വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ യോഗ്യരായവരെ തേടുന്നു

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ യോഗ്യരായവരെ തേടുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ യോഗ്യരായവരെ തേടുന്നു

ഓസ്‌ട്രേലിയയ്‌ക്ക്‌ വിശാലമായ ഉൾപ്രദേശങ്ങളുണ്ട്‌. ഇവയിൽ ചിലതിൽ 12 വർഷമായി സാക്ഷീകരണം നടന്നിട്ടില്ലായിരുന്നു. അതുകൊണ്ട്‌ വടക്കൻ പ്രദേശത്തിന്റെ തലസ്ഥാനമായ ഡാർവിനിലെ യഹോവയുടെ സാക്ഷികൾ ഈ ഉൾപ്രദേശങ്ങളിൽ സുവാർത്തയ്‌ക്കു യോഗ്യരായവരെ അന്വേഷിച്ചു പോകാനായി ഒമ്പതുദിവസത്തെ സമഗ്ര-സാക്ഷീകരണ പരിപാടി ക്രമീകരിച്ചു.​—⁠മത്തായി 10:11.

യാത്ര തിരിക്കുന്നതിന്‌ 12 മാസം മുമ്പുതന്നെ ശ്രദ്ധാപൂർവകമായ ആസൂത്രണം ആരംഭിച്ചിരുന്നു. 8,00,000-ത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള, അതായത്‌ ന്യൂസിലൻഡിന്റെ മൂന്നിരട്ടി വലുപ്പമുള്ള, ഒരു പ്രദേശത്തിന്റെ മാപ്പ്‌ അവർ തയ്യാറാക്കി. ഓരോ ഫാമിന്റെയും മുൻവശത്തെ ഗേറ്റിൽനിന്ന്‌ ശരാശരി 30-ലധികം കിലോമീറ്റർ ദൂരത്തായിരിക്കും ഒരു വീടു സ്ഥിതിചെയ്യുന്നത്‌! ഒറ്റപ്പെട്ട ഈ ഉൾപ്രദേശങ്ങൾ എത്രമാത്രം വിശാലമാണെന്നതു സംബന്ധിച്ച്‌ ഇപ്പോൾ ഒരു ഏകദേശധാരണ കിട്ടിയില്ലേ? മാത്രമല്ല, ഫാമുകൾ തമ്മിൽ ചിലപ്പോഴൊക്കെ 300 കിലോമീറ്ററോ അതിലേറെയോ ദൂരം കാണും.

ഈ സാക്ഷീകരണ പരിപാടിയിൽ പങ്കെടുക്കാനായി മൊത്തം 145 സന്നദ്ധസാക്ഷികൾ മുന്നോട്ടുവന്നു. ടാസ്‌മാനിയയിൽനിന്നുപോലും ചിലരെത്തി. ചിലർക്ക്‌ നാലുചക്രവാഹനങ്ങൾ ഉണ്ടായിരുന്നു, യാത്രയ്‌ക്കും തമ്പടിക്കുന്നതിനും മറ്റുമുള്ള സാമഗ്രികളും വണ്ടിയുടെ സ്‌പെയർപാർട്‌സുകളും ഇന്ധനവുമെല്ലാം അവർ കരുതിയിരുന്നു. മറ്റുചിലർ ഇതെല്ലാം ട്രെയിലറുകളിലാണു കൊണ്ടുവന്നത്‌. യാത്രയ്‌ക്കുപറ്റിയ നാലുചക്രവാഹനങ്ങൾ ഇല്ലാതിരുന്നവർക്കുവേണ്ടി 22 സീറ്റുകളുള്ള രണ്ടു ബസ്സുകൾ വാടകയ്‌ക്കെടുത്തു. ബസ്സിൽ പോയവർ, സാക്ഷീകരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ കൊച്ചുകൊച്ചു പട്ടണങ്ങളിലെ നിവാസികളോടു സുവാർത്ത പ്രസംഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

യാത്ര തുടങ്ങുന്നതിനു മുമ്പ്‌, അസാധാരണമായ ഈ പ്രദേശത്തു സുവാർത്ത പ്രസംഗിക്കേണ്ടത്‌ എങ്ങനെയെന്നു വ്യക്തമാക്കുന്ന പ്രസംഗങ്ങളും പ്രകടനങ്ങളും ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ക്രമീകരിച്ചിരുന്നു. ഉദാഹരണത്തിന്‌, ആദിവാസി സമൂഹത്തോട്‌ ഫലപ്രദമായി സുവാർത്ത പ്രസംഗിക്കണമെങ്കിൽ ചില പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയും അവരുടെ ആചാരങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കുകയും വേണം. വന്യജീവി സംരക്ഷണത്തോടു ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളും ചർച്ചചെയ്യുകയുണ്ടായി.

ഈ ശ്രമത്തിന്‌ വിസ്‌മയകരമായ നിരവധി ഫലങ്ങൾ ലഭിച്ചു. ഉദാഹരണത്തിന്‌, ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളിലൊന്നിൽ സഹോദരങ്ങൾ ഒരു ബൈബിളധിഷ്‌ഠിത പരസ്യപ്രസംഗം നടത്താൻ ക്രമീകരണം ചെയ്‌തു. ആ സമുദായത്തിൽ നേതൃസ്ഥാനം വഹിച്ചിരുന്ന സ്‌ത്രീതന്നെ ചെന്ന്‌ എല്ലാവർക്കും അതുസംബന്ധിച്ച അറിയിപ്പ്‌ നൽകുകയുണ്ടായി. തുടർന്ന്‌ കൂടിവന്നവർക്ക്‌ അഞ്ച്‌ പുസ്‌തകങ്ങളും 41 ലഘുപത്രികകളും സമർപ്പിച്ചു. വേറൊരു സ്ഥലത്ത്‌ ആദിവാസികളിൽപ്പെട്ട ഒരാളെ കണ്ടുമുട്ടി. അയാൾക്ക്‌ സ്വന്തമായി ഒരു ബൈബിൾപോലും ഉണ്ടായിരുന്നു, ജെയിംസ്‌ രാജാവിന്റെ ഭാഷാന്തരം. പക്ഷേ അത്‌ വളരെ പഴയതും കീറിപ്പറിഞ്ഞതും ആയിരുന്നു. ദൈവത്തിന്റെ നാമം എന്താണെന്ന്‌ അറിയാമോയെന്ന്‌ ചോദിച്ചപ്പോൾ അറിയാമെന്ന്‌ അയാൾ പറഞ്ഞു, എന്നിട്ട്‌ തന്റെ കീശയിൽനിന്ന്‌ വീക്ഷാഗോപുരം മാസികയുടെ ഒരു പഴയ പ്രതി പുറത്തെടുത്തു. അതിൽനിന്ന്‌ ‘നിന്റെ ദൈവമായ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടെ . . . സ്‌നേഹിക്കേണം’ എന്ന മർക്കൊസ്‌ 12:​30-ാം വാക്യം അയാൾ വായിച്ചു. “എനിക്ക്‌ ആ തിരുവെഴുത്ത്‌ വളരെ ഇഷ്ടമാണ്‌” അയാൾ പറഞ്ഞു. ബൈബിളിന്റെ വിശദമായ ഒരു ചർച്ചയ്‌ക്കുശേഷം അയാൾ ഒരു പുതിയ ബൈബിളും ബൈബിൾസാഹിത്യങ്ങളും സ്വീകരിച്ചു.

കാർപെന്റേറിയ ഉൾക്കടലിനടുത്ത്‌ പത്തുലക്ഷം ഏക്കർ വിസ്‌തൃതിയുള്ള ഒരു ഫാമിന്റെ തലവൻ രാജ്യസന്ദേശത്തിൽ അൽപ്പം താത്‌പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തെ എന്റെ ബൈബിൾ കഥാ പുസ്‌തകം, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്നീ പ്രസിദ്ധീകരണങ്ങൾ കാണിച്ചപ്പോൾ, ക്രയോൾ ഭാഷയിലുള്ള എന്തെങ്കിലും സാഹിത്യം ലഭ്യമാണോ എന്ന്‌ അദ്ദേഹം ചോദിച്ചു. ഇതു വളരെ അസാധാരണമായി തോന്നി, കാരണം പല ആദിവാസികളും ക്രയോൾ ഭാഷ സംസാരിക്കുമെങ്കിലും വായിക്കാൻ അറിയാവുന്നവർ ചുരുക്കമായിരുന്നു. ആ ഫാമിലുണ്ടായിരുന്ന 50 പണിക്കാർക്കും ക്രയോൾ വായിക്കാൻ അറിയാമായിരുന്നു. ക്രയോൾ ഭാഷയിൽ ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചപ്പോൾ തലവന്‌ ഒരുപാടു സന്തോഷമായി. പിന്നീട്‌ സാക്ഷികൾക്കു ബന്ധപ്പെടാനായി അദ്ദേഹം സന്തോഷത്തോടെ തന്റെ ഫോൺനമ്പർ നൽകി.

ഒമ്പതു ദിവസത്തെ ശുഷ്‌കാന്തിയോടെയുള്ള സാക്ഷീകരണത്തിൽ 120 ബൈബിളുകൾ, 770 പുസ്‌തകങ്ങൾ, 705 മാസികകൾ, 1,965 ലഘുപത്രികകൾ എന്നിവ സമർപ്പിച്ചു. കൂടാതെ, 720 മടക്കസന്ദർശനങ്ങൾ നടത്താൻ കഴിഞ്ഞു. 215 ബൈബിളധ്യയനങ്ങൾ തുടങ്ങി.

അതേ, ഈ വിശാലമായ പ്രദേശത്ത്‌ ചിതറിപ്പാർക്കുന്ന, സുവിശേഷത്തിനു യോഗ്യരായ അനേരുടെ ആത്മീയ വിശപ്പ്‌ ഒടുവിൽ തൃപ്‌തിപ്പെടുത്തപ്പെടുകയായിരുന്നു.​—⁠മത്തായി 5:⁠6.

[അടിക്കുറിപ്പ്‌]

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[30-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഓസ്‌ട്രേലിയ

വടക്കൻ ഭാഗം

ഡാർവിൻ

കാർപെന്റേറിയ കടലിടുക്ക്‌

സിഡ്‌നി

ടാസ്‌മാനിയ