ക്രിസ്‌തുവിന്റെ ഒരു ഭടനെന്ന നിലയിൽ സഹിച്ചുനിൽക്കുന്നു
ജീവിത കഥ
ക്രിസ്‌തുവിന്റെ ഒരു ഭടനെന്ന നിലയിൽ സഹിച്ചുനിൽക്കുന്നു
യുരി കാപ്‌റ്റോലാ പറഞ്ഞപ്രകാരം
“നിങ്ങളുടെ വിശ്വാസം വളരെ ശക്തമാണെന്ന് എനിക്കിപ്പോൾ ബോധ്യമായി!” തീരെ പ്രതീക്ഷിക്കാത്ത ഒരു ഉറവിൽനിന്നാണ് ഞാൻ ആ വാക്കുകൾ കേട്ടത്. അതു പറഞ്ഞത് ആരെന്നല്ലേ? സോവിയറ്റ് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ. ആ വാക്കുകൾ തികച്ചും പ്രോത്സാഹജനകമായിരുന്നു, അതും എനിക്കത് ഏറ്റവും ആവശ്യമായിരുന്ന സമയത്തുതന്നെ. ഒരു നീണ്ട തടവുശിക്ഷതന്നെ ലഭിക്കാമായിരുന്ന ഒരു സാഹചര്യത്തിലായിരുന്നു ഞാൻ. സഹായത്തിനായി ഞാൻ യഹോവയോട് കേണപേക്ഷിച്ചിരുന്നു. സഹിഷ്‌ണുതയും നിശ്ചയദാർഢ്യവും ആവശ്യമായ ഒരു ദീർഘകാല പോരാട്ടത്തെ ഞാൻ നേരിടുകയായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തറുപത്തിരണ്ട് ഒക്ടോബർ 19-നു ജനിച്ച ഞാൻ വളർന്നത് പശ്ചിമ യൂക്രെയിനിലാണ്. ഞാൻ ജനിച്ച വർഷംതന്നെ എന്റെ പിതാവ്—അദ്ദേഹത്തിന്റെ പേരും യുരി എന്നായിരുന്നു—യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നു. താമസിയാതെ അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ യഹോവയുടെ സാക്ഷിയായിത്തീർന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം യഹോവയുടെ സാക്ഷികളെ എതിർത്തിരുന്ന അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ പോയില്ല.
എന്നുവരികിലും, അയൽക്കാരിൽ മിക്കവരും എന്റെ മാതാപിതാക്കളെ ആദരിച്ചിരുന്നു. അവരുടെ ക്രിസ്‌തീയ ഗുണങ്ങളും മറ്റുള്ളവരോടുള്ള കരുതലും ആണ് ആളുകളുടെ ആദരവു പിടിച്ചുപറ്റിയത്. എന്നിലും എന്റെ മൂന്നു സഹോദരിമാരിലും കുഞ്ഞുന്നാൾ മുതലേ ദൈവത്തോടുള്ള സ്‌നേഹം ഉൾനടാൻ മാതാപിതാക്കൾ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി. സ്‌കൂളിൽ ഉണ്ടായ നിരവധി വെല്ലുവിളികളെ നേരിടാൻ ഇത് എന്നെ സഹായിച്ചു. ഒരിക്കൽ, ലെനിന്റെ യങ് ഒക്ടോബ്രിസ്റ്റ്‌സ് എന്ന ബാലജന സംഘടനയിലെ അംഗമായി തിരിച്ചറിയിക്കുന്ന ഒരു ബാഡ്‌ജ് എല്ലാ വിദ്യാർഥികളും ധരിക്കണമെന്ന ഒരു ഉത്തരവ് ഉണ്ടായി. എന്നാൽ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ഞാൻ ബാഡ്‌ജ് ധരിച്ചില്ല, ഇത് എന്നെ മറ്റെല്ലാവരിൽനിന്നും വ്യത്യസ്‌തനാക്കിത്തീർത്തു.—യോഹന്നാൻ 6:15; 17:16.
പിന്നീട്, ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ, യങ്
പയനിയേഴ്‌സ് എന്ന ഒരു കമ്മ്യൂണിസ്റ്റ് യുവജന സംഘടനയിൽ ചേരാൻ എല്ലാ വിദ്യാർഥികൾക്കും നിർദേശം ലഭിച്ചു. ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലുള്ള എല്ലാവരെയും ഈ സംഘടനയിൽ അംഗമാക്കുന്ന ചടങ്ങിനായി സ്‌കൂൾ മുറ്റത്തേക്കു കൊണ്ടുപോയി. പരിഹാസ ശരങ്ങളും ശകാര വർഷവും ഏറ്റുവാങ്ങേണ്ടി വരുന്നത് ഓർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പേടി തോന്നി. ഞാനൊഴികെ എല്ലാവരും വീട്ടിൽനിന്ന് ചുവന്ന നിറത്തിലുള്ള പുതിയ പയനിയർ സ്‌കാർഫ് കൊണ്ടുവന്നിരുന്നു. സ്‌കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർഥികളുടെയും മുന്നിലായി ഞങ്ങൾ അണിനിരന്നു, ഒരു നീണ്ട നിരതന്നെ ആയിരുന്നു അത്. സ്‌കാർഫ് ഞങ്ങളുടെ കഴുത്തിൽ കെട്ടിത്തരാൻ മുതിർന്ന വിദ്യാർഥികൾക്കു നിർദേശം ലഭിച്ചു. ഞാൻ അപ്പോൾ ആരുടെയും കണ്ണിൽപ്പെടാതിരിക്കാനായി തല കുനിച്ചു കീഴ്‌പോട്ടു നോക്കിനിന്നു.വിദൂര ജയിലുകളിലേക്കു കൊണ്ടുപോകുന്നു
ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ 18 വയസ്സുള്ളപ്പോൾ എന്നെ മൂന്നു വർഷത്തെ തടവിനു വിധിച്ചു. (യെശയ്യാവു 2:4) ആദ്യത്തെ ഒരു വർഷം ചെലവഴിച്ചത് യൂക്രെയിനിലെ വിന്നിറ്റ്‌സ്‌കായാ ജില്ലയിലെ ട്രുഡോവോയെ പട്ടണത്തിലായിരുന്നു. അവിടെവെച്ച് വേറെ 30-ഓളം യഹോവയുടെ സാക്ഷികളെ ഞാൻ കണ്ടുമുട്ടി. എന്നാൽ അധികാരികൾ ഞങ്ങളെ ഈരണ്ടു പേരെയായി വെവ്വേറെ ജോലിസ്ഥലങ്ങളിൽ നിയമിച്ചു. ഞങ്ങൾ പരസ്‌പരം ഇടപഴകുന്നതു തടയുകയായിരുന്നു ഉദ്ദേശ്യം.
1982 ആഗസ്റ്റിൽ എന്നെയും മറ്റൊരു സാക്ഷിയായ ഇഡൂവാർട്ടിനെയും വേറെ ഒരുകൂട്ടം തടവുകാരോടൊപ്പം വടക്കൻ യുറൽ പർവതനിരയിലേക്ക് അയച്ചു. ട്രെയിനിൽ തടവുപുള്ളികളെ കൊണ്ടുപോകുന്ന ബോഗികളിൽ തിങ്ങി ഞെരുങ്ങിയായിരുന്നു ഞങ്ങളുടെ യാത്ര, ഒപ്പം അസഹ്യമായ ചൂടും. എട്ടു ദിവസത്തെ ദുരിതപൂർണമായ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ പെർമ്‌സ്‌കായാ ജില്ലയിലെ സോലികാംസ്‌ക് ജയിലിൽ എത്തിച്ചേർന്നു. എന്നെയും ഇഡൂവാർട്ടിനെയും വെവ്വേറെ അറകളിലാണ് ആക്കിയത്. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ എന്നെ കുറച്ചുകൂടെ വടക്കു മാറി, ക്രാസ്‌നോവിഷെർസ്‌കി പ്രദേശത്തുള്ള വ്യോൽസ് ഗ്രാമത്തിലേക്കു കൊണ്ടുപോയി.
ഞങ്ങളെ കൊണ്ടുപോകാനായി വള്ളം എത്തിച്ചേർന്നത് അർധരാത്രിയിലാണ്, എങ്ങും കുറ്റാക്കുറ്റിരുട്ട്. ആ ഇരുട്ടത്ത് അതിൽ കയറി നദിയുടെ അക്കരെക്കു പോകാൻ ഒരു ഉദ്യോഗസ്ഥൻ ഞങ്ങളുടെ കൂട്ടത്തോട് ആജ്ഞാപിച്ചു. ഞങ്ങൾക്കു നദിയോ വള്ളമോ കാണാൻ കഴിയുമായിരുന്നില്ല. തപ്പിത്തടഞ്ഞു നടന്ന ഞങ്ങൾ ഒരു വിധത്തിൽ വള്ളം തേടിപ്പിടിച്ച് അതിൽ കയറിപ്പറ്റി. പേടിച്ചുവിറച്ച് അതിലിരുന്ന ഞങ്ങൾ എങ്ങനെയോ നദി കുറുകെ കടന്നു. അക്കരെയെത്തിയപ്പോൾ അടുത്തുള്ള ഒരു കുന്നിൽ ചെറിയൊരു വെളിച്ചം കാണാമായിരുന്നു. അതു ലക്ഷ്യമാക്കി നടന്ന ഞങ്ങൾ അവിടെ എത്തിയപ്പോൾ കുറെ കൂടാരങ്ങൾ കണ്ടു. അതായിരുന്നു ഞങ്ങളുടെ പുതിയ ഭവനം. മറ്റു 30-തോളം തടവുകാരോടൊപ്പം താരതമ്യേന വലുപ്പമുള്ള ഒരു കൂടാരത്തിലാണു ഞാൻ താമസിച്ചത്. ശൈത്യകാലത്ത് താപനില ചിലപ്പോൾ മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെയായി താഴുമായിരുന്നു. ആ കൊടുംതണുപ്പിൽ കൂടാരം കാര്യമായ ഒരു സംരക്ഷണവും നൽകിയില്ല. തടവുകാരുടെ പ്രധാന ജോലി മരംവെട്ടായിരുന്നു. എന്നാൽ തടവുകാർക്കുവേണ്ടി കുടിലുകൾ കെട്ടുന്നതായിരുന്നു എന്റെ ജോലി.
ഞങ്ങളുടെ ഒറ്റപ്പെട്ട ക്യാമ്പിൽ ആത്മീയാഹാരം എത്തുന്നു
ആ ക്യാമ്പിൽ സാക്ഷിയായി ഉണ്ടായിരുന്നത് ഞാൻ മാത്രമാണ്. എങ്കിലും യഹോവ എന്നെ ഉപേക്ഷിച്ചില്ല. ഒരു ദിവസം അമ്മയിൽനിന്ന് എനിക്ക് ഒരു പാഴ്‌സൽ കിട്ടി. അമ്മ അപ്പോഴും പശ്ചിമ യൂക്രെയിനിൽത്തന്നെ ആയിരുന്നു. ഒരു ഗാർഡാണ് പാഴ്‌സൽ തുറന്നത്. അതു തുറന്നപ്പോൾ ആദ്യംതന്നെ അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത് ഒരു ചെറിയ ബൈബിളാണ്. അദ്ദേഹം അതെടുത്ത് താളുകൾ മറിച്ചുനോക്കാൻ തുടങ്ങി. ആ ആത്മീയ നിധി നഷ്ടപ്പെടുന്നതിനെക്കുറിച്ച് എനിക്ക് ഓർക്കാൻപോലും കഴിയുമായിരുന്നില്ല. അതു പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ എന്തു പറയാനാകുമെന്നു ഞാൻ തലപുകഞ്ഞ് ആലോചിച്ചു. “എന്താണിത്?” പെട്ടെന്നാണ് ഗാർഡ് അതു ചോദിച്ചത്. എനിക്ക് ഒരു മറുപടി ഓർത്തെടുക്കാൻ കഴിയും മുമ്പെ അരികെ നിന്ന ഇൻസ്‌പെക്ടർ പറഞ്ഞു: “ഓ! അതൊരു നിഘണ്ടു ആണ്.” ഞാൻ ഒരക്ഷരം മിണ്ടിയില്ല. (സഭാപ്രസംഗി 3:7) ഇൻസ്‌പെക്ടർ പൊതിയിൽ വേറെ എന്തൊക്കെ ഉണ്ടെന്നു പരിശോധിച്ചിട്ട് അതും അത്യന്തം വിലപ്പെട്ട ബൈബിളും എനിക്കു തന്നു. സന്തോഷം അടക്കാനാവാതെ ഞാൻ പൊതിയിൽനിന്ന് കുറച്ച് അണ്ടിപ്പരിപ്പ് എടുത്ത് അദ്ദേഹത്തിനു കൊടുത്തു. യഹോവ എന്നെ മറന്നിട്ടില്ലെന്ന് ആ പൊതി കിട്ടിയപ്പോൾ എനിക്കു മനസ്സിലായി. അവൻ എന്റെ സഹായത്തിനെത്തുകയും എന്റെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി ഉദാരമായി കരുതുകയും ചെയ്‌തു.—എബ്രായർ 13:5.
ഇടവിടാതെ പ്രസംഗിക്കുന്നു
ഏതാനും മാസങ്ങൾ പിന്നിട്ടു. ഏകദേശം 400 കിലോമീറ്റർ അകലെ ഒരിടത്തു തടവിൽ കഴിയുന്ന ഒരു ക്രിസ്‌തീയ സഹോദരനിൽനിന്ന് തികച്ചും അപ്രതീക്ഷിതമായി എനിക്ക് ഒരു കത്തു ലഭിച്ചു. താത്‌പര്യം കാണിച്ച ഒരു വ്യക്തി എന്റെ ക്യാമ്പിലേക്കു പോന്നിരിക്കാൻ ഇടയുണ്ടെന്നും അദ്ദേഹത്തെ തിരഞ്ഞു കണ്ടുപിടിക്കണമെന്നും അതിൽ വ്യക്തമായി എഴുതിയിരുന്നു. ഞങ്ങൾക്കു വരുന്ന കത്തുകളെല്ലാം അധികൃതർ പരിശോധിക്കുന്ന പതിവുണ്ടായിരുന്നതിനാൽ അദ്ദേഹം അങ്ങനെ എഴുതിയത് ഒട്ടും ബുദ്ധിയായില്ല. താമസിയാതെ, പ്രവൃത്തികൾ 4:20) എന്നെ അങ്ങനെയൊന്നും വിരട്ടാൻ കഴിയില്ലെന്ന് ആ ഉദ്യോഗസ്ഥനു മനസ്സിലായി. അതുകൊണ്ട് എന്നെ എങ്ങനെയെങ്കിലും അവിടെനിന്നു മാറ്റുന്നതിനായിരുന്നു അടുത്ത ശ്രമം. എന്നെ മറ്റൊരു ക്യാമ്പിലേക്ക് അയച്ചു.
ഉദ്യോഗസ്ഥരിൽ ഒരാൾ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിപ്പിച്ചിട്ട് മേലാൽ പ്രസംഗിക്കരുതെന്നു ശക്തമായ ഭാഷയിൽത്തന്നെ എന്നോടു പറഞ്ഞു. ഞാൻ എന്റെ വിശ്വാസങ്ങൾ മറ്റുള്ളവരുമായി മേലാൽ പങ്കുവെക്കുകയില്ലെന്ന് എഴുതിയ ഒരു പ്രമാണത്തിൽ ഒപ്പുവെക്കാൻ അദ്ദേഹം എന്നോട് ആജ്ഞാപിച്ചു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന കാര്യം എല്ലാവർക്കും ഇപ്പോൾത്തന്നെ അറിയാവുന്ന സ്ഥിതിക്ക്, അത്തരമൊരു പ്രസ്‌താവനയിൽ ഒപ്പിടുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ലെന്നു ഞാൻ മറുപടി പറഞ്ഞു. ഞാൻ തടവിലാക്കപ്പെട്ടതിന്റെ കാരണം അറിയാൻ മറ്റു തടവുകാർക്കു താത്‌പര്യമുണ്ടെന്നും അതേക്കുറിച്ച് അവർ ചോദിക്കുന്നപക്ഷം അവരോട് എന്തു പറയണമെന്നും ഞാൻ ആരാഞ്ഞു. (200 കിലോമീറ്റർ അകലെയുള്ള വായാ ഗ്രാമത്തിലേക്കാണ് എന്നെ മാറ്റിയത്. അവിടത്തെ മേലധികാരികൾ എന്റെ ക്രിസ്‌തീയ നിലപാടിനെ ആദരിക്കുകയും എനിക്കു സൈനികേതര ജോലി നിയമിച്ചു തരുകയും ചെയ്‌തു—ആദ്യം ഒരു മരപ്പണിക്കാരനായും പിന്നീട് ഒരു ഇലക്‌ട്രീഷ്യനായും എനിക്കു നിയമനം ലഭിച്ചു. എന്നാൽ ഈ ജോലികൾക്ക് അവയുടേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു. പണിയായുധങ്ങളുമെടുത്തു ഗ്രാമത്തിലെ ക്ലബ്ബിലേക്കു പോകാൻ ഒരിക്കൽ എനിക്കു നിർദേശം ലഭിച്ചു. ക്ലബ്ബിലെ സൈനികർക്ക് എന്നെ കണ്ടപ്പോൾ സന്തോഷമായി. അവിടെ സ്ഥാപിച്ചിരുന്ന വിവിധ സൈനിക ചിഹ്നങ്ങൾക്കു ചുറ്റുമുള്ള അലങ്കാര വിളക്കുകൾ ശരിയാംവണ്ണം കത്തുന്നില്ലായിരുന്നു. ‘ചുവപ്പുസേന’യുടെ വാർഷിക ദിനാഘോഷത്തിനായി തയ്യാറെടുക്കുകയായിരുന്നു അവർ. അതുകൊണ്ട് ആ ലൈറ്റുകൾ ഞാൻ ശരിയാക്കി കൊടുക്കണമെന്നായി അവർ. അതേക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിച്ചശേഷം എനിക്ക് അത്തരമൊരു ജോലി ചെയ്യാനാവില്ലെന്നു ഞാൻ അവരോടു പറഞ്ഞു. ഞാൻ അവർക്ക് എന്റെ പണിയായുധങ്ങൾ കൊടുത്തിട്ടു സ്ഥലംവിട്ടു. അവർ എനിക്കെതിരെ ഡെപ്യൂട്ടി ഡയറക്ടർക്കു പരാതി നൽകി. എന്നാൽ പരാതി കേട്ടശേഷമുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെ അതിശയിപ്പിച്ചുകളഞ്ഞു. “ഇക്കാര്യത്തിൽ ഞാൻ അയാളെ ആദരിക്കുന്നു. അയാൾ തത്ത്വദീക്ഷയുള്ളവനാണ്” എന്ന് അദ്ദേഹം പറഞ്ഞു.
തീരെ പ്രതീക്ഷിക്കാത്ത ഒരു ഉറവിൽനിന്നുള്ള പ്രോത്സാഹനം
കൃത്യം മൂന്നു വർഷത്തെ തടവുശിക്ഷയ്‌ക്കു ശേഷം 1984 ജൂൺ 8-ന് ഞാൻ മോചിതനായി. യൂക്രെയിനിൽ തിരികെ എത്തിയപ്പോൾ ഒരു മുൻ തടവുകാരനെന്ന നിലയിൽ ഞാൻ കരുതൽസേനയിൽ റിപ്പോർട്ടു ചെയ്യണമായിരുന്നു. ആറു മാസത്തിനുള്ളിൽ എന്നെ വീണ്ടും വിചാരണ ചെയ്യുമെന്നും ആ ജില്ലയിൽനിന്നുതന്നെ പോകുന്നതാണ് എനിക്കു നല്ലതെന്നും അധികൃതർ എന്നോടു പറഞ്ഞു. അതുകൊണ്ട് ഞാൻ യൂക്രെയിനിൽനിന്നു പോകുകയും ഒടുവിൽ ലട്‌വിയയിൽ ജോലി കണ്ടെത്തുകയും ചെയ്‌തു. കുറച്ചു കാലത്തേക്ക് തലസ്ഥാനമായ റിഗയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള സാക്ഷികളുടെ ചെറിയ കൂട്ടത്തോടു സഹവസിക്കാനും അവരോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടാനും എനിക്കു കഴിഞ്ഞു. എന്നാൽ വെറും ഒരു വർഷം കഴിഞ്ഞപ്പോൾ സൈനിക സേവനത്തിനു ചേരാൻ വീണ്ടും എനിക്ക് ഉത്തരവു ലഭിച്ചു. മുമ്പു സൈനിക സേവനത്തിനു വിസമ്മതിച്ചിട്ടുള്ള കാര്യം എൻലിസ്റ്റ്‌മെന്റ് ഓഫീസിൽവെച്ച് ഞാൻ ഉദ്യോഗസ്ഥനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം ആക്രോശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “താൻ എന്താണീ ചെയ്യുന്നതെന്നു തനിക്കറിയാമോ? ലഫ്‌റ്റനന്റ് കേണലിനോട് താൻ എന്തു പറയുമെന്ന് ഒന്നു കാണട്ടെ!”
അദ്ദേഹം എന്നെ രണ്ടാം നിലയിലുള്ള ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു നീണ്ട മേശയ്‌ക്കു പിന്നിലായി ലഫ്‌റ്റനന്റ് കേണൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ എന്റെ നിലപാടു വ്യക്തമാക്കിയപ്പോൾ അദ്ദേഹം എല്ലാം സശ്രദ്ധം കേട്ടു. എന്നിട്ട്, എൻലിസ്റ്റ്‌മെന്റ് കമ്മിറ്റിയെ അഭിമുഖീകരിക്കുന്നതിനു മുമ്പ് എനിക്ക് ഇനിയും തീരുമാനം പുനർവിചിന്തനം ചെയ്യാനുള്ള സമയമുണ്ടെന്ന് എന്നോടു പറഞ്ഞു. ലഫ്‌റ്റനന്റ് കേണലിന്റെ ഓഫീസ് വിട്ടിറങ്ങവേ ആദ്യം എന്നെ ശകാരിച്ച ഉദ്യോഗസ്ഥൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിങ്ങളുടെ വിശ്വാസം വളരെ ശക്തമാണെന്ന് എനിക്കിപ്പോൾ ബോധ്യമായി!” ഒരു സൈനിക കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോൾ
എന്റെ നിഷ്‌പക്ഷ നിലപാട് ഞാൻ ആവർത്തിച്ചു. തത്‌കാലത്തേക്ക് അവർ എന്നെ വെറുതെ വിട്ടു.ആ സമയത്ത് ഞാൻ ഒരു ഹോസ്റ്റലിലാണു താമസിച്ചത്. ഒരു ദിവസം വൈകുന്നേരം, വാതിൽക്കൽ ആരോ പതുക്കെ മുട്ടുന്നതു ഞാൻ കേട്ടു. വാതിൽ തുറന്നപ്പോൾ കണ്ടത് സ്യൂട്ട് ധരിച്ച് ഒരു ബ്രീഫ്‌കേസും പിടിച്ചു നിൽക്കുന്ന ഒരാളെയാണ്. ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി: “ഞാൻ സ്റ്റേറ്റ് സെക്യൂരിറ്റിയിൽനിന്നാണ്. താങ്കൾ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ടെന്നും കോടതിയിൽ വിചാരണ നേരിടാൻ പോകുകയാണെന്നും എനിക്കറിയാം.” “അതേ, ശരിയാണ്,” ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അയാൾ ഇങ്ങനെ തുടർന്നു: “ഞങ്ങളോടു സഹകരിക്കാമെന്നു സമ്മതിക്കുകയാണെങ്കിൽ താങ്കളെ ഞങ്ങൾക്കു സഹായിക്കാനാകും.” “ഇല്ല, അതു സാധ്യമല്ല,” ഞാൻ പറഞ്ഞു. “ഞാൻ എന്റെ ക്രിസ്‌തീയ വിശ്വാസങ്ങളോടു വിശ്വസ്‌തനായി നിലകൊള്ളും.” എന്റെ മനസ്സുമാറ്റാൻ കൂടുതൽ ശ്രമമൊന്നും നടത്താതെ അയാൾ പോയി.
വീണ്ടും ജയിലിലേക്ക്, പ്രസംഗവേലയിലേക്കും
1986 ആഗസ്റ്റ് 26-ന് റിഗയിലെ ദേശീയ കോടതി എന്നെ നാലു വർഷത്തെ നിർബന്ധിത തൊഴിലിനു വിധിച്ചു. എന്നെ റിഗ സെൻട്രൽ പ്രിസണിലേക്കു കൊണ്ടുപോയി. വേറെ 40 തടവുപുള്ളികളോടൊപ്പം എന്നെ ഒരു വലിയ അറയിലാക്കി. ആ അറയിലെ ഓരോ തടവുകാരനോടും പ്രസംഗിക്കാൻ ഞാൻ ശ്രമം നടത്തി. ചിലർ ദൈവത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടു; മറ്റുചിലർ എന്നെ പരിഹസിച്ചു. ആളുകൾ സംഘം ചേർന്നു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ഈ സംഘങ്ങളുടെ നേതാക്കൾ, പ്രസംഗിക്കാൻ എനിക്ക് അനുവാദമില്ലെന്ന് എന്നോടു പറഞ്ഞു. ഞാൻ അവരുടെ അലിഖിത നിയമങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്തതായിരുന്നു കാരണം. ഇതേ കാരണത്താൽത്തന്നെയാണ്, അതായത് വ്യത്യസ്‌തമായ നിയമങ്ങളനുസരിച്ചു ജീവിച്ചതിനാലാണ്, ഞാൻ തടവിലായതെന്നു ഞാൻ വിശദീകരിച്ചു.
ഞാൻ വിവേചനാപൂർവം പ്രസംഗിക്കുന്നതു തുടർന്നു. ആത്മീയ ചായ്‌വുള്ള ആളുകളെ കണ്ടെത്തിയപ്പോൾ അവരോടൊത്തു ബൈബിൾ പഠിക്കാൻ എനിക്കു കഴിഞ്ഞു. ഈ വിധത്തിൽ നാലു പേർക്ക് ഞാൻ ബൈബിളധ്യയനം ആരംഭിച്ചു. ചർച്ചകളുടെ സമയത്ത്, അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ അവർ ഒരു നോട്ടുബുക്കിൽ കുറിച്ചെടുക്കുമായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോൾ എന്നെ വാൽമ്യെറായിലെ കനത്ത സുരക്ഷാസംവിധാനമുള്ള ഒരു ക്യാമ്പിലേക്ക് അയച്ചു. അവിടെ ഒരു ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌ത എനിക്ക് മറ്റൊരു ഇലക്‌ട്രീഷ്യനോടൊത്തു ബൈബിൾ പഠിക്കാൻ കഴിഞ്ഞു. നാലു വർഷത്തിനു ശേഷം അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.
1988 മാർച്ച് 24-ന് എന്നെ കനത്ത സുരക്ഷാസംവിധാനമുള്ള ആ ക്യാമ്പിൽനിന്ന് അടുത്തുള്ള ഒരു സാധാരണ ക്യാമ്പിലേക്കു മാറ്റി. ഇത് ഒരു വലിയ അനുഗ്രഹമായി, കാരണം എനിക്ക് അവിടെ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. വ്യത്യസ്‌ത നിർമാണ സ്ഥലങ്ങളിൽ പ്രവർത്തിക്കാനായിരുന്നു എന്റെ നിയമനം. പ്രസംഗിക്കാനുള്ള അവസരങ്ങൾ ഞാൻ സദാ തേടിക്കൊണ്ടിരുന്നു. പലപ്പോഴും പ്രസംഗവേല കഴിഞ്ഞ് രാത്രി വൈകിയാണു ഞാൻ ക്യാമ്പിൽ മടങ്ങിയെത്തിയിരുന്നത്, എങ്കിലും അതിന്റെ പേരിൽ എനിക്കു ക്യാമ്പിൽ യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല.
യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു. ക്യാമ്പിനടുത്ത് ഏതാനും സാക്ഷികൾ പാർത്തിരുന്നു. എന്നാൽ പട്ടണത്തിൽ ഒരേയൊരു സാക്ഷിയേ ഉണ്ടായിരുന്നുള്ളൂ. വിൽമാ ക്രൂമിന്യാ എന്നു പേരുള്ള പ്രായംചെന്ന ഒരു സഹോദരിയായിരുന്നു അത്. ഞാനും ക്രൂമിന്യാ സഹോദരിയും യുവജനങ്ങളുമായി അനേകം ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. ഇടയ്‌ക്കൊക്കെ സഹോദരീസഹോദരന്മാർ ശുശ്രൂഷയിൽ പങ്കെടുക്കാനായി റിഗയിൽനിന്നു വരാറുണ്ടായിരുന്നു. സാധാരണ പയനിയർമാരിൽ ചിലർ ലെനിൻഗ്രാഡിൽനിന്നുപോലും (ഇപ്പോഴത്തെ സെന്റ് പീറ്റേഴ്‌സ്‌ബർഗ്) എത്തിയിരുന്നു. യഹോവയുടെ സഹായത്താൽ അനേകം ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഞങ്ങൾക്കു കഴിഞ്ഞു. താമസിയാതെ ഞാൻ പയനിയർ സേവനം ആരംഭിച്ചു. അങ്ങനെ മാസംതോറും ഞാൻ 90 മണിക്കൂർ പ്രസംഗവേലയിൽ ചെലവഴിച്ചു.
1990 ഏപ്രിൽ 7-ാം തീയതി വാൽമ്യെറായിലെ പീപ്പിൾസ് കോർട്ടിൽ എന്റെ കേസ് പുനർവിചാരണയ്‌ക്ക് എടുത്തു. വിചാരണ തുടങ്ങിയപ്പോൾ ഞാൻ പ്രോസിക്യൂട്ടറെ തിരിച്ചറിഞ്ഞു. ഞാൻ മുമ്പ് ബൈബിൾ ചർച്ച നടത്തിയിട്ടുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹം! അദ്ദേഹം എന്നെ തിരിച്ചറിയുകയും പുഞ്ചിരിക്കുകയും ചെയ്‌തു, എന്നാൽ ഒന്നും മിണ്ടിയില്ല. അന്നത്തെ വിചാരണവേളയിൽ ജഡ്‌ജി എന്നോടു പറഞ്ഞത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു: “യുരി, നാലു വർഷം മുമ്പ് താങ്കളെ തടവിലാക്കാനെടുത്ത തീരുമാനം വാസ്‌തവത്തിൽ നിയമവിരുദ്ധമായിരുന്നു. അവർ താങ്കളെ കുറ്റവാളിയായി പ്രഖ്യാപിച്ചതു ശരിയായില്ല.” അങ്ങനെ അപ്രതീക്ഷിതമായി ഞാൻ തടവിൽനിന്നു മോചിതനായി!
ക്രിസ്‌തുവിന്റെ ഒരു ഭടൻ
1990 ജൂൺ മാസത്തിൽ എനിക്ക് ഒരിക്കൽക്കൂടെ എൻലിസ്റ്റ്‌മെന്റ് ഓഫീസിൽ റിപ്പോർട്ടു ചെയ്യേണ്ടി വന്നു. റിഗയിൽ താമസിക്കുന്നതിനുള്ള പെർമിറ്റ് നേടാനായിരുന്നു അത്. സൈന്യത്തിൽ സേവിക്കുകയില്ലെന്ന് നാലു വർഷം മുമ്പ് ഞാൻ ലഫ്‌റ്റനന്റ് കേണലിനോടു പറഞ്ഞ, നീണ്ട മേശ ഉള്ള ആ ഓഫീസിലേക്കുതന്നെ ഞാൻ വീണ്ടും കയറിച്ചെന്നു. ഇത്തവണ അദ്ദേഹം എഴുന്നേറ്റുനിന്ന് എന്നെ അഭിവാദ്യം ചെയ്യുകയും എനിക്കു കൈ തരുകയും ചെയ്‌തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:
“താങ്കൾക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത് മോശമായിപ്പോയി. അങ്ങനെ സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു.”ഞാൻ പറഞ്ഞു: “ഞാൻ ക്രിസ്‌തുവിന്റെ ഒരു ഭടനാണ്. എന്റെ നിയോഗം ഞാൻ നിറവേറ്റിയേ തീരൂ. ക്രിസ്‌തു തന്റെ അനുഗാമികൾക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന സന്തുഷ്ട ജീവിതവും നിത്യഭാവിയും ബൈബിളിന്റെ സഹായത്താൽ താങ്കൾക്കും ആസ്വദിക്കാനാകും.” (2 തിമൊഥെയൊസ് 2:3, 4) അപ്പോൾ കേണൽ പറഞ്ഞു: “കുറച്ചുനാൾ മുമ്പ് ഞാൻ ഒരു ബൈബിൾ വാങ്ങി, ഇപ്പോൾ ഞാനതു വായിക്കുന്നുണ്ട്.” നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം എന്റെ കൈവശം ഉണ്ടായിരുന്നു. * ഞാൻ അതിലെ, അന്ത്യനാളുകളുടെ അടയാളത്തെക്കുറിച്ചു ചർച്ചചെയ്യുന്ന അധ്യായം എടുത്ത് ബൈബിൾ പ്രവചനം നമ്മുടെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. അങ്ങേയറ്റം വിലമതിപ്പോടെ കേണൽ എനിക്കു വീണ്ടും കൈതരുകയും എന്റെ പ്രവർത്തനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാവട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു.
ഈ സമയമായപ്പോഴേക്കും ലട്‌വിയയിലെ വയൽ കൊയ്‌ത്തിനായി ശരിക്കും പാകമായിരുന്നു. (യോഹന്നാൻ 4:35) 1991-ൽ ഞാൻ ഒരു സഭാ മൂപ്പനായി സേവിക്കാൻ തുടങ്ങി. മുഴു രാജ്യത്തിലും കൂടി രണ്ടു നിയമിത മൂപ്പന്മാരേ ഉണ്ടായിരുന്നുള്ളൂ! ഒരു വർഷം കഴിഞ്ഞപ്പോൾ ലട്‌വിയയിലെ ഏക സഭ രണ്ടായിത്തീർന്നു, ഒന്ന് ലട്‌വിയൻ ഭാഷ ഉപയോഗിക്കുന്നതും മറ്റേത് റഷ്യൻ ഭാഷ ഉപയോഗിക്കുന്നതും. റഷ്യൻ സഭയോടൊപ്പം സേവിക്കാൻ എനിക്കു പദവി ലഭിച്ചു. വളർച്ച ത്വരിതഗതിയിലായിരുന്നു, പിറ്റേവർഷംതന്നെ ഞങ്ങളുടെ സഭ മൂന്നായിത്തീർന്നു! പിന്തിരിഞ്ഞു നോക്കുമ്പോൾ, യഹോവതന്നെ തന്റെ ആടുകളെ അവന്റെ സംഘടനയിലേക്കു നയിക്കുകയായിരുന്നുവെന്നതു വ്യക്തമാണ്.
1998-ൽ ഞാൻ ഒരു പ്രത്യേക പയനിയറായി നിയമിക്കപ്പെട്ടു. റിഗയ്‌ക്ക് 40 കിലോമീറ്റർ തെക്കുകിഴക്കു മാറിയുള്ള യെൽഗാവാ പട്ടണത്തിലായിരുന്നു എന്റെ നിയമനം. അതേ വർഷം, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബർഗിന് അടുത്തുള്ള സോൽന്യെച്‌നോയെയിൽ വെച്ച് റഷ്യൻ ഭാഷയിൽ നടത്തപ്പെട്ട ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ സ്‌കൂളിൽ സംബന്ധിക്കാനായി ലട്‌വിയയിൽനിന്നു ക്ഷണിക്കപ്പെടുന്ന ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു ഞാൻ. ശുശ്രൂഷയിൽ വിജയം വരിക്കുന്നതിന് ആളുകളോടു സ്‌നേഹം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നു മനസ്സിലാക്കാൻ സ്‌കൂൾ എന്നെ സഹായിച്ചു. സ്‌കൂളിൽ പഠിച്ച കാര്യങ്ങളെക്കാൾ ഉപരിയായി ഞങ്ങളിൽ മതിപ്പുളവാക്കിയത് ബെഥേൽ കുടുംബവും സ്‌കൂളിലെ അധ്യാപകരും ഞങ്ങൾക്കു തന്ന സ്‌നേഹവും ശ്രദ്ധയുമാണ്.
എന്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു കാരിനായുമായുള്ള വിവാഹം, 2001-ലായിരുന്നു അത്. നല്ല സ്വഭാവഗുണങ്ങളുള്ള ഒരു ക്രിസ്‌ത്യാനിയാണ് കാരിനാ. പ്രത്യേക മുഴുസമയ സേവനത്തിൽ അവൾ എന്നോടൊപ്പം ചേർന്നു. എല്ലാ ദിവസവും വയൽസേവനം കഴിഞ്ഞ് സന്തോഷം സ്‌ഫുരിക്കുന്ന മുഖവുമായി എന്റെ ഭാര്യ തിരികെ എത്തുന്നതു കാണുമ്പോൾ എനിക്കു പ്രോത്സാഹനം തോന്നുന്നു. യഹോവയെ സേവിക്കുക എന്നത് വളരെയേറെ സന്തോഷം തരുന്ന ഒരു കാര്യമാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ കീഴിലെ കയ്‌പേറിയ അനുഭവങ്ങൾ യഹോവയിൽ പൂർണമായി ആശ്രയിക്കാൻ എന്നെ പഠിപ്പിച്ചു. യഹോവയുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാനും അവന്റെ പരമാധികാരത്തെ പിന്തുണയ്‌ക്കാനും ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏതു ത്യാഗവും തക്ക മൂല്യമുള്ളതാണ്. യഹോവയെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നത് എന്റെ ജീവിതത്തെ ഉദ്ദേശ്യപൂർണമാക്കിയിരിക്കുന്നു. “ക്രിസ്‌തുയേശുവിന്റെ നല്ല ഭടനായി” യഹോവയെ സേവിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു പദവിതന്നെ ആയിരുന്നിട്ടുണ്ട്.—2 തിമൊഥെയൊസ് 2:3.
[അടിക്കുറിപ്പ്]
^ ഖ. 29 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, എന്നാൽ ഇപ്പോൾ അച്ചടിക്കുന്നില്ല.
[10-ാം പേജിലെ ചിത്രം]
നാലു വർഷത്തെ നിർബന്ധിത തൊഴിലിനു വിധിച്ചതിനെ തുടർന്ന് എന്നെ റിഗ സെൻട്രൽ പ്രിസണിലേക്കു കൊണ്ടുപോയി
[12-ാം പേജിലെ ചിത്രം]
കാരിനായോടൊപ്പം ശുശ്രൂഷയിൽ