വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?

പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?

പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?

“ആളുകളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ചരിത്രകഥാപാത്രമാണ്‌ പരിഹാസിയും സംശയാലുവുമായ പീലാത്തൊസ്‌. ചിലർക്ക്‌ അദ്ദേഹം ഒരു വിശുദ്ധനാണെങ്കിൽ മറ്റു ചിലർക്ക്‌ മാനുഷിക ബലഹീനതയുടെ മൂർത്തീകരണവും അധികാരം നിലനിറുത്തുന്നതിനായി ഒരു മനുഷ്യനെ കുരുതികൊടുക്കാൻ മടിക്കാത്ത ഒരു രാഷ്‌ട്രീയക്കാരന്റെ തികഞ്ഞ പര്യായവുമാണ്‌.”​—⁠പൊന്തിയൊസ്‌ പീലാത്തൊസ്‌ (ഇംഗ്ലീഷ്‌), ആൻ റോ.

നിങ്ങൾ ഇതിൽ ഏതെങ്കിലും വീക്ഷണത്തോടു യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു സംഗതി ഉറപ്പാണ്‌​—⁠യേശുക്രിസ്‌തുവിനോടു പെരുമാറിയ വിധം നിമിത്തം പീലാത്തൊസ്‌ ഖ്യാതി നേടുകതന്നെ ചെയ്‌തു. പീലാത്തൊസ്‌ ആരായിരുന്നു? അദ്ദേഹത്തെക്കുറിച്ച്‌ അറിയപ്പെടുന്ന വസ്‌തുതകൾ എന്തെല്ലാമാണ്‌? അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചു മെച്ചമായി മനസ്സിലാക്കുന്നത്‌ ഭൂമിയിൽ നടന്നിട്ടുള്ളതിൽവെച്ച്‌ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഭവങ്ങൾ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കും.

സ്ഥാനം, കർത്തവ്യങ്ങൾ, അധികാരങ്ങൾ

റോമൻ ചക്രവർത്തിയായിരുന്ന തീബെര്യൊസ്‌ പൊ.യു. 26-ൽ പീലാത്തൊസിനെ യഹൂദ്യ പ്രവിശ്യയുടെ ഗവർണറായി നിയമിച്ചു. കുതിരപ്പടക്കാരായിരുന്ന അത്തരം ഉദ്യോഗസ്ഥർ റോമൻ സെനറ്റിലെ കുലീനരെക്കാൾ താഴ്‌ന്നവരായിരുന്നു. സാധ്യതയനുസരിച്ച്‌ ഒരു പട്ടാള ഉദ്യോഗസ്ഥനായി അഥവാ ജൂനിയർ കമാൻഡറായി സൈന്യത്തിൽ ചേർന്ന പീലാത്തൊസ്‌ സ്ഥാനക്കയറ്റങ്ങളിലൂടെ 30 വയസ്സാകുന്നതിന്‌ മുമ്പ്‌ ഗവർണർ പദവിയിൽ എത്തിച്ചേർന്നതാകാം.

തുകൽ കുപ്പായവും ലോഹനിർമിത മാർച്ചട്ടയും ആയിരുന്നിരിക്കാം പീലാത്തൊസിന്റെ പട്ടാളവേഷം. അതേസമയം, പൊതുജനസമക്ഷം അദ്ദേഹം ധരിച്ചിരുന്നത്‌ അരികിൽ നീലാരുണവർണമുള്ള, അയഞ്ഞ വെള്ളയങ്കി ആയിരുന്നു. മീശയും താടിയും വടിച്ചുകളഞ്ഞ, മുടി പറ്റെ വെട്ടിയ ഒരു വ്യക്തിയായിരുന്നിരിക്കാം അദ്ദേഹം. സ്‌പെയിൻ ആയിരിക്കാം അദ്ദേഹത്തിന്റെ സ്വദേശമെന്നു ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും, അദ്ദേഹം പൊന്തി ഗോത്രത്തിൽപ്പെട്ട—ദക്ഷിണ ഇറ്റലിയിലെ സാമ്‌നൈറ്റ്‌ കുലീനകുടുംബത്തിലെ—ആളാണെന്ന്‌ പേര്‌ സൂചിപ്പിക്കുന്നു.

പീലാത്തൊസിന്റേതുപോലുള്ള പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്മാരെ സാംസ്‌കാരികമായി പിന്നാക്കംനിൽക്കുന്ന പ്രദേശങ്ങളിലേക്ക്‌ ആയിരുന്നു പൊതുവേ അയച്ചിരുന്നത്‌. യഹൂദ്യയെ അത്തരമൊരു സ്ഥലമായിട്ടാണ്‌ റോമാക്കാർ വീക്ഷിച്ചിരുന്നത്‌. ക്രമസമാധാനം നിലനിറുത്തുന്നതിനു പുറമേ അദ്ദേഹം പരോക്ഷനികുതിയും ആൾനികുതിയും പിരിക്കുന്നതിന്റെ മേൽനോട്ടവും വഹിച്ചിരുന്നു. ദൈനംദിന നീതിനിർവഹണത്തിനുള്ള ഉത്തരവാദിത്വം യഹൂദ കോടതികൾക്കായിരുന്നു, എന്നാൽ വധശിക്ഷ ആവശ്യമായിരുന്ന കേസുകൾ പരമോന്നത ന്യായാധിപതിയായ ഗവർണറുടെ അടുക്കലേക്കു വിട്ടിരുന്നു.

പീലാത്തൊസും ഭാര്യയും കൈസര്യ എന്ന തുറമുഖ നഗരത്തിലാണ്‌ താമസിച്ചിരുന്നത്‌. ഒപ്പം ഏതാനും എഴുത്തുകാരും സുഹൃത്തുക്കളും സന്ദേശവാഹകന്മാരും ഉണ്ടായിരുന്നു. പീലാത്തൊസിന്റെ കീഴിൽ 500 മുതൽ 1,000 വരെ പോരാളികൾ വീതമുള്ള അഞ്ച്‌ കാലാൾപ്പടയും 500 പേർ അടങ്ങിയിരിക്കാവുന്ന ഒരു കുതിരപ്പടയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പടയാളികൾ നിയമലംഘികളെ വധിക്കുക പതിവായിരുന്നു. യുദ്ധമില്ലാത്ത സമയത്ത്‌, ശരിയായ രീതിയിലുള്ളതല്ലെങ്കിലും വിചാരണയ്‌ക്കു ശേഷമാണ്‌ ആളുകളെ വധിച്ചിരുന്നത്‌. എന്നാൽ, പ്രക്ഷോഭങ്ങളുടെ സമയത്ത്‌ പ്രശ്‌നക്കാരെ കൂട്ടത്തോടെ ഉടനടി കൊല്ലുകയായിരുന്നു പതിവ്‌. ഉദാഹരണത്തിന്‌, സ്‌പാർട്ടാക്കസിന്റെ നേതൃത്വത്തിലുണ്ടായ ഒരു ലഹള അടിച്ചമർത്താനായി റോമാക്കാർ 6,000 അടിമകളെ കൊലചെയ്‌തു. യഹൂദ്യയിൽ ഒരു പ്രശ്‌നം ഉണ്ടായാൽ, റോമൻ ചക്രവർത്തി സിറിയയിൽ നിയമിച്ചാക്കിയിരുന്ന, നിരവധി കാലാൾപ്പടയുടെ നായകത്വം വഹിച്ചിരുന്ന പട്ടാളമേധാവിയോട്‌ സഹായം ചോദിക്കാമായിരുന്നു. എന്നാൽ, പീലാത്തൊസിന്റെ ഭരണകാലത്ത്‌ ഏറെയും സിറിയയിൽ അങ്ങനെയൊരു തസ്‌തികയിൽ ആരും ഇല്ലായിരുന്നു. അതുകൊണ്ട്‌ ലഹളകൾക്കുംമറ്റും പീലാത്തൊസ്‌തന്നെ ഉടനടി പരിഹാരം കാണേണ്ടിയിരുന്നു.

ഗവർണർമാരും ചക്രവർത്തിയും തമ്മിൽ പതിവായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ചക്രവർത്തിയുടെ അന്തസ്സിനെ ബാധിക്കുന്നതോ റോമൻ അധികാരത്തിനു ഭീഷണി ഉയർത്തുന്നതോ ആയ ഏതു കാര്യം സംബന്ധിച്ചും ഗവർണർ ചക്രവർത്തിക്കു റിപ്പോർട്ടു സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചക്രവർത്തി ആവശ്യമായ കൽപ്പനകൾ പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പ്രവിശ്യയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവർ ചക്രവർത്തിയോടു പരാതിപ്പെടുന്നതിനു മുമ്പായി അവയെക്കുറിച്ച്‌ തങ്ങളുടേതായ ഭാഷ്യം നൽകാൻ ഗവർണർമാർ വളരെ ഉത്സുകരായിരുന്നിരിക്കാം. പീലാത്തൊസിന്റെ നാളിൽ യഹൂദയിൽ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടായിരുന്നതിനാൽ അദ്ദേഹവും ഈ സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്‌.

സുവിശേഷ വിവരണങ്ങൾക്കു പുറമേ ചരിത്രകാരന്മാരായ ഫ്‌ളേവിയസ്‌ ജോസീഫസ്‌, ഫൈലോ എന്നിവരിൽനിന്നാണ്‌ പീലാത്തൊസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമായും ലഭിക്കുന്നത്‌. ക്രിസ്‌ത്യാനികളെന്ന പേർ ആരിൽനിന്ന്‌ ഉത്ഭവിച്ചോ ആ ക്രിസ്റ്റസിനെ പീലാത്തൊസ്‌ വധിച്ചെന്നു റോമൻ ചരിത്രകാരനായ റ്റാസിറ്റസും പറയുന്നുണ്ട്‌.

യഹൂദന്മാരെ പ്രകോപിതരാക്കുന്നു

പ്രതിമകൾ സംബന്ധിച്ച യഹൂദനിയമങ്ങളോടുള്ള ആദരവു നിമിത്തം റോമൻ ഗവർണർമാർ ചക്രവർത്തിയുടെ പ്രതിരൂപമുള്ള സൈനിക പതാക യെരൂശലേമിലേക്കു കൊണ്ടുപോകുകയില്ലായിരുന്നെന്ന്‌ ജോസീഫസ്‌ പറയുന്നു. എന്നാൽ പീലാത്തൊസ്‌ ആ കീഴ്‌വഴക്കം പിൻപറ്റാതിരുന്നതിനാൽ, പ്രകോപിതരായ യഹൂദന്മാർ പരാതിയുമായി കൈസര്യയിലേക്കു പാഞ്ഞു. അഞ്ചു ദിവസത്തേക്ക്‌ പീലാത്തൊസ്‌ ഒരു നടപടിയും കൈക്കൊണ്ടില്ല. ആറാം ദിവസം, പ്രക്ഷോഭകരെ വളയാനും പിരിഞ്ഞുപോകാത്തപക്ഷം വധിക്കുമെന്നു ഭീഷണിപ്പെടുത്താനും അദ്ദേഹം പട്ടാളക്കാരോടു കൽപ്പിച്ചു. തങ്ങളുടെ നിയമം ലംഘിച്ചുകാണുന്നതിൽ ഭേദം മരിക്കുന്നതാണെന്നു യഹൂദന്മാർ പറഞ്ഞപ്പോൾ, പീലാത്തൊസ്‌ വഴങ്ങി പ്രതിമകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു.

ശക്തി പ്രയോഗിക്കുന്നതിൽ പീലാത്തൊസ്‌ മികച്ചുനിന്നിരുന്നു. അദ്ദേഹം യെരൂശലേമിലേക്കു വെള്ളം കൊണ്ടുവരാനുള്ള ഒരു സംവിധാനത്തിന്റെ പണി തുടങ്ങിയെന്നും ഈ പദ്ധതിക്കായി ആലയഭണ്ഡാരത്തിലെ പണം ഉപയോഗിച്ചെന്നും ജോസീഫസിന്റെ ഒരു വൃത്താന്തത്തിൽ പറയുന്നുണ്ട്‌. പീലാത്തൊസ്‌ കേവലം പണം പിടിച്ചെടുക്കുകയായിരുന്നില്ല. കാരണം, ആലയം കൊള്ളയടിക്കുന്നത്‌ ധർമലംഘനമാകുമെന്നും തന്നെ റോമിലേക്കു തിരിച്ചുവിളിക്കാൻ തീബെര്യൊസിനോട്‌ കോപാകുലരായ യഹൂദന്മാർ ആവശ്യപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിനാൽ, ആലയ അധികാരികളുടെ സഹകരണം ഇക്കാര്യത്തിൽ പീലാത്തൊസ്‌ നേടിയെടുത്തതായി കാണപ്പെടുന്നു. “കൊർബാൻ” എന്ന പേരിൽ ആലയത്തിൽ അർപ്പിച്ചിരുന്ന പണം നഗരത്തിലെ പൊതുമരാമത്തുകൾക്കുവേണ്ടി നിയമപരമായി വിനിയോഗിക്കാമായിരുന്നു. എങ്കിലും, തങ്ങളുടെ ധാർമികരോഷം പ്രകടിപ്പിക്കാനായി ആയിരക്കണക്കിനു യഹൂദന്മാർ ഒന്നിച്ചുകൂടി.

വാളിനു പകരം, വടി മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം നൽകി പീലാത്തൊസ്‌ സൈന്യത്തെ പ്രക്ഷോഭകരുടെ ഇടയിലേക്കു പറഞ്ഞുവിട്ടു. ഒരു കൂട്ടക്കൊലയ്‌ക്ക്‌ ഇടയാക്കാതെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. അതു ചിലരുടെ മരണത്തിനിടയാക്കിയെങ്കിലും ഫലവത്തായെന്നു തോന്നുന്നു. പീലാത്തൊസ്‌ ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയെന്നു യേശുവിനോടു പറഞ്ഞ ചിലരുടെ മനസ്സിൽ ഈ സംഭവമാകാം ഉണ്ടായിരുന്നത്‌.​—⁠ലൂക്കൊസ്‌ 13:⁠1.

“സത്യം എന്നാൽ എന്ത്‌?”

യേശു തന്നെത്താൻ രാജാവാക്കുന്നുവെന്നു യഹൂദന്മാരുടെ പ്രധാനപുരോഹിതന്മാരും മൂപ്പന്മാരും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്‌ പീലാത്തൊസിനെ കുപ്രസിദ്ധനാക്കിത്തീർക്കുന്നത്‌. സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന യേശുവിന്റെ ദൗത്യത്തെക്കുറിച്ചു കേട്ട പീലാത്തൊസ്‌, അവൻ റോമിന്‌ ഒരു ഭീഷണിയല്ലെന്നു മനസ്സിലാക്കി. ഗ്രഹിക്കാനാവാത്തവിധം ബുദ്ധിമുട്ടേറിയ ഒരു ആശയമാണ്‌ സത്യം എന്നു ചിന്തിച്ചുകൊണ്ട്‌ “സത്യം എന്നാൽ എന്ത്‌?” എന്ന്‌ അദ്ദേഹം ചോദിച്ചു. ഒടുവിൽ അദ്ദേഹം ഏതു നിഗമനത്തിൽ എത്തിച്ചേർന്നു? “ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല.”​—⁠യോഹന്നാൻ 18:37, 38; ലൂക്കൊസ്‌ 23:⁠4.

യേശുവിന്റെ വിചാരണ അവിടംകൊണ്ട്‌ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ യേശു ജനത്തെ മറിച്ചുകളയുകയാണെന്ന അവകാശവാദത്തിൽ യഹൂദന്മാർ ഉറച്ചുനിന്നു. യേശുവിനെ റോമൻ അധികാരികൾക്കു കൈമാറാൻ പ്രധാനപുരോഹിതനെ പ്രേരിപ്പിച്ചത്‌ അസൂയയായിരുന്നു, അക്കാര്യം പീലാത്തൊസ്‌ തിരിച്ചറിയുകയും ചെയ്‌തിരുന്നു. അതേസമയം, യേശുവിനെ മോചിപ്പിക്കുന്നതു പ്രശ്‌നങ്ങൾക്ക്‌ ഇടയാകുമെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതു സംഭവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. രാജ്യദ്രോഹം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക്‌ ബറബ്ബാസും മറ്റുള്ളവരും തടവിലായിരുന്നതിനാൽ അപ്പോൾത്തന്നെ ആവശ്യത്തിലേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. (മർക്കൊസ്‌ 15:7, 10; ലൂക്കൊസ്‌ 23:2) മാത്രമല്ല പീലാത്തൊസും യഹൂദരും തമ്മിൽ നേരത്തേ ഉണ്ടായിട്ടുള്ള കോലാഹലങ്ങൾ തീബെര്യൊസിന്റെ മുമ്പാകെയുള്ള അദ്ദേഹത്തിന്റെ സത്‌പേരിനു കളങ്കമേൽപ്പിച്ചിരുന്നു. തീബെര്യൊസാകട്ടെ, പിടിപ്പുകേടു കാണിക്കുന്ന ഗവർണർമാരോട്‌ യാതൊരു മയവുമില്ലാതെ ഇടപെടുന്നതിൽ കുപ്രസിദ്ധനുമായിരുന്നു. എന്നിരുന്നാലും, യഹൂദന്മാർക്കു വഴങ്ങിക്കൊടുത്താൽ അത്‌ ബലഹീനതയുടെ ഒരു ലക്ഷണവും ആകുമായിരുന്നു. അതിനാൽ പീലാത്തൊസ്‌ ഒരു വിഷമഘട്ടത്തിലായി.

യേശു എവിടെനിന്നാണ്‌ വന്നതെന്നു കേട്ട പീലാത്തൊസ്‌, ഗലീലയുടെ ഭരണാധികാരിയായിരുന്ന ഹെരോദ്‌ അന്തിപ്പാസിന്‌ ഈ കേസ്‌ കൈമാറാൻ ആഗ്രഹിച്ചു. അതു പരാജയപ്പെട്ടപ്പോൾ, പെസഹാദിനത്തിൽ ഒരു തടവുപുള്ളിയെ വിട്ടയയ്‌ക്കുന്ന പതിവനുസരിച്ച്‌, കൊട്ടാരത്തിനു വെളിയിൽ തടിച്ചുകൂടിയിരിക്കുന്ന ജനത്തെക്കൊണ്ട്‌ യേശുവിനെ വിട്ടയയ്‌ക്കാനുള്ള ആവശ്യം ഉന്നയിപ്പിക്കാൻ പീലാത്തൊസ്‌ ശ്രമിച്ചു. എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കാനാണ്‌ അവർ ആവശ്യപ്പെട്ടത്‌.​—⁠ലൂക്കൊസ്‌ 23:5-19.

ശരിയായതു ചെയ്യാൻ പീലാത്തൊസിന്‌ ആഗ്രഹമുണ്ടായിരുന്നിരിക്കാമെങ്കിലും സ്വന്തം അധികാരസ്ഥാനം കാത്തുസൂക്ഷിക്കാനും ജനത്തെ പ്രീതിപ്പെടുത്താനും അദ്ദേഹം ആഗ്രഹിച്ചു. ഒടുവിൽ മനസ്സാക്ഷിക്കും നീതിക്കും മേലായി അദ്ദേഹം തന്റെ സ്ഥാനത്തെ പ്രതിഷ്‌ഠിച്ചു. തന്റെ കൈകൾ വെള്ളത്തിൽ കഴുകിക്കൊണ്ട്‌, താൻതന്നെ ഉത്തരവിട്ട മരണത്തിൽ തനിക്കു പങ്കില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. * യേശു നിരപരാധിയാണെന്ന്‌ അറിയാമായിരുന്നിട്ടും, പീലാത്തൊസ്‌ അവനെ ചമ്മട്ടികൊണ്ട്‌ അടിപ്പിക്കുകയും പടയാളികൾ അവനെ പരിഹസിക്കാനും അടിക്കാനും തുപ്പാനും അനുവദിക്കുകയും ചെയ്‌തു.​—⁠മത്തായി 27:24-31.

യേശുവിനെ മോചിപ്പിക്കാൻ പീലാത്തൊസ്‌ ഒരു അവസാന ശ്രമം നടത്തി. എങ്കിലും, അങ്ങനെ ചെയ്‌താൽ അദ്ദേഹം കൈസരുടെ സ്‌നേഹിതൻ ആയിരിക്കുകയില്ലെന്ന്‌ ജനം വിളിച്ചുപറഞ്ഞു. (യോഹന്നാൻ 19:12) അതു കേട്ട പീലാത്തൊസ്‌ വഴങ്ങിക്കൊടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെക്കുറിച്ച്‌ ഒരു പണ്ഡിതൻ ഇപ്രകാരം പറയുന്നു: “പരിഹാരം വളരെ എളുപ്പമായിരുന്നു: ആ മനുഷ്യനെ വധിക്കുക. ആകെക്കൂടി നഷ്ടമാകുമായിരുന്നത്‌ പ്രത്യക്ഷത്തിൽ നിസ്സാരനായ ഒരു യഹൂദന്റെ ജീവനായിരുന്നു. അയാൾ നിമിത്തം പ്രശ്‌നമുണ്ടാകാൻ അനുവദിക്കുന്നത്‌ വിഡ്‌ഢിത്തമായിരിക്കുമായിരുന്നു.”

പീലാത്തൊസിന്‌ എന്തു സംഭവിച്ചു?

പീലാത്തൊസിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒടുവിലത്തെ രേഖപ്പെടുത്തപ്പെട്ട സംഭവവും ഒരു സംഘർഷത്തെക്കുറിച്ചുള്ളതാണ്‌. ഗെരിസീം പർവതത്തിൽ മോശെ കുഴിച്ചിട്ടിട്ടുണ്ടെന്നു കരുതപ്പെടുന്ന നിക്ഷേപങ്ങൾ കണ്ടെടുക്കുന്നതിനായി സായുധരായ കുറേ ശമര്യക്കാർ അവിടെ വന്നുകൂടിയെന്നു ജോസീഫസ്‌ പറയുന്നു. ഇവിടെയും പീലാത്തൊസ്‌ ഇടപെട്ടു, അദ്ദേഹത്തിന്റെ സൈന്യം നിരവധിപേരെ വധിച്ചു. ശമര്യക്കാർ പീലാത്തൊസിന്റെ മേലധികാരിയും സിറിയയിലെ ഗവർണറുമായ ലൂക്യൂസ്‌ വിറ്റെല്യൂസിനോടു പരാതിപ്പെട്ടു. പീലാത്തൊസ്‌ അതിരുകടന്നുപോയതായി വിറ്റെല്യൂസ്‌ വിചാരിച്ചോയെന്നു ജോസീഫസ്‌ പ്രസ്‌താവിച്ചിട്ടില്ല. എന്തായിരുന്നാലും, ഈ ചെയ്‌തിക്ക്‌ ചക്രവർത്തിയോടു സമാധാനം ബോധിപ്പിക്കാനായി റോമിലേക്കു ചെല്ലാൻ അദ്ദേഹം പീലാത്തൊസിനോട്‌ ആജ്ഞാപിച്ചു. എന്നാൽ, പീലാത്തൊസ്‌ അവിടെ എത്തുന്നതിന്‌ മുമ്പ്‌ തീബെര്യൊസ്‌ മരിച്ചു.

“അതിനുശേഷം പീലാത്തൊസിനെ സംബന്ധിച്ച ഐതിഹ്യങ്ങളല്ലാതെ ചരിത്രരേഖകൾ ഇല്ല” എന്ന്‌ ഒരു പത്രിക പ്രസ്‌താവിക്കുന്നു. എന്നിരുന്നാലും, നഷ്ടപ്പെട്ട വിശദാംശങ്ങൾ നൽകാൻ ചിലർ ശ്രമം നടത്തിയിട്ടുണ്ട്‌. പീലാത്തൊസ്‌ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നെന്നു ചിലർ അവകാശപ്പെട്ടിരിക്കുന്നു. എത്യോപ്യൻ “ക്രിസ്‌ത്യാനികൾ” അദ്ദേഹത്തെ ഒരു “വിശുദ്ധനാക്കി.” മൂന്നാം നൂറ്റാണ്ടിന്റെ ഒടുവിലും നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഉള്ള ഒരു എഴുത്തുകാരനായിരുന്ന യൂസിബിയസാണ്‌ ഈസ്‌കര്യോത്താ യൂദായെപ്പോലെ പീലാത്തൊസ്‌ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞ ആദ്യവ്യക്തി. പിന്നീട്‌ പലരും ഈ അഭിപ്രായംതന്നെ പറയുകയുണ്ടായി. എന്നിരുന്നാലും, പീലാത്തൊസിന്‌ എന്തു സംഭവിച്ചു എന്നത്‌ ഇന്നും അജ്ഞാതമാണ്‌.

വഴക്കമില്ലാത്ത, കാര്യഗൗരവമില്ലാത്ത, പരുഷനായ ഒരു വ്യക്തി ആയിരുന്നിരിക്കാം പീലാത്തൊസ്‌. എങ്കിലും, പത്തുവർഷക്കാലം അദ്ദേഹം ഔദ്യോഗിക പദവിയിൽ തുടർന്നു. യഹൂദ്യയിലെ മിക്ക ഗവർണർമാരും അതിനെക്കാൾ കുറഞ്ഞ സമയമേ ഗവർണർസ്ഥാനത്ത്‌ ഇരുന്നിട്ടുള്ളൂ. അതുകൊണ്ട്‌ റോമാക്കാരുടെ കാഴ്‌ചപ്പാടിൽ പീലാത്തൊസ്‌ കഴിവുള്ള ഒരു വ്യക്തിയായിരുന്നു. സ്വയം രക്ഷിക്കാനായി യേശുവിനെ നിന്ദ്യമായ രീതിയിൽ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌ത ഒരു ഭീരുവെന്ന്‌ അദ്ദേഹം വിളിക്കപ്പെട്ടിട്ടുണ്ട്‌. നീതി ഉയർത്തിപ്പിടിക്കുക എന്നതല്ല, സമാധാനവും റോമൻ താത്‌പര്യങ്ങളും ഉന്നമിപ്പിക്കുക എന്നതായിരുന്നു പീലാത്തൊസിന്റെ പ്രാഥമിക കടമയെന്നു മറ്റുചിലർ വാദിക്കുന്നു.

പീലാത്തൊസിന്റെ കാലം നമ്മുടേതിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു. എങ്കിലും താൻ നിരപരാധിയായി കരുതുന്ന ഒരു മനുഷ്യനെ ന്യായമായും കുറ്റംവിധിക്കാൻ ഒരു ന്യായാധിപനും കഴിയുകയില്ല. യേശുവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ടില്ലായിരുന്നെങ്കിൽ, പൊന്തിയൊസ്‌ പീലാത്തൊസ്‌ ചരിത്രതാളുകളിലെ മറ്റൊരു പേരുമാത്രം ആകുമായിരുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 19 രക്തച്ചൊരിച്ചിലിൽ പങ്കില്ലെന്നു കാണിക്കാൻ യഹൂദന്മാർ അവലംബിച്ചിരുന്ന ഒരു രീതിയായിരുന്നു കൈകഴുകൽ. അത്‌ റോമാക്കാരുടെ രീതിയല്ലായിരുന്നു.​—⁠ആവർത്തനപുസ്‌തകം 21:6, 7.

[11-ാം പേജിലെ ചിത്രം]

പൊന്തിയൊസ്‌ പീലാത്തൊസിനെ യഹൂദ്യയിലെ ഗവർണറായി തിരിച്ചറിയിക്കുന്ന, കൈസര്യയിൽനിന്നു കണ്ടെടുത്ത ആലേഖനം