ഒരു ക്രിസ്‌ത്യാനിയായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനിക്കുക!
ഒരു ക്രിസ്‌ത്യാനിയായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനിക്കുക!
“അഭിമാനംകൊള്ളുന്നവൻ യഹോവയിൽ അഭിമാനംകൊള്ളട്ടെ.”—1 കൊരിന്ത്യർ 1:31, NW.
1. മതത്തോടുള്ള ആളുകളുടെ മനോഭാവത്തിൽ ഏതു പ്രവണത ദൃശ്യമാണ്?
“നിസ്സംഗതാവാദം.” പല ആളുകൾക്കും തങ്ങളുടെ വിശ്വാസത്തോടുള്ള മനോഭാവത്തെ വിശേഷിപ്പിക്കാൻ ഒരു മതഭാഷ്യകാരൻ ഉപയോഗിച്ച വാക്കാണ് ഇത്. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ആധുനികകാലത്ത് മതരംഗത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഗതി ഒരു മതത്തിന്റെ രൂപീകരണമല്ല, മറിച്ച് ‘നിസ്സംഗതാവാദം’ എന്ന് ഉചിതമായി വിളിക്കാവുന്ന ഒരു മനോഭാവത്തിന്റെ ആവിർഭാവമാണ്.” “സ്വന്തം മതത്തോടുള്ള അവഗണന” എന്നാണ് അദ്ദേഹം അതിനെ നിർവചിച്ചത്. പല ആളുകളും “ദൈവത്തിൽ വിശ്വസിക്കുന്നു. . . . പക്ഷേ അവനെ ഒട്ടും ഗൗനിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
2. (എ) ആളുകൾ ആത്മീയമായി നിസ്സംഗത പുലർത്തുന്നതിൽ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) സത്യക്രിസ്‌ത്യാനികൾ നിസ്സംഗതാ മനോഭാവം അനുകരിക്കരുതാത്തത് എന്തുകൊണ്ട്?
2 ഈ പ്രവണത ബൈബിൾ വിദ്യാർഥികളെ അതിശയിപ്പിക്കുന്നില്ല. (ലൂക്കൊസ് 18:8) പൊതുവേ, മതങ്ങളെക്കുറിച്ചു പറഞ്ഞാൽ, അത്തരം താത്‌പര്യമില്ലായ്‌മ പ്രതീക്ഷിക്കേണ്ടതുതന്നെയാണ്. കാലങ്ങളായി വ്യാജമതം മനുഷ്യരാശിയെ വഴിതെറ്റിക്കുകയും നിരാശരാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 17:15, 16) എന്നാൽ വ്യാപകമായിരിക്കുന്ന ഈ പ്രവണത, അതായത് പാതിമനസ്സോടെയുള്ള ഭക്തിയും തീക്ഷ്‌ണതയില്ലായ്‌മയും അനുകരിക്കാൻ സത്യക്രിസ്‌ത്യാനികൾക്കു കഴിയില്ല. വിശ്വാസത്തിൽ ഉദാസീനരാകുന്നതും ദൈവസേവനത്തോടും ബൈബിൾസത്യത്തോടും ഉള്ള തീക്ഷ്‌ണത നഷ്ടപ്പെടുന്നതും ദാരുണമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഒന്നാം നൂറ്റാണ്ടിൽ ലവൊദിക്യയിൽ ഉണ്ടായിരുന്ന ക്രിസ്‌ത്യാനികൾക്ക് അത്തരം ശീതോഷ്‌ണാവസ്ഥ സംബന്ധിച്ച് യേശു മുന്നറിയിപ്പു നൽകി: ‘നീ ഉഷ്‌ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്‌ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. [നീ] ശീതോഷ്‌ണവാനാണ്.’—വെളിപ്പാടു 3:15-18.
നാം ആരാണെന്നു ഗ്രഹിക്കൽ
3. തങ്ങളെ തിരിച്ചറിയിക്കുന്ന ഏതെല്ലാം വശങ്ങളിൽ ക്രിസ്‌ത്യാനികൾക്ക് അഭിമാനിക്കാൻ കഴിയും?
3 ആത്മീയ നിസ്സംഗതയോടു പോരാടുന്നതിന് ക്രിസ്‌ത്യാനികൾക്ക് അവർ ആരാണെന്നതു സംബന്ധിച്ച് വ്യക്തമായ തിരിച്ചറിവ് ഉണ്ടായിരിക്കുകയും ആ അറിവിൽ ന്യായയുക്തമായ ഒരളവോളം അവർ അഭിമാനംകൊള്ളുകയും വേണം. യഹോവയുടെ ദാസരും ക്രിസ്‌തുവിന്റെ ശിഷ്യരും എന്ന നിലയിൽ, നാം ആരാണെന്ന് ബൈബിൾ വിവരണങ്ങളിൽനിന്ന് നമുക്കു കണ്ടെത്താനാകും. ഊർജസ്വലതയോടെ മറ്റുള്ളവരുമായി “സുവാർത്ത” പങ്കുവെക്കുമ്പോൾ നാം യഹോവയുടെ “സാക്ഷികൾ,” “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആണ്. (യെശയ്യാവു 43:10; 1 കൊരിന്ത്യർ 3:9; മത്തായി 24:14) നാം ‘തമ്മിൽ തമ്മിൽ സ്‌നേഹിക്കുന്ന’വരാണ്. (യോഹന്നാൻ 13:34) സത്യക്രിസ്‌ത്യാനികൾ ‘നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങൾ’ ഉള്ളവരാണ്. (എബ്രായർ 5:14) നാം “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ” വിളങ്ങുന്നവരാണ്. (ഫിലിപ്പിയർ 2:15) ‘[ജനതകളുടെ] ഇടയിൽ നമ്മുടെ നടപ്പു നന്നായിരിക്കാൻ’ നാം പ്രയത്‌നിക്കുന്നു.—1 പത്രൊസ് 2:12; 2 പത്രൊസ് 3:11, 14.
4. താൻ ആരല്ല എന്ന് യഹോവയുടെ ഒരു ആരാധകന് എങ്ങനെ നിർണയിക്കാൻ കഴിയും?
4 തങ്ങൾ ആരല്ല എന്നതും യഹോവയുടെ സത്യാരാധകർക്ക് അറിയാം. തങ്ങളുടെ നായകനായിരുന്ന യേശുവിനെപ്പോലെ “അവരും ലൌകികന്മാരല്ല” അഥവാ ലോകത്തിന്റെ ഭാഗമല്ല. (യോഹന്നാൻ 17:16) “അന്ധബുദ്ധികളായി . . . ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു”പോയ ‘ജാതികളിൽനിന്ന്’ അഥവാ ജനതകളിൽനിന്ന് ക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ വേർതിരിച്ചു നിറുത്തുന്നു. (എഫെസ്യർ 4:17-18) അതിന്റെ ഫലമായി യേശുവിന്റെ ശിഷ്യന്മാർ, “ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചു”പോരുന്നു.—തീത്തൊസ് 2:12, 13.
5. ‘യഹോവയിൽ അഭിമാനംകൊള്ളുക’ എന്ന പ്രോത്സാഹനത്തിന്റെ അർഥമെന്ത്?
1 കൊരിന്ത്യർ 1:31) എങ്ങനെയാണ് നാം യഹോവയിൽ അഭിമാനംകൊള്ളുന്നത്? സത്യക്രിസ്‌ത്യാനികളെന്ന നിലയിൽ, യഹോവ നമ്മുടെ ദൈവമായിരിക്കുന്നതിൽ നാം അഭിമാനിക്കുന്നു. നാം ഈ ഉദ്‌ബോധനം പിൻപറ്റുന്നു: “പ്രശംസിക്കുന്നവനോ [“അഭിമാനംകൊള്ളുന്നവനോ,” NW]: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ [“അഭിമാനംകൊള്ളട്ടെ,” NW].” (യിരെമ്യാവു 9:24) ദൈവത്തെ അറിയാനുള്ള പദവി ലഭിച്ചിരിക്കുന്നതിലും മറ്റുള്ളവരെ സഹായിക്കാൻ അവൻ നമ്മെ ഉപയോഗിക്കുന്നതിലും നാം അഭിമാനംകൊള്ളുന്നു.
5 നാം ആരാണ് എന്നതിനെയും അഖിലാണ്ഡ പരമാധികാരിയുമായി നമുക്കുള്ള ബന്ധത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാട് ‘യഹോവയിൽ അഭിമാനംകൊള്ളാൻ’ നമ്മെ പ്രേരിപ്പിക്കും. (സൂക്ഷ്‌മമായ ഗ്രാഹ്യം നിലനിറുത്തുകയെന്ന വെല്ലുവിളി
6. ക്രിസ്‌ത്യാനികളെന്ന നിലയിലുള്ള നമ്മുടെ വ്യത്യസ്‌തത സംബന്ധിച്ച സൂക്ഷ്‌മമായ ഗ്രാഹ്യം നിലനിറുത്തുന്നത് ചില ക്രിസ്‌ത്യാനികൾക്ക് ഒരു വെല്ലുവിളിയായിരിക്കുന്നത് എന്തുകൊണ്ട്?
6 ഒരു ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള നമ്മുടെ വ്യത്യസ്‌തത സംബന്ധിച്ച സൂക്ഷ്‌മഗ്രാഹ്യം നിലനിറുത്തുക എല്ലായ്‌പോഴും എളുപ്പമല്ലെന്നതു ശരിയാണ്. കുറച്ചുകാലം തനിക്ക്, ആത്മീയ ബലക്ഷയം അനുഭവപ്പെട്ടതായി ക്രിസ്‌തീയ പശ്ചാത്തലത്തിൽ വളർന്നുവന്ന ഒരു ചെറുപ്പക്കാരൻ അനുസ്‌മരിക്കുന്നു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനായിരിക്കുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് ചിലപ്പോഴൊക്കെ എനിക്കു തോന്നിയിരുന്നു. ബാല്യംമുതൽത്തന്നെ സത്യം എനിക്കു പരിചിതമായിരുന്നു. എങ്കിലും സുസ്ഥാപിതമായ മറ്റൊരു അംഗീകൃതമതം മാത്രമാണ് ഇത് എന്ന് എനിക്കു തോന്നി.” തങ്ങൾ ആരാണ് എന്നുള്ള അവബോധത്തെ സ്വാധീനിക്കാൻ ചിലർ വിനോദലോകത്തെയോ മാധ്യമങ്ങളെയോ ഇന്നത്തെ ലോകത്തിന്റെ അഭക്തമായ കാഴ്‌ചപ്പാടുകളെയോ അനുവദിച്ചിരിക്കാം. (എഫെസ്യർ 2:2, 3) മറ്റു ചില ക്രിസ്‌ത്യാനികൾക്ക് ചിലപ്പോഴൊക്കെ ആത്മവിശ്വാസമില്ലായ്‌മ അനുഭവപ്പെടുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർ തങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും പുനർവിചിന്തനം ചെയ്യാൻ തുടങ്ങിയേക്കാം.
7. (എ) ദൈവദാസർക്ക് ഏതു തരം ആത്മപരിശോധനയാണ് ഉചിതമായിരിക്കുന്നത്? (ബി) എന്നാൽ എവിടെയാണ് അപകടം പതിയിരിക്കുന്നത്?
7 ഇടയ്‌ക്കിടെ ശ്രദ്ധാപൂർവകമായ ആത്മപരിശോധന നടത്തുന്നത് അനുചിതമാണോ? ഒരിക്കലുമല്ല. ആത്മപരിശോധന നടത്താൻ അപ്പൊസ്‌തലനായ പൗലൊസ് ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചതു നിങ്ങൾ ഓർക്കുന്നുണ്ടാകും. അവൻ എഴുതി: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ.” (2 കൊരിന്ത്യർ 13:5) ഏതെങ്കിലും തരത്തിലുള്ള ആത്മീയ ബലഹീനതകൾ വികാസംപ്രാപിച്ചിട്ടുണ്ടെങ്കിൽ അവ തിരിച്ചറിഞ്ഞ് തിരുത്തുകയെന്ന ലക്ഷ്യത്തിൽ സമനിലയോടുകൂടിയ ഒരു ആത്മപരിശോധന നടത്താനാണ് പൗലൊസ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. താൻ വിശ്വാസത്തിൽ ഇരിക്കുന്നുവോയെന്നു സ്വയം പരിശോധിക്കുന്ന ക്രിസ്‌ത്യാനി, തന്റെ വാക്കുകളും പ്രവൃത്തികളും താൻ പിൻപറ്റുന്നതായി അവകാശപ്പെടുന്ന വിശ്വാസത്തിനു ചേർച്ചയിലാണോ എന്നു തിട്ടപ്പെടുത്തണം. എന്നാൽ ഈ ആത്മപരിശോധന വഴിതെറ്റിയാൽ, അതായത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തിനോ ക്രിസ്‌തീയ സഭയ്‌ക്കോ വെളിയിലാണ് നാം ഉത്തരങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അത് അർഥരഹിതവും ആത്മീയമായി വിനാശകരവും ആയിരിക്കും. * നമ്മുടെ ‘വിശ്വാസക്കപ്പൽ തകർന്നുപോകാൻ’ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.—1 തിമൊഥെയൊസ് 1:19.
നാം വെല്ലുവിളികൾക്ക് അതീതരല്ല
8, 9. (എ) മോശെ ആത്മവിശ്വാസമില്ലായ്‌മ പ്രകടമാക്കിയത് എങ്ങനെ? (ബി) മോശെയുടെ അപര്യാപ്‌തതാബോധത്തോട് യഹോവ പ്രതികരിച്ചത് എങ്ങനെ? (സി) യഹോവയുടെ ധൈര്യപ്പെടുത്തൽ നിങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
8 ചില ക്രിസ്‌ത്യാനികൾക്ക് ചിലപ്പോഴൊക്കെ ആത്മവിശ്വാസമില്ലായ്‌മ അനുഭവപ്പെടുന്നെങ്കിൽ അതു തങ്ങളുടെ ഭാഗത്തെ ഒരു പരാജയമായി അവർ വീക്ഷിക്കണമോ? തീർച്ചയായും വേണ്ട! വാസ്‌തവത്തിൽ, അത്തരം തോന്നലുകൾ ഒരു പുതിയ സംഗതിയല്ല എന്നറിയുന്നതിൽ അവർക്ക് ആശ്വാസം കണ്ടെത്താൻ കഴിയും. പൂർവകാലത്തെ വിശ്വസ്‌തരായ സാക്ഷികൾക്കും ആ അനുഭവം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അസാധാരണമായ വിശ്വാസവും വിശ്വസ്‌തതയും ദൈവഭക്തിയും പ്രകടമാക്കിയ മോശെയുടെ കാര്യമെടുക്കുക. ദുഷ്‌കരമെന്നു തോന്നിയ ഒരു ദൗത്യം ഭരമേൽപ്പിക്കപ്പെട്ടപ്പോൾ മോശെ, വിമുഖതയോടെ ഇങ്ങനെ ചോദിച്ചു: ‘ഞാൻ എന്തു മാത്രമുള്ളൂ?’ (പുറപ്പാടു 3:11) വ്യക്തമായും മോശെയുടെ ചിന്ത ഇതായിരുന്നു: ‘ഞാൻ നിസ്സാരനാണ്!’ അല്ലെങ്കിൽ ‘അതിനുള്ള പ്രാപ്‌തിയൊന്നും എനിക്കില്ല!’ മോശെയുടെ ജീവിത പശ്ചാത്തലത്തിന്റെ വ്യത്യസ്‌ത വശങ്ങൾ അങ്ങനെ ചിന്തിക്കാൻ അവനെ പ്രേരിപ്പിച്ചിരിക്കാം: അടിമത്തം പേറിയിരുന്ന ഒരു ജനതയുടെ ഭാഗമായിരുന്നു അവൻ. സ്വന്തജനമായ ഇസ്രായേല്യർ അവനെ തള്ളിക്കളഞ്ഞിരുന്നു. അവൻ വാക്‌ചാതുര്യമുള്ള ഒരു പ്രസംഗകൻ ആയിരുന്നില്ല. (പുറപ്പാടു 1:13, 14; 2:11-14; 4:10) ഈജിപ്‌തുകാർ നികൃഷ്ടമായി വീക്ഷിച്ചിരുന്ന ഒരു തൊഴിലാണ് അവൻ ചെയ്‌തിരുന്നത്, ആടുകളെ മേയ്‌ക്കൽ. (ഉല്‌പത്തി 46:4) ദൈവജനത്തെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാൻ താൻ യോഗ്യനല്ലെന്നു മോശെക്കു തോന്നിയതു സ്വാഭാവികംമാത്രം!
9 ശക്തമായ രണ്ടു വാഗ്‌ദാനങ്ങൾ നൽകിക്കൊണ്ട് യഹോവ മോശെയെ ബലപ്പെടുത്തി: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും.” (പുറപ്പാടു 3:12) വിമുഖത കാണിച്ച തന്റെ ദാസനോട് താൻ എല്ലായ്‌പോഴും കൂടെയുണ്ടാകും എന്നു പറയുകയായിരുന്നു ദൈവം. കൂടാതെ, തന്റെ ജനത്തെ ഉറപ്പായും വിടുവിക്കുമെന്നും യഹോവ സൂചിപ്പിക്കുകയായിരുന്നു. നൂറ്റാണ്ടുകളിൽ ഉടനീളം ദൈവം അത്തരം സഹായ വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഇസ്രായേല്യർ വാഗ്‌ദത്തനാട്ടിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് യഹോവ മോശെ മുഖാന്തരം അവരോട് ഇങ്ങനെ പറഞ്ഞു: “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ. . . . നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” (ആവർത്തനപുസ്‌തകം 31:6) യഹോവ യോശുവയെയും ധൈര്യപ്പെടുത്തി: “നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‌ക്കുകയില്ല. ഞാൻ . . . നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.” (യോശുവ 1:5) അവൻ ക്രിസ്‌ത്യാനികൾക്ക് ഈ ഉറപ്പുനൽകുന്നു: ‘“ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല”’ (എബ്രായർ 13:5) അത്തരമൊരു ഉറച്ച പിന്തുണ, ക്രിസ്‌ത്യാനികളായിരിക്കുന്നതിൽ അഭിമാനംകൊള്ളാൻ തീർച്ചയായും നമ്മെ പ്രേരിപ്പിക്കണം.
10, 11. യഹോവയെ സേവിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ശരിയായ മനോഭാവം നിലനിറുത്തുന്നതിന് ലേവ്യനായ ആസാഫിന് സഹായം ലഭിച്ചത് എങ്ങനെ?
10 മോശെയുടെ കാലത്തിന് അഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ചിരുന്ന ഒരു ലേവ്യനായ ആസാഫ്, നീതിപൂർവകമായ ഒരു ഗതി പിന്തുടരുന്നതിന്റെ മൂല്യത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന സംശയങ്ങൾ തുറന്നെഴുതി. പരിശോധനകൾക്കും പ്രലോഭനങ്ങൾക്കും നടുവിൽ ദൈവത്തെ സേവിക്കാൻ കഠിനമായി പ്രയത്‌നിക്കവേ, ദൈവത്തെ പുച്ഛിക്കുന്ന ആളുകൾ കൂടുതൽ പ്രബലരും സമ്പന്നരും ആകുന്നത് ആസാഫ് കണ്ടു. അത് അവനെ എങ്ങനെ ബാധിച്ചു? “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി,” അവൻ സമ്മതിച്ചുപറയുന്നു. യഹോവയുടെ ഒരു ആരാധകനായിരിക്കുന്നതിന്റെ മൂല്യത്തെ അവൻ സംശയിച്ചുതുടങ്ങി. “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്‌മയിൽ കഴുകിയതും വ്യർത്ഥമത്രേ” എന്ന് ആസാഫ് വിചാരിച്ചു. “ഞാൻ ഇടവിടാതെ ബാധിതനായിരുന്നു” എന്നും അവൻ കൂട്ടിച്ചേർക്കുന്നു.—സങ്കീർത്തനം 73:2, 3, 13, 14.
11 അസ്വസ്ഥജനകമായ ഈ വികാരങ്ങളെ ആസാഫ് എങ്ങനെയാണു കൈകാര്യംചെയ്‌തത്? തനിക്ക് അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് അവൻ പറഞ്ഞോ? ഇല്ല. പ്രാർഥനയിൽ അവൻ ആ വികാരങ്ങൾ ദൈവമുമ്പാകെ പകർന്നു, 73-ാം സങ്കീർത്തനത്തിൽ അതു കാണാവുന്നതാണ്. ആസാഫിന്റെ കാര്യത്തിൽ ഒരു വഴിത്തിരിവായത് ആലയത്തിലേക്കുള്ള ഒരു സന്ദർശനമായിരുന്നു. അവിടെ ആയിരിക്കെ, ദൈവഭക്തിയോളം മെച്ചപ്പെട്ട മറ്റൊരു ഗതിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. യഹോവയുടെ സേവനത്തോടുള്ള വിലമതിപ്പു പുതുക്കപ്പെട്ടപ്പോൾ, യഹോവ തിന്മയെ വെറുക്കുന്നെന്നും ഉചിതമായ സമയത്ത് ദുഷ്ടന്മാർ നശിപ്പിക്കപ്പെടുമെന്നും അവൻ മനസ്സിലാക്കി. (സങ്കീർത്തനം 73:17-19) തന്റെ മനോഭാവത്തിനു തിരുത്തൽ ലഭിച്ചപ്പോൾ, യഹോവയുടെ ദാസനായിരിക്കാനുള്ള വിശിഷ്ടമായ പദവി ലഭിച്ച വ്യക്തിയാണ് താൻ എന്ന ആസാഫിന്റെ ബോധ്യം ഊട്ടിയുറപ്പിക്കപ്പെട്ടു. അവൻ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 73:23, 24) ആസാഫ് വീണ്ടും തന്റെ ദൈവത്തിൽ ‘അഭിമാനംകൊള്ളാൻ’ തുടങ്ങി.—സങ്കീർത്തനം 34:2, NW.
തങ്ങൾ ആരാണെന്നു തിരിച്ചറിയിക്കുന്നതിൽ അഭിമാനംകൊണ്ടവർ
12, 13. ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിൽ അഭിമാനംകൊണ്ടിരുന്ന ബൈബിൾ കഥാപാത്രങ്ങൾക്ക് ഉദാഹരണങ്ങൾ പറയുക.
12 നാം ആരാണെന്നുള്ള ഗ്രാഹ്യം ശക്തിപ്പെടുത്താനുള്ള ഒരു മാർഗം, വിശ്വസ്‌ത ആരാധകരുടെ വിശ്വാസം പരിശോധിക്കുകയും അനുകരിക്കുകയും ചെയ്യുക എന്നതാണ്. പ്രതികൂല സാഹചര്യങ്ങൾക്കു നടുവിലും ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിൽ അഭിമാനംകൊണ്ട വ്യക്തികളാണ് ഇവർ. യാക്കോബിന്റെ പുത്രനായ യോസേഫിനെക്കുറിച്ചു ചിന്തിക്കുക. ചെറുപ്രായത്തിൽ ചതിയിലൂടെ അടിമയായി വിൽക്കപ്പെട്ട അവൻ നൂറുകണക്കിനു കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥലത്തേക്ക്, ഈജിപ്‌തിലേക്ക് പറിച്ചുനടപ്പെട്ടു. അങ്ങനെ ദൈവഭയമുള്ള പിതാവിൽനിന്ന് അവൻ ഒറ്റപ്പെട്ടു. കുടുംബത്തിന്റെ പിന്തുണയും ഊഷ്‌മളമായ അന്തരീക്ഷവും അവനു നഷ്ടമായി. ഈജിപ്‌തിൽ, ദൈവിക മാർഗനിർദേശത്തിനായി സമീപിക്കാൻ ആരുമില്ലാതിരുന്ന അവസ്ഥയിൽ, അവന്റെ ധാർമികതയെയും ദൈവത്തിലുള്ള ആശ്രയത്തെയും പരിശോധിച്ച വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ അവനു കടന്നുപോകേണ്ടിവന്നു. എന്നിരുന്നാലും താൻ ഒരു ദൈവദാസനാണെന്നു തിരിച്ചറിയിക്കാൻ അവൻ വ്യക്തമായും മനഃപൂർവശ്രമം നടത്തി, ശരിയെന്നു തനിക്കു തോന്നിയ കാര്യങ്ങളിൽ അവൻ ഉറച്ചുനിന്നു. പ്രതികൂല ചുറ്റുപാടുകളിൽപ്പോലും യഹോവയുടെ ഒരു സേവകനായിരിക്കുന്നതിൽ അവൻ അഭിമാനംകൊണ്ടു, ആ അഭിമാനം തുറന്നു പ്രകടിപ്പിക്കുന്നതിൽ അവൻ തെല്ലും വിമുഖത കാണിച്ചതുമില്ല.—ഉല്‌പത്തി 39:7-10.
13 എട്ടു നൂറ്റാണ്ടുകൾ കഴിഞ്ഞ്, അരാമ്യ സേനാനായകനായ നയമാന്റെ അടിമയായിത്തീർന്ന ഒരു ഇസ്രായേല്യ ബാലികയും യഹോവയുടെ ആരാധികയാണ് താൻ എന്നു തിരിച്ചറിയിക്കാൻ മറന്നില്ല. അവസരം വന്നപ്പോൾ, എലീശായെ സത്യദൈവത്തിന്റെ പ്രവാചകനായി തിരിച്ചറിയിച്ചുകൊണ്ട് അവൾ യഹോവയെക്കുറിച്ച് മികച്ച ഒരു സാക്ഷ്യം നൽകി. (2 രാജാക്കന്മാർ 5:1-19) വർഷങ്ങൾക്കുശേഷം യോശീയാവ് എന്ന യുവരാജാവ്, ദുഷിച്ച ചുറ്റുപാടുകളിൽപ്പോലും ദീർഘകാലാടിസ്ഥാനത്തിലുള്ള മതപരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. അവൻ ദൈവത്തിന്റെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയും തന്റെ ജനതയെ യഹോവയിങ്കലേക്കു തിരികെ വരുത്തുകയും ചെയ്‌തു. തന്റെ വിശ്വാസത്തിലും ആരാധനയിലും അവൻ അഭിമാനംകൊണ്ടു. (2 ദിനവൃത്താന്തം 34, 35 അധ്യായങ്ങൾ) ബാബിലോണിൽ ആയിരുന്ന ദാനീയേലും അവന്റെ മൂന്നു സഹകാരികളും യഹോവയുടെ ദാസന്മാരാണു തങ്ങളെന്നു തിരിച്ചറിയിക്കാൻ ഒരിക്കലും മറന്നില്ല. സമ്മർദങ്ങളുടെയും പ്രലോഭനങ്ങളുടെയും നടുവിലും അവർ നിർമലത കാത്തുസൂക്ഷിച്ചു. വ്യക്തമായും, യഹോവയുടെ ദാസന്മാർ ആയിരിക്കുന്നതിൽ അവർ അഭിമാനംകൊണ്ടിരുന്നു.—ദാനീയേൽ 1:8-20.
ക്രിസ്‌ത്യാനിയായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനിക്കുക
14, 15. ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ അഭിമാനംകൊള്ളുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
14 ഈ ദൈവദാസന്മാരെല്ലാം ദൈവമുമ്പാകെയുള്ള തങ്ങളുടെ നിലയിൽ ആരോഗ്യാവഹമായ അഭിമാനബോധം വളർത്തിയെടുത്തിരുന്നു. അതുകൊണ്ടാണ് അവർക്കു വിജയിക്കാനായത്. ഇന്നു നമ്മെ സംബന്ധിച്ചെന്ത്? ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ അഭിമാനംകൊള്ളുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
15 പ്രാഥമികമായി ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് യഹോവയുടെ അനുഗ്രഹവും അംഗീകാരവും ഉള്ള, അവന്റെ നാമംവഹിക്കുന്ന ജനത്തിന്റെ ഭാഗമായിരിക്കുന്നതിൽ ആഴമായ കൃതജ്ഞത പ്രകടിപ്പിക്കുന്നതാണ്. തനിക്കുള്ളവർ ആരെന്ന കാര്യത്തിൽ ദൈവത്തിനു യാതൊരു സംശയവുമില്ല. മതപരമായ ചിന്താക്കുഴപ്പം വലിയ അളവിൽ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “കർത്താവു തനിക്കുള്ളവരെ അറിയുന്നു.” (2 തിമൊഥെയൊസ് 2:19; സംഖ്യാപുസ്‌തകം 16:5) “തനിക്കുള്ള”വരെക്കുറിച്ച് യഹോവ അഭിമാനംകൊള്ളുന്നു. അവൻ പ്രഖ്യാപിക്കുന്നു: ‘നിങ്ങളെ തൊടുന്നവൻ [എന്റെ] കണ്മണിയെ തൊടുന്നു.’ (സെഖര്യാവു 2:8) സംശയലേശമെന്യേ, യഹോവ നമ്മെ സ്‌നേഹിക്കുന്നു. അതിനു പകരമായി നമുക്ക് എന്തു ചെയ്യാൻ കഴിയും? ദൈവവുമായി നമുക്കുള്ള ബന്ധവും അവനോടുള്ള ആഴമായ സ്‌നേഹത്തിൽ അധിഷ്‌ഠിതമായിരിക്കണം. പൗലൊസ് ഇങ്ങനെ എഴുതി: “ഒരുത്തൻ ദൈവത്തെ സ്‌നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.”—1 കൊരിന്ത്യർ 8:3.
16, 17. പ്രായഭേദമെന്യേ എല്ലാ ക്രിസ്‌ത്യാനികൾക്കും തങ്ങളുടെ ആത്മീയ പൈതൃകത്തിൽ അഭിമാനംകൊള്ളാൻ കഴിയുന്നത് എന്തുകൊണ്ട്?
16 യഹോവയുടെ സാക്ഷികളായി വളർന്നുവന്ന ചെറുപ്പക്കാർ, തങ്ങൾ ആരാണെന്നതു സംബന്ധിച്ച അവബോധം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ബലിഷ്‌ഠമായിത്തീരുന്നുണ്ടോ എന്നു പരിശോധിക്കണം. അവർക്കു കേവലം തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസത്തിന്റെ തണലിൽ നിലകൊള്ളുക സാധ്യമല്ല. ദൈവത്തിന്റെ ഓരോ ദാസനെയും കുറിച്ച് പൗലൊസ് എഴുതുന്നു: “അവൻ നില്‌ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ.” അവൻ തുടരുന്നു: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.” (റോമർ 14:4, 12) മാതാപിതാക്കളിൽനിന്നു കൈമാറിക്കിട്ടിയ വിശ്വാസം അർധമനസ്സോടെ പിന്തുടരുന്നത് യഹോവയുമായുള്ള അടുത്ത, ദീർഘകാല ബന്ധത്തിനു സംഭാവനചെയ്യുകയില്ലെന്നു വ്യക്തം.
17 ചരിത്രത്തിലുടനീളം—ഏതാണ്ട് 60 നൂറ്റാണ്ടുകൾക്കുമുമ്പു ജീവിച്ചിരുന്ന വിശ്വസ്‌തനായ ഹാബേൽമുതൽ ആധുനികകാലത്തെ സാക്ഷികളായ മഹാപുരുഷാരംവരെ—യഹോവയുടെ സാക്ഷികളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായിരുന്നിട്ടുണ്ട്. നിത്യഭാവി ആസ്വദിക്കാനിരിക്കുന്ന, യഹോവയുടെ സത്യാരാധകരുടെ കൂട്ടങ്ങളിലേക്ക് ആ നിര നീളുന്നു. (വെളിപ്പാടു 7:9; എബ്രായർ 11:4) ഈ പരമ്പരയിൽ ഏറ്റവും അടുത്തകാലത്ത് ചേർക്കപ്പെട്ട കണ്ണികളാണു നാം. എത്ര മഹത്തായ ആത്മീയ പൈതൃകമാണു നമുക്കുള്ളത്!
18. നമ്മുടെ മൂല്യങ്ങളും നിലവാരങ്ങളും നമ്മെ ലോകത്തിൽനിന്നു വ്യതിരിക്തരാക്കുന്നത് എങ്ങനെ?
18 ഒരു ക്രിസ്‌ത്യാനിയായിരിക്കുന്നതിൽ, ക്രിസ്‌ത്യാനികളെന്ന നിലയിൽ നമ്മെ തിരിച്ചറിയിക്കുന്ന നമ്മുടെ മൂല്യങ്ങളും ഗുണങ്ങളും നിലവാരങ്ങളും സവിശേഷതകളും കൂടെ ഉൾപ്പെടുന്നു. വിജയകരവും ദൈവത്തിനു പ്രസാദകരവും ആയ ഏക“മാർഗ്ഗ”മാണ് ഇത്. (പ്രവൃത്തികൾ 9:2; എഫെസ്യർ 4:22-24) ക്രിസ്‌ത്യാനികൾ “സകലവും ശോധന”ചെയ്യുകയും ‘നല്ലതു മുറുകെ പിടിക്കുകയും’ ചെയ്യുന്നു. (1 തെസ്സലൊനീക്യർ 5:21) ക്രിസ്‌ത്യാനിത്വവും ദൈവത്തിൽനിന്ന് അന്യപ്പെട്ട ലോകവും തമ്മിലുള്ള വലിയ അന്തരം സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം നമുക്കുണ്ട്. സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് യഹോവ യാതൊരു ആശയക്കുഴപ്പവും അവശേഷിപ്പിച്ചിട്ടില്ല. തന്റെ പ്രവാചകനായ മീഖായിലൂടെ അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.”—മലാഖി 3:18.
19. സത്യക്രിസ്‌ത്യാനികൾക്ക് ഒരിക്കലും എന്തു സംഭവിക്കുകയില്ല?
19 കുത്തഴിഞ്ഞ ഈ ലോകത്തിൽ യഹോവയിൽ അഭിമാനംകൊള്ളുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ അതിൽ തുടരുന്നതിലും നാം ആരാണെന്നതു സംബന്ധിച്ച അവബോധം നിലനിറുത്തുന്നതിലും നമ്മെ സഹായിക്കാൻ എന്തിനു കഴിയും? സഹായകമായ നിർദേശങ്ങൾ അടുത്ത ലേഖനത്തിലുണ്ട്. ആ നിർദേശങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഒരു കാര്യം സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാൻ കഴിയും: യഥാർഥ ക്രിസ്‌ത്യാനികൾ ഒരിക്കലും “നിസ്സംഗതാവാദ”ത്തിന് ഇരകളായിത്തീരുകയില്ല.
[അടിക്കുറിപ്പ്]
^ ഖ. 7 ആത്മീയ വിധത്തിൽ നാം ആരാണെന്നതു മാത്രമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. മാനസിക പ്രശ്‌നങ്ങളുള്ള ചിലർക്ക് വിദഗ്‌ധ ചികിത്സ തേടേണ്ടതായി വന്നേക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• ക്രിസ്‌ത്യാനികൾക്ക് ‘യഹോവയിൽ അഭിമാനംകൊള്ളാൻ’ കഴിയുന്നത് എങ്ങനെ?
• മോശെയുടെയും ആസാഫിന്റെയും ദൃഷ്ടാന്തങ്ങളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
• യഹോവയ്‌ക്കുള്ള തങ്ങളുടെ സേവനത്തിൽ അഭിമാനംകൊണ്ട ബൈബിൾ കഥാപാത്രങ്ങൾ ആരെല്ലാം?
• ക്രിസ്‌ത്യാനികളായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനംകൊള്ളുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
[അധ്യയന ചോദ്യങ്ങൾ]
[14-ാം പേജിലെ ചിത്രം]
ഒരു കാലയളവിൽ, മോശെക്ക് ആത്മവിശ്വാസമില്ലായ്‌മ അനുഭവപ്പെട്ടിരുന്നു
[15-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ പുരാതന ദാസന്മാരിൽ പലരും, വ്യത്യസ്‌തരായി തിരിച്ചറിയപ്പെടുന്നതിൽ അഭിമാനംകൊണ്ടിരുന്നു