അർമഗെദോൻ—സന്തോഷകരമായ ഒരു തുടക്കം
അർമഗെദോൻ—സന്തോഷകരമായ ഒരു തുടക്കം
അർമഗെദോൻ എന്ന വാക്കു വന്നിരിക്കുന്നത് “ഹർമ്മഗെദ്ദോൻ” അഥവാ “മെഗിദ്ദോ പർവതം” എന്ന എബ്രായ പദപ്രയോഗത്തിൽനിന്നാണ്. വെളിപ്പാടു 16:16-ലാണ് നാം അതു കാണുന്നത്. ആ വാക്യം ഇങ്ങനെ പറയുന്നു: “അവ അവരെ എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.” ആരാണ് അർമഗെദോനിൽ കൂട്ടിച്ചേർക്കപ്പെടുന്നത്, എന്തിനാണ് അവരെ കൂട്ടിച്ചേർക്കുന്നത്? വെളിപ്പാടു 16:14-ൽ നാം ഇങ്ങനെ വായിക്കുന്നു: “സർവ്വഭൂതലത്തിലും ഉള്ള രാജാക്ക”ന്മാർ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർ”ക്കപ്പെടുന്നു. സ്വാഭാവികമായും ആ പ്രസ്‌താവനകൾ ഉദ്വേഗജനകമായ വേറെയും ചോദ്യങ്ങൾ ഉയർത്തുന്നു. ഈ “രാജാക്ക”ന്മാർ യുദ്ധം ചെയ്യുന്നത് എവിടെയാണ്? എന്തു വിഷയത്തെച്ചൊല്ലിയാണ് ഇവർ യുദ്ധം ചെയ്യുന്നത്? ആരുമായാണ് ഇവർ പോരാടുന്നത്? പലരും വിശ്വസിക്കുന്നതുപോലെ ഇവർ കൂട്ടനശീകരണത്തിനായുള്ള ആയുധങ്ങൾ ഉപയോഗിക്കുമോ? അർമഗെദോനെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കുമോ? ബൈബിൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
“മെഗിദ്ദോ പർവത”ത്തെക്കുറിച്ചുള്ള പരാമർശം, അർമഗെദോൻ യുദ്ധം നടക്കുന്നതു മധ്യപൂർവ ദേശത്തുള്ള ഒരു പ്രത്യേക പർവതത്തിലാണെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. ഒന്നാമതായി അങ്ങനെയൊരു പർവതം വാസ്‌തവത്തിൽ സ്ഥിതിചെയ്യുന്നില്ല. പുരാതന മെഗിദ്ദോയുടെ സ്ഥാനത്ത് ഇപ്പോൾ, തൊട്ടടുത്തുള്ള സമതലതാഴ്‌വാരത്തിൽനിന്ന് ഏകദേശം 20 മീറ്റർ ഉയർന്നുനിൽക്കുന്ന ഒരു കുന്നു മാത്രമാണ് ഉള്ളത്. തന്നെയുമല്ല, മെഗിദ്ദോയുടെ ചുറ്റുമുള്ള പ്രദേശത്തിന് എല്ലാ “ഭൂരാജാക്കന്മാ”രെയും അവരുടെ “സൈന്യങ്ങ”ളെയും ഉൾക്കൊള്ളാൻതക്ക വലുപ്പവുമില്ല. (വെളിപ്പാടു 19:19) എന്നിരുന്നാലും, മധ്യപൂർവ ദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഘോരവും നിർണായകവും ആയ യുദ്ധങ്ങളിൽ ചിലതു നടന്നിട്ടുള്ളതു മെഗിദ്ദോയിൽവെച്ചാണ്. അതുകൊണ്ട് അർമഗെദോൻ എന്ന പേര് വ്യക്തമായും ഒരു ജേതാവു മാത്രമുള്ള, അതിനിർണായകമായ ഒരു ഏറ്റുമുട്ടലിനെ പ്രതീകപ്പെടുത്തുന്നു.—5-ാം പേജിലെ “മെഗിദ്ദോ—ഒരു അനുയോജ്യ പ്രതീകം” എന്ന ചതുരം കാണുക.
“സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിൽ “സർവ്വഭൂതലത്തിലും ഉള്ള രാജാക്ക”ന്മാർ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് വെളിപ്പാടു 16:14 പറയുന്നു. അതുകൊണ്ട് അർമഗെദോൻ കേവലം ഭൂമിയിലെ രാഷ്‌ട്രങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ആയിരിക്കുകയില്ല. “യഹോവയുടെ നിഹതന്മാർ” അഥവാ ദൈവത്തിന്റെ കയ്യാൽ വധിക്കപ്പെടുന്നവർ “ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ” ചിതറിക്കിടക്കുമെന്ന് യിരെമ്യാവ് തന്റെ നിശ്വസ്‌ത പ്രവചനത്തിൽ പറയുകയുണ്ടായി. (യിരെമ്യാവു 25:33) അതുകൊണ്ട് അർമഗെദോൻ, മധ്യപൂർവ ദേശത്തെ ഒരു പ്രത്യേക സ്ഥലത്തുമാത്രം ഒതുങ്ങിനിൽക്കുന്ന ഒരു മാനുഷ യുദ്ധമല്ല. അത് യഹോവയുടെ യുദ്ധമാണ്, അത് ഗോളവ്യാപകമായി നടക്കുന്ന ഒന്നായിരിക്കുകയും ചെയ്യും.
എന്നാൽ വെളിപ്പാടു 16:16-ൽ അർമഗെദോനെ ഒരു “സ്ഥല”മെന്നു പരാമർശിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ബൈബിളിൽ ‘സ്ഥലം’ എന്നതിന് ഒരു സാഹചര്യത്തെ അല്ലെങ്കിൽ അവസ്ഥയെ അർഥമാക്കാൻ കഴിയും. ഇവിടെ, മുഴു ലോകവും യഹോവയെ ഒറ്റക്കെട്ടായി എതിർക്കുന്ന അവസ്ഥയെയാണു ചിത്രീകരിക്കുന്നത്. (വെളിപ്പാടു 12:6, 14) അർമഗെദോനിൽ ഭൂമിയിലെ എല്ലാ രാഷ്‌ട്രങ്ങളും “രാജാധിരാജാവും കർത്താധികർത്താവും” ആയ യേശുക്രിസ്‌തുവിന്റെ കീഴിലുള്ള “സ്വർഗ്ഗത്തിലെ സൈന്യ”ത്തിന് എതിരെ അണിനിരക്കുന്നു.—വെളിപ്പാടു 19:14, 16.
കൂട്ടനശീകരണത്തിനായുള്ള ആയുധങ്ങൾ പ്രയോഗിക്കപ്പെടുന്നതു മൂലമോ ഏതെങ്കിലും ഒരു ജ്യോതിർഗോളവുമായുള്ള കൂട്ടിയിടിയുടെ ഫലമായോ ഉണ്ടാകാൻ പോകുന്ന ഒരു മഹാവിപത്താണ് അർമഗെദോൻ എന്ന വാദത്തെക്കുറിച്ച് എന്തു പറയാൻ കഴിയും? മനുഷ്യവർഗത്തിനും അവരുടെ വാസസ്ഥലമായ ഭൂഗ്രഹത്തിനും ഇത്ര ഭീകരമായ ഒരു അന്ത്യം സംഭവിക്കാൻ സ്‌നേഹവാനായ ഒരു ദൈവം അനുവദിക്കുമോ? ഇല്ല. താൻ “ഭൂമിയെ . . . വ്യർത്ഥമായിട്ടല്ല . . . നിർമ്മിച്ചത്” മറിച്ച് “പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചത്” എന്ന് അവൻ വ്യക്തമായി പ്രസ്‌താവിക്കുന്നു. (യെശയ്യാവു 45:18; സങ്കീർത്തനം 96:10) അർമഗെദോനിൽ ദൈവം ഭൂഗ്രഹത്തെ നശിപ്പിക്കുകയില്ല, മറിച്ച് “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും.—വെളിപ്പാടു 11:18.
അർമഗെദോൻ—എപ്പോൾ?
നൂറ്റാണ്ടുകളിലുടനീളം ഉയർന്നുവന്നിട്ടുള്ളതും അസംഖ്യം ഊഹാപോഹങ്ങൾക്കു തിരികൊളുത്തിയിട്ടുള്ളതും ആയ ഒരു ചോദ്യമാണ് അർമഗെദോൻ യുദ്ധം നടക്കുന്നത് വെളിപ്പാടു 16:15 അർമഗെദോനെ യേശു ഒരു കള്ളനെപ്പോലെ വരുന്നതുമായി ബന്ധിപ്പിക്കുന്നു. ഈ വ്യവസ്ഥിതിയുടെമേൽ ന്യായവിധി നിർവഹിക്കുന്നതിനായി താൻ വരുന്നതിനെ വർണിക്കാൻ യേശുവും ഇതേ വാങ്‌മയചിത്രം ഉപയോഗിക്കുകയുണ്ടായി.—മത്തായി 24:43, 44; 1 തെസ്സലൊനീക്യർ 5:2.
എപ്പോഴായിരിക്കും എന്നത്. മറ്റു ബൈബിൾ ഭാഗങ്ങളുടെ വെളിച്ചത്തിൽ വെളിപ്പാടു പുസ്‌തകം പരിശോധിക്കുന്നത് അതിനിർണായകമായ ഈ യുദ്ധം അരങ്ങേറുന്ന സമയം സംബന്ധിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി കാണിക്കുന്നതുപോലെ 1914 മുതൽ നാം ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു ജീവിക്കുന്നത്. * അന്ത്യനാളുകളുടെ സമാപന ഭാഗം, “വലിയ കഷ്ടം” എന്ന് യേശു വിശേഷിപ്പിച്ച കാലഘട്ടം ആയിരിക്കും. ആ കാലഘട്ടത്തിന്റെ ദൈർഘ്യത്തെക്കുറിച്ചു ബൈബിൾ ഒന്നും പറയുന്നില്ല, പക്ഷേ അന്നു സംഭവിക്കാനിരിക്കുന്ന അനർഥങ്ങൾ ലോകം എക്കാലത്തും കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായിരിക്കും. വലിയ കഷ്ടത്തിന്റേതായ ആ നാളുകൾ അർമഗെദോനിൽ പര്യവസാനിക്കും.—മത്തായി 24:21, 29.
അർമഗെദോൻ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മാകയാൽ അതു നീട്ടിവെക്കാനായി മനുഷ്യർക്കു യാതൊന്നും ചെയ്യാനാവില്ല. ആ യുദ്ധത്തിനു യഹോവ ഒരു “അവധിവെച്ചി”ട്ടുണ്ട്, അതായത് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. “അതു . . . താമസിക്ക”യില്ല.—ഹബക്കൂക് 2:3.
നീതിമാനായ ദൈവം നടത്തുന്ന നീതിനിഷ്‌ഠമായ യുദ്ധം
എന്നാൽ എന്തിനാണ് ദൈവം ഒരു ആഗോളയുദ്ധം സങ്കീർത്തനം 37:28) മാനവചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള എല്ലാ അനീതികളും അവൻ കണ്ടിരിക്കുന്നു. അത് അവനിൽ നീതിനിഷ്‌ഠമായ കോപം ജ്വലിപ്പിക്കുന്നു. അതുകൊണ്ട് ഈ മുഴു ദുഷ്ടവ്യവസ്ഥിതിയെയും നീക്കിക്കളയുന്നതിനായി നീതിനിഷ്‌ഠമായ ഒരു യുദ്ധം നടത്താൻ അവൻ തന്റെ പുത്രനെ നിയുക്തനാക്കിയിരിക്കുന്നു.
നടത്തുന്നത്? അർമഗെദോൻ അവന്റെ പ്രമുഖ ഗുണങ്ങളിൽ ഒന്നായ നീതിയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. “യഹോവ ന്യായപ്രിയനാകുന്നു” എന്ന് ബൈബിൾ പ്രസ്‌താവിക്കുന്നു. (നാശത്തിന് അർഹരായവരെ മാത്രം തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന, തികച്ചും നീതിനിഷ്‌ഠമായ ഒരു യുദ്ധം നടത്താൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ. ഈ യുദ്ധത്തിൽ നീതിഹൃദയരായ വ്യക്തികൾ, അവർ ഭൂമിയിൽ എവിടെ ആയിരുന്നാലും, സംരക്ഷിക്കപ്പെടും. (മത്തായി 24:40, 41; വെളിപ്പാടു 7:9, 10, 13, 14) മുഴു ഭൂമിയിലും തന്റെ പരമാധികാരം സ്ഥാപിക്കാൻ അവനു മാത്രമേ അവകാശമുള്ളൂ, കാരണം അവനാണ് അതിന്റെ സ്രഷ്ടാവ്.—വെളിപ്പാടു 4:11.
തന്റെ ശത്രുക്കൾക്കെതിരെ യഹോവ എന്ത് നശീകരണ ഉപാധികളായിരിക്കും പ്രയോഗിക്കുക? നമുക്ക് അറിയില്ല. എന്നാൽ ഒരു കാര്യം നമുക്ക് അറിയാം—ദുഷ്ടജനതകളെ പൂർണമായും നശിപ്പിക്കാനുള്ള എല്ലാ ഉപാധികളും അവന്റെ പക്കലുണ്ട്. (ഇയ്യോബ് 38:22, 23; സെഫന്യാവു 1:15-18) ദൈവത്തിന്റെ, ഭൂമിയിലുള്ള ആരാധകർ പക്ഷേ ഈ യുദ്ധത്തിൽ പങ്കെടുക്കുകയില്ല. സ്വർഗീയ സൈന്യങ്ങൾ മാത്രമേ യേശുക്രിസ്‌തുവിനോടൊപ്പം ഈ യുദ്ധത്തിൽ പങ്കെടുക്കുകയുള്ളുവെന്ന് വെളിപ്പാടു 19-ാം അധ്യായത്തിലെ ദർശനം സൂചിപ്പിക്കുന്നു. യഹോവയുടെ, ഭൂമിയിലുള്ള ക്രിസ്‌തീയ ദാസന്മാരിൽ ആരും അതിൽ പങ്കെടുക്കുകയില്ല.—2 ദിനവൃത്താന്തം 20:15, 17.
ജ്ഞാനത്തിന്റെ ദൈവം ഉചിതമായ മുന്നറിയിപ്പു നൽകുന്നു
അതിജീവകരെക്കുറിച്ച് എന്തു പറയാൻ കഴിയും? വാസ്‌തവത്തിൽ ആരും അർമഗെദോനിൽ നശിക്കേണ്ടതില്ല. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാ”നാണ് യഹോവ ആഗ്രഹിക്കുന്നതെന്നു പത്രൊസ് അപ്പൊസ്‌തലൻ പ്രസ്‌താവിച്ചു. (2 പത്രൊസ് 3:9) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് ദൈവം ഇച്ഛിക്കുന്നതെന്നു പൗലൊസ് അപ്പൊസ്‌തലനും പറയുകയുണ്ടായി.—1 തിമൊഥെയൊസ് 2:4.
ആ ലക്ഷ്യം കൈവരിക്കാനായി യഹോവ ജ്ഞാനപൂർവം, “രാജ്യത്തിന്റെ . . . സുവിശേഷം” ഭൂമിയിലെങ്ങും നൂറു കണക്കിനു ഭാഷകളിൽ ഘോഷിക്കപ്പെടാൻ ക്രമീകരണം ചെയ്‌തിരിക്കുന്നു. വരാനിരിക്കുന്ന നാശത്തെ അതിജീവിച്ചു രക്ഷപ്രാപിക്കാൻ എല്ലായിടത്തുമുള്ള ആളുകൾക്ക് ഇപ്പോൾ അവസരം നൽകപ്പെട്ടുകൊണ്ടിരിക്കുകയാണ്. (മത്തായി 24:14; സങ്കീർത്തനം 37:34; ഫിലിപ്പിയർ 2:12) സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുന്നവർ അർമഗെദോനെ അതിജീവിച്ച് പൂർണതയുള്ളവരായി ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കും. (യെഹെസ്‌കേൽ 18:23, 32; സെഫന്യാവു 2:3; റോമർ 10:13) സ്‌നേഹത്തിന്റെ മൂർത്തിമത്‌ഭാവമായ ഒരു ദൈവത്തിൽനിന്ന് നാം ഇതുതന്നെയല്ലേ പ്രതീക്ഷിക്കുന്നത്?—1 യോഹന്നാൻ 4:8.
സ്‌നേഹവാനായ ഒരു ദൈവത്തിനു യുദ്ധം ചെയ്യാനാകുമോ?
എന്നാൽ, സ്‌നേഹത്തിന്റെ മൂർത്തിമത്‌ഭാവമായ ഒരു ദൈവം മനുഷ്യവർഗത്തിന്റെ വലിയൊരു ഭാഗത്തിന്റെയുംമേൽ മരണവും നാശവും വിതയ്‌ക്കുന്നത് എന്തുകൊണ്ടെന്നു പലരും ചിന്തിക്കുന്നു. ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തെ, കീടങ്ങളുടെ ശല്യമുള്ള ഒരു വീടിനോട് ഉപമിക്കാൻ കഴിയും. ചിന്തയുള്ള ഒരു ഗൃഹനാഥൻ തന്റെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനായി ആ കീടങ്ങളെ നശിപ്പിക്കാൻവേണ്ട നടപടിയെടുക്കുകയില്ലേ?
സമാനമായി മനുഷ്യരോട് യഹോവയ്‌ക്ക് ആഴമായ സ്‌നേഹം ഉള്ളതുകൊണ്ടാണ് അർമഗെദോൻ യുദ്ധം നടക്കാൻ പോകുന്നത്. ഭൂമിയെ ഒരു പറുദീസയാക്കുകയും മനുഷ്യവർഗത്തെ പൂർണതയിലേക്ക് ഉയർത്തി “ആരും അവരെ ഭയപ്പെടുത്തുകയി”ല്ലാത്ത സമാധാനത്തിന്റേതായ ഒരു അവസ്ഥയിലാക്കിവെക്കുകയും ചെയ്യുക എന്നതാണ് ദൈവോദ്ദേശ്യം. (മീഖാ 4:3, 4; വെളിപ്പാടു 21:4) അങ്ങനെയെങ്കിൽ സഹമനുഷ്യരുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തുന്ന വ്യക്തികളെ എന്തു ചെയ്യണം? നീതിമാന്മാരുടെ ക്ഷേമത്തെ കണക്കിലെടുത്തുകൊണ്ട്, ‘കീടങ്ങളെ’പ്പോലെ ഉപദ്രവകാരികളായ അത്തരമാളുകളെ—തങ്ങളുടെ പ്രവർത്തനഗതികൾക്കു മാറ്റംവരുത്താൻ കൂട്ടാക്കാത്ത ദുഷ്ടമനുഷ്യരെ—ദൈവം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.—2 തെസ്സലൊനീക്യർ 1:8, 9; വെളിപ്പാടു 21:8.
ഇന്നത്തെ കലാപങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും വലിയൊരളവോളം കാരണമായിരിക്കുന്നത് അപൂർണമായ മാനുഷഭരണവും ദേശീയ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന സ്വാർഥപൂർണമായ ശ്രമങ്ങളും ആണ്. (സഭാപ്രസംഗി 8:9) തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനായി മാനുഷ ഗവൺമെന്റുകൾ, സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തെ പാടേ അവഗണിക്കുന്നു. അവർ തങ്ങളുടെ ഭരണാധികാരം ദൈവത്തിനും ക്രിസ്‌തുവിനും ഒഴിഞ്ഞുകൊടുക്കുമെന്നതിനു യാതൊരു സൂചനയുമില്ല. (സങ്കീർത്തനം 2:1-9) അതുകൊണ്ട് ക്രിസ്‌തുവിന്റെ കീഴിലുള്ള ദൈവരാജ്യത്തിന്റെ നീതിനിഷ്‌ഠമായ ഭരണത്തിനു വഴിയൊരുക്കാൻ അത്തരം ഗവൺമെന്റുകൾ നീക്കംചെയ്യപ്പെടണം. (ദാനീയേൽ 2:44) ഭൂമിയെയും മനുഷ്യവർഗത്തെയും ഭരിക്കാനുള്ള അവകാശം ആർക്കാണുള്ളത് എന്നതു സംബന്ധിച്ച വിവാദവിഷയത്തിന് എന്നേക്കുമായി തീർപ്പുകൽപ്പിക്കാൻ അർമഗെദോൻ യുദ്ധം നടന്നേ തീരൂ.
അർമഗെദോൻ മുഖാന്തരമുള്ള യഹോവയുടെ സജീവമായ ഇടപെടൽ മനുഷ്യവർഗത്തിന്റെ ഉത്തമക്ഷേമം കണക്കിലെടുത്തുകൊണ്ടുള്ളതായിരിക്കും. ലോകാവസ്ഥകൾ ഒന്നിനൊന്ന് അധഃപതിക്കുകയാണെന്നിരിക്കെ മനുഷ്യന്റെ ആവശ്യങ്ങൾ പൂർണമായി തൃപ്‌തിപ്പെടുത്താൻ ദൈവത്തിന്റെ പൂർണതയുള്ള ഭരണാധിപത്യത്തിനു മാത്രമേ സാധിക്കൂ. അവന്റെ രാജ്യം മുഖാന്തരം മാത്രമേ യഥാർഥ സമാധാനവും സമൃദ്ധിയും കൈവരുകയുള്ളൂ. ദൈവം ഒരിക്കലും നടപടിയെടുക്കുന്നില്ലെങ്കിൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നു ചിന്തിച്ചുനോക്കുക! നൂറ്റാണ്ടുകളായുള്ള മാനുഷഭരണത്തിൽ നടന്നിട്ടുള്ളതുപോലെ വിദ്വേഷവും അക്രമവും യുദ്ധങ്ങളും മനുഷ്യവർഗത്തെ കാർന്നുതിന്നുകൊണ്ടിരിക്കില്ലേ? അപ്പോൾ, വാസ്‌തവത്തിൽ നമുക്കു പ്രയോജനം കൈവരുത്തുന്ന ഏറ്റവും നല്ല സംഗതികളിൽ ഒന്നാണ് അർമഗെദോൻ യുദ്ധം!—ലൂക്കൊസ് 18:7, 8; 2 പത്രൊസ് 3:13.
എല്ലാ യുദ്ധങ്ങൾക്കും അറുതിവരുത്തുന്ന യുദ്ധം
മറ്റൊരു യുദ്ധവും ഒരിക്കലും കൈവരിച്ചിട്ടില്ലാത്ത ഒരു നേട്ടം അർമഗെദോൻ കൈവരിക്കും—എല്ലാ യുദ്ധങ്ങൾക്കും അത് അറുതിവരുത്തും. യുദ്ധമില്ലാത്ത ഒരു സമയത്തിനായി വാഞ്‌ഛിക്കാത്ത ആരെങ്കിലുമുണ്ടോ? എന്നിരുന്നാലും യുദ്ധത്തിന് അറുതിവരുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളെല്ലാം അമ്പെ പരാജയപ്പെട്ടിരിക്കുന്നു. യുദ്ധങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള മാനുഷിക ശ്രമങ്ങളുടെ ആവർത്തിച്ചുള്ള പരാജയം യിരെമ്യാവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യതയ്‌ക്ക് അടിവരയിടുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) യഹോവ ചെയ്യാനിരിക്കുന്നതിനെക്കുറിച്ചു ബൈബിൾ ഈ വാഗ്‌ദാനം നൽകുന്നു: “അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.
രാഷ്‌ട്രങ്ങൾ അന്യോന്യം നശീകരണായുധങ്ങൾ പ്രയോഗിക്കുകയും പരിസ്ഥിതിക്കു ഭീഷണി ഉയർത്തുകയും ചെയ്യവേ, ഭൂമിയുടെ സ്രഷ്ടാവ് നടപടി കൈക്കൊള്ളും—ബൈബിളിൽ പരാമർശിച്ചിരിക്കുന്ന അർമഗെദോൻ യുദ്ധത്തിൽത്തന്നെ! (വെളിപ്പാടു 11:18) അങ്ങനെ ഈ യുദ്ധം, ദൈവഭക്തരായ മനുഷ്യർക്കു നൂറ്റാണ്ടുകളായി ആശിക്കാൻ മാത്രം കഴിഞ്ഞിട്ടുള്ള ഒരു നേട്ടം കൈവരിക്കും. ഭൂമിയുടെ യഥാർഥ ഉടമസ്ഥനായ യഹോവയാം ദൈവത്തിന് അവന്റെ എല്ലാ സൃഷ്ടികളുടെയും മേലുള്ള ഭരണാധിപത്യത്തിന്റെ ഔചിത്യത്തെ അതു സംസ്ഥാപിക്കും.
അതുകൊണ്ട് നീതിസ്‌നേഹികളായ ആളുകൾ അർമഗെദോനെ ഭയത്തോടെ വീക്ഷിക്കേണ്ടതില്ല. പകരം അതു പ്രത്യാശയ്‌ക്കുള്ള അടിസ്ഥാനം നൽകുന്നു. അർമഗെദോൻ യുദ്ധം ഭൂമിയിൽനിന്ന് എല്ലാ ദുഷ്ടതയും അഴിമതിയും തുടച്ചുനീക്കും, ദൈവത്തിന്റെ മശിഹൈക രാജ്യത്തിൻകീഴിലെ നീതിനിഷ്‌ഠമായ ഒരു പുതിയ വ്യവസ്ഥിതി അത് ആനയിക്കും. (യെശയ്യാവു 11:4, 5) അർമഗെദോൻ സകലത്തിന്റെയും അന്ത്യത്തെ അർഥമാക്കുന്ന ഭയാനകമായ ഒരു വിപത്ത് ആയിരിക്കുകയില്ല, മറിച്ച് അതു ഭൂമിയിലെ പറുദീസയിൽ ജീവിക്കാനിരിക്കുന്ന നീതിനിഷ്‌ഠരായ വ്യക്തികൾക്കു സന്തോഷകരമായ ഒരു തുടക്കം നൽകുന്ന ഒരു ദിവ്യനടപടി ആയിരിക്കും.—സങ്കീർത്തനം 37:29.
[അടിക്കുറിപ്പ്]
^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
[5-ാം പേജിലെ ചതുരം/ചിത്രം]
മെഗിദ്ദോ—ഒരു അനുയോജ്യ പ്രതീകം
വടക്കേ ഇസ്രായേലിൽ, ഫലഭൂയിഷ്‌ഠമായ യിസ്രെയേൽ താഴ്‌വാരത്തിന്റെ പടിഞ്ഞാറേ ഭാഗത്തിന് അഭിമുഖമായി, തന്ത്രപ്രധാനമായ ഒരു സ്ഥാനത്തായിരുന്നു പുരാതന മെഗിദ്ദോ സ്ഥിതിചെയ്‌തിരുന്നത്. അവിടെ സംഗമിച്ചിരുന്ന രാജ്യാന്തര വാണിജ്യ, സൈനിക പാതകളുടെമേൽ നിയന്ത്രണം ചെലുത്തിയിരുന്ന മെഗിദ്ദോ അങ്ങനെ അതിപ്രധാനമായ പല യുദ്ധങ്ങൾക്കും വേദിയായിത്തീർന്നു. ബൈബിൾ ലോകത്തിലെ നഗരങ്ങൾ—മെഗിദ്ദോ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്‌തകത്തിൽ പ്രൊഫസർ ഗ്രേയം ഡേവിസ് എഴുതുന്നു: “നാനാ ദിക്കുകളിൽനിന്നു വരുന്ന വ്യാപാരികൾക്കും കുടിയേറ്റക്കാർക്കും എളുപ്പം എത്തിപ്പെടാൻ കഴിയുമായിരുന്ന സ്ഥലമായിരുന്നു . . . മെഗിദ്ദോ പട്ടണം. അതേസമയം വേണ്ടത്ര കരുത്ത് ഉണ്ടായിരുന്നെങ്കിൽ അതിന് ഈ പാതകളിലൂടെയുള്ള വ്യാപാരികളുടെയും മറ്റും സഞ്ചാരത്തെ നിയന്ത്രിക്കാനും അങ്ങനെ വാണിജ്യത്തിന്റെയും യുദ്ധത്തിന്റെയും ഗതി നിർണയിക്കാനും സാധിക്കുമായിരുന്നു. . . . ഈ വിശിഷ്ട നഗരിയുടെമേൽ അവകാശം സ്ഥാപിക്കാനായി പല പോരാട്ടങ്ങളും നടന്നിട്ടുണ്ട്, അതിന്റെമേൽ ആധിപത്യം നേടിയെടുത്തവരാകട്ടെ അതിനെ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ശക്തമായി പൊരുതിനിൽക്കുകയും ചെയ്‌തിട്ടുണ്ട്.”
മെഗിദ്ദോയുടെ നീണ്ട ചരിത്രം ആരംഭിക്കുന്നത് പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) രണ്ടാം സഹസ്രാബ്ദത്തിൽ ഈജിപ്‌ഷ്യൻ ഭരണാധിപനായ തുറ്റ്‌മോസ് മൂന്നാമൻ അവിടെയുള്ള കനാന്യ ഭരണാധികാരികളെ പരാജയപ്പെടുത്തിയപ്പോഴാണ്. പിന്നീട് നൂറ്റാണ്ടുകളിലൂടെ 1918 എന്ന വർഷത്തിലേക്ക് അതിന്റെ ചരിത്രം നീളുന്നു. ആ വർഷം ബ്രിട്ടീഷ് ജനറൽ എഡ്‌മന്റ് എലൻബി, ടർക്കി സൈന്യത്തെ ദാരുണമായി പരാജയപ്പെടുത്തി. മെഗിദ്ദോയിൽവെച്ചാണ് കനാന്യ രാജാവായ യാബീനിനെ അതിദയനീയമായി പരാജയപ്പെടുത്താൻ ബാരാക്ക് എന്ന ന്യായാധിപനെ ദൈവം പ്രാപ്‌തനാക്കിയത്. (ന്യായാധിപന്മാർ 4:12-24; 5:19, 20) ആ പരിസരത്തുവെച്ചാണ് ഗിദെയോൻ എന്ന ന്യായാധിപൻ മിദ്യാന്യരെ തുരത്തിയത്. (ന്യായാധിപന്മാർ 7:1-22) രാജാക്കന്മാരായ ആഹസ്യാവും യോശീയാവും കൊല്ലപ്പെട്ടതും അവിടെവെച്ചുതന്നെ.—2 രാജാക്കന്മാർ 9:27; 23:29, 30.
അങ്ങനെ നിർണായകമായ ഒട്ടനവധി യുദ്ധങ്ങൾ ഈ പ്രദേശത്ത് അരങ്ങേറിയിരിക്കുന്നതിനാൽ അർമഗെദോനെ അവിടവുമായി ബന്ധിപ്പിച്ചു പറഞ്ഞിരിക്കുന്നത് ഉചിതമാണ്. തന്നെ എതിർക്കുന്ന എല്ലാ ശക്തികളുടെയുംമേൽ ദൈവം നേടാനിരിക്കുന്ന പരിപൂർണ വിജയത്തിന്റെ അനുയോജ്യ പ്രതീകമാണ് അത്.
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[7-ാം പേജിലെ ചിത്രങ്ങൾ]
ലോകവ്യാപകമായി ആളുകൾക്ക് ഒരു മുന്നറിയിപ്പും അർമഗെദോനെ അതിജീവിക്കുന്നതിനുള്ള അവസരവും നൽകപ്പെട്ടുകൊണ്ടിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
അർമഗെദോൻ നീതിനിഷ്‌ഠരായ വ്യക്തികൾക്കു സന്തോഷകരമായ ഒരു തുടക്കം നൽകും