“ജ്ഞാനം ഒരു സംരക്ഷണം”
“ജ്ഞാനം ഒരു സംരക്ഷണം”
“തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!” (സദൃശവാക്യങ്ങൾ 16:16) എന്തുകൊണ്ടാണ് ജ്ഞാനം ഇത്ര അമൂല്യമായിരിക്കുന്നത്? ഉത്തരമായി സഭാപ്രസംഗി 7:12 ഇങ്ങനെ പറയുന്നു: “ജ്ഞാനം ഒരു ശരണം [“സംരക്ഷണം,” ഓശാന ബൈബിൾ], ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” എങ്ങനെയാണു ജ്ഞാനം ജ്ഞാനിയുടെ ജീവനെ കാത്തുപാലിക്കുന്നത്?
ദൈവവചനമായ ബൈബിളിൽനിന്നുള്ള സൂക്ഷ്‌മപരിജ്ഞാനം നേടിക്കൊണ്ട് ദൈവികജ്ഞാനം സമ്പാദിക്കുന്നതും അതിനുചേർച്ചയിൽ പ്രവർത്തിക്കുന്നതും, യഹോവയ്‌ക്കു പ്രസാദകരമായ വഴികളിൽ നടക്കാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 2:10-12) “ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു,” പുരാതന ഇസ്രായേല്യ രാജാവായ ശലോമോൻ എഴുതി. (സദൃശവാക്യങ്ങൾ 16:17) അതേ, ജ്ഞാനികളുടെ ജ്ഞാനം ദുർമാർഗങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുകയും അവരുടെ ജീവനെ കാക്കുകയും ചെയ്യുന്നു! ദൈവികജ്ഞാനത്തിന് നമ്മുടെ മനോഭാവത്തിലും സംസാരത്തിലും പ്രവർത്തനത്തിലും എത്ര നല്ല സ്വാധീനംചെലുത്താനാകുമെന്ന് സദൃശവാക്യങ്ങൾ 16:16-33-ലെ സംക്ഷിപ്‌തമായ ജ്ഞാനമൊഴികൾ കാണിച്ചുതരുന്നു. *
‘താഴ്‌മയുള്ളവരായിരിക്കുക’
ആൾരൂപമെടുത്ത ജ്ഞാനം പിൻവരുന്ന പ്രകാരം പറയുന്നതായി ബൈബിൾ വർണിക്കുന്നു: “ഡംഭം, അഹങ്കാരം . . . എന്നിവയെ ഞാൻ പകെക്കുന്നു.” (സദൃശവാക്യങ്ങൾ 8:13) അഹങ്കാരവും ജ്ഞാനവും നിലകൊള്ളുന്നത് രണ്ടു ധ്രുവങ്ങളിലാണെന്നു പറയാം. ജ്ഞാനപൂർവം പ്രവർത്തിക്കാനും ധിക്കാരമനോഭാവം വളർത്തിയെടുക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. ജീവിതത്തിന്റെ ചില മണ്ഡലങ്ങളിൽ നാം വിജയംവരിച്ചിരിക്കുന്നെങ്കിൽ അഥവാ ക്രിസ്‌തീയ സഭയിൽ ഒരു ഉത്തരവാദിത്വസ്ഥാനം നമുക്കു ലഭിച്ചിരിക്കുന്നെങ്കിൽ നാം വിശേഷാൽ ജാഗ്രത പാലിക്കണം.
“നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്‌ചക്കു മുമ്പെ ഉന്നതഭാവം,” സദൃശവാക്യങ്ങൾ 16:18 മുന്നറിയിപ്പു നൽകുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വീഴ്‌ചയുടെ ചരിത്രം പരിചിന്തിക്കുക—ദൈവത്തിന്റെ ഒരു പൂർണ ആത്മപുത്രനായിരുന്നെങ്കിലും പിന്നീടു പിശാചായിത്തീർന്ന സാത്താനാണു കഥാപാത്രം. (ഉല്‌പത്തി 3:1-5; വെളിപ്പാടു 12:9) വീഴ്‌ചയ്‌ക്കുമുമ്പ് അവൻ “ഉന്നതഭാവം” പ്രകടമാക്കിയില്ലേ? ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ്, “നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ” പുതുവിശ്വാസികളെ ക്രിസ്‌തീയ സഭയുടെ മേൽവിചാരക സ്ഥാനങ്ങളിൽ നിയമിക്കരുതെന്നു ബൈബിൾ പറയുന്നത്. (1 തിമൊഥെയൊസ് 3:1, 2, 6) മറ്റുള്ളവരിൽ അഹങ്കാരം ഊട്ടിവളർത്തുന്നതിനും നമ്മുടെയുള്ളിൽ അതു വളർന്നുവരാൻ അനുവദിക്കുന്നതിനുമെതിരെ നാം ജാഗ്രതപുലർത്തേണ്ടത് എത്ര പ്രധാനമാണ്!
“ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്‌മയുള്ളവരോടുകൂടെ താഴ്‌മയുള്ളവനായിരിക്കുന്നതു നല്ലത്.” (സദൃശവാക്യങ്ങൾ 16:19) ഇതൊരു നല്ല ഉദ്‌ബോധനമാണെന്ന് പുരാതന ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവിന്റെ ദൃഷ്ടാന്തം നമുക്കു കാണിച്ചുതരുന്നു. ദൂരാസമഭൂമിയിൽ അവൻ അഹങ്കാരപൂർവം ഒരു കൂറ്റൻ ബിംബം പ്രതിഷ്‌ഠിച്ചു. തന്നെ പ്രതിനിധാനം ചെയ്യാനായിരുന്നിരിക്കാം അതു പണികഴിപ്പിച്ചത്. വളരെ ഉയരത്തിൽ സ്ഥാപിച്ചിരുന്നതിനാലായിരിക്കാം, അതിനു മൊത്തം 27 മീറ്റർ ഉയരമുണ്ടായിരുന്നു. (ദാനീയേൽ 3:1) ആ കൂറ്റൻ സ്‌മാരകം തന്റെ സാമ്രാജ്യത്തിന്റെ ഒരു മികച്ച പ്രതീകമായിരിക്കാൻ രാജാവ് പ്രതീക്ഷിച്ചു. അംബരചുംബികളായ ഗോപുരങ്ങളും സൂച്യഗ്രസ്‌തംഭങ്ങളുമെല്ലാം മനുഷ്യരിൽ മതിപ്പുളവാക്കിയേക്കാം. എന്നാൽ അതുകൊണ്ടൊന്നും ദൈവത്തിന്റെ അംഗീകാരം നേടാനാവില്ല. “യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു,” സങ്കീർത്തനക്കാരൻ എഴുതി. അതേസമയം അവൻ “അഹംഭാവികളിൽനിന്ന് അകന്നു നിൽക്കുന്നു.” (സങ്കീർത്തനം 138:6, NW) യഥാർഥത്തിൽ “മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.” (ലൂക്കൊസ് 16:15) “ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങി”വരുന്നതാണ് എപ്പോഴും നമുക്കു നല്ലത്.—റോമർ 12:16, പി.ഒ.സി. ബൈബിൾ.
‘വിവേകത്തോടെയും പ്രേരകശക്തിയോടെയും’ സംസാരിക്കുക
ജ്ഞാനം സമ്പാദിക്കുന്നത് നാം പറയുന്ന കാര്യങ്ങളെ സ്വാധീനിക്കുന്നത് എങ്ങനെ? “തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ. ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ [“പ്രേരകശക്തി,” പി.ഒ.സി.] വർദ്ധിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 16:20-23.
വിവേകത്തോടെയും പ്രേരകശക്തിയോടെയും സംസാരിക്കാൻ ജ്ഞാനം നമ്മെ സഹായിക്കുന്നു. എങ്ങനെ? ഹൃദയത്തിൽ ജ്ഞാനമുള്ള ഒരു വ്യക്തി, ഒരു കാര്യത്തിന്റെ ‘നന്മ കണ്ടെത്താൻ’ ശ്രമിച്ചുകൊണ്ട് ‘യഹോവയിൽ ആശ്രയിക്കും.’ മറ്റുള്ളവരുടെ നന്മ കാണാൻ നാം ശ്രമിക്കുമ്പോൾ അവരെക്കുറിച്ചു നാം പറയുന്ന കാര്യങ്ങളും നല്ലതായിത്തീരും. പരുഷവും മത്സരാത്മകവും ആയിരിക്കുന്നതിനു പകരം നമ്മുടെ വാക്കുകൾ ഹൃദ്യവും പ്രേരകാത്മകവും ആയിരിക്കും. മറ്റുള്ളവരുടെ സാഹചര്യം സംബന്ധിച്ച ഉൾക്കാഴ്‌ച, അവർ നേരിട്ടുകൊണ്ടിരുന്നേക്കാവുന്ന ക്ലേശങ്ങളുടെ വ്യാപ്‌തി തിരിച്ചറിയാനും അവർ അതെങ്ങനെ സഹിച്ചുനിൽക്കുന്നുവെന്നു മനസ്സിലാക്കാനും നമ്മെ സഹായിക്കും.
ജ്ഞാനപൂർവം സംസാരിക്കുന്നത് പ്രസംഗ-ശിഷ്യരാക്കൽ വേലയിലും സുപ്രധാനമാണ്. മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുമ്പോൾ തിരുവെഴുത്തു പരിജ്ഞാനം പകർന്നുകൊടുക്കുക എന്നതു മാത്രമല്ല നമ്മുടെ ലക്ഷ്യം. വ്യക്തികളുടെ ഹൃദയങ്ങളിലെത്താനാണു നാം ആഗ്രഹിക്കുന്നത്. അതിനായി നാം പ്രേരകശക്തിയോടെ സംസാരിക്കേണ്ടതുണ്ട്. “പഠിച്ചും നിശ്ചയം പ്രാപിച്ചും” ഇരുന്ന കാര്യങ്ങളിൽ നിലനിൽക്കാൻ പൗലൊസ് അപ്പൊസ്‌തലൻ 2 തിമൊഥെയൊസ് 3:14, 15) ശ്രോതാവിന്റെ ചിന്താഗതിയും താത്‌പര്യങ്ങളും സാഹചര്യങ്ങളും ജീവിതപശ്ചാത്തലവും സംബന്ധിച്ച് ഉൾക്കാഴ്‌ചയുണ്ടായിരുന്നാൽ മാത്രമേ അദ്ദേഹത്തിന്റെ മനസ്സിനെ പ്രചോദിപ്പിക്കാൻ തക്കവണ്ണം ബോധ്യപ്പെടുത്തുന്ന വാദഗതികൾ നിരത്താൻ നമുക്കാകൂ. അത്തരം ഉൾക്കാഴ്‌ച നേടാൻ നമുക്കെങ്ങനെ കഴിയും? “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവരായിരിക്കുക എന്ന് ശിഷ്യനായ യാക്കോബ് പറയുന്നു. (യാക്കോബ് 1:19) ചോദ്യങ്ങൾ ചോദിച്ചും ശ്രോതാവിന്റെ അഭിപ്രായം നന്നായി ശ്രദ്ധിച്ചുംകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിൽ എന്താണുള്ളതെന്നു മനസ്സിലാക്കാൻ നമുക്കു സാധിക്കും.
തന്റെ സഹചാരിയായ തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിച്ചു. (ബോധ്യംവരുത്തുംവിധം സംസാരിക്കുന്നതിൽ പൗലൊസ് സമർഥനായിരുന്നു. (പ്രവൃത്തികൾ 18:4) അവന്റെ ഒരു എതിരാളിയായിരുന്ന വെള്ളിപ്പണിക്കാരനായ ദെമേത്രിയൊസ്‌പോലും ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഈ പൌലൊസ് എന്നവൻ . . . എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു.” (പ്രവൃത്തികൾ 19:26) പ്രസംഗവേലയുടെ വിജയത്തിനു കാരണം സ്വന്തം പ്രാപ്‌തിയായിരുന്നെന്നു പൗലൊസ് അവകാശപ്പെട്ടോ? ഇല്ല. “[ദൈവത്തിന്റെ] ആത്മാവിന്റെയും ശക്തിയുടെയും” ഒരു പ്രകടനമായിട്ടാണ് അവൻ തന്റെ പ്രവർത്തനത്തെ വീക്ഷിച്ചത്. (1 കൊരിന്ത്യർ 2:4, 5) ഇന്നു നമുക്കും പരിശുദ്ധാത്മാവിന്റെ സഹായമുണ്ട്. നാം യഹോവയിൽ ആശ്രയിക്കുന്നതിനാൽ, ശുശ്രൂഷയിൽ വിവേകത്തോടെയും പ്രേരകശക്തിയോടെയും സംസാരിക്കാൻ പരിശ്രമിക്കവേ അവൻ നമ്മെ സഹായിക്കുമെന്നു നമുക്കുറപ്പുണ്ട്.
“ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടു”ന്നതിൽ അതിശയിക്കാനില്ല. (സദൃശവാക്യങ്ങൾ 16:21) ഉൾക്കാഴ്‌ചയുള്ളവർക്ക് വിവേകം തീർച്ചയായും ‘ജീവന്റെ ഉറവാണ്.’ എന്നാൽ ഭോഷന്മാരുടെ കാര്യം അങ്ങനെയല്ല. അവർ “ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” (സദൃശവാക്യങ്ങൾ 1:7) യഹോവയിൽനിന്നുള്ള ശിക്ഷണം നിരസിക്കുന്ന അവർക്ക് എന്തു പ്രതിഫലമാണു ലഭിക്കുന്നത്? “ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ” എന്നു ശലോമോൻ പറഞ്ഞത് ഓർക്കുക. (സദൃശവാക്യങ്ങൾ 16:22) മിക്കപ്പോഴും, കടുത്ത ശിക്ഷയോടു കൂടിയ കൂടുതലായ ശിക്ഷണം അവർക്കു ലഭിക്കുന്നു. കൂടാതെ, ക്ലേശവും ലജ്ജയും ദീനവും അകാലമരണവുംപോലും ഭോഷന്മാർ വിളിച്ചുവരുത്തിയേക്കാം.
ജ്ഞാനപൂർവം സംസാരിക്കുന്നതിന്റെ സത്‌ഫലം വീണ്ടും ചൂണ്ടിക്കാട്ടിക്കൊണ്ട് ഇസ്രായേൽ രാജാവ് ഇങ്ങനെ പറയുന്നു: “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” (സദൃശവാക്യങ്ങൾ 16:24) തേൻ മധുരംപകരുകയും വിശക്കുന്നവനെ പോഷിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇമ്പമുള്ള വാക്കുകൾ പ്രോത്സാഹജനകവും നവോന്മേഷദായകവുമാണ്. ആരോഗ്യത്തിനും രോഗശാന്തിക്കും തേൻ ഉത്തമമാണ്. ഇമ്പമുള്ള വാക്കുകളും അങ്ങനെതന്നെയാണ്; ആത്മീയ അർഥത്തിൽ അവ ആരോഗ്യദായകമാണ്.—സദൃശവാക്യങ്ങൾ 24:13, 14.
‘ചൊവ്വായി തോന്നുന്ന വഴി’ സംബന്ധിച്ചു ജാഗ്രതപാലിക്കുക
“ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃശവാക്യങ്ങൾ 16:25) ദിവ്യനിയമങ്ങൾക്കു വിരുദ്ധമായ ചിന്താധാരയുടെയും പ്രവർത്തനഗതിയുടെയും കാര്യത്തിൽ ഒരു മുന്നറിയിപ്പാണിത്. മനുഷ്യവീക്ഷണത്തിൽ ഒരു പാത നല്ലതായി കാണപ്പെട്ടേക്കാമെങ്കിലും അതു യഥാർഥത്തിൽ ദൈവവചനത്തിലെ നീതിയുള്ള തത്ത്വങ്ങൾക്കു വിരുദ്ധമായിരുന്നേക്കാം. കൂടാതെ, ശരിയെന്ന് ഒരുവനു തോന്നുന്നതും എന്നാൽ യഥാർഥത്തിൽ മരണത്തിലേക്കു നയിക്കുന്നതുമായ ഒരു മാർഗത്തിൽ സഞ്ചരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ട് സാത്താനും വഞ്ചന പ്രയോഗിച്ചേക്കാം.
ജ്ഞാനവും വിവേകവുമുള്ള ഹൃദയവും ദൈവവചനത്തിന്റെ പരിജ്ഞാനത്താൽ പ്രബുദ്ധമായ മനസ്സാക്ഷിയുമാണ് ആത്മവഞ്ചനയിൽനിന്നു നമ്മെ സംരക്ഷിക്കുന്ന അത്യുത്തമ സഹായികൾ. ധാർമികതയുടെയോ ആരാധനയുടെയോ മറ്റെന്തിന്റെയെങ്കിലുമോ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ, തെറ്റും ശരിയും സംബന്ധിച്ച ദൈവപ്രമാണം പിൻപറ്റുന്നത് സ്വയം വഞ്ചിക്കപ്പെടാതിരിക്കാൻ മറ്റെന്തിനെക്കാളും നമ്മെ സഹായിക്കും.
“പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു”
ജ്ഞാനിയായ രാജാവ് തുടർന്ന് ഇങ്ങനെ പറയുന്നു: “പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.” (സദൃശവാക്യങ്ങൾ 16:26) വിശപ്പു നിമിത്തം ആഹാരത്തിനായി കേഴുന്ന ഒരു പണിക്കാരൻ പണിയെടുക്കാൻ നിർബന്ധിതനായിത്തീരുന്നെന്നു ശലോമോൻ പറയുന്നു. ഭക്ഷണത്തിനായുള്ള വാഞ്‌ഛപോലുള്ള ഒരു സ്വാഭാവിക ആഗ്രഹത്തിന് വേലചെയ്യാൻ നമ്മെ പ്രേരിപ്പിക്കാനാകും. അത്തരമൊരു അഭിലാഷം ഗുണകരമാണ്. എന്നാൽ ഉചിതമായ ആഗ്രഹങ്ങൾ പരിധികൾ ലംഘിച്ച് അത്യാഗ്രഹമായിത്തീരാൻ അനുവദിക്കപ്പെടുന്നെങ്കിലോ? ഇത്തിരിപ്പോന്ന ഒരു തീനാളം, എന്തിനെയും ദഹിപ്പിക്കുന്ന ഒരു കാട്ടുതീയായി മാറുന്നതുപോലെ അത്ര വിനാശകമായിരിക്കും അതിന്റെ പരിണതഫലം. ഉൾപ്പെട്ടിരിക്കുന്ന അപകടം തിരിച്ചറിയുന്ന ജ്ഞാനിയായ ഒരു വ്യക്തി ഉചിതമായ ആഗ്രഹങ്ങൾപോലും നിയന്ത്രിച്ചുനിറുത്തും.
‘കൊള്ളരുതാത്ത വഴിയിൽ നടക്കരുത്’
നമ്മുടെ വായിൽനിന്നുവരുന്ന വാക്കുകൾക്ക് എരിയുന്ന തീപോലെ വിപത്‌കരമായിരിക്കാൻ കഴിയും. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിച്ചു കൊട്ടിഘോഷിക്കുന്നത് എന്തുമാത്രം ഹാനിവരുത്തുമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ശലോമോൻ പറയുന്നു: “നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു. വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 16:27, 28.
സഹമനുഷ്യന്റെ സത്‌പേരു നശിപ്പിക്കാൻ ശ്രമിക്കുന്നവനാണു “നിസ്സാരമനുഷ്യൻ.” ആളുകളുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുകയാണു വേണ്ടത്. മറ്റുള്ളവർക്ക് അവരോടുള്ള ആദരവ് വർധിക്കാൻ നാം പറയുന്ന കാര്യങ്ങൾ ഇടയാക്കണം. അവിഖ്യാതി പറഞ്ഞുനടക്കുന്നവർക്ക് ഒരിക്കലും നാം ചെവികൊടുക്കരുത്. അടിസ്ഥാനമില്ലാത്ത സംശയങ്ങൾക്കു ജന്മംനൽകിക്കൊണ്ട് സ്‌നേഹബന്ധങ്ങൾ വേർപെടുത്താനും സഭയിൽ ഭിന്നിപ്പുളവാക്കാനും അവരുടെ വാക്കുകൾക്കു കഴിയും. അവരിൽനിന്ന് അകന്നുനിൽക്കാൻ ജ്ഞാനം നമ്മെ പ്രേരിപ്പിക്കും.
തെറ്റായ ഒരു ഗതി പിന്തുടരാൻ മനുഷ്യനു പ്രേരണയേകുന്ന ഒരു മാസ്‌മരശക്തി തുറന്നുകാട്ടിക്കൊണ്ട് ശലോമോൻ തുടരുന്നു: “സാഹസക്കാരൻ (“അക്രമി,” പി.ഒ.സി.) കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.”—സദൃശവാക്യങ്ങൾ 16:29, 30.
സത്യാരാധകരെ വലയിൽവീഴ്‌ത്താൻ അക്രമത്തിനു കഴിയുമോ? കുടിലമായ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ട് ‘വക്രത സദൃശവാക്യങ്ങൾ 13:20) ദൈവികജ്ഞാനം എന്തൊരു സംരക്ഷണമാണ്!
നിരൂപിക്കാൻ’ ലോകത്തിലുള്ള പലരും വശീകരിക്കപ്പെടുന്നു. അവർ അക്രമം അഴിച്ചുവിടുകയോ അതിനു കൂട്ടുനിൽക്കുകയോ ചെയ്യുന്നു. അക്രമപ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതു നമുക്ക് എളുപ്പമായിരുന്നേക്കാം. എന്നാൽ തന്ത്രപരമായ ഒരു വിധത്തിൽ അതിനോടുള്ള അഭിനിവേശം വെച്ചുപുലർത്തുന്നതു സംബന്ധിച്ചെന്ത്? അക്രമത്തെ നെഞ്ചിലേറ്റുന്ന വിനോദ പരിപാടികളും മത്സരങ്ങളും ഇന്നു ദശലക്ഷങ്ങൾ ആവേശത്തോടെ വീക്ഷിക്കുന്നില്ലേ? പിൻവരുന്ന തിരുവെഴുത്തു മുന്നറിയിപ്പ് ഇത്തരുണത്തിൽ പ്രസക്തമാണ്: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (ജീവിതത്തിലുടനീളം ജ്ഞാനവും വകതിരിവും കൈമുതലായി കാത്തുസൂക്ഷിക്കുകയും ‘കൊള്ളരുതാത്ത വഴിയിൽ നടക്കാതിരിക്കുകയും’ ചെയ്‌തിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് എന്തു പറയാനാകും? നീതിയുടെ മാർഗത്തിൽ നിലകൊണ്ട അത്തരമൊരു ജീവിതം ആദരാർഹമാണ്, ദൈവദൃഷ്ടിയിൽ ശോഭനമാണ്. “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം,” സദൃശവാക്യങ്ങൾ 16:31 പറയുന്നു.
അനിയന്ത്രിതമായ കോപത്തിന്റെ കാര്യം നേർവിപരീതമാണ്. അതു തെല്ലും അഭികാമ്യമല്ല. ആദാമിന്റെയും ഹവ്വായുടെയും ആദ്യസന്തതിയായ കയീന് അവന്റെ സഹോദരനായ ഹാബെലിനോട് “ഏറ്റവും കോപമുണ്ടായി.” അവൻ “ഹാബെലിനോടു കയർത്തു അവനെ കൊന്നു”കളഞ്ഞു. (ഉല്‌പത്തി 4:1, 2, 5, 8) ചില സാഹചര്യങ്ങളിൽ, കോപംതോന്നാൻ ന്യായമായ കാരണം നമുക്കുണ്ടായിരുന്നേക്കാമെങ്കിലും നിയന്ത്രണംവിട്ടു പോകാതിരിക്കാൻ ജാഗ്രത പാലിക്കണം. “ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്‌ഠൻ” എന്ന് സദൃശവാക്യങ്ങൾ 16:32 തുറന്നുപറയുന്നു. അനിയന്ത്രിതമായ കോപം ശക്തിയുടെയോ വ്യക്തിമാഹാത്മ്യത്തിന്റെയോ ലക്ഷണമല്ല. മനുഷ്യൻ ‘കൊള്ളരുതാത്ത വഴിയിൽ നടക്കാൻ’ ഇടയാക്കുന്ന ഒരു ദൗർബല്യമാണത്.
‘അന്തിമ തീരുമാനം യഹോവയിൽനിന്നു വരുന്നു’
“ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ [“അന്തിമമായ തീരുമാനം,” പി.ഒ.സി.] യഹോവയാലത്രേ.” (സദൃശവാക്യങ്ങൾ 16:33) ദൈവേഷ്ടം മനസ്സിലാക്കാൻ ചീട്ടിടുന്ന സമ്പ്രദായം പുരാതന ഇസ്രായേലിൽ നിലനിന്നിരുന്നു. ചെറിയ ഉണ്ടക്കല്ലുകളോ മരത്തിന്റെയോ കല്ലിന്റെയോ ഫലകങ്ങളോ ആയിരുന്നു അതിനായി ഉപയോഗിച്ചിരുന്നത്. ആദ്യമായി, ഒരു കാര്യത്തെക്കുറിച്ചു തീരുമാനമെടുക്കാൻ യഹോവയോട് അപേക്ഷിക്കുമായിരുന്നു. തുടർന്ന് ഒരു വസ്‌ത്രത്തിന്റെ മടക്കിനുള്ളിൽ ചീട്ടിട്ടശേഷം അതു പുറത്തെടുക്കുന്നു. അതു വെളിപ്പെടുത്തുന്ന ഫലം ദൈവത്തിൽനിന്നുള്ളതായി കരുതിയിരുന്നു.
തന്റെ മനോഗതി അറിയിക്കാൻ യഹോവ ഇന്ന് അത്തരമൊരു സമ്പ്രദായം അവലംബിക്കുന്നില്ല. തന്റെ വചനമായ ബൈബിളിൽ അവൻ തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നു. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ സൂക്ഷ്‌മപരിജ്ഞാനം, ദൈവികജ്ഞാനം സമ്പാദിക്കുന്നതിൽ അനുപേക്ഷണീയമാണ്. അതുകൊണ്ട് നിശ്വസ്‌ത തിരുവെഴുത്തുകൾ വായിക്കാതെ ഒരു ദിവസംപോലും കടന്നുപോകാൻ നാം അനുവദിക്കരുത്.—സങ്കീർത്തനം 1:1, 2; മത്തായി 4:4.
[അടിക്കുറിപ്പ്]
^ ഖ. 3 സദൃശവാക്യങ്ങൾ 16-ാം അധ്യായത്തിന്റെ 1-15 വാക്യങ്ങളുടെ വിശദീകരണത്തിന് 2007 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-20 പേജുകൾ കാണുക.
[8-ാം പേജിലെ ചിത്രം]
ജ്ഞാനം തങ്കത്തെക്കാൾ ഉത്തമമായിരിക്കുന്നത് എന്തുകൊണ്ട്?
[9-ാം പേജിലെ ചിത്രം]
ശുശ്രൂഷയിൽ നിങ്ങളുടെ അധരങ്ങൾക്കു പ്രേരകശക്തി നൽകുന്നതെന്ത്?
[10-ാം പേജിലെ ചിത്രം]
“നിസ്സാരമനുഷ്യൻ പാതകം എന്ന കുഴി കുഴിക്കുന്നു”
[11-ാം പേജിലെ ചിത്രം]
മനുഷ്യൻ ‘കൊള്ളരുതാത്ത വഴിയിൽ നടക്കാൻ’ അനിയന്ത്രിതമായ കോപം ഇടയാക്കിയേക്കാം
[12-ാം പേജിലെ ചിത്രം]
അക്രമത്തിനു വശീകരണ ശക്തിയുണ്ട്