പണവും ധാർമിക മൂല്യങ്ങളും ചരിത്രത്തിൽനിന്നൊരു പാഠം
പണവും ധാർമിക മൂല്യങ്ങളും ചരിത്രത്തിൽനിന്നൊരു പാഠം
നാലു കപ്പലുകളിലായി നാനൂറോളം പേർ ഇംഗ്ലണ്ടിൽനിന്ന് ‘നവലോകം’ ലക്ഷ്യമാക്കി യാത്രതിരിച്ചു. 1630 ഏപ്രിൽ 7-ാം തീയതിയായിരുന്നു അത്. അവരിൽ ചിലർ ഉന്നത വിദ്യാഭാസം ഉള്ളവരായിരുന്നു. മറ്റു ചിലരാകട്ടെ വാണിജ്യരംഗത്ത് വിജയക്കൊടി പാറിച്ചവരും. പാർലമെന്റ് അംഗങ്ങൾപോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അന്ന് ഇംഗ്ലണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നിരുന്നു. യൂറോപ്പിനെ പിടിച്ചുലച്ച മുപ്പതു വർഷ യുദ്ധത്തിൽ (1618-48) സ്ഥിതിഗതികൾ ഏറെ വഷളാകുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് അനിശ്ചിതത്വത്തോടെ ആണെങ്കിലും മെച്ചപ്പെട്ട അവസരങ്ങൾ തേടി വീട്, കച്ചവടം, ബന്ധുക്കൾ എല്ലാം വിട്ട് ഇവർ യാത്രതിരിച്ചത്.
ശുഭപ്രതീക്ഷകളുമായി യാത്രതിരിച്ച ഈ കൂട്ടം എങ്ങനെയും വ്യാപാരം ചെയ്‌ത് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തിൽ ഇറങ്ങിത്തിരിച്ചവരല്ലായിരുന്നു. അവർ തീക്ഷ്‌ണരായ പ്യൂരിറ്റന്മാരായിരുന്നു, മതത്തിന്റെ പേരിലുള്ള മർദനം ഭയന്ന് പലായനം ചെയ്യുന്നവർ. * ബൈബിൾ തത്ത്വങ്ങൾ ലംഘിക്കാതെതന്നെ തങ്ങൾക്കും സന്തതിപരമ്പരകൾക്കും സാമ്പത്തിക സമൃദ്ധി ആസ്വദിക്കാൻ കഴിയത്തക്കവണ്ണം ദൈവഭക്തരായ ആളുകളുടെ ഒരു സമൂഹം പടുത്തുയർത്തുക എന്നതായിരുന്നു അവരുടെ യഥാർഥ ലക്ഷ്യം. അങ്ങനെ അവർ മസാച്ചുസെറ്റ്‌സിലെ സേലമിൽ എത്തി. വൈകാതെ തീരത്തിനടുത്തുള്ള ഒരുതുണ്ടു ഭൂമിമേൽ അവർ അവകാശം സ്ഥാപിച്ചു. തങ്ങളുടെ പുതിയ വാസസ്ഥലത്തിന് അവർ ബോസ്റ്റൺ എന്നു പേരിടുകയും ചെയ്‌തു.
സമനിലയില്ലാത്ത ഒരു ചിന്താഗതി
അവരുടെ നേതാവും ഗവർണറും ആയിരുന്ന ജോൺ വിൻത്രോപ്പ് സ്വകാര്യ സ്വത്ത് സമ്പാദിക്കാൻ ഉത്സാഹിപ്പിക്കുകയും അത് പുതിയ കോളനിയിലെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്‌തു. തന്റെ ആളുകൾക്ക് പണവും ഒപ്പം ധാർമിക മൂല്യങ്ങളും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഈ ചിന്താഗതി സമനിലയില്ലാത്ത ഒന്നാണെന്നു തെളിഞ്ഞു. വരാനിരിക്കുന്ന വെല്ലുവിളികൾ മനസ്സിൽക്കണ്ടുകൊണ്ട് അദ്ദേഹം ദൈവഭക്തിയുള്ള ഒരു സമൂഹത്തിൽ സമ്പത്തിനുള്ള സ്ഥാനത്തെക്കുറിച്ച് തന്റെ സുഹൃത്തുക്കളുമായി വിപുലമായ ചർച്ചകൾ നടത്തി.
മറ്റു പ്യൂരിറ്റൻ നേതാക്കന്മാരെപ്പോലെതന്നെ വിൻത്രോപ്പും സമ്പത്തിനുവേണ്ടിയുള്ള ഉദ്യമങ്ങൾ അതിൽത്തന്നെ തെറ്റല്ലെന്നു വിശ്വസിച്ചിരുന്നു. സമ്പത്തുണ്ടാക്കുന്നത് പ്രധാനമായും മറ്റുള്ളവരെ സഹായിക്കാനാണെന്ന് അദ്ദേഹം വാദിച്ചു. ഒരാൾ എത്ര ധനികനാണോ അത്രയധികമായി മറ്റുള്ളവർക്കു നന്മചെയ്യാൻ കഴിയുമെന്നു സാരം. “സമ്പത്തുപോലെ പ്യൂരിറ്റന്മാരുടെ മനസ്സിനെ അലട്ടിയ വിഷയങ്ങൾ അധികമുണ്ടായിരുന്നില്ല” എന്ന് ചരിത്രകാരി പട്രീഷ്യാ ഒ ടൂൾ അഭിപ്രായപ്പെടുന്നു. അത് “ദൈവാനുഗ്രഹത്തിന്റെ ഒരു തെളിവായിരുന്നു. അതേസമയം സമ്പത്തിൽ അഹങ്കരിക്കുകയെന്ന പാപത്തിലേക്കും . . . ജഡത്തിന്റെ പാപ പ്രവൃത്തികളിലേക്കും അത് ഒരു വ്യക്തിയെ തള്ളിവിടുമായിരുന്നു.”
സമ്പത്തിൽനിന്നും ആഡംബരത്തിൽനിന്നും ഉരുത്തിരിയുന്ന പാപങ്ങൾ ഒഴിവാക്കേണ്ടതിന് മിതത്വവും ആത്മസംയമനവും പാലിക്കാൻ വിൻത്രോപ്പ് ആളുകളെ ആഹ്വാനം ചെയ്‌തു. എന്നാൽ എങ്ങനെയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയെന്ന ചിന്ത തലയ്‌ക്കുപിടിച്ച കൂട്ടാളികൾ ദൈവികഭക്തിയുടെയും പരസ്‌പരസ്‌നേഹത്തിന്റെയും വഴിയിലേക്കു തങ്ങളെ കൊണ്ടുവരാനുള്ള വിൻത്രോപ്പിന്റെ ശ്രമങ്ങളെ പെട്ടെന്നുതന്നെ എതിർക്കാൻ തുടങ്ങി. തങ്ങളുടെ സ്വകാര്യ കാര്യാദികളിൽ വിൻത്രോപ്പ് അനാവശ്യമായി കൈകടത്തുകയാണെന്ന് അവർ ആരോപിച്ചു. കാര്യങ്ങൾ തീരുമാനിക്കാൻ, തിരഞ്ഞെടുക്കപ്പെട്ട ഒരു അസംബ്ലിയുംകൂടി ഉണ്ടായിരിക്കണമെന്നു പറഞ്ഞ് ചിലർ പൊതുജനവികാരം ഇളക്കിവിടാൻ തുടങ്ങി. അവിടെനിന്നു സ്ഥലംവിട്ടുകൊണ്ടാണ് മറ്റുചിലർ തങ്ങളുടെ വിയോജിപ്പു പ്രകടിപ്പിച്ചത്, ഇഷ്ടാനുസരണം ജീവിക്കുന്നതിനായി അവർ അയൽപ്രദേശമായ കണെറ്റിക്കട്ടിലേക്കു താമസം മാറി.
ഒ ടൂൾ പറയുന്നു: “സുവർണാവസരം, സമ്പദ്‌സമൃദ്ധി, ജനാധിപത്യം, ഇവയായിരുന്നു മസാച്ചുസെറ്റ്‌സിലെ പ്യൂരിറ്റന്മാരുടെ ജീവിതത്തെ ശക്തമായി സ്വാധീനിച്ച ഘടകങ്ങൾ. സ്വകാര്യ സമ്പത്ത് പൊതുനന്മയ്‌ക്ക് ഉപയോഗിക്കുകയെന്ന വിൻത്രോപ്പിന്റെ ആശയത്തെ പാടേ അവഗണിച്ച് സ്വന്തം ആഗ്രഹങ്ങളെ നട്ടുനനയ്‌ക്കാനാണ് അവരെല്ലാം ചായ്‌വു കാട്ടിയത്.” 1649-ൽ 61-ാമത്തെ വയസ്സിൽ വിൻത്രോപ്പ് അന്തരിച്ചു, അദ്ദേഹം തീർത്തും നിർധനനായിരുന്നെന്നു പറയാം. ദുർബലമായ കോളനി പല അരിഷ്ടതകളെയും തരണംചെയ്‌ത് പിടിച്ചുനിന്നു. തന്റെ സ്വപ്‌നം പൂവണിയുന്നതു കാണാൻ പക്ഷേ വിൻത്രോപ്പിനു കഴിഞ്ഞില്ലെന്നുമാത്രം.
അന്വേഷണം തുടരുന്നു
ആദർശനിർഭരമായ ഒരു സുന്ദരലോകം എന്ന വിൻത്രോപ്പിന്റെ സ്വപ്‌നം അദ്ദേഹത്തോടൊപ്പം മരിച്ചു മണ്ണടിഞ്ഞില്ല. ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയോടെ ആഫ്രിക്ക, ദക്ഷിണപൂർവേഷ്യ, ഉത്തര യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് മറ്റു ദേശങ്ങളിലേക്കു കുടിയേറുന്നത്. സമ്പദ്‌സമൃദ്ധിയുടെ രഹസ്യവുമായി വർഷംതോറും പുറത്തിറങ്ങുന്ന പുസ്‌തകങ്ങൾ, വെബ് സൈറ്റുകൾ, കൂടാതെ സെമിനാറുകൾ എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഇറങ്ങിത്തിരിക്കുന്നവരാണ് ഇവരിൽ ചിലർ. എന്നാൽ ധാർമിക മൂല്യങ്ങൾ ബലികഴിക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിൽ പണമുണ്ടാക്കാൻ യത്‌നിക്കുന്ന അനേകരുണ്ട്.
എന്നുവരികിലും ഉള്ളതുപറഞ്ഞാൽ അത്തരം ഉദ്യമങ്ങളുടെ ഫലം നിരാശാജനകമായിരുന്നിട്ടുണ്ട്. സമ്പത്തിന്റെ പിന്നാലെ പോകുന്ന എല്ലാവർക്കും ഒട്ടുമിക്കപ്പോഴും തങ്ങളുടെ തത്ത്വങ്ങളും ചിലപ്പോൾ ദൈവത്തിലുള്ള വിശ്വാസംപോലും മാമോന്റെ ബലിക്കല്ലിൽ ഹോമിക്കേണ്ടതായി വരുന്നു. അപ്പോൾ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം: “ഒരാൾക്ക് ഒരു സത്യക്രിസ്‌ത്യാനിയായിരിക്കാനും അതേസമയം ധനികനായിരിക്കാനും കഴിയുമോ? ഭൗതികമായും ആത്മീയമായും സമൃദ്ധി ആസ്വദിക്കുന്ന ദൈവഭക്തിയുള്ള ഒരു സമൂഹം എന്നെങ്കിലും ഉണ്ടാകുമോ?” പിൻവരുന്ന ലേഖനത്തിലൂടെ ബൈബിൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
[അടിക്കുറിപ്പ്]
^ ഖ. 3 16-ാം നൂറ്റാണ്ടിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽത്തന്നെ ഉദയംകൊണ്ട പ്രൊട്ടസ്റ്റന്റ് വിഭാഗമാണ് പ്യൂരിറ്റന്മാർ. തങ്ങളുടെ സഭയിൽ റോമൻ കത്തോലിക്കാ സഭയുടെ സ്വാധീനത്തിന്റെ ഒരു കണികപോലും അവശേഷിക്കരുതെന്ന് ആഗ്രഹിച്ചിരുന്നവരായിരുന്നു അവർ.
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കപ്പലുകൾ: The Complete Encyclopedia of Illustration/J. G. Heck; വിൻത്രോപ്പ്: Brown Brothers