വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌, ജീവിതാന്ത്യത്തിൽ ദൈവത്തോട്‌ അവിശ്വസ്‌തനായിത്തീർന്നതുകൊണ്ട്‌ അവനു പുനരുത്ഥാനം ലഭിക്കുകയില്ലെന്നു നമുക്കു നിഗമനം ചെയ്യാനാകുമോ?​—⁠1 രാജാക്കന്മാർ 11:⁠3-9.

സംശയലേശമെന്യേ പുനരുത്ഥാനം ലഭിക്കാൻപോകുന്ന വിശ്വസ്‌തരായ ചില സ്‌ത്രീപുരുഷന്മാരെ ബൈബിൾ പേരെടുത്തു പറയുന്നുണ്ടെന്നതു ശരിയാണ്‌. എന്നാൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിക്കും പുനരുത്ഥാനം ലഭിക്കുമോ ഇല്ലയോ എന്ന്‌ അതു നിഷ്‌കൃഷ്ടമായി പറയുന്നില്ല. (എബ്രായർ 11:⁠1-40) എന്നിരുന്നാലും, മരണത്തിങ്കൽ ശലോമോനു സംഭവിച്ചത്‌ ചില വിശ്വസ്‌തർക്കു സംഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ, അവന്റെമേലുള്ള ദിവ്യന്യായവിധിയെക്കുറിച്ച്‌ നമുക്കു ചിലതു ഗ്രഹിക്കാനാകും.

മരണമടഞ്ഞവർക്ക്‌ രണ്ടു സാധ്യതകൾ ഉള്ളതായി മാത്രമേ തിരുവെഴുത്തുകൾ പറയുന്നുള്ളൂ, ഒന്നുകിൽ താത്‌കാലികമായി അസ്‌തിത്വത്തിൽനിന്നു നീക്കംചെയ്യപ്പെടുന്നു അല്ലെങ്കിൽ നിത്യമായി അസ്‌തിത്വം നഷ്ടപ്പെടുന്നു. പുനരുത്ഥാനത്തിനു യോഗ്യതയില്ലാത്തവരായി വിധിക്കപ്പെടുന്നവർ “അഗ്നിനരക”ത്തിൽ (ഗ്രീക്കിൽ, സമ്പൂർണനാശത്തെ ചിത്രീകരിക്കുന്ന “ഗീഹെന്ന”) അഥവാ “തീപ്പൊയ്‌കയിൽ” ആണു പതിക്കുന്നത്‌. (മത്തായി 5:⁠22; മർക്കൊസ്‌ 9:⁠47, 48; വെളിപ്പാടു 20:⁠14) ആദ്യമനുഷ്യജോഡിയായ ആദാമും ഹവ്വായും, വഞ്ചകനായ യൂദാ ഈസ്‌കര്യോത്താ, നോഹയുടെ കാലത്തെ ജലപ്രളയവും സൊദോമിന്റെയും ഗൊമോരയുടെയും നാശവും പോലെ ദൈവം ന്യായവിധി നടപ്പാക്കിയ സന്ദർഭങ്ങളിൽ മരിച്ച ചിലർ എന്നിവരെല്ലാം ഗീഹെന്നയിൽ പതിച്ചവരിൽ ഉൾപ്പെടുന്നു. * പുനരുത്ഥാന പ്രത്യാശയോടെ മരിക്കുന്നവർ മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ “പാതാള”ത്തിലേക്കു (എബ്രായയിൽ “ഷിയോൾ,” ഗ്രീക്കിൽ “ഹേഡീസ്‌”) പോകുന്നു. അവരുടെ ഭാവിയെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.”​—⁠വെളിപ്പാടു 20:⁠13.

അപ്പോൾ, എബ്രായർ 11-ാം അധ്യായത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന വിശ്വസ്‌തർ ഷിയോളിൽ അഥവാ ഹേഡീസിൽ, പുനരുത്ഥാനം കാത്തു കഴിയുകയാണ്‌. ദൈവത്തിന്റെ വിശ്വസ്‌ത ദാസരായിരുന്ന അബ്രാഹാമും മോശെയും ദാവീദും ആ ഗണത്തിൽപ്പെടുന്നു. അവരുടെ മരണത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു നമുക്കു നോക്കാം. അബ്രാഹാമിനോട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.” (ഉല്‌പത്തി 15:⁠15) യഹോവ മോശെയോട്‌ ഇപ്രകാരം പറഞ്ഞു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും.” (ആവർത്തനപുസ്‌തകം 31:⁠16) ശലോമോന്റെ പിതാവായ ദാവീദിനെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ദാവീദ്‌ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്‌തു.” (1 രാജാക്കന്മാർ 2:⁠10) ഈ വാക്യങ്ങളുടെ വീക്ഷണത്തിൽ, ‘പിതാക്കന്മാരെപ്പോലെ നിദ്രപാപിക്കുക,’ ‘പിതാക്കന്മാരോടു ചേരുക’ എന്നീ പ്രയോഗങ്ങൾ ഷിയോളിലേക്കു പോകുകയെന്നാണ്‌ അർഥമാക്കുന്നത്‌.

ശലോമോൻ മരിച്ചപ്പോൾ അവന്‌ എന്താണു സംഭവിച്ചത്‌? ബൈബിൾ ഉത്തരം നൽകുന്നു: “ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്‌പതു സംവത്സരം ആയിരുന്നു. ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്‌തു.” (1 രാജാക്കന്മാർ 11:⁠42, 43) ഇതിന്റെ അടിസ്ഥാനത്തിൽ, ശലോമോൻ, പുനരുത്ഥാനം കാത്ത്‌ ഷിയോൾ അഥവാ ഹേഡീസിൽ ഉണ്ടെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമാണെന്നു തോന്നുന്നു.

‘പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു’ എന്നു തിരുവെഴുത്തുകൾ പറയുന്ന എല്ലാവരും പുനരുത്ഥാനം പ്രാപിക്കാനാണു സാധ്യതയെന്ന്‌ ഈ നിഗമനം അർഥമാക്കുന്നു. വാസ്‌തവത്തിൽ, ശലോമോനുശേഷമുള്ള നിരവധി രാജാക്കന്മാർ അവിശ്വസ്‌തരായിരുന്നെങ്കിലും അവരെക്കുറിച്ചും ഇങ്ങനെതന്നെയാണു പറഞ്ഞിരിക്കുന്നത്‌. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു പറഞ്ഞിരിക്കുന്നതിനാൽ അത്‌ അവിശ്വസനീയമല്ല. (പ്രവൃത്തികൾ 24:⁠15) “[സ്‌മാരക] കല്ലറകളിൽ ഉള്ളവർ എല്ലാവരും” പുനരുത്ഥാനം ചെയ്‌തതിനുശേഷം മാത്രമേ പുനരുത്ഥാനത്തിനുള്ള ദിവ്യപ്രീതി ആർക്കെല്ലാമുണ്ടെന്നു കൃത്യമായി മനസ്സിലാക്കാൻ നമുക്കു കഴിയുകയുള്ളൂ. (യോഹന്നാൻ 5:⁠28, 29) അതുകൊണ്ട്‌, പുരാതനകാലത്തെ ഏതെങ്കിലും വ്യക്തിയുടെ പുനരുത്ഥാനത്തെക്കുറിച്ച്‌ നിഷ്‌കൃഷ്ടമായ ഉത്തരം കൊടുക്കുന്നതിനു പകരം, യഹോവയുടെ പൂർണതയുള്ള തീരുമാനത്തിൽ ആശ്രയിച്ചുകൊണ്ട്‌ നാം കാത്തിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 4 1988 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 30-1 പേജുകൾ കാണുക.