കുട്ടികൾക്കു കൂട്ടിനു ടെലിവിഷനോ?
കുട്ടികൾക്കു കൂട്ടിനു ടെലിവിഷനോ?
കുട്ടികളെ ടെലിവിഷനു മുന്നിലിരുത്തിയിട്ട് വീട്ടുജോലികൾ ചെയ്യുകയെന്ന ആശയം വളരെ ആകർഷകമായി തോന്നിയേക്കാം. എന്നാൽ ഇതു നിങ്ങളുടെ കുട്ടികളെ എങ്ങനെ ബാധിച്ചേക്കാം?
“ടെലിവിഷൻ സ്‌ക്രീനിൽ മിന്നിമറയുന്ന വികാരമുണർത്തുന്ന രംഗങ്ങൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലും ബാധിച്ചേക്കാം” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അടുത്തയിടെ ഒരു വയസ്സുള്ള കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പഠനം നടത്തുകയുണ്ടായി. ഒരു നടി വ്യത്യസ്‌ത വിധങ്ങളിൽ ഒരു കളിപ്പാട്ടത്തോടു പ്രതികരിക്കുന്ന ഹ്രസ്വമായ ടെലിവിഷൻ രംഗങ്ങൾ കുഞ്ഞുങ്ങളെ കാണിച്ചു. “നടി കളിപ്പാട്ടം കണ്ട് പേടിക്കുന്നതായി അഭിനയിച്ചപ്പോൾ കുഞ്ഞുങ്ങൾ അത് ഉപയോഗിച്ച് കളിക്കാൻ വിസമ്മതിച്ചു. മാത്രവുമല്ല, കുട്ടികൾ സങ്കടപ്പെടാനോ നെറ്റിചുളിക്കാനോ കരയാനോ ഒക്കെ തുടങ്ങി. നടി കളിപ്പാട്ടത്തോട് ഉത്സാഹത്തോടെ പ്രതികരിച്ചപ്പോൾ കുഞ്ഞുങ്ങൾ അതുകൊണ്ട് കളിക്കാൻ താത്‌പര്യം കാണിച്ചു,” ടൈംസ് പറയുന്നു.
ടെലിവിഷന് കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്താനാകുമെന്നു വ്യക്തം. എന്നാൽ തുടർച്ചയായി ടിവി കാണുന്നത് എന്തു ഫലമാണ് ഉളവാക്കുന്നത്? ജപ്പാനിലെ കുറാഷികിയിലുള്ള കാവാസാകി മെഡിക്കൽ കോളെജിലെ ബാലചികിത്സാവിഭാഗത്തിലെ പ്രൊഫസറായ ഡോ. നാവോക്കി കാറ്റാവോക്കാ, മുഖത്ത് കാര്യമായ ഭാവഭേദങ്ങളൊന്നും ഇല്ലാത്ത അങ്ങേയറ്റം ശാന്തരായ നിരവധി കുട്ടികളെ നിരീക്ഷിക്കുകയുണ്ടായി. ഇവരെല്ലാം വളരെക്കാലം ടിവിയോ വീഡിയോയോ വീക്ഷിച്ചിരുന്നവരായിരുന്നു. രണ്ടുവയസ്സുള്ള ഒരു ആൺകുട്ടിക്കാണെങ്കിൽ മറ്റുള്ളവരുമായി സംസാരിക്കാൻ കഴിയില്ലായിരുന്നു. മാത്രമല്ല, വളരെ കുറച്ചുവാക്കുകളേ അവന് അറിയാമായിരുന്നുള്ളൂ. ഒരു വയസ്സുള്ളപ്പോൾ മുതൽ ദിവസവും രാവിലെ തുടങ്ങി വൈകുന്നേരം വരെ അവൻ വീഡിയോ കാണുമായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം അവന്റെ അമ്മ, അവനെ വീഡിയോ കാണിക്കുന്നതു നിറുത്തുകയും അവനോടൊപ്പം കളികളിൽ ഏർപ്പെടുകയും ചെയ്‌തു. അതോടെ അവൻ കൂടുതൽ വാക്കുകൾ പഠിക്കാൻ തുടങ്ങി. അതേ, മാതാപിതാക്കൾ കുട്ടികളുമായി അടുത്തിടപഴകുകതന്നെ വേണം.
കുടുംബ ക്രമീകരണത്തിന്റെ ഉപജ്ഞാതാവായ യഹോവയാം ദൈവം മാതാപിതാക്കൾക്ക് കുട്ടികളുമായി ഇടപഴകാൻ കഴിയുന്ന ഏറ്റവും മെച്ചമായ ഒരു വിധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. വളരെക്കാലം മുമ്പ് അവൻ തന്റെ ജനത്തോട് ഇപ്രകാരം പറഞ്ഞു: “നീ അവയെ [ദൈവത്തിന്റെ വചനങ്ങളെ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:7) കുട്ടികളെ വാക്കിനാലും മാതൃകയാലും ഏറ്റവും നന്നായി അതായത്, അവർ “നടക്കേണ്ടുന്ന വഴിയിൽ” നടത്താൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്, ടെലിവിഷനല്ല.—സദൃശവാക്യങ്ങൾ 22:6.