വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ മനസ്സാക്ഷി നന്നായി പരിശീലിപ്പിക്കപ്പെട്ടതാണോ?

നിങ്ങളുടെ മനസ്സാക്ഷി നന്നായി പരിശീലിപ്പിക്കപ്പെട്ടതാണോ?

നിങ്ങളുടെ മനസ്സാക്ഷി നന്നായി പരിശീലിപ്പിക്കപ്പെട്ടതാണോ?

“അതു തെറ്റാണെന്ന്‌ ഉള്ളിന്റെയുള്ളിൽ എനിക്കറിയാം.” “നിങ്ങൾ ആവശ്യപ്പെടുന്നതുപോലെ എനിക്കു ചെയ്യാനാവില്ല. അതു തെറ്റാണെന്ന്‌ ആരോ എന്റെ ഉള്ളിലിരുന്നു പറയുന്നു.” നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? ഉള്ളിൽനിന്നു നിങ്ങൾ കേട്ട ആ “സ്വരം” നിങ്ങളുടെ മനസ്സാക്ഷിയുടേതായിരുന്നു. നമ്മുടെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന, ശരിയും തെറ്റും സംബന്ധിച്ച ആ ആന്തരിക തിരിച്ചറിവ്‌ നമുക്കു ജന്മനാ ലഭിക്കുന്ന ഒന്നാണ്‌.

ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട അവസ്ഥയിലായിട്ടുപോലും, ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രാപ്‌തി പൊതുവേ മനുഷ്യർക്കുണ്ട്‌. ദൈവിക ഗുണങ്ങളായ ജ്ഞാനവും നീതിയും ഒരളവുവരെ പ്രതിഫലിപ്പിക്കാൻ കഴിയുമാറ്‌ മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടാണ്‌ അത്‌. (ഉല്‌പത്തി 1:26, 27) ഇതേക്കുറിച്ച്‌, ദിവ്യനിശ്വസ്‌തതയിൽ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, നിയമമില്ലെന്നിരിക്കിലും അവർ തങ്ങൾക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്‌. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന്‌ അവർ സ്‌പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുദ്ധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും.” *​—⁠റോമർ 2:14, 15, പി.ഒ.സി. ബൈബിൾ.

ആദ്യമനുഷ്യനായ ആദാമിൽനിന്നു കൈമാറിക്കിട്ടിയ ഈ ധാർമിക പ്രാപ്‌തി വംശ-ദേശ ഭേദമെന്യേ സകലരിലും ഒരു “നിയമം” അഥവാ പെരുമാറ്റച്ചട്ടം ആയി വർത്തിക്കുന്നു. നമ്മെത്തന്നെ പരിശോധിച്ചു വിലയിരുത്താനുള്ള പ്രാപ്‌തിയാണ്‌ അത്‌. (റോമർ 9:​1, 2) ആദാമും ഹവ്വായും ദൈവനിയമം ലംഘിച്ച ഉടനെ ഈ പ്രാപ്‌തി വെളിവായി​—⁠അവർ ദൈവത്തിൽനിന്ന്‌ ഒളിക്കാൻ ശ്രമിച്ചു. (ഉല്‌പത്തി 3:7, 8) മനസ്സാക്ഷിയുടെ പ്രവർത്തനത്തിനുള്ള മറ്റൊരു ഉദാഹരണമാണ്‌ ദൈവഹിതത്തിനു വിരുദ്ധമായ ഒരു ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തുകവഴി താൻ പാപം ചെയ്‌തിരിക്കുന്നതായി തിരിച്ചറിഞ്ഞപ്പോൾ ദാവീദ്‌ രാജാവ്‌ പ്രതികരിച്ച വിധം. ‘ദാവീദിന്റെ ഹൃദയത്തിൽ കുത്തുകൊണ്ടു’ എന്ന്‌ ബൈബിൾ പറയുന്നു.​—⁠2 ശമൂവേൽ 24:1-10.

ജീവിതത്തിലേക്കു തിരിഞ്ഞുനോക്കി നമ്മുടെ ധാർമിക നടത്തയെ വിലയിരുത്താനുള്ള പ്രാപ്‌തിക്ക്‌, ദൈവത്തിനു സ്വീകാര്യമായ അനുതാപം പ്രകടമാക്കുകയെന്ന സുപ്രധാന പടി സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കാനാകും. ദാവീദ്‌ എഴുതി: “ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീർത്തനം 32:3, 5) അതേ, പ്രവർത്തനക്ഷമമായ ഒരു മനസ്സാക്ഷി ദൈവത്തിൽനിന്നു പാപമോചനം ലഭിക്കേണ്ടതിന്റെയും അവന്റെ വഴികളിലൂടെ നടക്കേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട്‌ പാപം ചെയ്‌ത വ്യക്തിയെ ദൈവത്തിങ്കലേക്കു തിരിച്ചുകൊണ്ടുവരും.​—⁠സങ്കീർത്തനം 51:1-4, 9, 13-15.

ഇതിനു പുറമേ, ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുള്ളപ്പോഴോ ധാർമികത ഉൾപ്പെടുന്ന ഒരു തീരുമാനം എടുക്കേണ്ടതുള്ളപ്പോഴോ മനസ്സാക്ഷി നമുക്ക്‌ മുന്നറിയിപ്പ്‌ അല്ലെങ്കിൽ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. മനസ്സാക്ഷിയുടെ ഈ പ്രവർത്തനവിധമായിരിക്കാം വ്യഭിചാരം ധാർമികമായി അസ്വീകാര്യമായ, തെറ്റായ ഒരു സംഗതിയാണെന്നും ദൈവത്തിനെതിരെയുള്ള പാപമാണെന്നും മുൻകൂട്ടി തിരിച്ചറിയാൻ യോസേഫിനെ സഹായിച്ചത്‌. പിന്നീട്‌ ഇസ്രായേലിനു നൽകപ്പെട്ട പത്തു കൽപ്പനകളിൽ വ്യഭിചാരത്തിനെതിരെ വ്യക്തമായ നിയമം ഉൾപ്പെടുത്തുകയുണ്ടായി. (ഉല്‌പത്തി 39:1-9; പുറപ്പാടു 20:14) കേവലം നമ്മെ വിധിക്കുന്നതിനു പകരം നമ്മെ നയിക്കാൻ തക്കവിധം മനസ്സാക്ഷി പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഏറെ പ്രയോജനം ചെയ്യുമെന്നു വ്യക്തം. നിങ്ങളുടെ മനസ്സാക്ഷി അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

ശരിയായ തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷിയെ പരിശീലിപ്പിക്കുക

മനസ്സാക്ഷി നമുക്കു ജന്മനാ ലഭിക്കുന്ന ഒരു ദാനമാണെങ്കിലും ദുഃഖകരമെന്നു പറയട്ടെ അതു വൈകല്യമുള്ള ഒന്നാണ്‌. മനുഷ്യവർഗത്തിനു പൂർണതയുള്ള ഒരു തുടക്കമാണു നൽകപ്പെട്ടതെങ്കിലും, “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർ”ന്നിരിക്കുന്നു. (റോമർ 3:23) പാപവും അപൂർണതയും നമ്മുടെ മനസ്സാക്ഷിക്കു തകരാറു വരുത്തിയിരിക്കുന്നതിനാൽ ആദിയിൽ ദൈവം ഉദ്ദേശിച്ച വിധത്തിൽ അതു പൂർണമായും പ്രവർത്തിക്കാതിരുന്നേക്കാം. (റോമർ 7:18-23) ഇതിനു പുറമേ, നാം വളർന്നുവന്ന സാഹചര്യം, പ്രാദേശിക സമ്പ്രദായങ്ങൾ, വിശ്വാസങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയ ബാഹ്യഘടകങ്ങൾ നമ്മുടെ മനസ്സാക്ഷിയെ സ്വാധീനിച്ചേക്കാം. ലോകത്തിന്റെ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ധാർമിക വീക്ഷണങ്ങളെയും അധഃപതിച്ചുകൊണ്ടിരിക്കുന്ന നിലവാരങ്ങളെയും ഒരു നല്ല മനസ്സാക്ഷിക്കുള്ള മാനദണ്ഡമായി സ്വീകരിക്കുക സാധ്യമല്ല.

അതുകൊണ്ട്‌, ഒരു ക്രിസ്‌ത്യാനിക്കു ദൈവവചനമായ ബൈബിളിൽ കാണപ്പെടുന്ന സുസ്ഥിരവും നീതിനിഷ്‌ഠവുമായ നിലവാരങ്ങളുടെ സഹായംകൂടെ ആവശ്യമാണ്‌. ഇവ കാര്യങ്ങൾ ശരിയായി വിലയിരുത്താനും ആവശ്യമായ ഗുണീകരണം അഥവാ തിരുത്തലുകൾ വരുത്താനും നമ്മുടെ മനസ്സാക്ഷിയെ വഴിനയിക്കും. (2 തിമൊഥെയൊസ്‌ 3:​17) നമ്മുടെ മനസ്സാക്ഷി ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രബോധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ “നന്മതിന്മകളെ തിരിച്ചറിവാൻ” നമ്മെ പ്രാപ്‌തരാക്കിക്കൊണ്ട്‌ അതു ധാർമിക സംരക്ഷണം പ്രദാനം ചെയ്യും. (എബ്രായർ 5:14) ദൈവിക നിലവാരങ്ങൾ അറിയില്ലെങ്കിൽ, നാം അപകടകരമായ ഒരു ഗതിയിലേക്കു വ്യതിചലിക്കുമ്പോൾ നമ്മുടെ മനസ്സാക്ഷി യാതൊരു മുന്നറിയിപ്പും നൽകാതിരുന്നേക്കാം. ബൈബിൾ ഇപ്രകാരം പറയുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ”​—⁠സദൃശവാക്യങ്ങൾ 16:25; 17:20.

ജീവിതത്തിന്റെ ചില മണ്ഡലങ്ങൾ സംബന്ധിച്ച്‌, ദൈവവചനം സുവ്യക്തമായ മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്‌, അവ പിൻപറ്റുന്നത്‌ പ്രയോജനകരവുമാണ്‌. അതേസമയം ചില കാര്യങ്ങളിൽ ബൈബിൾ നേരിട്ടുള്ള നിർദേശങ്ങൾ പ്രദാനം ചെയ്യുന്നില്ല. തൊഴിൽ, ആരോഗ്യ കാര്യങ്ങൾ, വിനോദം, വസ്‌ത്രധാരണം, ചമയം തുടങ്ങിയവ സംബന്ധിച്ച തിരഞ്ഞെടുപ്പുകൾ ഇവയിൽ ഉൾപ്പെട്ടേക്കാം. ഓരോ കാര്യത്തിലും എന്തു ചെയ്യണമെന്ന്‌ അറിയാനും ശരിയായ തീരുമാനം എടുക്കാനും എളുപ്പമല്ല. അതുകൊണ്ട്‌ നമുക്കു ദാവീദിന്റെ മനോഭാവം ഉണ്ടായിരിക്കണം. അവൻ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ.” (സങ്കീർത്തനം 25:4, 5) ദൈവത്തിന്റെ വീക്ഷണങ്ങളും വഴികളും എത്ര നന്നായി മനസ്സിലാക്കുന്നുവോ അത്ര നന്നായി നമുക്കു സാഹചര്യങ്ങളെ വിലയിരുത്താനും ശുദ്ധ മനസ്സാക്ഷിയോടെ തീരുമാനങ്ങളെടുക്കാനും സാധിക്കും.

അതുകൊണ്ട്‌ നമ്മുടെ മുന്നിൽ ഒരു ചോദ്യം ഉയരുമ്പോൾ അല്ലെങ്കിൽ നാം ഒരു തീരുമാനത്തെ അഭിമുഖീകരിക്കുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങളെക്കുറിച്ച്‌ ആദ്യം ചിന്തിക്കണം. പിൻവരുന്നവ അതിനുള്ള ചില ഉദാഹരണങ്ങളാണ്‌: ശിരസ്ഥാനത്തോട്‌ ആദരവു കാണിക്കൽ (കൊലൊസ്സ്യർ 3:18, 20); സകലത്തിലും സത്യസന്ധത പാലിച്ചുകൊണ്ട്‌ “നല്ല മനസ്സാക്ഷി” ഉള്ളവരായിരിക്കൽ (എബ്രായർ 13:​18); ദോഷത്തെ അഥവാ തിന്മയെ വെറുക്കൽ (സങ്കീർത്തനം 97:10); സമാധാനമാർഗം അന്വേഷിക്കൽ (റോമർ 14:19); അധികാരങ്ങളെ അനുസരിക്കൽ (മത്തായി 22:21; റോമർ 13:1-7); ദൈവത്തിന്‌ അനന്യ ഭക്തി കൊടുക്കൽ (മത്തായി 4:10); ലോകത്തിന്റെ ഭാഗമല്ലാതിരിക്കൽ (യോഹന്നാൻ 17:14); മോശമായ സഹവാസം ഒഴിവാക്കൽ (1 കൊരിന്ത്യർ 15:33); വസ്‌ത്രധാരണത്തിലും ചമയത്തിലും മാന്യത പാലിക്കൽ (1 തിമൊഥെയൊസ്‌ 2:9, 10); മറ്റുള്ളവർക്ക്‌ ഇടർച്ച വരുത്താതിരിക്കൽ (ഫിലിപ്പിയർ 1:​10, 11). അനുയോജ്യമായ ബൈബിൾ തത്ത്വങ്ങൾ തിരിച്ചറിയുന്നതു നമ്മുടെ മനസ്സാക്ഷിയെ ശക്തമാക്കുകയും ശരിയായ തീരുമാനം എടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.

മനസ്സാക്ഷിക്കു ചെവികൊടുക്കുക

മനസ്സാക്ഷി നമ്മെ സഹായിക്കണമെങ്കിൽ നാം അതിനു ചെവികൊടുക്കേണ്ടതുണ്ട്‌. ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ ഓർമിപ്പിക്കലുകൾക്കു സത്വരം ചെവികൊടുക്കുന്നെങ്കിൽ മാത്രമേ ഈ ദാനത്തിൽനിന്നു നമുക്കു പ്രയോജനം നേടാനാവൂ. പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷിയെ ഒരു വാഹനത്തിന്റെ ഇൻസ്‌ട്രുമെന്റ്‌ പാനലിലെ വാർണിങ്‌ ലൈറ്റുകളോട്‌ ഉപമിക്കാനാവും. ഓയിൽ പ്രഷർ താഴ്‌ന്നിരിക്കുന്നതായി സൂചിപ്പിക്കുന്ന ലൈറ്റ്‌ തെളിയുന്നുവെന്നിരിക്കട്ടെ. അതിനു സത്വര ശ്രദ്ധ നൽകാതെ നാം വണ്ടിയോടിച്ചുകൊണ്ടിരിക്കുന്നെങ്കിലോ? മോട്ടോറിനു സാരമായ കേടുപാടുകൾ സംഭവിക്കും. സമാനമായി, തെറ്റായ ഒരു പ്രവർത്തനഗതി സംബന്ധിച്ച്‌ മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു തന്നേക്കാം. നാം പിൻപറ്റുന്ന അല്ലെങ്കിൽ പിൻപറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്ന പ്രവർത്തനഗതിയെ തിരുവെഴുത്തുപരമായ നമ്മുടെ നിലവാരങ്ങളും മൂല്യങ്ങളുമായി ഒത്തുനോക്കിക്കൊണ്ട്‌ ഇൻസ്‌ട്രുമെന്റ്‌ പാനലിലെ ലൈറ്റുപോലെ അതു സിഗ്നൽ നൽകുന്നു. ഈ മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കുന്നത്‌ ദാരുണമായ പ്രത്യാഘാതങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുമെന്നു മാത്രമല്ല, മനസ്സാക്ഷിയെ പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുകയും ചെയ്യും.

എന്നാൽ നാം മുന്നറിയിപ്പുകളെ അവഗണിക്കുന്നെങ്കിലോ? മനസ്സാക്ഷി ക്രമേണ സംവേദനക്ഷമമല്ലാതാകും. ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട്‌ ശരീരഭാഗം പൊള്ളിക്കുമ്പോൾ സംഭവിക്കുന്നതെന്തോ അതുതന്നെയാണ്‌, തുടർച്ചയായി മനസ്സാക്ഷിയെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുമ്പോഴും സംഭവിക്കുന്നത്‌. വ്രണം കരിയുമ്പോൾ, കട്ടിയുള്ള പ്രത്യേകതരം കലകൾ അവിടെ രൂപംകൊള്ളും. ഈ ഭാഗത്ത്‌ നാഡീ അഗ്രങ്ങൾ ഇല്ലാത്തതുകൊണ്ട്‌ ഇവിടം സംവേദനക്ഷമമായിരിക്കില്ല. (1 തിമൊഥെയൊസ്‌ 4:2, 3) അത്തരമൊരു മനസ്സാക്ഷി പാപത്തോടു പ്രതികരിക്കാതാകുന്നു, പാപം ആവർത്തിക്കുന്നത്‌ ഒഴിവാക്കാനുള്ള മുന്നറിയിപ്പുകൾ നൽകാതാകുന്നു. തഴമ്പിച്ചുപോയ മനസ്സാക്ഷി ശരിയും തെറ്റും സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ അവഗണിക്കുന്നതിനാൽ അതു വികലമായ ഒന്നായിരിക്കും. ഈ മനസ്സാക്ഷി മലിനവുമായിരിക്കും, കാരണം അതിന്റെ ഉടമ ദൈവത്തിൽനിന്ന്‌ അകന്ന, ‘എല്ലാ ധാർമിക ബോധവും നഷ്ടപ്പെട്ട’ (NW) അവസ്ഥയിലുള്ള ഒരു വ്യക്തിയാണ്‌. (എഫെസ്യർ 4:17-19; തീത്തൊസ്‌ 1:15) എത്ര ദാരുണമായ സാഹചര്യം!

“നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ”

ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ നിരന്തര ശ്രമം ആവശ്യമാണ്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്‌പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.” (പ്രവൃത്തികൾ 24:16) ദൈവത്തോടു തെറ്റു ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്താനായി പൗലൊസ്‌ നിരന്തരം തന്റെ പ്രവർത്തനഗതി വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്‌തു. നാം ചെയ്യുന്ന കാര്യങ്ങളിലെ ശരിയും തെറ്റും വിലയിരുത്തുന്നത്‌ ആത്യന്തികമായി ദൈവമാണെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. (റോമർ 14:10-12; 1 കൊരിന്ത്യർ 4:4) പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്‌.”​—⁠എബ്രായർ 4:13.

മനുഷ്യരോടു തെറ്റു ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചും പൗലൊസ്‌ പറയുകയുണ്ടായി. “വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറി”ച്ച്‌ കൊരിന്ത്യക്രിസ്‌ത്യാനികൾക്ക്‌ അവൻ നൽകിയ ബുദ്ധിയുപദേശം ഇതിന്‌ ഒരു നല്ല ഉദാഹരണമാണ്‌. ഒരു സംഗതി ദൈവവചനപ്രകാരം തെറ്റായിരിക്കാത്തപ്പോൾപ്പോലും മറ്റുള്ളവരുടെ മനസ്സാക്ഷിയെ കണക്കിലെടുക്കേണ്ടത്‌ അനിവാര്യമാണെന്നായിരുന്നു അതിലെ ആശയം. അങ്ങനെ ചെയ്യാതിരിക്കുന്നത്‌ ‘ആർക്കുവേണ്ടി ക്രിസ്‌തു മരിച്ചുവോ, [നമ്മുടെ] ആ സഹോദരങ്ങൾ’ ആത്മീയമായി ‘നശിച്ചുപോകുന്നതിന്‌’ ഇടയാക്കിയേക്കാം. മാത്രമല്ല ദൈവവുമായി നമുക്കുള്ള ബന്ധവും അപകടത്തിലായേക്കാം.​—⁠1 കൊരിന്ത്യർ 8:4, 11-13; 10:23, 24.

അതുകൊണ്ട്‌ നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതിൽ തുടരുക, ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക. തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിന്റെ മാർഗനിർദേശം തേടുക. (യാക്കോബ്‌ 1:5) ദൈവവചനം പഠിക്കുകയും നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും വാർത്തെടുക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുക. (സദൃശവാക്യങ്ങൾ 2:3-5) ഗൗരവമുള്ള പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ നിങ്ങൾ ശരിയായി ഗ്രഹിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്താൻ പക്വതയുള്ള ക്രിസ്‌ത്യാനികളുടെ അഭിപ്രായം ആരായുക. (സദൃശവാക്യങ്ങൾ 12:15; റോമർ 14:1; ഗലാത്യർ 6:5) നിങ്ങളെടുക്കുന്ന തീരുമാനം സ്വന്തം മനസ്സാക്ഷിയെയും മറ്റുള്ളവരെയും സർവോപരി യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെയും എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുക.​—⁠1 തിമൊഥെയൊസ്‌ 1:5, 18, 19.

മനസ്സാക്ഷി നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിൽനിന്നുള്ള വിശിഷ്ടമായ ഒരു ദാനമാണ്‌. ദാതാവിന്റെ ഹിതത്തിനു ചേർച്ചയിൽ അത്‌ ഉപയോഗിക്കുമ്പോൾ നമ്മുടെ സ്രഷ്ടാവുമായി നാം കൂടുതൽ അടുക്കും. സകലവും ‘നല്ല മനസ്സാക്ഷിയോടെ’ ചെയ്യുമ്പോൾ, ദൈവത്തിന്റെ പ്രതിച്ഛായയിലാണു നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനു കൂടുതൽ വ്യക്തമായ തെളിവ്‌ നാം നൽകുകയായിരിക്കും.—1 പത്രൊസ്‌ 3:16; കൊലൊസ്സ്യർ 3:10.

[അടിക്കുറിപ്പ്‌]

^ ഖ. 3 മനസ്സാക്ഷി എന്നതിന്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അർഥം പിൻവരുന്നവയാണ്‌: “ധാർമിക വിലയിരുത്തൽ നടത്താനുള്ള ആന്തരിക പ്രാപ്‌തി” (ഹാരോൾഡ്‌ കെ. മൗൾട്ടണിന്റെ ദി അനാലിറ്റിക്കൽ ഗ്രീക്ക്‌ ലെക്‌സിക്കൻ); “ധാർമികമായി ശരിയേത്‌ തെറ്റേത്‌ എന്നു വേർതിരിച്ചറിയൽ.”​—⁠ജെ. എച്ച്‌. തായറിന്റെ ഗ്രീക്ക്‌-ഇംഗ്ലീഷ്‌ ലെക്‌സിക്കൻ.

[13-ാം പേജിലെ ചിത്രങ്ങൾ]

കേവലം നിങ്ങളെ വിധിക്കുന്നതിനു പകരം നിങ്ങളെ നയിക്കാൻ തക്കവിധം മനസ്സാക്ഷി പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടോ?

[14-ാം പേജിലെ ചിത്രം]

മനസ്സാക്ഷിയെ നന്നായി പരിശീലിപ്പിക്കാൻ ബൈബിൾ തത്ത്വങ്ങൾ പഠിക്കുകയും പിൻപറ്റുകയും ചെയ്യുക

[15-ാം പേജിലെ ചിത്രങ്ങൾ]

മനസ്സാക്ഷിയുടെ മുന്നറിയിപ്പുകൾ അവഗണിക്കരുത്‌