ന റബ്ബർ വഞ്ചി താഴേക്കു പോകുന്നതിനു മുമ്പായി കരയിലേക്ക്‌ എടുത്തുചാടണമായിരുന്നു.”

എന്നാൽ കപ്പലിലുള്ളവരെല്ലാം നിർഭയരായ നാവികരല്ലായിരുന്നു എന്നോർക്കുക. രണ്ടാഴ്‌ചത്തെ യാത്രയ്‌ക്കുശേഷം കപ്പിത്താൻ, പ്രധാന ദ്വീപായ ടോങ്‌ഗാടാപൂവിലേക്കുള്ള മടക്കയാത്രയെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “ഞങ്ങൾക്ക്‌ 18 മണിക്കൂർ യാത്രചെയ്യേണ്ടതുണ്ട്‌. കടൽച്ചൊരുക്കുള്ളവർ ഉള്ളതുകൊണ്ട്‌ ഒറ്റയടിക്കു യാത്രചെയ്യാനാവില്ല. വീട്ടിലേക്കു മടങ്ങുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്‌. എന്നാൽ രാജ്യസന്ദേശം കേട്ട ഇത്രയധികം ആളുകളെ വിട്ടുപോകുന്നതിൽ ഞങ്ങൾക്ക്‌ അതിയായ ദുഃഖമുണ്ട്‌. അവരെ ഞങ്ങൾ യഹോവയുടെ സംരക്ഷണയിൽ ഏൽപ്പിക്കുന്നു. അവന്റെ പരിശുദ്ധാത്മാവും ദൂതന്മാരും, ആത്മീയമായി വളരാൻ അവരെ സഹായിക്കട്ടെ.”

ശോഭനമായ പ്രതീക്ഷ നൽകുന്ന ദ്വീപുകൾ

അന്വേഷണം തിരികെപ്പോയി ഏകദേശം ആറുമാസം കഴിഞ്ഞ്‌ പ്രത്യേക പയനിയർ സുവിശേഷകരായ സ്റ്റീവനും മാലാക്കിയും ഹാപ്പായ്‌ ദ്വീപസമൂഹത്തിൽ പ്രസംഗപ്രവർത്തനത്തിനു നിയോഗിക്കപ്പെട്ടു. അവിടെ അടുത്ത കാലത്തു സ്‌നാപനമേറ്റ രണ്ടു ദമ്പതിമാരോടു ചേർന്ന്‌ അവർ ബൈബിളധ്യയനവേല തുടർന്നു. ഉപദേശപരമായ കാര്യങ്ങളിൽ സജീവമായ ചർച്ചകൾ നടക്കുന്നു, പ്രസാധകർ പ്രസംഗവേലയിൽ ബൈബിൾ നന്നായി ഉപയോഗപ്പെടുത്തുന്നു.

2003 ഡിസംബർ 1-ാം തീയതി ഹാപ്പായിൽ ഒരു സഭ രൂപീകൃതമായി. അത്‌ ടോങ്‌ഗയിൽ അഞ്ചാമത്തേതാണ്‌. യോഗങ്ങളിൽ ഹാജരാകുന്നവരിൽ ധാരാളം കുട്ടികളുണ്ട്‌. ശ്രദ്ധാപൂർവം കേട്ടിരിക്കാൻ അവർ പഠിച്ചിരിക്കുന്നു. അവർ അടങ്ങിയിരിക്കുകയും സദസ്യ പങ്കുപറ്റലുള്ള പരിപാടികളിൽ താത്‌പര്യത്തോടെ പങ്കുപറ്റുകയും ചെയ്യുന്നു. “എന്റെ ബൈബിൾ കഥാ പുസ്‌തകം സംബന്ധിച്ച അവരുടെ പരിജ്ഞാനം, അവരുടെ മാതാപിതാക്കൾ ബൈബിൾ സത്യം മക്കളിൽ ഉൾനടാനുള്ള തങ്ങളുടെ ഉത്തരവാദിത്വം ഗൗരവമായെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്‌” എന്ന്‌ സർക്കിട്ട്‌ മേൽവിചാരകൻ അഭിപ്രായപ്പെട്ടു. തീർച്ചയായും, ആ ദ്വീപുകളിൽനിന്ന്‌ യഹോവയ്‌ക്ക്‌ ഇനിയും സുഹൃത്തുക്കൾ ഉളവാകുമെന്നതു സംബന്ധിച്ച്‌ ശോഭനമായ പ്രതീക്ഷയാണുള്ളത്‌.

70-ലധികം വർഷങ്ങൾക്കുമുമ്പ്‌ ചാൾസ്‌ വെറ്റെ മരിച്ചവർ എവിടെ? എന്ന ചെറുപുസ്‌തകം ടോങ്‌ഗൻഭാഷയിലേക്കു മൊഴിമാറ്റംനടത്തിയപ്പോൾ, രാജ്യവിത്ത്‌ തന്റെ രാജ്യത്തെ ആളുകളുടെ ഹൃദയങ്ങളിൽ എത്രത്തോളം വേരുപടർത്തുമെന്നതു സംബന്ധിച്ച്‌ അദ്ദേഹം ബോധവാനായിരുന്നില്ല. നമ്മുടെ ഗോളത്തിലെ ആ വിദൂരസ്ഥ ദേശത്ത്‌, അന്ന്‌ എളിയ രീതിയിൽ തുടക്കമിട്ട സുവാർത്താ പ്രഖ്യാപനം ഇന്ന്‌ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ വളർച്ചയുടെമേൽ യഹോവ ഇന്നോളം അനുഗ്രഹം വർഷിച്ചിരിക്കുന്നു. ആലങ്കാരികമായി യഹോവയിലേക്കു തിരിയുന്ന, കടലിലെ വിദൂരസ്ഥ ദ്വീപുകളിലൊന്നാണ്‌ ഇന്ന്‌ ടോങ്‌ഗ എന്നു നിസ്സംശയം പറയാൻ കഴിയും. (സങ്കീർത്തനം 97:⁠1; യെശയ്യാവു 51:⁠5) “സുഹൃദ്‌ ദ്വീപുകൾ” ഇപ്പോൾ യഹോവയുടെ ധാരാളം സുഹൃത്തുക്കൾക്ക്‌ ഭവനമായിത്തീർന്നിരിക്കുന്നു.

[8-ാം പേജിലെ ചിത്രം]

ചാൾസ്‌ വെറ്റെ, 1983

[9-ാം പേജിലെ ചിത്രം]

ടാപാ വസ്‌ത്രനിർമാണം

[10-ാം പേജിലെ ചിത്രം]

ടോങ്‌ഗയിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിന്‌ “അന്വേഷണം” ഉപയോഗിക്കപ്പെട്ടു

[11-ാം പേജിലെ ചിത്രം]

നൂകൂവാലോഫായിലെ പരിഭാഷാ സംഘം

[9-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ടാപാ വസ്‌ത്രനിർമാണം: © Jack Fields/CORBIS; 8, 9 പേജുകളുടെ പശ്ചാത്തലവും മത്സ്യബന്ധനവും: © Fred J. Eckert