വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളെ വളർത്തൽ—ആശ്രയയോഗ്യമായ മാർഗനിർദേശം

കുട്ടികളെ വളർത്തൽ—ആശ്രയയോഗ്യമായ മാർഗനിർദേശം

കുട്ടികളെ വളർത്തൽ—ആശ്രയയോഗ്യമായ മാർഗനിർദേശം

“എനിക്കന്ന്‌ പത്തൊമ്പതു വയസ്സ്‌. കുടുംബാംഗങ്ങളിൽനിന്നൊക്കെ അകലെയായിരുന്ന എനിക്ക്‌ എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നു. ഞാനാകെ പകച്ചുപോയി.” രൂത്ത്‌ തന്റെ ആദ്യ ഗർഭധാരണത്തെക്കുറിച്ചു പറഞ്ഞതാണിത്‌. കുടുംബത്തിലെ ഏക സന്താനമായിരുന്ന ആ യുവതി, ഒരു അമ്മയാകുന്നതിനെക്കുറിച്ചൊന്നും അങ്ങനെ ചിന്തിച്ചിരുന്നില്ല. ആശ്രയയോഗ്യമായ മാർഗനിർദേശം രൂത്തിന്‌ എവിടെനിന്നു ലഭിക്കുമായിരുന്നു?

എന്നാൽ, മുതിർന്ന രണ്ടു മക്കളുള്ള ജാൻ എന്ന ഒരു പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എനിക്ക്‌ ആദ്യം നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എങ്കിലും, പ്രായോഗിക ജ്ഞാനത്തിന്റെ അഭാവം തിരിച്ചറിയാൻ ഏറെ കാലതാമസം വേണ്ടിവന്നില്ല.” കുട്ടികളെ വളർത്തേണ്ട വിധം അറിയില്ലെന്നു വിചാരിക്കുകയോ കുട്ടികളെ വളർത്താൻ തുടങ്ങിയിട്ട്‌ ഇടയ്‌ക്കുവെച്ച്‌ അന്ധാളിച്ചുനിൽക്കുകയോ ചെയ്യുന്ന മാതാപിതാക്കൾക്ക്‌ സഹായം എവിടെനിന്നു ലഭിക്കും?

കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾക്കായി ഇന്റർനെറ്റിൽ പരതുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുവരുകയാണ്‌. എന്നാൽ, അത്തരം വിവരങ്ങൾ എത്രമാത്രം ആശ്രയയോഗ്യമാണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുന്നതിന്‌ ഈടുറ്റ കാരണമുണ്ട്‌. ഇന്റർനെറ്റിലൂടെ മാർഗനിർദേശം നൽകുന്നത്‌ ആരാണെന്ന്‌ നിങ്ങൾക്കു ശരിക്കും അറിയാമോ? തങ്ങളുടെതന്നെ കുട്ടികളെ വളർത്തുന്ന കാര്യത്തിൽ അവർ എത്രത്തോളം വിജയിച്ചിരിക്കുന്നു? സ്വന്തം കുടുംബത്തെ ബാധിക്കുന്ന കാര്യങ്ങളോടുള്ള ബന്ധത്തിൽ ഒന്നും അറിയാതെ എടുത്തുചാടാൻ നിങ്ങൾ ആഗ്രഹിക്കില്ല, ശരിയല്ലേ? മുൻലേഖനത്തിൽ കണ്ടതുപോലെ, വിദഗ്‌ധരുടെ ഉപദേശങ്ങൾപോലും പലപ്പോഴും പരാജയപ്പെടാറുണ്ട്‌. അതുകൊണ്ട്‌ ആരെയാണു നിങ്ങൾക്കു സമീപിക്കാനാകുക?

കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച ആത്യന്തികമായ മാർഗനിർദേശത്തിന്റെ ഉറവ്‌ കുടുംബത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവമാണ്‌. (എഫെസ്യർ 3:​14, 15) അവൻ മാത്രമാണ്‌ ഇക്കാര്യത്തിൽ യഥാർഥ വിദഗ്‌ധൻ. തന്റെ വചനമായ ബൈബിളിലൂടെ അവൻ ആശ്രയയോഗ്യവും പ്രായോഗികവും ഫലപ്രദവുമായ നിർദേശങ്ങൾ നൽകുന്നുണ്ട്‌. (സങ്കീർത്തനം 32:8; യെശയ്യാവു 48:17, 18) എന്നാൽ അത്‌ പ്രാവർത്തികമാക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്‌.

കാര്യഗൗരവവും ദൈവഭയവും ഉള്ള മുതിർന്നവരായിത്തീരാൻ മക്കളെ പരിശീലിപ്പിക്കവേ എന്തെല്ലാം പഠിക്കാൻ കഴിഞ്ഞു എന്ന്‌ പല മാതാപിതാക്കളോടു ചോദിക്കുകയുണ്ടായി. മുഖ്യമായും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതാണ്‌ തങ്ങളുടെ വിജയരഹസ്യം എന്നായിരുന്നു അവരുടെ മറുപടി. ബൈബിളിലെ മാർഗനിർദേശം അവ എഴുതപ്പെട്ട കാലത്തേതുപോലെതന്നെ ഇക്കാലത്തും ആശ്രയോഗ്യമാണെന്നാണ്‌ അവർക്കു മനസ്സിലാക്കാനായത്‌.

ഒരുമിച്ചു സമയം ചെലവഴിക്കുക

ഏതു മാർഗനിർദേശമാണ്‌ ഏറ്റവും സഹായകമായി കണ്ടിരിക്കുന്നത്‌ എന്ന്‌ രണ്ടു കുട്ടികളുടെ അമ്മയായ കാതറീനോട്‌ ചോദിച്ചപ്പോൾ അവർ പെട്ടെന്നുതന്നെ ആവർത്തനപുസ്‌തകം 6:​7-നെക്കുറിച്ച്‌ പറഞ്ഞു. ആ വാക്യം ഇങ്ങനെ വായിക്കുന്നു: “നീ അവയെ [ബൈബിൾ തത്ത്വങ്ങൾ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” ആ ബുദ്ധിയുപദേശം ബാധകമാക്കുന്നതിന്‌ കുട്ടികളോടൊത്തു സമയം ചെലവഴിച്ചേ മതിയാകൂ എന്ന്‌ കാതറീൻ തിരിച്ചറിഞ്ഞു.

‘അതൊക്കെ പറയാൻ എത്ര എളുപ്പം’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. കുടുംബം പോറ്റാൻ മാതാവും പിതാവും ഒരേപോലെ നെട്ടോട്ടമോടുന്നിടത്ത്‌, കുട്ടികളോടൊത്തു കൂടുതൽ സമയം ചെലവഴിക്കാൻ അവർക്ക്‌ എങ്ങനെയാണു സാധിക്കുക? ആവർത്തനപുസ്‌തകത്തിലെ ബുദ്ധിയുപദേശം പിൻപറ്റുകയാണ്‌ സുപ്രധാനഘടകം എന്ന്‌ ഒരു മകനും കൊച്ചുമക്കളുമുള്ള ടോർലീഫ്‌ പറയുന്നു. നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ കുട്ടികളെയും കൂടെ കൊണ്ടുപോകുക, സംസാരിക്കാനുള്ള അവസരങ്ങൾ താനേ വന്നുകൊള്ളും. “ഞാനും മകനും വീട്ടിലെ പല ജോലികളും ഒന്നിച്ചു ചെയ്യാറുണ്ടായിരുന്നു. കുടുംബം ഒത്തൊരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതു കൂടാതെ ഒരുമിച്ച്‌ യാത്ര പോകുന്ന പതിവും ഞങ്ങൾക്കുണ്ടായിരുന്നു.” അതുകൊണ്ട്‌ “ഞങ്ങളുടെ മകന്‌ എന്നോട്‌ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തോന്നിയിരുന്നു” എന്ന്‌ അദ്ദേഹം പറയുന്നു.

തുറന്ന ആശയവിനിമയം ഇല്ലാതിരിക്കുകയും സംഭാഷണം നടത്തുക ബുദ്ധിമുട്ടായിത്തീരുകയും ചെയ്യുന്നെങ്കിലോ? കുട്ടികൾ മുതിർന്നുവരവേ ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്‌. അപ്പോഴും അവരോടൊത്തു കൂടുതൽ സമയം ചെലവഴിക്കുകയാണ്‌ പ്രശ്‌നത്തിനുള്ള പരിഹാരം. മകൾ കൗമാരത്തിലെത്തിയപ്പോൾ, താൻ പറയുന്നതൊന്നും ഡാഡി ശ്രദ്ധിക്കാറില്ല എന്ന്‌ അവൾ പരാതിപ്പെട്ടതിനെക്കുറിച്ച്‌ കാതറീന്റെ ഭർത്താവായ കെൻ പറയുന്നു. കൗമാരപ്രായക്കാർക്ക്‌ പൊതുവേയുള്ള ഒരു പരാതിയാണത്‌. അദ്ദേഹത്തിന്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? കെൻ പറയുന്നു: “മകളുടെ ചിന്തകൾ, വികാരങ്ങൾ, നിരാശകൾ ഇവയെക്കുറിച്ചൊക്കെ ചർച്ചചെയ്‌തുകൊണ്ട്‌ അവളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. അതു വളരെ ഗുണം ചെയ്‌തു.” (സദൃശവാക്യങ്ങൾ 20:5) വീട്ടിൽ എപ്പോഴും നല്ല ആശയവിനിമയം ഉണ്ടായിരുന്നതുകൊണ്ടാണ്‌ ഈ സമീപനം വിജയിച്ചത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “എനിക്കും മകൾക്കും ഇടയിൽ എപ്പോഴും നല്ലൊരു ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌ എന്നോടു കാര്യങ്ങൾ തുറന്നു സംസാരിക്കാൻ അവൾക്കു യാതൊരു സങ്കോചവും തോന്നിയിരുന്നില്ല.”

രസകരമെന്നു പറയട്ടെ, മാതാപിതാക്കളും കുട്ടികളും വേണ്ടത്ര സമയം ഒരുമിച്ചു ചെലവഴിക്കുന്നില്ലെന്നു പറയുന്ന കൗമാരപ്രായക്കാരുടെ എണ്ണം മുതിർന്നവരെ അപേക്ഷിച്ച്‌ മൂന്നു മടങ്ങ്‌ എങ്കിലും ആണെന്ന്‌ അടുത്തകാലത്തെ ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. അതുകൊണ്ട്‌ ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കരുതോ? നിങ്ങളുടെ കുട്ടികളോടൊത്ത്‌ കഴിയുന്നത്ര സമയം ചെലവഴിക്കുക​—⁠വിശ്രമിക്കുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴും വീട്ടിലായിരിക്കുമ്പോഴും യാത്ര പോകുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും വൈകിട്ട്‌ ഉറങ്ങുന്നതിനു മുമ്പും എല്ലാം. സാധ്യമെങ്കിൽ നിങ്ങൾ പോകുന്നിടത്തെല്ലാം അവരെയും കൊണ്ടുപോകുക. കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നതിനു പകരം വെക്കാവുന്നതായി മറ്റൊന്നും ഇല്ലെന്നാണ്‌ ആവർത്തനപുസ്‌തകം 6:7 വ്യക്തമാക്കുന്നത്‌.

ഉചിതമായ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുക

രണ്ടു മക്കളുടെ പിതാവായ മാരിയോയും സമാനമായ ഒരു നിർദേശം നൽകുന്നു: “കുട്ടികളെ സ്‌നേഹംകൊണ്ട്‌ പൊതിയുക, അവരെ വായിച്ചുകേൾപ്പിക്കുക.” എങ്കിലും, നിങ്ങളുടെ കുട്ടികളുടെ ബുദ്ധിശക്തിയെ ഉണർത്തുന്നതു മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. തെറ്റും ശരിയും എങ്ങനെ തിരിച്ചറിയാം എന്നു നിങ്ങൾ അവരെ പഠിപ്പിക്കേണ്ടതുണ്ട്‌. “അവരുമായി ഒരു ബൈബിളധ്യയനം നടത്തുക,” മാരിയോ തുടർന്ന്‌ പറയുന്നു.

ആ ലക്ഷ്യം സാക്ഷാത്‌കരിക്കാനായി ബൈബിൾ മാതാപിതാക്കളെ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ യഥാർഥ ക്രിസ്‌തീയ പരിശീലനവും ഉപദേശവും നൽകി ആർദ്രതയോടെ അവരെ വളർത്തിക്കൊണ്ടുവരുക.” (എഫെസ്യർ 6:​4, വേയ്‌മൗത്ത്‌) ഇന്ന്‌ പല കുടുംബങ്ങളിലും ധാർമിക മൂല്യങ്ങൾ പഠിപ്പിക്കാൻ ആരും അത്ര മിനക്കെടാറില്ല. കുട്ടികൾ മുതിർന്നുകഴിയുമ്പോൾ ഏതെല്ലാം മൂല്യങ്ങൾ സ്വീകരിക്കണമെന്ന്‌ അവർ സ്വയം തീരുമാനിച്ചുകൊള്ളും എന്ന്‌ ചിലർ വിചാരിക്കുന്നു. ആകട്ടെ, അതു ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? യുവശരീരങ്ങൾക്ക്‌ ശക്തിയും ആരോഗ്യവും ആർജിക്കാൻ ശരിയായ പോഷണം ആവശ്യമായിരിക്കുന്നതുപോലെതന്നെയാണ്‌ യുവമനസ്സുകൾക്ക്‌ പ്രബോധനവും. കുട്ടികൾ വീട്ടിൽവെച്ച്‌ നിങ്ങളിൽനിന്ന്‌ ധാർമികമൂല്യങ്ങൾ പഠിച്ചില്ലെങ്കിൽ, സാധ്യതയനുസരിച്ച്‌ അവരുടെ കാഴ്‌ചപ്പാടുകളെ സ്വാധീനിക്കുന്നത്‌ സഹപാഠികൾ, അധ്യാപകർ എന്നിവരോ ബഹുജനമാധ്യമങ്ങളോ ആയിരിക്കും.

തെറ്റും ശരിയും എങ്ങനെ തിരിച്ചറിയാമെന്നു കുട്ടികളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളെ സഹായിക്കാൻ ബൈബിളിനു കഴിയും. (2 തിമൊഥെയൊസ്‌ 3:16, 17) രണ്ടു മക്കളെ വളർത്തിയിട്ടുള്ള, ജെഫ്‌ എന്ന അനുഭവസമ്പന്നനായ ഒരു ക്രിസ്‌തീയ മൂപ്പൻ, കുട്ടികളിൽ ഉചിതമായ ധാർമികമൂല്യങ്ങൾ ഉൾനടുന്നതിന്‌ ബൈബിൾ ഉപയോഗിക്കാൻ നിർദേശിക്കുന്നു. അദ്ദേഹം തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ബൈബിൾ ഉപയോഗിക്കുന്നത്‌ ഒരു കാര്യം സംബന്ധിച്ച്‌ മമ്മിയോ ഡാഡിയോ എന്തു വിചാരിക്കുന്നു എന്നതിലുപരിയായി സ്രഷ്ടാവ്‌ എന്തു വിചാരിക്കുന്നുവെന്നു തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നു. മനസ്സിന്റെയും ഹൃദയത്തിന്റെയും മേൽ ബൈബിൾ അനുപമമായ പ്രഭാവം ചെലുത്തുന്നത്‌ ഞങ്ങൾക്കു നിരീക്ഷിക്കാനായിട്ടുണ്ട്‌. തെറ്റായ പെരുമാറ്റമോ ചിന്താഗതിയോ കണ്ടാൽ അതുമായി ബന്ധപ്പെട്ട ഉചിതമായ തിരുവെഴുത്തുകൾ കണ്ടുപിടിക്കാൻവേണ്ടി ഞങ്ങൾ സമയം ചെലവഴിച്ചിരുന്നു. എന്നിട്ട്‌ സ്വകാര്യമായിരുന്ന്‌ ആ തിരുവെഴുത്തു വായിക്കാൻ ഞങ്ങൾ കുട്ടികളെ അനുവദിക്കും. അതിന്റെ ഫലമോ, ഒട്ടു മിക്കപ്പോഴും അതു വായിച്ചിട്ട്‌ അവർ കരയുമായിരുന്നു. ഞങ്ങൾക്ക്‌ അതിശയം തോന്നി. മാതാപിതാക്കളെന്ന നിലയിൽ ഞങ്ങൾക്കു പറയാനോ ചെയ്യാനോ കഴിയുമായിരുന്ന എന്തിനെക്കാളും ഫലപ്രദമായിരുന്നു ബൈബിൾ.”

എബ്രായർ 4:12 വ്യക്തമായി ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനു[ള്ളതും] . . . ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” അതുകൊണ്ട്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന സന്ദേശം ദൈവം അത്‌ എഴുതാൻ ഉപയോഗിച്ചവരുടെ വ്യക്തിപരമായ വീക്ഷണങ്ങളോ അനുഭവങ്ങളോ അല്ല. മറിച്ച്‌ ധാർമിക കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണമാണ്‌ അത്‌. ഇതാണ്‌ ബൈബിൾ ബുദ്ധിയുപദേശത്തെ മറ്റെല്ലാറ്റിൽനിന്നും വ്യത്യസ്‌തമാക്കുന്നത്‌. കുട്ടികളെ പഠിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കുന്നതു മുഖാന്തരം, കാര്യങ്ങൾ സംബന്ധിച്ച്‌ ദൈവിക വീക്ഷണം ഉണ്ടായിരിക്കാൻ നിങ്ങൾ അവരെ സഹായിക്കുകയാണു ചെയ്യുന്നത്‌. നിങ്ങളുടെ പരിശീലനത്തിന്‌ അതീവ മൂല്യമുണ്ട്‌. കുട്ടികളുടെ മനസ്സിൽ എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്‌.

നേരത്തേ പറഞ്ഞ കാതറീൻ ഇപ്രകാരം സമ്മതിച്ചുപറയുന്നു: “സാഹചര്യം എത്ര സങ്കീർണമായിരുന്നോ അത്രയധികമായി ഞങ്ങൾ ദൈവവചനത്തിൽനിന്നുള്ള മാർഗനിർദേശം ആരാഞ്ഞു. അത്‌ ഫലിക്കുകയും ചെയ്‌തു!” തെറ്റും ശരിയും വിവേചിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ ബൈബിൾ കൂടുതലായി ഉപയോഗിക്കാൻ നിങ്ങൾക്കു കഴിയുമോ?

ന്യായയുക്തത ഉള്ളവരായിരിക്കുക

കുട്ടികളെ വളർത്തുന്നതിൽ സുപ്രധാനമായ മറ്റൊരു തത്ത്വം അപ്പൊസ്‌തലനായ പൗലൊസ്‌ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്‌. “നിങ്ങളുടെ സൌമ്യത [“ന്യായയുക്തത,” NW] സകല മനുഷ്യരും അറി”യാൻ ഇടയാകട്ടെയെന്ന്‌ അവൻ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (ഫിലിപ്പിയർ 4:5) ഇവിടെ പറഞ്ഞിരിക്കുന്ന ‘സകല മനുഷ്യരിൽ’ കുട്ടികളും ഉൾപ്പെടുന്നുവെന്നതു വ്യക്തമാണ്‌. മാത്രമല്ല, ന്യായയുക്തത “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തെയാണു പ്രതിഫലിപ്പിക്കുന്നത്‌ എന്നതും മനസ്സിൽപ്പിടിക്കുക.​—⁠യാക്കോബ്‌ 3:17.

എന്നാൽ കുട്ടികളെ പരിശീലിപ്പിക്കലും ന്യായയുക്തതയും തമ്മിൽ എന്താണു ബന്ധം? കഴിയുന്നത്ര എല്ലാ സഹായവും അവർക്കു നൽകുമ്പോൾത്തന്നെ നാം അവരുടെ സകല പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. ഉദാഹരണത്തിന്‌, നേരത്തേ ഉദ്ധരിച്ച, യഹോവയുടെ സാക്ഷികളിൽ ഒരാളായ മാരിയോ ഇങ്ങനെ പറയുന്നു: “സ്‌നാപനവും മുഴുസമയ ശുശ്രൂഷയും സമാനമായ മറ്റു ലാക്കുകളും മുൻനിറുത്തി പ്രവർത്തിക്കാൻ ഞങ്ങൾ കുട്ടികളെ സദാ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം അവർക്കാണെന്ന്‌ ഞങ്ങൾ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.” ഫലമോ? അവരുടെ രണ്ടു മക്കളും ഇപ്പോൾ മുഴുസമയ സുവിശേഷകരാണ്‌.

കൊലൊസ്സ്യർ 3:​21-ൽ ബൈബിൾ പിതാക്കന്മാർക്ക്‌ ഈ മുന്നറിയിപ്പു നൽകുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” യഹോവയുടെ സാക്ഷിയായ കാതറീൻ ഈ വാക്യത്തിന്‌ വളരെയേറെ മൂല്യം കൽപ്പിക്കുന്നുണ്ട്‌. മാതാവിന്റെയോ പിതാവിന്റെയോ ക്ഷമ നശിക്കുമ്പോൾ അവർ കോപിക്കുകയോ കടുംപിടിത്തം കാണിക്കുകയോ ചെയ്യുക സ്വാഭാവികമാണ്‌. എന്നാൽ “നിങ്ങൾ നിങ്ങളിൽനിന്നു പ്രതീക്ഷിക്കുന്ന അത്രയും അവരിൽനിന്നു പ്രതീക്ഷിക്കരുത്‌.” കാതറീൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഹോവയെ സേവിക്കുക എന്നത്‌ സന്തോഷകരമായ ഒരനുഭവമാക്കിത്തീർക്കുക.”

മുമ്പ്‌ പരാമർശിച്ച ജെഫ്‌ പ്രായോഗികമായ ഈ നിർദേശം നൽകുന്നു: “കുട്ടികൾ ഓരോരോ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ എത്ര കൂടെക്കൂടെ അതു നിരാകരിക്കേണ്ടി വന്നിരുന്നുവെന്ന്‌ ഒരു അടുത്ത സുഹൃത്ത്‌ ഞങ്ങളോടു പറഞ്ഞു. കൂടെക്കൂടെ അങ്ങനെ ചെയ്യുമ്പോൾ, അത്‌ നിരാശയും യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്ന തോന്നലും അവരിൽ ജനിപ്പിച്ചിരുന്നു. അത്‌ ഒഴിവാക്കാനായി, കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനുള്ള അവസരങ്ങൾ തേടാൻ അദ്ദേഹം നിർദേശിച്ചു.

“ഞങ്ങളുടെ കുട്ടികൾ വളർന്നുവരുന്ന ആ സമയത്ത്‌ ലഭിച്ച വളരെ കാലോചിതമായ ഒരു ഉപദേശമായിരുന്നു അത്‌,” ജെഫ്‌ പറയുന്നു. “അതിനുശേഷം, മറ്റുള്ളവരോടൊത്ത്‌ എന്തെങ്കിലും ചെയ്യാൻ കുട്ടികളെ അനുവദിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ തേടിയിരുന്നു. കുട്ടികളെ വിളിച്ച്‌, ‘ഇന്നയാൾ ഇന്നത്‌ ചെയ്യുന്നുണ്ട്‌. നിങ്ങൾക്കും പോകരുതോ?’ എന്നു ഞങ്ങൾ ചോദിക്കുമായിരുന്നു. ഇനി, എവിടെയെങ്കിലും കൊണ്ടുപോകാൻ കുട്ടികൾ ആവശ്യപ്പെടുമ്പോൾ, ക്ഷീണമാണെങ്കിൽപ്പോലും എങ്ങനെയും അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. അവരുടെ ആവശ്യങ്ങൾ നിരാകരിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഞങ്ങൾ അങ്ങനെ ചെയ്‌തിരുന്നത്‌.” അതാണ്‌ ന്യായയുക്തതയുടെ സത്ത​—⁠നിഷ്‌പക്ഷതയും പരിഗണനയും പ്രകടമാക്കുക. ഒപ്പം വഴക്കമുള്ളവരും ആയിരിക്കുക, ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച വരുത്താതെതന്നെ.

ആശ്രയയോഗ്യമായ മാർഗനിർദേശത്തിൽനിന്നു പ്രയോജനം നേടുക

ഈ ദമ്പതികളിൽ മിക്കവർക്കും ഇപ്പോൾ കൊച്ചുമക്കൾ ഉണ്ട്‌. ഇതേ ബൈബിൾ തത്ത്വങ്ങൾ തങ്ങളുടെ മക്കളെയും സഹായിക്കുന്നതു കാണുന്നതിൽ ഇവർ സന്തുഷ്ടരാണ്‌. ബൈബിളിന്റെ മാർഗനിർദേശത്തിൽനിന്നു നിങ്ങൾക്കു പ്രയോജനം നേടാനാകുമോ?

തുടക്കത്തിൽ പരാമർശിച്ച രൂത്ത്‌ ഒരു അമ്മയായിത്തീർന്നപ്പോൾ, തങ്ങൾ നിസ്സഹായരാണെന്ന്‌ പലപ്പോഴും അവർക്കും ഭർത്താവിനും തോന്നിയിരുന്നു. എങ്കിലും യാഥാർഥ്യം മറ്റൊന്നായിരുന്നു. അവർക്കിരുവർക്കും ദൈവവചനമായ ബൈബിളിൽനിന്നുള്ള ഉത്തമ മാർഗനിർദേശങ്ങൾ ലഭ്യമായിരുന്നു. മാതാപിതാക്കൾക്കു സഹായകമായ നിരവധി ഉത്‌കൃഷ്ട ബൈബിൾ പഠന സഹായികൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇവയിൽ ചിലതാണ്‌ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌), എന്റെ ബൈബിൾ കഥാപുസ്‌തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നിവ. രൂത്തിന്റെ ഭർത്താവായ ടോർലീഫ്‌ പറയുന്നു: “ഇക്കാലത്ത്‌ മാതാപിതാക്കൾക്ക്‌ ആവശ്യമായ ബൈബിളധിഷ്‌ഠിത മാർഗനിർദേശങ്ങൾക്ക്‌ യാതൊരു പഞ്ഞവുമില്ല, അവ ഞൊടിയിടയിൽ ലഭ്യമാണുതാനും. അവയെല്ലാം പ്രയോജനപ്പെടുത്തുകയേ വേണ്ടൂ, ഒരു കുട്ടി വളർന്നുവലുതാകുന്നതു വരെയുള്ള സകല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാൻ അവർക്കാകും.”

[5-ാം പേജിലെ ചതുരം/ചിത്രം]

വിദഗ്‌ധർ പറയുന്നതും എന്നാൽ ബൈബിൾ പറയുന്നതും

വാത്സല്യപ്രകടനത്തെക്കുറിച്ച്‌:

മനശ്ശാസ്‌ത്രപരമായ പരിപാലനം ശിശുക്കൾക്കും കുട്ടികൾക്കും (1928) (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ഡോ. ജോൺ ബ്രോഡസ്‌ വാട്‌സൺ മാതാപിതാക്കളോട്‌ ഇങ്ങനെ പറയുന്നു: “[നിങ്ങളുടെ കുട്ടികളെ] ഒരിക്കലും ആശ്ലേഷിക്കുകയോ ചുംബിക്കുകയോ ചെയ്യരുത്‌. അവരെ ഒരിക്കലും മടിയിൽ ഇരിക്കാൻ അനുവദിക്കരുത്‌.” എന്നാൽ ഈ അടുത്തയിടെ ഡോക്ടർമാരായ വീര ലേനും ഡോരത്തി മോളീനോയും നമ്മുടെ കുട്ടികൾ എന്ന മാസികയിൽ (മാർച്ച്‌ 1999) (ഇംഗ്ലീഷ്‌) ഇപ്രകാരം അഭിപ്രായപ്പെട്ടു: “ശാരീരിക സ്‌പർശനത്തിന്റെയും വാത്സല്യപ്രകടനങ്ങളുടെയും അഭാവം മിക്കപ്പോഴും കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന്‌ ഗവേഷണം സൂചിപ്പിക്കുന്നു.”

എന്നാൽ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക. ഒരു അമ്മ തന്റെ കുഞ്ഞിനെ ലാളിക്കുന്നതുപോലെ ദൈവം തന്റെ ജനത്തോടു വാത്സല്യം പ്രകടിപ്പിക്കുന്നതായി യെശയ്യാവു 66:12 പറയുന്നു. സമാനമായി, ആളുകൾ കുട്ടികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത്‌ തടയാൻ ശ്രമിച്ച ശിഷ്യന്മാരെ തിരുത്തിക്കൊണ്ട്‌ യേശു ഇപ്രകാരം പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു.” തുടർന്ന്‌ “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.”​—⁠മർക്കൊസ്‌ 10:14, 16.

ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെക്കുറിച്ച്‌:

1969-ലെ ഒരു ന്യൂയോർക്ക്‌ ടൈംസ്‌ മാസികയിൽ വന്ന ലേഖനത്തിൽ ഡോ. ബ്രൂണോ ബെറ്റിൽഹിം, “[മാതാപിതാക്കളുടെ] ആധികാരികമായ [ധർമോപദേശത്തിന്റെ] അടിസ്ഥാനത്തിലല്ല, സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ തന്റേതായ അഭിപ്രായങ്ങൾക്ക്‌ രൂപംകൊടുക്കാനുള്ള ഒരു കുട്ടിയുടെ അവകാശ”ത്തിന്‌ ഊന്നൽ നൽകുകയുണ്ടായി. എന്നാൽ ഏതാണ്ട്‌ 30 വർഷത്തിനുശേഷം കുട്ടികളുടെ ധാർമിക അവബോധം (1997) (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരനായ ഡോ. റോബർട്ട്‌ കോൾസ്‌ ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “കുട്ടികൾക്കു ജീവിതത്തിൽ” മാതാപിതാക്കളും മറ്റു മുതിർന്നവരും അംഗീകരിക്കുന്ന തരത്തിലുള്ള “ഉദ്ദേശ്യവും മാർഗനിർദേശവും ഒരുകൂട്ടം മൂല്യങ്ങളും” അവശ്യം ഉണ്ടായിരിക്കണം.

സദൃശവാക്യങ്ങൾ 22:6 മാതാപിതാക്കളെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” അഭ്യസിപ്പിക്കുക എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്‌ “പ്രാഥമിക തത്ത്വങ്ങൾ ഉപദേശിക്കുക” എന്ന അർഥവുമുണ്ട്‌. അതുകൊണ്ട്‌ ഇത്‌ ശിശുവിനെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തുടങ്ങുന്നതിനെയാണ്‌ അർഥമാക്കുന്നത്‌. ശൈശവം മുതലേ കുട്ടികളെ ഉചിതമായ മൂല്യങ്ങൾ പഠിപ്പിച്ചു തുടങ്ങാനുള്ള പ്രോത്സാഹനമാണ്‌ മാതാപിതാക്കൾക്ക്‌ അതിലൂടെ ലഭിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:14, 15) സ്വഭാവരൂപവത്‌കരണത്തിന്റെ ഈ ഘട്ടത്തിൽ കുട്ടികൾ പഠിക്കുന്ന കാര്യങ്ങൾ അവരുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായിത്തീരും.

ശിക്ഷണം സംബന്ധിച്ച്‌:

ഡോ. ജയിംസ്‌ ഡോബ്‌സൺ ദുശ്ശാഠ്യമുള്ള കുട്ടി (1978) എന്ന പുസ്‌തകത്തിൽ എഴുതി: “ഹാനികരമായ പെരുമാറ്റം കുട്ടികളിൽനിന്നു പിഴുതു മാറ്റാനുള്ള നല്ലൊരു മാർഗമാണ്‌ സ്‌നേഹമുള്ള മാതാപിതാക്കൾ കുട്ടികൾക്കു നൽകുന്ന ശാരീരിക ശിക്ഷ.” എന്നാൽ, ശിശു-കുട്ടി പരിപാലനം (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ 7-ാം പതിപ്പിനെ ആധാരമാക്കി എഴുതിയ ഒരു ലേഖനത്തിൽ ഡോ. ബെഞ്ചമിൻ സ്‌പോക്ക്‌ (1998) പറയുന്നു: “തങ്ങളെക്കാൾ പ്രായവും കായബലവും ഉള്ളവർക്ക്‌, അവരുടെ ഭാഗം ശരിയാണെങ്കിലും അല്ലെങ്കിലും, ആഗ്രഹിക്കുന്നതു നടപ്പിലാക്കാൻ അധികാരമുണ്ടെന്ന ആശയമാണ്‌ ശാരീരിക ശിക്ഷയിൽനിന്നു കുട്ടികൾ പഠിക്കുക.”

ആവശ്യമായി വരുന്നപക്ഷം മിതമായ ശാരീരിക ശിക്ഷ നൽകാൻ ബൈബിൾ അനുവദിക്കുന്നുണ്ട്‌. “വടിയും ശാസനയും ജ്ഞാനത്തെ നല്‌കുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 29:15 പ്രസ്‌താവിക്കുന്നു. എങ്കിലും എല്ലാ കുട്ടികൾക്കും ശാരീരിക ശിക്ഷ ആവശ്യമില്ല. സദൃശവാക്യങ്ങൾ 17:10 നമ്മോട്‌ ഇപ്രകാരം പറയുന്നു: “ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.”

[ചിത്രം]

ഹൃദയത്തിലെത്തിച്ചേരാൻ ബൈബിൾ ഉപയോഗിക്കുക

[7-ാം പേജിലെ ചിത്രം]

ജ്ഞാനമുള്ള മാതാപിതാക്കൾ കുട്ടികൾക്കായി വിനോദവേളകൾ ക്രമീകരിക്കുന്നു