എതിർപ്പിന്മധ്യേയും ധൈര്യം
എതിർപ്പിന്മധ്യേയും ധൈര്യം
മതഭ്രാന്തരായ ഒരു ജനക്കൂട്ടം അപ്പൊസ്തലനായ പൗലൊസിന്റെ രണ്ടു കൂട്ടാളികളായ ഗായൊസിനെയും അരിസ്തർഹോസിനെയും എഫെസൊസിലെ തീയറ്ററിലേക്ക് അഥവാ രംഗസ്ഥലത്തേക്ക് ബലാൽക്കാരേണ കൊണ്ടുപോയി. കോപാക്രാന്തരായ ആ ജനക്കൂട്ടം രണ്ടു മണിക്കൂർ നേരത്തേക്ക് “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് അവിടെ ആർത്തുകൊണ്ടിരുന്നു. (പ്രവൃത്തികൾ 19:28, 29, 34) ഈ എതിർപ്പിന്മധ്യേ പൗലൊസിന്റെ കൂട്ടാളികൾ ഉറച്ചുനിന്നോ? അത്തരമൊരു സ്ഥിതിവിശേഷം സംജാതമായത് എങ്ങനെ?
പൗലൊസ് ഏതാണ്ട് മൂന്നു വർഷക്കാലം എഫെസൊസ് നഗരത്തിൽ വിജയകരമായി പ്രസംഗിച്ചതിന്റെ ഫലമായി, നിരവധി ആളുകൾ വിഗ്രഹാരാധന ഉപേക്ഷിച്ചു. (പ്രവൃത്തികൾ 19:26; 20:31) ഫലപുഷ്ടിയുടെ ദേവിയായ അർത്തെമിസിന്റെ വെള്ളികൊണ്ടുള്ള ചെറിയ ക്ഷേത്രരൂപങ്ങളാണ് എഫെസൊസിൽ പൊതുവെ ഉപയോഗിക്കപ്പെട്ടിരുന്ന വിഗ്രഹം. അർത്തെമിസ് ദേവിയുടെ ക്ഷേത്രം ആ നഗരത്തിനുമീതെ പ്രൗഢിയോടെ തലയുയർത്തിനിന്നിരുന്നു. ഈ ക്ഷേത്രത്തിന്റെ ചെറുരൂപങ്ങൾ രക്ഷപോലെ ശരീരത്തിൽ ധരിക്കുകയോ വീടുകളിൽ പ്രദർശന വസ്തുക്കളായി സൂക്ഷിക്കുകയോ ചെയ്തിരുന്നു. ക്രിസ്ത്യാനികൾ ഈ വിഗ്രഹങ്ങൾ ഒരിക്കലും വാങ്ങുമായിരുന്നില്ല.—1 യോഹന്നാൻ 5:21.
പൗലൊസിന്റെ ശുശ്രൂഷ തങ്ങളുടെ ലാഭകരമായ ബിസിനസ്സിന് ഒരു ഭീഷണിയാകുമല്ലോയെന്ന് തട്ടാന്മാരിൽ ഒരുവനായ ദെമേത്രിയൊസിനു തോന്നി. ഏഷ്യാമൈനറിലുടനീളമുള്ള ജനം അർത്തെമിസിനെ ആരാധിക്കുന്നത് നിറുത്തിക്കളയുമെന്ന് അർധസത്യങ്ങളും അതിശയോക്തി കലർന്ന പ്രസ്താവനകളും ഉപയോഗിച്ചുകൊണ്ട് അവൻ മറ്റു തട്ടാന്മാരെ ധരിപ്പിച്ചു. കോപാകുലരായ തട്ടാന്മാർ അർത്തെമിസിന് സ്തുതി മുഴക്കാൻ തുടങ്ങിയപ്പോൾ, ഒരു ലഹളതന്നെയാണ് പൊട്ടിപ്പുറപ്പെട്ടത്. നഗരത്തിൽ ആകെപ്പാടെ ബഹളമായി.—പ്രവൃത്തികൾ 19:24-29.
25,000 പേർക്ക് ഇരിക്കാവുന്ന എഫെസൊസിലെ തീയറ്ററിൽ ആയിരക്കണക്കിന് ആളുകൾ കൂടിവന്നു. ഇളകിമറിയുന്ന ആ ജനക്കൂട്ടത്തോട് സംസാരിക്കാൻ പൗലൊസ് ഭാവിച്ചെങ്കിലും സൗഹൃദമനസ്കരായ അധികാരികൾ അതിനു സമ്മതിച്ചില്ല. ഒടുവിൽ, പട്ടണമേനവൻ ജനക്കൂട്ടത്തെ ശാന്തമാക്കിയതിനെത്തുടർന്ന് ഗായൊസിനും അരിസ്തർഹോസിനും യാതൊരു പരിക്കും കൂടാതെ അവിടെനിന്നു രക്ഷപ്പെടാനായി.—പ്രവൃത്തികൾ 19:35-41.
ഇക്കാലത്തും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കവേ ദൈവജനത്തിന് എതിരാളികളെയും ലഹളകളെയും നേരിടേണ്ടിവന്നേക്കാം. വിഗ്രഹാരാധനയും അധാർമികതയും ദുഷ്കൃത്യവും പ്രബലമായിരിക്കുന്ന നഗരങ്ങളിലാണ് മിക്കപ്പോഴും അവർ സുവാർത്ത പ്രസംഗിക്കുന്നത്. എന്നിരുന്നാലും, എഫെസൊസ് നഗരത്തിൽ “പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും” ഉപദേശിച്ച അപ്പൊസ്തലനായ പൗലൊസിനെ അവർ ധൈര്യത്തോടെ അനുകരിക്കുന്നു. (പ്രവൃത്തികൾ 20:20) “കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെ”ടുന്നതു കാണുമ്പോൾ അവർ സന്തോഷിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 19:20.
[30-ാം പേജിലെ ചിത്രം]
എഫെസൊസിലെ തീയറ്ററിന്റെ അവശിഷ്ടങ്ങൾ