ദൈവത്തിനു പ്രസാദകരമായ സത്യോപദേശങ്ങൾ
ദൈവത്തിനു പ്രസാദകരമായ സത്യോപദേശങ്ങൾ
തന്റെ ചിന്തകൾ ദൈവം ഭൂമിയിലുള്ളവർക്കു വെളിപ്പെടുത്തിയാൽ മാത്രമേ, അവനു പ്രസാദകരവും സത്യവും ആയ പഠിപ്പിക്കലുകൾ ഏവയാണെന്നു മനുഷ്യർക്ക് അറിയാൻ കഴിയൂ. അത്തരം വിവരം അവൻ എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം, ദൈവത്തിനു സ്വീകാര്യമായ ഉപദേശങ്ങളും ആരാധനയും നടത്തയും തിരിച്ചറിയാൻ അവർക്ക് എങ്ങനെ കഴിയും? ദൈവം അത്തരം അറിവ് പ്രദാനം ചെയ്‌തിട്ടുണ്ടോ? ഉണ്ടെങ്കിൽ, ഏതു രൂപത്തിൽ?
ഏതാനും ദശകങ്ങൾമാത്രം ജീവിച്ചിരിക്കുന്ന മനുഷ്യന്, ദൈവത്തിന്റെ ഒരു സന്ദേശവാഹകനെന്ന നിലയിൽ എക്കാലത്തെയും മനുഷ്യരെ വ്യക്തിപരമായി സമീപിക്കാൻ കഴിയുമോ? ഇല്ല. എന്നാൽ എക്കാലവും നിലനിൽക്കാൻ പര്യാപ്‌തമായ ഒരു ലിഖിതരേഖയ്‌ക്ക് അതു സാധിക്കും. അതിനാൽ, ദൈവിക വെളിപ്പാടുകൾ ഒരു പുസ്‌തകത്തിന്റെ രൂപത്തിൽ ലഭ്യമാകുന്നത് ഉചിതമായിരിക്കില്ലേ? ദൈവനിശ്വസ്‌തമെന്ന് അവകാശപ്പെടുന്ന ഒരു പുരാതന ഗ്രന്ഥമാണു ബൈബിൾ. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് അതിന്റെ എഴുത്തുകാരിൽ ഒരാൾ പ്രസ്‌താവിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ബൈബിൾ ശ്രദ്ധാപൂർവം പരിശോധിച്ചുകൊണ്ട് അതു നിർവ്യാജ പഠിപ്പിക്കലുകളുടെ ഉറവിടമാണോയെന്നു നമുക്കു നോക്കാം.
ബൈബിളിന് എന്തു പഴക്കമുണ്ട്?
ഏറ്റവും പഴക്കമുള്ള പ്രമുഖ മതഗ്രന്ഥങ്ങളിൽ ഒന്നാണു ബൈബിൾ. ഏകദേശം 3,500 വർഷം മുമ്പ് അതിന്റെ ആദ്യഭാഗങ്ങൾ എഴുതപ്പെട്ടു. പൊ.യു. 98-ൽ എഴുത്തു പൂർത്തിയായി. * 40-ഓളം പുരുഷന്മാർ 1,600-ലധികം വർഷത്തെ ഒരു കാലഘട്ടംകൊണ്ടാണ് ബൈബിൾ എഴുതിയതെങ്കിലും, അതിന്റെ എല്ലാ ഭാഗങ്ങളും പരസ്‌പരം യോജിപ്പിലാണ്. ദൈവമാണ് അതിന്റെ യഥാർഥ ഗ്രന്ഥകർത്താവ് എന്നതാണ് അതിനു കാരണം.
ഇത്രയും ഭാഷകളിലേക്കു വിവർത്തനം ചെയ്‌ത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രന്ഥം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഓരോ വർഷവും മുഴു ബൈബിളിന്റെ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങളുടെ ആറ് കോടിയോളം പ്രതികൾ വിതരണം ചെയ്യപ്പെടുന്നു. ബൈബിൾ പൂർണമായോ ഭാഗികമായോ 2,300-ലധികം ഭാഷകളിലേക്കും ഉപഭാഷകളിലേക്കും വിവർത്തനം
ചെയ്‌തിട്ടുണ്ട്. മാനവരാശിയുടെ 90-ലധികം ശതമാനത്തിനും മുഴു ബൈബിളോ അതിന്റെ ഭാഗങ്ങളോ മാതൃഭാഷയിൽ ലഭ്യമാണ്. ഈ ഗ്രന്ഥം ദേശീയ അതിർത്തികൾക്കപ്പുറത്തേക്കു കടന്നുചെല്ലുകയും വർഗീയ, വംശീയ പ്രതിബന്ധങ്ങൾ മറികടക്കുകയും ചെയ്‌തിരിക്കുന്നു.ബൈബിൾപ്പുസ്‌തകങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന വിധം
നിങ്ങൾക്കു ബൈബിൾ ഉണ്ടെങ്കിൽ, അതു തുറന്ന് അതിന്റെ സവിശേഷതകൾ ഒന്നു പരിശോധിച്ചുനോക്കൂ. ആദ്യം, ബൈബിൾപ്പുസ്‌തകങ്ങളുടെ പേരുകളും അവ ആരംഭിക്കുന്ന പേജുനമ്പറും അടങ്ങിയ ഉള്ളടക്കപ്പട്ടിക ശ്രദ്ധിക്കുക. മിക്ക ബൈബിളിന്റെയും തുടക്കത്തിൽത്തന്നെ അതു കാണാം. വ്യതിരിക്തമായ പേരുള്ള അനേകം പുസ്‌തകങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നതായി അവിടെനിന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ആദ്യത്തെ പുസ്‌തകം ഉല്‌പത്തിയും ഒടുവിലത്തേത് വെളിപ്പാട്, അഥവാ അപ്പോക്കലിപ്‌സും ആണ്. പുസ്‌തകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. ആദ്യത്തെ 39 എണ്ണം എബ്രായ തിരുവെഴുത്തുകൾ എന്നാണ് അറിയപ്പെടുന്നത്, കാരണം അവ എഴുതപ്പെട്ടത് പ്രധാനമായും ആ ഭാഷയിലായിരുന്നു. തുടർന്നുള്ള 27 പുസ്‌തകങ്ങൾ എഴുതപ്പെട്ടത് ഗ്രീക്കിലാണ്. അവ ഗ്രീക്കു തിരുവെഴുത്തുകൾ എന്ന് അറിയപ്പെടുന്നു. ചിലർ ഈ രണ്ടു ഭാഗങ്ങളെ പഴയനിയമം എന്നും പുതിയനിയമം എന്നും വിളിക്കുന്നു.
എളുപ്പത്തിൽ പരിശോധിക്കാനായി ബൈബിൾപ്പുസ്‌തകങ്ങൾക്ക് അധ്യായങ്ങളും വാക്യങ്ങളും ഉണ്ട്. ഈ മാസികയിൽ തിരുവെഴുത്തുകൾ പരാമർശിക്കുമ്പോൾ, ബൈബിൾപ്പുസ്‌തകത്തിന്റെ പേരിനുശേഷംവരുന്ന ആദ്യത്തെ സംഖ്യ ആ പുസ്‌തകത്തിന്റെ അധ്യായത്തെയും അടുത്തത് വാക്യത്തെയും സൂചിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, “2 തിമൊഥെയൊസ് 3:16” എന്ന പരാമർശം, 2 തിമൊഥെയൊസ് എന്ന പുസ്‌തകത്തിന്റെ 3-ാം അധ്യായത്തിന്റെ 16-ാം വാക്യത്തെ അർഥമാക്കുന്നു. ഈ വാക്യം ബൈബിളിൽ കണ്ടുപിടിക്കാൻ പറ്റുമോയെന്നു നോക്കുക.
ബൈബിൾ അടുത്തറിയാനുള്ള ഏറ്റവും നല്ല മാർഗം ക്രമമായി അതു വായിക്കുന്നതാണ് എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? ആദ്യം മത്തായിയുടെ പുസ്‌തകത്തിൽ തുടങ്ങുന്ന ഗ്രീക്കു തിരുവെഴുത്തുകൾ വായിക്കുന്നതാണ് എളുപ്പമെന്നു ചിലർ കണ്ടെത്തിയിരിക്കുന്നു. ദിവസേന മൂന്നുമുതൽ അഞ്ചുവരെ അധ്യായങ്ങൾ വായിക്കുകയാണെങ്കിൽ, മുഴു ബൈബിളും ഒരു വർഷംകൊണ്ടു വായിച്ചുതീർക്കാൻ നിങ്ങൾക്കു കഴിയും. എന്നാൽ, ബൈബിളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ ദൈവനിശ്വസ്‌തമാണെന്നു നിങ്ങൾക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
ബൈബിൾ ആശ്രയയോഗ്യമാണോ?
സകലർക്കുംവേണ്ടിയുള്ള ദൈവനിശ്വസ്‌തമായ ഒരു പുസ്‌തകത്തിൽ കാലാതീത ബുദ്ധിയുപദേശം കാണേണ്ടതല്ലേ? തലമുറകളായി നിലനിന്നുപോന്നിട്ടുള്ള മനുഷ്യസ്വഭാവം സംബന്ധിച്ച ഗ്രാഹ്യം പ്രതിഫലിപ്പിക്കുന്ന ബൈബിൾതത്ത്വങ്ങൾ, അവ പ്രസ്‌താവിക്കപ്പെട്ട കാലത്തെന്നപോലെതന്നെ ഇന്നും പ്രായോഗികമാണ്. ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്‌തു നടത്തിയ പ്രസിദ്ധമായ ഒരു പ്രഭാഷണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. ഗിരിപ്രഭാഷണം എന്നറിയപ്പെടുന്ന ഈ പ്രസംഗം, യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താമെന്നു മാത്രമല്ല, തർക്കങ്ങൾ പരിഹരിക്കൽ, പ്രാർഥിക്കേണ്ട വിധം, ഭൗതിക ആവശ്യങ്ങൾ സംബന്ധിച്ച ശരിയായ വീക്ഷണം എന്നിങ്ങനെയുള്ള മറ്റനവധി കാര്യങ്ങളുംകൂടെ നമുക്കു കാണിച്ചുതരുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനും നാം എന്തു ചെയ്യണമെന്നും എന്ത് ഒഴിവാക്കണമെന്നും ഈ പ്രഭാഷണത്തിലൂടെയും ശേഷമുള്ള സുവിശേഷ ഭാഗങ്ങളിലൂടെയും ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു.
ശാസ്‌ത്രീയ കാര്യങ്ങളോടുള്ള ബന്ധത്തിൽ ഈ പുരാതന പുസ്‌തകം പ്രസ്‌താവിക്കുന്ന കാര്യങ്ങൾ കൃത്യതയുള്ളവയാണ് എന്നത് നിങ്ങൾക്ക് അതിൽ വിശ്വാസം അർപ്പിക്കാൻ കഴിയുന്നതിന്റെ മറ്റൊരു കാരണമാണ്. ഉദാഹരണത്തിന്, ഭൂമി പരന്നതാണെന്നു മിക്കവരും വിശ്വസിച്ചിരുന്ന ഒരു കാലത്ത്, “ഭൂമിയുടെ വൃത്ത”ത്തെ അഥവാ ഭൂഗോളത്തെ കുറിച്ചു ബൈബിൾ പ്രസ്‌താവിച്ചു. * (യെശയ്യാവു 40:22, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) ഗ്രഹങ്ങൾ ഗുരുത്വാകർഷണത്താൽ ശൂന്യാകാശത്തു നിലകൊള്ളുന്നതായി പ്രസിദ്ധ ശാസ്‌ത്രജ്ഞനായ സർ ഐസക് ന്യൂട്ടൻ വിശദീകരിച്ചതിന് 3,000-ത്തിലധികം വർഷംമുമ്പ്, ദൈവം “ഭൂമിയെ നാസ്‌തിത്വത്തിന്മേൽ തൂക്കുന്നു” എന്ന് ബൈബിൾ കാവ്യാത്മകമായി രേഖപ്പെടുത്തി. (ഇയ്യോബ് 26:7) ഏകദേശം 3,000 വർഷംമുമ്പ്, ഭൂമിയുടെ ജലപരിവൃത്തിയെക്കുറിച്ചു നടത്തിയ കാവ്യഭാഷയിലുള്ള ഈ വർണനയും ശ്രദ്ധിക്കുക: “എല്ലാനദികളും സമുദ്രത്തിലേക്ക് ഒഴുകുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ എവിടെനിന്ന് ഒഴുകിയെത്തിയോ അവിടേക്കുതന്നെ അവ മടങ്ങിവരുന്നു.” (സഭാപ്രസംഗി 1:7, വിശുദ്ധ സത്യവേദപുസ്‌തകം, മോഡേൺ മലയാളം വേർഷൻ) അതേ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവുതന്നെയാണ് ബൈബിളിന്റെ ഗ്രന്ഥകർത്താവും.
ബൈബിളിന്റെ ചരിത്രപരമായ കൃത്യതയും അതു ദൈവവനിശ്വസ്‌തമാണെന്ന വസ്‌തുതയ്‌ക്കു തെളിവു നൽകുന്നു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ വെറും കെട്ടുകഥകളല്ല. അവ നിശ്ചിത തീയതികളോടും വ്യക്തികളോടും സ്ഥലങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ‘തീബെര്യൊസ്‌കൈസരുടെ വാഴ്‌ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ്‌പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിൽ ഇടപ്രഭു’ ആയിരുന്നെന്ന് ലൂക്കൊസ് 3:1 വസ്‌തുനിഷ്‌ഠമായി പ്രസ്‌താവിക്കുന്നു.
പുരാതന ചരിത്രകാരന്മാരിൽ ഭൂരിഭാഗവും മിക്കപ്പോഴും ഭരണാധികാരികളുടെ വിജയങ്ങളും നന്മകളും മാത്രമാണു റിപ്പോർട്ടുചെയ്‌തിട്ടുള്ളത്. എന്നാൽ ബൈബിളെഴുത്തുകാർ തങ്ങളുടെ സ്വന്തം തെറ്റുകൾപോലും സത്യസന്ധമായി തുറന്നുസമ്മതിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഇസ്രായേലിലെ ദാവീദ് രാജാവ് ഇപ്രകാരം ഏറ്റുപറഞ്ഞു: “ഞാൻ ഈ ചെയ്‌തതു മഹാപാപം . . . ഞാൻ വലിയ ഭോഷത്വം ചെയ്‌തുപോയി.” ആ പ്രസ്‌താവന അങ്ങനെതന്നെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (2 ശമൂവേൽ 24:10) കൂടാതെ, സത്യദൈവത്തെ ആശ്രയിക്കുന്നതിൽ താൻതന്നെ പരാജയപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് ബൈബിളെഴുത്തുകാരനായ മോശെ വിവരിക്കുന്നു.—സംഖ്യാപുസ്‌തകം 20:12.
ബൈബിളിന്റെ ദിവ്യനിശ്വസ്‌തതയ്‌ക്കു മറ്റൊരു തെളിവു കൂടിയുണ്ട്—നിവൃത്തിയേറിയ പ്രവചനങ്ങൾ അഥവാ മുൻകൂട്ടി എഴുതപ്പെട്ട ചരിത്രം. ഇവയിൽ ചിലത് യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ഉദാഹരണത്തിന്, യേശു ജനിക്കുന്നതിന് 700-ലധികം വർഷംമുമ്പ് ആ വാഗ്‌ദത്തസന്തതി “യെഹൂദ്യയിലെ ബേത്ത്‌ലെഹെമിൽ” ജനിക്കുമെന്ന് എബ്രായ തിരുവെഴുത്തുകൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 2:1-6; മീഖാ 5:2.
മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. 2 തിമൊഥെയൊസ് 3:1-5-ൽ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.” ഇന്ന് ആളുകൾക്കു പൊതുവിലുള്ള മനോഭാവത്തെയല്ലേ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്? 1,900-ത്തിലേറെ വർഷങ്ങൾക്കുമുമ്പ്, പൊ.യു. 65-ലായിരുന്നു ഈ വാക്കുകൾ രേഖപ്പെടുത്തിയത്!
ബൈബിൾ നമ്മെ എന്തു പഠിപ്പിക്കുന്നു?
ബൈബിൾ വായിച്ചുതുടങ്ങുമ്പോൾ, അത് ഉയർന്ന ജ്ഞാനത്തിന്റെ ഉറവിടമാണെന്നു നിങ്ങൾക്കു കാണാൻ കഴിയും. ‘ദൈവം ആരാണ്? പിശാച് ഒരു യഥാർഥ വ്യക്തിയാണോ? യേശുക്രിസ്‌തു ആരാണ്? കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ട്? മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അതു തൃപ്‌തികരമായ ഉത്തരം നൽകുന്നു. മറ്റുള്ളവരിൽനിന്നു ലഭിച്ചേക്കാവുന്ന മറുപടികൾ, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പോലെതന്നെ വ്യത്യസ്‌തങ്ങളായിരിക്കും. എന്നാൽ ബൈബിൾ, ഇത്തരത്തിലുള്ള അനേകം വിഷയങ്ങൾ സംബന്ധിച്ച സത്യം വെളിപ്പെടുത്തുന്നു. കൂടാതെ, സഹമനുഷ്യരോടും അധികാരികളോടും ഉള്ള പെരുമാറ്റത്തിന്റെയും മനോഭാവത്തിന്റെയും കാര്യത്തിൽ ബൈബിളിന്റെ മാർഗനിർദേശങ്ങൾ കിടയറ്റതാണ്. *
ഭൂമിയെയും മനുഷ്യനെയും കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ബൈബിൾ എന്താണു വെളിപ്പെടുത്തുന്നത്? “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും” എന്ന് അതു വാഗ്‌ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:10, 11) ‘ദൈവം [മനുഷ്യരോടുകൂടെ] ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. [പൂർവകാര്യങ്ങൾ] കഴിഞ്ഞുപോയി.’ (വെളിപ്പാടു 21:3-5) “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
യുദ്ധം, കുറ്റകൃത്യം, അക്രമം, ദുഷ്ടത എന്നിവ പെട്ടെന്നുതന്നെ അവസാനിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറയുന്നു. രോഗവും വാർധക്യവും മരണവും പൊയ്‌പ്പോകും. ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ യാഥാർഥ്യമായിത്തീരും. എത്ര ശോഭനമായ പ്രതീക്ഷകൾ! ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹത്തെ ഇതെല്ലാം എത്ര നന്നായി ചിത്രീകരിക്കുന്നു!
നിങ്ങൾ എന്തു ചെയ്യും?
സ്രഷ്ടാവിൽനിന്നുള്ള ഒരു അമൂല്യ സമ്മാനമാണ് ബൈബിൾ. അതിനോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്? ദൈവത്തിൽനിന്നുള്ള ഒരു വെളിപ്പാട് സകല മനുഷ്യർക്കും പ്രയോജനം ചെയ്യണമെങ്കിൽ, അതു മാനവ സംസ്‌കാരത്തിന്റെ ആരംഭത്തോളം പഴക്കമുള്ളത് * ബൈബിളിനെക്കുറിച്ച് ഉറച്ച ഒരു അഭിപ്രായം പറയുന്നതിനുമുമ്പ്, ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പുസ്‌തകം വായിക്കേണ്ടത് ആവശ്യമാണെന്ന് ഐക്യനാടുകളിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും തിരിച്ചറിഞ്ഞു.
ആയിരിക്കണമെന്ന് ഹൈന്ദവ പശ്ചാത്തലത്തിലുള്ള ഒരു വ്യക്തി വിശ്വസിച്ചു. ബൈബിളിന്റെ ചില ഭാഗങ്ങൾക്ക്, ഏറ്റവും പുരാതനമായ ഹൈന്ദവ ലിഖിതങ്ങളെക്കാൾ, അതായത് വേദങ്ങളെക്കാൾ, പഴക്കമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ബൈബിൾ വായിക്കാനും അതിന്റെ ഉള്ളടക്കം പരിശോധിക്കാനും അദ്ദേഹം തീരുമാനിച്ചു.ബൈബിൾ വായിക്കുന്നതും അതിലെ പഠിപ്പിക്കലുകൾ ബാധകമാക്കുന്നതും നിങ്ങൾക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും. ‘യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ [സന്തുഷ്ടൻ]. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും’ എന്ന് ബൈബിൾ പറയുന്നു. * (സങ്കീർത്തനം 1:2, 3) ബൈബിൾ പഠിക്കുന്നതും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതും നിങ്ങളെ സന്തുഷ്ടരാക്കും. എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടും. (മത്തായി 5:3) ജീവിതം ഫലപ്രദമാക്കുന്നതും പ്രശ്‌നങ്ങൾ വിജയകരമായി തരണംചെയ്യുന്നതും എങ്ങനെയെന്നു ബൈബിൾ നിങ്ങൾക്കു കാണിച്ചുതരും. അതേ, ബൈബിളിലുള്ള ദൈവിക നിയമങ്ങൾ “പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.” (സങ്കീർത്തനം 19:11) തന്നെയുമല്ല, ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നത് ഇപ്പോൾ അനുഗ്രഹങ്ങൾ കൈവരുത്തുകയും ശോഭനമായ ഒരു ഭാവിപ്രത്യാശ വെച്ചുനീട്ടുകയും ചെയ്യും.
“ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛിപ്പിൻ” എന്ന് ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രൊസ് 2:2, 3) ഒരു ശിശുവിനു പോഷണം ജീവത്‌പ്രധാനമാണ്, അതു ലഭിക്കാൻ ശിശു നിർബന്ധംപിടിക്കുകയും ചെയ്യുന്നു. സമാനമായി, നമുക്കു ദൈവിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, അവന്റെ വചനത്തിനായുള്ള “വാഞ്‌ഛ” അഥവാ ശക്തമായ ആഗ്രഹം വളർത്തിയെടുക്കുക. ദൈവത്തിൽനിന്നുള്ള നിർവ്യാജ പഠിപ്പിക്കലുകൾ അടങ്ങിയ ഒരു പുസ്‌തകമാണ് ബൈബിൾ. അതു ക്രമമായി പഠിക്കുക എന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. അത്തരം പഠനത്തിൽനിന്നു പരമാവധി പ്രയോജനം നേടുന്നതിൽ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്കു സന്തോഷമായിരിക്കും. അവരുമായി ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ ഊഷ്‌മളമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 5 മിക്കപ്പോഴും ഏ.ഡി. എന്നു വിളിക്കപ്പെടുന്ന “പൊതുയുഗ”ത്തെയാണ് പൊ.യു. സൂചിപ്പിക്കുന്നത്. “കർത്താവിന്റെ വർഷത്തിൽ” എന്നർഥമുള്ള ആനോ ഡൊമിനിയുടെ ചുരുക്കമാണ് ഏ.ഡി.
^ ഖ. 13 യെശയ്യാവു 40:22-ൽ, ‘വൃത്തം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദത്തെ “ഗോളം” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. ചില ഭാഷാന്തരങ്ങൾ, “ഭൂഗോളം” (ഡൂവേ ഭാഷാന്തരം) എന്നും “ഉരുണ്ട ഭൂമി” (മോഫറ്റ്) എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു.
^ ഖ. 19 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിൽ ഈ വിഷയങ്ങൾ ചർച്ചചെയ്‌തിരിക്കുന്നു.
^ ഖ. 23 വേദങ്ങളിലെ ഏറ്റവും ആദ്യത്തെ ശ്ലോകങ്ങൾ ഏകദേശം 3,000 വർഷംമുമ്പ് ചിട്ടപ്പെടുത്തി വാമൊഴിയായി കൈമാറപ്പെട്ടതാണെന്നു വിശ്വസിക്കപ്പെടുന്നു. “ഏ.ഡി. പതിന്നാലാം നൂറ്റാണ്ടിലാണ് വേദങ്ങൾ ലിഖിതരൂപത്തിലാക്കപ്പെട്ടത്” എന്ന് എ ഹിസ്റ്ററി ഓഫ് ഇൻഡ്യ എന്ന തന്റെ പുസ്‌തകത്തിൽ പി. കെ. ശരത്‌കുമാർ പറയുന്നു.
^ ഖ. 24 ബൈബിളിലെ ദൈവത്തിന്റെ പേര് യഹോവ എന്നാണ്. അനേകം ബൈബിൾ പരിഭാഷകളിലും അത് സങ്കീർത്തനം 83:18-ൽ കാണാവുന്നതാണ്.
[7-ാം പേജിലെ ചിത്രം]
ദൈവവചനത്തിനായി “വാഞ്‌ഛ”യുള്ളവർ ആയിരിക്കുക. ബൈബിൾ ക്രമമായി പഠിക്കുക
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo