വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ”

“കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ”

“കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ”

കലിതുള്ളിയ കടലിലൂടെ കപ്പലിനെ മുന്നോട്ടു നയിക്കുന്ന ഒരു നാവികനെ ചിത്രീകരിക്കുന്ന ഒരു വെങ്കലപ്രതിമ യു.എസ്‌.എ.-യിലെ മസാച്ചുസെറ്റ്‌സിലെ ഗ്ലോസ്റ്ററിലുള്ള തുറമുഖത്തിന്‌ അഭിമുഖമായി നിൽക്കുന്നുണ്ട്‌. കടലിൽവെച്ചു മരിച്ചിട്ടുള്ള ഗ്ലോസ്റ്ററിലെ ആയിരക്കണക്കിനു മീൻപിടിത്തക്കാരുടെ അനുസ്‌മരണാർഥം പണിതിരിക്കുന്നതാണ്‌ ആ പ്രതിമ. അതിന്റെ അടുത്തുള്ള ഒരു ഫലകത്തിൽ സങ്കീർത്തനം 107:23, 24-ലെ പിൻവരുന്ന വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു: “കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്‌തവർ, അവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.”

അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ മത്സ്യബന്ധനം അപകടം നിറഞ്ഞതാണ്‌. ഇപ്പോൾ 30,000-ത്തോളം ജനസംഖ്യയുള്ള ഗ്ലോസ്റ്ററിലെ 5,368 പുരുഷന്മാരുടെ ജീവനാണ്‌ വർഷങ്ങളായി മത്സ്യബന്ധനത്തിനിടെ നഷ്ടമായത്‌. ആ സ്‌മാരകഫലകം ഇങ്ങനെ പറയുന്നു: “ചിലർ കൊടുങ്കാറ്റുകളിലും വടക്കുകിഴക്കൻ കാറ്റുകൊണ്ടുവന്ന കൂറ്റൻ തിരമാലകളിലും പെട്ടു. മത്സ്യബന്ധന ബോട്ടിൽനിന്ന്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കൊച്ചുവള്ളങ്ങളിൽ കയറിപ്പോയ ചിലർ കൂട്ടംതെറ്റി കടലിൽ അപ്രത്യക്ഷരാകുകയായിരുന്നു. ചില ബോട്ടുകൾ കൊടുങ്കാറ്റിൽപ്പെട്ടു കൂട്ടിയിടിച്ചു ദാരുണമായി മുങ്ങി. മറ്റുചിലത്‌ കപ്പൽച്ചാലുകളിൽവെച്ചു കപ്പലിടിച്ചു തകർന്നു.”

മുക്കുവന്മാർ നൂറ്റാണ്ടുകളായി ചെയ്‌തുകൊണ്ടിരിക്കുന്ന കഠിനാധ്വാനത്തിനും നേരിട്ടുകൊണ്ടിരിക്കുന്ന അപകടങ്ങൾക്കും ഒരു മൂകസാക്ഷ്യമാണ്‌ ആ സ്‌മാരകം. നഷ്ടപ്പെട്ട ഭർത്താക്കന്മാർ, പിതാക്കന്മാർ, സഹോദരന്മാർ, പുത്രന്മാർ എന്നിവരെ പ്രതി ചൊരിഞ്ഞ സങ്കടക്കണ്ണീർ എന്തുമാത്രമായിരിക്കും! എന്നാൽ യഹോവയാം ദൈവം വിധവമാരെയോ അനാഥരെയോ കടലിൽവെച്ചു മരണമടഞ്ഞവരെയോ മറക്കുന്നില്ല. അപ്പൊസ്‌തലനായ യോഹന്നാൻ പിൻവരുന്ന ഭാവിസംഭവത്തിലേക്കു വിരൽചൂണ്ടി: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്‌പിച്ചുകൊടുത്തു.” (വെളിപ്പാടു 20:13) “കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ” തങ്ങളുടെ പുനരുത്ഥാന സമയത്ത്‌ “യഹോവയുടെ . . . പ്രവൃത്തികളെയും . . . അവന്റെ അത്ഭുതങ്ങളെയും” കാണും.