യേശു വെച്ച മാതൃകയോടു പറ്റിനിൽക്കുക
യേശു വെച്ച മാതൃകയോടു പറ്റിനിൽക്കുക
“ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം [അഥവാ മാതൃക] തന്നിരിക്കുന്നു.”—യോഹന്നാൻ 13:15.
1. യേശു ക്രിസ്ത്യാനികൾക്ക് അനുകരണീയ മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
ഒരിക്കലും പാപംചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയേ മാനവ ചരിത്രത്തിൽ ഉണ്ടായിരുന്നിട്ടുള്ളൂ, യേശുമാത്രം. യേശു ഒഴികെ, “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ല.” (1 രാജാക്കന്മാർ 8:46; റോമർ 3:23) അക്കാരണത്താൽ, അനുകരിക്കേണ്ട സമ്പൂർണ മാതൃകയായി യഥാർഥ ക്രിസ്ത്യാനികൾ യേശുവിനെ വീക്ഷിക്കുന്നു. വാസ്തവത്തിൽ, പൊതുയുഗം (പൊ.യു.) 33 നീസാൻ 14-ന്, തന്റെ മരണത്തിനുമുമ്പ്, തന്നെ അനുകരിക്കാൻ യേശുതന്നെ തന്റെ അനുഗാമികളോടു പറയുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം [അഥവാ മാതൃക] തന്നിരിക്കുന്നു.” (യോഹന്നാൻ 13:15) ആ അവസാന രാത്രിയിൽ യേശു, ക്രിസ്ത്യാനികൾ തന്നെ പിൻപറ്റാൻ യത്നിക്കേണ്ട നിരവധി വിധങ്ങൾ പരാമർശിക്കുകയുണ്ടായി. അവയിൽ ചിലത് ഈ ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.
താഴ്മയുടെ ആവശ്യകത
2, 3. ഏതെല്ലാം വിധങ്ങളിലാണ് യേശു താഴ്മയുടെ സമ്പൂർണ മാതൃകയായിരുന്നത്?
2 തന്റെ മാതൃക അനുകരിക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചപ്പോൾ യേശു, താഴ്മയുടെ പ്രാധാന്യം എടുത്തുപറയുകയായിരുന്നു. താഴ്മയുള്ളവരായിരിക്കാൻ ഒന്നിലധികം സന്ദർഭങ്ങളിൽ അവൻ തന്റെ അനുഗാമികളെ ബുദ്ധിയുപദേശിച്ചിരുന്നു. നീസാൻ 14-ാം തീയതി രാത്രി, അപ്പൊസ്തലന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് അവൻ താഴ്മ പ്രകടിപ്പിച്ചു. തുടർന്ന് യേശു പറഞ്ഞു: “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹന്നാൻ 13:14) അതിനുശേഷം താൻ വെച്ച മാതൃക പിൻപറ്റാൻ അവൻ അപ്പൊസ്തലന്മാരെ ഉദ്ബോധിപ്പിച്ചു. താഴ്മയുടെ എത്ര വിശിഷ്ടമായ മാതൃക!
3 ഭൂമിയിലേക്കു വരുന്നതിനുമുമ്പ് യേശു “ദൈവരൂപത്തിൽ” ആയിരുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോടു പറയുന്നു. എന്നിട്ടും അവൻ തന്നെത്താൻ ശൂന്യനാക്കി കേവലം മനുഷ്യനായിത്തീർന്നു. കൂടുതലായി, “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:6-8) ഒന്നോർത്തുനോക്കൂ! അഖിലാണ്ഡത്തിലെ രണ്ടാമത്തെ വ്യക്തിയായ യേശു, ദൂതന്മാരെക്കാൾ താഴ്ന്ന നിലയിലേക്കു വരാനും നിസ്സഹായനായ ഒരു ശിശുവായി പിറന്ന്, അപൂർണ മാതാപിതാക്കൾക്കു കീഴ്പെട്ട് വളരാനും ഒടുവിൽ നിന്ദ്യനായ ഒരു കുറ്റവാളിയെപ്പോലെ മരിക്കാനും മനസ്സൊരുക്കം കാണിച്ചു. (കൊലൊസ്സ്യർ 1:15, 16; എബ്രായർ 2:6, 7) എന്തൊരു താഴ്മ! ആ മാനസിക“ഭാവം” അനുകരിക്കുക സാധ്യമാണോ? അത്തരം “താഴ്മ” നട്ടുവളർത്താനാകുമോ? (ഫിലിപ്പിയർ 2:3-5) ഉവ്വ്, പക്ഷേ അത് അത്ര എളുപ്പമല്ല.
4. മനുഷ്യർ എന്തെല്ലാം കാരണങ്ങളാൽ അഹങ്കരിക്കുന്നു, എന്നാൽ അഹങ്കാരം അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
4 താഴ്മയുടെ വിപരീതമാണ് ഗർവം അഥവാ അഹങ്കാരം. സദൃശവാക്യങ്ങൾ 6:16-19) സാത്താന്റെ വീഴ്ചയിലേക്കു നയിച്ചത് അഹങ്കാരമാണ്. (1 തിമൊഥെയൊസ് 3:6) മനുഷ്യഹൃദയങ്ങളിൽ അത് എളുപ്പത്തിൽ വേരോടുന്നു. ഒരിക്കൽ വേരോടിക്കഴിഞ്ഞാൽ അതു പിഴുതുമാറ്റുക അത്ര എളുപ്പമല്ല. രാജ്യം, വർഗം, സമ്പത്ത്, വിദ്യാഭ്യാസം, ലൗകിക നേട്ടങ്ങൾ, സാമൂഹിക സ്ഥാനമാനങ്ങൾ, സൗന്ദര്യം, കായിക പ്രാപ്തികൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ നിമിത്തം ആളുകൾ അഹങ്കരിക്കുന്നു. എന്നാൽ, യഹോവയെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രാധാന്യമുള്ള കാര്യങ്ങളല്ല. (1 കൊരിന്ത്യർ 4:7) ഇവ നിമിത്തം നാം അഹങ്കരിക്കുന്നെങ്കിൽ, യഹോവയുമായുള്ള നമ്മുടെ ബന്ധം തകരാറിലാകും. “യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.”—സങ്കീർത്തനം 138:6; സദൃശവാക്യങ്ങൾ 8:13.
(നമ്മുടെ സഹോദരങ്ങളുടെ ഇടയിൽ താഴ്മയുള്ളവർ ആയിരിക്കുക
5. മൂപ്പന്മാർ താഴ്മ പ്രകടമാക്കുന്നത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 യഹോവയുടെ സേവനത്തിലുള്ള നമ്മുടെ സംഭാവനകളോ നേട്ടങ്ങളോ സഭയിലെ ഉത്തരവാദിത്വങ്ങളോ പോലും നമ്മെ ഗർവികളാക്കരുത്. (1 ദിനവൃത്താന്തം 29:14; 1 തിമൊഥെയൊസ് 6:17, 18) വാസ്തവത്തിൽ ഉത്തരവാദിത്വങ്ങൾ കൂടുന്നതനുസരിച്ച് നമ്മുടെ താഴ്മ വർധിച്ചുവരണം. “ഇടവകകളുടെമേൽ കർത്തൃത്വം” നടത്താതെ, “ആട്ടിൻകൂട്ടത്തിന്നു മാതൃകകളായി”ത്തീരാൻ അപ്പൊസ്തലനായ പത്രൊസ് മൂപ്പന്മാരെ ഉദ്ബോധിപ്പിച്ചു. (1 പത്രൊസ് 5:3) കർത്താക്കന്മാരും യജമാനന്മാരും ആയിരിക്കാനല്ല, ശുശ്രൂഷകരും മാതൃകകളും ആയിരിക്കാനാണ് മൂപ്പന്മാരെ നിയമിച്ചിരിക്കുന്നത്.—ലൂക്കൊസ് 22:24-26; 2 കൊരിന്ത്യർ 1:24.
6. ക്രിസ്തീയ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ നമുക്കു താഴ്മ ആവശ്യമാണ്?
6 മൂപ്പന്മാർ മാത്രമല്ല താഴ്മയുള്ളവരായിരിക്കേണ്ടത്. പ്രായമുള്ളവരോടുള്ള താരതമ്യത്തിൽ ചുറുചുറുക്കുള്ള മനസ്സും ബലിഷ്ഠ ശരീരവുമുള്ള ചെറുപ്പക്കാർക്ക് അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ എഴുതി: “തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ, ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.” (1 പത്രൊസ് 5:5) അതേ, ക്രിസ്തുസമാന താഴ്മ എല്ലാവർക്കും അതിപ്രധാനമാണ്. സുവാർത്ത പ്രസംഗിക്കുന്നതിനു താഴ്മ ആവശ്യമാണ്, പ്രത്യേകിച്ച് നിസ്സംഗതയോ ശത്രുതയോ നേരിടേണ്ടിവരുമ്പോൾ. ബുദ്ധിയുപദേശം സ്വീകരിക്കുകയോ ശുശ്രൂഷയിലെ പങ്ക് വിപുലപ്പെടുത്തുന്നതിനായി ജീവിതം ലളിതമാക്കുകയോ ചെയ്യുന്നതിനും താഴ്മ കൂടിയേതീരൂ. മാത്രമല്ല, ദുഷ്പ്രചാരണം, നിയമപരമായ ആക്രമണം, അക്രമാസക്തമായ പീഡനം എന്നിവ നേരിടുമ്പോഴും നമുക്കു താഴ്മയും ധീരമായ വിശ്വാസവും ആവശ്യമാണ്.—1 പത്രൊസ് 5:6.
7, 8. നമുക്കു താഴ്മ നട്ടുവളർത്താൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?
7 ഒരുവന് അഹങ്കാരത്തെ തരണംചെയ്യാനും ‘താഴ്മയോടെ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ’ എന്നു കണക്കാക്കാനും എങ്ങനെ സാധിക്കും? (ഫിലിപ്പിയർ 2:3) ആ വ്യക്തി, യഹോവ തന്നെ വീക്ഷിക്കുന്ന വിധത്തിൽ സ്വയം വീക്ഷിക്കേണ്ടതുണ്ട്. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ യേശു ശരിയായ മനോഭാവം എന്തെന്നു വിശദീകരിച്ചു: “നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.” (ലൂക്കൊസ് 17:10) ഓർമിക്കുക, നാം എന്തുതന്നെ ചെയ്താലും അതൊന്നും യേശു ചെയ്ത കാര്യങ്ങളോടുള്ള താരതമ്യത്തിൽ ഏതുമില്ല. എന്നിട്ടും യേശു താഴ്മയുള്ളവനായിരുന്നു.
8 കൂടുതലായി, നമ്മെ സംബന്ധിച്ചുതന്നെ ഉചിതമായ വീക്ഷണം നട്ടുവളർത്തുന്നതിനുള്ള സഹായത്തിനായി നമുക്കു യഹോവയോട് അഭ്യർഥിക്കാൻ കഴിയും. നമുക്കു സങ്കീർത്തനക്കാരനെപ്പോലെ പ്രാർഥിക്കാനാകും: “നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.” (സങ്കീർത്തനം 119:66) നമ്മെക്കുറിച്ചുതന്നെയുള്ള ജ്ഞാനപൂർവകവും സമനിലയോടുകൂടിയതുമായ ഒരു വീക്ഷണം വികസിപ്പിച്ചെടുക്കാൻ യഹോവ നമ്മെ സഹായിക്കും. താഴ്മ ഉള്ളവരായിരിക്കുന്നതിനാൽ അവൻ നമ്മെ അനുഗ്രഹിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 18:12) യേശു പറഞ്ഞു: “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”—മത്തായി 23:12.
തെറ്റും ശരിയും സംബന്ധിച്ച ഉചിതമായ വീക്ഷണം
9. തെറ്റും ശരിയും സംബന്ധിച്ച് യേശു എന്തു വീക്ഷണമാണു പുലർത്തിയത്?
9 അപൂർണ മനുഷ്യരുടെയിടയിൽ 33 വർഷം ജീവിച്ചിരുന്നെങ്കിലും യേശു, ‘പാപം ചെയ്തില്ല.’ (എബ്രായർ 4:15) വാസ്തവത്തിൽ മിശിഹായെക്കുറിച്ച് പ്രവചിക്കവേ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു.” (സങ്കീർത്തനം 45:7; എബ്രായർ 1:9) ഈ സംഗതിയിലും ക്രിസ്ത്യാനികൾ യേശുവിനെ അനുകരിക്കാൻ യത്നിക്കുന്നു. തെറ്റും ശരിയും തമ്മിൽ വേർതിരിച്ചറിയുന്നുവെന്നു മാത്രമല്ല, അവർ തെറ്റിനെ ദ്വേഷിക്കുകയും ശരിയെ സ്നേഹിക്കുകയും ചെയ്യുന്നു. (ആമോസ് 5:15) ഇത് ജന്മസിദ്ധമായ പാപപൂർണ ചായ്വുകളോടു പോരാടാൻ അവരെ സഹായിക്കുന്നു—ഉല്പത്തി 8:21; റോമർ 7:21-25.
10. അനുതാപരഹിതമായി “തിന്മ” പ്രവർത്തിക്കുകയാണെങ്കിൽ ഏതു മനോഭാവമാണു നാം വെളിപ്പെടുത്തുന്നത്?
10 യേശു പരീശനായ നിക്കോദേമൊസിനോടു പറഞ്ഞു: “തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതുമില്ല. സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിലേക്കു വരുന്നു.” (യോഹന്നാൻ 3:20, 21) ഇതു പരിചിന്തിക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ച”മായി യോഹന്നാൻ യേശുവിനെ തിരിച്ചറിയിച്ചു. (യോഹന്നാൻ 1:9, 10) എന്നിരുന്നാലും “തിന്മ” അഥവാ ദൈവത്തിന് അസ്വീകാര്യമായ, തെറ്റായ കാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നാൽ നാം വെളിച്ചത്തെ പകയ്ക്കുന്നു അഥവാ വെറുക്കുന്നുവെന്ന് യേശു പറഞ്ഞു. യേശുവിനെയും അവന്റെ നിലവാരങ്ങളെയും വെറുക്കുന്നതിനെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാവുമോ? എന്നാൽ അനുതാപരഹിതമായി പാപം ചെയ്യുന്നവർ അതാണു ചെയ്യുന്നത്. അവർ, ഒരുപക്ഷേ കാര്യങ്ങൾ ആ വിധത്തിൽ വീക്ഷിക്കുന്നില്ലായിരിക്കാം. എന്നാൽ വ്യക്തമായും യേശു അങ്ങനെയാണു വീക്ഷിക്കുന്നത്.
തെറ്റും ശരിയും സംബന്ധിച്ച യേശുവിന്റെ വീക്ഷണം നട്ടുവളർത്താവുന്ന വിധം
11. ശരിയും തെറ്റും സംബന്ധിച്ച യേശുവിന്റെ വീക്ഷണം നട്ടുവളർത്തുന്നതിന് എന്താണ് അതിപ്രധാനമായിരിക്കുന്നത്?
11 തെറ്റും ശരിയും സംബന്ധിച്ച യഹോവയുടെ വീക്ഷണം എന്താണ് എന്നതിനെക്കുറിച്ചു നമുക്കു വ്യക്തമായ ഗ്രാഹ്യം ഉണ്ടായിരിക്കേണ്ടതാണ്. ദൈവവചനമായ ബൈബിൾ പഠിക്കുന്നതിനാൽ മാത്രമേ ആ ഗ്രാഹ്യം ലഭിക്കുകയുള്ളൂ. അത്തരമൊരു പഠനം നടത്തുമ്പോൾ സങ്കീർത്തനക്കാരനെപ്പോലെ നാം പ്രാർഥിക്കേണ്ടതുണ്ട്: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” (സങ്കീർത്തനം 25:4) എന്നാൽ സാത്താൻ വഞ്ചകനാണ് എന്നതു മറക്കാതിരിക്കുക. (2 കൊരിന്ത്യർ 11:14) അവന് തെറ്റിനെ പ്രച്ഛന്നമായി കാണിക്കാനും ജാഗ്രതയില്ലാത്ത ഒരു ക്രിസ്ത്യാനിക്കു സ്വീകാര്യമാംവിധം അവതരിപ്പിക്കാനും കഴിയും. അതുകൊണ്ട് നാം പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴമായി ധ്യാനിക്കുകയും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ബുദ്ധിയുപദേശം അടുത്തു പിൻപറ്റുകയും വേണം. (മത്തായി 24:45-47, NW) പഠിക്കുകയും പ്രാർഥിക്കുകയും നാം മനസ്സിലാക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നത് പക്വതയിലേക്കു വളരാനും “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ള”വരായിത്തീരാനും നമ്മെ സഹായിക്കും. (എബ്രായർ 5:14) അപ്പോൾ നാം തെറ്റിനെ ദ്വേഷിക്കാനും ശരിയെ സ്നേഹിക്കാനും ചായ്വുള്ളവരായിരിക്കും.
12. അധർമം പ്രവർത്തിക്കാതിരിക്കാൻ ബൈബിളിലെ ഏതു ബുദ്ധിയുപദേശം നമ്മെ സഹായിക്കുന്നു?
12 നാം തെറ്റിനെ ദ്വേഷിക്കുന്നെങ്കിൽ, തെറ്റായ കാര്യങ്ങളോടുള്ള ആഗ്രഹം ഹൃദയത്തിൽ വളരാൻ നാം അനുവദിക്കുകയില്ല. യേശു മരിച്ച് വർഷങ്ങൾക്കുശേഷം അപ്പൊസ്തലനായ യോഹന്നാൻ എഴുതി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.”—1 യോഹന്നാൻ 2:15, 16.
13, 14. (എ) ലോകത്തിന്റെ കാര്യാദികളോടുള്ള സ്നേഹം ക്രിസ്ത്യാനികൾക്ക് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ലൗകിക കാര്യങ്ങളോടു സ്നേഹം നട്ടുവളർത്തുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം?
1 തിമൊഥെയൊസ് 6:9, 10, NW) മാത്രമല്ല, മിക്ക ലൗകിക കാര്യങ്ങളും വളരെ മോശവും നമ്മെ ദുഷിപ്പിക്കാവുന്നവയും ആണ്. അക്രമത്തെയോ ഭൗതികത്വത്തെയോ ലൈംഗിക അധാർമികതയെയോ വിശേഷവത്കരിക്കുന്ന സിനിമകളോ ടെലിവിഷൻ പരിപാടികളോ നാം കാണുന്നെങ്കിൽ ആ സംഗതികൾ സ്വീകാര്യമായി തോന്നാനും പിന്നീട് അതൊരു പ്രലോഭനമായിത്തീരാനും സാധ്യതയുണ്ട്. തങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുക, ബിസിനസ്സ് താത്പര്യങ്ങൾ ഉന്നമിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ജീവിതം തളച്ചിട്ടിരിക്കുന്ന ആളുകളുമായി സഹവസിച്ചാൽ നമുക്കും ആ സംഗതികൾ മുഖ്യപ്രാധാന്യമുള്ളവയായി തോന്നാനിടയുണ്ട്.—മത്തായി 6:24; 1 കൊരിന്ത്യർ 15:33, NW.
13 ഈ ലോകത്തിലെ എല്ലാ സംഗതികളും തെറ്റല്ലെന്നു ചിലർ ന്യായവാദം ചെയ്തേക്കാം. അതു ശരിയായിരുന്നാൽപ്പോലും ലോകത്തിനും അതിന്റെ ആകർഷണങ്ങൾക്കും യഹോവയെ സേവിക്കുന്നതിൽനിന്ന് എളുപ്പത്തിൽ നമ്മെ വ്യതിചലിപ്പിക്കാൻ കഴിയും. ലോകത്തിനു നൽകാൻ കഴിയുന്ന യാതൊന്നും നമ്മെ യഹോവയിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. അതുകൊണ്ട് നാം ഈ ലോകത്തിന്റെ കാര്യാദികളെ—അതിൽത്തന്നെ തെറ്റല്ലാത്ത കാര്യങ്ങളെപ്പോലും—സ്നേഹിക്കുന്നെങ്കിൽ അപകടകരമായ ഒരു ഗതിയാണ് നാം പിൻപറ്റുന്നത്. (14 മറിച്ച് നാം യഹോവയുടെ വചനത്തിൽ പ്രമോദിക്കുന്നെങ്കിൽ നമ്മെ സംബന്ധിച്ചിടത്തോളം “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിങ്ങനെയുള്ള കാര്യങ്ങളുടെ തിളക്കം മങ്ങിപ്പോകും. മാത്രമല്ല, ദൈവരാജ്യ താത്പര്യങ്ങൾക്കു പ്രഥമ പ്രാധാന്യം നൽകുന്ന ആളുകളുമായി സഹവസിക്കുമ്പോൾ നാമും അവർ സ്നേഹിക്കുന്ന കാര്യങ്ങളെ സ്നേഹിക്കുകയും അവർ ഒഴിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്തുകൊണ്ട് അവരെപ്പോലെ ആയിത്തീരും.—സങ്കീർത്തനം 15:4; സദൃശവാക്യങ്ങൾ 13:20.
15. യേശുവിന്റെ കാര്യത്തിലെന്നപോലെ, നീതിയോടുള്ള സ്നേഹവും അധർമത്തോടുള്ള ദ്വേഷവും നമ്മെ ശക്തീകരിക്കുന്നത് എങ്ങനെ?
15 അധർമത്തെ ദ്വേഷിക്കുകയും നീതിയെ സ്നേഹിക്കുകയും ചെയ്തത്, “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷ”ത്തിൽ ദൃഷ്ടി കേന്ദ്രീകരിച്ചുനിറുത്താൻ യേശുവിനെ സഹായിച്ചു. (എബ്രായർ 12:2) നമ്മെ സംബന്ധിച്ചും അതുതന്നെ സത്യമായിരിക്കാൻ കഴിയും. ‘ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുക’യാണെന്നു നമുക്കറിയാം. ഈ ലോകത്തിനു തരാൻ കഴിയുന്ന ഏത് ആസ്വാദനവും താത്കാലികം മാത്രമാണ്. എന്നാൽ “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) ദൈവേഷ്ടം ചെയ്തതിനാൽ യേശു, മനുഷ്യവർഗത്തിനു നിത്യജീവൻ കരഗതമാക്കാനുള്ള വഴി തുറന്നു. (1 യോഹന്നാൻ 5:13) നമുക്കെല്ലാം അവനെ അനുകരിക്കുകയും അവന്റെ നിർമലതാപാലനത്തിന്റെ സദ്ഫലങ്ങൾ ആസ്വദിക്കുകയും ചെയ്യാം.
പീഡനത്തെ അഭിമുഖീകരിക്കൽ
16. പരസ്പരം സ്നേഹിക്കാൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചത് എന്തുകൊണ്ട്?
16 പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ശിഷ്യന്മാർ തന്നെ അനുകരിക്കേണ്ട മറ്റൊരു വിധം യേശു സൂചിപ്പിച്ചു: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.” (യോഹന്നാൻ 15:12, 13, 17) ക്രിസ്ത്യാനികൾ തങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. ഈ പ്രത്യേക അവസരത്തിൽ യേശുവിന്റെ മനസ്സിൽ പ്രധാനമായുണ്ടായിരുന്നത് അവർ ലോകത്തിൽനിന്നു നേരിടാൻപോകുന്ന ദ്വേഷമായിരുന്നു. അവൻ പറഞ്ഞു: “ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. ദാസൻ യജമാനനെക്കാൾ വലിയവനല്ല . . . അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:18, 20) അതേ, പീഡിപ്പിക്കപ്പെടുന്ന കാര്യത്തിലും ക്രിസ്ത്യാനികൾ യേശുവിനെപ്പോലെയാണ്. ആ ദ്വേഷത്തെ അതിജീവിക്കുന്നതിന് ശക്തവും സ്നേഹപൂർവകവുമായ ഒരു ബന്ധം അവർ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
17. ലോകം സത്യക്രിസ്ത്യാനികളെ ദ്വേഷിക്കുന്നത് എന്തുകൊണ്ട്?
യോഹന്നാൻ 17:14, 16) സൈനികവും രാഷ്ട്രീയവും ആയ കാര്യങ്ങളിൽ അവർ നിഷ്പക്ഷരാണ്. ജീവന്റെ പവിത്രതയെ ആദരിച്ചുകൊണ്ടും ഉന്നത ധാർമിക നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടും അവർ ബൈബിൾ തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നു. (പ്രവൃത്തികൾ 15:28, 29; 1 കൊരിന്ത്യർ 6:9-11) അവരുടെ മുഖ്യ ലക്ഷ്യങ്ങൾ ആത്മീയമാണ്, ഭൗതികമല്ല. അവർ ഈ ലോകത്തിലാണു ജീവിക്കുന്നതെങ്കിലും പൗലൊസ് എഴുതിയതുപോലെ അവർ ‘ലോകത്തെ അനുഭവിക്കുന്നില്ല,’ കൂടുതൽ കൃത്യമായി പറഞ്ഞാൽ ലോകത്തെ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ല. (1 കൊരിന്ത്യർ 7:31) യഹോവയുടെ സാക്ഷികൾ പുലർത്തുന്ന ഉന്നത നിലവാരങ്ങളെപ്രതി ചില ആളുകൾ അവരെ പ്രശംസിച്ചിട്ടുണ്ടെന്നതു സത്യമാണ്. എന്നാൽ മറ്റുള്ളവരുടെ പ്രശംസയ്ക്കോ അംഗീകാരത്തിനോ വേണ്ടി യഹോവയുടെ സാക്ഷികൾ വിട്ടുവീഴ്ചയ്ക്കു തയ്യാറാകില്ല. തത്ഫലമായി ലോകത്തിലെ മിക്കയാളുകൾക്കും അവരെ മനസ്സിലാക്കാൻ കഴിയുന്നില്ല, അനേകരും അവരെ ദ്വേഷിക്കുന്നു.
17 ലോകം ക്രിസ്ത്യാനികളെ ദ്വേഷിക്കുന്നത് എന്തുകൊണ്ട്? യേശുവിനെപ്പോലെ “അവരും ലൌകികന്മാരല്ല” അഥവാ ലോകത്തിന്റെ ഭാഗമല്ല എന്നതാണു കാരണം. (18, 19. യേശുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് ക്രിസ്ത്യാനികൾ, എതിർപ്പും പീഡനവും നേരിടുന്നത് എങ്ങനെ?
18 യേശുവിനെ അറസ്റ്റുചെയ്യുകയും വധിക്കുകയും ചെയ്തപ്പോൾ അവന്റെ അപ്പൊസ്തലന്മാർ ലോകത്തിന്റെ കടുത്ത വിദ്വേഷം കണ്ടതാണ്. യേശു അതിനെ എങ്ങനെ കൈകാര്യംചെയ്തെന്നും അവർ കണ്ടു. ഗെത്ത്ശെമന തോട്ടത്തിൽ യേശുവിന്റെ മതവൈരികൾ അവനെ പിടികൂടാൻ എത്തി. ഒരു വാൾ ഉപയോഗിച്ചുകൊണ്ട് അവനെ സംരക്ഷിക്കാൻ പത്രൊസ് ശ്രമിച്ചു. എന്നാൽ യേശു അവനോട്, “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്നു പറഞ്ഞു. (മത്തായി 26:52; ലൂക്കൊസ് 22:50, 51) പുരാതനകാലത്ത് ഇസ്രായേല്യർ തങ്ങളുടെ ശത്രുക്കളോട് വാളെടുത്തു പൊരുതിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ദൈവത്തിന്റെ രാജ്യം “ഐഹികം” അഥവാ ഈ ലോകത്തിന്റെ ഭാഗം അല്ലായിരുന്നു, സംരക്ഷിക്കപ്പെടേണ്ട ദേശീയാതിർത്തികൾ അതിനില്ലായിരുന്നു. (യോഹന്നാൻ 18:36) പെട്ടെന്നുതന്നെ പത്രൊസ്, സ്വർഗത്തിൽ പൗരത്വമുള്ള അംഗങ്ങളടങ്ങുന്ന ഒരു ആത്മീയ ജനതയുടെ ഭാഗം ആയിത്തീരുമായിരുന്നു. (ഗലാത്യർ 6:16; ഫിലിപ്പിയർ 3:20, 21) അതുകൊണ്ട് അന്നുമുതൽ യേശുവിന്റെ അനുഗാമികൾ ദ്വേഷത്തെയും പീഡനത്തെയും യേശു കൈകാര്യംചെയ്ത വിധത്തിൽത്തന്നെ നേരിടുമായിരുന്നു—നിർഭയമായി എന്നാൽ സമാധാനപരമായി. കാര്യങ്ങളുടെ അനന്തരഫലം അവർ യഹോവയുടെ കൈകളിൽ പൂർണവിശ്വാസത്തോടെ ഭരമേൽപ്പിക്കുകയും സഹിച്ചുനിൽക്കുന്നതിന് ആവശ്യമായ ശക്തിക്കായി അവനിൽ ആശ്രയിക്കുകയും ചെയ്യുമായിരുന്നു.—ലൂക്കൊസ് 22:42.
19 വർഷങ്ങൾക്കുശേഷം പത്രൊസ് എഴുതി: “ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. . . . തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.” (1 പത്രൊസ് 2:21-23) യേശു മുന്നറിയിപ്പു നൽകിയതുപോലെ പിൽക്കാല വർഷങ്ങളിൽ ക്രിസ്ത്യാനികൾക്കു രൂക്ഷമായ പീഡനം സഹിക്കേണ്ടിവന്നിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലും ഇന്നും ക്രിസ്ത്യാനികൾ യേശുവിന്റെ മാതൃക പിൻപറ്റുകയും വിശ്വസ്ത സഹിഷ്ണുതയുടെ അത്ഭുതാവഹമായ ഒരു രേഖ ഉളവാക്കുകയും ചെയ്തുകൊണ്ട് തങ്ങൾ സമാധാനസ്നേഹികളായ നിർമലതാപാലകരാണെന്നു പ്രകടിപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 2:9, 10) സാഹചര്യം ആവശ്യപ്പെടുമ്പോൾ, സമാധാനപ്രേമികളായ നിർമലതാപാലകരാണു നാമെന്നു വ്യക്തിപരമായി നാമെല്ലാം പ്രകടമാക്കുമാറാകട്ടെ.—2 തിമൊഥെയൊസ് 3:12.
“കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ”
20-22. ക്രിസ്ത്യാനികൾ ഏതു വിധത്തിലാണു ‘കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുന്നത്?’
20 പൗലൊസ് റോമിലെ സഭയ്ക്ക് ഇങ്ങനെ എഴുതി: “കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുത്.” (റോമർ 13:14) ക്രിസ്ത്യാനികൾ യേശുവിനെ ഒരു വസ്ത്രമെന്നപോലെ ധരിക്കുന്നു. തങ്ങളുടെ യജമാനന്റെ പ്രതിഫലനം ആയിത്തീരുന്ന അളവോളം —പൂർണമായ അളവിൽ അല്ലെങ്കിൽപ്പോലും—അവന്റെ ഗുണങ്ങളും പ്രവർത്തനങ്ങളും അനുകരിക്കാൻ അവർ ശ്രമിക്കുന്നു.—1 തെസ്സലൊനീക്യർ 1:6.
21 യേശുവിന്റെ ജീവിതവുമായി അടുത്തു പരിചിതരാകുകയും അവൻ ജീവിച്ചതുപോലെ ജീവിക്കാൻ യത്നിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു വിജയകരമായി ‘കർത്താവായ യേശുക്രിസ്തുവിനെ ധരിക്കാൻ’ കഴിയും. താഴ്മ, നീതിയോടുള്ള സ്നേഹം, അധർമത്തോടുള്ള ദ്വേഷം, സഹോദരസ്നേഹം, ലോകത്തിന്റെ ഭാഗമാകാതിരിക്കൽ, ക്ഷമാപൂർവകമായ സഹിഷ്ണുത എന്നിങ്ങനെയുള്ള അവന്റെ ഗുണങ്ങൾ നാം അനുകരിക്കുന്നു. ‘മോഹങ്ങൾ ജനിക്കുമാറ് നാം ജഡത്തിനായി ചിന്തിക്കുന്നില്ല.’ അതായത് നാം, ലൗകിക ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതോ ജഡിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതോ നമ്മുടെ ജീവിതത്തിലെ മുഖ്യ ഉദ്ദേശ്യമാക്കുന്നില്ല. മറിച്ച്, തീരുമാനങ്ങളെടുക്കുമ്പോഴോ പ്രശ്നങ്ങൾ കൈകാര്യംചെയ്യുമ്പോഴോ നാം ഇങ്ങനെ ചോദിക്കും: ‘ഈ സാഹചര്യത്തിൽ യേശു എന്തു ചെയ്യുമായിരുന്നു? ഞാൻ എന്തു ചെയ്യാനായിരിക്കും അവൻ ആഗ്രഹിക്കുന്നത്?’
22 അവസാനമായി, ‘സുവിശേഷം പ്രസംഗിക്കുന്നതിൽ’ തിരക്കോടെ ഏർപ്പെട്ടുകൊണ്ട് നാം യേശുവിനെ അനുകരിക്കുന്നു. (മത്തായി 4:23; 1 കൊരിന്ത്യർ 15:58) ആ വിധത്തിലും ക്രിസ്ത്യാനികൾ യേശു വെച്ച മാതൃക പിൻപറ്റുന്നു. എങ്ങനെ? അടുത്ത ലേഖനം അതാണു ചർച്ചചെയ്യുന്നത്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ഒരു ക്രിസ്ത്യാനിക്കു താഴ്മയുണ്ടായിരിക്കുന്നതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• തെറ്റും ശരിയും സംബന്ധിച്ച ഉചിതമായ വീക്ഷണം നമുക്കു നട്ടുവളർത്താൻ കഴിയുന്നത് എങ്ങനെ?
• എതിർപ്പിനെയും പീഡനത്തെയും നേരിടുന്നതിൽ ക്രിസ്ത്യാനികൾ യേശുവിനെ അനുകരിക്കുന്നത് ഏതു വിധത്തിലാണ്?
• ‘കർത്താവായ യേശുക്രിസ്തുവിനെ ധരിക്കാൻ’ സാധിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[7-ാം പേജിലെ ചിത്രം]
യേശു താഴ്മയുടെ സമ്പൂർണ മാതൃകവെച്ചു
[8-ാം പേജിലെ ചിത്രം]
പ്രസംഗവേല ഉൾപ്പെടെ, ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും താഴ്മ പ്രകടമാക്കേണ്ടതുണ്ട്
[9-ാം പേജിലെ ചിത്രം]
അനുചിതമായ വിനോദം ഒരു ക്രിസ്ത്യാനിക്കു സ്വീകാര്യമായി തോന്നുന്നതിന് ഇടയാക്കാൻ സാത്താനു കഴിയും
[10-ാം പേജിലെ ചിത്രം]
സഹോദരങ്ങളുടെ സ്നേഹം എതിർപ്പുകൾക്കെതിരെ നമ്മെ ശക്തീകരിക്കും