നിങ്ങൾ ഓരോരുത്തരും ഉൾപ്പെടുന്ന ഒരു വിവാദ വിഷയം
നിങ്ങൾ ഓരോരുത്തരും ഉൾപ്പെടുന്ന ഒരു വിവാദ വിഷയം
ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ നിങ്ങൾക്ക് വളരെ അടുപ്പം ഉണ്ടെന്നു വിചാരിക്കുക. തികച്ചും സ്വാർഥനേട്ടങ്ങൾക്കാണ് നിങ്ങൾ അങ്ങനെയൊരു ബന്ധം വെച്ചുപുലർത്തുന്നതെന്ന് ആരെങ്കിലും ഒരു ആരോപണം ഉന്നയിച്ചാൽ എങ്ങനെയിരിക്കും? നിങ്ങൾക്കു തീർച്ചയായും വല്ലാത്ത വിഷമം തോന്നും, ശരിയല്ലേ, ഒരുപക്ഷേ കോപംപോലും? യഹോവയാം ദൈവവുമായി ഒരു അടുത്തബന്ധം സ്ഥാപിച്ചിട്ടുള്ള സകലർക്കും എതിരെ പിശാചായ സാത്താൻ ഉന്നയിച്ചിരിക്കുന്ന ആരോപണവും അതുതന്നെയാണ്.
പിശാചായ സാത്താൻ ആദ്യമാതാപിതാക്കളായ ആദാമും ഹവ്വായും ദൈവനിയമം ലംഘിക്കുന്നതിന് ഇടയാക്കുകയും ദൈവത്തിനെതിരായുള്ള തന്റെ മത്സരത്തിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുന്നതിൽ വിജയിച്ചപ്പോൾ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുക. എന്തെങ്കിലും നേട്ടം ഉണ്ടെങ്കിൽ മാത്രമേ മനുഷ്യർ യഹോവയോട് അനുസരണമുള്ളവരായിരിക്കുകയുള്ളു എന്ന് ആ സംഭവം അർഥമാക്കിയോ? (ഉല്പത്തി 3:1-6) ആദാം തെറ്റുചെയ്ത് ഏതാണ്ട് 2,500 വർഷത്തിനുശേഷം പിശാചായ സാത്താൻ ഇതേ ചോദ്യം ഉന്നയിച്ചു, ഇയ്യോബിനോടുള്ള ബന്ധത്തിൽ. പിശാച് ഉന്നയിച്ച ആരോപണം, ഉൾപ്പെട്ടിരിക്കുന്ന വിവാദവിഷയം വ്യക്തമായി തിരിച്ചറിയിക്കുന്നു. അതുകൊണ്ട് നമുക്കിപ്പോൾ പ്രസ്തുത വിവരണം അൽപ്പം വിശദമായി ഒന്നു പരിശോധിച്ചാലോ?
‘മരിക്കുവോളം എന്റെ നിർമലത ഉപേക്ഷിക്കയില്ല’
“നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവ”നുമായ ഒരു മനുഷ്യനാണ് ഇയ്യോബ്. എന്നാൽ അവന്റെ ഹൃദയപരമാർഥതയ്ക്ക് സാത്താൻ തെറ്റായ ഒരു വ്യാഖ്യാനം നൽകുന്നു. അവൻ യഹോവയോട്: “വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?” എന്നു ചോദിക്കുന്നു. അതിനുശേഷം പിശാച് ദൈവത്തെയും ഇയ്യോബിനെയും അപകീർത്തിപ്പെടുത്തുമാറ് തന്റെ ആരോപണം തുടരുന്നു, യഹോവ ഇയ്യോബിനെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ട് അവന്റെ വിശ്വസ്തത വിലയ്ക്കുവാങ്ങിയിരിക്കുകയാണുപോലും. “തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും,” സാത്താൻ വെല്ലുവിളിക്കുന്നു.—ഇയ്യോബ് 1:8-11.
ഈ വെല്ലുവിളികൾക്ക് ഉത്തരം നൽകുന്നതിനായി ഇയ്യോബിനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിക്കുന്നു. ദൈവത്തെ സേവിക്കുന്നതിൽനിന്ന് ഇയ്യോബിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി പിശാച് ഒന്നിനു പുറകേ ഒന്നായി, ആ വിശ്വസ്ത മനുഷ്യന്റെമേൽ വിപത്തുകൾ വരുത്തുന്നു. അവന്റെ മുഴു മൃഗസമ്പത്തും മോഷ്ടിക്കപ്പെടുകയോ നാശത്തിനു വിധേയമാകുകയോ ചെയ്യുന്നു, വേലക്കാർ വധിക്കപ്പെടുന്നു, പ്രകൃതിദുരന്തത്തിൽ മക്കൾ മരിക്കുന്നു. (ഇയ്യോബ് 1:12-19) എന്നാൽ സാത്താൻ വിജയിച്ചോ? ഒരിക്കലുമില്ല! പിശാചാണ് ഇതിനെല്ലാം പിന്നിലെന്ന് തിരിച്ചറിയുന്നില്ലെങ്കിൽത്തന്നെയും ഇയ്യോബ് പറയുന്നു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.”—ഇയ്യോബ് 1:21.
പിന്നീട് സാത്താൻ യഹോവയുടെ മുമ്പാകെ വന്നപ്പോൾ യഹോവ പറയുന്നു: “[ഇയ്യോബ്] തന്റെ ഭക്തി [“നിർമലത,” NW] മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു.” (ഇയ്യോബ് 2:1-4) സുപ്രധാന വിവാദവിഷയം ഇയ്യോബിന്റെ നിർമലതയോടു ബന്ധപ്പെട്ടതാണ്. ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും നീതിയോടുള്ള അടുത്തപറ്റിനിൽപ്പും ആവശ്യമാക്കിത്തീർക്കുന്ന ഒരു ഗുണമാണത്. നിർമലത സംബന്ധിച്ച ആ വിവാദവിഷയത്തിൽ ഇതുവരെ വിജയം ഇയ്യോബിന്റെ പക്ഷത്താണ്. എന്നിരുന്നാലും പിശാച് തോൽവി സമ്മതിക്കാൻ കൂട്ടാക്കുന്നില്ല.
അടുത്തതായി, സാത്താൻ മുഴുമനുഷ്യവർഗത്തെയും ബാധിക്കുന്ന ഒരു അവകാശവാദം ഉന്നയിക്കുന്നു. അവൻ യഹോവയോടു പറയുന്നു: “ത്വക്കിന്നു പകരം ത്വക്ക്; മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോബ് 2:4, 5) പ്രസ്തുത വിവരണത്തിൽ ഇയ്യോബ് എന്നതിനു പകരം “മനുഷ്യൻ” എന്നു പരാമർശിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അങ്ങനെ, ഫലത്തിൽ പിശാച് നമ്മിൽ ഓരോരുത്തരുടെയും വിശ്വസ്തതയെ ചോദ്യം ചെയ്യുകയാണ്. ഒരർഥത്തിൽ പിശാച് ഇപ്രകാരം അവകാശപ്പെടുന്നു: ‘ഒരുവൻ തന്റെ ജീവൻ സംരക്ഷിക്കാനായി എന്തും ചെയ്യും. എനിക്കൊരു അവസരം തരൂ, ഏതൊരുവനെയും ദൈവത്തിൽനിന്ന് അകറ്റാൻ എനിക്കു കഴിയും.’ അതിന്റെയർഥം എക്കാലത്തും ദൈവത്തോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ ആർക്കും കഴിയില്ല എന്നാണോ?
ഇയ്യോബിന് ഒരു മാരകവ്യാധി വരുത്താൻ യഹോവ പിശാചിനെ അനുവദിക്കുന്നു. അത് അത്യധികം അസഹനീയമായിത്തീരുന്നു, എങ്ങനെയെങ്കിലും തന്റെ ജീവിതം ഒന്നവസാനിച്ചു കിട്ടാൻ അവൻ ദൈവത്തോടു പ്രാർഥിക്കുന്ന അളവോളംപോലും. (ഇയ്യോബ് 2:7; 14:13) എങ്കിലും, ഇയ്യോബ് ഇങ്ങനെ പറയുന്നു: ‘മരിക്കുവോളം എന്റെ നിർമലത ഉപേക്ഷിക്കയില്ല.’ (ഇയ്യോബ് 27:5) അവൻ ഇതു പറയുന്നത് യഹോവയോടുള്ള സ്നേഹം നിമിത്തമാണ്, അതിനു മാറ്റം വരുത്താൻ യാതൊന്നിനുമാകില്ല. താൻ ഒരു നിർമലതാപാലകനാണെന്ന് അവൻ തെളിയിക്കുന്നു. “യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു,” ബൈബിൾ പറയുന്നു. (ഇയ്യോബ് 42:10-17) ഇയ്യോബിനെപ്പോലെ മറ്റാരെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ? കാലം എന്തു തെളിയിച്ചിരിക്കുന്നു?
വിവാദവിഷയത്തിന് ഉത്തരം നൽകിയിരിക്കുന്ന വിധം
എബ്രായർ എന്ന ബൈബിൾ പുസ്തകത്തിന്റെ 11-ാം അധ്യായത്തിൽ അപ്പൊസ്തലനായ പൗലൊസ് ക്രിസ്തീയ പൂർവകാലത്തുള്ള നിരവധി വിശ്വസ്ത സ്ത്രീപുരുഷന്മാരുടെ പേരുകൾ പട്ടികപ്പെടുത്തുന്നു. നോഹ, അബ്രാഹാം, സാറാ, മോശെ എന്നിവർ അവരിൽ ചിലരാണ്. അതിനുശേഷം അപ്പൊസ്തലൻ പറയുന്നു: “[മറ്റുള്ളവരെക്കുറിച്ച്] വിവരിപ്പാൻ സമയം പോരാ.” (എബ്രായർ 11:32) പൗലൊസ് ഈ വിശ്വസ്തരെ, ‘സാക്ഷികളുടെ വലിയൊരു മേഘം’ എന്നു പരാമർശിച്ചുകൊണ്ട് ആകാശം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വലിയ മേഘസഞ്ചയത്തോട് അവരെ തുലനം ചെയ്തിരിക്കുന്നു, കാരണം അവർ എണ്ണത്തിൽ അസംഖ്യമാണ്. (എബ്രായർ 12:1, NW) പോയ നൂറ്റാണ്ടുകളിലുടനീളം എണ്ണമറ്റ ജനസഞ്ചയങ്ങൾ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് യഹോവയാം ദൈവത്തോടു വിശ്വസ്തത പാലിക്കാൻ തീരുമാനിച്ചിരിക്കുന്നു.—യോശുവ 24:15.
മനുഷ്യരെ യഹോവയിൽനിന്ന് അകറ്റാനാകുമെന്ന സാത്താന്റെ അവകാശവാദത്തിനുള്ള ആത്യന്തികമായ ഉത്തരം നൽകിയത് ദൈവത്തിന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവാണ്. ദണ്ഡനസ്തംഭത്തിലെ മരണസമയത്തുണ്ടായ കഠോരവേദനപോലും ദൈവത്തോടുള്ള അവന്റെ നിർമലത തകർത്തില്ല. അന്ത്യശ്വാസം വലിക്കവേ യേശു ഇപ്രകാരം നിലവിളിച്ചു: “പിതാവേ ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു.”—ലൂക്കൊസ് 23:46.
സത്യദൈവത്തെ സേവിക്കുന്നതിൽനിന്ന് എല്ലാവരെയും അകറ്റാൻ പിശാചിനാവില്ലെന്ന് കാലം വ്യക്തമായി തെളിയിച്ചിരിക്കുന്നു. ഒട്ടനവധി ആളുകൾ യഹോവയെ അറിയുകയും ‘അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കുകയും ചെയ്യുന്നു.’ (മത്തായി 22:37) യഹോവയോടുള്ള അവരുടെ അചഞ്ചലമായ വിശ്വസ്തത മനുഷ്യനിർമലത സംബന്ധിച്ച വിവാദവിഷയത്തിൽ സാത്താൻ ഒരു നുണയനാണെന്നു തെളിയിച്ചിരിക്കുന്നു. സാത്താൻ നുണയനാണെന്ന് നിങ്ങൾക്കും തെളിയിക്കാനാകും, നിർമലതപാലിച്ചുകൊണ്ട്.
നിങ്ങൾ എന്തു ചെയ്യണം?
‘സകലമനുഷ്യരും രക്ഷപ്രാപിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുകയും ചെയ്യണം എന്നതാണ് ദൈവേഷ്ടം.’ (1 തിമൊഥെയൊസ് 2:4) നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും? ബൈബിൾ പഠിക്കാൻ സമയം കണ്ടെത്തുകയും അങ്ങനെ ‘ഏകസത്യദൈവത്തെയും അവൻ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുകയും ചെയ്യുക’ എന്നതാണ് അതിനുള്ള മാർഗം.—യോഹന്നാൻ 17:3.
ദൈവത്തെ സേവിക്കുന്നതിലുള്ള ആന്തരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പിശാച് മനുഷ്യനിർമലത സംബന്ധിച്ച് വെല്ലുവിളി ഉയർത്തിയത്. അറിവു നിങ്ങളുടെ ആന്തരത്തെ സ്വാധീനിക്കണമെങ്കിൽ അതു നിങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരേണ്ടതുണ്ട്. അതിന് ബൈബിളിൽനിന്നു കുറെ അറിവു സമ്പാദിച്ചാൽ പോരാ. നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ധ്യാനിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുക. (സങ്കീർത്തനം 143:5) ബൈബിളോ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളോ വായിക്കുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾ മനസ്സിൽപ്പിടിക്കുക: ‘ഇത് യഹോവയെ സംബന്ധിച്ച് എന്നെ എന്തു പഠിപ്പിക്കുന്നു? യഹോവയുടെ ഏതെല്ലാം ഗുണങ്ങളെക്കുറിച്ചാണ് എനിക്ക് ഇവിടെനിന്നു മനസ്സിലാക്കാനാകുന്നത്? ജീവിതത്തിന്റെ ഏതെല്ലാം മണ്ഡലങ്ങളിലാണ് ഞാൻ ഇങ്ങനെ ആയിരിക്കേണ്ടത്? ദൈവത്തിനു സ്വീകാര്യമായതും അല്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ്? ദൈവത്തോടുള്ള എന്റെ മനോഭാവത്തെ ഇതെങ്ങനെ സ്വാധീനിക്കുന്നു?’ ഇത്തരത്തിൽ ധ്യാനിക്കുമ്പോൾ നിങ്ങളുടെ ഹൃദയം സ്രഷ്ടാവിനോടുള്ള സ്നേഹവും വിലമതിപ്പുംകൊണ്ട് നിറഞ്ഞുകവിയും.
ദൈവമുമ്പാകെയുള്ള നിർമലത കേവലം മതവിശ്വാസങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങുന്നതല്ല. (1 രാജാക്കന്മാർ 9:4) അത്തരം നിർമലത കാത്തുസൂക്ഷിക്കുന്നതിന് ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ധാർമിക ശുദ്ധി പാലിക്കേണ്ടതുണ്ട്. നിർമലത നിലനിറുത്തുകവഴി നിങ്ങൾക്ക് യാതൊരുവിധ ചേതവും സംഭവിക്കുകയില്ല. യഹോവ “സന്തുഷ്ടനായ ദൈവമാണ്.” (1 തിമൊഥെയൊസ് 1:11, NW) അതുകൊണ്ടുതന്നെ നിങ്ങൾ ജീവിതം ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. ധാർമിക ശുദ്ധി നിലനിറുത്തുന്നതിനും അങ്ങനെ ഒരു സന്തുഷ്ട ജീവിതം നയിക്കുകയും ദൈവാംഗീകാരം നേടുകയും ചെയ്യുന്നതിനും നിങ്ങൾ ഒഴിവാക്കേണ്ടതായ ചില സംഗതികൾ ഇപ്പോൾ പരിചിന്തിക്കാം.
ലൈംഗിക അധാർമികത ഒഴിവാക്കുക
വിവാഹത്തിനുള്ള നിലവാരം വെച്ചിരിക്കുന്നത് യഹോവതന്നെയാണ്. അവന്റെ വചനമായ ബൈബിൾ പറയുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.” (ഉല്പത്തി 2:21-24) വിവാഹിതദമ്പതികൾ “ഏകദേഹ”മായിത്തീരുന്നതിനാൽ അവരിരുവരും തങ്ങളുടെ ലൈംഗിക ബന്ധങ്ങൾ സ്വന്തം ദാമ്പത്യത്തിനുള്ളിൽ ഒതുക്കുന്നുവെങ്കിൽ അവർ ദൈവത്തിന്റെ വിവാഹ ക്രമീകരണത്തെ ആദരിക്കുകയാണ് ചെയ്യുന്നത്. “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക [“വിവാഹശയ്യ,” ഓശാന ബൈബിൾ] നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും” എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിക്കുന്നു. (എബ്രായർ 13:4) “വിവാഹശയ്യ” എന്ന പ്രയോഗം നിയമപരമായി വിവാഹം കഴിച്ച ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. അവരിലാരെങ്കിലും വിവാഹബന്ധത്തിനു പുറത്തുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വ്യഭിചാരമാണ്, മാത്രമല്ല ദൈവത്തിൽനിന്നുള്ള ന്യായവിധിക്ക് അത് അവരെ അർഹരാക്കുകയും ചെയ്യും.—മലാഖി 3:5.
വിവാഹത്തിനു മുമ്പുള്ള ലൈംഗികതയുടെ കാര്യത്തിലോ? അതും യഹോവ വെച്ചിരിക്കുന്ന ധാർമിക നിലവാരങ്ങൾക്ക് എതിരാണ്. ബൈബിൾ പറയുന്നു: “ദൈവത്തിന്റെ ഇഷ്ടമോ . . . നിങ്ങൾ ദുർന്നടപ്പു വിട്ടൊഴി”യണം എന്നതാണ്. (1 തെസ്സലൊനീക്യർ 4:3) സ്വവർഗരതി, നിഷിദ്ധബന്ധുവേഴ്ച, മൃഗസംഭോഗം എന്നിവയും ദൈവത്തിനെതിരായ പാപങ്ങളാണ്. (ലേവ്യപുസ്തകം 18:6, 23; റോമർ 1:26, 27) ദൈവത്തെ പ്രസാദിപ്പിക്കാനും ഒരു യഥാർഥ സന്തുഷ്ട ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവർ അധാർമിക നടത്തകൾ ഒഴിവാക്കിയേ തീരൂ.
വിവാഹത്തിനു മുമ്പുള്ള, രതിവികാരം ഉണർത്തുന്ന ലൈംഗിക പ്രവർത്തനങ്ങളോ? അവയും യഹോവയ്ക്ക് അപ്രീതികരമാണ്. (ഗലാത്യർ 5:19) അധാർമിക ചിന്തകൾ മനസ്സിലിട്ടു താലോലിക്കുന്നതും ഒഴിവാക്കണം. “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” എന്ന് യേശു പറഞ്ഞു. (മത്തായി 5:28) പുസ്തക-മാസികകൾ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയവയിൽ അശ്ലീലചിത്രങ്ങൾ വീക്ഷിക്കുക, രതിവർണനകൾ വായിക്കുക, ലൈംഗിക ചുവയുള്ള ഗാനങ്ങൾ ശ്രവിക്കുക എന്നിവയ്ക്കും ഈ തത്ത്വം ബാധകമാണ്. അത്തരം സംഗതികൾ ഒഴിവാക്കുന്നത് ദൈവത്തെ സന്തോഷിപ്പിക്കുന്നു. മാത്രമല്ല അതിന് ഒരുവന്റെ ജീവിതത്തിന്മേൽ ഒരു ക്രിയാത്മകസ്വാധീനം ആയിരിക്കാനും കഴിയും.
ശൃംഗരിക്കലിനെ സംബന്ധിച്ചോ? “കളിമട്ടിലുള്ള പ്രേമാത്മകമായ” പെരുമാറ്റം അല്ലെങ്കിൽ “ലൈംഗികമായി വശീകരിക്കുന്ന” പെരുമാറ്റം എന്നൊക്കെയാണ് ശൃംഗരിക്കലിനെ നിർവചിച്ചിരിക്കുന്നത്. വിവാഹംകഴിച്ച ഒരു പുരുഷനോ സ്ത്രീയോ വിവാഹബന്ധത്തിനു വെളിയിലുള്ള ഒരാളോട് അത്തരത്തിൽ പെരുമാറുന്നെങ്കിൽ അത് ബൈബിൾ തത്ത്വത്തിനു വിരുദ്ധമാണെന്നു മാത്രമല്ല യഹോവയോടുള്ള അനാദരവും ആണ്. (എഫെസ്യർ 5:28-33) ഏകാകികൾ വെറുമൊരു രസത്തിനുവേണ്ടി പരസ്പരം പ്രേമാത്മക താത്പര്യങ്ങൾ പങ്കുവെക്കുന്നെങ്കിൽ അത് എത്ര അനുചിതമാണ്! അത്തരം ശൃംഗാര പ്രവർത്തനങ്ങൾ ഉദ്ദേശിച്ചിടത്തു നിൽക്കുന്നില്ലെങ്കിലോ? അതുളവാക്കുന്ന വൈകാരിക വേദനയെക്കുറിച്ച് ചിന്തിക്കുക. ഇനി, അതിലും ഗൗരവമുള്ള സംഗതിയാണ്, ശൃംഗരിക്കലിന് വ്യഭിചാരത്തിലേക്കോ പരസംഗത്തിലേക്കോ നയിക്കാനാകുമെന്ന വസ്തുത. അതേസമയം എതിർലിംഗവർഗത്തിൽപ്പെട്ടവരോടുള്ള മാന്യവും ഉചിതവുമായ പെരുമാറ്റം ഒരുവന്റെ ആത്മാഭിമാനം വർധിക്കാൻ ഇടയാക്കുന്നു.—1 തിമൊഥെയൊസ് 5:1, 2.
ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിൽ ദൈവത്തെ പ്രസാദിപ്പിക്കൽ
പല രാജ്യങ്ങളിലും ലഹരിപാനീയങ്ങൾ സുലഭമാണ്. അത് കഴിക്കുന്നതു തെറ്റാണോ? വീഞ്ഞ്, ബിയർ, മറ്റു ലഹരിപാനീയങ്ങൾ എന്നിവയുടെ മിതമായ ഉപയോഗത്തെ ബൈബിൾ വിലക്കുന്നില്ല. (സങ്കീർത്തനം 104:15; 1 തിമൊഥെയൊസ് 5:23) എന്നാൽ അമിത മദ്യപാനവും മദ്യാസക്തിയും ദൈവദൃഷ്ടിയിൽ തെറ്റാണ്. (1 കൊരിന്ത്യർ 5:11-13) ആരോഗ്യം നശിപ്പിക്കാനും കുടുംബം തകർക്കാനും നിങ്ങൾ അനിയന്ത്രിത കുടിയെ അനുവദിക്കില്ല എന്നതു തീർച്ചയാണ്.—സദൃശവാക്യങ്ങൾ 23:20, 21, 29-35.
യഹോവ ‘സത്യത്തിന്റെ ദൈവമാണ്.’ (സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യ ഭാഷാന്തരം) ‘ദൈവത്തിനു ഭോഷ്ക്കുപറവാൻ കഴിയില്ല’ എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 6:18) ദൈവാംഗീകാരം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഒരിക്കലും നുണപറയില്ല. (സദൃശവാക്യങ്ങൾ 6:16-19; കൊലൊസ്സ്യർ 3:9, 10) ബൈബിൾ ക്രിസ്ത്യാനികളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.”—എഫെസ്യർ 4:25.
ചൂതാട്ടവും ഇന്നു വളരെ വ്യാപകമാണ്. അതു പലയിടങ്ങളിലും പ്രചാരം നേടിയിട്ടുണ്ടെങ്കിലും അത് ഒരുതരം അത്യാഗ്രഹമാണ്, കാരണം മറ്റുള്ളവർക്കു നഷ്ടം വരുത്തിക്കൊണ്ട് പണമുണ്ടാക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. “ദുർല്ലാഭമോഹിക”ൾക്ക് യഹോവയുടെ അംഗീകാരം നേടാനാവില്ല. (1 തിമൊഥെയൊസ് 3:8) നിങ്ങൾ യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ലോട്ടറി, ബിംഗോ, കുതിരപ്പന്തയത്തിൽ ബെറ്റുവെക്കൽ എന്നിങ്ങനെ എല്ലാത്തരം ചൂതാട്ടവും ഒഴിവാക്കും. അങ്ങനെ, കുടുംബ ചെലവുകൾക്കായി, ആവശ്യമായതിലും കൂടുതൽ പണം നിങ്ങളുടെ കൈവശം ഉള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം.
മോഷണം, അതായത് നിങ്ങളുടേതല്ലാത്ത എന്തെങ്കിലും എടുക്കുന്നത് അത്യാഗ്രഹത്തിന്റെ മറ്റൊരു രൂപമാണ്. “മോഷ്ടിക്കരുത്” എന്നു ബൈബിൾ പറയുന്നു. (പുറപ്പാടു 20:15) അറിഞ്ഞുകൊണ്ട് മോഷ്ടിച്ച വസ്തുക്കൾ വാങ്ങുന്നതും അനുവാദമില്ലാതെ മറ്റൊരാളുടെ വസ്തുവകകൾ എടുക്കുന്നതും തെറ്റാണ്. “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടത്” എന്നു ബൈബിൾ പറയുന്നു. (എഫെസ്യർ 4:28) യഹോവയെ സ്നേഹിക്കുന്നവർ തൊഴിൽദാതാവിന്റെ സമയം മോഷ്ടിക്കാതെ കാര്യക്ഷമതയോടെ തങ്ങളുടെ ജോലി ചെയ്യുന്നു. അവർ “സകലത്തിലും നല്ലവരായി” അല്ലെങ്കിൽ സത്യസന്ധരായി “നടപ്പാൻ ഇച്ഛി”ക്കുന്നു. (എബ്രായർ 13:18) കൂടാതെ അവരുടെ ശുദ്ധമനസ്സാക്ഷി മനസ്സമാധാനത്തോടെ ജീവിതം നയിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
അക്രമാസക്ത സ്വഭാവം ഉള്ളവരെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്? “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 22:24) അനിയന്ത്രിത കോപം പലപ്പോഴും അക്രമപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു. (ഉല്പത്തി 4:5-8) പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിചെയ്യുന്നു.” (റോമർ 12:17-19) ഇത്തരം ബുദ്ധിയുപദേശങ്ങൾ നാം പിൻപറ്റുമ്പോൾ ജീവിതം ഏറെ സമാധാനപൂർണമായിരിക്കും, നമ്മുടെ സന്തുഷ്ടി വർധിക്കുകയും ചെയ്യും.
നിങ്ങൾക്ക് വിജയിക്കാനാകും
നിങ്ങളുടെ നിർമലത തകർക്കാനുള്ള സമ്മർദങ്ങൾ ഉണ്ടെങ്കിലും നിങ്ങൾക്കു വിജയിക്കാനാകുമോ? തീർച്ചയായും. നിർമലത സംബന്ധിച്ച വിവാദവിഷയത്തിൽ സാത്താൻ നുണയനാണെന്നു തെളിയിച്ചുകൊണ്ട് നിങ്ങൾ വിജയിക്കുന്നതു കാണാൻ ദൈവം ആഗ്രഹിക്കുന്നുവെന്നതു തിരിച്ചറിയുക. അവന്റെ വചനം പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”—സദൃശവാക്യങ്ങൾ 27:11.
യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിനു നിങ്ങളെ ശക്തിപ്പെടുത്താൻ നിങ്ങൾക്ക് അവനോടു പ്രാർഥിക്കാൻ കഴിയും. (ഫിലിപ്പിയർ 4:6, 7, 13) ദൈവവചനമായ ബൈബിളിനെക്കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കാൻ ദൃഢനിശ്ചയമുള്ളവരായിരിക്കുക, അതിനായി ശ്രമിക്കുക. ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ വിലമതിപ്പോടെ ധ്യാനിക്കുന്നത് ദൈവസ്നേഹത്തിൽ വളരാൻ നിങ്ങളെ സഹായിക്കുകയും അവനെ പ്രസാദിപ്പിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. 1 യോഹന്നാൻ 5:3 പറയുന്നു: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. നിങ്ങൾക്ക് അവരുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യാവുന്നതാണ്.
[4-ാം പേജിലെ ചിത്രം]
പരിശോധനയിൻ മധ്യേയും ഇയ്യോബ് വിശ്വസ്തത പാലിച്ചു
[7-ാം പേജിലെ ചിത്രം]
ദൈവവചനത്തിന്റെ പരിജ്ഞാനത്തിൽ വളരുന്നത് ശരിയായത് ചെയ്യാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും