ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം മനസ്സിലാക്കിയത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു
ജീവിത കഥ
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം മനസ്സിലാക്കിയത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു
ഹാരി പലോയൻ പറഞ്ഞപ്രകാരം
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? കുട്ടിക്കാലം മുതലേ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു അത്. കഠിനാധ്വാനികളും സത്യസന്ധരും കുടുംബത്തിന്റെ ക്ഷേമത്തിൽ തത്‌പരരും ആയിരുന്നു എന്റെ മാതാപിതാക്കൾ. അമ്മയ്‌ക്ക് ദൈവത്തിൽ നാമമാത്ര വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ, പിതാവിനാകട്ടെ ഒട്ടുമില്ലായിരുന്നു. അതുകൊണ്ട് എന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ അവർക്കു കഴിഞ്ഞില്ല.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടടുത്തും അതിനുശേഷവുമായി മൂന്നിലധികം വർഷം ഞാൻ അമേരിക്കൻ നാവികസേനയിൽ ആയിരുന്നു. ഈ സമയത്ത് പ്രസ്‌തുത ചോദ്യം എന്നെ പൂർവാധികം അലട്ടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം ദുരിതാശ്വാസ സാമഗ്രികളുമായി ചൈനയ്‌ക്കു പോകുന്ന ഒരു കപ്പലിൽ എന്നെ നിയമിച്ചു. അവിടെ ഒരു വർഷത്തോളമുണ്ടായിരുന്ന ഞാൻ മനുഷ്യരുടെ കഷ്ടപ്പാടിന്റെ വ്യാപ്‌തി നേരിൽക്കണ്ടു.
കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ് ചൈനക്കാർ. എങ്കിലും രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ പട്ടിണിയും അക്രമവും നിമിത്തം കഷ്ടപ്പെടുന്നവരായിരുന്നു പലരും. ഞങ്ങൾ തുറമുഖത്തെത്തുമ്പോൾ, കണ്ടാൽ ഓമനത്തം തോന്നുന്ന കുട്ടികൾ ഞങ്ങളോടു ഭിക്ഷ യാചിക്കുമായിരുന്നു. അവരിൽ പലരും കീറത്തുണിയുടുത്ത പട്ടിണിക്കോലങ്ങളായിരുന്നു. ഈ കാഴ്‌ച എന്നെ വല്ലാതെ വേദനിപ്പിച്ചു.
മനുഷ്യർ കഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
1925-ൽ ജനിച്ച ഞാൻ, യു.എസ്.എ.-യിലെ കാലിഫോർണിയയിലാണു വളർന്നത്. ചൈനയിലേതുപോലുള്ള അവസ്ഥ ഞാൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. അതിനാൽ, ‘സർവശക്തനായ ഒരു സ്രഷ്ടാവുണ്ടെങ്കിൽ നിഷ്‌കളങ്കരായ കുട്ടികൾ ഉൾപ്പെടെ
ഇത്രയധികം മനുഷ്യർ കഷ്ടപ്പെടാൻ അവൻ അനുവദിക്കുന്നത് എന്തുകൊണ്ട്?’ എന്ന ചോദ്യം എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.വാസ്‌തവത്തിൽ ഒരു ദൈവമുണ്ടെങ്കിൽ ഇത്രമാത്രം കെടുതികളും കൂട്ടക്കുരുതികളും മരണങ്ങളും കഷ്ടപ്പാടുകളും നൂറ്റാണ്ടുകളായി—അഞ്ചു കോടിയിലധികം ആളുകൾക്കു ജീവൻ നഷ്ടപ്പെട്ട രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രത്യേകിച്ചും—മനുഷ്യർക്കു നേരിടേണ്ടിവന്നിട്ടുള്ളത് എന്തുകൊണ്ടെന്നും ഞാൻ ചിന്തിക്കുമായിരുന്നു. മാത്രമല്ല ആ യുദ്ധത്തിൽ വ്യത്യസ്‌ത രാജ്യങ്ങളിലുള്ള, ഒരേ മതത്തിൽപ്പെട്ടവർ പുരോഹിതന്മാരുടെ പ്രേരണയാൽ പരസ്‌പരം കൊന്നൊടുക്കിയത് എന്തുകൊണ്ട് എന്ന ചോദ്യവും എന്റെ മനസ്സിലൂടെ കടന്നുപോയി.
ദൂരദർശിനി
1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും മനുഷ്യവർഗം കൂട്ടക്കുരുതിക്കു വിധേയമാകുകയും ചെയ്‌തപ്പോൾ, ദൈവം ഇല്ലെന്നുതന്നെ ഞാൻ കരുതി. ഹൈസ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ, സയൻസുമായി ബന്ധപ്പെട്ട എന്തെങ്കിലും നിർമിക്കാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും നിയമനം ലഭിച്ചു. ജ്യോതിശാസ്‌ത്രത്തിൽ താത്‌പര്യമുണ്ടായിരുന്നതിനാൽ, 20 സെന്റിമീറ്റർ വ്യാസമുള്ള ദർപ്പണത്തോടുകൂടിയ ഒരു ദൂരദർശിനി ഞാൻ ഉണ്ടാക്കാൻ തുടങ്ങി.
അതിനായി ഞാൻ 2.5 സെന്റിമീറ്ററിലധികം കനവും 20 സെന്റിമീറ്റർ വീതിയുമുള്ള ഒരു ഗ്ലാസ് വാങ്ങി വട്ടത്തിൽ മുറിച്ചു. പിന്നീട് അതിനെ ഒരു അവതലദർപ്പണം (concave mirror) ആക്കാനായി ഞാൻ അത് ഉരച്ചുതുടങ്ങി. ഒരു സെമസ്റ്ററിലെ ഒഴിവുസമയം മുഴുവൻ അതിനായി ഞാൻ ചെലവിട്ടു. ദർപ്പണത്തിന്റെ പണി കഴിഞ്ഞപ്പോൾ ഞാൻ അത് നീളമുള്ള ഒരു ലോഹക്കുഴലിൽ ഉറപ്പിച്ചു. ആ ദൂരദർശിനിക്കു വ്യത്യസ്‌ത പവർ ഉള്ള നേത്രികകളും (eyepieces) ഘടിപ്പിച്ചു.
നിലാവില്ലാത്ത, തെളിഞ്ഞ ഒരു രാത്രിയിൽ ഞാൻ ആദ്യമായി എന്റെ ദൂരദർശിനി നക്ഷത്രങ്ങളുടെയും സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെയും നേർക്കു തിരിച്ചു. ആകാശഗോളങ്ങളുടെ ആധിക്യവും സകലതും എത്ര ക്രമീകൃതമാണെന്നതും എന്നെ അമ്പരപ്പിച്ചു. ചില “നക്ഷത്രങ്ങൾ” നമ്മുടെ ക്ഷീരപഥം പോലുള്ള ഗാലക്‌സികൾ ആണെന്നും അവയിൽ ഓരോന്നിലും കോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ടെന്നും മനസ്സിലാക്കിയപ്പോൾ ഞാൻ വീണ്ടും അമ്പരന്നുപോയി.
‘ഇതൊന്നും തനിയെ സംഭവിച്ചതാകാൻ വഴിയില്ല, തീർച്ച. അടുക്കും ചിട്ടയുമുള്ള യാതൊന്നും യാദൃച്ഛികമായി സംഭവിക്കില്ല. ഒരു ബുദ്ധിശാലി നിർമിച്ചാലെന്നവണ്ണം വളരെ ചിട്ടയോടുകൂടിയതാണ് പ്രപഞ്ചം. ഒരു ദൈവം ഉണ്ടായിരിക്കുമോ?’ ഞാൻ ചിന്തിച്ചു. എന്റെ നിരീശ്വരവാദപരമായ കാഴ്‌ചപ്പാടുകൾക്കു മാറ്റംവരുത്താൻ ആ ദൂരദർശിനി സഹായിച്ചു.
ഞാൻ സ്വയം ചോദിക്കുമായിരുന്നു: ‘അത്ഭുതകരമായ ഈ പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയും ബുദ്ധിയും ഉള്ള ഒരു സ്രഷ്ടാവ് വാസ്‌തവത്തിൽ ഉണ്ടെങ്കിൽ, ഭൂമിയിലെ പരിതാപകരമായ ഈ അവസ്ഥയ്‌ക്കു മാറ്റംവരുത്താൻ അവനു കഴിയില്ലേ? അവൻ ഈ ദുരിതമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?’ മതഭക്തരായ ആളുകളോടു ഞാൻ ഇത്തരം ചോദ്യങ്ങൾ ചോദിച്ചെങ്കിലും അവരുടെ പക്കൽ തൃപ്‌തികരമായ ഉത്തരമില്ലായിരുന്നു.
ഹൈസ്‌കൂൾ പഠനത്തെ തുടർന്ന് ഏതാനും വർഷത്തെ കോളെജ് വിദ്യാഭ്യാസത്തിനുശേഷം ഞാൻ അമേരിക്കൻ നാവികസേനയിൽ ചേർന്നു. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവിടെ സേവിക്കുന്ന പുരോഹിതനും കഴിഞ്ഞില്ല. “കർത്താവ് നിഗൂഢമായ വിധത്തിലാണു പ്രവർത്തിക്കുന്നത്” എന്നൊക്കെയാണ് മതഭക്തരായ പലരും പറയാറുണ്ടായിരുന്നത്.
ഉത്തരം തേടി
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ചൈനയിൽനിന്നു പോന്നശേഷവും എന്റെ മനസ്സിലുണ്ടായിരുന്നു. പസിഫിക്കിനു കുറുകെ സ്വദേശത്തേക്കുള്ള മടക്കയാത്രയിൽ ഞങ്ങൾ സന്ദർശിച്ച വ്യത്യസ്‌ത ദ്വീപുകളിൽ സൈന്യത്തിന്റെ സെമിത്തേരികൾ കണ്ടതിനാൽ ആ ചോദ്യം മനസ്സിൽ മായാതെനിന്നു. അവിടെയുണ്ടായിരുന്ന ശവകുടീരങ്ങളിൽ അധികവും അകാലത്തിൽ പൊലിഞ്ഞ ചെറുപ്പക്കാരുടേതായിരുന്നു.
ഐക്യനാടുകളിൽ തിരിച്ചെത്തിയ എന്നെ നാവികസേനയിൽനിന്നു വിട്ടയച്ചു. എനിക്ക് മസാച്ചുസെറ്റ്‌സിലെ കേംബ്രിഡ്‌ജിലുള്ള ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷത്തെ പഠനംകൂടെ ബാക്കിയുണ്ടായിരുന്നു. ആ ഒരു വർഷത്തിനുശേഷം ഞാൻ ബിരുദധാരിയായി. എന്നാൽ ഞാൻ കാലിഫോർണിയയിലെ എന്റെ വീട്ടിലേക്കു പോയില്ല. പകരം എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നതുവരെ ഐക്യനാടുകളുടെ പൂർവഭാഗത്തു താമസിക്കാൻ ഞാൻ തീരുമാനിച്ചു. അനേകം മതങ്ങളുള്ള ന്യൂയോർക്ക് നഗരത്തിൽ ചെന്ന് ചില മതശുശ്രൂഷകളിൽ സംബന്ധിക്കുകയും അങ്ങനെ ആ മതങ്ങളുടെ ഉപദേശങ്ങൾ എന്താണെന്നു മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.
ന്യൂയോർക്കിൽ ആയിരിക്കെ എന്റെ ഒരു ആന്റി, ഇസബെൽ കപിജിയൻ, അവരുടെ വീട്ടിൽ താമസിക്കാനായി എന്നെ ക്ഷണിച്ചു. അവരും റോസ്, രൂത്ത് എന്നീ രണ്ടു പെൺമക്കളും യഹോവയുടെ സാക്ഷികൾ ആയിരുന്നു. അവരുടെ വിശ്വാസങ്ങളിൽ എനിക്കു താത്‌പര്യം തോന്നാൻ ഇടയില്ലെന്നു വിചാരിച്ചിരുന്നതിനാൽ, ഞാൻ മറ്റു മതങ്ങളുടെ ശുശ്രൂഷകളിൽ സംബന്ധിക്കാനും അവരോടു സംസാരിക്കാനും അവരുടെ സാഹിത്യങ്ങൾ വായിക്കാനും തുടങ്ങി. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നു ഞാൻ അവരോടും ചോദിച്ചു, പക്ഷേ ഫലമുണ്ടായില്ല. അതുകൊണ്ട്, ദൈവം ഇല്ലായിരിക്കുമെന്നുതന്നെ ഞാൻ നിഗമനം ചെയ്‌തു.
ഉത്തരം ലഭിക്കുന്നു
തുടർന്ന്, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ച് അറിയാനായി അവരുടെ ചില സാഹിത്യങ്ങൾ വായിച്ചോട്ടെയെന്നു ഞാൻ ആന്റിയോടു ചോദിച്ചു. അവ വായിച്ചപ്പോൾ, മറ്റു മതങ്ങളുടേതിൽനിന്നു തികച്ചും വ്യത്യസ്‌തമായ പഠിപ്പിക്കലുകളാണ് സാക്ഷികളുടേതെന്ന് എനിക്കു പെട്ടെന്നു
മനസ്സിലായി. ഉത്തരം ബൈബിളിൽനിന്ന് ആയിരുന്നതുകൊണ്ട് അതു വളരെ തൃപ്‌തികരമായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരം എനിക്കു ലഭിച്ചു.അതു മാത്രമല്ല, യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾക്കു ചേർച്ചയിലാണ് ജീവിക്കുന്നതെന്നും ഞാൻ മനസ്സിലാക്കി. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ യഹോവയുടെ സാക്ഷികളായ യുവാക്കന്മാർ എന്താണു ചെയ്‌തതെന്നു ഞാൻ ആന്റിയോടു ചോദിച്ചു. അവർ സായുധസേനയിൽ ചേർന്ന് ‘ഹെയ്‌ൽ ഹിറ്റ്‌ലർ’ എന്നു വിളിക്കുകയും സ്വസ്‌തിക പതാകയെ വന്ദിക്കുകയും ചെയ്‌തോ? ഇല്ല എന്നായിരുന്നു ഉത്തരം. നിഷ്‌പക്ഷ നിലപാടു നിമിത്തം അവർക്കു തടങ്കൽപ്പാളയങ്ങളിൽ കഴിയേണ്ടിവന്നു. അനേകർ അവിടെവെച്ചു വധിക്കപ്പെട്ടു. യുദ്ധസമയത്ത് ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ നിഷ്‌പക്ഷത പാലിച്ചെന്നും ജനാധിപത്യരാജ്യങ്ങളിൽപ്പോലും സാക്ഷികളായ യുവാക്കന്മാർക്ക് നിഷ്‌പക്ഷതയുടെ പേരിൽ ജയിലിൽ കഴിയേണ്ടിവന്നെന്നും ആന്റി വിശദീകരിച്ചു.
തുടർന്ന് യോഹന്നാൻ 13:35 വായിക്കാൻ ആന്റി എന്നോട് ആവശ്യപ്പെട്ടു. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” ലോകത്തിൽ എവിടെയായിരുന്നാലും സത്യക്രിസ്‌ത്യാനികൾക്ക് സ്‌നേഹമെന്ന ആ തിരിച്ചറിയൽ അടയാളം ഉണ്ടായിരിക്കണം. വ്യത്യസ്‌ത രാജ്യക്കാരാണെന്നതിന്റെ പേരിൽ അവർ ഒരിക്കലും യുദ്ധത്തിൽ പങ്കെടുക്കുകയോ കൊല്ലുകയോ ചെയ്യില്ല! ആന്റി ഇങ്ങനെ ചോദിച്ചു: “യേശുവും ശിഷ്യന്മാരും റോമാക്കാരുടെ യുദ്ധങ്ങളിൽ ചേരിതിരിഞ്ഞ് പരസ്‌പരം കൊല്ലുന്നതിനെക്കുറിച്ചു നിനക്കു ചിന്തിക്കാനാകുമോ?”
പിൻവരുംവിധം പറയുന്ന 1 യോഹന്നാൻ 3:10-12-ഉം ആന്റി എന്നെക്കൊണ്ടു വായിപ്പിച്ചു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്‌നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. . . . നാം അന്യോന്യം സ്‌നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല.”
ഇക്കാര്യത്തിലുള്ള ബൈബിളിന്റെ നിലപാടു വ്യക്തമാണ്. ഏതു രാജ്യത്തു ജീവിച്ചാലും സത്യക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹിക്കുന്നു. അവർ തങ്ങളുടെ ആത്മീയ സഹോദരങ്ങളെയോ മറ്റാരെയെങ്കിലുമോ ഒരിക്കലും കൊല്ലുകയില്ല. അതുകൊണ്ടാണ് യേശു തന്റെ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.”—യോഹന്നാൻ 17:16.
കഷ്ടപ്പാടിന്റെ കാരണം മനസ്സിലാക്കുന്നു
ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം ബൈബിളിലുണ്ടെന്നു മനസ്സിലാക്കാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. നമ്മുടെ ആദിമ മാതാപിതാക്കളെ ദൈവം പൂർണരായാണ് സൃഷ്ടിച്ചതെന്നും അവരെ അവൻ ഒരു പറുദീസയിൽ ആക്കിവെച്ചെന്നും ബൈബിൾ വിശദീകരിക്കുന്നു. (ഉല്‌പത്തി 1:26; 2:15) സ്വതന്ത്ര ഇച്ഛാശക്തി എന്ന അത്യുത്തമ ദാനവും അവൻ അവർക്കു നൽകി. വളരെ ഉത്തരവാദിത്വത്തോടെ വേണമായിരുന്നു അവർ അത് വിനിയോഗിക്കാൻ. ദൈവത്തെയും അവന്റെ നിയമങ്ങളെയും അനുസരിച്ചാൽ അവർക്കും അവരുടെ മക്കൾക്കും മാനുഷിക പൂർണതയിൽ ഒരു പറുദീസാഭൂമിയിൽ ജീവിക്കാമായിരുന്നു. ആ പറുദീസ അവർ മുഴുഭൂമിയിലും വ്യാപിപ്പിക്കുമായിരുന്നു. അങ്ങനെ കാലക്രമത്തിൽ മുഴു പറുദീസഭൂമിയും പൂർണരും സന്തുഷ്ടരുമായ മനുഷ്യരെക്കൊണ്ടു നിറയുമായിരുന്നു.—ഉല്‌പത്തി 1:28.
എന്നാൽ ദൈവത്തെ ഉപേക്ഷിച്ചുകൊണ്ട് സ്വതന്ത്രമായ ഒരു ഗതിയാണ് ആദാമും ഹവ്വായും തിരഞ്ഞെടുക്കുന്നതെങ്കിൽ അവർ മേലാൽ പൂർണരായി തുടരുമായിരുന്നില്ല. (ഉല്‌പത്തി 2:16, 17) സങ്കടകരമെന്നു പറയട്ടെ അവർ തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗപ്പെടുത്തുകയും ദൈവത്തിൽനിന്നു സ്വതന്ത്രരായിരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. അതിന് അവരെ പ്രേരിപ്പിച്ചത് പിശാചായ സാത്താൻ എന്ന് അറിയപ്പെടാൻ ഇടയായ മത്സരിയായ ഒരു ആത്മജീവിയാണ്. ദൈവത്തിൽനിന്നുള്ള സ്വാതന്ത്ര്യവും ദൈവത്തിനു മാത്രം അവകാശപ്പെട്ട ആരാധനയുമാണ് അവൻ ആഗ്രഹിച്ചത്.—ഉല്‌പത്തി 3:1-19; വെളിപ്പാടു 4:11.
2 കൊരിന്ത്യർ 4:4) ബൈബിൾ ഇങ്ങനെ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) യേശു സാത്താനെ ഈ “ലോകത്തിന്റെ പ്രഭു” എന്നാണു വിളിച്ചത്. (യോഹന്നാൻ 14:30) സാത്താന്റെയും നമ്മുടെ ആദിമ മാതാപിതാക്കളുടെയും അനുസരണക്കേടു നിമിത്തമാണ് അപൂർണതയും ദുഃഖവും ദുരിതവും അക്രമവും മരണവും മനുഷ്യവർഗത്തിലേക്കു കടന്നുവന്നത്.—റോമർ 5:12.
അങ്ങനെ സാത്താൻ ഈ “ലോകത്തിന്റെ ദൈവം” ആയിത്തീർന്നു. (“മനുഷ്യന്നു . . . സ്വാധീനമല്ല”
ദൈവിക നിയമങ്ങൾ ലംഘിച്ചാൽ എന്തായിരിക്കും ഫലമെന്നു മനുഷ്യർ മനസ്സിലാക്കുന്നതിനായി ആയിരക്കണക്കിനു വർഷങ്ങളായി ദൈവം അതിന്റെ ഭവിഷ്യത്തുകൾ അനുവദിച്ചിരിക്കുന്നു. ഇതിലൂടെ ബൈബിളിന്റെ പിൻവരുന്ന പ്രസ്‌താവനയുടെ സത്യത മനസ്സിലാക്കാൻ വേണ്ടത്ര സമയം മനുഷ്യവർഗത്തിനു ലഭിച്ചിരിക്കുന്നു: ‘മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല. യഹോവേ, എന്നെ ശിക്ഷിക്കേണമേ.’—യിരെമ്യാവു 10:23, 24.
ദൈവത്തെ മാറ്റിനിറുത്തിക്കൊണ്ടുള്ള ഭരണവിധങ്ങൾ വിപത്‌കരമാണെന്നു കാലം തെളിയിച്ചിരിക്കുന്നു. അതുകൊണ്ട്, അത്തരം ഭരണപരീക്ഷണങ്ങൾ അവസാനിപ്പിക്കുകയെന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്.
ഒരു ശോഭനഭാവി
ദൈവം പെട്ടെന്നുതന്നെ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കും. ബൈബിൾ പ്രവചനം ഇപ്രകാരം പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
ദാനീയേൽ 2:44 ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” മാനുഷ ഭരണം മേലാൽ ഉണ്ടായിരിക്കുകയില്ല. മുഴുഭൂമിയെയും ഭരിക്കുന്നത് ദൈവരാജ്യമായിരിക്കും. അപ്പോൾ മുഴുഭൂമിയും ഒരു പറുദീസയായിത്തീരുമെന്നു മാത്രമല്ല മനുഷ്യർ ക്രമേണ പൂർണത കൈവരിക്കുകയും എന്നേക്കും ജീവിച്ചിരിക്കുകയും ചെയ്യും. ബൈബിൾ ഈ വാഗ്‌ദാനം നൽകുന്നു: “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (വെളിപ്പാടു 21:4) എത്ര ശോഭനമായ ഒരു ഭാവിയാണ് ദൈവം നമുക്കുവേണ്ടി കരുതിയിരിക്കുന്നത്!
വഴിത്തിരിവ്
എന്റെ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരം ലഭിച്ചത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. അന്നുമുതൽ, ദൈവത്തെ സേവിക്കാനും ഈ ഉത്തരങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനും ഞാൻ ആഗ്രഹിച്ചു. 1 യോഹന്നാൻ 2:17-ന്റെ പ്രസക്തിയും ഞാൻ തിരിച്ചറിഞ്ഞു: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യമായ ജീവിതം അതിയായി ആഗ്രഹിച്ചിരുന്ന ഞാൻ ന്യൂയോർക്കിൽ താമസിക്കാനും അവിടെയുള്ള യഹോവയുടെ സാക്ഷികളുടെ സഭയോടൊത്തു സഹവസിക്കാനും തീരുമാനിച്ചു. ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പഠിക്കാൻ മറ്റുള്ളവരെ സഹായിച്ചതിന്റെ ധാരാളം നല്ല അനുഭവങ്ങളും എനിക്കുണ്ട്.
1949-ൽ ഞാൻ റോസ് മേരി ലൂയിസിനെ കണ്ടുമുട്ടി. അവളും ആറു സഹോദരിമാരും അമ്മ സാഡിയും യഹോവയുടെ സാക്ഷികൾ ആയിരുന്നു. റോസ് ഒരു മുഴുസമയ ശുശ്രൂഷക ആയിരുന്നു. അനവധി നല്ല ഗുണങ്ങളുണ്ടായിരുന്ന അവളോട് അടുപ്പം തോന്നാൻ എനിക്ക് അധികനാൾ വേണ്ടിവന്നില്ല. 1950-ൽ വിവാഹിതരായ ഞങ്ങൾ ന്യൂയോർക്കിൽ താമസമാക്കി. ഞങ്ങളുടെ വേലയും ദൈവത്തിന്റെ പുതിയ ലോകത്തിൽ എക്കാലവും ജീവിക്കാനുള്ള പ്രത്യാശയും ഞങ്ങൾക്കു സന്തോഷം പകർന്നു.
1957-ൽ എന്നെയും റോസ് മേരിയെയും ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തേക്കു മുഴുസമയ സേവകരായി ക്ഷണിച്ചു. 2004 ജൂണിൽ ഞങ്ങൾ വിവാഹിതരായിട്ട് 57 വർഷം തികഞ്ഞു. അതിൽ 47 വർഷം ബ്രുക്ലിനിലെ ലോക ആസ്ഥാനത്ത് ആയിരുന്നു.
യഹോവയെ സേവിക്കാനും ആയിരക്കണക്കിനു സഹവിശ്വാസികളോടൊപ്പം വേല ചെയ്യാനും ലഭിച്ച സന്തോഷകരമായ സമയമായിരുന്നു അത്.ഹൃദയവേദന
2004 ഡിസംബറിൽ, റോസ് മേരിക്ക് ശ്വാസകോശ ക്യാൻസർ ഉള്ളതായി കണ്ടുപിടിച്ചു. വളരെ വേഗം വളർന്നുകൊണ്ടിരുന്ന അത് നീക്കംചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. ഡിസംബർ അവസാനത്തോടെ ശസ്‌ത്രക്രിയ നടന്നു, ഏതാണ്ട് ഒരാഴ്‌ച കഴിഞ്ഞ് ഞാൻ റോസിന്റെ അടുത്ത് ഉണ്ടായിരുന്നപ്പോൾ സർജൻ അവളോടു പറഞ്ഞു: “റോസ് മേരി, ഇനി വീട്ടിൽ പോകാം! കുഴപ്പമൊന്നുമില്ല.”
പക്ഷേ വീട്ടിൽവന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ റോസ് മേരിക്ക് ഉദരത്തിലും മറ്റുമായി കഠിന വേദന അനുഭവപ്പെടാൻ തുടങ്ങി. അതു കുറയാതായപ്പോൾ പരിശോധനയ്‌ക്കായി ഞങ്ങൾ വീണ്ടും ആ ആശുപത്രിയിൽ പോയി. അജ്ഞാതമായ ഏതോ കാരണത്താൽ പ്രധാനപ്പെട്ട ചില ആന്തരാവയവങ്ങളിൽ രക്തം കട്ടപിടിക്കുന്നതുകൊണ്ട് അവയ്‌ക്കു വേണ്ടത്ര പ്രാണവായു ലഭിക്കുന്നില്ലെന്നു പരിശോധനയിൽ തെളിഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏതാനും ആഴ്‌ചകൾക്കുശേഷം 2005 ജനുവരി 30-ന് ജീവിതത്തിലെ ഏറ്റവും കനത്ത പ്രഹരം എനിക്ക് ഏൽക്കേണ്ടിവന്നു. എന്റെ റോസ് മേരി വിടവാങ്ങി.
അപ്പോൾ 80 വയസ്സുണ്ടായിരുന്ന ഞാൻ അതിനോടകം ആളുകളുടെ കഷ്ടപ്പാട് കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഇത് അങ്ങനെയല്ലായിരുന്നു. ബൈബിൾ പറയുന്ന പ്രകാരം റോസ് മേരിയും ഞാനും “ഏകദേഹമായി”രുന്നു. (ഉല്‌പത്തി 2:24) ഞാൻ മറ്റുള്ളവരുടെ ദുഃഖം കണ്ടിട്ടുണ്ടെന്നു മാത്രമല്ല ബന്ധുമിത്രാദികളുടെ മരണസമയത്ത് അത് അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ എന്റെ ഭാര്യ മരിച്ചപ്പോഴുള്ള വ്യഥ അതിനെക്കാളെല്ലാം തീവ്രവും മനസ്സിൽനിന്ന് എളുപ്പം തുടച്ചുനീക്കാനാകാത്തതും ആയിരുന്നു. ഇക്കാലംവരെയും എത്ര ആഴമായ മുറിവാണ് ഉറ്റവരുടെ മരണം മനുഷ്യവർഗത്തിന്മേൽ ഏൽപ്പിച്ചിട്ടുള്ളതെന്ന് എനിക്കു വ്യക്തമായി അറിയാം.
കഷ്ടപ്പാടിന്റെ തുടക്കവും അത് അവസാനിക്കുന്ന വിധവും സംബന്ധിച്ച ബോധ്യമാണ് ഈ നിർണായക സമയത്തു പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്. സങ്കീർത്തനം 34:18 ഇപ്രകാരം പറയുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” പുനരുത്ഥാനം, അതായത് മരിച്ചുപോയവർക്കു ജീവനിലേക്കു വരാനും ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനും കഴിയുമെന്ന ബൈബിൾ പഠിപ്പിക്കലാണ് സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ച പ്രമുഖഘടകം. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു പ്രവൃത്തികൾ 24:15 പറയുന്നു. റോസ് മേരിക്ക് ദൈവത്തോട് ആഴമായ സ്‌നേഹമുണ്ടായിരുന്നു. ദൈവത്തിനു തിരിച്ചും അങ്ങനെതന്നെ ആയിരുന്നെന്നും അവൻ അവളെ ഓർത്ത് തന്റെ തക്കസമയത്തു ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്. അത് പെട്ടെന്നുതന്നെ സംഭവിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.—ലൂക്കൊസ് 20:38; യോഹന്നാൻ 11:25.
പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോഴുള്ള ദുഃഖം വലുതാണെങ്കിലും പുനരുത്ഥാനത്തിലൂടെ അയാളെ തിരികെ ലഭിക്കുമ്പോഴുള്ള സന്തോഷം അതിനെക്കാളേറെ വലുതായിരിക്കും. (മർക്കൊസ് 5:42) ദൈവവചനം ഈ വാഗ്‌ദാനം നൽകുന്നു: “നിന്റെ മൃതന്മാർ ജീവിക്കും . . . ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശയ്യാവു 26:19) പ്രവൃത്തികൾ 24:15-ൽ പരാമർശിച്ചിരിക്കുന്ന “നീതിമാന്മാ”രിൽ അനേകർ നേരത്തേ പുനരുത്ഥാനത്തിലേക്കു വന്നേക്കാം. എത്ര മഹത്തായ ഒരു സമയമായിരിക്കും അത്! ജീവനിലേക്കു വരുന്നവരിൽ റോസ് മേരിയും ഉണ്ടായിരിക്കും. തികച്ചും ഹൃദ്യമായ ഒരു സ്വീകരണമായിരിക്കും ഉറ്റവരിൽനിന്ന് അവൾക്കു ലഭിക്കുക! കഷ്ടപ്പാടുകളില്ലാത്ത ഒരു ലോകത്തിലെ ജീവിതം എത്ര സംതൃപ്‌തിദായകമായിരിക്കും!
[9-ാം പേജിലെ ചിത്രങ്ങൾ]
ചൈനയിലായിരുന്നപ്പോൾ മനുഷ്യരുടെ കഷ്ടപ്പാട് ഞാൻ നേരിൽക്കണ്ടു
[10-ാം പേജിലെ ചിത്രങ്ങൾ]
1957 മുതൽ ഞാൻ യഹോവയുടെ സാക്ഷികളുടെ ബ്രുക്ലിനിലുള്ള ലോക ആസ്ഥാനത്ത് സേവിച്ചുവരുന്നു
[12-ാം പേജിലെ ചിത്രം]
1950-ൽ ഞാൻ റോസ് മേരിയെ വിവാഹം കഴിച്ചു
[13-ാം പേജിലെ ചിത്രം]
ഞങ്ങളുടെ 50-ാം വിവാഹവാർഷികം, 2000