വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഹവ്വായോടു സംസാരിച്ച സർപ്പത്തിന് കാലുകൾ ഉണ്ടായിരുന്നോ?
ഉല്പത്തി 3:14-ൽ പ്രസ്താവിച്ചിരിക്കുന്നപ്രകാരം, ഏദെൻ തോട്ടത്തിൽവെച്ച് ഹവ്വായെ വഞ്ചിച്ച സർപ്പത്തോട് യഹോവ പറഞ്ഞു: “നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.” ഹവ്വായെ വഞ്ചിക്കാൻ ഉപയോഗിച്ച ജീവിക്ക് മുമ്പു കാലുകൾ ഉണ്ടായിരുന്നെന്നും പിന്നീട് അവ നഷ്ടമാകുകയായിരുന്നെന്നും ബൈബിൾ നേരിട്ട് പറയുന്നില്ല. ഉല്പത്തി 3:14 വായിക്കുമ്പോൾ ചിലർക്ക് അങ്ങനെ തോന്നിയേക്കാമെങ്കിലും ദൈവം സർപ്പത്തെ ശപിക്കുന്നതിനു മുമ്പ് അവയ്ക്കു കാലുകൾ ഉണ്ടായിരുന്നെന്നു നാം നിഗമനം ചെയ്യേണ്ടതില്ല. എന്തുകൊണ്ട്?
യഹോവയുടെ ന്യായവിധി പ്രമുഖമായും സാത്താനെതിരെയായിരുന്നു. എന്തെന്നാൽ, ആ അദൃശ്യ ആത്മസൃഷ്ടിയായിരുന്നു കാര്യംകാണാനായി ഈ താണജീവിയെ തന്ത്രപൂർവം ഉപയോഗിച്ചത്. ബൈബിൾ സാത്താനെ ‘ഭോഷ്കിന്റെ അപ്പനെന്നും’ ‘പഴയ പാമ്പെന്നും’ വിളിക്കുന്നു. ഈ രണ്ടു പദപ്രയോഗങ്ങളും, സാത്താൻ സർപ്പത്തെ തന്റെ ദൃശ്യവക്താവായി ഉപയോഗിച്ച് ദൈവകൽപ്പന ലംഘിക്കാൻ ഹവ്വായെ പ്രേരിപ്പിച്ചതിലേക്കാണു വിരൽചൂണ്ടുന്നത്.—യോഹന്നാൻ 8:44; വെളിപ്പാടു 20:2.
ദൈവം സർപ്പത്തെ സൃഷ്ടിച്ചശേഷം ആദാമാണ് അതിന് ആ പേർ നൽകിയത്. സാത്താൻ ഹവ്വായെ വഞ്ചിക്കുന്നതിനു മുമ്പായിരുന്നു ഇതെന്നു വ്യക്തമാണ്. ഹവ്വായോടു സംസാരിച്ച ബുദ്ധിശക്തിയില്ലാത്ത സർപ്പത്തെ ഈ വഞ്ചനയ്ക്കു പഴിചാരാനാവില്ല. തന്നെ ഉപയോഗിച്ചു സാത്താൻ മുതലെടുക്കുകയാണെന്ന് സർപ്പത്തിന് അറിയില്ലായിരുന്നു, നിയമ ലംഘകർക്കെതിരെയുള്ള ദിവ്യന്യായവിധി മനസ്സിലാക്കാനും അതിനാകുമായിരുന്നില്ല.
അങ്ങനെയെങ്കിൽ, അക്ഷരീയ സർപ്പത്തിന്റെ തരംതാഴ്ത്തലിനെക്കുറിച്ചു ദൈവം പറഞ്ഞത് എന്തുകൊണ്ടാണ്? സാധാരണഗതിയിൽ ഉരസ്സുകൊണ്ട് ഇഴയുന്നതും പൊടി നക്കാനെന്നവണ്ണം നാക്കു പുറത്തേക്കു നീട്ടുന്നതും സർപ്പത്തിന്റെ സ്വഭാവമാണ്. ഇത് സാത്താന്റെ അധമമായ അവസ്ഥയെ നന്നായി ചിത്രീകരിച്ചു. ഒരു ദൈവദൂതനെന്നനിലയിൽ മുമ്പുണ്ടായിരുന്ന ഉന്നത സ്ഥാനത്തുനിന്ന് ടാർട്ടറസ് എന്നു ബൈബിൾ വിളിക്കുന്ന അധമ അവസ്ഥയിലേക്ക് അവനെ തള്ളിയിട്ടു.—2 പത്രൊസ് 2:4, NW.
മാത്രമല്ല, അക്ഷരീയ സർപ്പം ഒരുവന്റെ കുതികാലിൽ കടിച്ചേക്കാവുന്നതുപോലെ, അധമ അവസ്ഥയിലായിരിക്കുന്ന സാത്താൻ ദൈവത്തിന്റെ “സന്തതി”യുടെ “കുതികാൽ തകർക്കു”മായിരുന്നു. (ഉല്പത്തി 3:15) ആ സന്തതിയുടെ പ്രാഥമിക ഭാഗം, സാത്താന്റെ പിണയാളികളുടെ കയ്യാൽ താത്കാലികമായി കഷ്ടം സഹിക്കേണ്ടിവന്ന യേശുക്രിസ്തുവായിരുന്നു. എന്നാൽ ക്രിസ്തുവും പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളും ചേർന്ന് ഒടുവിൽ ഈ പ്രതീകാത്മക സർപ്പത്തിന്റെ തല എന്നെന്നേക്കുമായി ചതച്ചുകളയും. (റോമർ 16:20) അതുകൊണ്ട്, ദൈവം ദൃശ്യ സർപ്പത്തോട് ഉച്ചരിച്ച ശാപം അദൃശ്യ ‘പഴയ പാമ്പായ’ പിശാചായ സാത്താന്റെ അധമ അവസ്ഥയെയും അന്തിമ നാശത്തെയുമാണു ചിത്രീകരിക്കുന്നത്.