ശരിയായതു ചെയ്യേണ്ടത് എന്തുകൊണ്ട്?
ശരിയായതു ചെയ്യേണ്ടത് എന്തുകൊണ്ട്?
വിദ്യാസമ്പന്നനായ ഒരാൾ ഒരിക്കൽ പറഞ്ഞു, “നന്മ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” നന്മ ചെയ്യാൻ ആഗ്രഹിച്ചിട്ടും പലപ്പോഴും അതു ചെയ്യുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കണ്ടെത്തിയത് എന്തുകൊണ്ടാണ്? “നന്മ ചെയ്വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു,” അദ്ദേഹം വ്യക്തമാക്കി.—റോമർ 7:18, 19, 21-23.
അപ്പൊസ്തലനായ പൗലൊസാണ് മേൽപ്പറഞ്ഞ വാക്കുകൾ എഴുതിയത്, 2,000-ത്തോളം വർഷംമുമ്പ്. നേരായ പാതയിൽ ചരിക്കാൻ അപൂർണ മനുഷ്യർ ബുദ്ധിമുട്ടുന്നതിന്റെ കാരണം അതു വിശദീകരിക്കുന്നു. ശരിയായ തത്ത്വങ്ങൾ പിൻപറ്റുന്നതിനു ധാർമിക ബലം ആവശ്യമാണ്, വിശേഷാൽ പ്രശ്നകലുഷിതമായ സാഹചര്യങ്ങളിൽ. അതുകൊണ്ട് ഇപ്പോൾ ചോദ്യം ഇതാണ്, ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ നാം ചെയ്യേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?
ധാർമികശുദ്ധിയുള്ള ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നു നോക്കുക. സങ്കീർത്തനം 37:37, 38-ൽ നാം വായിക്കുന്നു: “നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും [“ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും,” NW]. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.” സദൃശവാക്യങ്ങൾ 2:21, 22 പറയുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”
ബൈബിളിൽ കാണുന്ന ഈ വാഗ്ദാനങ്ങളും മറ്റുള്ളവയും ദൈവത്തിനു പ്രസാദകരമായ ഒരു ജീവിതം നയിക്കാനുള്ള ഒരു പ്രേരകശക്തിയാണെന്നതു ശരിതന്നെ. എന്നാൽ അതിനുള്ള അടിസ്ഥാനപരമായ കാരണം അതല്ല. ആ കാരണം ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളും വ്യക്തിപരമായി ഉൾപ്പെടുന്ന ഒരു വിവാദവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വിവാദവിഷയം എന്തെന്നും അത് നമ്മെ ബാധിക്കുന്നത് എങ്ങനെയെന്നും അറിയാൻ തുടർന്നു വായിക്കുക.