ഒരു ദുരന്തം ആഞ്ഞടിക്കുന്നു
ഒരു ദുരന്തം ആഞ്ഞടിക്കുന്നു
വീട്ടിലെ കുളിമുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസ്സുള്ള ഓയൻ. അതിനിടെ അവൻ മരുന്നുംമറ്റും സൂക്ഷിച്ചിരുന്ന ചെറിയ അലമാരയോളം എങ്ങനെയോ വലിഞ്ഞുകയറി. അവന് അതിന് ഒരിക്കലും സാധിക്കുകയില്ലെന്നാണ് മാതാപിതാക്കൾ കരുതിയിരുന്നത്. അതിലുണ്ടായിരുന്ന ഒരു കുപ്പിയിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ ആ കുപ്പി തുറന്ന് അതിലെ ദ്രാവകം അകത്താക്കി. അത് ഒരു ദുരന്തത്തിൽ കലാശിച്ചു.
ആ കുപ്പിയിൽ വീര്യമുള്ള ആസിഡ് ആയിരുന്നു. സങ്കടകരമെന്നു പറയട്ടെ ഓയൻ മരിച്ചു. അവന്റെ മാതാപിതാക്കളെ അതു തീരാദുഃഖത്തിലാഴ്ത്തി. അവന്റെ പിതാവ് പേഴ്സി, തനിക്ക് ആശ്വാസം ലഭിക്കുമല്ലോയെന്നു വിചാരിച്ച് പള്ളിയിൽ ചെന്നു. “എന്തുകൊണ്ടാണിത് സംഭവിച്ചത്?” അദ്ദേഹം പുരോഹിതനോടു ചോദിച്ചു. ഉത്തരം ഇതായിരുന്നു: “വേറൊരു കൊച്ചു മാലാഖയെ ദൈവത്തിന് സ്വർഗത്തിൽ ആവശ്യമുണ്ടായിരുന്നു.” ദുഃഖത്താൽ നീറിപ്പുകയുന്ന ആ പിതാവിനെ സംബന്ധിച്ചിടത്തോളം അത് തീർത്തും അന്യായമായിരുന്നു. അത്തരമൊരു ദുരന്തം സംഭവിക്കണമെന്ന് ദൈവം യഥാർഥത്തിൽ ഉദ്ദേശിച്ചിരുന്നോ? നിരാശനായിത്തീർന്ന അദ്ദേഹം പള്ളിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു.
നടന്ന കാര്യങ്ങളെക്കുറിച്ച് ഓർത്തപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ പിൻവരുന്ന ചോദ്യങ്ങൾ കടന്നുപോയി: ‘എന്റെ കുഞ്ഞ് ഇപ്പോഴും വേദന അനുഭവിക്കുകയാണോ? എനിക്ക് അവനെ എന്നെങ്കിലും കാണാനാകുമോ?’
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നും മരിച്ചുപോയ പ്രിയപ്പെട്ടവരുമായുള്ള പുനഃസംഗമം ഭാവിയിൽ സാധ്യമാണോയെന്നും ഉള്ള ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെയും കടന്നുപോയിട്ടുണ്ടാകാം. ദൈവവചനമായ ബൈബിളിൽ ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. മേൽപ്രസ്താവിച്ചതിന് സമാനമായ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുള്ള സകലരുടെയും ചോദ്യങ്ങൾക്ക് വ്യക്തവും സാന്ത്വനദായകവുമായ ഉത്തരം അത് നൽകുന്നു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുനരുത്ഥാനമെന്ന മഹത്തായ ഒരു പ്രത്യാശയെക്കുറിച്ച് അത് പറയുന്നുണ്ട് എന്നതാണ് ഇവയെക്കാളെല്ലാം പ്രധാനപ്പെട്ട സംഗതി.
അത്ഭുതകരമായ ഈ പ്രത്യാശയെക്കുറിച്ചു കൂടുതൽ അറിയാൻ ദയവായി അടുത്ത ലേഖനം വായിക്കുക.