ക്രിസ്തുവിന്റെ ഉപദേശങ്ങൾ ഇന്നു പിൻപറ്റുന്നത് ആരാണ് ?
ക്രിസ്തുവിന്റെ ഉപദേശങ്ങൾ ഇന്നു പിൻപറ്റുന്നത് ആരാണ് ?
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാന്മാരിൽ ഒരുവനായാണ് യേശുക്രിസ്തു പരക്കെ വീക്ഷിക്കപ്പെടുന്നത്. പലരും ഏറ്റവും മഹാനായ മനുഷ്യനായിത്തന്നെ അവനെ കണക്കാക്കുന്നു. ഏതാണ്ട് രണ്ടായിരം വർഷങ്ങളായി അവന്റെ ഉപദേശങ്ങൾ ആളുകളുടെ ജീവിതത്തെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്; “സത്കർമങ്ങൾ ചെയ്യുന്നവരും ദയാമനസ്കരുമായ സാധാരണക്കാരെയും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ധാരാളമായി ഏർപ്പെടുന്നവരെയും” അവ സ്വാധീനിച്ചിരിക്കുന്നു എന്ന് ഇംഗ്ലീഷ് എഴുത്തുകാരനായ മെൽവിൻ ബ്രാഗ് എഴുതുന്നു.
ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ചെന്ത്?
ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ചെന്ത്? “മനുഷ്യവർഗത്തിന്റെ അതിശ്രേഷ്ഠമായ ആത്മീയ മുന്നേറ്റങ്ങളിലൊന്ന്” എന്നാണ് ഇതിനെ വർണിച്ചിരിക്കുന്നത്. സ്കോട്ട്ലൻഡിലുള്ള ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഡേവിഡ് കെൽസോ ഒരു വീക്ഷണം പ്രസ്താവിച്ചു. അദ്ദേഹം എഴുതി: “കലയുടെയും വാസ്തുവിദ്യയുടെയും തത്ത്വശാസ്ത്രത്തിന്റെയും സംഗീതത്തിന്റെയും സാമൂഹികപ്രവർത്തനങ്ങളുടെയും മേഖലയിൽ കൈവരിച്ച അതുല്യമായ നേട്ടങ്ങളാൽ അഴകാർന്നതാണ് അതിന്റെ രണ്ടായിരം വർഷത്തെ ചരിത്രം.”
എന്നാൽ മറ്റ് അനേകർക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. യേശുക്രിസ്തുവിന്റെ ഉപദേശങ്ങളിലും അവൻ ദൈവപുത്രനാണെന്ന വിശ്വാസത്തിലും അടിസ്ഥാനപ്പെട്ട ഒരു മതമാണ് ക്രിസ്ത്യാനിത്വം എന്ന ആശയത്തെ അവർ എതിർക്കുന്നില്ല. പകരം, ക്രിസ്ത്യാനിത്വത്തെ പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന മത സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രവർത്തനരീതിയാണ് അവരിൽ വെറുപ്പുളവാക്കുന്നത്.
ഉദാഹരണത്തിന്, മേൽപ്രസ്താവിച്ച രണ്ടാമത്തെ ആശയത്തിനു ചേർച്ചയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ജർമൻ തത്ത്വചിന്തകനായ ഫ്രിഡ്രിക് നിച്ചി ക്രിസ്ത്യാനിത്വത്തെ വർണിച്ചത് “മനുഷ്യരാശിയിലെ ഒരിക്കലും മായാത്ത ഒരു കളങ്കം” എന്നാണ്. അദ്ദേഹം ഇപ്രകാരം എഴുതി, “[അത്] ഒരു മഹാശാപമാണ്. അതിനിന്ദ്യവും ആഴത്തിൽ വേരൂന്നിയതുമായ ദുഷിപ്പാണ്. . . . എത്ര വിഷലിപ്തവും കുടിലവും ഗൂഢവും നീചവും ആയ മാർഗം സ്വീകരിക്കാനും അതു മടിക്കില്ല.” നിച്ചിയുടേത് അതിരുകടന്ന വീക്ഷണമായിരുന്നു എന്നതു ശരിതന്നെ, എങ്കിലും കൂടുതൽ ന്യായബോധമുള്ള പല നിരീക്ഷകരും
സമാനമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. എന്തുകൊണ്ട്? നൂറ്റാണ്ടുകളിൽ ഉടനീളം, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ നടത്ത യേശുക്രിസ്തുവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതിനു പകരം വ്യാപകമായ “സാന്മാർഗിക അധഃപതനത്താലും പൈശാചികമായ കുറ്റകൃത്യങ്ങളാലും ദൈവനിന്ദാകരമായ പ്രവൃത്തികളാലും” കളങ്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിനു കാരണം.ക്രിസ്ത്യാനിത്വത്തിൽ ക്രിസ്തു ഉണ്ടോ?
അതുകൊണ്ടുതന്നെ, “ക്രിസ്ത്യാനിത്വത്തിൽ ഇപ്പോഴും ക്രിസ്തു ഉണ്ടോ?” എന്നു ചോദിക്കുന്നതു ന്യായമാണ്. “തീർച്ചയായും അവൻ ഉണ്ട്!” എന്ന് ചിലർ ഉടനടി പ്രതിവചിക്കും. “അവൻ ‘ലോകാവസാനത്തോളം’ തന്റെ അനുഗാമികളോടൊപ്പം ഉണ്ടായിരിക്കുമെന്ന് അവർക്കു വാക്കുകൊടുത്തില്ലേ?” അവർ ചോദിച്ചേക്കാം. (മത്തായി 28:20) ഉവ്വ്, യേശു അങ്ങനെ പറയുകതന്നെ ചെയ്തു. എന്നാൽ തന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന എല്ലാവരോടുമൊപ്പം—അവരുടെ നടത്ത എങ്ങനെയുള്ളതാണെങ്കിലും—അവൻ ഉണ്ടായിരിക്കുമെന്ന് യേശു അർഥമാക്കിയോ?
യേശുവിന്റെ നാളിലെ ചില മതനേതാക്കന്മാർ സമാനമായ ചിന്താഗതി ഉള്ളവരായിരുന്നെന്ന് ഓർമിക്കുക. അവൻ ഇസ്രായേലിനെ ഒരു പ്രത്യേക ഉദ്ദേശ്യത്തിൽ തിരഞ്ഞെടുത്തിരുന്നതിനാൽ അവർ എന്തുതന്നെ ചെയ്താലും ദൈവം അവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് അവർ നിഗമനംചെയ്തു. (മീഖാ 3:11) എന്നാൽ ക്രമേണ അവർ ദൈവത്തിന്റെ നിയമങ്ങളും നിലവാരങ്ങളും തള്ളിക്കളയുന്നതിൽ അങ്ങേയറ്റം പോയി. തത്ഫലമായി, യേശുക്രിസ്തു അവരോടു തുറന്ന ഭാഷയിൽ പറഞ്ഞു: “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.” (മത്തായി 23:28) ഒരു മുഴു മതവ്യവസ്ഥിതിക്കും ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടു. അവൻ അതിനെ തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, അതിന്റെ തലസ്ഥാനനഗരമായ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കാൻ പൊതുയുഗം 70-ൽ റോമൻ സൈന്യത്തെ അനുവദിക്കുകയും ചെയ്തു.
സമാനമായ എന്തെങ്കിലും ക്രിസ്ത്യാനിത്വത്തിനു സംഭവിച്ചേക്കുമോ? “ലോകാവസാനത്തോളം” തന്റെ അനുഗാമികളോടുകൂടെ ഉണ്ടായിരിക്കുമെന്ന വാഗ്ദാനത്തോട് എന്തു നിബന്ധനകളാണ് യേശു കൂട്ടിച്ചേർത്തതെന്ന് നമുക്കു പരിചിന്തിക്കാം.
[2, 3 പേജുകളിലെ ചിത്രങ്ങൾ]
യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ ലോകവ്യാപകമായി ജനകോടികളിൽ അതിശക്തമായ പ്രഭാവം ചെലുത്തുന്നു