സത്യാരാധനയും പുറജാതീയതയും ഏറ്റുമുട്ടിയ നഗരം
സത്യാരാധനയും പുറജാതീയതയും ഏറ്റുമുട്ടിയ നഗരം
ടർക്കിയുടെ പടിഞ്ഞാറേ തീരത്ത് പുരാതന എഫെസൊസ് നഗരം സ്ഥിതിചെയ്‌തിരുന്ന ഇടം കാണാം. ആ നഗരത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ഒരു നൂറ്റാണ്ടിലേറെയായി പുരാവസ്‌തുഗവേഷകർ വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി കെട്ടിടങ്ങൾ പുനർനിർമിക്കപ്പെട്ടിട്ടുണ്ട്. അനേകം കണ്ടെത്തലുകൾ സംബന്ധിച്ച് ശാസ്‌ത്രജ്ഞന്മാർ പഠനം നടത്തുകയും വിശദീകരിക്കുകയും ചെയ്‌തിരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി എഫെസൊസ്, ടർക്കിയിലെ ഏറ്റവും ജനപ്രീതിയാർജിച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
എഫെസൊസിനെപ്പറ്റി എന്തൊക്കെയാണ് കണ്ടെത്തിയിട്ടുള്ളത്? ആകർഷകമായ ആ പുരാതന വൻനഗരിയെക്കുറിച്ച് ഇന്നു ലഭിക്കുന്ന ചിത്രമെന്താണ്? എഫെസൊസിന്റെ നഷ്ടാവശിഷ്ടങ്ങളും ഓസ്‌ട്രിയയിലെ വിയന്നയിലുള്ള എഫെസൊസ് മ്യൂസിയവും സന്ദർശിക്കുന്നത്, സത്യാരാധനയും പുറജാതീയ മതവും തമ്മിൽ എഫെസൊസിൽ ഏറ്റുമുട്ടിയത് എങ്ങനെയെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ആദ്യം നമുക്കു ചില പശ്ചാത്തല വിവരങ്ങൾ പരിശോധിക്കാം.
പലരും സ്വന്തമാക്കാൻ കൊതിച്ചിരുന്ന ഒരു സ്ഥലം
പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 11-ാം നൂറ്റാണ്ടിൽ യുറേഷ്യ അസ്വസ്ഥതയുടെയും കുടിയേറ്റത്തിന്റെയും കേളീരംഗമായിരുന്നു. അക്കാലത്താണ് അയോണിയൻ ഗ്രീക്കുകാർ ഏഷ്യാമൈനറിന്റെ പടിഞ്ഞാറേ തീരം തങ്ങളുടെ കോളനിയാക്കാൻ തുനിഞ്ഞത്. ആ ആദിമ കുടിയേറ്റക്കാർ, ഒരു അമ്മ-ദേവിയുടെ ആരാധനയ്‌ക്കു പേരു കേട്ടിരുന്ന ഒരു ജനതയുമായി സമ്പർക്കത്തിലായി. ആ ദേവതയാണ് പിൽക്കാലത്ത് എഫെസൊസിലെ അർത്തെമിസ് എന്ന് അറിയപ്പെട്ടത്.
പൊ.യു.മു. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നാടോടികളായ സിമ്മേറിയന്മാർ വടക്ക് കരിങ്കടൽപ്രദേശത്തുനിന്ന് ഏഷ്യാമൈനർ കൊള്ളയടിക്കാൻ വന്നെത്തി. പിന്നീട്, പൊ.യു.മു. ഏകദേശം 550-ൽ ശക്തനായ ഒരു ഭരണാധികാരി രംഗപ്രവേശം ചെയ്‌തു. തന്റെ അളവറ്റ ധനത്തിനു പേരുകേട്ട ലിഡിയയിലെ രാജാവായ ക്രോസസ് ആയിരുന്നു അത്. അതിനുശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ വ്യാപനത്തോടെ സൈറസ് രാജാവ് എഫെസൊസ് ഉൾപ്പെടെയുള്ള അയോണിയൻ നഗരങ്ങളെ തന്റെ അധീനതയിലാക്കി.
പൊ.യു.മു. 334-ൽ പേർഷ്യക്കെതിരെ പടനീക്കം ആരംഭിച്ച മാസിഡോണിയയിലെ അലക്‌സാണ്ടർ, എഫെസൊസിന്റെ പുതിയ ഭരണാധികാരിയായിത്തീർന്നു. പൊ.യു.മു. 323-ൽ അലക്‌സാണ്ടർ അകാലത്തിൽ ചരമമടഞ്ഞതിനുശേഷം, എഫെസൊസ് അലക്‌സാണ്ടറുടെ ജനറൽമാരുടെ അധികാരവടംവലിക്കു വിധേയമായി. പൊ.യു.മു. 133-ൽ പെർഗമത്തിലെ സന്തതികളില്ലാതിരുന്ന രാജാവായ ആറ്റലസ് മൂന്നാമൻ എഫെസൊസ് ഇഷ്ടദാനമായി റോമാക്കാർക്ക് കൈമാറി. അങ്ങനെ എഫെസൊസ് റോമാക്കാരുടെ ഏഷ്യൻ പ്രവിശ്യയുടെ ഭാഗമായിത്തീർന്നു.
സത്യാരാധന പുറജാതീയതയുമായി ഏറ്റുമുട്ടുന്നു
പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിൽ തന്റെ രണ്ടാം മിഷനറി യാത്രയുടെ അവസാനത്തോടടുത്ത് എഫെസൊസിൽ എത്തിച്ചേർന്ന അപ്പൊസ്‌തലനായ പൗലൊസ് പ്രവൃത്തികൾ 18:19-21) തന്റെ മൂന്നാം മിഷനറി യാത്രയിൽ പൗലൊസ് എഫെസൊസിലേക്കു തിരികെവന്ന് സിനഗോഗിൽ പൂർവാധികം ധൈര്യത്തോടെ ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. എന്നാൽ മൂന്നുമാസത്തിനുശേഷം യഹൂദന്മാരുടെ എതിർപ്പു ശക്തമായി. അതുകൊണ്ട് പൗലൊസ് തന്റെ പ്രതിദിന പ്രസംഗ പരിപാടി തുറന്നൊസിന്റെ പാഠശാലയിലേക്കു മാറ്റി. (പ്രവൃത്തികൾ 19:1, 8, 9) അവന്റെ പ്രസംഗപ്രവർത്തനം രണ്ടുവർഷത്തേക്കു തുടർന്നു. അതോടൊപ്പം അത്ഭുത രോഗശാന്തി, ഭൂതങ്ങളെ പുറത്താക്കൽ തുടങ്ങിയ അസാധാരണമായ വീര്യപ്രവൃത്തികളും അവൻ ചെയ്‌തുപോന്നു. (പ്രവൃത്തികൾ 19:10-17) അനേകർ വിശ്വാസികളായിത്തീർന്നതിൽ അതിശയമില്ല! മന്ത്രവാദം ചെയ്‌തിരുന്ന ധാരാളം ആളുകൾ തങ്ങളുടെ വിലയേറിയ മന്ത്രവാദ പുസ്‌തകങ്ങൾ മനസ്സോടെ അഗ്നിക്കിരയാക്കുന്ന അളവോളം യഹോവയുടെ വചനം പ്രബലപ്പെട്ടു.—പ്രവൃത്തികൾ 19:19, 20.
കണ്ടത് എകദേശം 3,00,000 നിവാസികളുള്ള ഒരു നഗരമാണ്. (പൗലൊസിന്റെ വിജയകരമായ പ്രസംഗവേല അർത്തെമിസ് ദേവിയുടെ ആരാധന ഉപേക്ഷിക്കാൻ അനേകരെ പ്രേരിപ്പിച്ചതോടൊപ്പം അത്തരം പുറജാതി ആരാധന ഉന്നമിപ്പിക്കുന്നവരുടെ കോപം ജ്വലിപ്പിക്കുന്നതിനും ഇടയാക്കി. അർത്തെമിസിന്റെ ക്ഷേത്രത്തിന്റെ വെള്ളിയിലുള്ള മാതൃക പണിതുകൊടുക്കുന്നത് വളരെ ആദായം നൽകുന്ന ഒരു തൊഴിൽ ആയിരുന്നു. തങ്ങളുടെ തൊഴിലിനു ഭീഷണി ഉയർന്നപ്പോൾ, ദെമേത്രിയൊസ് എന്ന തട്ടാൻ സഹ തൊഴിലാളികളെ കൂട്ടി വലിയ ലഹള ഇളക്കിവിട്ടു.—പ്രവൃത്തികൾ 19:23-32.
സംഘർഷം ഉച്ചാവസ്ഥയിൽ എത്തിയതോടെ രണ്ടു മണിക്കൂർ നേരത്തോളം ജനം “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്നു ഭ്രാന്തമായി ആർത്തുകൊണ്ടിരുന്നു. (പ്രവൃത്തികൾ 19:34) ആരവം ശമിച്ചപ്പോൾ, സഹക്രിസ്‌ത്യാനികളെ വീണ്ടും പ്രോത്സാഹിപ്പിച്ചിട്ട് പൗലൊസ് അവിടെനിന്നു യാത്രയായി. (പ്രവൃത്തികൾ 20:1) പൗലൊസ് മാസിഡോണിയയിലേക്കു പോയെങ്കിലും അർത്തെമിസിന്റെ നാമത്തിലുള്ള ആരാധനയുടെ പതനം തടയാൻ അതുകൊണ്ടായില്ല.
അർത്തെമിസിന്റെ ക്ഷേത്രം ഇളകുന്നു
അർത്തെമിസ് ആരാധന എഫെസൊസിൽ രൂഢമൂലമായിരുന്നു. ക്രോസസ് രാജാവിന്റെ കാലത്തിനുമുമ്പ്, സിബലി എന്ന അമ്മ-ദേവിയായിരുന്നു ആ പ്രദേശത്തെ മതപരമായ ജീവിതത്തിന്റെ കേന്ദ്രബിന്ദു. സിബലിക്ക് ഗ്രീക്കു ദൈവങ്ങളുമായി ബന്ധുത ഉണ്ടെന്നു വരുത്തിത്തീർത്തുകൊണ്ട് ഗ്രീക്കുകാർക്കും ഗ്രീക്കേതരർക്കും സ്വീകാര്യമായ ഒരു ആരാധനാമൂർത്തിയെ പ്രതിഷ്‌ഠിക്കാൻ ക്രോസസ് ശ്രമിച്ചു. ക്രോസസ്സിന്റെ പിന്തുണയോടെ, പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സിബലിയുടെ പിൻഗാമിയായ അർത്തെമിസിന്റെ ക്ഷേത്രനിർമാണം ആരംഭിച്ചു.
ഈ ക്ഷേത്രം ഗ്രീക്കു വാസ്‌തുശിൽപ്പവിദ്യയിൽ ഒരു നാഴികക്കല്ലായിരുന്നു. കൂറ്റൻ മാർബിൾ ബ്ലോക്കുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. അത്രയും വലുപ്പമുള്ള മാർബിൾ കഷണങ്ങൾ ഉപയോഗിച്ച് ആ വലുപ്പത്തിലുള്ള ഇത്തരം ഒരു കെട്ടിടം പണിയുന്നത് ആദ്യമായിട്ടായിരുന്നു. പൊ.യു.മു. 356-ൽ അഗ്നിബാധയാൽ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. എന്നാൽ മുൻക്ഷേത്രത്തിന്റെ അതേ പ്രൗഢിയോടെ ക്ഷേത്രം പുനർനിർമിച്ചു. അത് ധാരാളം ആളുകൾക്കു തൊഴിൽ നൽകുകയും വലിയതോതിൽ തീർഥാടകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്‌തു. ഏതാണ്ട് 73 മീറ്റർ വീതിയും 127 മീറ്റർ നീളവും ഉള്ള ഒരു പ്ലാറ്റ്‌ഫോമിൽ പണിതുയർത്തിയ ആ ക്ഷേത്രത്തിന് ഏകദേശം 50 മീറ്റർ വീതിയും 105 മീറ്റർ നീളവും ഉണ്ടായിരുന്നു. ലോകത്തിലെ സപ്‌തമഹാത്ഭുതങ്ങളിൽ ഒന്നായി അതു കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ എല്ലാവർക്കും അതേ മനോഭാവമല്ല ഉണ്ടായിരുന്നത്. എഫെസൊസിലെ ഒരു തത്ത്വചിന്തകനായിരുന്ന ഹെറാക്ലിറ്റസ്, ബലിപീഠത്തിലേക്കുള്ള ഇരുണ്ട പാതയെ തിന്മയുടെ ഇരുട്ടിനോടാണ് ഉപമിച്ചത്. ക്ഷേത്രത്തിൽ പുലർത്തിപ്പോന്ന ധാർമികത അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ജന്തുക്കളുടേതിനെക്കാൾ അധമമായിരുന്നു. ഇതൊക്കെയാണെങ്കിലും, ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം, എഫെസൊസിലുള്ള അർത്തെമിസിന്റെ ക്ഷേത്രം ഒരിക്കലും നശിക്കുമായിരുന്നില്ല. എന്നാൽ ചരിത്രം മറിച്ചാണു തെളിയിച്ചത്. എഫെസൊസ്—ഡേ നോയിയ ഫൂയെറ (എഫെസൊസ്—പുതിയ വഴികാട്ടി) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു: “[പൊ.യു.] രണ്ടാം നൂറ്റാണ്ടോടെ അർത്തെമിസിന്റെയും ദേവതാഗണത്തിലെ മറ്റു
പ്രമുഖ ദേവതകളുടെയും ആരാധന പൊടുന്നനെ അപചയിച്ചു.”പൊ.യു. മൂന്നാം നൂറ്റാണ്ടിൽ വലിയ ഒരു ഭൂകമ്പം എഫെസൊസിനെ പിടിച്ചുകുലുക്കി. മാത്രമല്ല, കരിങ്കടൽപ്രദേശത്തുനിന്നുള്ള നാവികരായ ഗോഥുകൾ അർത്തെമിസിന്റെ ക്ഷേത്രത്തിലെ സമ്പത്തു മുഴുവൻ കൊള്ളയടിക്കുകയും അവിടം അഗ്നിക്കിരയാക്കുകയും ചെയ്‌തു. മേൽ പരാമർശിച്ച ഗ്രന്ഥം തുടരുന്നു: “പരാജിതയും സ്വന്തം വാസസ്ഥാനം രക്ഷിക്കാൻ അശക്തയുമായ അർത്തെമിസിനെ നഗരത്തിന്റെ സംരക്ഷകയായി മേലാൽ വീക്ഷിക്കാൻ കഴിയുന്നതെങ്ങനെ?”—സങ്കീർത്തനം 135:15-18.
ഒടുവിൽ പൊ.യു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, തിയോഡോഷസ് ഒന്നാമൻ ചക്രവർത്തി“ക്രിസ്‌തുമതം” ദേശീയ മതമായി പ്രഖ്യാപിച്ചു. പെട്ടെന്നുതന്നെ, ഒരിക്കൽ പ്രശസ്‌തിയുടെ ഔന്നത്യത്തിൽ വിരാജിച്ചിരുന്ന അർത്തെമിസിന്റെ ക്ഷേത്രം അവഗണിക്കപ്പെട്ട് മാർബിൾക്കല്ലുകളുടെയും മറ്റും ശേഖരം മാത്രമായിത്തീർന്നു. ആളുകൾ അവ നിർമാണ സാമഗ്രികളായി ഇഷ്ടാനുസരണം ഉപയോഗിക്കാൻ തുടങ്ങി. അർത്തെമിസ് ആരാധന തികച്ചും അപ്രസക്തമായി മാറി. അർത്തെമിസിന്റെ ക്ഷേത്രത്തെ പുരാതന ലോകത്തിലെ അത്ഭുതങ്ങളിലൊന്നായി പ്രകീർത്തിക്കുന്ന ഒരു ചെറുകവിതയെക്കുറിച്ച് അജ്ഞാതനാമാവായ ഒരു നിരീക്ഷകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇപ്പോൾ അത് അങ്ങേയറ്റം ശൂന്യവും ഒന്നിനും കൊള്ളാത്തതുമായ ഒരു ഇടമാണ്.”
അർത്തെമിസിൽനിന്ന് “ദൈവമാതാവി”ലേക്ക്
താൻ പോയതിനുശേഷം “കൊടിയ ചെന്നായ്‌ക്കൾ” പ്രത്യക്ഷപ്പെടുമെന്നും “വിപരീതോപദേശം പ്രസ്‌താവിക്കുന്ന” പുരുഷന്മാർ അവരുടെയിടയിൽനിന്ന് എഴുന്നേൽക്കുമെന്നും പൗലൊസ് എഫെസൊസിലെ സഭാമൂപ്പന്മാർക്കു മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:17, 29, 30) അതുതന്നെയാണു സംഭവിച്ചതും. വിശ്വാസത്യാഗം സംഭവിച്ച ക്രിസ്‌ത്യാനിത്വത്തിന്റെ രൂപത്തിൽ എഫെസൊസിൽ വ്യാജാരാധന തുടർന്നും നിലനിന്നിരുന്നുവെന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.
പൊ.യു. 431-ൽ എഫെസൊസ്, ക്രിസ്‌തുവിന്റെ പ്രകൃതം ചർച്ചാവിഷയമായ മൂന്നാം സഭൈക്യ കൗൺസിലിനു വേദിയായി. എഫെസൊസ്—ഡേ നോയിയ ഫൂയെറ വിശദീകരിക്കുന്നു: “ക്രിസ്‌തുവിന് ഒരു പ്രകൃതം, അതായത് ദിവ്യ പ്രകൃതം . . . മാത്രമേയുള്ളു എന്ന അലക്‌സാണ്ട്രിയരുടെ വാദം പൂർണ വിജയം വരിച്ചു.” ഇതിന്റെ പരിണതഫലങ്ങൾ ദൂരവ്യാപകമായിരുന്നു. “എഫെസൊസിൽ വെച്ച് എടുത്ത ഈ തീരുമാനം മറിയയെ ക്രിസ്‌തുവിന്റെ മാതാവ് എന്ന നിലയിൽനിന്ന് ദൈവമാതാവ് എന്ന പദവിയിലേക്ക് ഉയർത്തുന്നതിന് ഇടയാക്കി. ഇത് മറിയാരാധനയ്‌ക്ക് അടിസ്ഥാനം പ്രദാനം ചെയ്‌തുവെന്നു മാത്രമല്ല, സഭയ്‌ക്കുള്ളിലെ ആദ്യത്തെ വലിയ ഭിന്നിപ്പിനും വഴിതെളിച്ചു . . . തർക്കവിതർക്കങ്ങൾ ഇന്നോളം തുടർന്നിരിക്കുന്നു.”
അങ്ങനെ, സിബലിയെയും അർത്തെമിസിനെയും ആരാധിച്ചിരുന്ന സ്ഥാനത്ത് “ദൈവമാതാവാ”യ മറിയയുടെ ആരാധന നിലവിൽവന്നു. മുകളിൽ പരാമർശിച്ച പുസ്‌തകം പ്രസ്‌താവിക്കുന്നതനുസരിച്ച് “എഫെസൊസിലെ മറിയാരാധന . . . ഒരു സജീവ പാരമ്പര്യമെന്ന നിലയിൽ ഇന്നോളം നിലനിന്നിരിക്കുന്നു, അർത്തെമിസ് ആരാധനയോടു ബന്ധപ്പെടുത്തിയല്ലാതെ ഇതു വിശദീകരിക്കുക സാധ്യമല്ല.”
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ
അർത്തെമിസ് ആരാധന അപചയിച്ചതോടെ എഫെസൊസിന്റെ തകർച്ചയും തുടങ്ങി. ഭൂകമ്പങ്ങളും മലമ്പനിയും മണ്ണുവന്നടിഞ്ഞ് ഉപയോഗശൂന്യമായിക്കൊണ്ടിരുന്ന തുറമുഖവും നഗരത്തിലെ ജീവിതം പൂർവാധികം ദുഷ്‌കരമാക്കിത്തീർത്തു.
പൊ.യു. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും, ഇസ്ലാംമതം അതിശീഘ്രം വ്യാപിച്ചുതുടങ്ങിയിരുന്നു. ഇസ്ലാം, അറബി ഗോത്രവർഗക്കാരെ അതിന്റെ കൊടിക്കീഴിൽ ഒറ്റക്കെട്ടായി അണിനിരത്തിയതുകൊണ്ടുമാത്രം തൃപ്‌തിയടഞ്ഞില്ല. പൊ.യു. ഏഴും എട്ടും നൂറ്റാണ്ടുകളിലുടനീളം അറബി നാവികപ്പടകൾ എഫെസൊസ് കൊള്ളയടിച്ചു. തുറമുഖത്തു പൂർണമായും മണ്ണു നിറയുകയും നഗരം നഷ്ടാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി മാറുകയും ചെയ്‌തതോടെ എഫെസൊസിന്റെ ദുരന്തം പൂർണമായി. ഒരിക്കൽ പ്രൗഢഗംഭീരമായിരുന്ന ആ വൻനഗരിയുടേതായി ആയാസോലൂക്ക് (ഇപ്പോൾ സെൽച്ചൂക്ക്) എന്ന ഒരു ചെറിയ കോളനി മാത്രമാണ് അവശേഷിച്ചത്.
എഫെസൊസിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരു പ്രദക്ഷിണം
എഫെസൊസിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുന്നത് അതിന്റെ പൂർവ മഹത്ത്വത്തെക്കുറിച്ചുള്ള ചിത്രം ലഭിക്കുന്നതിനു സഹായിക്കും. മുകൾഭാഗത്തെ കവാടത്തിൽനിന്നാണ് ടൂർ ആരംഭിക്കുന്നതെങ്കിൽ പെട്ടെന്നുതന്നെ സെൽസസിന്റെ ഗ്രന്ഥശാലവരെയുള്ള കൂറെറ്റെസ് തെരുവിന്റെ ഗംഭീര ദൃശ്യം നിങ്ങളുടെ ദൃഷ്ടിയിൽ പതിക്കും. തെരുവിന്റെ വലതുവശത്തുള്ള, പൊ.യു. രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ഓഡിയം എന്ന ചെറിയ തീയേറ്റർ നിങ്ങളുടെ ശ്രദ്ധയാകർഷിക്കും. 1,500-ഓളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഈ തീയേറ്റർ
കൗൺസിൽ ചേംബർ എന്ന നിലയിൽമാത്രമല്ല, പൊതുവിനോദസ്ഥലം എന്ന രീതിയിലും ഉപയോഗപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ട്. കൂറെറ്റെസ് തെരുവിന്റെ ഇരുവശങ്ങളിലും നിരനിരയായി കെട്ടിടങ്ങളുണ്ട്. അവയിൽ രാഷ്‌ട്രകാര്യങ്ങൾ ചർച്ചചെയ്യാൻ ഉപയോഗിച്ചിരുന്ന സ്റ്റേറ്റ് ആഗൊറ, ഹേഡ്രിയന്റെ ക്ഷേത്രം, ചില പൊതു ജലധാരകൾ, എഫെസൊസിലെ വിശിഷ്ടവ്യക്തികളുടെ കുന്നിൻചെരുവിൽ പണിതീർത്ത വാസസ്ഥലങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.പൊ.യു. രണ്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട, സെൽസസിന്റെ കമനീയമായ ഗ്രന്ഥശാല അതിന്റെ ചാരുതയാൽ നിങ്ങളെ ഹഠാദാകർഷിക്കും. ഒരു വിശാലമായ വായനാമുറിക്കുള്ളിലെ ചുവരിൽ തീർത്ത പൊത്തുകളിൽ എണ്ണമറ്റ ചുരുളുകൾ സൂക്ഷിച്ചിരുന്നു. ഗ്രന്ഥശാലയുടെ ഗംഭീരമായ മുഖപ്പിലുള്ള നാലു പ്രതിമകൾ, സെൽസസിനെപ്പോലെ ഉന്നതനായ ഒരു റോമൻ പൗരനിൽനിന്നു പ്രതീക്ഷിക്കുന്ന ഗുണങ്ങൾ ചിത്രീകരിക്കുന്നവയായിരുന്നു: സോഫിയ (ജ്ഞാനം), ആരെറ്റീ (സദ്‌ഗുണം), ആനിയ (അർപ്പണം), എപ്പിസ്റ്റിമി (പരിജ്ഞാനം അല്ലെങ്കിൽ ഗ്രാഹ്യം). മേൽപ്പറഞ്ഞ പ്രതിമകൾ വിയന്നയിലെ എഫെസൊസ് മ്യൂസിയത്തിൽ കാണാവുന്നതാണ്. ഗ്രന്ഥശാലയുടെ അങ്കണത്തോടുചേർന്നുള്ള ഒരു കൂറ്റൻ കവാടം നിങ്ങളെ ടെട്രാഗോണോസ് ആഗൊറ അഥവാ ചന്തസ്ഥലത്തേക്കു നയിക്കുന്നു. മേൽക്കൂരയുള്ള വിഹാര നടപ്പാതകളാൽ ചുറ്റപ്പെട്ടിരുന്ന ഈ വിശാലമായ ചത്വരത്തിലാണ് ആളുകൾ വ്യാപാര സംബന്ധമായ ഇടപാടുകൾ നടത്തിയിരുന്നത്.
ഇനി, വലിയ തീയേറ്ററിലേക്കു നയിക്കുന്ന മാർബിൾ റോഡിലേക്കാണ് നിങ്ങൾ വരുന്നത്. റോമാസാമ്രാജ്യത്തിന്റെ കാലത്തു നടത്തിയ ഒടുവിലത്തെ വികസനത്തോടെ, ഈ തീയേറ്ററിൽ ഏകദേശം 25,000 ആളുകൾക്ക് ഇരിപ്പിട സൗകര്യമുണ്ടായിരുന്നു. അതിന്റെ മുൻവശം സ്‌തംഭങ്ങൾ, എഴുന്നുനിൽക്കുന്ന കൊത്തുപണികൾ, പ്രതിമകൾ എന്നിവയാൽ വിപുലമായി അലങ്കരിക്കപ്പെട്ടിരുന്നു. അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ ദെമേത്രിയൊസ് എന്ന തട്ടാൻ ഇളക്കിവിട്ട വലിയ സംഘർഷം നിങ്ങൾക്കു വ്യക്തമായി വിഭാവനചെയ്യാൻ കഴിയും.
വലിയ തീയേറ്റർമുതൽ തുറമുഖംവരെ നീണ്ടുകിടക്കുന്ന തെരുവ് വളരെ ഗംഭീരമാണ്. ഏതാണ്ട് 500 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ തെരുവിന്റെ ഇരുവശത്തും സ്‌തംഭങ്ങൾ സ്ഥാനംപിടിച്ചിട്ടുണ്ട്. കായിക പരിശീലനത്തിനായി പണികഴിപ്പിച്ചിരുന്ന, തീയേറ്റർ ജിംനേഷ്യവും തുറമുഖ ജിംനേഷ്യവും ഈ പാതയോരത്തായിരുന്നു. തെരുവ് ചെന്ന് അവസാനിക്കുന്നിടത്തുള്ള മതിപ്പുളവാക്കുന്ന തുറമുഖ കവാടം ലോകത്തിലേക്കുള്ള കവാടമായിരുന്നു. ലോകത്തിലെ ഏറ്റവും താത്‌പര്യജനകമായ ചില നാശാവശിഷ്ടങ്ങളുടെ ഇടയിലൂടെയുള്ള നമ്മുടെ ഹ്രസ്വ പര്യടനം ഇവിടെ അവസാനിക്കുകയാണ്. വിയന്നയിലുള്ള എഫെസൊസ് മ്യൂസിയത്തിൽ ചരിത്രപ്രധാനമായ ഈ വൻനഗരത്തിന്റെ തടിയിൽ തീർത്ത മാതൃകയും ഒപ്പം നിരവധി സ്‌മാരകങ്ങളും ഉണ്ട്.
മ്യൂസിയം നടന്നു കാണുകയും എഫെസൊസിലെ അർത്തെമിസിന്റെ പ്രതിമ വീക്ഷിക്കുകയും ചെയ്യുന്ന ഒരുവൻ പെട്ടെന്നുതന്നെ എഫെസൊസിലെ ആദിമ ക്രിസ്‌ത്യാനികളുടെ സഹിഷ്‌ണുത ഓർത്തുപോകും. ആത്മവിദ്യയുടെ കൂത്തരങ്ങായ, മതപരമായ മുൻവിധിയാൽ അന്ധത ബാധിച്ച ഒരു നഗരത്തിലാണ് അവർ ജീവിക്കേണ്ടിയിരുന്നത്. അർത്തെമിസിന്റെ ആരാധകർ രാജ്യസന്ദേശത്തെ കഠിനമായി എതിർത്തു. (പ്രവൃത്തികൾ 19:19; എഫെസ്യർ 6:12; വെളിപ്പാടു 2:1-3) ശത്രുതാപരമായ ആ ചുറ്റുപാടുകളിൽ സത്യാരാധന വേരുറപ്പിച്ചു. പുരാതന നാളിലെ അർത്തെമിസ് ആരാധനയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, നമ്മുടെ നാളിലെ വ്യാജമതം അതിന്റെ നാശം നേരിടുമ്പോഴും സത്യദൈവത്തിന്റെ ആരാധന നിലനിൽക്കും.—വെളിപ്പാടു 18:4-8.
[26-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മാസിഡോണിയ
കരിങ്കടൽ
ഏഷ്യാമൈനർ
എഫെസൊസ്
മഡിറ്ററേനിയൻ കടൽ
ഈജിപ്‌ത്
[27-ാം പേജിലെ ചിത്രം]
അർത്തെമിസ് ദേവിയുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ
[28, 29 പേജുകളിലെ ചിത്രങ്ങൾ]
1. സെൽസസിന്റെ ഗ്രന്ഥശാല
2. ആരെറ്റീയുടെ അടുത്തുനിന്നുള്ള ദൃശ്യം
3. വലിയ തീയേറ്ററിലേക്കു നയിക്കുന്ന മാർബിൾ റോഡ