‘ബധിരർ കേൾക്കും’
‘ബധിരർ കേൾക്കും’
‘ബധിരർ കേൾക്കും’ എന്നത് ബധിരർ വായിക്കാനിടയായാൽ അവർക്ക് എന്തായിരിക്കും തോന്നുക? തീർച്ചയായും അവരുടെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പും! കേൾവിശക്തിയുള്ളവർക്ക്, പക്ഷികളുടെ പാട്ടോ കുട്ടികളുടെ ചിരിയോ പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് തിരമാലകൾ ആഞ്ഞടിക്കുന്നതോ ഒന്നും ഒരിക്കലും കേൾക്കാനാവാത്ത ഒരു അവസ്ഥയെക്കുറിച്ച് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും അതാണ് ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളുടെ അവസ്ഥ. ബധിരർക്കു കേൾവിശക്തി ലഭിക്കും എന്ന് യഥാർഥത്തിൽ പ്രതീക്ഷിക്കാനാകുമോ? ബധിരതയെയും ആ വൈകല്യം മാറിപ്പോകുന്നതിനെയും കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നമുക്കു നോക്കാം.
ഭാഗികമായോ പൂർണമായോ കേൾവിശക്തി ഇല്ലാത്തതിനെയാണ് ബധിരതയെന്നു പറയുന്നത്. രോഗം, അപകടം, ശക്തമോ പെട്ടെന്നുള്ളതോ ദീർഘനേരത്തേക്ക് ഉള്ളതോ ആയ ഉച്ചത്തിലുള്ള ശബ്ദം എന്നിവയിൽ ഏതെങ്കിലുമാണ് മിക്കപ്പോഴും ഇതിന് കാരണം. ചിലർ ജന്മനാ ബധിരരാണ്. ബൈബിൾ പറയുന്ന മറ്റൊരു കാരണം ഭൂതബാധയാണ്. മർക്കൊസ് 9:25-29-ൽ ‘ഊമനും ചെകിടനുമായ ആത്മാവായി’ ഒരു ബാലനെ ബാധിച്ചിരുന്ന ഭൂതത്തെക്കുറിച്ച് യേശു പരാമർശിക്കുകയുണ്ടായി.
യെശയ്യാവു 35:5-ൽ ‘ചെകിടൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ചെറെഷ് എന്ന എബ്രായവാക്കിന്റെ മൂലപദത്തിന് കേൾക്കേണ്ടയാളുടെ ഭാഗത്തെ ബധിരതയെയോ സംസാരിക്കേണ്ട വ്യക്തിയുടെ മൗനത്തെയോ അർഥമാക്കാൻ കഴിയും. ആ പദത്തെ ചിലപ്പോഴൊക്കെ ‘കേൾക്കാതിരിക്കുക’ എന്നു വിവർത്തനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, സങ്കീർത്തനം 28:1-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ.” മറ്റിടങ്ങളിൽ ഇതിനെ ‘മൗനമായിരിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സങ്കീർത്തനം 35:22 ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ.”
ചെവി നിർമിച്ചത് യഹോവയാണ്. “കേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.” (സദൃശവാക്യങ്ങൾ 20:12) ബധിരരോടു പരിഗണന കാണിക്കാൻ യഹോവ തന്റെ ജനത്തോട് ആവശ്യപ്പെട്ടു. ഇസ്രായേല്യർ ബധിരരെ പരിഹസിക്കുകയോ ശപിക്കുകയോ ചെയ്യാൻ പാടില്ലായിരുന്നു. കാരണം, തങ്ങൾക്ക് കേൾക്കാൻ കഴിയാത്ത പ്രസ്താവനകളോടു പ്രതികരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. ദൈവനിയമം ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പിൽ ഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.”—ലേവ്യപുസ്തകം 19:14. സങ്കീർത്തനം 38:13, 14 താരതമ്യപ്പെടുത്തുക.
യഹോവ ‘ചെകിടനെ ഉണ്ടാക്കുന്നത്’ എങ്ങനെ?
പുറപ്പാടു 4:11-ൽ നാം ഇങ്ങനെ വായിക്കുന്നു: “അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ?” ‘ചെകിടനെ ഉണ്ടാക്കിയത്’ താൻ ആണെന്നു യഹോവ പറയുമ്പോൾ അവനാണ് എല്ലായ്പോഴും ബധിരതയ്ക്ക് ഉത്തരവാദിയെന്ന് അർഥമില്ല. എന്നാൽ ഒരു പ്രത്യേക കാരണമോ ഉദ്ദേശ്യമോ നിമിത്തം ഒരു വ്യക്തി അക്ഷരാർഥത്തിൽ ബധിരനോ ഊമനോ അന്ധനോ ആയിത്തീരുന്നതിന് ഇടയാക്കാൻ യഹോവയ്ക്കു കഴിയും. വിശ്വാസരാഹിത്യം നിമിത്തം യോഹന്നാൻ സ്നാപകന്റെ പിതാവ് താത്കാലികമായി ഊമനായിപ്പോയി.—ലൂക്കൊസ് 1:18-22, 62-64.
ആളുകൾ ആത്മീയമായി ബധിരരായിരിക്കാൻ തീരുമാനിക്കുന്നപക്ഷം ആ നിലയിൽ തുടരാൻ അവരെ അനുവദിച്ചുകൊണ്ടും യഹോവയ്ക്ക് ബധിരരെ ‘ഉണ്ടാക്കാൻ’ കഴിയും. “നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല” എന്ന് അവിശ്വസ്ത ഇസ്രായേലിനോടു പറയാൻ യെശയ്യാ പ്രവാചകന് നിയോഗം ലഭിച്ചു. തുടർന്ന് യഹോവ യെശയ്യാവിന് കൂടുതലായ ഈ നിർദേശം നൽകി: “ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും യെശയ്യാവു 6:9, 10.
അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.”—നിർദേശം സ്വീകരിക്കാൻ കൂട്ടാക്കാത്ത ദുഷ്ടന്മാരെ പാമ്പാട്ടിയുടെ സ്വരത്തിനു നേരെ ചെവിയടച്ചുകളയുന്ന മൂർഖനോട് സങ്കീർത്തനക്കാരൻ ഉപമിച്ചു. (സങ്കീർത്തനം 58:3-5, NW) സമാനമായി യെശയ്യാവിന്റെ കാലത്ത്, യഹോവയുടെ വാക്കു ശ്രദ്ധിക്കാനും അതിനോടു പ്രതികരിക്കാനും മാന്ദ്യമുണ്ടായിരുന്നതിനാൽ ചെവിയുണ്ടായിരുന്നെങ്കിലും ഇസ്രായേല്യർ ബധിരരെപ്പോലെ ആയിരുന്നു. യെശയ്യാവിലൂടെ യഹോവ ഇപ്രകാരം പറഞ്ഞു: “കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.” (യെശയ്യാവു 43:8; 42:18-20) എന്നിരുന്നാലും മുൻകൂട്ടിപ്പറയപ്പെട്ടതുപോലെ, പ്രവാസത്തിൽനിന്നു പുനഃസ്ഥിതീകരിക്കപ്പെട്ടശേഷം, ദൈവജനത്തിന്റെ ആത്മീയ ബധിരത നീങ്ങിപ്പോകുമായിരുന്നു. അവർ യഹോവയുടെ വചനം കേൾക്കുമായിരുന്നു, അതായത് അതിന് ശ്രദ്ധ നൽകുമായിരുന്നു. ഈ ആത്മീയ പുനഃസ്ഥിതീകരണമാണ് പിൻവരുംവിധം പ്രവാചകനായ യെശയ്യാവിലൂടെ യഹോവ വാഗ്ദാനം ചെയ്തത്: “അന്ന് ബധിരർ പുസ്തകത്തിലെ വചനങ്ങൾ കേൾക്കും; അന്ധരുടെ കണ്ണുകൾക്ക് മൂടലും ഇരുട്ടും മാറി കാഴ്ചയുണ്ടാകും.” (യെശയ്യാവു 29:18, ഓശാന ബൈബിൾ; 35:5) എന്നാൽ ആത്മീയ ബധിരതയിൽനിന്നുള്ള സൗഖ്യമാകൽ മാത്രമേ പ്രതീക്ഷിക്കാനാകുമായിരുന്നുള്ളോ?
ബധിരർക്കുള്ള ശോഭനഭാവിയുടെ മുൻനിഴലുകൾ
ഭൂമിയിലായിരുന്നപ്പോൾ യേശുക്രിസ്തു നിരവധി പേരുടെ ഗ്രാഹ്യത്തിന്റെ കാതുകൾ തുറക്കുകയും കേട്ട കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. തന്റെ സത്യോപദേശം കേട്ട് കൈക്കൊണ്ടവരോട് അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.” (മത്തായി 13:16, 23) എന്നാൽ ആത്മീയ ബധിരരെ സൗഖ്യമാക്കുന്നതിലധികം യേശു ചെയ്തു.
തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്, ശാരീരികമായി ബധിരരായിരുന്നവർക്ക് കേൾവിശക്തി നൽകിക്കൊണ്ട് അത്ഭുതകരമായ സൗഖ്യമാക്കൽ ശക്തി യേശു പല അവസരങ്ങളിലും പ്രകടമാക്കി. തടവിലായിരുന്ന യോഹന്നാൻ സ്നാപകനെ ശിഷ്യന്മാർ ഈ വാർത്ത അറിയിച്ചു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.” (മത്തായി 11:5; ലൂക്കൊസ് 7:22) സുഖപ്പെടുത്തേണമേ എന്ന അപേക്ഷയുമായി ഒരു ബധിരനെ യേശുവിന്റെ അടുക്കലേക്കു കൊണ്ടുവന്നവർക്ക് എത്രമാത്രം സന്തോഷം തോന്നിക്കാണണം. “തുറന്നുവരിക” എന്നു യേശു പറഞ്ഞപ്പോൾ “അവന്റെ ചെവി തുറന്നു” എന്നു സുവിശേഷ വിവരണം പറയുന്നു. നിരീക്ഷകരുടെ പ്രതികരണം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. “അവൻ സകലവും നന്നായി ചെയ്തു: ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.”—മർക്കൊസ് 7:32-37.
യേശു പ്രസംഗിച്ച സുവിശേഷം, വേദനയുടെയും കഷ്ടപ്പാടിന്റെയും സകല കാരണങ്ങളും നീക്കം ചെയ്യുന്ന ദൈവത്തിന്റെ വാഗ്ദത്ത രാജ്യത്തെക്കുറിച്ചുള്ളതായിരുന്നു. അതിനാൽ മുഴു ഭൂമിയുടെയും മേലുള്ള അവന്റെ ഭരണത്തിൻകീഴിൽ ബധിരത ഉൾപ്പെടെയുള്ള സകല കഷ്ടപ്പാടും നിശ്ചയമായും തുടച്ചുനീക്കപ്പെടും.