വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം ഏഷ്യാമൈനറിൽ

ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം ഏഷ്യാമൈനറിൽ

ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം ഏഷ്യാമൈനറിൽ

പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ (മുഖ്യമായും ഇന്നത്തെ ടർക്കി) നിരവധി ക്രിസ്‌തീയ സഭകൾ തഴച്ചുവളർന്നു. യഹൂദരും പുറംജാതിക്കാരുമായ അനേകർ ക്രിസ്‌തീയ സന്ദേശം സ്വീകരിച്ചു. ഒരു ബൈബിൾ നിഘണ്ടു ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സിറിയ-പലസ്‌തീനിനു പുറമേ ഇവിടെ ഏഷ്യാമൈനറിലാണ്‌ ക്രിസ്‌തീയ പ്രസ്ഥാനത്തിന്‌ ഏറെ വേഗത്തിലും വ്യാപകവുമായ പുരോഗതി ഉണ്ടായത്‌.”

വ്യത്യസ്‌ത ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ കൂട്ടിവായിക്കുകവഴി ഈ പ്രദേശത്ത്‌ ക്രിസ്‌ത്യാനിത്വത്തിനുണ്ടായ വളർച്ചയുടെ ഒരു പൂർണരൂപം നമുക്കു കിട്ടും. ലഭ്യമായ വിവരങ്ങൾ പരിചിന്തിക്കുന്നതിന്റെ പ്രയോജനം എന്തെന്നു നോക്കാം.

ഏഷ്യാമൈനറിലെ ആദ്യത്തെ ക്രിസ്‌ത്യാനികൾ

ഏഷ്യാമൈനറിൽ ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തോടുള്ള ബന്ധത്തിൽ ആദ്യത്തെ പ്രധാന ചുവടുവെപ്പു നടന്നത്‌ പൊതുയുഗം (പൊ.യു.) 33-ൽ യെരൂശലേമിൽ ആണ്‌. ചിതറിപ്പാർക്കുന്ന യഹൂദരും (പാലസ്‌തീനിനു വെളിയിൽ താമസിച്ചിരുന്ന മറുനാടൻ യഹൂദർ) യഹൂദ മതപരിവർത്തിതരും ഉൾപ്പെടെ ഒരു ബഹുഭാഷാക്കൂട്ടം അന്നവിടെ കൂടിവന്നു. യേശുവിന്റെ അപ്പൊസ്‌തലന്മാർ അവരോടു സുവാർത്ത പ്രസംഗിച്ചു. ചരിത്രരേഖ സാക്ഷ്യപ്പെടുത്തുന്നത്‌ അനുസരിച്ച്‌ കൂടിവന്നവരിൽ അധികവും കപ്പദോക്യ, പൊന്തൊസ്‌, ആസ്യ, ഫ്രുഗ്യ, പംഫുല്യ എന്നിങ്ങനെ ഏഷ്യാമൈനറിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽനിന്നുള്ളവർ ആയിരുന്നു. 3,000-ത്തോളംപേർ ക്രിസ്‌തീയ സന്ദേശം കൈക്കൊണ്ട്‌ സ്‌നാപനമേറ്റു. തങ്ങൾക്കു കിട്ടിയ പുതിയ വിശ്വാസവും കൊണ്ടാണ്‌ അവർ തിരിച്ചുപോയത്‌.—പ്രവൃത്തികൾ 2:5-11, 41.

അടുത്തതായി നാം കാണുന്ന ബൈബിൾ വിവരണങ്ങൾ അപ്പൊസ്‌തലനായ പൗലൊസിന്റെ ഏഷ്യാമൈനറിലൂടെയുള്ള മിഷനറി യാത്രകളെക്കുറിച്ചുള്ളതാണ്‌. ഏതാണ്ട്‌ പൊ.യു. 47/48-ൽ പൗലൊസ്‌ നടത്തിയ ഒന്നാം മിഷനറി യാത്രയിൽ തന്റെ സഹകാരികളോടൊപ്പം സൈപ്രസിൽനിന്നും ഏഷ്യാമൈനറിലേക്കു കപ്പൽവഴി പംഫുല്യയിലെ പെർഗ്ഗയിലെത്തിച്ചേർന്നു. പിസിദ്യയിലെ ഉൾപ്രദേശ നഗരമായ അന്ത്യൊക്ക്യയിലെ പ്രസംഗവേലയിൽ അവർക്കുണ്ടായ നേട്ടം യഹൂദന്മാരിൽനിന്നുള്ള അസൂയയ്‌ക്കും എതിർപ്പിനും വഴിയൊരുക്കി. പൗലൊസ്‌ തെക്കുകിഴക്കുള്ള ഇക്കോന്യയിലേക്കു നീങ്ങിയപ്പോൾ മറ്റു യഹൂദന്മാർ ആ മിഷനറിമാരോട്‌ നിഷ്‌ഠുരമായി ഇടപെടാൻ പദ്ധതിയിട്ടു. ലുസ്‌ത്രയ്‌ക്കു സമീപമുള്ള പ്രാദേശികവാസികൾ വികാരവായ്‌പോടെ പൗലൊസിനെ ആദ്യം ഒരു ദേവനായി പ്രഖ്യാപിച്ചു. പക്ഷേ, അന്ത്യൊക്ക്യയിലും ഇക്കോന്യയിലും പൗലൊസിനെ എതിർത്തിരുന്ന യഹൂദന്മാർ എത്തിയപ്പോൾ ആ സ്ഥലവാസികൾ പൗലൊസിനെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു! ആ സംഭവത്തിനുശേഷം, പൗലൊസും ബർന്നബാസും തങ്ങളുടെ യാത്ര ഗലാത്യയുടെ റോമൻ പ്രവിശ്യയായ ദെർബ്ബയിലേക്കു വ്യാപിപ്പിച്ചു. ലുക്കവോന്യഭാഷ സംസാരിച്ചിരുന്ന അവിടെ സഭകൾ സംഘടിപ്പിക്കുകയും മൂപ്പന്മാരെ നിയമിക്കുകയും ചെയ്‌തു. അങ്ങനെ, പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം ഏകദേശം 15 വർഷം കഴിഞ്ഞ്‌ ഏഷ്യാമൈനറിൽ ക്രിസ്‌ത്യാനിത്വം രൂഢമൂലമായിരുന്നതായി നാം മനസ്സിലാക്കുന്നു.—പ്രവൃത്തികൾ 13:13-14:26.

ഏകദേശം പൊ.യു. 49 മുതൽ 52 വരെയുള്ള രണ്ടാം മിഷനറി പര്യടനത്തിൽ പൗലൊസും സംഘവും സാധ്യതയനുസരിച്ച്‌ കിലിക്യയിലെ തർസൂസിലുള്ള തന്റെ സ്വന്തം പ്രദേശത്തുകൂടെ കടന്ന്‌ ആദ്യം ലുസ്‌ത്രയിലെത്തുന്നു. ലുസ്‌ത്രയിലെ സഹോദരങ്ങളെ പുനർസന്ദർശിച്ചശേഷം പൗലൊസ്‌ വടക്കോട്ടു മാറി ബിഥുന്യയിലും ആസ്യയിലും “വചനം പ്രസംഗി”ക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, പരിശുദ്ധാത്മാവ്‌ അതിന്‌ അനുവദിച്ചില്ല. ആ പ്രദേശങ്ങൾ പിന്നീട്‌ പ്രസംഗിക്കപ്പെടേണ്ടതായിരുന്നു. പകരം, ദൈവം പൗലൊസിനെ ഏഷ്യാമൈനറിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുകൂടെ ത്രോവാസ്‌ തീരത്തേക്കു നയിക്കുകയാണുണ്ടായത്‌. തുടർന്ന്‌ യൂറോപ്പിൽ സുവാർത്ത പ്രസംഗിക്കാൻ പൗലൊസ്‌ ഒരു ദർശനത്തിലൂടെ നിയുക്തനാക്കപ്പെട്ടു.—പ്രവൃത്തികൾ 16:1-12; 22:3.

ഉദ്ദേശം പൊ.യു. 52 മുതൽ 56 വരെയുള്ള പൗലൊസിന്റെ മൂന്നാം മിഷനറി യാത്രയിൽ അവൻ വീണ്ടും ഏഷ്യാമൈനറിലൂടെ യാത്രചെയ്‌ത്‌ ആസ്യയുടെ മുഖ്യ തുറമുഖനഗരമായ എഫെസൊസിൽ എത്തിച്ചേരുന്നു. തന്റെ രണ്ടാം മിഷനറി യാത്രയിൽനിന്നു മടങ്ങവേ അവൻ അവിടെ തങ്ങിയിരുന്നു. നഗരത്തിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ക്രിസ്‌ത്യാനികളോടുകൂടെ പൗലൊസും സഹകാരികളും മൂന്നു വർഷത്തോളം ചെലവഴിച്ചു. ആ ഇടവേള പലവിധ ബുദ്ധിമുട്ടുകളും അപകടങ്ങളും നിറഞ്ഞതായിരുന്നു. അതിലൊന്നായിരുന്നു മതത്തിന്റെ ചുവടുപിടിച്ചു നടത്തിയിരുന്ന തങ്ങളുടെ തകർപ്പൻ ബിസിനസ്സ്‌ നിലനിറുത്താൻ എഫെസൊസിലെ തട്ടാന്മാർ സൃഷ്ടിച്ച കോലാഹലങ്ങൾ.—പ്രവൃത്തികൾ 18:19-26; 19:1, 8-41; 20:31.

എഫെസൊസിനെ കേന്ദ്രീകരിച്ചു നടത്തിയ മിഷനറി സേവനം തീർച്ചയായും ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. പ്രവൃത്തികൾ 19:10 പറയുന്നു: “ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.”

ഏഷ്യാമൈനറിലെ വികസനങ്ങൾ

എഫെസൊസിലെ താമസത്തിനൊടുവിൽ പൗലൊസ്‌ കൊരിന്ത്യർക്ക്‌ ഇങ്ങനെ എഴുതുകയുണ്ടായി: “ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു.” (1 കൊരിന്ത്യർ 16:19) പൗലൊസിന്റെ മനസ്സിലുണ്ടായിരുന്ന സഭകൾ ഏതൊക്കെയായിരുന്നു? കൊലൊസ്സ്യ, ലവൊദിക്ക്യ, ഹിയരപൊലിസ്‌ എന്നിവയായിരുന്നിരിക്കാം. (കൊലൊസ്സ്യർ 4:12-16) പൗലൊസ്‌—അവന്റെ ചരിത്രം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സ്‌മുർന്ന, പെർഗ്ഗമൊസ്‌, സർദ്ദിസ്‌, ഫിലദെൽഫ്യ എന്നിവിടങ്ങളിലെ ക്രിസ്‌തീയ സമൂഹങ്ങൾ ഉദയംചെയ്‌തതിനു പിന്നിൽ എഫെസൊസിലെ മിഷനറിമാരുടെ സേവന സന്നദ്ധതയാണെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. . . . എഫെസൊസിനു 192 കിലോമീറ്റർ ചുറ്റളവിലായി നല്ല ഒന്നാന്തരം റോഡുകൾ വഴി ബന്ധിപ്പിക്കപ്പെട്ടിരുന്നവയായിരുന്നു ഈ സ്ഥലങ്ങളെല്ലാം.”

അതുകൊണ്ട്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിന്‌ ഏറെക്കുറെ 20 വർഷം കഴിഞ്ഞ്‌ ഏഷ്യാമൈനറിനു തെക്കും പടിഞ്ഞാറുമായി പലപല സഭകൾ ഉണ്ടായിരുന്നിരിക്കാം. അവിടത്തെ മറ്റു പ്രദേശങ്ങളെ സംബന്ധിച്ചെന്ത്‌?

പത്രൊസിന്റെ ലേഖനത്തിന്റെ സ്വീകർത്താക്കൾ

ഏതാനും വർഷങ്ങൾ കഴിഞ്ഞ്‌ ഏതാണ്ട്‌ പൊ.യു. 62-നും 64-നും ഇടയിലാണ്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ആദ്യത്തെ തന്റെ നിശ്വസ്‌ത ലേഖനം എഴുതുന്നത്‌. പൊന്തൊസ്‌, ഗലാത്യ, കപ്പദോക്യ, ആസ്യ, ബിഥുന്യ എന്നിവിടങ്ങളിലെ ക്രിസ്‌ത്യാനികളെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു ആ ലേഖനം. സാധ്യതയനുസരിച്ച്‌ അവിടെയെല്ലാം ക്രിസ്‌തീയ സഭകൾ ഉണ്ടായിരുന്നുവെന്നാണ്‌ പത്രൊസിന്റെ ലേഖനവും “ആട്ടിൻകൂട്ടത്തെ മേയിച്ചു”കൊള്ളാനുള്ള അതിലെ മൂപ്പന്മാർക്കുള്ള ബുദ്ധിയുപദേശവും സൂചിപ്പിക്കുന്നത്‌. പ്രസ്‌തുത സഭകൾ സ്ഥാപിതമായത്‌ എപ്പോഴായിരുന്നു?—1 പത്രൊസ്‌ 1:1; 5:1-3.

പത്രൊസിന്റെ ലേഖനം സ്വീകരിച്ച ആസ്യ, ഗലാത്യ എന്നിവപോലുള്ള ചില സ്ഥലങ്ങളിൽ താമസിച്ചിരുന്നവരോട്‌ പൗലൊസ്‌ സുവിശേഷിച്ചിട്ടുണ്ട്‌. എന്നാൽ അവൻ കപ്പദോക്യ, ബിഥുന്യ എന്നിവിടങ്ങളിൽ പ്രസംഗിച്ചിട്ടില്ലായിരുന്നു. ഈ സ്ഥലങ്ങളിൽ ക്രിസ്‌ത്യാനിത്വം വികാസംപ്രാപിച്ചത്‌ എങ്ങനെയെന്നു ബൈബിൾ വെളിപ്പെടുത്തുന്നില്ല. എങ്കിലും, ഒരുപക്ഷേ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിൽ ഉണ്ടായിരുന്നവരും പിന്നീട്‌ സ്വദേശത്തേക്കു മടങ്ങിപ്പോയവരുമായ യഹൂദന്മാരോ യഹൂദമതപരിവർത്തിതരോ മുഖാന്തിരമായിരിക്കാം അത്‌. എന്തുതന്നെയായാലും, പെന്തെക്കൊസ്‌തിന്‌ ഏകദേശം 30 വർഷം കഴിഞ്ഞ്‌ പത്രൊസ്‌ തന്റെ ലേഖനം എഴുതിയപ്പോൾ “ഏഷ്യാമൈനറിൽ അങ്ങോളമിങ്ങോളം” സഭകൾ ഉണ്ടായിരുന്നുവെന്നത്‌ തീർച്ചയാണെന്നാണ്‌ ഒരു പണ്ഡിതൻ പറയുന്നത്‌.

വെളിപ്പാടിലെ ഏഴു സഭകൾ

റോമൻ സാമ്രാജ്യത്തോടുള്ള യഹൂദന്മാരുടെ മത്സരം പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിനിടയാക്കി. യഹൂദ്യയിലെ ചില ക്രിസ്‌ത്യാനികൾ പിന്നീട്‌ ഏഷ്യാമൈനറിൽ എത്തിപ്പെട്ടിരിക്കാം. *

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്‌, അപ്പൊസ്‌തലനായ യോഹന്നാൻ മുഖേന യേശുക്രിസ്‌തു ഏഷ്യാമൈനറിലെ ഏഴു സഭകൾക്കും കത്തുകളയച്ചു. എഫെസൊസ്‌, സ്‌മുർന്നാ, പെർഗ്ഗമൊസ്‌, തുയഥൈര, സർദ്ദിസ്‌, ഫിലദെൽഫ്യ, ലവൊദിക്ക്യ എന്നീ സഭകൾക്കുള്ള പ്രസ്‌തുത ലേഖനങ്ങൾ അവിടങ്ങളിലുണ്ടായിരുന്ന ക്രിസ്‌ത്യാനികൾ അധാർമികത, വിഭാഗീയത, വിശ്വാസത്യാഗം എന്നിങ്ങനെയുള്ള അപകടങ്ങൾ അഭിമുഖീകരിച്ചിരുന്നതായി വെളിപ്പെടുത്തുന്നു.—വെളിപ്പാടു 1:9, 11; 2:14, 15, 20.

എളിമയോടെയും മുഴുദേഹിയോടെയുമുള്ള സേവനം

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനം നാം പ്രവൃത്തികളുടെ പുസ്‌തകത്തിൽ വായിക്കുന്നതിനെക്കാളൊക്കെ അധികമായിരുന്നു എന്നതിൽ തർക്കമില്ല. പ്രശസ്‌ത അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും ഉൾപ്പെടുന്ന സംഭവവികാസങ്ങൾ പ്രവൃത്തികളുടെ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നു, എന്നാൽ മറ്റനേകരും മറ്റിടങ്ങളിൽ പ്രസംഗിച്ചിരുന്നു. “പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന ആദിമ ക്രിസ്‌ത്യാനികൾ ഗൗരവമായെടുത്തെന്നാണ്‌ ഏഷ്യാമൈനറിലെ വികസനങ്ങൾ കാണിക്കുന്നത്‌.—മത്തായി 28:19, 20.

സമാനമായി ഇന്നും യഹോവയുടെ സാക്ഷികൾ ചെയ്യുന്ന താരതമ്യേന ചുരുക്കം ചില വിശ്വസ്‌ത പ്രവർത്തനങ്ങളേ ലോകവ്യാപക സഹോദരവർഗത്തിന്‌ അറിയാവുന്നതായിട്ടുള്ളൂ. ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ പ്രസംഗിച്ച വിശ്വസ്‌തരായ രാജ്യഘോഷകരെപ്പോലെ, സുവാർത്തയുടെ ആധുനികകാല പ്രസംഗകരിൽ ഭൂരിപക്ഷവും ഏറെക്കുറെ അജ്ഞാതരാണ്‌. എങ്കിലും, അവരും തിരക്കേറിയ, പ്രതിഫലദായകമായ ജീവിതം ആസ്വദിക്കുന്നു. കൂടാതെ, മറ്റുള്ളവരുടെ രക്ഷയ്‌ക്കായി പ്രവർത്തിക്കുന്നു എന്നറിയുന്നതിന്റെ ചാരിതാർഥ്യവും അവർക്കുണ്ട്‌.—1 തിമൊഥെയൊസ്‌ 2:3-6.

[അടിക്കുറിപ്പ്‌]

^ ഖ. 17 ചരിത്രകാരനായ യൂസേബിയസ്‌ (പൊ.യു. 260-340) പറയുന്നതനുസരിച്ച്‌, പൊ.യു. 66-നു മുമ്പായി “തങ്ങളെ കൊല്ലുന്നതിനു നിരന്തരം ഗൂഢാലോചനകൾ നടന്നിരുന്നതിനാൽ അപ്പൊസ്‌തലന്മാർ യഹൂദ്യയിൽനിന്നു പുറത്തുപോകേണ്ടിവന്നു. എന്നാൽ തങ്ങളുടെ പക്കലുള്ള സന്ദേശം പഠിപ്പിക്കുന്നതിനായി ക്രിസ്‌തുവിന്റെ ശക്തിയാൽ സകല ദേശങ്ങളിലും അവർ യാത്രചെയ്‌തു.”

[11-ാം പേജിലെ ചതുരം]

ബിഥുന്യയിലെയും പൊന്തൊസിലെയും ആദ്യകാല ക്രിസ്‌ത്യാനിത്വം

ഏഷ്യാമൈനറിന്റെ കരിങ്കടൽ തീരത്തായിട്ടാണ്‌ ബിഥുന്യയും പൊന്തൊസും. അവിടത്തെ അധികാരികളിൽ ഒരാളായ പ്ലിനി ദി യംഗർ റോമൻ ചക്രവർത്തിയായിരുന്ന ട്രാജന്‌ എഴുതിയതിൽനിന്ന്‌ ഈ പ്രദേശങ്ങളിലെ ദൈനംദിന ജീവിതത്തോടുള്ള ബന്ധത്തിൽ നിരവധി കാര്യങ്ങൾ അറിയാനാകും.

പത്രൊസിന്റെ ലേഖനം അവിടത്തെ സഭകളിൽ വിതരണം ചെയ്‌ത്‌ 50 വർഷത്തിനുശേഷം ക്രിസ്‌ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച്‌ പ്ലിനി, ട്രാജന്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി: “ക്രിസ്‌ത്യാനികളെ ചോദ്യം ചെയ്യുമളവിൽ ഞാൻ ഒരിക്കലും സന്നിഹിതനല്ലായിരുന്നു. തത്‌ഫലമായി അവർക്കു സാധാരണമായി നൽകിയിരുന്ന ശിക്ഷാമുറകളുടെ തീവ്രതയെക്കുറിച്ചൊന്നും എനിക്കറിയില്ല. സ്‌ത്രീകളും പുരുഷന്മാരും ഉൾപ്പെടെ, എല്ലാ പ്രായത്തിലും വർഗത്തിലുംപെട്ട ഒരു വലിയ കൂട്ടം ആളുകൾ വിചാരണ ചെയ്യപ്പെടുന്നുണ്ട്‌, അതു സാധ്യതയനുസരിച്ചു തുടരുകയും ചെയ്യും. കൊള്ളരുതാത്ത ഈ സമൂഹത്താൽ പട്ടണങ്ങളിലുള്ളവർ മാത്രമല്ല ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ഉള്ളവരും സ്വാധീനിക്കപ്പെട്ടിരിക്കുകയാണ്‌.”

[9-ാം പേജിലെ രേഖാചിത്രം/ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൗലൊസിന്റെ യാത്രകൾ

ഒന്നാം മിഷനറിയാത്ര

സൈപ്രസ്‌

പംഫുല്യ

പെർഗ്ഗ

അന്ത്യൊക്ക്യ (പിസിദ്യയിലേത്‌)

ഇക്കോന്യ

ലുസ്‌ത്ര

ദെർബ്ബ

രണ്ടാം മിഷനറിയാത്ര

കിലിക്യ

തർസൊസ്‌

ദെർബ്ബ

ലുസ്‌ത്ര

ഇക്കോന്യ

അന്ത്യൊക്ക്യ (പിസിദ്യയിലേത്‌)

ഫ്രുഗ്യ

ഗലാത്യ

ത്രോവാസ്‌

മൂന്നാം മിഷനറിയാത്ര

കിലിക്യ

തർസൊസ്‌

ദെർബ്ബ

ലുസ്‌ത്ര

ഇക്കോന്യ

അന്ത്യൊക്ക്യ (പിസിദ്യയിലേത്‌)

എഫെസൊസ്‌

ആസ്യ

ത്രോവാസ്‌

[Seven congregations]

പെർഗ്ഗമൊസ്‌

തുയഥൈര

സർദ്ദിസ്‌

സ്‌മുർന്ന

എഫെസൊസ്‌

ഫിലദെൽഫ്യ

ലവൊദിക്ക്യ

[Other locations]

ഹിയരപൊലിസ്‌

കൊലൊസ്സ്യ

ലുക്കിയ

ബിഥുന്യ

പൊന്തൊസ്‌

കപ്പദോക്യ

[9-ാം പേജിലെ ചിത്രം]

അന്ത്യൊക്ക്യ

[9-ാം പേജിലെ ചിത്രം]

ത്രോവാസ്‌

[കടപ്പാട്‌]

© 2003 BiblePlaces.com

[10-ാം പേജിലെ ചിത്രം]

എഫെസൊസിലെ തീയേറ്റർ.—പ്രവൃത്തികൾ 19:29

[10-ാം പേജിലെ ചിത്രം]

പെർഗ്ഗമൊസിലെ സീയൂസിന്റെ ബലിപീഠത്തിന്റെ കീഴ്‌ഭാഗം. നഗരത്തിലെ ക്രിസ്‌ത്യാനികൾ “സാത്താന്റെ സിംഹാസന”ത്തിലാണു വസിച്ചിരുന്നത്‌.—വെളിപ്പാടു 2:13

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.