ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
ദൂതന്മാർ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു?
ദൂതന്മാർ അടങ്ങിയ ദൈവത്തിന്റെ സ്വർഗീയ കുടുംബത്തെ ദർശനത്തിൽ കണ്ട ദാനീയേൽ പ്രവാചകൻ അതേക്കുറിച്ച് ഇങ്ങനെ എഴുതി: “ആയിരമായിരം പേർ [ദൂതന്മാർ] അവന്നു [ദൈവത്തിനു] ശുശ്രൂഷചെയ്‌തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.” (ദാനീയേൽ 7:10) എന്ത് ഉദ്ദേശ്യത്തോടെയാണ് ദൈവം ദൂതന്മാരെ സൃഷ്ടിച്ചതെന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. അവനു ശുശ്രൂഷ ചെയ്യുകയും അവന്റെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്വം.
ചിലപ്പോഴൊക്കെ മനുഷ്യരോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ ദൈവം ദൂതന്മാരെ ഉപയോഗിക്കുന്നു. തന്റെ ജനത്തെ ബലപ്പെടുത്താനും സംരക്ഷിക്കാനും മനുഷ്യർക്കു സന്ദേശങ്ങൾ കൈമാറാനും ദുഷ്ടന്മാരുടെമേൽ ന്യായവിധി നടപ്പാക്കാനും ദൈവം അവരെ ഉപയോഗിക്കുന്നത് എങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
ദൂതന്മാർ ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു
ഭൂമിയുടെയും ആദ്യമനുഷ്യജോഡിയുടെയും സൃഷ്ടിപ്പിനു സാക്ഷ്യംവഹിച്ചതുമുതൽതന്നെ ആത്മജീവികൾ മനുഷ്യരുടെ കാര്യത്തിൽ അതീവ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജ്ഞാനത്തിന്റെ ആൾരൂപമെന്ന നിലയിൽ യേശുക്രിസ്‌തു തന്റെ മനുഷ്യപൂർവ അസ്‌തിത്വത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” (സദൃശവാക്യങ്ങൾ 8:31) ക്രിസ്‌തുവിനെ സംബന്ധിച്ച വസ്‌തുതകളിലേക്കും ദൈവത്തിന്റെ പ്രവാചകന്മാർക്കു വെളിപ്പെടുത്തിയിട്ടുള്ള ഭാവിസംഭവങ്ങളിലേക്കും “ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു”വെന്ന് ബൈബിൾ നമ്മോടു പറയുന്നു.—1 പത്രൊസ് 1:11, 12.
കാലം കടന്നുപോകവേ, ഭൂരിപക്ഷം മനുഷ്യരും സ്‌നേഹവാനായ തങ്ങളുടെ സ്രഷ്ടാവിനെ സേവിക്കുന്നില്ലെന്ന കാര്യം ദൂതന്മാർ ശ്രദ്ധിച്ചു. വിശ്വസ്‌തരായ ദൂതന്മാരെ അതെത്രമാത്രം ദുഃഖിപ്പിച്ചിരിക്കണം! നേരെ മറിച്ച്, പാപികൾ അനുതപിച്ച് യഹോവയിലേക്കു തിരിയുമ്പോഴെല്ലാം “ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം” ഉണ്ടാകുന്നു. (ലൂക്കൊസ് 15:10) ദൈവത്തെ സ്‌നേഹിക്കുന്നവരുടെ ക്ഷേമത്തിൽ ദൂതന്മാർക്ക് ആഴമായ താത്‌പര്യമുണ്ട്. ഭൂമിയിലുള്ള തന്റെ വിശ്വസ്‌ത ദാസന്മാരെ ബലപ്പെടുത്താനും സംരക്ഷിക്കാനും യഹോവ അവരെ കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നു. (എബ്രായർ 1:14) ചില ഉദാഹരണങ്ങൾ നോക്കുക.
സൊദോം, ഗൊമോര എന്നീ ദുഷ്ടനഗരങ്ങളിൽനിന്നു പുറത്തു കടന്നുകൊണ്ട് അവയുടെ നാശത്തെ അതിജീവിക്കാൻ നീതിമാനായ ലോത്തിനെയും പെൺമക്കളെയും രണ്ടു ദൂതന്മാർ സഹായിച്ചു. * (ഉല്‌പത്തി 19:1, 15-26) നൂറ്റാണ്ടുകൾക്കുശേഷം, ദാനീയേൽ പ്രവാചകനും ദൂതസഹായം ലഭിച്ചു. സിംഹക്കുഴിയിൽ എറിയപ്പെട്ടെങ്കിലും ഒരു പോറൽപോലുമേൽക്കാതെ അവൻ രക്ഷപ്പെട്ടു. എന്തുകൊണ്ട്? “എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു,” അവൻ പറഞ്ഞു. (ദാനീയേൽ 6:22) യേശുവിനെ അവന്റെ ഭൗമിക ശുശ്രൂഷയുടെ ആരംഭത്തിൽ ദൂതന്മാർ സഹായിച്ചു. (മർക്കൊസ് 1:13) കൂടാതെ, അവന്റെ മരണത്തിനു തൊട്ടുമുമ്പ് ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട് ‘അവനെ ശക്തിപ്പെടുത്തി.’ (ലൂക്കൊസ് 22:43) ജീവിതത്തിലെ ആ നിർണായക നിമിഷങ്ങളിൽ തനിക്കു ലഭിച്ച ദൂതസഹായം യേശുവിന് എത്ര ആശ്വാസം പകർന്നിരിക്കണം! പത്രൊസ് അപ്പൊസ്‌തലനെ ഒരു ദൂതൻ ജയിലിൽനിന്നു സ്വതന്ത്രനാക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 12:6-11.
ഇക്കാലത്തു ദൂതന്മാർ നമ്മെ സംരക്ഷിക്കുന്നുണ്ടോ? യഹോവയെ അവന്റെ വചനാനുസൃതം ആരാധിച്ചാൽ, അദൃശ്യരെങ്കിലും ശക്തരായ അവന്റെ ദൂതന്മാർ നമ്മെ സംരക്ഷിക്കുമെന്നു നമുക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.”—സങ്കീർത്തനം 34:7.
എന്നിരുന്നാലും മനുഷ്യർക്കു ശുശ്രൂഷ ചെയ്യുകയല്ല, ദൈവത്തെ സേവിക്കുകയാണ് ദൂതന്മാരുടെ മുഖ്യ കടമയെന്നു നാം തിരിച്ചറിയണം. (സങ്കീർത്തനം 103:20, 21) ദൈവത്തിന്റെ നിർദേശങ്ങളാണ് അവരുടെ പ്രവർത്തനങ്ങൾക്ക് ആധാരം, മനുഷ്യന്റെ ആജ്ഞകളോ അപേക്ഷകളോ അല്ല. അതുകൊണ്ട് നാം സഹായത്തിനായി അപേക്ഷിക്കേണ്ടത് ദൂതന്മാരോടല്ല, യഹോവയാം ദൈവത്തോടാണ്. (മത്തായി 26:53) ദൂതന്മാർ നമുക്ക് അദൃശ്യരായതിനാൽ വിവിധ കാര്യങ്ങളോടുള്ള ബന്ധത്തിൽ ആളുകളെ സഹായിക്കാൻ ദൈവം ദൂതന്മാരെ ഏത് അളവോളം ഉപയോഗിക്കുന്നെന്നു നിർണയിക്കാൻ നമുക്കാവില്ല. എന്നാൽ യഹോവ, “തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണി”ക്കുന്നെന്ന് നമുക്കറിയാം. (2 ദിനവൃത്താന്തം 16:9; സങ്കീർത്തനം 91:11) കൂടാതെ ദൈവത്തിന്റെ “ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു” എന്നും നമുക്ക് ഉറപ്പുണ്ട്.—1 യോഹന്നാൻ 5:14.
നാം ദൈവത്തോടുമാത്രം പ്രാർഥിക്കുകയും അവനെമാത്രം ആരാധിക്കുകയും ചെയ്യണമെന്നും തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (പുറപ്പാടു 20:3-5; സങ്കീർത്തനം 5:1, 2; മത്തായി 6:9) അപ്രകാരം ചെയ്യാൻ വിശ്വസ്‌തരായ ദൂതന്മാർ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന് യോഹന്നാൻ അപ്പൊസ്‌തലൻ ഒരു ദൂതനെ ആരാധിക്കാൻ മുതിർന്നപ്പോൾ “അതരുതു . . . ദൈവത്തെ നമസ്‌കരിക്ക” എന്നു പറഞ്ഞുകൊണ്ട് ദൂതൻ അവനെ ശാസിച്ചു.—വെളിപ്പാടു 19:10.
ദൂതന്മാർ—ദൈവത്തിന്റെ സന്ദേശവാഹകർ
“ദൂതൻ” എന്ന വാക്കിന്റെ അർഥം “സന്ദേശവാഹകൻ” എന്നാണ്. ദൂതന്മാർ ദൈവത്തെ സേവിക്കുന്ന മറ്റൊരു വിധം അതാണ്—ദൈവത്തിന്റെ സന്ദേശം മനുഷ്യരെ അറിയിക്കുന്ന സന്ദേശവാഹകരായി അവർ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന് “ദൈവം ഗബ്രീയേൽ ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ . . . അയച്ചു.” എന്തിന്? കന്യകയായിരുന്നെങ്കിലും മറിയ എന്ന യുവതി ഗർഭം ധരിച്ച് യേശു എന്നു പേർ വിളിക്കപ്പെടുമായിരുന്ന ഒരു ശിശുവിനു ജന്മം നൽകുമെന്ന് അവളെ അറിയിക്കാൻ. (ലൂക്കൊസ് 1:26-31) “കർത്താവായ ക്രിസ്‌തു” ജനിച്ചിരിക്കുന്നുവെന്നു ഘോഷിക്കാൻ, വയലിലായിരുന്ന ആട്ടിടയന്മാരുടെ അടുത്തേക്ക് ദൈവം ഒരു ദൂതനെ അയച്ചു. (ലൂക്കൊസ് 2:8-11) സമാനമായി അബ്രാഹാം, മോശെ, യേശു എന്നിങ്ങനെ പലർക്കും ദൂതന്മാർ ദൈവത്തിൽനിന്നുള്ള സന്ദേശം കൈമാറിയതായി ബൈബിൾ വിവരണം പ്രകടമാക്കുന്നു.—ഉല്‌പത്തി 18:1-5, 10; പുറപ്പാടു 3:1, 2; ലൂക്കൊസ് 22:39-43.
എങ്ങനെയാണ് ഇന്നു ദൂതന്മാർ ദൈവത്തിന്റെ സന്ദേശവാഹകരായി സേവിക്കുന്നത്? ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനുമുമ്പ് തന്റെ അനുയായികൾ ചെയ്യുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ വേലയുടെ കാര്യമെടുക്കുക. അവൻ ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3, 14) ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ വർഷംതോറും നൂറു കോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു. എന്നാൽ ദൂതന്മാരും ഈ വേലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? തനിക്കുണ്ടായ ഒരു ദർശനത്തെക്കുറിച്ച് യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.” (വെളിപ്പാടു 14:6, 7) മനുഷ്യരോടുള്ള ബന്ധത്തിൽ ഇന്നു ദൂതന്മാർ ചെയ്യുന്ന സുപ്രധാന വേലയാണ് ഈ തിരുവെഴുത്ത് എടുത്തുകാട്ടുന്നത്.
വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ യഹോവയുടെ സാക്ഷികൾ ദൂതനടത്തിപ്പിന്റെ തെളിവുകൾ നിരീക്ഷിക്കുന്നു. ദൈവോദ്ദേശ്യങ്ങൾ മനസ്സിലാക്കാനുള്ള സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ സാക്ഷികൾ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. ദൂതനടത്തിപ്പിന്റെയും സാക്ഷികളുടെ സേവനസന്നദ്ധതയുടെയും ഫലമായി ഓരോ വർഷവും പതിനായിരങ്ങൾ യഹോവയെ അറിയാൻ ഇടയാകുന്നു. ദൂതനടത്തിപ്പിൻകീഴിൽ ചെയ്യപ്പെടുന്ന ഈ ജീവരക്ഷാകരവേലയുടെ പ്രയോജനം നിങ്ങൾക്കും ലഭിക്കുമാറാകട്ടെ.
ദൂതന്മാർ ദിവ്യ ന്യായവിധി നടപ്പാക്കുന്നു
മനുഷ്യരെ ന്യായംവിധിക്കാൻ അധികാരം ഇല്ലെങ്കിലും ദൂതന്മാർ വെറും കാഴ്‌ചക്കാരായി മാറിനിൽക്കുകയല്ല. (യോഹന്നാൻ 5:22; എബ്രായർ 12:22, 23) വധാധികൃതരായി സേവിച്ചുകൊണ്ട് മുൻകാലങ്ങളിൽ അവർ ദിവ്യ ന്യായത്തീർപ്പുകൾ നടപ്പാക്കി. ഉദാഹരണത്തിന്, ഇസ്രായേല്യരെ അടിമകളാക്കിയിരുന്ന പുരാതന ഈജിപ്‌തുകാർക്കെതിരായ പോരാട്ടത്തിൽ ദൈവം ദൂതന്മാരെ ഉപയോഗിച്ചു. (സങ്കീർത്തനം 78:49) പിന്നീട്, ദൈവജനത്തിന്റെ ഒരു ശത്രുപാളയത്തിലെ ഒരുലക്ഷത്തെൺപത്തയ്യായിരം പടയാളികളെ “യഹോവയുടെ ദൂതൻ” ഒറ്റരാത്രികൊണ്ടു സംഹരിച്ചു.—2 രാജാക്കന്മാർ 19:35.
ഭാവിയിലും ദൂതന്മാർ ദൈവത്തിന്റെ പ്രതികൂല ന്യായവിധി നടപ്പാക്കും. “ദൈവത്തെ അറിയാത്തവർക്കും . . . സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കു”ന്നതിന് യേശു “തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ” ആഗതനാകും. (2 തെസ്സലൊനീക്യർ 1:6-8) ദൂതപിന്തുണയോടെ ഇപ്പോൾ ഭൂവ്യാപകമായി പ്രസംഗിക്കപ്പെടുന്ന സന്ദേശത്തിനു ചെവികൊടുക്കാത്തവർക്കു മാത്രമാണ് പ്രസ്‌തുത നാശം സംഭവിക്കുന്നത് എന്നതു ശ്രദ്ധാർഹമാണ്. ദൈവത്തെ അന്വേഷിക്കുകയും തിരുവെഴുത്തു പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നവർ സുരക്ഷിതരായിരിക്കും.—സെഫന്യാവു 2:3.
ദിവ്യ നിർദേശങ്ങൾ സദാ നിറവേറ്റുന്ന വിശ്വസ്‌ത ദൂതന്മാരെപ്രതി നാം എത്ര നന്ദിയുള്ളവരായിരിക്കേണ്ടതാണ്! ഭൂമിയിലുള്ള തന്റെ വിശ്വസ്‌ത ദാസന്മാരെ സഹായിക്കാനും സംരക്ഷിക്കാനും യഹോവ അവരെ ഉപയോഗിക്കുന്നു. നമ്മെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്ന, ഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്ന അപകടകാരികളായ ആത്മജീവികൾ ഉള്ളതിനാൽ ഈ വസ്‌തുത നമുക്കു വിശേഷാൽ ആശ്വാസപ്രദമാണ്.
ഭൂതങ്ങൾ—അവർ ആരാണ്?
ഏദെനിൽവെച്ച് സാത്താൻ ഹവ്വായെ വഞ്ചിച്ചതിനെ തുടർന്നുള്ള 15 നൂറ്റാണ്ടുകളിൽ ഹാബെൽ, ഹാനോക്ക്, നോഹ തുടങ്ങിയ ഏതാനും പേരൊഴികെ സകലമനുഷ്യരെയും ദൈവത്തിൽനിന്ന് അകറ്റുന്നതിൽ പിശാചായ സാത്താൻ വിജയിച്ചു. ദൈവത്തിന്റെ ദൂതകുടുംബത്തിന് അതു നിരീക്ഷിക്കാൻ ഉല്‌പത്തി 3:1-7; എബ്രായർ 11:4, 5, 7) ദൂതന്മാരിൽ ചിലരും സാത്താനോടു ചേർന്നു. ബൈബിൾ അവരെ “നോഹയുടെ കാലത്തു” അനുസരണക്കേടു പ്രകടമാക്കിയ ആത്മവ്യക്തികൾ എന്നു പരാമർശിക്കുന്നു. (1 പത്രൊസ് 3:19, 20) എങ്ങനെയാണ് അവരുടെ അനുസരണക്കേട് പ്രകടമായിത്തീർന്നത്?
കഴിഞ്ഞു. (നോഹയുടെ കാലത്ത്, മത്സരികളായ ചില ദൂതന്മാർ ദൈവത്തിന്റെ സ്വർഗീയ കുടുംബത്തിൽ തങ്ങൾക്കുള്ള സ്ഥാനം വിട്ട് ഭൂമിയിൽവന്നു ജഡശരീരം സ്വീകരിച്ചു. എന്തുകൊണ്ട്? സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം അവർ വളർത്തിയെടുത്തിരുന്നു. ആ ബന്ധത്തിലൂടെ അവർ, നെഫിലിം എന്ന അക്രമാസക്തരായ രാക്ഷസന്മാർക്കു ജന്മംനൽകി. കൂടാതെ, “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ള”തെന്നും കാണപ്പെട്ടു. എന്നാൽ മനുഷ്യവർഗത്തിനിടയിലെ ആ ദുഷിച്ച അവസ്ഥ തുടർന്നുപോകാൻ യഹോവ അനുവദിച്ചില്ല. മുഴു ഭൂമിയിലും ഒരു ജലപ്രളയം വരുത്തിക്കൊണ്ട് നെഫിലിം ഉൾപ്പെടെ സകല ദുഷ്ടമനുഷ്യരെയും അവൻ ഉന്മൂലനം ചെയ്‌തു. മനുഷ്യർക്കിടയിൽ ജീവനോടെ ശേഷിച്ചത് ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർ മാത്രമായിരുന്നു.—ഉല്‌പത്തി 6:1-7, 17; 7:23.
മത്സരികളായ ദൂതന്മാർ ജഡശരീരം വെടിഞ്ഞ് ജലപ്രളയത്തെ അതിജീവിക്കുകയും ആത്മമണ്ഡലത്തിലേക്കു തിരിച്ചുപോകുകയും ചെയ്‌തു. അതിൽപ്പിന്നെ അവരെ ഭൂതങ്ങൾ എന്നാണു പരാമർശിക്കുന്നത്. അവർ “ഭൂതങ്ങളുടെ തലവനായ” പിശാചായ സാത്താന്റെ പക്ഷംചേർന്നു. (മത്തായി 12:24-27) തങ്ങളുടെ ഭരണാധിപനെപ്പോലെതന്നെ അവരും മനുഷ്യർ തങ്ങളെ ആരാധിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു.
ഭൂതങ്ങൾ അപകടകാരികളാണ്. എന്നാൽ നാം അവരെ ഭയക്കേണ്ടതില്ല. അവരുടെ ശക്തി പരിമിതമാണ്. സ്വർഗത്തിൽ തിരിച്ചെത്തിയ അനുസരണംകെട്ട ദൂതന്മാർക്ക്, ദൈവത്തിന്റെ വിശ്വസ്‌ത ദൂതന്മാർ അടങ്ങിയ കുടുംബത്തിൽ പ്രവേശനം ലഭിച്ചില്ല. ദൈവത്തിൽനിന്നുള്ള ആത്മീയ പ്രബുദ്ധതയിൽനിന്നു പരിപൂർണമായി വിച്ഛേദിക്കപ്പെട്ട അവർക്ക് ഭാവി സംബന്ധിച്ച് ഇരുളടഞ്ഞ ഒരു പ്രതീക്ഷ മാത്രമാണുള്ളത്. “എന്നേക്കുമുള്ള ചങ്ങലയിട്ടു” ബന്ധിച്ചുകൊണ്ട് “ടാർട്ടറസ്” എന്നറിയപ്പെടുന്ന ആത്മീയ അന്ധകാരത്തിന്റെ ഒരു അവസ്ഥയിലേക്ക് യഹോവ അവരെ തള്ളിയിട്ടിരിക്കുന്നു. (2 പത്രൊസ് 2:4, NW) തന്നെയുമല്ല, മനുഷ്യശരീരം ധരിക്കാനുള്ള പ്രാപ്‌തി ഇപ്പോൾ അവർക്കില്ല.—യൂദാ 6.
നിങ്ങൾ എന്തു ചെയ്യണം?
ഭൂതങ്ങൾ ഇന്നും മനുഷ്യരുടെമേൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ട്. തങ്ങളുടെ ഭരണാധിപനായ പിശാചായ സാത്താൻ ഉപയോഗിക്കുന്നതുപോലുള്ള ‘തന്ത്രങ്ങൾ’ അവർ അതിനായി പ്രയോഗിക്കുന്നു. (എഫെസ്യർ 6:11, 12) എന്നാൽ, ദൈവവചനത്തിലെ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട് ഭൂതങ്ങൾക്കെതിരെ ഉറച്ചുനിൽക്കാൻ നമുക്കു കഴിയും. കൂടാതെ, ദൈവത്തെ സ്‌നേഹിക്കുന്നവർക്ക് ശക്തരായ ദൂതന്മാരുടെ സംരക്ഷണം ലഭിക്കുന്നു.
നിങ്ങൾ തിരുവെഴുത്തിലെ ദിവ്യ നിബന്ധനകൾ പഠിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യേണ്ടതു ജീവത്‌പ്രധാനമാണ്. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുന്നതിലൂടെ ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ചു കൂടുതൽ ഗ്രാഹ്യംനേടാൻ നിങ്ങൾക്കാകും. നിങ്ങൾക്കു സൗകര്യപ്രദമായ ഒരു സമയത്ത് സൗജന്യമായി നിങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്.
[അടിക്കുറിപ്പ്]
^ ഖ. 7 ബൈബിൾ ദൂതന്മാരെ മുതിർന്ന പുരുഷന്മാരായിട്ടാണു ചിത്രീകരിക്കുന്നത്. പുരുഷരൂപത്തിലാണ് അവർ എല്ലായ്‌പോഴും മനുഷ്യർക്കു പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
[6-ാം പേജിലെ ചതുരം]
ദൂതന്മാർ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിധം
യഹോവ അതിബൃഹത്തായ തന്റെ ദൂതകുടുംബത്തെ പിൻവരുന്ന പ്രകാരം സംഘടിപ്പിച്ചിരിക്കുന്നു:
പ്രധാന ദൂതനായ മീഖായേൽ അഥവാ യേശുക്രിസ്‌തുവാണ് ഏറ്റവും ശക്തിയും അധികാരവുമുള്ള ദൂതൻ. (1 തെസ്സലൊനീക്യർ 4:16; യൂദാ 9) സെറാഫുകളും കെരൂബുകളും മറ്റു ദൂതന്മാരും അവനു കീഴിലാണ്.
സെറാഫുകൾക്ക് ദൈവിക ക്രമീകരണത്തിൽ ഒരു ഉയർന്ന സ്ഥാനമുണ്ട്. അവർ ദൈവസിംഹാസനത്തിങ്കലെ ശുശ്രൂഷകരാണ്. ദൈവത്തിന്റെ വിശുദ്ധി പ്രഖ്യാപിക്കുകയും അവന്റെ ജനത്തെ ആത്മീയമായി ശുദ്ധരായി നിലനിറുത്തുകയും ചെയ്യുക എന്നതാണ് അവരുടെ നിയമനം.—യെശയ്യാവു 6:1-3, 6, 7.
യഹോവയുടെ സിംഹാസനത്തിനടുത്തു നിലകൊള്ളുന്ന കെരൂബുകൾ അവന്റെ മാഹാത്മ്യം ഉയർത്തിപ്പിടിക്കുന്നു.—സങ്കീർത്തനം 80:1; 99:1; യെഹെസ്‌കേൽ 10:1, 2.
യഹോവയുടെ പ്രതിനിധികളായ മറ്റു ദൂതന്മാർ ദിവ്യഹിതം നിറവേറ്റുന്നു.
[4-ാം പേജിലെ ചിത്രം]
ദൂതന്മാർ ലോത്തിനെയും പെൺമക്കളെയും അപകടമേഖലയിൽനിന്നു പുറത്തുകൊണ്ടുവന്നു
[5-ാം പേജിലെ ചിത്രം]
യോഹന്നാൻ അപ്പൊസ്‌തലൻ ഒരു ദൂതനെ നമസ്‌കരിക്കാൻ മുതിർന്നപ്പോൾ “അതരുത്” എന്ന് ദൂതൻ വിലക്കി
[6-ാം പേജിലെ ചിത്രം]
ദൂതന്മാർ ദിവ്യ ന്യായവിധി നടപ്പാക്കുന്നു
[7-ാം പേജിലെ ചിത്രം]
ദൂതനടത്തിപ്പിൻകീഴിൽ ചെയ്യപ്പെടുന്ന പ്രസംഗ പ്രവർത്തനത്തിൽനിന്നു നിങ്ങൾ പ്രയോജനം നേടുന്നുണ്ടോ?