മെനനൈറ്റുകൾ ബൈബിൾസത്യം തിരയുന്നു
മെനനൈറ്റുകൾ ബൈബിൾസത്യം തിരയുന്നു
രണ്ടായിരം നവംബറിലെ ഒരു ദിവസം. ബൊളീവിയയിൽ, യഹോവയുടെ സാക്ഷികളായ രണ്ടു മിഷനറിമാർ രാവിലെ തങ്ങളുടെ കൊച്ചു വീടിന്റെ ജനാലയിൽക്കൂടി നോക്കിയപ്പോൾ സാധാരണ വസ്‌ത്രം ധരിച്ച കുറെ സ്‌ത്രീപുരുഷന്മാർ തങ്ങളുടെ ഗേറ്റിനു സമീപം നിൽക്കുന്നതു കണ്ടു. അവർ അൽപ്പം പരിഭ്രാന്തരാണെന്നു കാഴ്‌ചയിൽത്തന്നെ വ്യക്തമായിരുന്നു. ഗേറ്റു തുറന്ന മിഷനറിമാരോട് അവർ ആദ്യം പറഞ്ഞത് ഇതാണ്: “ഞങ്ങൾക്കു ബൈബിൾസത്യം മനസ്സിലാക്കണം.” ആ സന്ദർശകർ മെനനൈറ്റുകൾ ആയിരുന്നു. പുരുഷന്മാർ ഇറുകിയ ഒറ്റവസ്‌ത്രവും സ്‌ത്രീകൾ കറുത്ത ഏപ്രണും ധരിച്ചിരുന്നു. ഒരു ജർമൻ ഉപഭാഷയിലായിരുന്നു അവരുടെ സംസാരം. ആരെങ്കിലും തങ്ങളുടെ പിന്നാലെ വരുന്നുണ്ടോയെന്നു ഭയപ്പാടോടെ അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും, മിഷനറിമാരുടെ വീട്ടിലേക്കുള്ള പടി കയറുമ്പോഴും അവരിലൊരു ചെറുപ്പക്കാരൻ ഇങ്ങനെ പറഞ്ഞു: “ദൈവനാമം ഉപയോഗിക്കുന്നവരെ എനിക്കൊന്ന് അടുത്തറിയണം.”
ലഘുഭക്ഷണവും മറ്റും നൽകിക്കഴിഞ്ഞപ്പോൾ അവരുടെ പരിഭ്രമമെല്ലാം മാറിത്തുടങ്ങി. വളരെ ദൂരെയുള്ള, ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കർഷക കോളനിയിൽനിന്നാണ് അവർ അവിടെ എത്തിയത്. ആറു വർഷമായി അവർക്കു തപാലിൽ വീക്ഷാഗോപുരം ലഭിക്കുന്നുണ്ടായിരുന്നു. “ഭൂമി പറുദീസയാകുമെന്നു ഞങ്ങൾ വായിച്ചല്ലോ, അതു ശരിയാണോ?” അവർ ചോദിച്ചു. സാക്ഷികൾ ബൈബിളിൽനിന്ന് അവർക്ക് ഉത്തരം കാണിച്ചുകൊടുത്തു. (യെശയ്യാവു 11:9; ലൂക്കൊസ് 23:43; 2 പത്രൊസ് 3:7, 13; വെളിപ്പാടു 21:3-5) “കണ്ടോ, ഇതാണ് സത്യം! ഭൂമി ഒരു പറുദീസയായിത്തീരും” എന്നു പുരുഷന്മാരിലൊരാൾ കൂട്ടത്തോടായി പറഞ്ഞു. “നമ്മൾ സത്യം കണ്ടെത്തിയെന്നാണു തോന്നുന്നത്” എന്ന് മറ്റുള്ളവരും പറഞ്ഞുകൊണ്ടിരുന്നു.
ആരാണ് മെനനൈറ്റുകൾ? അവരുടെ വിശ്വാസമെന്ത്? ഉത്തരത്തിനായി നമുക്ക് 16-ാം നൂറ്റാണ്ടിലേക്കു പോകാം.
ആരാണ് മെനനൈറ്റുകൾ?
യൂറോപ്പിലെ സാധാരണ ഭാഷകളിലേക്കുള്ള ബൈബിളിന്റെ പരിഭാഷയിലും അച്ചടിയിലും 1500-കളിലുണ്ടായ കുതിച്ചുകയറ്റം ബൈബിൾ പഠനത്തിനുള്ള താത്‌പര്യത്തിനു പുതിയൊരു തുടക്കം കുറിച്ചു. മാർട്ടിൻ ലൂഥറും മറ്റു മതപരിഷ്‌കർത്താക്കളും കത്തോലിക്കാ സഭയുടെ പല ഉപദേശങ്ങളും തള്ളിക്കളഞ്ഞിരുന്നു. എങ്കിലും, പുതുതായി രൂപംകൊണ്ട പ്രൊട്ടസ്റ്റന്റ് സഭകളിലും ബൈബിൾ വിരുദ്ധമായ നിരവധി വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ജനിക്കുന്ന ഓരോ ശിശുവിനും മാമ്മോദീസാ നൽകി സഭയിൽ ചേർക്കണമെന്ന ചിന്താഗതിക്കാരായിരുന്നു അവരിൽ മിക്കവരും. എന്നാൽ, കാര്യജ്ഞാനത്തോടെയുള്ള തീരുമാനം എടുത്തശേഷം സ്‌നാപനമേൽക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ക്രിസ്‌തീയ സഭയിലെ അംഗമായിത്തീരാൻ കഴിയൂ എന്ന് ബൈബിൾസത്യത്തിനായി തിരഞ്ഞ ചിലർ മനസ്സിലാക്കി. (മത്തായി 28:19, 20) ഈ വിശ്വാസം വെച്ചുപുലർത്തിയിരുന്ന തീക്ഷ്‌ണരായ സുവിശേഷ പ്രസംഗകർ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ബൈബിൾ പഠിപ്പിക്കുകയും പ്രായപൂർത്തിയായവരെ സ്‌നാപനപ്പെടുത്തുകയും ചെയ്‌തു. അതിനാൽ അവർ “വീണ്ടും സ്‌നാപനപ്പെടുത്തുന്നവർ” എന്നർഥമുള്ള ജ്ഞാനസ്‌നാനഭേദഗതിവാദികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
സത്യത്തിനായി ജ്ഞാനസ്‌നാനഭേദഗതിവാദികളിലേക്കു തിരിഞ്ഞ ഒരാൾ മെന്നോ സിമോൺസ് ആയിരുന്നു. നെതർലൻഡ്‌സിന്റെ ഉത്തരഭാഗത്തുള്ള വിറ്റ്‌മാർസം എന്ന ഗ്രാമത്തിലെ കത്തോലിക്കാ പുരോഹിതനായിരുന്നു അദ്ദേഹം. 1536-ഓടെ സഭയുമായുള്ള സകല ബന്ധങ്ങളും വിച്ഛേദിച്ച അദ്ദേഹത്തെ പിടികൂടാൻ സഭാധികാരികൾ ഇറങ്ങിത്തിരിച്ചു. മെന്നോയെ പിടിച്ചുകെട്ടുന്നവർക്ക് 1542-ൽ റോമൻ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ 100 ഗിൽഡർ പാരിതോഷികം പ്രഖ്യാപിച്ചു. എന്നിരുന്നാലും, മെന്നോ ജ്ഞാനസ്‌നാനഭേദഗതിവാദികളിൽ കുറെപേരെ ചേർത്ത് സഭാകൂട്ടങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ അനുയായികൾ താമസിയാതെതന്നെ മെനനൈറ്റുകൾ എന്നറിയപ്പെടാൻ തുടങ്ങി.
മെനനൈറ്റുകൾ ഇക്കാലത്ത്
പിൽക്കാലത്തുണ്ടായ പീഡനം നിമിത്തം ആയിരക്കണക്കിനു മെനനൈറ്റുകൾ പശ്ചിമ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിലേക്കു കുടിയേറി. സത്യം അന്വേഷിക്കാനും കൂടുതൽ പേർക്കിടയിൽ തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും ഉള്ള അവസരം അവർക്ക് അവിടെ ലഭിച്ചു. എന്നാൽ പുരോഗമനാത്മകമായി ബൈബിൾ പഠിക്കാനും പരസ്യമായി പ്രസംഗിക്കാനുമുള്ള അവരുടെ മുൻഗാമികളുടെ ജ്വലിക്കുന്ന തീക്ഷ്‌ണത ഏറെക്കുറെ ഇവർക്കു നഷ്ടമായി. മിക്കവരും ത്രിത്വം, മനുഷ്യന്റെ അമർത്യാത്മാവ്, നരകാഗ്നി എന്നിങ്ങനെയുള്ള ബൈബിൾ വിരുദ്ധ ഉപദേശങ്ങളോടു പറ്റിനിന്നു. (സഭാപ്രസംഗി 9:5; മർക്കൊസ് 12:29) ഇക്കാലത്ത്, മെനനൈറ്റ് മിഷനറിമാർ സുവിശേഷപ്രസംഗത്തെക്കാൾ വൈദ്യശാസ്‌ത്ര, സാമൂഹിക സേവനങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്.
ഇപ്പോൾ 65 രാജ്യങ്ങളിലായി ഏകദേശം 13,00,000 മെനനൈറ്റുകൾ ഉണ്ടെന്നാണു കണക്ക്. എങ്കിലും ഈ മെനനൈറ്റുകൾ തങ്ങളുടെ അനൈക്യത്തെപ്രതി വിലപിക്കുകയാണ്, നൂറ്റാണ്ടുകൾക്കു മുമ്പ് മെന്നോ സിമോൺസ് ചെയ്‌തതുപോലെ. ഒന്നാം ലോകമഹായുദ്ധകാലത്ത്, ഏറ്റുമുട്ടലുകളിൽ ഉൾപ്പെടുന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇവർക്കിടയിൽ വലിയ ഭിന്നതകൾക്കു കാരണമായി. ബൈബിൾപരമായ കാരണങ്ങളാൽ വടക്കേ അമേരിക്കയിലെ പലരും സൈനിക സേവനം നിരസിച്ചു. എന്നാൽ മെനനൈറ്റുകളുടെ ചരിത്രത്തിന് ഒരു ആമുഖം (ഇംഗ്ലീഷ്) എന്ന കൃതി ഇപ്രകാരം പറയുന്നു: “1914-ഓടെ, പശ്ചിമ യൂറോപ്പിലെ മെനനൈറ്റുകളെ സംബന്ധിച്ചിടത്തോളം സൈനിക സേവനം നിരസിക്കുക എന്നത് മിക്കവാറും ഒരു ഗതകാല സംഗതിയായി മാറിയിരുന്നു.” ഇക്കാലത്ത് മെനനൈറ്റുകളുടെ ചില വിഭാഗങ്ങൾ ഒരളവോളം ആധുനികമായ രീതികളോട് ഇഴുകിച്ചേർന്നിരിക്കുന്നു. എന്നാൽ മറ്റുചിലർ, വസ്‌ത്രങ്ങളിൽ ബട്ടണുകൾക്കു പകരം കൊളുത്തുകൾ ഉപയോഗിക്കുകയും പുരുഷന്മാർ താടി വടിക്കരുതെന്നു വിശ്വസിക്കുകയും ചെയ്യുന്നു.
ആധുനിക ലോകത്തിൽനിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന ചില മെനനൈറ്റ് വിഭാഗങ്ങൾ, സമാധാനപരമായി ജീവിക്കാൻ പ്രാദേശിക ഗവൺമെന്റുകൾ തങ്ങളെ അനുവദിക്കുന്ന സ്ഥലങ്ങളിലേക്കു താമസം മാറ്റിയിരിക്കുന്നു. ഉദാഹരണത്തിന്, ബൊളീവിയയിലെ അസംഖ്യം വിദൂര കോളനികളിലായി 38,000-ത്തോളം മെനനൈറ്റുകൾ പാർക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വിഭാഗത്തിനും അവരവരുടേതായ പെരുമാറ്റച്ചട്ടങ്ങളാണുള്ളത്. ചില കോളനികൾ മോട്ടോർ വാഹനങ്ങൾ വിലക്കുകയും കുതിരകൾക്കും കുതിരവണ്ടികൾക്കും മാത്രം അനുമതി നൽകുകയും ചെയ്യുന്നു. വേറെ ചിലതാണെങ്കിൽ റേഡിയോ, ടിവി, സംഗീതം എന്നിവ വിലക്കിയിരിക്കുന്നു. മറ്റു ചിലത് തങ്ങൾ പാർക്കുന്ന രാജ്യത്തെ ഭാഷ പഠിക്കുന്നതുപോലും വിലക്കുന്നു. “സുവിശേഷ പ്രസംഗകർ ഞങ്ങളെ അവരുടെ നിയന്ത്രണത്തിൽ നിറുത്താനായി സ്‌പാനീഷ് ഭാഷ പഠിക്കാൻ ഞങ്ങളെ അനുവദിക്കാറില്ല” എന്ന് ഒരു കോളനി നിവാസി പറഞ്ഞു. അടിച്ചമർത്തപ്പെട്ട അവസ്ഥയിൽ, സമുദായഭ്രഷ്ട് ഭയന്നാണു പലരും ജീവിക്കുന്നത്. ഒരിക്കലും മെനനൈറ്റ് കോളനിക്കു പുറത്തു ജീവിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഭ്രഷ്ട് കൽപ്പിക്കപ്പെടുന്നത് ഭയങ്കരമായൊരു അനുഭവമായിരിക്കും.
സത്യത്തിന്റെ വിത്തു വിതയ്‌ക്കപ്പെട്ട വിധം
ഈ സാഹചര്യത്തിലാണ് യോഹാൻ എന്നു പേരുള്ള ഒരു മെനനൈറ്റു കർഷകൻ തന്റെ അയൽക്കാരന്റെ വീട്ടിൽവെച്ച് ഒരു വീക്ഷാഗോപുരം മാസിക കണ്ടത്. യോഹാന്റെ കുടുംബം കാനഡയിൽനിന്നു മെക്‌സിക്കോയിലേക്കും പിന്നീട് ബൊളീവിയയിലേക്കും കുടിയേറിയതായിരുന്നു. ബൈബിൾ സത്യത്തിനായുള്ള തന്റെ അന്വേഷണത്തിൽ യോഹാൻ എല്ലായ്‌പോഴും സഹായം
ആഗ്രഹിച്ചിരുന്നു. വായിച്ചിട്ടു തരാമെന്നു പറഞ്ഞ് അദ്ദേഹം ആ മാസിക കൊണ്ടുപോയി.പിന്നീട്, തന്റെ കാർഷികോത്‌പന്നം വിൽക്കുന്നതിനായി നഗരത്തിൽ പോയ യോഹാൻ മാർക്കറ്റിൽ വീക്ഷാഗോപുരം സമർപ്പിക്കുകയായിരുന്ന ഒരു സാക്ഷിയെ സമീപിച്ചു. അവർ അദ്ദേഹത്തെ ജർമൻ ഭാഷ സംസാരിക്കുന്ന ഒരു മിഷനറിയുടെ അടുത്തേക്കു പറഞ്ഞുവിട്ടു. അതേത്തുടർന്ന് യോഹാന് വീക്ഷാഗോപുരത്തിന്റെ ജർമൻപ്രതി തപാലിൽ ലഭിച്ചുതുടങ്ങി. അദ്ദേഹം ഓരോ ലക്കവും ശ്രദ്ധാപൂർവം പഠിക്കുകയും മാസിക ആ കോളനിയിലെ ഓരോ കുടുംബത്തിനും കൈമാറുകയും ചെയ്‌തിരുന്നു. ഒടുവിൽ ആ മാസിക ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ ആയിത്തീരുമായിരുന്നു. ചിലപ്പോൾ കുടുംബങ്ങൾ ഒന്നിച്ചുകൂടിവന്ന് പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ട് അർധരാത്രിവരെ വീക്ഷാഗോപുരം പഠിക്കുമായിരുന്നു. ഭൂവ്യാപകമായി ഐക്യത്തോടെ ദൈവേഷ്ടം ചെയ്യുന്നത് യഹോവയുടെ സാക്ഷികൾതന്നെയാണെന്ന് യോഹാന് ബോധ്യപ്പെട്ടു. മരണത്തിനു മുമ്പ് ഭാര്യയോടും കുട്ടികളോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വീക്ഷാഗോപുര വായിക്കുന്നത് ഒരിക്കലും നിറുത്തരുത്. ബൈബിൾ മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും.”
യോഹാന്റെ കുടുംബത്തിൽപ്പെട്ട ചിലർ തങ്ങൾ ബൈബിളിൽനിന്നു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ അയൽക്കാരോടു സംസാരിക്കാൻ തുടങ്ങി. “ഭൂമി നശിപ്പിക്കപ്പെടുകയില്ല. പകരം ദൈവം അതിനെ ഒരു പറുദീസയാക്കും. ദൈവം ആളുകളെ നരകത്തിൽ ദണ്ഡിപ്പിക്കുന്നില്ല” എന്നിങ്ങനെ അവർ സംസാരിച്ചു. ഇതേക്കുറിച്ചുള്ള വാർത്ത സഭാസുവിശേഷകന്മാരുടെ കാതുകളിലെത്തി. ഇനിയിത് ആവർത്തിച്ചാൽ സമുദായത്തിൽനിന്നു പുറത്താക്കുമെന്ന് അവർ യോഹാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് മെനനൈറ്റ് മൂപ്പന്മാരിൽനിന്നുള്ള സമ്മർദങ്ങളെക്കുറിച്ചുള്ള ഒരു കുടുംബചർച്ചയ്‌ക്കിടയിൽ ഒരു ചെറുപ്പക്കാരൻ ധൈര്യസമേതം ഇങ്ങനെ പറഞ്ഞു: “നമ്മുടെ സഭാമൂപ്പന്മാരെക്കുറിച്ച് നാം എന്തിനു പരാതിപ്പെടണം. സത്യമതം ഏതാണെന്നു നമുക്കെല്ലാം അറിയാം. അതിനോടുള്ള ബന്ധത്തിൽ നാം ഒന്നും ചെയ്‌തിട്ടുമില്ല.” ഈ വാക്കുകൾ ആ ചെറുപ്പക്കാരന്റെ പിതാവിന്റെ ഹൃദയത്തിൽ തറച്ചു. പെട്ടെന്നുതന്നെ ആ കുടുംബത്തിലെ പത്തുപേർ യഹോവയുടെ സാക്ഷികളെ തേടി നടത്തിയ ഒരു രഹസ്യയാത്രയാണ് തുടക്കത്തിൽ പരാമർശിച്ചപ്രകാരം അവരെ മിഷനറിമാരുടെ വീട്ടിൽ എത്തിച്ചത്.
പിറ്റേ ദിവസം, തങ്ങളുടെ പുതിയ സുഹൃത്തുക്കളെ സന്ദർശിക്കാനായി മിഷനറിമാർ കോളനിയിലേക്കു പോയി. മിഷനറിമാരുടെ വാഹനമായിരുന്നു വഴിയിലുണ്ടായിരുന്ന ഒരേയൊരു മോട്ടോർ വാഹനം. കുതിരവണ്ടികൾക്കടുത്തുകൂടെ മെല്ലെ വാഹനമോടിച്ചുപോയപ്പോൾ കോളനിനിവാസികളും മിഷനറിമാരും കൗതുകത്തോടെ അന്യോന്യം നോക്കി. താമസിയാതെതന്നെ, രണ്ടു കുടുംബങ്ങളിൽനിന്നുള്ള പത്തു മെനനൈറ്റുകളും മിഷനറിമാരും ഒരു മേശയ്‌ക്കു ചുറ്റും കൂടിവന്നു.
അന്ന്, നാലു മണിക്കൂറുകൊണ്ടാണ് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകത്തിന്റെ 1-ാം അധ്യായം പഠിച്ചുകഴിഞ്ഞത്. ഓരോ ഖണ്ഡിക പഠിക്കുമ്പോഴും ആ കർഷകർ കൂടുതലായ ബൈബിൾ വാക്യങ്ങൾ എടുത്തു നോക്കുകയും തങ്ങൾ വാക്യങ്ങൾ ശരിയായ വിധത്തിലാണോ ബാധകമാക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുകയും ചെയ്‌തിരുന്നു. ഓരോ ചോദ്യത്തിനുശേഷവും ഏതാനും മിനിട്ടു സമയത്തേക്ക് ലോ ജർമൻ എന്നറിയപ്പെടുന്ന ഒരു ജർമൻ ഉപഭാഷയിൽ അവർ അന്യോന്യം ചർച്ച ചെയ്യുമായിരുന്നു. അതിനുശേഷം ദ്വിഭാഷിയാണ് സ്‌പാനീഷിൽ അവരുടെ ഉത്തരം മിഷനറിമാരോടു പറഞ്ഞിരുന്നത്. അത് അവിസ്‌മരണീയമായ ഒരു ദിനമായിരുന്നെങ്കിലും മറുവശത്ത് പ്രശ്‌നങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ഏകദേശം അഞ്ചു നൂറ്റാണ്ടിനു മുമ്പ് മെന്നോ സിമോൺസ് ബൈബിൾസത്യം തിരയാൻ തുടങ്ങിയപ്പോൾ അഭിമുഖീകരിച്ചതുപോലുള്ള പരിശോധനകൾ ഇവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
സത്യത്തിനുവേണ്ടി പരിശോധനകൾ നേരിടുന്നു
ഏതാനും ദിവസം കഴിഞ്ഞപ്പോൾ, യോഹാന്റെ കുടുംബത്തിനും മറ്റു താത്‌പര്യക്കാർക്കുമായി സഭാമൂപ്പന്മാർ ഈ അന്ത്യശാസനം നൽകി: “യഹോവയുടെ സാക്ഷികൾ നിങ്ങളുടെ അടുത്തു വന്നെന്ന് ഞങ്ങൾ അറിഞ്ഞു. അവരെ ഇനി അതിന് അനുവദിക്കരുത്. അവരുടെ പുസ്‌തകങ്ങൾ കത്തിച്ചുകളയാനായി ഞങ്ങളെ ഏൽപ്പിച്ചില്ലെങ്കിൽ നിങ്ങളെ പുറത്താക്കും.” സാക്ഷികളുമൊത്ത് അവർ ഒരു അധ്യയനമേ നടത്തിയിരുന്നുള്ളൂ. അതുകൊണ്ട് അത് വലിയൊരു പരിശോധനയായിരുന്നു.
അതിലൊരു കുടുംബനാഥൻ അവരോട് ഇങ്ങനെ
പറഞ്ഞു: “നിങ്ങൾ പറയുന്നതുപോലെ ചെയ്യാൻ ഞങ്ങൾക്കാവില്ല. അവർ ഞങ്ങളെ ബൈബിൾ പഠിപ്പിക്കാനാണു വന്നത്.” ആ മൂപ്പന്മാർ എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ പഠിച്ചതിന് അവർ അവരെ പുറത്താക്കി. അതൊരു കനത്ത പ്രഹരമായിരുന്നു. കോളനിയിലെ പാൽക്കട്ടി ഫാക്ടറിയുടെ വണ്ടി ഒരു വീട്ടുകാരുടെ പാൽ എടുക്കാതെ കടന്നുപോയി. അങ്ങനെ അവരുടെ ഏക വരുമാനമാർഗം വഴിമുട്ടി. ഒരു കുടുംബനാഥനെ തൊഴിലിൽനിന്നു പിരിച്ചുവിട്ടു. മറ്റൊരാൾക്ക് കോളനിയിലെ കടയിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനു വിലക്കുകൽപ്പിക്കുകയും അയാളുടെ പത്തുവയസ്സുള്ള മകളെ സ്‌കൂളിൽനിന്നു പുറത്താക്കുകയും ചെയ്‌തു. ഒരു ചെറുപ്പക്കാരന്റെ ഭാര്യയെ കൊണ്ടുപോകാനായി അയൽക്കാർ അയാളുടെ വീടുവളഞ്ഞു. പുറത്താക്കപ്പെട്ട ഭർത്താവിനോടുകൂടെ അവൾക്ക് ജീവിക്കാനാവില്ലെന്നായിരുന്നു അവരുടെ അവകാശവാദം. ഇതെല്ലാമുണ്ടായിട്ടും ബൈബിൾ പഠിച്ച ആ കുടുംബങ്ങൾ സത്യത്തിനായുള്ള അന്വേഷണം ഉപേക്ഷിച്ചുകളഞ്ഞില്ല.ബൈബിളധ്യയനം നടത്താനായി മിഷനറിമാർ ആഴ്‌ചതോറും സുദീർഘമായ യാത്ര തുടർന്നും നടത്തി. അധ്യയനങ്ങൾ ആ കുടുംബങ്ങളെ എത്രയധികം ശക്തിപ്പെടുത്തിയെന്നോ! അധ്യയനങ്ങളിൽ സംബന്ധിക്കാനായി ചില കുടുംബാംഗങ്ങൾ കുതിരപ്പുറത്തും കുതിരവണ്ടിയിലുമായി രണ്ടു മണിക്കൂർ യാത്ര ചെയ്യുമായിരുന്നു. ആ കുടുംബങ്ങൾ, മിഷനറിമാരിൽ ഒരാളോട് തങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ട സന്ദർഭം വളരെ വികാരനിർഭരമായിരുന്നു. ഈ കോളനികളിൽ മെനനൈറ്റുകൾ ഉറക്കെ പ്രാർഥിക്കില്ലായിരുന്നതുകൊണ്ട് തങ്ങൾക്കുവേണ്ടി ആരെങ്കിലും പ്രാർഥിക്കുന്നത് അവർ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു. പുരുഷന്മാർ കരഞ്ഞുപോയി. മിഷനറിമാർ ഒരു ടേപ്പ് റെക്കോർഡർ കൊണ്ടുവന്നപ്പോഴുള്ള അവരുടെ ആകാംക്ഷ നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? അവരുടെ കോളനിയിൽ സംഗീതം അനുവദിച്ചിരുന്നില്ല. മനോഹരമായ ആ രാജ്യസംഗീതം അവർക്കു വളരെ ഇഷ്ടമായി, ഓരോ അധ്യയനത്തിനു ശേഷവും രാജ്യഗീതങ്ങൾ ആലപിക്കാൻ അവർ തീരുമാനമെടുത്തു! എന്നിരുന്നാലും, ഈ പുതിയ സാഹചര്യങ്ങളിൽ അവർക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നു?
സ്‌നേഹസമ്പന്നരായ സഹോദരവർഗത്തെ കണ്ടെത്തുന്നു
സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട അവർ സ്വന്തമായി പാൽക്കട്ടി നിർമിക്കാൻ തുടങ്ങി. അതു വാങ്ങുന്നതിനുള്ള ആളുകളെ കണ്ടെത്താൻ മിഷനറിമാർ അവരെ സഹായിച്ചു. വടക്കേ അമേരിക്കയിലെ മെനനൈറ്റ് കോളനിയിൽ വളർന്ന ഒരു ദീർഘകാല സാക്ഷി ഈ കുടുംബങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ച് അറിയാനിടയായി. സഹായിക്കാൻ അദ്ദേഹത്തിനു വിശേഷാൽ താത്‌പര്യമുണ്ടായിരുന്നു. അവരെ കാണാനായി അദ്ദേഹം ഒരാഴ്‌ചയ്‌ക്കുള്ളിൽ ബൊളീവിയയിലേക്കു പറന്നു. ആത്മീയമായി ധാരാളം പ്രോത്സാഹിപ്പിച്ചതു കൂടാതെ അദ്ദേഹം രാജ്യഹാളിലെ യോഗങ്ങൾക്കു പോകാനും തങ്ങളുടെ കാർഷികോത്‌പന്നങ്ങൾ ചന്തയിൽ കൊണ്ടുപോകാനുമായി സ്വന്തം പിക്‌അപ് ട്രക്ക് വാങ്ങുന്നതിന് ഈ കുടുംബങ്ങളെ സഹായിക്കുകയും ചെയ്‌തു.
ഒരു കുടുംബാംഗം ഇപ്രകാരം പറയുന്നു. “സമുദായ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഞങ്ങളുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു. രാജ്യഹാളിലേക്കു സങ്കടത്തോടെയാണു പോയിരുന്നതെങ്കിലും തിരിച്ചുവരുന്നതു സന്തോഷത്തോടെ ആയിരുന്നു.” പ്രാദേശിക സാക്ഷികൾ നല്ല രീതിയിൽ സാഹചര്യത്തോടു പ്രതികരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്‌തു. ചിലർ ജർമൻ ഭാഷ പഠിച്ചു. മാത്രമല്ല ജർമൻ ഭാഷയിൽ ക്രിസ്‌തീയ യോഗങ്ങൾ നടത്താനായി ആ ഭാഷ അറിയാവുന്ന നിരവധി സാക്ഷികൾ യൂറോപ്പിൽനിന്നു ബൊളീവിയയിലേക്കു വരുകയുമുണ്ടായി. പെട്ടെന്നുതന്നെ, മെനനൈറ്റുകളിൽപ്പെട്ട 14 പേർ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ ആരംഭിച്ചു.
2001 ഒക്ടോബർ 12-ന് അതായത്, മെനനൈറ്റുകൾ മിഷനറിമാരുടെ വീട് സന്ദർശിച്ചിട്ട് ഒരു വർഷം തികയുന്നതിനു മുമ്പ്, ജ്ഞാനസ്‌നാനഭേദഗതിവാദികളായിരുന്ന ഇവരിൽ 11 പേർ വീണ്ടും സ്‌നാപനമേറ്റു. ഇത്തവണ അത് യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായിട്ടായിരുന്നു. അതേത്തുടർന്ന് നിരവധിപേർ ആ പടിയിലേക്കു വന്നിരിക്കുന്നു. അവരിലൊരാൾ പിന്നീട് ഇങ്ങനെ പറഞ്ഞു: “ബൈബിളിൽനിന്നുള്ള സത്യം മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ, മോചിതരാക്കപ്പെട്ട അടിമകളെപ്പോലെയാണ് ഞങ്ങൾക്കു തോന്നുന്നത്.” വേറൊരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “തങ്ങളുടെ സമുദായത്തിലെ സ്‌നേഹരാഹിത്യത്തെപ്രതി മെനനൈറ്റുകളായ പലരും പരാതി പറയാറുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾ അന്യോന്യം താത്‌പര്യമുള്ളവരാണ്. അവർക്കിടയിൽ ഞാൻ സുരക്ഷിതനാണ്.” ബൈബിളിൽനിന്നുള്ള കൂടുതലായ അറിവു നേടാൻ ശ്രമിച്ചാൽ നിങ്ങൾക്കും പ്രശ്‌നങ്ങൾ നേരിട്ടേക്കാം. എന്നാൽ, ഈ കുടുംബങ്ങൾ ചെയ്‌തതുപോലെ യഹോവയുടെ സഹായം തേടുകയും വിശ്വാസവും ധൈര്യവും പ്രകടമാക്കുകയും ചെയ്യുന്നപക്ഷം, നിങ്ങളും അതിൽ വിജയിക്കുകയും സന്തോഷം കണ്ടെത്തുകയും ചെയ്യും.
[അടിക്കുറിപ്പ്]
^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[25-ാം പേജിലെ ചിത്രം]
ജർമൻ ഭാഷയിൽ ബൈബിൾ സാഹിത്യം ലഭിക്കുന്നതിൽ അവർ സന്തുഷ്ടരാണ്
[26-ാം പേജിലെ ചിത്രം]
സംഗീതം നിഷിദ്ധമായിരുന്നെങ്കിലും ഇപ്പോൾ ഓരോ ബൈബിളധ്യയനത്തിനു ശേഷവും അവർ ഗീതം ആലപിക്കുന്നു