വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിശ്വാസം നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നുവോ?

നിങ്ങളുടെ വിശ്വാസം നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നുവോ?

നിങ്ങളുടെ വിശ്വാസം നിങ്ങളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നുവോ?

തന്റെ ദാസന്റെ പക്ഷവാതം സുഖപ്പെടുത്താൻ യേശുവിനു കഴിയുമെന്ന്‌ ആ പട്ടാളമേധാവിക്കു നല്ല ഉറപ്പുണ്ടായിരുന്നു. എന്നാൽ യേശുവിനെ അദ്ദേഹം തന്റെ വീട്ടിലേക്കു ക്ഷണിച്ചില്ല. തനിക്ക്‌ അതിനുള്ള യോഗ്യത ഇല്ലെന്നു ചിന്തിച്ചതിനാലോ അദ്ദേഹം ഒരു വിജാതീയൻ ആയിരുന്നതിനാലോ ആയിരിക്കാം അങ്ങനെ ചെയ്യാതിരുന്നത്‌. പകരം യേശുവിനോടു പിൻവരുന്ന പ്രകാരം പറയാൻ പ്രായമേറിയ ചില യഹൂദ പുരുഷന്മാരെ അവൻ അയച്ചു: “കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്‌പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.” ദൂരത്തുനിന്നുപോലും സൗഖ്യമാക്കാൻ തനിക്കു കഴിയുമെന്ന്‌ ആ മേധാവിക്കു വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയ യേശു, തന്നെ അനുഗമിച്ച ജനക്കൂട്ടത്തോടു പറഞ്ഞു: “യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”​—⁠മത്തായി 8:5-10; ലൂക്കൊസ്‌ 7:1-10.

വിശ്വാസത്തിന്റെ ഒരു അതിപ്രധാന സവിശേഷതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ അനുഭവത്തിനു നമ്മെ സഹായിക്കാൻ കഴിയും. യഥാർഥ വിശ്വാസം നിഷ്‌ക്രിയമായ ഒന്നല്ല. പ്രവർത്തനങ്ങളാൽ പിന്താങ്ങപ്പെടുന്ന ഒന്നാണത്‌. ബൈബിൾ എഴുത്തുകാരനായ യാക്കോബ്‌ വിശദീകരിക്കുന്നു: “വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.” (യാക്കോബ്‌ 2:17) ഈ സത്യത്തെ സുവ്യക്തമായി അവതരിപ്പിക്കുന്ന ഒരു യഥാർഥ അനുഭവം നമുക്കിപ്പോൾ പരിചിന്തിക്കാം. വിശ്വാസത്തിനുചേർന്ന പ്രവൃത്തികൾ ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്ന്‌ അതു പ്രകടമാക്കുന്നു.

പൊതുയുഗത്തിനുമുമ്പ്‌ 1513-ൽ, ന്യായപ്രമാണ ഉടമ്പടിയിലൂടെ ഇസ്രായേൽ ജനത യഹോവയാം ദൈവവുമായി ഒരു പ്രത്യേക ബന്ധത്തിൽ ആയിത്തീർന്നു. ആ ഉടമ്പടിയുടെ മധ്യസ്ഥൻ എന്ന നിലയിൽ മോശെ, ഇസ്രായേൽ മക്കളോടുള്ള ദൈവത്തിന്റെ അരുളപ്പാടുകൾ അറിയിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ . . . വിശുദ്ധജനവും ആകും.” (പുറപ്പാടു 19:3-6) അതേ, വിശുദ്ധരായി നിലകൊള്ളാൻ ഇസ്രായേല്യർ യഹോവയെ അനുസരിക്കേണ്ടിയിരുന്നു.

എന്നാൽ അനേകം നൂറ്റാണ്ടുകൾക്കുശേഷം യഹൂദർ, ന്യായപ്രമാണത്തിലെ തത്ത്വങ്ങൾ ബാധകമാക്കുന്നതിനെക്കാൾ പ്രാധാന്യം അതിന്റെ പഠനത്തിനു നൽകാൻ തുടങ്ങി. ഈശോ മിശിഹായുടെ ജീവിതവും കാലഘട്ടവും (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ആൽഫ്രഡ്‌ എഡർഷൈം ഇങ്ങനെ എഴുതി: “പ്രവൃത്തികളെക്കാൾ പ്രാധാന്യം പഠനത്തിനാണെന്ന്‌ ‘ലോകത്തിലെ മഹാന്മാരായ’ [റബ്ബിമാർ] വളരെ മുമ്പുതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്‌.”

ദൈവത്തിന്റെ നിബന്ധനകൾ ഉത്സാഹത്തോടെ പഠിക്കാൻ പുരാതന ഇസ്രായേല്യരോടു കൽപ്പിക്കപ്പെട്ടിരുന്നു എന്നതു ശരിയാണ്‌. ദൈവംതന്നെ ഇങ്ങനെ പറയുകയുണ്ടായി: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:6, 7) എന്നാൽ ന്യായപ്രമാണത്തിനു ചേർച്ചയിലുള്ളതോ അതു ചൂണ്ടിക്കാട്ടുന്നതോ ആയ കാര്യങ്ങൾ ചെയ്യുന്നതിനെക്കാൾ പ്രാധാന്യത്തോടെ ജനം അതു പഠിക്കണമെന്ന ഉദ്ദേശ്യം എന്നെങ്കിലും യഹോവയ്‌ക്കുണ്ടായിരുന്നോ? നമുക്കു നോക്കാം.

പണ്ഡിതോചിത പഠനം

ന്യായപ്രമാണം പഠിക്കാൻ ദൈവംതന്നെ ദിവസവും മൂന്നു മണിക്കൂർ ചെലവഴിക്കുന്നു എന്നായിരുന്നു യഹൂദന്മാരുടെ ഒരു പരമ്പരാഗത വിശ്വാസം. ആ സ്ഥിതിക്ക്‌ ന്യായപ്രമാണത്തിന്റെ പഠനത്തിന്‌ അങ്ങേയറ്റം പ്രാധാന്യം കൽപ്പിക്കുന്നത്‌ ഇസ്രായേല്യർക്കു ന്യായയുക്തമായി തോന്നിയിരിക്കാം. ‘ദൈവം ക്രമമായി ന്യായപ്രമാണം പഠിക്കുന്നെങ്കിൽ, അവന്റെ ഭൗമിക സൃഷ്ടികൾ അങ്ങനെ ചെയ്യുന്നതിൽ മുഴുകിയിരിക്കേണ്ടതല്ലേ?’ എന്നു ചില യഹൂദന്മാർ ന്യായവാദം ചെയ്‌തേക്കാവുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കുക എളുപ്പമാണ്‌.

ന്യായപ്രമാണം അപഗ്രഥിച്ചു വ്യാഖ്യാനിക്കുന്നതിൽ റബ്ബിമാർ കാണിച്ച അനിയന്ത്രിത താത്‌പര്യത്തിന്റെ ഫലമായി, പൊതുയുഗം ഒന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും അവരുടെ ചിന്താഗതി പൂർണമായും വികലമായിത്തീർന്നിരുന്നു. “ശാസ്‌ത്രിമാരും പരീശന്മാരും . . . പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ” എന്ന്‌ യേശു ചൂണ്ടിക്കാട്ടി. “അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽകൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.” (മത്തായി 23:2-4) ആ മതനേതാക്കന്മാർ അസംഖ്യം നിയമങ്ങളും നിയന്ത്രണങ്ങളുംകൊണ്ട്‌ സാധാരണക്കാരായ ആളുകളെ ഭാരപ്പെടുത്തി. എന്നാൽ അവയിൽനിന്നു തങ്ങളെത്തന്നെ സ്വതന്ത്രരാക്കുന്ന പഴുതുകൾ അവർ കൗശലപൂർവം ഉണ്ടാക്കിയെടുത്തു. തന്നെയുമല്ല, വിപുലമായ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആ വ്യക്തികൾ, “ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും” ചെയ്‌തു.​—⁠മത്തായി 23:16-24.

സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചതിന്റെ ഫലമായി ശാസ്‌ത്രിമാരും പരീശന്മാരും ഒടുവിൽ, തങ്ങൾ അങ്ങേയറ്റം ആദരിക്കുന്നതെന്ന്‌ അവർ അവകാശപ്പെട്ട ന്യായപ്രമാണത്തിന്റെതന്നെ ലംഘകർ ആയിത്തീർന്നുവെന്നത്‌ എന്തൊരു വൈരുധ്യമാണ്‌! ന്യായപ്രമാണത്തിലെ വാക്കുകളെയും മറ്റു നിസ്സാര വിശദാംശങ്ങളെയും കുറിച്ച്‌ നൂറ്റാണ്ടുകളോളം അവർ നടത്തിയ വാദപ്രതിവാദങ്ങൾ അവരെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചില്ല. മറിച്ച്‌ ‘വൃഥാലാപങ്ങൾ,’ ‘തർക്കസൂത്രങ്ങൾ,’ ‘വ്യാജമായ ജ്ഞാനം’ എന്നൊക്കെ അപ്പൊസ്‌തലനായ പൗലൊസ്‌ വിശേഷിപ്പിച്ച സംഗതികൾ ഉളവാക്കിയ വ്യതിചലനത്തിനു സമാനമായിരുന്നു അതിന്റെ പരിണതഫലം. (1 തിമൊഥെയൊസ്‌ 6:20, 21) ഇനിയും, അനന്തമായ ഗവേഷണം അവരെ സ്വാധീനിച്ച വിധം ഗുരുതരം ആയിരുന്നു. ശരിയായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരം വിശ്വാസം ആർജിക്കാൻ അവർക്കു സാധിച്ചില്ല.

ബുദ്ധികൂർമയുള്ള മനസ്സുകളും വിശ്വാസഹീനമായ ഹൃദയങ്ങളും

യഹൂദ മതനേതാക്കന്മാരുടെ ചിന്താഗതി, ദൈവത്തിന്റേതിൽനിന്ന്‌ എത്ര വ്യത്യസ്‌തമായിരുന്നു! ഇസ്രായേല്യർ വാഗ്‌ദത്തനാട്ടിൽ പ്രവേശിക്കുന്നതിന്‌ അൽപ്പംമുമ്പായി മോശെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്‌പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ.” (ആവർത്തനപുസ്‌തകം 32:46) ദൈവജനം ന്യായപ്രമാണത്തിന്റെ ഉത്സാഹമുള്ള പഠിതാക്കൾ മാത്രമല്ല അതു പ്രമാണിക്കുന്നവരും ആയിരിക്കേണ്ടിയിരുന്നു എന്നതു സുവ്യക്തമാണ്‌.

എന്നാൽ കൂടെക്കൂടെ ഇസ്രായേൽ ജനത യഹോവയോട്‌ അവിശ്വസ്‌ത പ്രകടിപ്പിച്ചു. ശരിയായ പ്രവൃത്തികൾ ചെയ്യുന്നതിനു പകരം ഇസ്രായേൽ മക്കൾ ‘അവനെ അവിശ്വസിക്കുകയും അവനോട്‌ അനുസരണക്കേടു കാട്ടുകയും ചെയ്‌തു.’ (ആവർത്തനപുസ്‌തകം 9:23; ന്യായാധിപന്മാർ 2:15, 16; 2 ദിനവൃത്താന്തം 24:18, 19; യിരെമ്യാവു 25:4-7) മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞുകൊണ്ട്‌ യഹൂദർ ഒടുവിൽ അവിശ്വസ്‌തതയുടെ ആഴങ്ങളിലേക്കു കൂപ്പുകുത്തി. (യോഹന്നാൻ 19:14-16) അവിശ്വസ്‌തതയുടെ ഏറ്റവും ഹീനമായ ആ പ്രവൃത്തിയെത്തുടർന്ന്‌ യഹോവയാം ദൈവം ഇസ്രായേല്യരെ തള്ളിക്കളയുകയും ജാതികളിലേക്കു തന്റെ ശ്രദ്ധ തിരിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 13:46.

ബുദ്ധികൂർമയുള്ള മനസ്സും എന്നാൽ വിശ്വാസമില്ലാത്ത ഹൃദയവുംകൊണ്ട്‌ ദൈവത്തെ ആരാധിക്കാൻ കഴിയുമെന്നു ചിന്തിച്ചുകൊണ്ട്‌ അതേ കെണിയിൽ വീഴാതിരിക്കാൻ നാം നിശ്ചയമായും ശ്രദ്ധയുള്ളവർ ആയിരിക്കണം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ ബൈബിൾ പഠനം ശിരോജ്ഞാനം നേടാനുള്ള ഒന്നുമാത്രം ആയിരിക്കരുത്‌. സൂക്ഷ്‌മപരിജ്ഞാനം ഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ട്‌ നമ്മുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കേണ്ടതുണ്ട്‌. നാം പച്ചക്കറി കൃഷി ചെയ്യുന്നതിനെക്കുറിച്ചു പഠിക്കുന്നതല്ലാതെ ഒരൊറ്റ വിത്തുപോലും നടുന്നില്ലെങ്കിൽ അതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നതിനെക്കുറിച്ചു നാം കുറെയൊക്കെ പരിജ്ഞാനം നേടിയേക്കാമെങ്കിലും വിളവെടുക്കാൻ നമുക്കു യാതൊന്നും ഉണ്ടായിരിക്കില്ല! സമാനമായി, ബൈബിൾ പഠനത്തിലൂടെ ദൈവത്തിന്റെ നിബന്ധനകളെക്കുറിച്ചു മനസ്സിലാക്കുന്ന വ്യക്തികൾ, സത്യത്തിന്റെ വിത്തുകൾ തങ്ങളുടെ ഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ അനുവദിക്കണം. അപ്പോൾമാത്രമേ ആ വിത്തുകൾ പൊട്ടിമുളച്ച്‌ അവരെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയുള്ളൂ.​—⁠മത്തായി 13:3-9, 19-23.

‘വചനം ചെയ്യുന്നവർ ആയിരിപ്പിൻ’

‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. (റോമർ 10:17) ദൈവത്തിന്റെ വചനം കേൾക്കുന്നത്‌ അവന്റെ പുത്രനായ യേശുക്രിസ്‌തുവിൽ വിശ്വാസം പ്രകടമാക്കാൻ നമ്മെ സഹായിക്കുന്നു. നാം അങ്ങനെ ചെയ്യുമ്പോൾ അതു നമ്മെ നിത്യജീവന്റെ പ്രത്യാശ ഉള്ളവർ ആക്കിത്തീർക്കുന്നു. അതേ, ‘ദൈവത്തിലും ക്രിസ്‌തുവിലും എനിക്കു വിശ്വാസമുണ്ട്‌’ എന്നു കേവലം പറയുന്നതിലധികം ആവശ്യമാണ്‌.

പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വിശ്വാസം ഉള്ളവർ ആയിരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ യേശു തന്റെ അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.” (യോഹന്നാൻ 15:8) പിന്നീട്‌ അവന്റെ അർധസഹോദരനായ യാക്കോബ്‌ ഇപ്രകാരം എഴുതി: ‘വചനം കേൾക്ക മാത്രം ചെയ്യാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.’ (യാക്കോബ്‌ 1:22) എന്നാൽ എന്താണു ചെയ്യേണ്ടത്‌ എന്നു നമുക്ക്‌ എങ്ങനെ അറിയാൻ കഴിയും? ദൈവത്തെ പ്രസാദിപ്പിക്കാൻ നാം എന്തു ചെയ്യണമെന്ന്‌ വാക്കാലും മാതൃകയാലും യേശു വ്യക്തമാക്കി.

ഭൂമിയിലായിരിക്കെ യേശു, രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനും പിതാവിന്റെ നാമത്തെ മഹത്ത്വപ്പെടുത്താനും കഠിനമായി യത്‌നിച്ചു. (യോഹന്നാൻ 17:4-8) അവൻ എങ്ങനെയാണ്‌ അതു ചെയ്‌തത്‌? രോഗികളെയും അംഗവൈകല്യമുള്ളവരെയും യേശു അത്ഭുതകരമായി സൗഖ്യമാക്കിയ കാര്യം അനേകം ആളുകൾക്കും ഓർക്കാൻ കഴിഞ്ഞേക്കും. എന്നാൽ അവൻ സ്വീകരിച്ച പ്രധാന മാർഗത്തെ വ്യക്തമാക്കിക്കൊണ്ട്‌ മത്തായിയുടെ സുവിശേഷം ഇങ്ങനെ പറയുന്നു: “യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും . . . ചെയ്‌തു.” ഏതാനും ചില സുഹൃത്തുക്കളോടോ പരിചയക്കാരോടോ അതുമല്ലെങ്കിൽ താൻ കണ്ടുമുട്ടിയ അയൽക്കാരോടോ അനൗപചാരികമായി സംസാരിക്കുന്നതിൽമാത്രം യേശു തന്റെ ശുശ്രൂഷ ഒതുക്കിനിറുത്തിയില്ല എന്നതു ശ്രദ്ധാർഹമാണ്‌. തനിക്കു ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുകൊണ്ട്‌ “ഗലീലയിൽ ഒക്കെയും” ഉള്ള ആളുകളെ സന്ദർശിക്കാൻ അവൻ തീവ്രമായി യത്‌നിച്ചു.​—⁠മത്തായി 4:23, 24; 9:35.

ശിഷ്യരാക്കൽ വേലയിൽ പങ്കുചേരാൻ യേശു തന്റെ അനുഗാമികൾക്കു നിർദേശം നൽകുകയും ചെയ്‌തു. അവർക്ക്‌ അനുകരിക്കാൻ അവൻ പൂർണതയുള്ള ഒരു മാതൃക വെച്ചു. (1 പത്രൊസ്‌ 2:21) തന്റെ വിശ്വസ്‌ത ശിഷ്യരോട്‌ അവൻ ഇപ്രകാരം പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”​—⁠മത്തായി 28:19, 20.

പ്രസംഗവേലയിൽ പങ്കെടുക്കുക എന്നത്‌ ഒരു യഥാർഥ വെല്ലുവിളിതന്നെയാണ്‌. യേശുതന്നെയും ഇങ്ങനെ പറഞ്ഞു: “ചെന്നായ്‌ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.” (ലൂക്കൊസ്‌ 10:3) എതിർപ്പുകൾ നേരിടുമ്പോൾ, അനാവശ്യമായ ദുഃഖമോ ഉത്‌കണ്‌ഠയോ ഒഴിവാക്കാൻവേണ്ടി പുറകോട്ടു വലിയുക എന്നത്‌ ഒരു സ്വാഭാവിക പ്രവണതയാണ്‌. യേശുവിനെ അറസ്റ്റു ചെയ്‌ത രാത്രിയിൽ സംഭവിച്ചതും അതുതന്നെയാണ്‌. ഭയന്നുപോയ അപ്പൊസ്‌തലന്മാർ ഓടിക്കളഞ്ഞു. പിന്നീട്‌ ആ രാത്രിയിൽത്തന്നെ പത്രൊസ്‌ യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു.​—⁠മത്തായി 26:56, 69-75.

കൂടുതലായി, സുവാർത്ത പ്രസംഗിക്കുന്നത്‌ തനിക്ക്‌ ഒരു പോരാട്ടമായിരുന്നെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌പോലും സമ്മതിച്ചുപറഞ്ഞു എന്നറിയുന്നത്‌ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. തെസ്സലൊനീക്യയിലുള്ള സഭയ്‌ക്ക്‌ അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾ . . . വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.”​—⁠1 തെസ്സലൊനീക്യർ 2:1, 2.

ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിൽ തങ്ങൾക്കുണ്ടായിരുന്ന ഏതൊരു ഭയവും തരണംചെയ്യാൻ പൗലൊസിനും സഹ അപ്പൊസ്‌തലന്മാർക്കും സാധിച്ചു. നിങ്ങൾക്കും അതിനു കഴിയും. എങ്ങനെ? യഹോവയിൽ ആശ്രയിക്കുക എന്നതാണ്‌ അതിപ്രധാനമായ പടി. യഹോവയിൽ നാം പൂർണമായി വിശ്വാസം അർപ്പിക്കുന്നപക്ഷം, ആ വിശ്വാസം നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും അവന്റെ ഇഷ്ടം ചെയ്യാൻ നാം പ്രാപ്‌തരായിത്തീരുകയും ചെയ്യും.​—⁠പ്രവൃത്തികൾ 4:17-20; 5:18, 27-29.

നിങ്ങളുടെ പ്രവർത്തനങ്ങൾക്കു പ്രതിഫലമുണ്ട്‌

യഹോവയെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളെക്കുറിച്ച്‌ അവൻ ശരിക്കും ബോധവാനാണ്‌. ഉദാഹരണത്തിന്‌, നമുക്കു സുഖമില്ലാതിരിക്കുകയോ നാം ക്ഷീണിതരായിരിക്കുകയോ ചെയ്യുമ്പോൾ അവൻ അത്‌ അറിയുന്നു. അരക്ഷിതബോധവും ആത്മവിശ്വാസക്കുറവും നമ്മെ വേട്ടയാടുമ്പോൾ അവൻ അത്‌ അറിയാതിരിക്കുന്നില്ല. സാമ്പത്തിക ഭാരങ്ങൾ നമ്മെ ഞെരുക്കുകയോ ശാരീരികമോ വൈകാരികമോ ആയ പ്രശ്‌നങ്ങൾ നമ്മെ തളർത്തിക്കളയുകയോ ചെയ്യുമ്പോൾ യഹോവ അതെല്ലാം നന്നായി മനസ്സിലാക്കുന്നു.​—⁠2 ദിനവൃത്താന്തം 16:9; 1 പത്രൊസ്‌ 3:12.

മാനുഷ അപൂർണതയും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടുകൂടി നമ്മുടെ വിശ്വാസം നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നതു കാണുമ്പോൾ യഹോവ എത്രമാത്രം സന്തോഷിക്കുന്നുണ്ടാകും! തന്റെ വിശ്വസ്‌ത ദാസരോടുള്ള യഹോവയുടെ ആർദ്രപ്രിയം കേവലം നിഷ്‌ക്രിയമായ ഒരു വികാരമല്ല. ഒരു വാഗ്‌ദാനം നൽകിക്കൊണ്ട്‌ അവൻ അത്‌ പ്രകടമാക്കിയിരിക്കുന്നു. ദിവ്യനിശ്വസ്‌തതയിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.

“വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ” എന്നും “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന”വൻ എന്നും ബൈബിൾ യഹോവയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു നിങ്ങൾക്കു വിശ്വസിക്കാൻ കഴിയും. (ആവർത്തനപുസ്‌തകം 32:4; എബ്രായർ 11:6) യു.എ⁠സ്‌.എ.-യിലെ കാലിഫോർണിയയിലുള്ള ഒരു സ്‌ത്രീ ഇപ്രകാരം അനുസ്‌മരിക്കുന്നു: “കുടുംബജീവിതം ആരംഭിക്കുന്നതിനുമുമ്പ്‌ എന്റെ പിതാവ്‌ പത്തു വർഷം മുഴുസമയ ശുശ്രൂഷകനായി സേവിച്ചു. ശുശ്രൂഷയിൽ യഹോവ തന്നെ പുലർത്തിയ കഥകൾ അദ്ദേഹം എന്നോടു വിവരിക്കുമായിരുന്നു. അവ കേൾക്കാൻ എന്തു രസമായിരുന്നെന്നോ! ശുശ്രൂഷയ്‌ക്കു പോകാൻ പെട്രോൾ വാങ്ങി പോക്കറ്റു കാലിയായ അനേകം സന്ദർഭങ്ങൾ അദ്ദേഹത്തിന്‌ ഉണ്ടായിട്ടുണ്ട്‌. എല്ലാം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ വീട്ടുവാതിൽക്കൽ അപ്രതീക്ഷിതമായി ആവശ്യത്തിനുള്ള ഭക്ഷ്യവിഭവങ്ങൾ പലപ്പോഴും അദ്ദേഹം കണ്ടെത്തുമായിരുന്നു.”

ഭൗതികമായി നമ്മെ പിന്തുണയ്‌ക്കുന്നതിനു പുറമേ, “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവുമായ”വൻ വൈകാരികവും ആത്മീയവും ആയ പിന്തുണയും നമുക്കു നൽകുന്നു. (2 കൊരിന്ത്യർ 1:3) വർഷങ്ങളിലുടനീളം അനേകം പരിശോധനകൾ സഹിച്ചിട്ടുള്ള ഒരു സാക്ഷി ഇങ്ങനെ പറഞ്ഞു: “യഹോവയിൽ ആശ്രയിക്കുക എന്നത്‌ സംതൃപ്‌തിദായകമായ ഒരു അനുഭൂതിയാണ്‌. അവനിൽ ശരണം പ്രാപിക്കാനും നിങ്ങൾക്കായി അവൻ പ്രവർത്തിക്കുന്നതു കാണാനും ഉള്ള അവസരം അതു പ്രദാനം ചെയ്യുന്നു.” യഹോവ “പ്രാർത്ഥന കേൾക്കുന്ന”വനാണ്‌, നിങ്ങളുടെ വ്യക്തിപരമായ ഉത്‌കണ്‌ഠകളിലേക്ക്‌ അവൻ ശ്രദ്ധ തിരിക്കുമെന്ന ഉറപ്പോടെ നിങ്ങൾക്ക്‌ അവനെ വിനയപൂർവം സമീപിക്കാൻ കഴിയും.​—⁠സങ്കീർത്തനം 65:⁠2.

ആത്മീയ കൊയ്‌ത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള അനുഗ്രഹങ്ങളും പ്രതിഫലങ്ങളും നിരവധിയാണ്‌. (മത്തായി 9:37, 38) പരസ്യശുശ്രൂഷ അനേകരുടെയും ശാരീരിക ക്ഷേമത്തിനു സംഭാവന ചെയ്‌തിരിക്കുന്നു. നിങ്ങൾക്കും അത്‌ അനുഭവവേദ്യമായേക്കാം. എന്നാൽ, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സാക്ഷീകരണം സഹായിക്കുന്നു എന്നതാണ്‌ അധികം പ്രധാനപ്പെട്ട വസ്‌തുത.​—⁠യാക്കോബ്‌ 2:23.

നന്മ ചെയ്യുന്നതിൽ തുടരുക

അവശതയോ പ്രായാധിക്യമോ നിമിത്തം, ശുശ്രൂഷയിൽ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന സകല കാര്യങ്ങളും ചെയ്യാൻ ഒരു ദൈവദാസനു കഴിയാതെപോയാൽ അത്‌ യഹോവയ്‌ക്ക്‌ അനിഷ്ടമാകുമെന്ന്‌ നിഗമനം ചെയ്യുന്നതു തെറ്റാണ്‌. അനാരോഗ്യമോ കുടുംബ ഉത്തരവാദിത്വങ്ങളോ മറ്റു സാഹചര്യങ്ങളോ നിമിത്തം പരിമിതികൾ ഉള്ളവരുടെ കാര്യത്തിലും ഇതു സത്യമാണ്‌.

ആരോഗ്യപ്രശ്‌നമോ മറ്റേതെങ്കിലും ഒരു പ്രതിബന്ധമോ നിമിത്തം തന്റെ പ്രവർത്തനം പരിമിതപ്പെടുന്നെന്ന്‌ അപ്പൊസ്‌തലനായ പൗലൊസിനു തോന്നിയപ്പോൾ അതിൽനിന്നുള്ള മോചനത്തിനായി അവൻ “മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു” എന്നോർക്കുക. പൗലൊസിനെ സുഖപ്പെടുത്തിക്കൊണ്ട്‌ തന്റെ സേവനത്തിൽ കൂടുതൽ പ്രവർത്തിക്കാൻ അവനെ പ്രാപ്‌തനാക്കുന്നതിനു പകരം യഹോവ ഇങ്ങനെ പറഞ്ഞു: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” (2 കൊരിന്ത്യർ 12:7-10) ദുഷ്‌കരമായ സാഹചര്യങ്ങൾ സഹിച്ചുകൊണ്ടായിരിക്കാം നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്‌. അപ്പോൾപ്പോലും നിങ്ങളുടെ സ്വർഗീയ പിതാവ്‌ തന്റെ താത്‌പര്യങ്ങളുടെ ഉന്നമനത്തിനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതെന്തും വിലമതിക്കുന്നുവെന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. പൗലൊസിന്റെ അനുഭവത്തിൽനിന്നു നാം പഠിക്കുന്നത്‌ അതാണ്‌.​—⁠എബ്രായർ 13:15, 16.

സ്‌നേഹവാനായ നമ്മുടെ സ്രഷ്ടാവ്‌, നമ്മുടെ കഴിവിനപ്പുറം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. പ്രവർത്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വിശ്വാസം ഉണ്ടായിരിക്കാനാണ്‌ അവൻ നമ്മോട്‌ ആവശ്യപ്പെടുന്നത്‌.

[26-ാം പേജിലെ ചിത്രം]

ന്യായപ്രമാണം പഠിച്ചാൽമാത്രം മതിയായിരുന്നോ?

[29-ാം പേജിലെ ചിത്രങ്ങൾ]

വിശ്വാസത്തെ നാം പ്രവർത്തനങ്ങളാൽ പിന്തുണയ്‌ക്കണം