വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പ്രവൃത്തികൾ 7:59-ലെ സ്തെഫാനൊസിന്റെ വാക്കുകൾ, യേശുവിനോടാണു പ്രാർഥിക്കേണ്ടതെന്നു സൂചിപ്പിക്കുന്നുണ്ടോ?
പ്രവൃത്തികൾ 7:59 ഇപ്രകാരം പറയുന്നു: “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.” യഹോവയാണ് ‘പ്രാർത്ഥന കേൾക്കുന്നവനായുള്ളവൻ’ എന്ന് ബൈബിൾ പറയുന്നതുകൊണ്ട് ഈ വാക്യം ചിലരുടെ മനസ്സിലെങ്കിലും ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. (സങ്കീർത്തനം 65:2) വാസ്തവത്തിൽ സ്തെഫാനൊസ് യേശുവിനോടു പ്രാർഥിച്ചോ? യേശു യഹോവതന്നെയാണ് എന്നാണോ ഇതു സൂചിപ്പിക്കുന്നത്?
ജയിംസ് രാജാവിന്റെ ഭാഷാന്തരം പറയുന്നത് സ്തെഫാനൊസ് “ദൈവത്തെ വിളിച്ചപേക്ഷിച്ചു” എന്നാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അനേകർ, ബൈബിൾ ഭാഷ്യകാരനായ മാത്യു ഹെന്റി എത്തിച്ചേർന്ന അതേ നിഗമനത്തിൽ എത്തിച്ചേരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ സന്ദർഭത്തിൽ സ്തെഫാനൊസ് ക്രിസ്തുവിനോടാണു പ്രാർഥിക്കുന്നത്. നാമും അതുതന്നെ ചെയ്യേണ്ടതാകുന്നു.” എന്നിരുന്നാലും ഈ വീക്ഷണം സത്യവിരുദ്ധമാണ്. എന്തുകൊണ്ട്?
പുതിയ നിയമത്തെക്കുറിച്ചുള്ള ബാൺസിന്റെ കുറിപ്പുകൾ (ഇംഗ്ലീഷ്) സത്യസന്ധമായി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ദൈവം എന്ന പദം മൂലതിരുവെഴുത്തുകളിൽ ഇല്ല. അതുകൊണ്ടുതന്നെ ഭാഷാന്തരത്തിലും ഉണ്ടായിരിക്കാൻ പാടുള്ളതല്ല. പുരാതന [കയ്യെഴുത്തുപ്രതികളിലോ] ഭാഷാന്തരങ്ങളിലോ ഒന്നും അത് ഇല്ല.” ആ വാക്യത്തിൽ “ദൈവം” എന്ന പദം നുഴഞ്ഞുകയറാൻ ഇടയായത് എങ്ങനെയാണ്? “പരിഭാഷകരുടെ വിഭാഗീയ താത്പര്യങ്ങളുടെ ഒരു ഉദാഹരണം” എന്നാണ് പണ്ഡിതനായ ഏബിയൽ ആബട്ട് ലിവർമോർ ഈ തിരുകിക്കയറ്റലിനെ വിശേഷിപ്പിച്ചത്. അതുകൊണ്ട് മിക്ക ആധുനിക പരിഭാഷകരും ഈ സന്ദർഭത്തിൽ “ദൈവം” എന്ന തെറ്റായ പ്രയോഗം ഒഴിവാക്കുന്നു.
എന്നിരുന്നാലും സ്തെഫാനൊസ് യേശുവിനോടു “പ്രാർഥിച്ചു” എന്ന് പല ഭാഷാന്തരങ്ങളും പറയുന്നുണ്ട്. കൂടാതെ, ‘വിളിച്ചപേക്ഷിക്കുക’ എന്നതിനു തത്തുല്യമായ പുതിയലോക ഭാഷാന്തരത്തിലെ പദത്തിന് “സഹായാഭ്യർഥന നടത്തുക, പ്രാർഥിക്കുക” എന്നിങ്ങനെയും അർഥം വരാമെന്ന് അതിന്റെ അടിക്കുറിപ്പ് വ്യക്തമാക്കുന്നു. യേശു സർവശക്തനായ ദൈവമാണെന്ന് അതു പ്രകടമാക്കുന്നില്ലേ? ഇല്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂല ഗ്രീക്കു പദം എപ്പിക്കാലിയോ ആണ്. ഈ സന്ദർഭത്തിൽ അതിന്റെ അർഥം “വിളിച്ചപേക്ഷിക്കുക, സഹായം അഭ്യർഥിക്കുക . . . ഒരു അധികാരസ്ഥനോട് അപേക്ഷിക്കുക” എന്നൊക്കെയാണെന്ന് വൈൻസ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് വിശദീകരിക്കുന്നു. “ഞാൻ കൈസരെ അഭയംചൊല്ലുന്നു” എന്നു പറഞ്ഞപ്പോൾ പൗലൊസ് ഉപയോഗിച്ചതും ഇതേ പദപ്രയോഗമാണ്. (പ്രവൃത്തികൾ 25:12) അപ്പോൾ സ്തെഫാനൊസ് യേശുവിനെ ‘വിളിച്ചപേക്ഷിച്ചു’ എന്ന് സത്യവേദപുസ്തകം പറയുന്നത് ഉചിതമാണ്.
അത്തരമൊരു അഭ്യർഥന നടത്താൻ സ്തെഫാനൊസിനെ പ്രേരിപ്പിച്ചതെന്താണ്? പ്രവൃത്തികൾ 7:55, 56 പ്രകാരം അവൻ “പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു.” സാധാരണഗതിയിൽ സ്തെഫാനൊസ് തന്റെ യാചനകൾ യേശുക്രിസ്തുവിന്റെ നാമത്തിൽ യഹോവയ്ക്കേ അർപ്പിക്കുമായിരുന്നുള്ളൂ. എന്നാൽ ദർശനത്തിൽ, പുനരുത്ഥാനം പ്രാപിച്ച യേശുവിനെ കണ്ടപ്പോൾ അവനോട് “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു നേരിട്ട് അഭ്യർഥിക്കാനുള്ള സ്വാതന്ത്ര്യം സ്തെഫാനൊസിനു തോന്നിയിരിക്കണം. മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം യേശുവിനു നൽകപ്പെട്ടിരിക്കുന്നുവെന്ന കാര്യം സ്തെഫാനൊസിന് അറിയാമായിരുന്നു. (യോഹന്നാൻ 5:27-29) അതുകൊണ്ട് സ്വർഗീയ അമർത്യ ജീവനിലേക്ക് യേശു അവനെ ഉയിർപ്പിക്കുന്നതുവരെ അവന്റെ ആത്മാവിനെ അല്ലെങ്കിൽ ജീവശക്തിയെ കാത്തുകൊള്ളേണമേയെന്ന് അവൻ യേശുവിനോട് അഭ്യർഥിക്കുകയായിരുന്നു.
സ്തെഫാനൊസിന്റെ ഈ ഹ്രസ്വമായ അഭ്യർഥന യേശുവിനോടു പ്രാർഥിക്കാൻ ഒരു മാതൃക വെക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഒന്നാമതായി, സ്തെഫാനൊസ് യേശുവിനെ യഹോവയിൽനിന്നു വ്യതിരിക്തനായി തിരിച്ചറിഞ്ഞു. യേശു ‘ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നത്’ അവൻ കണ്ടെന്ന് വിവരണം പറയുന്നതിൽനിന്നു നമുക്ക് ഇതു മനസ്സിലാക്കാൻ കഴിയും. മാത്രമല്ല, ഇത് അത്യപൂർവമായ ഒരു സാഹചര്യമാണെന്നതും ഓർക്കുക. അപ്പൊസ്തലനായ യോഹന്നാൻ യേശുവിനെ ദർശനത്തിൽ കണ്ടപ്പോൾ നേരിട്ട് സംബോധന ചെയ്തത് ഒഴിച്ചാൽ സമാനമായ വേറെ സന്ദർഭങ്ങളില്ല.—വെളിപ്പാടു 22:16, 20.
ഇന്ന് ക്രിസ്ത്യാനികൾ ഉചിതമായും യഹോവയാം ദൈവത്തോടാണ് എല്ലായ്പോഴും പ്രാർഥിക്കുന്നതെങ്കിലും യേശു “പുനരുത്ഥാനവും ജീവനും ആകുന്നു” എന്ന സംഗതിയിൽ അവർക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. (യോഹന്നാൻ 11:25) സ്തെഫാനൊസിന്റെ കാര്യത്തിലെന്നപോലെ, തന്റെ അനുഗാമികളെ മരിച്ചവരുടെയിടയിൽനിന്ന് ഉയിർപ്പിക്കാനുള്ള യേശുവിന്റെ പ്രാപ്തിയിലുള്ള വിശ്വാസം പരിശോധനയുടെ സമയത്ത് നമ്മെ സഹായിക്കുകയും നിലനിറുത്തുകയും ചെയ്യും.