ആദ്യം കല്ലെറിഞ്ഞോടിച്ചു, പിന്നെ കൈനീട്ടി സ്വീകരിച്ചു
ആദ്യം കല്ലെറിഞ്ഞോടിച്ചു, പിന്നെ കൈനീട്ടി സ്വീകരിച്ചു
ഏതാനും വർഷം മുമ്പാണ് സാന്റ്യാഗോയും ഭാര്യ ലൂർഡെസും പെറുവിലെ വിൽക്കാപാറ്റാ എന്ന പ്രകൃതിസുന്ദരമായ പട്ടണത്തിലേക്കു താമസം മാറിയത്. പ്രത്യാശ നൽകുന്ന ബൈബിൾ സന്ദേശം അവിടെയുള്ള ആളുകളുമായി പങ്കുവെക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ താമസിയാതെ കുസ്കോയിൽനിന്നെത്തിയ ഒരു വൈദികൻ പട്ടണവാസികളെയെല്ലാം വിളിച്ചുകൂട്ടി യഹോവയുടെ സാക്ഷികൾക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുനൽകി. പട്ടണത്തിൽ യഹോവയുടെ സാക്ഷികളെ വെച്ചുപൊറുപ്പിച്ചാൽ അവിടത്തെ നിവാസികൾക്ക് മാരകരോഗം പിടിപെടുമെന്നും കനത്ത മഞ്ഞുവീഴ്ചയിൽ അവരുടെ ആടുമാടുകളും വിളകളും നശിക്കുമെന്നും വൈദികൻ പ്രഖ്യാപിച്ചു.
ഈ “പ്രവചനം” പലരെയും സ്വാധീനിച്ചു. ആറു മാസത്തിലധികം കഴിഞ്ഞിട്ടും പട്ടണത്തിലെ ആരും ബൈബിൾ പഠിക്കാനുള്ള സാന്റ്യാഗോയുടെയും ലൂർഡെസിന്റെയും ക്ഷണം സ്വീകരിച്ചില്ല. പട്ടണത്തിലെ ഒരു ഉദ്യോഗസ്ഥനായ മീഗെൽ, അതായത് അവിടത്തെ ലഫ്റ്റനന്റ് ഗവർണർ, സാന്റ്യാഗോയെയും ലൂർഡെസിനെയും തെരുവിലൂടെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിച്ചു. പക്ഷേ ക്രിസ്തീയ മര്യാദ കൈവിടാതെ അവർ എല്ലായ്പോഴും ശാന്തമായി പെരുമാറി.
കുറെ കഴിഞ്ഞപ്പോൾ പട്ടണവാസികളിൽ ചിലർ ബൈബിൾ പഠിക്കാനുള്ള ക്ഷണം സ്വീകരിച്ചു. മീഗെൽ പോലും അദ്ദേഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തി. അദ്ദേഹം സാന്റ്യാഗോയോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി, മദ്യപാനം നിറുത്തി, ശാന്തസ്വഭാവമുള്ള വ്യക്തിയായിത്തീർന്നു. കാലാന്തരത്തിൽ മീഗെലും ഭാര്യയും അവരുടെ പെൺമക്കളിൽ രണ്ടു പേരും ബൈബിൾ സത്യം സ്വീകരിച്ചു.
ഇന്ന് ഈ പട്ടണത്തിൽ യഹോവയുടെ സാക്ഷികളുടെ തഴച്ചുവളരുന്ന ഒരു സഭയുണ്ട്. അന്ന് സാന്റ്യാഗോയുടെയും ലൂർഡെസിന്റെയും നേർക്കെറിഞ്ഞ കല്ലുകളിൽ മിക്കവയുടെയും ലക്ഷ്യം പിഴച്ചതിൽ മീഗെൽ ഇപ്പോൾ സന്തോഷിക്കുന്നു, സമാധാനപ്രേമികളായിരുന്നുകൊണ്ട് ആ ദമ്പതികൾ വെച്ച നല്ല മാതൃകയെപ്രതി അദ്ദേഹം അവരോടു കൃതജ്ഞതയുള്ളവനാണ്.
[32-ാം പേജിലെ ചിത്രങ്ങൾ]
സാന്റ്യാഗോയുടെയും ലൂർഡെസിന്റെയും (മുകളിൽ) ശാന്തപ്രകൃതം മീഗെലിന്റെ (വലത്തേയറ്റത്ത്) മനോഭാവത്തിനു മാറ്റം വരുത്തി