ഭയപ്പെടേണ്ട യഹോവ നിങ്ങളോടൊപ്പമുണ്ട്!
ഭയപ്പെടേണ്ട യഹോവ നിങ്ങളോടൊപ്പമുണ്ട്!
നോബൽ സമ്മാന ജേതാവായ ഹാരോൾഡ് സി. യൂറേ 50-ലേറെ വർഷങ്ങൾക്കുമുമ്പ് ഭാവിയെപ്പറ്റി ഇപ്രകാരം പറയുകയുണ്ടായി: “നാം ഭയം ഭക്ഷിക്കും, ഭയന്നുറങ്ങും, ഭയത്തിൽ ജീവിക്കും, ഭയത്തിൽ മരിക്കും.” ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട് അധികം കഴിയുന്നതിനു മുമ്പാണ് ആണവശാസ്‌ത്രജ്ഞനായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ന് നമ്മുടെ ലോകം ഭയത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്; എന്തുകൊണ്ടെന്നാൽ ഭീകരപ്രവർത്തനം, പൈശാചികമായ കുറ്റകൃത്യങ്ങൾ, അജ്ഞാത രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വാർത്തകൾ വർത്തമാനപത്രങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെടുന്നു.
ഇത്തരം അവസ്ഥകൾ എന്താണു സൂചിപ്പിക്കുന്നതെന്നു ക്രിസ്‌ത്യാനികളായ നമുക്ക് അറിയാം. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു നാം ജീവിക്കുന്നതെന്ന് അവ സാക്ഷ്യപ്പെടുത്തുന്നു. ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ പ്രകാരം ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങൾ അന്ത്യനാളുകളുടെ പ്രത്യേകതയാണ്. (2 തിമൊഥെയൊസ് 3:1) പെട്ടെന്നുതന്നെ യഹോവയാം ദൈവം നീതി വസിക്കുന്ന പുതിയ ലോകം ആനയിക്കുമെന്നുള്ള നമ്മുടെ വിശ്വാസം അങ്ങനെ ബലിഷ്‌ഠമാകുന്നു. (2 പത്രൊസ് 3:13) എന്നിരുന്നാലും ആ സമയംവരെ നാം ഭയത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കുമോ?
ദൈവദാസന്മാർ ഭയത്തെ വീക്ഷിക്കുന്നത് എങ്ങനെ?
അപകടകരമായ സാഹചര്യങ്ങളെ നേരിട്ടപ്പോൾ ഒരു പരിധിവരെ ഭയത്തിനു വശംവദരായ യഹോവയുടെ ചില ദാസന്മാരാണ് യാക്കോബും ദാവീദും ഏലീയാവും. (ഉല്‌പത്തി 32:6, 7; 1 ശമൂവേൽ 21:11, 12; 1 രാജാക്കന്മാർ 19:2, 3) വിശ്വാസം ഇല്ലായിരുന്നതുകൊണ്ടല്ല അവർക്ക് അങ്ങനെ സംഭവിച്ചത്. യഹോവയിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ച വ്യക്തികളായിരുന്നു അവർ. പക്ഷേ അവർ മനുഷ്യരായിരുന്നു, അതുകൊണ്ടുതന്നെ ഭയത്തിനു വശംവദരുമായി. “ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു” എന്ന് ശിഷ്യനായ യാക്കോബ് എഴുതി.—യാക്കോബ് 5:17.
ഇപ്പോൾത്തന്നെ നേരിടുന്നതോ ഭാവിയിൽ അഭിമുഖീകരിച്ചേക്കാവുന്നതോ ആയ ഒരു പ്രശ്‌നത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഭയം നമ്മെയും പിടികൂടിയേക്കാം. അത് സ്വാഭാവികമാണ്. “ദൈവകല്‌പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ”വരോടു “യുദ്ധം ചെയ്‌വാൻ” പിശാചായ സാത്താൻ നിശ്ചയിച്ചുറച്ചിരിക്കുകയാണെന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 12:17) ഈ വാക്കുകൾ അഭിഷിക്ത ക്രിസ്‌ത്യാനികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, പൗലൊസ് ഇപ്രകാരം എഴുതി: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ് 3:12) എന്നിരുന്നാലും, പ്രശ്‌നങ്ങൾ നേരിടുമ്പോൾ ഭയം നമ്മെ തളർത്തേണ്ടതില്ല. എന്തുകൊണ്ട്?
“രക്ഷയുടെ ദൈവം”
സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്.” (സങ്കീർത്തനം 68:20, പി.ഒ.സി. ബൈബിൾ) അപകടകരമായ സാഹചര്യങ്ങളിൽനിന്നു വിടുവിക്കുകയോ സഹിച്ചുനിൽക്കാനുള്ള ശക്തി നൽകുകയോ ചെയ്‌തുകൊണ്ട് തന്റെ ജനത്തെ രക്ഷിക്കാൻ തനിക്കു പ്രാപ്‌തിയുണ്ടെന്ന് യഹോവ ആവർത്തിച്ചു പ്രകടമാക്കി. (സങ്കീർത്തനം 34:17; ദാനീയേൽ 6:22; 1 കൊരിന്ത്യർ 10:13) ബൈബിൾ പഠനത്തിൽനിന്ന്, യഹോവയുടെ ഏതെല്ലാം ‘രക്ഷാപ്രവൃത്തികൾ’ നിങ്ങൾ ഓർക്കുന്നുണ്ട്?
നോഹയുടെ നാളിലെ ആഗോള പ്രളയം, സൊദോമിന്റെയും ഗോമോരയുടെയും നാശത്തിൽനിന്ന് ലോത്തും അവന്റെ പെൺമക്കളും വിടുവിക്കപ്പെട്ടത്, ഇസ്രായേല്യരുടെ ഈജിപ്‌തിൽനിന്നുള്ള പുറപ്പാട്, അവർ ചെങ്കടൽ കുറുകെ കടന്നത്, യഹൂദരെ നശിപ്പിക്കാനുള്ള ഹാമാന്റെ വിഫലശ്രമം എന്നിങ്ങനെയുള്ള യഥാർഥ സംഭവങ്ങളെപ്പറ്റി വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) * ഉപയോഗിച്ച് ഗവേഷണം നടത്തരുതോ? ആവേശകരമായ ഇത്തരം വിവരണങ്ങൾ വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും യഹോവ രക്ഷയുടെ ദൈവമാണെന്നുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തും. വിശ്വാസത്തിന്റെ പരിശോധനകളെ നിർഭയം നേരിടാൻ അതു നിങ്ങളെ പ്രാപ്‌തരാക്കും.
ആധുനിക ദൃഷ്ടാന്തങ്ങൾ
നിങ്ങളുടെ പ്രദേശത്തുള്ള, സഹിഷ്‌ണുത പ്രകടമാക്കിയിരിക്കുന്ന വ്യക്തികളെ നിങ്ങൾക്ക് അറിയാമോ? യഹോവയോടുള്ള വിശ്വസ്‌തത നിമിത്തം തടവിൽ കഴിയേണ്ടിവന്ന ആരെങ്കിലുമായിരിക്കാം അത്. ആരോഗ്യം മോശമാണെങ്കിലും യഹോവയെ സേവിക്കുന്ന പ്രായംചെന്ന ഒരു ക്രിസ്‌ത്യാനിയെ നിങ്ങൾക്ക് അറിയാമായിരിക്കാം. അല്ലെങ്കിൽ, സഹപാഠികളിൽനിന്നു വളരെയധികം
സമ്മർദമുണ്ടായിട്ടും ലോകത്തിൽനിന്നു വേറിട്ടു നിൽക്കുന്ന യുവജനങ്ങളെക്കുറിച്ചു ചിന്തിക്കുക. കൂടാതെ, ഇണയുടെ സഹായമില്ലാതെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നവരോ ഏകാന്തത അനുഭവപ്പെടുന്നെങ്കിലും യഹോവയെ സേവിക്കുന്ന അവിവാഹിതരായ വ്യക്തികളോ നിങ്ങളുടെ മനസ്സിൽ കടന്നുവന്നേക്കാം. ഇവരെപ്പോലുള്ളവരിൽനിന്നു നിങ്ങൾ എന്താണു പഠിക്കുന്നത്? അവരുടെ വിശ്വസ്‌ത ഗതിയെക്കുറിച്ചു ചിന്തിക്കുന്നത് സഹിച്ചുനിൽക്കാനും ഏതു പരിശോധനകളെയും നിർഭയം നേരിടാനും നിങ്ങളെ സഹായിക്കും.എതിർപ്പും പീഡനവും നേരിടുമ്പോൾ മാത്രമല്ല, യഹോവയ്‌ക്ക് നമ്മോടുള്ള സ്‌നേഹം സംബന്ധിച്ച് നമുക്കു സംശയം തോന്നുമ്പോഴും ധൈര്യം ആവശ്യമാണ്. യേശുവിന്റെ മറുവില നമുക്ക് ഓരോരുത്തർക്കും വേണ്ടിയുള്ളതാണെന്ന ബോധ്യം നാം നട്ടുവളർത്തേണ്ടിയിരിക്കുന്നു. (ഗലാത്യർ 2:20) അപ്പോൾ അനുചിതമായ ഭയം ഇല്ലാതെ നമുക്ക് യഹോവയെ സമീപിക്കാൻ സാധിക്കും. യഹോവയുടെ സ്‌നേഹത്തിനു പാത്രമാകാൻ നാം അയോഗ്യരാണെന്നു തോന്നുന്നെങ്കിൽ തന്റെ അനുഗാമികളോടുള്ള യേശുവിന്റെ വാക്കുകളെക്കുറിച്ചു നമുക്കു ധ്യാനിക്കാവുന്നതാണ്: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.”—മത്തായി 10:29-31.
വെല്ലുവിളികളെ നിർഭയം നേരിട്ട ആധുനികകാലത്തെ യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകൾ കൂടെക്കൂടെ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ ദുരവസ്ഥയെപ്രതി നിഷേധാത്മകമായ വികാരങ്ങൾ അവർക്കുമുണ്ടായിരുന്നു. എന്നാൽ യഹോവയെ സേവിക്കുന്നതിൽനിന്നു തങ്ങളെ തടയാൻ അവർ അത്തരം വികാരങ്ങളെ അനുവദിച്ചില്ല. അവരുടെ പ്രസിദ്ധീകരിച്ചുവന്ന അനുഭവകഥകൾ നിർഭയം സഹിച്ചുനിൽക്കാൻ നിങ്ങളെയും സഹായിക്കും. രണ്ട് ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ഒരു അപകടം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു
2003 ഏപ്രിൽ 22 ലക്കം ഉണരുക!യിൽ “ഒരു അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച വിധം” എന്ന ലേഖനം ഉണ്ടായിരുന്നു. അതിവേഗത്തിൽ ഓടിച്ചുപോയ ഒരു വാഹനം ഇടിച്ചതുനിമിത്തം തനിക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് കെനിയയിലെ യഹോവയുടെ സാക്ഷികളിൽ ഒരാളായ സ്റ്റാൻലി ഒമ്‌ബെവാ ആ ലേഖനത്തിൽ വിവരിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ അദ്ദേഹത്തിനു ജോലിയും എല്ലാവിധ ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. ഒമ്‌ബെവാ സഹോദരൻ തന്റെ വിവരണത്തിൽ പറയുന്നു, “എന്റെ അവസ്ഥ എത്ര ഗുരുതരമാണെന്നു ക്രമേണ മനസ്സിലാക്കിയപ്പോൾ നിഷേധാത്മക വികാരങ്ങൾ എന്നെ കീഴ്‌പെടുത്തിയെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഞാൻ പെട്ടെന്ന് അസ്വസ്ഥനാകുകയും എന്നെ കുറിച്ചു മാത്രം ചിന്തിക്കാൻ തുടങ്ങുകയും ചെയ്‌തു. ചിലപ്പോഴൊക്കെ തൊട്ടതിനും പിടിച്ചതിനും എല്ലാം ഞാൻ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു.” ഈ അഗ്നിപരീക്ഷയുടെ നടുവിലും അദ്ദേഹം നിർഭയനായി നിലകൊണ്ടു. തന്നെ പൂർണമായി കീഴ്‌പെടുത്താൻ നിരുത്സാഹത്തെ അനുവദിക്കുന്നതിനു പകരം അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. അദ്ദേഹം പറയുന്നു, “എന്റെ യാതനകളിലെല്ലാം യഹോവ എന്നെ താങ്ങി. ചിലപ്പോൾ എന്റെ പ്രതികരണത്തിൽ എനിക്കുതന്നെ ലജ്ജ തോന്നുംവിധം അത്രയധികമായിരുന്നു യഹോവയുടെ കരുതൽ. ഈ ദുർഘട സാഹചര്യത്തിൽ എനിക്ക് ആശ്വാസം പകരുമെന്ന് അറിയാമായിരുന്ന തിരുവെഴുത്തുകൾ വായിക്കാനും ധ്യാനിക്കാനും ഞാൻ തീരുമാനിച്ചു.”
പരിശോധനകൾ നിർഭയം സഹിച്ചുനിൽക്കാൻ ഒമ്‌ബെവാ സഹോദരന്റെ വിവരണം മറ്റു പലരെയും സഹായിച്ചു. ഒരു ക്രിസ്‌തീയ സഹോദരി എഴുതി, “ഈ ലേഖനം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. ഇതിലൂടെ യഹോവ എന്നെ ആശ്വസിപ്പിക്കുന്നതായും ആർദ്രതയും സ്‌നേഹപൂർവകമായ കരുതലും പ്രകടമാക്കുന്നതായും എനിക്കു തോന്നി.” മറ്റൊരു സാക്ഷി എഴുതി: “സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും നിശ്ശബ്ദം എല്ലാം സഹിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഇത്തരം ലേഖനങ്ങൾ അങ്ങേയറ്റം പ്രോത്സാഹനം പകരുന്നു.”
വൈകാരിക പ്രശ്‌നങ്ങൾ തരണംചെയ്യുന്നു
മറ്റൊരു ഹൃദയസ്‌പർശിയായ അനുഭവം ഹെർബർട്ട് ജനിങ്‌സിന്റേതാണ്. “നാളെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളത് ആയിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ” * എന്ന ലേഖനത്തിൽ അദ്ദേഹം അതു വിവരിക്കുന്നു. ജനിങ്‌സ് സഹോദരൻ വിഷാദോന്മാദ രോഗവുമായാണു മല്ലിടുന്നത്. രോഗത്തിന്റെ ആരംഭദശയെക്കുറിച്ച് അദ്ദേഹം പറയുന്നു: “ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതു പോലും വലിയ വെല്ലുവിളി ആയിത്തീർന്നു. എന്നിരുന്നാലും, ആത്മീയ സഹവാസത്തിന്റെ മൂല്യത്തെ കുറിച്ച് എനിക്കു നല്ല ബോധ്യം ഉണ്ടായിരുന്നു. പ്രശ്‌നങ്ങളെ തരണം ചെയ്യാൻ, രാജ്യഹാളിൽ എല്ലാവരും ഇരുന്ന ശേഷമാണ് മിക്കപ്പോഴും ഞാൻ ഹാളിൽ പ്രവേശിച്ചിരുന്നത്. യോഗം അവസാനിച്ച ശേഷം സഹോദരങ്ങൾ കൂട്ടംകൂടി സംസാരിക്കുന്നതിനു മുമ്പ് ഹാളിൽനിന്നു പോരുകയും ചെയ്യുമായിരുന്നു.”
പ്രസംഗവേലയിൽ ഏർപ്പെടുന്നതും ഒരു വെല്ലുവിളിയായിരുന്നു. ജനിങ്‌സ് സഹോദരൻ വിവരിക്കുന്നു, “ചിലപ്പോഴൊക്കെ ഒരു വീട്ടുവാതിൽക്കൽ ഡോർബെൽ അമർത്താൻപോലും എനിക്കു ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും ഞാൻ പിന്മാറിയില്ല. കാരണം, ശുശ്രൂഷ നമുക്കും നമ്മുടെ സന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്നവർക്കും രക്ഷ കൈവരുത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. (1 തിമൊഥെയൊസ് 4:16) കുറച്ചു സമയത്തിനുശേഷം, വികാരങ്ങളെ നിയന്ത്രിക്കാനും അടുത്ത വീട്ടിൽ ചെന്ന് സുവാർത്ത പറയാനും ഞാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ ശുശ്രൂഷയിൽ തുടർന്നു പങ്കുപറ്റിയതിന്റെ ഫലമായി നല്ല ആത്മീയ ആരോഗ്യം നിലനിറുത്താനും അങ്ങനെ പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള ബലം നേടാനും എനിക്കു സാധിച്ചു.”
ജനിങ്‌സ് സഹോദരന്റെ വിവരണം, അദ്ദേഹത്തെപ്പോലെ നിർഭയമായി തങ്ങളുടെ പ്രശ്‌നങ്ങളെ നേരിടാൻ പല വായനക്കാരെയും സഹായിച്ചു. ഉദാഹരണത്തിന് ഒരു ക്രിസ്‌തീയ സഹോദരി എഴുതി: “ഞാൻ വീക്ഷാഗോപുരം, ഉണരുക! മാസികകൾ വായിക്കാൻ തുടങ്ങിയിട്ട് 28 വർഷമായി. ഈ കാലത്തിനിടയ്‌ക്കു മറ്റൊരു ലേഖനവും ഇതുപോലെ എന്നെ ആഴത്തിൽ സ്‌പർശിച്ചിട്ടില്ല. മുഴുസമയ ശുശ്രൂഷയിൽ തുടരാനാകാതെ വന്നപ്പോൾ എനിക്ക് അങ്ങേയറ്റം കുറ്റബോധം തോന്നി, കാരണം കൂടുതൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ തുടരാനാകുമായിരുന്നെന്നു ഞാൻ ചിന്തിച്ചു. ചികിത്സയ്‌ക്കു പോകേണ്ടിയിരുന്നതിനാൽ ജനിങ്‌സ് സഹോദരനു നിയമനം ഒഴിയേണ്ടിവന്നെന്നു വായിച്ചത് എന്റെ സാഹചര്യത്തെ സമനിലയോടെ വീക്ഷിക്കാൻ എന്നെ സഹായിച്ചു. ഇതു ശരിക്കും എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായിരുന്നു!”
സമാനമായി ഒരു ക്രിസ്‌തീയ സഹോദരനും എഴുതി: “പത്തു വർഷം സഭയിൽ മൂപ്പനായി സേവിച്ചശേഷം, ഒരു മാനസിക രോഗം നിമിത്തം എനിക്കു നിയമനം ഒഴിയേണ്ടിവന്നു. എനിക്ക് അങ്ങേയറ്റം അപര്യാപ്‌തതാബോധം തോന്നിയിരുന്നതുകൊണ്ട് യഹോവയുടെ ജനത്തിന്റെ അസാധാരണ നേട്ടങ്ങൾ വിവരിക്കുന്ന ജീവിതകഥകൾ മിക്കപ്പോഴും ഞാൻ വായിക്കുമായിരുന്നില്ല. പക്ഷേ ജനിങ്‌സ് സഹോദരന്റെ സഹിഷ്‌ണുത എനിക്കു പ്രോത്സാഹനമേകി. എത്ര തവണ ഞാൻ ആ ജീവിതകഥ വായിച്ചെന്നോ!”
നിർഭയം മുന്നോട്ട്
ഒമ്‌ബെവാ, ജനിങ്‌സ് എന്നീ സഹോദരന്മാരെപ്പോലെ യഹോവയുടെ സാക്ഷികളായ മറ്റനേകം പേർ പ്രയാസ സാഹചര്യങ്ങളിലും നിർഭയം യഹോവയാം ദൈവത്തെ ആരാധിക്കുന്നതിൽ തുടരുന്നു. അവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്ന് ഉറപ്പുണ്ടായിരിക്കുക.—എബ്രായർ 6:10.
ശത്രുക്കളെ കീഴ്‌പെടുത്താൻ യഹോവ പുരാതന കാലത്തെ തന്റെ വിശ്വസ്‌ത ജനത്തെ സഹായിച്ചതുപോലെ നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു പ്രശ്‌നവും വിജയകരമായി തരണംചെയ്യാൻ തക്കവണ്ണം നിങ്ങളെ സഹായിക്കാനും അവനു കഴിയും. അതുകൊണ്ട്, യെശയ്യാ പ്രവാചകനിലൂടെ യഹോവ പറഞ്ഞത് മനസ്സിൽ പിടിക്കുക: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 41:10.
[അടിക്കുറിപ്പുകൾ]
^ ഖ. 9 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 18 2000 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-8 പേജുകൾ കാണുക.
[16-ാം പേജിലെ ചിത്രങ്ങൾ]
സ്റ്റാൻലി ഒമ്‌ബെവായെയും (മുകളിൽ) ഹെർബർട്ട് ജനിങ്‌സിനെയും (വലത്ത്) പോലെ അനേകർ നിർഭയം യഹോവയെ സേവിക്കുന്നു
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
USAF photo