വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു​—⁠പ്രവചനത്തിന്റെ കേന്ദ്രബിന്ദു

ക്രിസ്‌തു​—⁠പ്രവചനത്തിന്റെ കേന്ദ്രബിന്ദു

ക്രിസ്‌തു​—⁠പ്രവചനത്തിന്റെ കേന്ദ്രബിന്ദു

“യേശുവിനുള്ള സാക്ഷ്യമാണു പ്രവചനത്തെ നിശ്വസ്‌തമാക്കുന്നത്‌.”​—⁠വെളിപ്പാടു 19:⁠10, NW.

1, 2. (എ) പൊ.യു. 29 മുതലുള്ള കാലയളവിൽ ഇസ്രായേല്യർ ഏതു തീരുമാനമെടുക്കേണ്ടിയിരുന്നു? (ബി) ഈ ലേഖനത്തിൽ എന്താണു പരിചിന്തിക്കപ്പെടുന്നത്‌?

വർഷം പൊതുയുഗം (പൊ.യു.) 29. ഇസ്രായേലിലെങ്ങും വാഗ്‌ദത്ത മിശിഹായെക്കുറിച്ചുള്ള സംസാരമേ കേൾക്കാനുള്ളൂ. യോഹന്നാൻ സ്‌നാപകന്റെ ശുശ്രൂഷ, മിശിഹാ പ്രത്യക്ഷപ്പെടാറായി എന്ന അവരുടെ പ്രതീക്ഷയ്‌ക്ക്‌ ആക്കംകൂട്ടിയിരിക്കുന്നു. (ലൂക്കൊസ്‌ 3:⁠15) എന്നാൽ താൻ ക്രിസ്‌തുവല്ലെന്ന്‌ യോഹന്നാൻ വ്യക്തമാക്കി. പകരം നസറെത്തിൽനിന്നുള്ള യേശുവിനെ ചൂണ്ടി അവൻ പറഞ്ഞു: ‘ഞാൻ, ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു.’ (യോഹന്നാൻ 1:⁠20, 34) താമസിയാതെ, യേശുവിൽനിന്നു പഠിക്കാനും രോഗമുക്തി പ്രാപിക്കാനും ആളുകൾ അവനെ അനുഗമിച്ചുതുടങ്ങി.

2 തുടർന്നുവരുന്ന മാസങ്ങളിൽ യഹോവ തന്റെ പുത്രനെക്കുറിച്ചുള്ള അനവധി സാക്ഷ്യങ്ങൾ ലഭ്യമാക്കുന്നു. തിരുവെഴുത്തുകൾ പഠിക്കുകയും യേശുവിന്റെ പ്രവൃത്തികൾ നിരീക്ഷിക്കുകയും ചെയ്‌തിരുന്ന ആളുകൾക്ക്‌ അവനിൽ വിശ്വാസമർപ്പിക്കാൻ ഈടുറ്റ കാരണമുണ്ടായിരുന്നു. എന്നാൽ ദൈവത്തിന്റെ ഉടമ്പടിജനത പൊതുവേ വിശ്വാസരാഹിത്യമാണു പ്രകടിപ്പിച്ചത്‌. താരതമ്യേന വളരെ കുറച്ചുപേർ മാത്രമേ യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്ന്‌ അംഗീകരിച്ചുള്ളൂ. (യോഹന്നാൻ 6:⁠60-69) നിങ്ങൾ അക്കാലത്താണു ജീവിച്ചിരുന്നതെങ്കിൽ എന്തു ചെയ്യുമായിരുന്നു? യേശുവിനെ മിശിഹായായി അംഗീകരിക്കുകയും അവന്റെ ഒരു വിശ്വസ്‌ത അനുഗാമിയായിത്തീരുകയും ചെയ്യുമായിരുന്നോ? യേശു ശബത്ത്‌ നിയമം ലംഘിക്കുന്നുവെന്ന ആരോപണം ഉയർന്നപ്പോൾ താൻ ആരാണെന്നതിനെപ്പറ്റി അവൻതന്നെ നൽകിയ ഒരു തെളിവും തന്റെ വിശ്വസ്‌ത ശിഷ്യന്മാരുടെ വിശ്വാസം ബലിഷ്‌ഠമാക്കുന്നതിന്‌ പിന്നീട്‌ അവൻ നൽകിയ മറ്റു തെളിവുകളും ഇപ്പോൾ ശ്രദ്ധിക്കുക.

യേശു സ്വയം തെളിവു നൽകുന്നു

3. താൻ ആരാണെന്നതു സംബന്ധിച്ചു തെളിവു നൽകാൻ യേശുവിനെ പ്രേരിപ്പിക്കുന്ന സാഹചര്യമെന്ത്‌?

3 പൊ.യു. 31-ലെ പെസഹാക്കാലം. യേശു യെരൂശലേമിലുണ്ട്‌. 38 വർഷം രോഗിയായിരുന്ന ഒരു മനുഷ്യനെ അവൻ സുഖപ്പെടുത്തിയതേ ഉള്ളൂ. എന്നാൽ ശബത്തിൽ രോഗശാന്തി വരുത്തിയതിന്‌ യഹൂദന്മാർ യേശുവിനെ കുറ്റപ്പെടുത്തുകയാണ്‌. അവർ അവനിൽ ദൈവദൂഷണവും ആരോപിക്കുന്നു. ദൈവം സ്വന്തപിതാവാണെന്നു പറഞ്ഞതിന്‌ അവനെ കൊന്നുകളയാൻ അവർ ആലോചിക്കുന്നു. (യോഹന്നാൻ 5:⁠1-9, 16-18) ഇപ്പോൾ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട്‌ യേശു മൂന്നു വാദഗതികൾ നിരത്തുന്നു. ആത്മാർഥഹൃദയനായ ഏത്‌ യഹൂദനെയും അവൻ യഥാർഥത്തിൽ ആരാണെന്നു ബോധ്യപ്പെടുത്താൻപോന്ന ശക്തമായ തെളിവുകളാണ്‌ അവ.

4, 5. യോഹന്നാന്റെ ശുശ്രൂഷയുടെ ഉദ്ദേശ്യം എന്തായിരുന്നു, അവൻ എത്ര ഫലവത്തായി അതു നിർവഹിച്ചു?

4 ആദ്യം യേശു, തനിക്കു മുന്നോടിയായി പ്രവർത്തിച്ച യോഹന്നാൻ സ്‌നാപകന്റെ സാക്ഷ്യത്തിലേക്കു വിരൽചൂണ്ടുന്നു. അവൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു. അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്‌പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.”​—⁠യോഹന്നാൻ 5:⁠33, 35.

5 ഹെരോദാവ്‌ അന്യായമായി തടവിലാക്കുന്നതിനുമുമ്പ്‌ യോഹന്നാൻ സ്‌നാപകൻ മിശിഹായ്‌ക്കു വഴിയൊരുക്കുകയെന്ന ദിവ്യനിയോഗം പൂർത്തീകരിച്ചു എന്ന അർഥത്തിലാണ്‌ അവൻ ‘ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക്‌’ ആയിരുന്നത്‌. യോഹന്നാൻ പറഞ്ഞു: “[മിശിഹാ] യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്‌നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു . . . ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു: അതു അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്‌നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്‌നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു. അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്‌തിരിക്കുന്നു.” * (യോഹന്നാൻ 1:⁠26-37) യോഹന്നാൻ യാതൊരു വളച്ചുകെട്ടുമില്ലാതെ യേശുവിനെ ദൈവപുത്രനായി, വാഗ്‌ദത്ത മിശിഹായായി തിരിച്ചറിയിച്ചു. യോഹന്നാന്റെ മരണത്തിനുശേഷം ഏകദേശം എട്ടുമാസം കഴിഞ്ഞ്‌ “ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു” എന്ന്‌ ആത്മാർഥഹൃദയരായ യഹൂദന്മാരിൽ പലരും യേശുവിനെക്കുറിച്ചു പറയത്തക്കവിധം സുവ്യക്തമായിരുന്നു യോഹന്നാന്റെ സാക്ഷ്യം.​—⁠യോഹന്നാൻ 10:⁠41, 42.

6. യേശുവിന്റെ പ്രവൃത്തികൾ അവനു ദൈവത്തിന്റെ പിന്തുണയുണ്ടെന്ന്‌ ആളുകളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

6 അടുത്തതായി, താൻതന്നെയാണ്‌ മിശിഹാ എന്നതിന്‌ യേശു മറ്റൊരു തെളിവു നൽകുന്നു. ദൈവത്തിന്റെ പിന്തുണയുടെ അടയാളമെന്ന നിലയിൽ അവൻ തന്റെ സത്‌പ്രവൃത്തികളിലേക്ക്‌ ശ്രദ്ധക്ഷണിക്കുന്നു. യേശു പറയുന്നു: “എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്‌ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.” (യോഹന്നാൻ 5:⁠36) നിരവധി അത്ഭുതങ്ങൾ ഉൾപ്പെടുന്ന ഈ തെളിവ്‌ അവന്റെ ശത്രുക്കൾക്കുപോലും നിഷേധിക്കാനാവാത്തതായിരുന്നു. “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ” എന്നു പിന്നീട്‌ ചിലർ ചോദിക്കുന്നതായി കാണുന്നു. (യോഹന്നാൻ 11:⁠47) എന്നാൽ മറ്റുചിലർ “ക്രിസ്‌തു വരുമ്പോൾ ഇവൻ ചെയ്‌തതിൽ അധികം അടയാളം ചെയ്യുമോ” എന്നു ചോദിച്ചുകൊണ്ട്‌ അനുകൂലമായി പ്രതികരിക്കുന്നു. (യോഹന്നാൻ 7:⁠31) പുത്രൻ പിതാവിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതു ദർശിക്കാൻ പറ്റിയ ഒരു സ്ഥാനത്തായിരുന്നു യേശുവിന്റെ ശ്രോതാക്കൾ.​—⁠യോഹന്നാൻ 14:⁠9.

7. എബ്രായ തിരുവെഴുത്തുകൾ യേശുവിനു സാക്ഷ്യം വഹിക്കുന്നതെങ്ങനെ?

7 അവസാനമായി യേശു നിരസിക്കാനാവാത്ത ഒരു സാക്ഷ്യത്തിലേക്കു ശ്രദ്ധക്ഷണിക്കുന്നു. അവൻ പറയുന്നു: “[തിരുവെഴുത്തുകൾ] എനിക്കു സാക്ഷ്യം പറയുന്നു. നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 5:⁠39, 46) ക്രിസ്‌തുവിനെക്കുറിച്ച്‌ എഴുതിയ അനേകം ക്രിസ്‌തീയപൂർവ സാക്ഷികളിൽ ഒരുവൻ മാത്രമായിരുന്നു മോശെ. മിശിഹായിലേക്കു വിരൽചൂണ്ടുന്ന നൂറുകണക്കിനു പ്രവചനങ്ങളും വിശദമായ വംശാവലികളും ഉണ്ട്‌. (ലൂക്കൊസ്‌ 3:⁠23-38; 24:⁠44-46; പ്രവൃത്തികൾ 10:⁠43) മോശൈക ന്യായപ്രമാണം സംബന്ധിച്ചെന്ത്‌? “ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (ഗലാത്യർ 3:⁠24) അതേ, “യേശുവിനെക്കുറിച്ചുള്ള സാക്ഷ്യമാണ്‌ പ്രവചനത്തെ നിശ്വസ്‌തമാക്കുന്നത്‌ [അഥവാ പ്രചോദിപ്പിക്കുന്നത്‌, പ്രവചനത്തിന്റെ മുഴു ലക്ഷ്യവും ഉദ്ദേശ്യവും അതാണ്‌].”​—⁠വെളിപ്പാടു 19:⁠10, NW.

8. നിരവധി യഹൂദന്മാർ മിശിഹായിൽ വിശ്വാസമർപ്പിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

8 ഈ തെളിവുകളെല്ലാം​—⁠യോഹന്നാന്റെ വ്യക്തമായ സാക്ഷ്യം, യേശുവിന്റെതന്നെ വീര്യപ്രവൃത്തികളും ദൈവിക ഗുണങ്ങളും, തിരുവെഴുത്തുകൾ നൽകുന്ന നിരവധിയായ സാക്ഷ്യങ്ങൾ എന്നിവ​—⁠യേശുതന്നെയാണ്‌ മിശിഹാ എന്നു നിങ്ങളെ ബോധ്യപ്പെടുത്തുമായിരുന്നില്ലേ? ദൈവത്തോടും അവന്റെ വചനത്തോടും യഥാർഥ സ്‌നേഹമുള്ള ആരും പെട്ടെന്നുതന്നെ ഇതു വിവേചിക്കുകയും വാഗ്‌ദത്ത മിശിഹായെന്ന നിലയിൽ യേശുവിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇസ്രായേല്യർക്കു പൊതുവേ അത്തരം സ്‌നേഹം ഇല്ലായിരുന്നു. തന്റെ എതിരാളികളോട്‌ യേശു പറഞ്ഞു: “നിങ്ങൾക്കു ഉള്ളിൽ ദൈവസ്‌നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.” (യോഹന്നാൻ 5:⁠42) “ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം” അന്വേഷിക്കുന്നതിനു പകരം അവർ ‘തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.’ തന്റെ പിതാവിനെപ്പോലെ അത്തരം ചിന്താഗതിയെ വെറുക്കുന്ന യേശുവിനോട്‌ അവർക്കു യോജിക്കാനാവാഞ്ഞതിൽ അതിശയിക്കാനില്ല!​—⁠യോഹന്നാൻ 5:⁠43, 44; പ്രവൃത്തികൾ 12:⁠21-23.

ഒരു പ്രാവചനിക ദർശനത്താൽ ശക്തീകരിക്കപ്പെടുന്നു

9, 10. (എ) യേശുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം ഒരു അടയാളം വളരെ സമയോചിതമായിരുന്നു എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) ഏതു ശ്രദ്ധേയമായ വാഗ്‌ദാനമാണ്‌ യേശു ശിഷ്യന്മാർക്കു നൽകിയത്‌?

9 താൻ മിശിഹായാണെന്നുള്ളതിന്‌ യേശു മേൽപ്പറഞ്ഞ തെളിവുകൾ നൽകിയിട്ട്‌ ഒരു വർഷത്തിലധികമായി. പൊ.യു. 32-ലെ പെസഹാ കടന്നുപോയി. യേശുവിൽ വിശ്വാസമർപ്പിച്ച്‌ അവനെ അനുഗമിക്കാൻ തുടങ്ങിയവരിൽ പലരും അവനെ വിട്ടുപോയിരുന്നു. പീഡനം, ഭൗതികത്വ ചിന്താഗതി, ജീവിതോത്‌കണ്‌ഠകൾ തുടങ്ങിയവയായിരുന്നിരിക്കാം കാരണം. ചിലരുടെ കാര്യത്തിൽ യേശുവിനെ രാജാവാക്കാനുള്ള ആളുകളുടെ ശ്രമങ്ങൾ അവൻ തള്ളിക്കളഞ്ഞത്‌ ചിന്താക്കുഴപ്പത്തിനും നിരാശയ്‌ക്കും ഇടയാക്കിയിട്ടുണ്ടാകാം. യഹൂദ മതനേതാക്കന്മാർ വെല്ലുവിളിച്ചപ്പോൾ തനിക്കുതന്നെ മഹത്ത്വം കൈവരുത്തുന്ന സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം കാണിക്കാൻ യേശു വിസമ്മതിച്ചു. (മത്തായി 12:⁠38, 39) ഇതും ചിലരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാകാം. തന്നെയുമല്ല, ശിഷ്യന്മാർക്ക്‌ ഉൾക്കൊള്ളാൻ വളരെ പ്രയാസമായ ഒരു കാര്യം, ‘താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്‌ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടേണ്ടതാണ്‌’ എന്ന വസ്‌തുത അവൻ അവരോടു പ്രസ്‌താവിച്ചു തുടങ്ങിയിരുന്നു.​—⁠മത്തായി 16:⁠21-23.

10 ഒമ്പതോ പത്തോ മാസങ്ങൾക്കകം “[യേശുവിന്‌] ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള” സമയം വന്നെത്തുമായിരുന്നു. (യോഹന്നാൻ 13:⁠1) തന്റെ വിശ്വസ്‌ത ശിഷ്യന്മാരിലുള്ള ആഴമായ താത്‌പര്യത്താൽ പ്രേരിതനായി യേശു അവരിൽ ചിലർക്ക്‌ താൻ അവിശ്വസ്‌ത യഹൂദർക്കു നിഷേധിച്ച ആ സംഗതി, സ്വർഗത്തിൽനിന്നുള്ള ഒരു അടയാളം വാഗ്‌ദാനം ചെയ്‌തു. യേശു പറയുന്നു: “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്‌ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 16:⁠28) വ്യക്തമായും 1914-ൽ മിശിഹൈക രാജ്യം സ്ഥാപിക്കപ്പെടുന്നതുവരെ അവരിൽ ചിലർ ജീവിച്ചിരിക്കുമെന്നല്ല യേശു പറയുന്നത്‌. തനിക്ക്‌ ഏറ്റവും അടുപ്പമുള്ള മൂന്നു ശിഷ്യന്മാർക്ക്‌ രാജ്യാധികാരമേൽക്കുമ്പോഴത്തെ തന്റെ മഹത്ത്വത്തിന്റെ ഒരു പൂർവവീക്ഷണം നൽകുകയെന്നതാണ്‌ അവന്റെ മനസ്സിലുണ്ടായിരുന്നത്‌. ഈ പ്രാവചനിക ദർശനം രൂപാന്തരീകരണം എന്നാണു വിളിക്കപ്പെടുന്നത്‌.

11. രൂപാന്തരീകരണ ദർശനം വിവരിക്കുക.

11 ആറുദിവസത്തിനുശേഷം പത്രൊസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവരെ യേശു ഒരു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടുപോയി, സാധ്യതയനുസരിച്ച്‌ അത്‌ ഹെർമ്മോൻ പർവതത്തിന്റെ ഒരു ശിഖരമായിരുന്നു. അവിടെവെച്ച്‌ അവൻ “അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്‌ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.” പ്രവാചകന്മാരായ മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ട്‌ അവനോടു സംസാരിച്ചു. ഈ ഭയഗംഭീരമായ സംഭവത്തിനു കൂടുതൽ വ്യക്തത പകർന്നുകൊണ്ട്‌ ഇതു രാത്രിയിൽ നടന്നിരിക്കാനാണു സാധ്യത. പത്രൊസ്‌, യേശുവിനും മോശെക്കും ഏലീയാവിനും വേണ്ടി ഓരോ കുടിലുകൾ കെട്ടാം എന്നു പറയാൻ പ്രേരിതനാകത്തക്കവണ്ണം ആ ദർശനം അത്രയ്‌ക്കു യാഥാർഥ്യമായി അവർക്ക്‌ അനുഭവപ്പെട്ടു. പത്രൊസ്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേൽ നിഴലിട്ടു, മേഘത്തിൽനിന്ന്‌ ഇങ്ങനെയൊരു ശബ്ദം അവർ കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.”​—⁠മത്തായി 17:⁠1-6.

12, 13. രൂപാന്തരീകരണ ദർശനം യേശുവിന്റെ ശിഷ്യന്മാരിൽ എന്തു ഫലമാണ്‌ ഉളവാക്കിയത്‌, എന്തുകൊണ്ട്‌?

12 “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തു”വാണ്‌ എന്ന്‌ പത്രൊസ്‌ യേശുവിനെക്കുറിച്ചു പറഞ്ഞിട്ട്‌ അധികമായിരുന്നില്ല എന്നതു ശരിയാണ്‌. (മത്തായി 16:⁠16) എന്നാൽ തന്റെ അഭിഷിക്തനെന്ന നിലയിലുള്ള യേശുവിന്റെ പങ്ക്‌ വ്യക്തമാക്കിക്കൊണ്ട്‌ അവൻ തന്റെ പുത്രൻതന്നെയാണെന്നു സാക്ഷ്യപ്പെടുത്തുന്ന യഹോവയുടെ സ്വന്തം വാക്കുകൾ കേൾക്കുന്നതിനെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! രൂപാന്തരീകരണ ദർശനം പത്രൊസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും വിശ്വാസത്തെ എത്രയധികം ബലപ്പെടുത്തി! അങ്ങനെ വിശ്വാസത്തിൽ അങ്ങേയറ്റം ശക്തീകരിക്കപ്പെട്ട അവർ ഭാവിയെ നേരിടുന്നതിനും പിൽക്കാല സഭയിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്ത്‌ ആയിത്തീർന്നു.

13 രൂപാന്തരീകരണം ശിഷ്യന്മാരിൽ നിലനിൽക്കുന്ന പ്രഭാവം ചെലുത്തി. 30-ലേറെ വർഷങ്ങൾക്കുശേഷം പത്രൊസ്‌ ഇങ്ങനെ എഴുതി: “‘ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്നുള്ള ശബ്ദം അതി ശ്രേഷ്‌ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു [യേശുവിന്‌] മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.” (2 പത്രൊസ്‌ 1:⁠17, 18) യോഹന്നാനെയും രൂപാന്തരീകരണം ആഴത്തിൽ സ്വാധീനിച്ചു എന്നതിനു സംശയമില്ല. 60-ലേറെ വർഷങ്ങൾക്കുശേഷം, “ഞങ്ങൾ അവന്റെ തേജസ്സ്‌ പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്ന്‌ എഴുതിയപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത്‌ ഈ സംഭവം ആയിരുന്നിരിക്കണം. (യോഹന്നാൻ 1:⁠14) എന്നാൽ രൂപാന്തരീകരണം യേശുവിന്റെ ശിഷ്യന്മാർക്കു ലഭിച്ച അവസാനത്തെ ദർശനമായിരുന്നില്ല.

ദൈവത്തിന്റെ വിശ്വസ്‌തർക്ക്‌ കൂടുതലായ പ്രബുദ്ധത

14, 15. അപ്പൊസ്‌തലനായ യോഹന്നാൻ യേശു വരുന്നതുവരെ ജീവിച്ചിരിക്കുമായിരുന്നത്‌ ഏതു വിധത്തിൽ?

14 തന്റെ പുനരുത്ഥാനത്തിനുശേഷം യേശു ഗലീലക്കടൽത്തീരത്ത്‌ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു. അവിടെവെച്ച്‌ അവൻ പത്രൊസിനോട്‌: ‘ഞാൻ വരുവോളം ഇവൻ [യോഹന്നാൻ] ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതിനു നിനക്കെന്ത്‌?’ എന്നു ചോദിക്കുന്നു. (യോഹന്നാൻ 21:1, 20-22, 24) യോഹന്നാൻ മറ്റെല്ലാ അപ്പൊസ്‌തലന്മാരെക്കാളും കൂടുതൽ കാലം ജീവിച്ചിരിക്കും എന്ന്‌ ഇത്‌ സൂചിപ്പിച്ചോ? സൂചിപ്പിച്ചെന്നു തോന്നുന്നു, എന്തുകൊണ്ടെന്നാൽ പിന്നീട്‌ ഏകദേശം 70 വർഷംകൂടി ജീവിച്ചിരുന്ന്‌ അവൻ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. എന്നിരുന്നാലും യേശുവിന്റെ പ്രസ്‌താവനയ്‌ക്ക്‌ അതിലേറെ അർഥമുണ്ട്‌.

15 “ഞാൻ വരുവോളം” എന്ന പദപ്രയോഗം “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു” സംബന്ധിച്ച യേശുവിന്റെ പരാമർശം നമ്മെ ഓർമിപ്പിക്കുന്നു. (മത്തായി 16:⁠28) യേശു രാജ്യാധികാരത്തിൽ വരുന്നതു സംബന്ധിച്ച ഒരു ദർശനം യോഹന്നാനു പിന്നീടു ലഭിക്കുകയുണ്ടായി. ആ അർഥത്തിലാണ്‌ യേശു വരുന്നതുവരെ അവൻ ജീവിച്ചിരുന്നത്‌. യോഹന്നാന്റെ ജീവിതാന്ത്യത്തോടടുത്ത്‌ അവൻ പത്മൊസ്‌ ദ്വീപിൽ പ്രവാസത്തിലായിരിക്കെ, “കർത്തൃദിവസത്തിൽ” സംഭവിക്കേണ്ടുന്ന കാര്യങ്ങളുടെ വിസ്‌മയാവഹമായ പ്രാവചനിക അടയാളങ്ങൾ അടങ്ങിയ വെളിപ്പാട്‌ അവനു ലഭിക്കുന്നു. “അതേ, ഞാൻ വേഗം വരുന്നു” എന്ന യേശുവിന്റെ വാക്കുകൾ കേൾക്കുമ്പോൾ “ആമേൻ, കർത്താവായ യേശുവേ, വരേണമേ” എന്നു പറയാൻ പ്രേരിതനാകത്തക്കവണ്ണം ആ ഗംഭീര ദർശനങ്ങൾ യോഹന്നാനിൽ അത്രയധികം പ്രഭാവം ചെലുത്തി.​—⁠വെളിപ്പാടു 1:⁠1, 10; 22:⁠20.

16. നമ്മുടെ വിശ്വാസം ബലിഷ്‌ഠമായി നിലനിറുത്തുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മാർഥഹൃദയരായ ആളുകൾ യേശുവിനെ മിശിഹായായി സ്വീകരിക്കുകയും അവനിൽ വിശ്വാസമർപ്പിക്കുകയും ചെയ്‌തു. ചുറ്റുമുണ്ടായിരുന്ന ആളുകളുടെ വിശ്വാസരാഹിത്യം, ചെയ്യാനുണ്ടായിരുന്ന വേല, അഭിമുഖീകരിക്കേണ്ടിയിരുന്ന പരിശോധനകൾ എന്നിവയുടെ വീക്ഷണത്തിൽ വിശ്വാസികളായിത്തീർന്നവർ ശക്തീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. യേശു തന്റെ വിശ്വസ്‌ത അനുഗാമികൾക്ക്‌ താൻ മിശിഹായാണെന്നുള്ളതിന്‌ വേണ്ടത്ര തെളിവുകളും അവരെ പ്രബുദ്ധരാക്കുന്ന പ്രോത്സാഹജനകമായ പ്രാവചനിക ദർശനങ്ങളും കൊടുത്തിരുന്നു. ഇന്ന്‌ ‘കർത്തൃദിവസ’ത്തിന്റെ വലിയൊരു ഭാഗം പിന്നിട്ടിരിക്കുന്ന കാലത്താണ്‌ നാം ജീവിച്ചിരിക്കുന്നത്‌. പെട്ടെന്നുതന്നെ, ക്രിസ്‌തു സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയെയും നശിപ്പിക്കുകയും ദൈവജനത്തെ വിടുവിക്കുകയും ചെയ്യും. നമ്മുടെ ആത്മീയ ക്ഷേമത്തിനായുള്ള യഹോവയുടെ എല്ലാ കരുതലുകളും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നാമും വിശ്വാസം ബലിഷ്‌ഠമാക്കണം.

അന്ധകാരത്തിന്റെയും പീഡനത്തിന്റെയും നാളുകളിൽ സംരക്ഷിക്കപ്പെടുന്നു

17, 18. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ അനുഗാമികളും ദൈവോദ്ദേശ്യത്തെ എതിർത്തവരും തമ്മിൽ പ്രകടമായ ഏതു വ്യത്യാസം ഉണ്ടായിരുന്നു, ഒടുവിൽ ഓരോ കൂട്ടത്തിനും എന്താണു സംഭവിച്ചത്‌?

17 യേശുവിന്റെ മരണശേഷം, “യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും” തനിക്കു സാക്ഷ്യം വഹിക്കാനുള്ള അവന്റെ കൽപ്പന ശിഷ്യന്മാർ സുധീരം അനുസരിച്ചു. (പ്രവൃത്തികൾ 1:⁠8) പീഡനതരംഗം അലയടിച്ചെങ്കിലും ആത്മീയ പ്രബുദ്ധതയാലും പുതിയ ശിഷ്യന്മാരാലും യഹോവ നവജാത ക്രിസ്‌തീയ സഭയെ അനുഗ്രഹിച്ചു.​—⁠പ്രവൃത്തികൾ 2:⁠47; 4:⁠1-31; 8:⁠1-8.

18 മറുവശത്ത്‌, സുവാർത്തയെ എതിർത്ത ആളുകളുടെ ഭാവി കൂടുതൽ ഇരുളടഞ്ഞുകൊണ്ടിരുന്നു. “ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 4:⁠19 പറയുന്നു, “ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.” പൊ.യു. 66-ൽ റോമൻ സൈന്യം യെരൂശലേമിനെ ഉപരോധിച്ചപ്പോൾ “അന്ധകാരം” കൂടുതൽ കനത്തു. വ്യക്തമല്ലാത്ത ഏതോ കാരണത്താൽ താത്‌കാലികമായി പിൻവാങ്ങിയ അവർ, പൊ.യു. 70-ൽ തിരികെയെത്തി നഗരം തകർത്തു തരിപ്പണമാക്കി. യഹൂദ ചരിത്രകാരനായ ജോസീഫസ്‌ പറയുന്നതനുസരിച്ച്‌ 10 ലക്ഷത്തിലധികം യഹൂദന്മാർക്ക്‌ ജീവൻ നഷ്ടമായി. എന്നാൽ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ രക്ഷപ്പെട്ടു. എങ്ങനെ? ആദ്യത്തെ ഉപരോധത്തിനുശേഷം സൈന്യം പിൻവാങ്ങിയപ്പോൾ, ഓടിപ്പോകാനുള്ള യേശുവിന്റെ കൽപ്പന അവർ അനുസരിച്ചു.​—⁠ലൂക്കൊസ്‌ 21:⁠20-22.

19, 20. (എ) ഇപ്പോഴത്തെ വ്യവസ്ഥിതി അതിന്റെ അന്ത്യത്തെ സമീപിക്കവേ, ദൈവജനം ഭയപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) 1914-നു മുമ്പുള്ള ദശകങ്ങളിൽ ശ്രദ്ധേയമായ എന്ത്‌ ഉൾക്കാഴ്‌ചയാണു യഹോവ തന്റെ ജനത്തിനു നൽകിയത്‌?

19 നമ്മുടെ സാഹചര്യം ഒന്നാം നൂറ്റാണ്ടിലേതിനു സമാനമാണ്‌. വരാനിരിക്കുന്ന മഹോപദ്രവം സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും അന്ത്യം കുറിക്കും. എന്നാൽ യേശുവിന്റെ ഈ വാഗ്‌ദാനം ലഭിച്ചിട്ടുള്ളതിനാൽ ദൈവജനം ഭയപ്പെടേണ്ടതില്ല: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.” (മത്തായി 28:⁠20) തന്റെ ആദിമ ശിഷ്യന്മാരുടെ വിശ്വാസം ബലിഷ്‌ഠമാക്കുന്നതിനും വരാനിരുന്ന കാര്യങ്ങൾക്കായി അവരെ ഒരുക്കുന്നതിനും വേണ്ടി യേശു അവർക്ക്‌ മിശിഹൈക രാജാവെന്ന നിലയിലുള്ള തന്റെ സ്വർഗീയ മഹത്ത്വത്തിന്റെ പൂർവവീക്ഷണം നൽകി. ഇന്നോ? 1914-ൽ ആ പൂർവവീക്ഷണം യാഥാർഥ്യമായിത്തീർന്നു. ആ യാഥാർഥ്യം ദൈവജനത്തിന്റെ വിശ്വാസത്തെ എത്രയധികം ബലിഷ്‌ഠമാക്കിയിരിക്കുന്നു! അത്ഭുതകരമായ ഒരു ഭാവി സംബന്ധിച്ച പ്രത്യാശയ്‌ക്കുള്ള അടിസ്ഥാനം അതു പ്രദാനം ചെയ്യുന്നു. ആ യാഥാർഥ്യം സംബന്ധിച്ച്‌ യഹോവയുടെ ദാസന്മാർക്ക്‌ ക്രമാനുഗതമായി വർധിച്ച ഉൾക്കാഴ്‌ച ലഭിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്‌. അന്ധകാരം കൂടുതൽ കൂടുതൽ കനത്തുവരുന്ന ഇന്നത്തെ ലോകത്തിനു നടുവിൽ ‘നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചംപോലെയാണ്‌; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.’​—⁠സദൃശവാക്യങ്ങൾ 4:⁠18.

20 അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ഒരു ചെറിയ കൂട്ടം 1914-നു മുമ്പുതന്നെ കർത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട സത്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ദൃഷ്ടാന്തത്തിന്‌, പൊ.യു. 33-ലെ യേശുവിന്റെ സ്വർഗാരോഹണസമയത്ത്‌ ശിഷ്യന്മാർക്കു പ്രത്യക്ഷരായ രണ്ടു ദൂതന്മാർ സൂചിപ്പിച്ചപ്രകാരം, അവന്റെ മടങ്ങിവരവ്‌ അദൃശ്യമായിട്ടായിരിക്കും എന്ന്‌ അവർ വിവേചിച്ചറിഞ്ഞു. ഒരു മേഘം യേശുവിനെ ശിഷ്യന്മാരുടെ കാഴ്‌ചയിൽനിന്നു മറച്ചുകളഞ്ഞതിനുശേഷം ദൂതന്മാർ ഇങ്ങനെ പറഞ്ഞു: “നിങ്ങളെവിട്ടു സ്വർഗ്ഗാരോഹണം ചെയ്‌ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.”​—⁠പ്രവൃത്തികൾ 1:⁠9-11.

21. അടുത്ത ലേഖനത്തിൽ ഏതു കാര്യം പരിചിന്തിക്കപ്പെടും?

21 യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നത്‌ അവന്റെ വിശ്വസ്‌ത അനുഗാമികൾ മാത്രമേ കണ്ടുള്ളൂ. രൂപാന്തരീകരണംപോലെതന്നെ, പരസ്യശ്രദ്ധ ആകർഷിക്കാതിരുന്ന ഒരു സംഭവം ആയിരുന്നു അത്‌. സംഭവിച്ചതിനെപ്പറ്റി പുറംലോകം അറിഞ്ഞതേയില്ല. ക്രിസ്‌തു രാജ്യാധികാരത്തിൽ തിരിച്ചുവരുമ്പോൾ സംഭവിക്കുമായിരുന്നതും അതുതന്നെയാണ്‌. (യോഹന്നാൻ 14:⁠19) വിശ്വസ്‌തരായ അഭിഷിക്ത അനുഗാമികൾ മാത്രമേ അവന്റെ രാജകീയ സാന്നിധ്യം വിവേചിക്കുമായിരുന്നുള്ളൂ. യേശുവിന്റെ ഭൗമിക പ്രജകൾ ആയിത്തീരാനുള്ള ലക്ഷക്കണക്കിന്‌ ആളുകളുടെ കൂട്ടിച്ചേർക്കലിലേക്കു നയിക്കുംവിധം ആ ഉൾക്കാഴ്‌ചയ്‌ക്ക്‌ അവരുടെമേൽ ശക്തമായ പ്രഭാവമുണ്ടായത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനത്തിൽ നാം കാണുന്നതായിരിക്കും.​—⁠വെളിപ്പാടു 7:⁠9, 14.

[അടിക്കുറിപ്പ്‌]

^ ഖ. 5 യേശുവിന്റെ സ്‌നാപനസമയത്ത്‌ ദൈവത്തിന്റെ ശബ്ദം കേട്ടത്‌ യോഹന്നാൻ മാത്രമായിരുന്നിരിക്കണം. യേശു ആരോടാണോ സംസാരിച്ചത്‌ ആ യഹൂദന്മാർ ‘[ദൈവത്തിന്റെ] ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടുമില്ല.’​—⁠യോഹന്നാൻ 5:⁠37.

നിങ്ങൾ ഓർമിക്കുന്നുവോ?

• ശബത്ത്‌ ലംഘനം, ദൈവദൂഷണം എന്നീ കുറ്റങ്ങൾ യേശുവിന്റെമേൽ ആരോപിക്കപ്പെട്ടപ്പോൾ, താൻ മിശിഹായാണെന്നുള്ളതിന്‌ അവൻ എന്തെല്ലാം തെളിവുകളാണു നൽകിയത്‌?

• രൂപാന്തരീകരണത്തിൽനിന്ന്‌ യേശുവിന്റെ ആദിമ ശിഷ്യന്മാർ പ്രയോജനം നേടിയത്‌ ഏതുവിധത്തിൽ?

• താൻ വരുവോളം യോഹന്നാൻ ജീവിച്ചിരിക്കുമെന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?

• 1914-ൽ ഏതു പൂർവവീക്ഷണമാണു യാഥാർഥ്യമായിത്തീർന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രങ്ങൾ]

യേശു താൻ മിശിഹായാണെന്നുള്ളതിനു തെളിവുനൽകി

[12-ാം പേജിലെ ചിത്രം]

രൂപാന്തരീകരണ ദർശനം വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന ഒന്നായിരുന്നു

[13-ാം പേജിലെ ചിത്രം]

യേശു ‘വരുന്നതുവരെ’ യോഹന്നാൻ ജീവിച്ചിരിക്കുമായിരുന്നു