‘നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വർധിച്ചുവരുന്നു’
‘നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വർധിച്ചുവരുന്നു’
ചുഴലിക്കാറ്റ്, പ്രളയം, ഭൂകമ്പം തുടങ്ങി നിരവധി പ്രകൃതി വിപത്തുകൾ 2004-ൽ ജപ്പാനിൽ വിളയാട്ടം നടത്തി. യഹോവയുടെ സാക്ഷികൾ ഉൾപ്പെടെ നിരവധി ആളുകളുടെ ജീവിതത്തെ അവ ഗുരുതരമായി ബാധിച്ചു. (സഭാപ്രസംഗി 9:11) എന്നാൽ ഈ പ്രതികൂലാവസ്ഥ സാക്ഷികൾക്ക് പരസ്‌പരം സഹോദരപ്രീതി പ്രകടിപ്പിക്കാനുള്ള അവസരം നൽകി.—1 പത്രൊസ് 1:22.
ഉദാഹരണത്തിന്, ജൂലൈ മാസത്തിൽ കനത്ത മഴ നിമിത്തം മധ്യജപ്പാനിലെ ഒരു നദി കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കം യഹോവയുടെ സാക്ഷികളുടെ 20-ലധികം വീടുകൾക്കു കേടുപാടുകൾ വരുത്തി. ഒരു രാജ്യഹാളിൽ ജലനിരപ്പ് തറനിരപ്പിൽനിന്ന് ഒരു മീറ്ററോളം ഉയർന്നു. പെട്ടെന്നുതന്നെ അയൽസഭകളിൽനിന്നുള്ള സാക്ഷികൾ അവിടെ സഹായത്തിനെത്തി. നൂറുകണക്കിനു സന്നദ്ധ പ്രവർത്തകർ ചേർന്ന് ചെളിനിറഞ്ഞ വീടുകൾ വൃത്തിയാക്കി. കേവലം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രാജ്യഹാൾ പൂർണമായി വൃത്തിയാക്കി അറ്റകുറ്റപ്പണികൾ തീർത്തു.
ഒക്ടോബർ 23-ാം തീയതി, റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം അതേ പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ചു. കുറഞ്ഞത് 40-പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടു. 1,00,000-ത്തിലേറെ ആളുകളെ വീടുകളിൽനിന്ന് ഒഴിപ്പിക്കേണ്ടി വന്നു. വെള്ളവും പാചകവാതകവും ലഭ്യമല്ലാതായി, വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പുതുക്കിപ്പണിത രാജ്യഹാൾ ഭൂകമ്പകേന്ദ്രത്തിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയായിരുന്നെങ്കിലും ഹാളിന് ഒരു കേടും സംഭവിച്ചില്ല. രാജ്യഹാൾ ഒരു താത്‌കാലിക ദുരിതാശ്വാസകേന്ദ്രമാക്കി മാറ്റി. ക്രിസ്‌തീയ മേൽവിചാരകന്മാർ താമസംവിനാ സഹവിശ്വാസികൾ സുരക്ഷിതരാണോയെന്ന് അന്വേഷിച്ചു. ആർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്‌തിട്ടില്ലെന്നു കണ്ടതിൽ അവർ ആശ്വസിച്ചു. അടുത്ത ദിവസം അതിരാവിലെ, ജൂലൈയിലെ പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ച ആറു സാക്ഷികൾ ഭൂകമ്പബാധിത പ്രദേശങ്ങളിൽ ഭക്ഷണവും ആഹാരവും വിതരണം ചെയ്യുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഭൂകമ്പം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ ദുരിതാശ്വാസ സാമഗ്രികൾ ലഭ്യമായിത്തീർന്നു.
“ഭൂകമ്പബാധിതർക്കു വേണ്ടിയുള്ള ദുരിതാശ്വാസവേലയിൽ പങ്കെടുക്കുന്നത് തങ്ങൾക്കു ലഭിച്ച സഹായത്തിനു നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരമായി പ്രളയബാധിതർ വീക്ഷിച്ചു” എന്ന് ഒരു സഭാ മേൽവിചാരകൻ പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അതിരാവിലെമുതൽ രാത്രി വൈകുവോളം അവർ കഠിനാധ്വാനം ചെയ്‌തു. അവരുടെ മുഖം സന്തോഷത്താൽ ദീപ്‌തമായിരുന്നു!”
യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സാഹോദര്യത്തെ കൂട്ടിയിണക്കുന്ന സ്‌നേഹബന്ധത്തിനു വെല്ലുവിളി ഉയർത്താൻ പ്രളയത്തിനോ ഭൂകമ്പത്തിനോ സാധിക്കില്ല. മറിച്ച് അത്തരം വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ, അപ്പൊസ്‌തലനായ പൗലൊസ് തെസ്സലൊനീക്യയിലെ സഹവിശ്വാസികളോടു പറഞ്ഞത് ക്രിസ്‌ത്യാനികൾ അനുഭവിച്ചറിയുന്നു: ‘നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വർധിച്ചുവരുന്നു.’—2 തെസ്സലൊനീക്യർ 1:3, പി.ഒ.സി. ബൈബിൾ.