എഴുത്ത് പുരാതന ഇസ്രായേലിൽ
എഴുത്ത് പുരാതന ഇസ്രായേലിൽ
ഗ്രീക്ക് ഇതിഹാസകാവ്യങ്ങളായ ഇലിയഡും ഒഡിസിയും നിങ്ങൾ അൽപ്പമെങ്കിലും വായിച്ചിട്ടുണ്ടോ? പൊതുയുഗത്തിനു മുമ്പ് 9-ാം നൂറ്റാണ്ടിലോ 8-ാം നൂറ്റാണ്ടിലോ ആണ് അവ രചിക്കപ്പെട്ടതെന്നു കരുതുന്നു. ഈ കൃതികളും ഇവയെക്കാളേറെ നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതിത്തുടങ്ങിയ ബൈബിളും തമ്മിലുള്ള ഒരു വ്യത്യാസമെന്താണ്? യഹൂദ ബൈബിളും ക്രിസ്‌തീയ ബൈബിളും എന്ന ഗ്രന്ഥം പറയുന്നു: “ലിഖിത രേഖകളെക്കുറിച്ചുള്ള 429 പരാമർശങ്ങളെങ്കിലും ബൈബിളിലുണ്ട്. ഇലിയഡിൽ കേവലം ഒരു പരാമർശമേയുള്ളൂവെന്നും ഒഡിസിയിൽ ഒന്നുംതന്നെ ഇല്ലെന്നും ഓർക്കുമ്പോൾ ഇതു ശ്രദ്ധേയമാണ്.”
ദി ഓക്‌സ്‌ഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ആർക്കിയോളജി ഇൻ ദ നിയർ ഈസ്റ്റ് എന്ന പുസ്‌തകം പറയുന്നു: “രേഖകൾ എഴുതി ഉണ്ടാക്കുകയെന്നത് പുരാതന ഇസ്രായേലിൽ ആരാധനയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു.” ഉദാഹരണത്തിന് മോശൈക നിയമം രേഖയിലാക്കുകയും പിന്നീട് അതു ക്രമമായി സ്‌ത്രീപുരുഷന്മാരും കുട്ടികളും ഉൾപ്പെടെ എല്ലാവരുടെയും മുമ്പാകെ പരസ്യമായി വായിക്കുകയും ചെയ്‌തിരുന്നു. തന്നെയുമല്ല, ആളുകൾ അതു വ്യക്തിപരമായും കൂട്ടമായും വായിക്കുകയും പഠിക്കുകയും ചെയ്‌തിരുന്നു. മോശൈക നിയമത്തിന്റെ ഏതാനും സവിശേഷതകൾ വിശകലനം ചെയ്‌തശേഷം ലിവർപൂൾ സർവകലാശാലയിലെ സീനിയർ ലക്‌ച്ചററായ അലൻ മിലാർഡ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജീവിതത്തിന്റെ നാനാതുറകളിലുമുള്ള ഇസ്രായേല്യർക്ക് എഴുത്തും വായനയും അറിയാമെന്ന വിശ്വാസം ബൈബിളെഴുത്തുകാർക്ക് ഉണ്ടായിരുന്നു.”—ആവർത്തനപുസ്‌തകം 31:9-13; യോശുവ 1:8; നെഹെമ്യാവു 8:13-15; സങ്കീർത്തനം 1:2.
വിശുദ്ധ ലിഖിതങ്ങളെ ക്രിസ്‌ത്യാനികൾ എങ്ങനെയാണു വീക്ഷിക്കേണ്ടതെന്ന് അപ്പൊസ്‌തലനായ പൗലൊസ് വിശദീകരിക്കുന്നു: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” ക്രമമായി ബൈബിൾ വായിച്ചുകൊണ്ട് നിങ്ങൾ അതിനോടു വിലമതിപ്പു പ്രകടമാക്കുന്നുണ്ടോ?—റോമർ 15:4.