വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവിതം വിജയകരമാക്കാൻ ഏതുതരം വിദ്യാഭ്യാസത്തിനു കഴിയും?

നിങ്ങളുടെ ജീവിതം വിജയകരമാക്കാൻ ഏതുതരം വിദ്യാഭ്യാസത്തിനു കഴിയും?

നിങ്ങളുടെ ജീവിതം വിജയകരമാക്കാൻ ഏതുതരം വിദ്യാഭ്യാസത്തിനു കഴിയും?

പ്രശ്‌നങ്ങളുടെ ആധിക്യം നിമിത്തം ഒരു ചുഴിയിൽ അകപ്പെട്ടതുപോലെ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ആ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾക്കു സംഭവിച്ചേക്കാവുന്ന ഒരു പാകപ്പിഴപോലും എന്തെല്ലാം കഷ്ടപ്പാടുകൾ വരുത്തിവെച്ചേക്കാമെന്നു സങ്കൽപ്പിച്ചു നോക്കൂ! എല്ലായ്‌പോഴും ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുത്തുകൊണ്ട്‌ എല്ലാ പ്രശ്‌നങ്ങളും വിജയകരമായി പരിഹരിക്കാനുള്ള പ്രാപ്‌തിയോടെ ആരും ജനിക്കുന്നില്ല. ഇവിടെയാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രസക്തി. ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ വിജയകരമായി കൈകാര്യം ചെയ്യാൻ സജ്ജരാക്കുന്ന വിദ്യാഭ്യാസം നിങ്ങൾക്ക്‌ എവിടെനിന്നു ലഭിക്കും?

ചെറുപ്പക്കാരും മുതിർന്നവരും ആയ വളരെയധികം ആളുകൾ ലൗകിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു. “ഒരു ബിരുദം സമ്പാദിക്കാതെ [അന്തസ്സുള്ള] ഒരു ജോലി നേടാൻ ആളുകൾക്കു കഴിയില്ല” എന്ന്‌ തങ്ങൾ “ഉറച്ചു വിശ്വസിക്കുന്നു” എന്നുപോലും ചില വിദഗ്‌ധർ പറയുന്നു. എന്നിരുന്നാലും, കേവലം ലൗകിക നേട്ടങ്ങൾക്കു തൃപ്‌തിപ്പെടുത്താൻ കഴിയാത്ത ധാരാളം ആവശ്യങ്ങൾ മനുഷ്യനുണ്ട്‌. ഉദാഹരണത്തിന്‌, ഒരു നല്ല മാതാവോ പിതാവോ ഇണയോ സുഹൃത്തോ ആയിരിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ കലാലയ വിദ്യാഭ്യാസത്തിനു കഴിയുമോ? വാസ്‌തവത്തിൽ, ബുദ്ധിപരമായ നേട്ടങ്ങളെപ്രതി ആദരിക്കപ്പെടുന്ന ആളുകൾ അനഭിലഷണീയമായ വ്യക്തിത്വ വിശേഷതകൾ വളർത്തിയെടുക്കുകയോ കുടുംബജീവിതത്തിൽ പരാജയപ്പെടുകയോ ചെയ്‌തേക്കാം. ഒരുപക്ഷേ അവർ ആത്മഹത്യ ചെയ്‌തെന്നുപോലും വരാം.

മാർഗനിർദേശത്തിനുവേണ്ടി ചിലർ വിദ്യാഭ്യാസത്തിന്റെ ഒരു ഉറവായ മതത്തെ ആശ്രയിക്കുന്നു. എന്നാൽ ജീവിതപ്രശ്‌നങ്ങളെ നേരിടുന്നതിനു പ്രായോഗിക സഹായം അവിടെനിന്നു ലഭിക്കാതെവരുന്നതുകൊണ്ട്‌ അവർ നിരാശരാകുന്നു. ഈ സംഗതി ദൃഷ്ടാന്തീകരിച്ചുകൊണ്ട്‌ മെക്‌സിക്കോയിൽനിന്നുള്ള ഏമീല്യ * പറയുന്നു: “ഭർത്താവിനോടുകൂടെ തുടർന്നു ജീവിക്കാൻ കഴിയില്ലെന്ന്‌ 15 വർഷംമുമ്പ്‌ എനിക്കു തോന്നി. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. മദ്യപാനത്തിൽനിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. പറക്കമുറ്റാത്ത മക്കളെ വീട്ടിൽ തനിച്ചാക്കിയിട്ട്‌ പലപ്പോഴും എനിക്കു ഭർത്താവിനെ അന്വേഷിച്ചു പോകേണ്ടിവരുമായിരുന്നു. വൈകാരികമായി ഞാൻ ആകെ തളർന്നു. ഒരു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി ഞാൻ പല തവണ പള്ളിയിൽ പോയി. അവിടെ വല്ലപ്പോഴുമൊക്കെ ബൈബിൾ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും എന്റെ സാഹചര്യത്തിനു ബാധകമാകുന്ന യാതൊരു ബുദ്ധിയുപദേശവും കേൾക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, എന്തു ചെയ്യണമെന്ന്‌ ഉപദേശിച്ചുതരാൻ ആരും എന്നെ സമീപിച്ചതുമില്ല. പള്ളിയിലിരുന്നു കുറച്ചു സമയം ചില പ്രാർഥനകൾ ഉരുവിട്ടതുകൊണ്ട്‌ എനിക്കു യാതൊരു സംതൃപ്‌തിയും ലഭിച്ചില്ല.” തങ്ങളുടെ ആത്മീയ വഴികാട്ടികൾതന്നെ മാതൃകായോഗ്യമായി ജീവിക്കാത്തവരാണെന്ന അറിവ്‌ വേറെ ചിലരെ ഭഗ്നാശരാക്കുന്നു. തത്‌ഫലമായി, വിജയകരമായ ജീവിതത്തിനുള്ള പരിശീലനം അഥവാ വിദ്യാഭ്യാസം നൽകുന്നതിനുള്ള മതത്തിന്റെ പ്രാപ്‌തിയിൽ പലർക്കും വിശ്വാസം നഷ്ടപ്പെടുന്നു.

അതുകൊണ്ട്‌ ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: ‘ജീവിതം വിജയകരമാക്കുന്നതിന്‌ ഏതുതരം വിദ്യാഭ്യാസമാണു ഞാൻ നേടേണ്ടത്‌?’ ഈ സുപ്രധാന ചോദ്യത്തിനുള്ള ഉത്തരം സത്യക്രിസ്‌ത്യാനിത്വത്തിന്റെ പക്കൽ ഉണ്ടോ? അടുത്ത ലേഖനത്തിൽ അതാണു നാം ചർച്ച ചെയ്യുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 4 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.