“പൂർണസുബോധം കാക്കുക”
“പൂർണസുബോധം കാക്കുക”
“അല്‌പബുദ്ധി എല്ലാം വിശ്വസിക്കുന്നു, വിവേകിയോ സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു.”—സദൃശവാക്യങ്ങൾ 14:15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.
1, 2. (എ) ലോത്തിനു സൊദോമിൽ നേരിട്ട അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) “സുബോധം കാക്കുക” എന്ന പദപ്രയോഗത്തിന്റെ അർഥമെന്ത്?
ഇഷ്ടമുള്ള പ്രദേശം തിരഞ്ഞെടുക്കാൻ അബ്രാഹാം ലോത്തിന് അവസരം നൽകിയ സന്ദർഭം. നല്ല നീരോട്ടമുള്ളതും “യഹോവയുടെ തോട്ടം”പോലുള്ളതുമായ ഒരു പ്രദേശം അവനെ വല്ലാതെ ആകർഷിച്ചു. തന്റെ കുടുംബത്തിനു താമസിക്കാൻ ഏറ്റവും യോജിച്ച സ്ഥലമാണ് അതെന്ന് അവനു തോന്നിയിരിക്കണം. അങ്ങനെ, “ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്ത”ശേഷം സൊദോമിനു സമീപം കൂടാരമടിച്ചു. എന്നാൽ യഥാർഥത്തിൽ, പുറമേ കാണപ്പെട്ട കാര്യങ്ങളാൽ അവൻ വഞ്ചിക്കപ്പെടുകയായിരുന്നു. എന്തുകൊണ്ടെന്നാൽ, തൊട്ടടുത്തു പാർത്തിരുന്ന “സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.” (ഉല്‌പത്തി 13:7-13) ലോത്തിനും കുടുംബത്തിനും വൻ നഷ്ടങ്ങൾ സംഭവിക്കാനിരിക്കുകയായിരുന്നു. ഒടുവിൽ അവനും പെൺമക്കൾക്കും ഒരു ഗുഹയിൽ പാർക്കേണ്ടിവരുന്ന ഘട്ടത്തോളം കാര്യങ്ങൾ വഷളായി. (ഉല്‌പത്തി 19:17, 23-26, 30) തുടക്കത്തിൽ വളരെ നല്ലതായി അവനു കാണപ്പെട്ടതു നേർവിപരീതമെന്നു തെളിഞ്ഞു.
2 ലോത്തിനു സംഭവിച്ച കാര്യങ്ങൾ സംബന്ധിച്ച വിവരണം ഇന്നുള്ള ദൈവദാസർക്ക് ഒരു പാഠമാണ്. തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ സാധ്യമായ അപകടങ്ങൾ സംബന്ധിച്ചു നാം ജാഗ്രത പുലർത്തുകയും എന്തെങ്കിലും കേൾക്കുന്ന മാത്രയിൽ എടുത്തുചാടി പ്രവർത്തിക്കാതിരിക്കുകയും വേണം. അതുകൊണ്ട് “പൂർണസുബോധം കാക്കുക” എന്ന ദൈവവചനത്തിലെ ഉദ്‌ബോധനം തികച്ചും പ്രസക്തമാണ്. (1 പത്രൊസ് 1:13, NW) “ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രാപ്‌തരാക്കുംവിധം കാര്യങ്ങൾ കൃത്യമായി തൂക്കിനോക്കുകയും വിലയിരുത്തുകയും ചെയ്യുന്ന സ്വസ്ഥവും സ്ഥിരവുമായ മാനസികാവസ്ഥ”യെയാണ് സുബോധം എന്നതുകൊണ്ട് അവിടെ അർഥമാക്കുന്നതെന്ന് ബൈബിൾ പണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്‌കി അഭിപ്രായപ്പെടുന്നു. നാം സുബോധമുള്ളവർ ആയിരിക്കേണ്ട ചില സാഹചര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
ബിസിനസ് സംരംഭങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക
3. ആരെങ്കിലും ബിസിനസ്സിനുള്ള ഒരു അവസരം വെച്ചുനീട്ടുമ്പോൾ നാം ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
3 ആദരിക്കപ്പെടുന്ന ഒരു വ്യക്തി, ഒരുപക്ഷേ യഹോവയുടെ മറ്റൊരു ആരാധകൻ ബിസിനസ്സിനുള്ള ഒരു അവസരം നിങ്ങൾക്കു വെച്ചുനീട്ടുന്നുവെന്നിരിക്കട്ടെ. വിജയസാധ്യത സംബന്ധിച്ച് ഉറപ്പുനൽകിക്കൊണ്ട് അവസരം നഷ്ടമാകുന്നതിനുമുമ്പ് പെട്ടെന്നു തീരുമാനമെടുക്കാൻ അദ്ദേഹം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം ശോഭനമാക്കാനുള്ള ഒരു അവസരമാണ് അതെന്നു നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയേക്കാം. ആത്മീയ പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം വിനിയോഗിക്കാൻ അതു നിങ്ങളെ പ്രാപ്‌തരാക്കുമെന്നുപോലും നിങ്ങൾ ഒരുപക്ഷേ ന്യായവാദം ചെയ്‌തേക്കാം. എന്നാൽ സദൃശവാക്യങ്ങൾ 14:15 (NIBV) പിൻവരുന്ന മുന്നറിയിപ്പു നൽകുന്നു: “അല്‌പബുദ്ധി എല്ലാം വിശ്വസിക്കുന്നു, വിവേകിയോ സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു.” പുതിയ ഒരു ബിസിനസ് ആരംഭിക്കുന്നതിന്റെ ആവേശത്തിനിടയിൽ മിക്കപ്പോഴും, മുടക്കുമുതൽ നഷ്ടമാകാനുള്ള സാധ്യത ഗൗരവമായി കാണാതിരിക്കുകയോ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ അവഗണിക്കുകയോ ബിസിനസ്സിലെ അനിശ്ചിതത്വങ്ങൾ പൂർണമായി വിലയിരുത്താതിരിക്കുകയോ ചെയ്‌തേക്കാം. (യാക്കോബ് 4:13, 14) അങ്ങനെയുള്ള ഒരു അവസരത്തിൽ നിങ്ങൾ പൂർണമായി സുബോധം കാക്കേണ്ടത് എത്ര അനിവാര്യമാണ്!
4. ഒരു ബിസിനസ് സംരംഭത്തെക്കുറിച്ചു വിലയിരുത്തുമ്പോൾ സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കാൻ നമുക്ക് എങ്ങനെ കഴിയും?
4 വിവേചനയുള്ള ഒരു വ്യക്തി തീരുമാനം എടുക്കുന്നതിനുമുമ്പായി ബിസിനസ് സംരംഭത്തെക്കുറിച്ചു ശ്രദ്ധാപൂർവം പഠിക്കുന്നു. (സദൃശവാക്യങ്ങൾ 21:5) ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാൻ അതു മിക്കപ്പോഴും സഹായിക്കുന്നു. പിൻവരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുവെന്നു കരുതുക: ബിസിനസ് ആവശ്യത്തിനായി പണം കടംകൊടുക്കുന്നപക്ഷം വലിയ ഒരു ലാഭവിഹിതം നൽകാമെന്ന് ഒരു വ്യക്തി നിങ്ങളോടു പറയുന്നു. ആ വാഗ്‌ദാനം വളരെ ആകർഷകമായി തോന്നിയേക്കാം. എന്നാൽ സാധ്യതയുള്ള അപകടങ്ങൾ സംബന്ധിച്ചെന്ത്? ബിസിനസ്സിന് എന്തുതന്നെ സംഭവിച്ചാലും പണം തിരിച്ചുതരാൻ അദ്ദേഹം തയ്യാറാണോ, അതോ അതു ബിസിനസ്സിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുന്നുവോ? മറ്റു വാക്കുകളിൽ പറഞ്ഞാൽ, ബിസിനസ് തകരുകയും നിങ്ങൾക്കു പണം നഷ്ടമാകുകയും ചെയ്‌താൽ അതു സഹിക്കാൻ നിങ്ങൾ ഒരുക്കമാണോ? നിങ്ങൾക്ക് ഇങ്ങനെയും ചിന്തിക്കാവുന്നതാണ്: “എന്തിനാണു വ്യക്തികളിൽനിന്നു പണം ആവശ്യപ്പെടുന്നത്? വിജയിക്കാൻ തീരെ സാധ്യതയില്ലാത്ത ഒന്നായിട്ടാണോ ബാങ്കുകൾ ആ ബിസിനസ് സംരംഭത്തെ വീക്ഷിക്കുന്നത്?” ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ സംബന്ധിച്ചു സാവകാശം ചിന്തിക്കുന്നത് ഒരു സംരംഭത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ നിങ്ങളെ സഹായിക്കും.—സദൃശവാക്യങ്ങൾ 13:16; 22:3.
5. (എ) ഒരു നിലം വാങ്ങിയപ്പോൾ യിരെമ്യാവ് ജ്ഞാനപൂർവം എന്തു നടപടി സ്വീകരിച്ചു? (ബി) എല്ലാ ബിസിനസ് ഇടപാടുകൾക്കും ആധികാരികമായ ഒരു ഉടമ്പടി എഴുതിയുണ്ടാക്കുന്നതു പ്രയോജനപ്രദം ആയിരിക്കുന്നത് എന്തുകൊണ്ട്?
5 സഹവിശ്വാസിയായ ഒരു ബന്ധുവിൽനിന്ന് നിലം വാങ്ങിയപ്പോൾ യിരെമ്യാ പ്രവാചകൻ അതു സംബന്ധിച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ ഒരു പ്രമാണം എഴുതിയുണ്ടാക്കി. (യിരെമ്യാവു 32:9-12) ബന്ധുക്കളും സഹവിശ്വാസികളും ഉൾപ്പെടെ ഇന്ന് ആരുമായി ബിസിനസ് ഇടപാടുകളിൽ ഏർപ്പെട്ടാലും ആധികാരികമായ ഒരു ഉടമ്പടി എഴുതിയുണ്ടാക്കുന്നുവെന്ന് ജ്ഞാനിയായ ഒരു വ്യക്തി ഉറപ്പുവരുത്തും. * കൃത്യവും സുവ്യക്തവുമായ ഒരു ലിഖിത ഉടമ്പടി തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ഐക്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്നു. നേരെ മറിച്ച് ഒരു ലിഖിത കരാറിന്റെ അഭാവം, യഹോവയുടെ ദാസർക്കിടയിൽ ഉയർന്നുവരുന്ന ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾക്കു മിക്കപ്പോഴും കാരണമാകാറുണ്ട്. സങ്കടകരമെന്നു പറയട്ടെ, അത്തരം പ്രശ്‌നങ്ങൾ ഹൃദയവേദനയ്‌ക്കും ശത്രുതയ്‌ക്കും ആത്മീയതയുടെ നഷ്ടത്തിനുംപോലും ഇടയാക്കിയേക്കാം.
6. അത്യാഗ്രഹം സംബന്ധിച്ചു നാം ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
6 അത്യാഗ്രഹം സംബന്ധിച്ചും നാം ജാഗ്രത പാലിക്കണം. (ലൂക്കൊസ് 12:15) വൻലാഭം കൊയ്യാമെന്ന പ്രതീക്ഷ, ഭദ്രമല്ലാത്ത ഒരു ബിസിനസ്സിന്റെ അപകടങ്ങൾ കാണാൻ കഴിയാത്തവിധം ഒരുവനെ അന്ധനാക്കിയേക്കാം. യഹോവയുടെ സേവനത്തിൽ വിലയേറിയ പദവികൾ ആസ്വദിച്ചിരുന്ന ചിലർപോലും ഇത്തരം കെണിയിൽ അകപ്പെട്ടുപോയിട്ടുണ്ട്. ദൈവവചനം നമുക്ക് ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ.” (എബ്രായർ 13:5) ഒരു ബിസിനസ് സംരംഭത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ‘യഥാർഥത്തിൽ അതിൽ ഉൾപ്പെടേണ്ട ആവശ്യമുണ്ടോ?’ എന്ന് ഒരു ക്രിസ്‌ത്യാനി തന്നോടുതന്നെ ചോദിക്കണം. യഹോവയുടെ ആരാധനയിൽ കേന്ദ്രീകൃതമായ ഒരു ലളിത ജീവിതം നയിക്കുന്നത് “സകലവിധ ദോഷ”ത്തിൽനിന്നും നമ്മെ സംരക്ഷിക്കും.—1 തിമൊഥെയൊസ് 6:6-10.
ഏകാകികളായ ക്രിസ്‌ത്യാനികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ
7. (എ) ഏകാകികളായ അനേകം ക്രിസ്‌ത്യാനികളും ഏതു വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു? (ബി) വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ദൈവത്തോടുള്ള വിശ്വസ്‌തത ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 വിവാഹം കഴിക്കാൻ അതിയായി ആഗ്രഹിക്കുന്ന, യഹോവയുടെ ദാസരിൽ അനേകർക്കും യോജിച്ച ഒരു പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചില ദേശങ്ങളിൽ വിവാഹം കഴിക്കാൻ സമൂഹം ആളുകളുടെമേൽ ശക്തമായ സമ്മർദം ചെലുത്തുന്നു. എന്നാൽ സഹവിശ്വാസികൾക്കിടയിൽ പറ്റിയ ഒരു ഇണയെ കണ്ടെത്താനുള്ള സാധ്യത കുറവായിരുന്നേക്കാം. (സദൃശവാക്യങ്ങൾ 13:12) എന്നിരുന്നാലും, “കർത്താവിൽ വിശ്വസിക്കുന്ന”വരെ “മാത്രമേ” വിവാഹം കഴിക്കാവൂ എന്ന ബൈബിൾ കൽപ്പന അനുസരിക്കുന്നതിൽ യഹോവയോടുള്ള വിശ്വസ്‌തത ഉൾപ്പെട്ടിരിക്കുന്നുവെന്ന് ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. (1 കൊരിന്ത്യർ 7:39) തങ്ങൾ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും പ്രലോഭനങ്ങളും ചെറുത്തുനിൽക്കാൻ ഏകാകികളായ ക്രിസ്‌ത്യാനികൾ പൂർണമായി സുബോധം കാക്കണം.
8. ശൂലേമ്യ പെൺകുട്ടിക്ക് എന്തു സമ്മർദം നേരിട്ടു, സമാനമായ ഒരു വെല്ലുവിളി ഇന്നു ക്രിസ്‌തീയ യുവതികൾ അഭിമുഖീകരിച്ചേക്കാവുന്നത് എങ്ങനെ?
8 ശൂലേമിലെ ഒരു എളിയ ഗ്രാമീണ പെൺകുട്ടിയിൽ ശലോമോൻ രാജാവ് ആകൃഷ്ടനായതിനെക്കുറിച്ച് ഉത്തമഗീതം വിവരിക്കുന്നു. മറ്റൊരു ചെറുപ്പക്കാരനുമായി അവൾ സ്‌നേഹത്തിലായിരുന്നു. എന്നാൽ തന്റെ അളവറ്റ സമ്പത്തിലേക്കും പ്രതാപത്തിലേക്കും ശ്രദ്ധതിരിച്ചുകൊണ്ടും ഹൃദ്യമായി ഇടപെട്ടുകൊണ്ടും ശലോമോൻ അവളെ വശീകരിക്കാൻ ശ്രമിക്കുന്നു. (ഉത്തമഗീതം 1:9-11; 3:7-10; 6:8-10, 13) ഒരു ക്രിസ്‌തീയ യുവതിയാണ് നിങ്ങളെങ്കിൽ ആഗ്രഹിക്കാതെതന്നെ മറ്റുള്ളവർ നിങ്ങളിൽ ആകൃഷ്ടരാകുന്നതായി ഒരുപക്ഷേ നിങ്ങളും കണ്ടെത്താനിടയുണ്ട്. ജോലിസ്ഥലത്തുള്ള ഒരു വ്യക്തി—ഒരുപക്ഷേ അധികാരസ്ഥാനത്തുള്ള ഒരാൾ—നിങ്ങളെ പുകഴ്‌ത്തിപ്പറയാനും നിങ്ങൾക്ക് ഉപകാരങ്ങൾ ചെയ്യാനും തുടങ്ങുകയും നിങ്ങളോടൊപ്പം ആയിരിക്കാൻ അവസരം തേടുകയും ചെയ്‌തേക്കാം. അത്തരം പ്രീണിപ്പിക്കലുകൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക. അങ്ങനെയുള്ളവർ എല്ലായ്‌പോഴും പ്രേമാത്മകമോ അധാർമികമോ ആയ ഉദ്ദേശ്യമുള്ളവരല്ലെങ്കിലും മിക്കപ്പോഴും അതാണ് അവരുടെ ലക്ഷ്യം. ശൂലേമ്യ പെൺകുട്ടിയെപ്പോലെ ഒരു ‘മതിൽ’ ആയിരിക്കുക. (ഉത്തമഗീതം 8:4, 10) അനുരാഗാത്മക മുന്നേറ്റങ്ങളെ ദൃഢമായി തിരസ്‌കരിക്കുക. ജോലിയിൽ പ്രവേശിക്കുന്നതുമുതൽതന്നെ, നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു സഹജോലിക്കാരെ അറിയിക്കുകയും അവരോടു സാക്ഷീകരിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുക. അതു നിങ്ങൾക്ക് ഒരു സംരക്ഷണം ആയിരിക്കും.
9. ഇന്റർനെറ്റിലൂടെ ഒരു അപരിചിതനുമായി ബന്ധം വളർത്തിയെടുക്കുന്നതിന്റെ ചില അപകടങ്ങൾ ഏവ? (25-ാം പേജിലെ ചതുരവും കാണുക.)
9 വിവാഹ പങ്കാളിയെ കണ്ടുപിടിക്കുന്നതിന് ഏകാകികളെ സഹായിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് വെബ് സൈറ്റുകൾക്ക് ഇന്നു പ്രചാരമേറിവരുകയാണ്. മറ്റു വിധങ്ങളിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവരെ പരിചയപ്പെടാനുള്ള മാർഗമായി ചിലർ അവയെ വീക്ഷിക്കുന്നു. എന്നിരുന്നാലും, ഒരു അപരിചിതനുമായി ഒന്നും ആലോചിക്കാതെ ഒരു ബന്ധം സ്ഥാപിക്കുന്നതിൽ വലിയ അപകടങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിൽ സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയുക പ്രയാസമായിരുന്നേക്കാം. (സങ്കീർത്തനം 26:4) യഹോവയുടെ ദാസരെന്ന് അവകാശപ്പെടുന്ന എല്ലാവരും യഥാർഥത്തിൽ അങ്ങനെയുള്ളവരല്ല. കൂടാതെ, ഇന്റർനെറ്റ് ഡേറ്റിങ് ചെയ്യുമ്പോൾ വളരെ പെട്ടെന്നു ശക്തമായ വൈകാരിക അടുപ്പം വികാസം പ്രാപിക്കുകയും അത് ഒരുവന്റെ ന്യായബോധത്തെ തകിടംമറിക്കുകയും ചെയ്‌തേക്കാം. (സദൃശവാക്യങ്ങൾ 28:26) ഇന്റർനെറ്റിലൂടെയോ മറ്റേതൊരു മാർഗത്തിലൂടെയോ ആയിരുന്നാലുംശരി, കാര്യമായ ഒരു പരിചയവുമില്ലാത്ത ഒരു വ്യക്തിയുമായി അടുത്തബന്ധം വളർത്തിയെടുക്കുന്നതു ബുദ്ധിയല്ല.—1 കൊരിന്ത്യർ 15:33, NW.
10. ഏകാകികളായ ക്രിസ്‌ത്യാനികളെ സഹവിശ്വാസികൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം?
10 തന്റെ ദാസരെപ്രതി “മഹാ കരുണ”യുള്ളവനാണ് യഹോവ. (യാക്കോബ് 5:11) സാഹചര്യം നിമിത്തം ഏകാകികളായിക്കഴിയുന്ന ക്രിസ്‌ത്യാനികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചിലപ്പോഴൊക്കെ നിരാശാജനകമാണെന്ന് അവനറിയാം. അവരുടെ വിശ്വസ്‌തതയെ അവൻ അങ്ങേയറ്റം വിലമതിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് അവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? അവരുടെ അനുസരണത്തിനും ആത്മത്യാഗ മനഃസ്ഥിതിക്കുമായി നാം അവരെ പതിവായി അഭിനന്ദിക്കണം. (ന്യായാധിപന്മാർ 11:39, 40) പ്രോത്സാഹജനകമായ സഹവാസത്തിനുള്ള ക്രമീകരണങ്ങളിൽ അവരെ ഉൾപ്പെടുത്താനും നമുക്കാകും. അടുത്തയിടെ നിങ്ങൾ അങ്ങനെ ചെയ്‌തിട്ടുണ്ടോ? കൂടാതെ, ആത്മീയ സമനില നിലനിറുത്താനും യഹോവയെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താനും അവരെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ട് അവർക്കുവേണ്ടി യഹോവയോടു പ്രാർഥിക്കാൻ നമുക്കു കഴിയും. ആത്മാർഥമായ താത്‌പര്യത്തിലൂടെ യഹോവയെപ്പോലെ നാമും, വിശ്വസ്‌തരായ ഈ സഹോദരങ്ങളെ വിലമതിക്കുന്നുവെന്ന് നമുക്കു പ്രകടിപ്പിക്കാം.—സങ്കീർത്തനം 37:28.
ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ
11. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ എന്തു വെല്ലുവിളികൾ സൃഷ്ടിക്കുന്നു?
11 നമുക്കോ പ്രിയപ്പെട്ട മറ്റൊരാൾക്കോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതു നമ്മെ എത്ര വേദനിപ്പിക്കുന്നു! (യെശയ്യാവു 38:1-3) ഫലപ്രദമായ ചികിത്സ തേടുമ്പോൾ നാം തിരുവെഴുത്തു തത്ത്വങ്ങളോടു പറ്റിനിൽക്കുന്നതു മർമപ്രധാനമാണ്. ഉദാഹരണത്തിന്, രക്തം വർജിക്കുക എന്ന ബൈബിൾ കൽപ്പന അനുസരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കുകയും ആത്മവിദ്യ ഉൾപ്പെട്ടിട്ടുള്ള ഏതൊരു രോഗനിർണയവും ചികിത്സാവിധിയും തള്ളിക്കളയുകയും ചെയ്യുന്നു. (പ്രവൃത്തികൾ 15:28, 29; ഗലാത്യർ 5:19-21) എന്നാൽ വൈദ്യശാസ്‌ത്ര പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം, വിവിധ ചികിത്സാമുറകൾ തൂക്കിനോക്കുകയെന്നത് കുഴപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ ഒരു കാര്യമായിരുന്നേക്കാം. പൂർണസുബോധം കാത്തുകൊള്ളാൻ നമ്മെ എന്തു സഹായിക്കും?
12. വിവിധ ചികിത്സാരീതികൾ പരിഗണിക്കുമ്പോൾ സമനില പാലിക്കാൻ ഒരു ക്രിസ്‌ത്യാനിക്ക് എങ്ങനെ കഴിയും?
12 “വിവേക”മുള്ളവൻ ബൈബിളിലും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലും ഗവേഷണം നടത്തിക്കൊണ്ട് “സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു.” (സദൃശവാക്യങ്ങൾ 14:15, NIBV) ഡോക്ടർമാരും ആശുപത്രികളും കുറവായ സ്ഥലങ്ങളിൽ പച്ചമരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത ചികിത്സാവിധികളായിരിക്കാം ഒരേയൊരു ആശ്രയം. അത്തരം ചികിത്സ തേടാൻ ആഗ്രഹിക്കുന്നപക്ഷം, പിൻവരുന്ന കാര്യങ്ങൾ നാം കണ്ടുപിടിക്കേണ്ടത് ആവശ്യമായിരുന്നേക്കാം: നാട്ടുവൈദ്യൻ ആത്മവിദ്യ ആചരിക്കുന്ന വ്യക്തിയാണോ? ചികിത്സാവിധികൾ, പാപത്തിനും മരണത്തിനും ഇടയാക്കുന്നത് കുപിതരായ ദൈവങ്ങളോ (അല്ലെങ്കിൽ പൂർവികരുടെ ആത്മാക്കളോ) ക്ഷുദ്രപ്രയോഗം നടത്തുന്ന ശത്രുക്കളോ ആണെന്ന വിശ്വാസത്തിൽ അധിഷ്‌ഠിതമാണോ? ബലികളുടെയോ മന്ത്രോച്ചാരണങ്ങളുടെയോ ആത്മവിദ്യാപരമായ മറ്റു ചടങ്ങുകളുടെയോ അകമ്പടിയോടെയാണോ മരുന്നു തയ്യാറാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത്? (ആവർത്തനപുസ്‌തകം 18:10-12) അത്തരം ഗവേഷണം പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശത്തിനു ചെവികൊടുക്കാൻ നമ്മെ സഹായിക്കും: “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടിപ്പിൻ.” * (1 തെസ്സലൊനീക്യർ 5:21) ചികിത്സാമുറകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സമനില കാക്കാൻ അതു നമ്മെ സഹായിക്കും.
13, 14. (എ) ശാരീരിക ആരോഗ്യം പരിപാലിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ ന്യായബോധം പ്രകടമാക്കാം? (ബി) ആരോഗ്യവും ചികിത്സയും സംബന്ധിച്ചു മറ്റുള്ളവരുമായി ചർച്ചചെയ്യുമ്പോൾ നാം ന്യായബോധമുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
13 ശാരീരിക ആരോഗ്യം പരിപാലിക്കുന്നത് ഉൾപ്പെടെയുള്ള ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാം ന്യായബോധമുള്ളവർ ആയിരിക്കണം. (ഫിലിപ്പിയർ 4:5, NW) ആരോഗ്യത്തിന് ഉചിതമായ ശ്രദ്ധകൊടുക്കുന്നത് ജീവൻ എന്ന അമൂല്യ ദാനത്തോടുള്ള നമ്മുടെ വിലമതിപ്പിന്റെ പ്രകടനമാണ്. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ തീർച്ചയായും അതു സംബന്ധിച്ചു നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. എന്നിരുന്നാലും, “ജാതികളുടെ” അഥവാ ജനതകളുടെ “രോഗശാന്തി”ക്കായുള്ള ദൈവത്തിന്റെ സമയം വന്നെത്തുന്നതുവരെ പൂർണമായ ആരോഗ്യം ആസ്വദിക്കാൻ നമുക്കാവില്ല. (വെളിപ്പാടു 22:1, 2) അധികം പ്രധാനമായ ആത്മീയ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്ന അളവോളം ശാരീരിക ആരോഗ്യം സംബന്ധിച്ചു വേവലാതിപ്പെടാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.—മത്തായി 5:3; ഫിലിപ്പിയർ 1:10.
14 ആരോഗ്യവും ചികിത്സയും സംബന്ധിച്ചു മറ്റുള്ളവരുമായി ചർച്ചചെയ്യുമ്പോഴും നാം സമനിലയും ന്യായബോധവും പ്രകടമാക്കണം. ക്രിസ്‌തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും ആത്മീയ സഹവാസത്തിനായി കൂടിവരുമ്പോൾ ഇത്തരം വിഷയങ്ങൾ ആയിരിക്കരുത് നമ്മുടെ മുഖ്യ സംസാരവിഷയം. തന്നെയുമല്ല, ബൈബിൾ തത്ത്വങ്ങളും മനസ്സാക്ഷിയും യഹോവയുമായുള്ള ഒരുവന്റെ ബന്ധവുമാണ് മിക്കപ്പോഴും ചികിത്സാപരമായ തീരുമാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നമ്മുടെ വീക്ഷണങ്ങൾ ഒരു സഹവിശ്വാസിയുടെമേൽ അടിച്ചേൽപ്പിക്കുകയോ സ്വന്തം മനസ്സാക്ഷിയെ അവഗണിക്കാൻ അദ്ദേഹത്തിന്റെമേൽ സമ്മർദം ചെലുത്തുകയോ ചെയ്യുന്നത് സ്‌നേഹരഹിതമായിരിക്കും. സഹായത്തിനായി സഭയിലെ പക്വതയുള്ളവരുടെ അഭിപ്രായം തേടാമെങ്കിലും, സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയെന്ന ഉത്തരവാദിത്വത്തിന്റെ ‘ചുമട്’ ഓരോ ക്രിസ്‌ത്യാനിയും ‘ചുമക്കേണ്ടതുണ്ട്,’ “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ഗലാത്യർ 6:5; റോമർ 14:12, 22, 23.
ബോധിപ്പിക്കേണ്ടിവരും.”—സമ്മർദം നേരിടുമ്പോൾ
15. സമ്മർദപൂരിതമായ സന്ദർഭങ്ങൾ നമ്മെ എങ്ങനെ സ്വാധീനിച്ചേക്കാം?
15 സമ്മർദപൂരിതമായ സന്ദർഭങ്ങൾ നിമിത്തം യഹോവയുടെ വിശ്വസ്‌ത ദാസർപോലും ജ്ഞാനരഹിതമായ വിധത്തിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം. (സഭാപ്രസംഗി 7:7, NW) കടുത്ത പരിശോധന നേരിട്ടപ്പോൾ ഇയ്യോബ് ഏറെക്കുറെ സമനില തെറ്റിയ അവസ്ഥയിലായിപ്പോയി, പിന്നീട് ദൈവത്തിന് അവന്റെ ചിന്താഗതി തിരുത്തേണ്ടതായിവന്നു. (ഇയ്യോബ് 35:2, 3; 40:6-8) “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനാ”യിരുന്നിട്ടും മോശെ ഒരു സന്ദർഭത്തിൽ പ്രകോപിതനായിത്തീരുകയും ചിന്തിക്കാതെ സംസാരിക്കുകയും ചെയ്‌തു. (സംഖ്യാപുസ്‌തകം 12:3; 20:7-12; സങ്കീർത്തനം 106:32, 33) ശൗൽ രാജാവിനെ വധിക്കാൻ കഴിയുമായിരുന്ന അവസരങ്ങളിൽ ദാവീദ് അസാധാരണമായ ആത്മനിയന്ത്രണം പാലിച്ചെങ്കിലും, നാബാൽ തന്നെ അപമാനിക്കുകയും തന്റെ ആളുകളോട് അപമര്യാദയായി സംസാരിക്കുകയും ചെയ്‌തപ്പോൾ അവനു കോപം നിയന്ത്രിക്കാനായില്ല. അവനു ന്യായബോധംപോലും നഷ്ടമായി. അബീഗയിൽ ഇടപെട്ടപ്പോൾമാത്രമാണ് സുബോധം വീണ്ടെടുക്കാനും വിപത്‌കരമായ ഒരു പിഴവ് ഒഴിവാക്കാനും അവനു കഴിഞ്ഞുള്ളൂ.—1 ശമൂവേൽ 24:2-7; 25:9-13, 32, 33.
16. എടുത്തുചാടി പ്രവർത്തിക്കുന്നത് ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
16 ന്യായബോധമില്ലാതെ പ്രവർത്തിക്കാൻ ഇടയാക്കിയേക്കാവുന്ന സമ്മർദപൂരിതമായ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം. ദാവീദു ചെയ്‌തതുപോലെ മറ്റുള്ളവരുടെ വീക്ഷണങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കുന്നത് പാപപ്രവൃത്തികളിലേക്ക് എടുത്തുചാടാതിരിക്കാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 19:2) കൂടാതെ, ദൈവവചനം നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽവച്ചു ധ്യാനിച്ചു മൗനമായിരിക്കുക.” (സങ്കീർത്തനം 4:4, പി.ഒ.സി. ബൈബിൾ) സാധ്യമായിരിക്കുന്നിടത്തോളം, നാം ശാന്തരായിത്തീർന്നതിനുശേഷംമാത്രം നടപടി സ്വീകരിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുന്നതു ജ്ഞാനമായിരിക്കും. (സദൃശവാക്യങ്ങൾ 14:17, 29) നമുക്കു യഹോവയോട് ഉള്ളുരുകി പ്രാർഥിക്കാവുന്നതാണ്. അപ്പോൾ, “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം . . . ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) ആ ദൈവസമാധാനം നമ്മെ സ്ഥിരചിത്തതയുള്ളവരാക്കിത്തീർക്കുകയും പൂർണസുബോധം കാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും.
17. പൂർണ സുബോധം കാക്കാൻ നാം യഹോവയിൽ ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
17 അപകടം ഒഴിവാക്കാനും ജ്ഞാനപൂർവം പ്രവർത്തിക്കാനും എത്രതന്നെ ശ്രമിച്ചാലും നമുക്കെല്ലാം തെറ്റുപറ്റുന്നു. (യാക്കോബ് 3:2) നാശകരമായ ഒരു ഗതിയിലേക്കു നമ്മൾ ചുവടുവെച്ചേക്കാം, അതു സംബന്ധിച്ചു തിരിച്ചറിയുകപോലും ചെയ്യാതെ. (സങ്കീർത്തനം 19:12, 13) മാത്രമല്ല, മനുഷ്യരായ നമുക്ക് യഹോവയെക്കൂടാതെ സ്വന്തം കാലടികൾ നയിക്കാനുള്ള പ്രാപ്‌തിയോ അവകാശമോ ഇല്ല. (യിരെമ്യാവു 10:23) അവൻ നമുക്ക് പിൻവരുന്ന ഉറപ്പ് നൽകുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീർത്തനം 32:8) അതേ, യഹോവയുടെ സഹായത്താൽ നമുക്കു പൂർണ സുബോധമുള്ളവർ ആയിരിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
^ ഖ. 5 ലിഖിത ബിസിനസ് ഉടമ്പടികൾ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക് 1997 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-1 പേജുകളും 1986 നവംബർ 15 ലക്കത്തിന്റെ (ഇംഗ്ലീഷ്) 16-17 പേജുകളും 1984 ജൂൺ 8 ലക്കം ഉണരുക!യുടെ 19-21 പേജുകളും കാണുക. (യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്)
^ ഖ. 12 ഈ സമീപനം, ഒരു രോഗത്തിന് വിവാദപരമായ പകരചികിത്സകൾ പരിഗണിക്കുന്നവർക്കും പ്രയോജനം ചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
സുബോധമുള്ളവർ ആയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും:
• ആരെങ്കിലും ഒരു ബിസിനസ് അവസരം വെച്ചുനീട്ടുമ്പോൾ?
• വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ?
• ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ?
• സമ്മർദം നേരിടുമ്പോൾ?
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ചതുരം]
ഇവ ആശ്രയയോഗ്യമോ?
വിവാഹ പങ്കാളിയെ കണ്ടെത്തുന്നതിന് ഏകാകികളായവരെ സഹായിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള വെബ് സൈറ്റുകളിൽ കാണുന്നവയാണ് പിൻവരുന്ന പ്രസ്‌താവനകൾ:
“പരമാവധി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും വ്യക്തികളെക്കുറിച്ചുള്ള സത്യാവസ്ഥ സംബന്ധിച്ച് ഉറപ്പുതരാൻ ഞങ്ങൾക്കാവില്ല.”
“ഈ സൈറ്റുകളിലെ വിവരങ്ങളുടെ കൃത്യതയോ സമ്പൂർണതയോ ഉപയുക്തതയോ സംബന്ധിച്ചു ഞങ്ങൾ യാതൊരു ഉറപ്പും തരുന്നില്ല.”
“ഈ സൈറ്റുകളിലൂടെ ലഭ്യമാകുന്ന അഭിപ്രായങ്ങളോ ഉപദേശങ്ങളോ പ്രസ്‌താവനകളോ വാഗ്‌ദാനങ്ങളോ മറ്റു വിവരങ്ങളോ അതതു പ്രായോജകരുടേതാണ് . . . അവയെല്ലാം വിശ്വസനീയമാണെന്നു ഞങ്ങൾ അവകാശപ്പെടുന്നില്ല.”
[23-ാം പേജിലെ ചിത്രങ്ങൾ]
“വിവേകി . . . സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു”
[24, 25 പേജുകളിലെ ചിത്രങ്ങൾ]
ക്രിസ്‌തീയ യുവതികൾക്ക് ശൂലേമ്യ പെൺകുട്ടിയെ എങ്ങനെ അനുകരിക്കാം?
[26-ാം പേജിലെ ചിത്രം]
“സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടിപ്പിൻ”