വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പരസംഗത്തിലോ അഴിഞ്ഞനടത്തയിലോ ഏർപ്പെടുന്ന ഒരു വ്യക്തിയുടെ കാര്യത്തിലെന്നപോലെ അശുദ്ധ നടപടികളിൽ ഉൾപ്പെടുന്ന ഒരു വ്യക്തിയെ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കാൻ കഴിയുമോ?
കഴിയും. ഒരു വ്യക്തി പരസംഗത്തിലോ ചില തരത്തിലുള്ള അശുദ്ധ നടപടികളിലോ അഴിഞ്ഞനടത്തയിലോ അനുതാപമില്ലാതെ തുടരുന്നെങ്കിൽ ആ വ്യക്തിയെ സഭയിൽനിന്നു പുറത്താക്കാൻ സാധിക്കും. അപ്പൊസ്തലനായ പൗലൊസ് മേൽപ്പറഞ്ഞ മൂന്നു പാപങ്ങളെയും പുറത്താക്കലിന് ഇടയാക്കുന്ന മറ്റു പാപങ്ങൾക്കൊപ്പമാണു പരാമർശിക്കുന്നത്. അവൻ എഴുതി: “ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു [“പരസംഗം,” NW], അശുദ്ധി, ദുഷ്കാമം [“അഴിഞ്ഞനടത്ത,” NW] . . . മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.”—ഗലാത്യർ 5:19-21.
പരസംഗം (ഗ്രീക്ക്, പോർണിയ): തിരുവെഴുത്തധിഷ്ഠിതമായ വിവാഹത്തിനു പുറത്തുള്ള, അവിഹിതമായ ലൈംഗിക ബന്ധങ്ങളെയാണ് ഇത് അർഥമാക്കുന്നത്. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, അധരസംഭോഗം, ഗുദസംഭോഗം, വിവാഹബന്ധത്തിനു പുറത്തുള്ള ഒരാളുടെ ലൈംഗികാവയവം ഉത്തേജിപ്പിക്കൽ എന്നിവയെല്ലാം
അതിൽ ഉൾപ്പെടുന്നു. അനുതാപരഹിതമായി പരസംഗം ചെയ്യുന്നതിൽ തുടരുന്ന ഒരു വ്യക്തിക്കു ക്രിസ്തീയ സഭയിലെ അംഗമായിരിക്കാൻ യോഗ്യതയില്ല.അഴിഞ്ഞനടത്ത (ഗ്രീക്ക്, അസെൽജിയ): “ഭോഗാസക്തി; താന്തോന്നിത്തരം; നിർലജ്ജമായ നടത്ത; കാമവിലാസം” എന്നെല്ലാമാണ് ഇതിന്റെ അർഥം. ഈ ഗ്രീക്കു പദത്തെ “അനിയന്ത്രിതമായ തൃഷ്ണ, . . . ആഭാസം, നിർലജ്ജത, ധാർഷ്ട്യം” എന്നൊക്കെയാണ് ന്യൂ തായേഴ്സ് ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ നിർവചിക്കുന്നത്. മറ്റൊരു നിഘണ്ടു അനുസരിച്ച് “സാമൂഹികമായി സ്വീകാര്യമായിരിക്കുന്ന കാര്യങ്ങളുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന” സ്വഭാവരീതിയാണ് അഴിഞ്ഞനടത്ത.
ഈ നിർവചനങ്ങളനുസരിച്ച് “അഴിഞ്ഞനടത്ത”യിൽ രണ്ടു കാര്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്: (1) ആ നടത്ത ദൈവിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്; (2) ദുഷ്പ്രവൃത്തിക്കാരന്റെ മനോഭാവം അനാദരവും ധാർഷ്ട്യവും നിറഞ്ഞതാണ്.
അതുകൊണ്ട് നിസ്സാരമായ ഒരു തെറ്റിനെയല്ല “അഴിഞ്ഞനടത്ത” അർഥമാക്കുന്നത്. മറിച്ച്, ദൈവിക നിയമങ്ങളുടെ ഗുരുതരമായ ലംഘനവും ധിക്കാരത്തിന്റേതോ കടുത്ത പുച്ഛത്തിന്റേതോ ആയ മനോഭാവവുമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്—അധികാരസ്ഥാനങ്ങളോടും നിയമങ്ങളോടും നിലവാരങ്ങളോടുമുള്ള അനാദരവും കടുത്ത അവജ്ഞപോലും അതിൽ പ്രകടമായിരിക്കും. പൗലൊസ് അഴിഞ്ഞനടത്തയെ നിയമവിരുദ്ധ ലൈംഗികവേഴ്ചയ്ക്കൊപ്പം പരാമർശിക്കുന്നു. (റോമർ 13:13, 14) ഒരുവനെ ദൈവരാജ്യത്തിന് അയോഗ്യനാക്കിയേക്കാവുന്ന വിവിധ പാപപ്രവൃത്തികൾക്കൊപ്പമാണു ഗലാത്യർ 5:19-21 അഴിഞ്ഞനടത്തയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിനാൽ അഴിഞ്ഞനടത്ത, ശാസന നൽകുന്നതിനോ ഒരുപക്ഷേ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കുന്നതിനോ മതിയായ കാരണമാണ്.
അശുദ്ധി (ഗ്രീക്ക്, അകാതാർസിയ): “പരസംഗം,” “അശുദ്ധി,” “അഴിഞ്ഞനടത്ത” എന്നിവയ്ക്കുള്ള ഗ്രീക്കു പദങ്ങളിൽ ഏറ്റവും വിശാലമായ അർഥമുള്ളത് അകാതാർസിയയ്ക്കാണ്. ലൈംഗികത, സംഭാഷണം, നടത്ത, മതാചാരം എന്നീ കാര്യങ്ങളിൽ ഏതിലെങ്കിലുമുള്ള അശുദ്ധിയെ അർഥമാക്കാൻ അതിനു കഴിയും. “അശുദ്ധി”യിൽ വിവിധ തരത്തിലുള്ള ഗുരുതരമായ പാപങ്ങൾ ഉൾപ്പെടുന്നു.
“പാപംചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പു [പരസംഗം], ദുഷ്കാമം [അഴിഞ്ഞനടത്ത] എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു” എന്ന് 2 കൊരിന്ത്യർ 12:21-ൽ പൗലൊസ് എഴുതി. ഇവിടെ “അശുദ്ധി”യെ “പരസംഗ”ത്തോടും “അഴിഞ്ഞനടത്ത”യോടുമൊപ്പം പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ചില തരത്തിലുള്ള അശുദ്ധി നീതിന്യായ നടപടികൾ ആവശ്യമാക്കിത്തീർത്തേക്കാം എന്നതു വ്യക്തമാണ്. എന്നാൽ അശുദ്ധി എന്ന പദത്തിന് വിശാലമായ ഒരു അർഥമുള്ളതിനാൽ നീതിന്യായ നടപടികൾ ആവശ്യമില്ലാത്ത സംഗതികളും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വീട് കുറെയൊക്കെ വൃത്തികേടായിക്കിടക്കുന്നതും മുഴുവൻ വൃത്തികേടായിക്കിടക്കുന്നതും തമ്മിൽ വ്യത്യാസമുള്ളതുപോലെ അശുദ്ധിയുടെ കാര്യത്തിലും ഏറ്റക്കുറച്ചിലുകളുണ്ട്.
എഫെസ്യർ 4:19-ൽ തന്റെ നാളിലെ “മനം തഴമ്പിച്ചുപോയ” ചിലർ “അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു [“അഴിഞ്ഞനടത്ത,” NW] തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു” എന്നു പൗലൊസ് പറയുകയുണ്ടായി. അങ്ങനെ അവൻ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധിയെ’ അഴിഞ്ഞനടത്തയുടെ ഗണത്തിൽപ്പെടുത്തുന്നു. സ്നാപനമേറ്റ ഒരു വ്യക്തി അനുതാപരഹിതമായി ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധി’യിൽ തുടരുന്നെങ്കിൽ ആ വ്യക്തിയെ ഗുരുതരമായ അശുദ്ധിയുടെ അടിസ്ഥാനത്തിൽ സഭയിൽനിന്നു പുറത്താക്കാൻ സാധിക്കും.
വിവാഹനിശ്ചയം കഴിഞ്ഞ ഒരു ദമ്പതി ലൈംഗികബന്ധത്തിനുള്ള ശക്തമായ ആഗ്രഹം ജനിപ്പിക്കാവുന്ന രീതിയിൽ കെട്ടിപ്പിടിക്കുന്നതിലും ചുംബിക്കുന്നതിലുമൊക്കെ പലതവണ ഏർപ്പെട്ടു എന്നു കരുതുക. അഴിഞ്ഞനടത്തയെക്കുറിക്കുന്ന ധിക്കാര മനോഭാവം ഈ വ്യക്തികൾ കാണിച്ചിട്ടില്ലെങ്കിലും അവരുടെ പ്രവൃത്തിയിൽ അത്യാഗ്രഹം ഒരളവോളം ഉൾപ്പെട്ടിട്ടുള്ളതായി മൂപ്പന്മാർ കണ്ടെത്തിയേക്കാം. അതുകൊണ്ട് ഗുരുതരമായ അശുദ്ധിയുടെ അടിസ്ഥാനത്തിൽ അവർ നീതിന്യായ നടപടികൾ സ്വീകരിച്ചേക്കാം. ടെലിഫോണിലൂടെ മറ്റൊരു വ്യക്തിയുമായി ലൈംഗികച്ചുവയുള്ള സംഭാഷണത്തിൽ നിരന്തരം ഏർപ്പെടുന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ, വിശേഷാൽ മുമ്പ് അദ്ദേഹത്തിനു ബുദ്ധിയുപദേശം ലഭിച്ചിട്ടുണ്ടെങ്കിൽ, ഗുരുതരമായ അശുദ്ധിയുടെ അടിസ്ഥാനത്തിൽ ആ കേസ് കൈകാര്യം ചെയ്യാനാകും.
ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ മൂപ്പന്മാർ നല്ല വിവേചന പ്രകടമാക്കണം. നീതിന്യായ നടപടി ആവശ്യമുണ്ടോയെന്നു തീരുമാനിക്കാൻ, വ്യക്തി എന്താണു ചെയ്തതെന്നും അത് ഏതളവോളം ചെയ്തുവെന്നും അവർ ശ്രദ്ധാപൂർവം പരിശോധിക്കണം. തിരുവെഴുത്തു ബുദ്ധിയുപദേശം സ്വീകരിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആരെയും അഴിഞ്ഞനടത്തയുടെ പേരിൽ കുറ്റംവിധിക്കാനാവില്ല; ഒരു വ്യക്തി ഒരു തെറ്റ് എത്ര തവണ ആവർത്തിക്കുന്നുവെന്നതും ഒരു നീതിന്യായ നടപടി ആവശ്യമാണോയെന്നു തീരുമാനിക്കുന്നതിന്റെ അടിസ്ഥാനമാകരുത്. ഓരോ സാഹചര്യവും മൂപ്പന്മാർ പ്രാർഥനയോടെ ശ്രദ്ധാപൂർവം വിലയിരുത്തണം. എന്തു സംഭവിച്ചുവെന്നും എത്ര കൂടെക്കൂടെ അത് ആവർത്തിച്ചുവെന്നും, കൂടാതെ ദുഷ്പ്രവൃത്തിയുടെ സ്വഭാവവും വ്യാപ്തിയും, ദുഷ്പ്രവൃത്തിക്കാരന്റെ ലക്ഷ്യവും ആന്തരവും അവർ കണ്ടെത്തണം.
ലൈംഗിക പാപങ്ങൾ മാത്രമല്ല ഗുരുതരമായ അശുദ്ധിയുടെ പരിധിയിൽ വരുന്നത്. ഉദാഹരണത്തിന് സ്നാപനമേറ്റ ഒരു കുട്ടി ഒരു ചുരുങ്ങിയ കാലയളവിൽ ഏതാനും സിഗരറ്റ് വലിക്കുന്നു, തുടർന്ന് അക്കാര്യം മാതാപിതാക്കളോട് ഏറ്റുപറയുകയും ഇനിമേൽ അത് ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. അവൻ ചെയ്തത് അശുദ്ധിയുടെ ഗണത്തിൽപ്പെടുമെങ്കിലും 2 കൊരിന്ത്യർ 7:1) അനുതപിക്കുന്നില്ലെങ്കിൽ കുട്ടി സഭയിൽനിന്നു പുറത്താക്കപ്പെടും.
അത് ഗുരുതരമായ അശുദ്ധി അഥവാ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധി’ ആയിരുന്നില്ല. ഈ കേസിൽ, ഒന്നോ രണ്ടോ മൂപ്പന്മാർ കൊടുക്കുന്ന തിരുവെഴുത്തു ബുദ്ധിയുപദേശവും മാതാപിതാക്കളുടെ സഹായവും മതിയാകും. എന്നാൽ ഈ കുട്ടി നിരന്തരം പുകവലിക്കുകയാണങ്കിൽ അത് അറിഞ്ഞുകൊണ്ട് ശരീരത്തെ ദുഷിപ്പിക്കുന്ന ഒരു പ്രവൃത്തി ആയതിനാൽ ഗുരുതരമായ അശുദ്ധിയുടെ ഈ കേസു കൈകാര്യം ചെയ്യാൻ ഒരു നീതിന്യായക്കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. (അശ്ലീല ചിത്രങ്ങൾ കാണുന്നതിൽ ചില ക്രിസ്ത്യാനികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ദൈവത്തിനെതിരെയുള്ള പാപമാണ്, ഒരു സഹവിശ്വാസി ഇതു ചെയ്തുവെന്നറിയുന്നത് മൂപ്പന്മാരെ ഞെട്ടിച്ചേക്കാം. എന്നാൽ അശ്ലീല ചിത്രങ്ങൾ കാണുന്ന എല്ലാ കേസുകളിലും നീതിന്യായക്കമ്മിറ്റി ആവശ്യമായിവരുന്നില്ല. ഉദാഹരണത്തിന് ഒരു സഹോദരൻ, അത്ര നഗ്നമായ രംഗങ്ങളില്ലാത്ത അശ്ലീല ചിത്രങ്ങൾ പലതവണ വീക്ഷിച്ചുവെന്നു കരുതുക. ചെയ്തതു സംബന്ധിച്ച് ലജ്ജ തോന്നിയ അദ്ദേഹം ഒരു മൂപ്പനോട് അത് ഏറ്റുപറഞ്ഞ് ഇനിമേൽ അത് ആവർത്തിക്കുകയില്ലെന്നു ദൃഢനിശ്ചയം ചെയ്യുന്നു. സഹോദരന്റെ പ്രവൃത്തി ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധി’യുടെ അളവോളം പോയിട്ടില്ലന്നു മൂപ്പൻ ഉചിതമായി നിർണയിച്ചേക്കാം; അഴിഞ്ഞനടത്തയെ സൂചിപ്പിക്കുന്ന ധിക്കാര മനോഭാവം അദ്ദേഹം പ്രകടിപ്പിച്ചിട്ടുമില്ല. ഇത്തരത്തിലുള്ള അശുദ്ധി ഒരു നീതിന്യായ നടപടി ആവശ്യമാക്കിത്തീർക്കുന്നില്ലെങ്കിലും ശക്തമായ തിരുവെഴുത്തധിഷ്ഠിത ബുദ്ധിയുപദേശവും ഒരുപക്ഷേ മൂപ്പന്മാരുടെ തുടർച്ചയായ സഹായവും അദ്ദേഹത്തിന് ആവശ്യമാണ്.
എന്നാൽ ഒരു സഹോദരൻ അനേക വർഷങ്ങളായി, അധഃപതിപ്പിക്കുന്നതും വെറുക്കത്തക്കതുമായ അശ്ലീല ചിത്രങ്ങൾ രഹസ്യമായി കാണുകയും—അതിൽ ഒരുപക്ഷേ കൂട്ടബലാത്സംഗം, കെട്ടിയിട്ടുകൊണ്ടുള്ള ലൈംഗികവേഴ്ച, ലൈംഗികമായി പീഡിപ്പിച്ചു രസിക്കൽ, സ്ത്രീപീഡനം എന്നിവയും എന്തിന്, കുട്ടികളുമായുള്ള ലൈംഗിക ആഭാസവും ഉൾപ്പെട്ടേക്കാം—കൂടാതെ അത് മറച്ചുവെക്കാൻ കഴിയുന്നത്ര ശ്രമിക്കുകയും ചെയ്തുവെന്നു കരുതുക. എന്നാൽ താൻ ചെയ്തുകൊണ്ടിരുന്നത് മറ്റുള്ളവർ അറിയുമ്പോൾ അദ്ദേഹത്തിനു വളരെ ലജ്ജ തോന്നുന്നു. ഈ സഹോദരന്റെ മനോഭാവം ധിക്കാരപരമായ ഒന്നല്ലായിരിക്കാമെങ്കിലും അദ്ദേഹം ഈ അശുദ്ധ ശീലത്തിനു ‘തന്നെത്തന്നെ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നെന്നും’ ‘അത്യാഗ്രഹത്തോടെയുള്ള അശുദ്ധി’യിൽ അഥവാ ഗുരുതരമായ അശുദ്ധിയിൽ ഏർപ്പെടുന്നത് ഒരു ശീലമാക്കിയിരിക്കുന്നെന്നും മൂപ്പന്മാർ നിർണയിച്ചേക്കാം. അതുകൊണ്ട് ഗുരുതരമായ അശുദ്ധി ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരു നീതിന്യായക്കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. അശ്ലീലം വീക്ഷിക്കുന്ന ശീലം ഉപേക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട് ദൈവിക അനുതാപം പ്രകടിപ്പിച്ചിട്ടില്ലെങ്കിൽ ദുഷ്പ്രവൃത്തിക്കാരൻ സഭയിൽനിന്നു പുറത്താക്കപ്പെടും. എന്നാൽ ഈ വ്യക്തി മറ്റുള്ളവരെക്കൂടി തന്റെ വീട്ടിലേക്കു വിളിച്ച് അശ്ലീല ചിത്രങ്ങൾ കാണിച്ചിട്ടുണ്ടെങ്കിൽ, ഫലത്തിൽ ആ ശീലം ഉന്നമിപ്പിക്കുകയാണ് ചെയ്തത്. ഇത് അഴിഞ്ഞനടത്തയെ തിരിച്ചറിയിക്കുന്ന ധിക്കാരപരമായ ഒരു മനോഭാവത്തിന്റെ തെളിവായിരിക്കും.
“അഴിഞ്ഞനടത്ത” എന്ന പദം തിരുവെഴുത്തുകളിൽ എല്ലായ്പോഴും ഗുരുതരമായ പാപത്തെ—മിക്കപ്പോഴും ലൈംഗികതയോടു ബന്ധപ്പെട്ടുള്ളതിനെ—ആണ് അർഥമാക്കുന്നത്. ഒരാളുടെ പ്രവൃത്തി അഴിഞ്ഞനടത്തയാണോയെന്നു തീരുമാനിക്കേണ്ടിവരുമ്പോൾ, അതിൽ ധിക്കാര മനോഭാവം, വിഷയാസക്തി, മ്ലേച്ഛത, നിർലജ്ജത, മാന്യതയ്ക്കു നിരക്കാത്ത കാര്യങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടോയെന്നു മൂപ്പന്മാർ പരിശോധിക്കണം. നേരേമറിച്ച് യഹോവയുടെ നിയമങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഒരു വ്യക്തി ധിക്കാര മനോഭാവം പ്രകടിപ്പിച്ചിട്ടില്ലെങ്കിൽപ്പോലും അതിൽ “അത്യാഗ്രഹം” ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം. ഇതുപോലെയുള്ള കേസുകൾ, ഉൾപ്പെട്ടിരിക്കുന്ന ഗുരുതരമായ അശുദ്ധിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം.
ഒരു വ്യക്തിയുടെ അപരാധം ഗുരുതരമായ അശുദ്ധിയുടെയോ അഴിഞ്ഞനടത്തയുടെയോ അളവോളം പോയിട്ടുണ്ടോയെന്നു തീരുമാനിക്കുന്നത് ഗൗരവമുള്ള ഉത്തരവാദിത്വമാണ്, കാരണം വ്യക്തികളുടെ ജീവിതമാണ് ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അത്തരം കേസുകളിൽ ന്യായവിധി നടത്തുന്നവർ പ്രാർഥനാപൂർവംവേണം അതു ചെയ്യാൻ, വിവേകത്തിനും ഗ്രാഹ്യത്തിനും പരിശുദ്ധാത്മാവിനുംവേണ്ടി അവർ ദൈവത്തോട് അപേക്ഷിക്കണം. മൂപ്പന്മാർ സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കേണ്ട ആവശ്യമുണ്ട്. ദൈവവചനത്തിലും അതുപോലെതന്നെ വിശ്വസ്തനും വിവേകിയുമായ അടിമയുടെ മാർഗനിർദേശത്തിലും അധിഷ്ഠിതമായിരിക്കണം അവരുടെ ന്യായവിധി. (മത്തായി 18:18; 24:45) ഈ ദുഷ്ടനാളുകളിൽ മുമ്പെന്നത്തെക്കാളും അധികമായി മൂപ്പന്മാർ പിൻവരുന്ന വാക്കുകൾ മനസ്സിൽപ്പിടിക്കണം: “നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.”—2 ദിനവൃത്താന്തം 19:6.