വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സേവനത്തിൽ സംതൃപ്‌തരായ അവിവാഹിതർ

യഹോവയുടെ സേവനത്തിൽ സംതൃപ്‌തരായ അവിവാഹിതർ

“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”

യഹോവയുടെ സേവനത്തിൽ സംതൃപ്‌തരായ അവിവാഹിതർ

“അവിവാഹിതരെങ്കിലും ഞങ്ങളെപ്പോലുള്ള അനേകരും തികച്ചും സന്തുഷ്ടരാണ്‌,” സ്‌പെയിനിലുള്ള ഒരു ക്രിസ്‌തീയ സ്‌ത്രീ പറഞ്ഞു. സംതൃപ്‌തിക്കുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട്‌ അവർ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “അനേകം ഉത്‌കണ്‌ഠകളിൽനിന്നു ഞങ്ങൾ സ്വതന്ത്രരാണ്‌. അതുകൊണ്ട്‌ നമ്മുടെ ദൈവമായ യഹോവയെ കൂടുതൽ തികവോടെ സേവിക്കാൻ ഞങ്ങൾക്കു സാധിക്കുന്നു.”

അത്തരം മനോഭാവം, ഏകാകിത്വത്തെക്കുറിച്ചു ദൈവവചനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കു ചേർച്ചയിലാണ്‌. വിവാഹത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യവേ, “വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം” എന്ന്‌ ദിവ്യനിശ്വസ്‌ത ഉൾക്കാഴ്‌ചയോടെ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. അവനും അവിവാഹിതനായിരുന്നു. എന്നാൽ ഏകാകിത്വം ശുപാർശ ചെയ്യുന്നതിന്റെ കാരണം സംബന്ധിച്ച്‌ അവൻ എന്താണു പറഞ്ഞത്‌? വിവാഹിത വ്യക്തിയുടെ ഹൃദയം വിഭജിതമായിരിക്കെ, അവിവാഹിത പുരുഷനോ സ്‌ത്രീയോ “കർത്താവിന്നുള്ളതു ചിന്തിക്കുന്നു” എന്ന്‌ അവൻ ചൂണ്ടിക്കാട്ടി. (1 കൊരിന്ത്യർ 7:8, 32-34) യഹോവയെ സേവിക്കുന്നതാണ്‌ ഏകാകിയായ ഒരു വ്യക്തിയെ സന്തുഷ്ടനും സംതൃപ്‌തനും ആക്കുന്ന പ്രധാന ഘടകം.

ഉദാത്ത ലക്ഷ്യത്തോടുകൂടിയ ഏകാകിത്വം

വിവാഹത്തിനും കുടുംബജീവിതത്തിനും പ്രാധാന്യം കൽപ്പിക്കുന്ന സംസ്‌കാരങ്ങളിൽപ്പെട്ടവരെ പൗലൊസിന്റെ ഈ അഭിപ്രായം അമ്പരപ്പിച്ചേക്കാം. എന്നിരുന്നാലും, അവിവാഹിതനെങ്കിലും സന്തുഷ്ടനും സംതൃപ്‌തനും ആയിരുന്ന യേശുക്രിസ്‌തു ഏകാകികളായ ക്രിസ്‌ത്യാനികളുടെ ഒരു ഉത്‌കൃഷ്ട ലക്ഷ്യം പരാമർശിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയവർ ഉണ്ട്‌. അങ്ങനെ ചെയ്യാൻ സാധിക്കുന്നവൻ അങ്ങനെ ചെയ്യട്ടെ.”​—⁠മത്തായി 19:​12, NW.

ആ വാക്കുകൾക്കു ചേർച്ചയിൽ, ദാമ്പത്യജീവിതത്തോടു ബന്ധപ്പെട്ട ശ്രദ്ധാശൈഥില്യം കൂടാതെ ദൈവത്തെ സേവിക്കാൻ ഏകാകിത്വം തങ്ങളെ പ്രാപ്‌തരാക്കുന്നതായി അനേകർ മനസ്സിലാക്കിയിരിക്കുന്നു. (1 കൊരിന്ത്യർ 7:35) ഒരു വിവാഹ ഇണ ഇല്ലാതെ ജീവിക്കുന്ന ഒട്ടനവധി ക്രിസ്‌ത്യാനികൾ സന്തുഷ്ടരായി യഹോവയെ ആരാധിക്കുകയും ഊർജസ്വലതയോടെ മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. *

സന്തുഷ്ടി വിവാഹിതർക്കു മാത്രം ഉള്ളതല്ലെന്നും അതുപോലെ, എല്ലാ അവിവാഹിതരും അസന്തുഷ്ടരല്ലെന്നും ഉള്ള വസ്‌തുത അനേകം അവിവാഹിത ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. ഈ രണ്ടു കൂട്ടത്തിലും, ചിലപ്പോഴൊക്കെ സന്തുഷ്ടിയും ദുഃഖവും അനുഭവിക്കുന്ന ചിലരുണ്ട്‌. യഥാർഥത്തിൽ, വിവാഹം “ജഡത്തിൽ കഷ്ടത” കൈവരുത്തുമെന്നു ബൈബിൾ വാസ്‌തവികമായി പ്രസ്‌താവിക്കുന്നു.​—⁠1 കൊരിന്ത്യർ 7:28.

സാഹചര്യം നിമിത്തമുള്ള ഏകാകിത്വം

സ്വന്ത തീരുമാനപ്രകാരമല്ലാതെ സാഹചര്യങ്ങൾ നിമിത്തം ഏകാകികളായി കഴിയുന്ന അനേകരുണ്ട്‌. ദാമ്പത്യക്രമീകരണം വെച്ചുനീട്ടുന്ന ഊഷ്‌മളതയും ഉറ്റ സൗഹൃദവും ആർദ്രസ്‌നേഹവും ആസ്വദിക്കാൻ അവർ ആഗ്രഹിച്ചേക്കാം. ചിലരുടെ കാര്യത്തിൽ, സാമ്പത്തിക പരാധീനതകളോ മറ്റു പ്രതിബന്ധങ്ങളോ നിമിത്തം തത്‌കാലം വിവാഹം അസാധ്യമായിരുന്നേക്കാം. അതുപോലെ, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം ചെയ്യാവു എന്ന ദൈവിക ബുദ്ധിയുപദേശം അനുസരിക്കാൻ ദൃഢചിത്തരായ ചില ക്രിസ്‌ത്യാനികൾ ഏകാകികളായി തുടർന്നിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ആത്മീയ സഹോദരിമാരാണ്‌ അവരിലനേകരും. (1 കൊരിന്ത്യർ 7:39) വിശ്വസ്‌തരായ അവർ വിവാഹ ഇണയെ കണ്ടെത്താൻ, സ്‌നാപനമേറ്റ സഹാരാധകരുടെ ഇടയിൽമാത്രം അന്വേഷണം നടത്തുന്നു.

അവിവാഹിതരിൽ ചിലർക്ക്‌ ചിലപ്പോഴൊക്കെ ഏകാന്തത അനുഭവപ്പെടുന്നു. തനിക്ക്‌ അങ്ങനെ തോന്നുന്നതായി അംഗീകരിച്ചശേഷം, ഏകാകിനിയായ ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “യഹോവയുടെ നിയമങ്ങൾ ഞങ്ങൾക്കറിയാം. യഹോവയെ ഒരുതരത്തിലും അപ്രീതിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കില്ല. ഒരു ഇണയുടെ സൗഹൃദത്തിനായി ഞങ്ങൾ വാഞ്‌ഛിച്ചേക്കാം. എന്നാൽ, ഞങ്ങൾക്കായി ഒരു ‘ബന്ധം തരപ്പെടുത്താൻ’ ലോകക്കാരായവർ എത്ര ശ്രമിച്ചാലും ഞങ്ങളുടെ തീരുമാനത്തിനു മാറ്റമില്ല. അവിശ്വാസികളായ സ്‌ത്രീപുരുഷന്മാരുടെ കൂട്ടത്തിൽ ആയിരിക്കുന്നതുപോലും ഞങ്ങൾക്ക്‌ ഇഷ്ടമല്ല.” ചിലപ്പോഴൊക്കെ വൈകാരിക വേദന അനുഭവിച്ചുകൊണ്ടുപോലും, ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുകയും ഉയർന്ന ധാർമിക നിലവാരം പുലർത്തുകയും അങ്ങനെ യഹോവയെ പ്രസാദിപ്പിക്കുകയും ചെയ്യുന്ന അത്തരം ക്രിസ്‌ത്യാനികൾ അഭിനന്ദനം അർഹിക്കുന്നു.

നിർലോഭമായ ദിവ്യസഹായം

തന്നെ സേവിക്കാത്തവരെ വിവാഹം ചെയ്യാൻ വിസമ്മതിക്കുന്നത്‌ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തന്നോടു വിശ്വസ്‌തത പ്രകടിപ്പിക്കുന്നവരോട്‌ യഹോവയും വിശ്വസ്‌തത കാണിക്കുന്നു. “വിശ്വസ്‌തനോട്‌ അങ്ങ്‌ [യഹോവ] വിശ്വസ്‌തത പുലർത്തുന്നു” എന്ന്‌ തന്റെ ജീവിതാനുഭവത്തിൽനിന്നു പറയാൻ ദാവീദിനു കഴിഞ്ഞു. (സങ്കീർത്തനം 18:​25, പി.ഒ.സി. ബൈബിൾ) വിശ്വസ്‌തതയോടെ തന്നെ അനുസരിക്കുന്നവർക്ക്‌ ദൈവം ഈ വാഗ്‌ദാനം നൽകുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) ദൈവവചനത്തോടു പറ്റിനിൽക്കുന്ന എല്ലാ പ്രായത്തിലുംപെട്ട ഏകാകികളായ ക്രിസ്‌ത്യാനികളെ നിർലോഭം അഭിനന്ദിച്ചുകൊണ്ട്‌ നമുക്ക്‌ യഹോവയെ അനുകരിക്കാം. തങ്ങളുടെ വെല്ലുവിളികൾ തരണംചെയ്യാൻ യഹോവ അവരെ ശക്തരാക്കട്ടെയെന്നു നമുക്കു പ്രാർഥിക്കുകയും ചെയ്യാം.​—⁠ന്യായാധിപന്മാർ 11:30-40.

ബൈബിൾവിദ്യാഭ്യാസവേലയിൽ പൂർണമായി മുഴുകുന്നത്‌ ജീവിതം ധന്യമാക്കുന്നെന്ന്‌ ഏകാകികളായ അനേകം ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. ഉദാഹരണത്തിന്‌ 30-കളുടെ മധ്യത്തിലുള്ള, പയനിയറും അവിവാഹിതയും ആയ പട്രീഷയുടെ കാര്യമെടുക്കുക. അവർ പറയുന്നു: “ഏകാകിത്വം പല വെല്ലുവിളികളും സൃഷ്ടിക്കാറുണ്ടെങ്കിലും ഒരു സാധാരണ പയനിയറായി സേവിക്കാൻ അത്‌ എനിക്ക്‌ അവസരം ഒരുക്കിയിരിക്കുന്നു. വിവാഹിതയല്ലാത്തതിനാൽ കൂടുതൽ വഴക്കമുള്ള ഒരു പട്ടികയാണ്‌ എനിക്കുള്ളത്‌. അതുകൊണ്ട്‌ പഠിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. പ്രത്യേകിച്ചും ക്ലേശപൂർണമായ സമയങ്ങളിൽ യഹോവയിൽ കൂടുതൽ ശക്തമായി ആശ്രയിക്കാനും ഞാൻ പഠിച്ചിരിക്കുന്നു.”

“നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും” എന്ന ബൈബിളിന്റെ ഉറപ്പായ വാഗ്‌ദാനത്തിൽ അടിസ്ഥാനപ്പെട്ടവയാണ്‌ അത്തരം അഭിപ്രായപ്രകടനങ്ങൾ. (സങ്കീർത്തനം 37:5) നിശ്ചയമായും, വിവാഹിതരും അവിവാഹിതരും ആയ യഹോവയുടെ എല്ലാ വിശ്വസ്‌ത ആരാധകർക്കും പിൻവരുന്ന നിശ്വസ്‌ത വാക്കുകൾ ആശ്വാസവും ശക്തിയും പകരുന്നു: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.”​—⁠സങ്കീർത്തനം 121:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 7 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, ജൂലൈ/ആഗസ്റ്റ്‌ കാണുക.

[9-ാം പേജിലെ ആകർഷകവാക്യം]

“വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു.”—1 കൊരിന്ത്യർ 7:32

[8-ാം പേജിലെ ചതുരം]

ഏകാകിത്വം പ്രതിഫലദായകമാക്കാൻ

അവിവാഹിതനായിരുന്ന യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.”​—⁠യോഹന്നാൻ 4:⁠34.

ഫിലിപ്പൊസിന്റെ അവിവാഹിതരായ നാലു പുത്രിമാർ ‘പ്രവചിക്കുന്നതിൽ’ ശുഷ്‌കാന്തിയുള്ളവർ ആയിരുന്നു.​—⁠പ്രവൃത്തികൾ 21:8, 9.

രാജ്യസന്ദേശം ഘോഷിക്കുന്ന ഏകാകികളായ സഹോദരിമാർ ‘സുവാർത്താദൂതികളുടെ വലിയ ഗണത്തിന്റെ’ ഭാഗമാണ്‌.​—⁠സങ്കീർത്തനം 68:11.