‘യഹോവേ, എന്നെ ശോധന ചെയ്യേണമേ’
‘യഹോവേ, എന്നെ ശോധന ചെയ്യേണമേ’
“ഹൃദയങ്ങളെ ശോധന ചെയ്യുന്ന”വനാണ് യഹോവ. (സദൃശവാക്യങ്ങൾ 17:3) അത് നമ്മെയെല്ലാം വളരെയധികം ആശ്വസിപ്പിക്കേണ്ടതാണ്. എന്തുകൊണ്ട്? കണ്ണിനു കാണുന്നതുപോലെ വിധിക്കുന്ന മനുഷ്യരെപ്പോലെയല്ല യഹോവ വിധിക്കുന്നത്. പകരം നമ്മുടെ സ്വർഗീയ പിതാവ് “ഹൃദയത്തെ നോക്കുന്നു.”—1 ശമൂവേൽ 16:7.
എന്തിന്, നമുക്കുപോലും നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെയും ചായ്‌വുകളെയും വിലയിരുത്താൻ പ്രയാസമാണ്. എന്തുകൊണ്ട്? “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അത് ആരാഞ്ഞറിയുന്നവൻ ആർ?” എങ്കിലും, ദൈവം അതറിയുന്നു. “യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌തു അന്തരംഗങ്ങളെ പരീക്ഷി”ക്കുന്നു എന്ന് അവൻ പറയുന്നു. (യിരെമ്യാവു 17:9, 10) അതേ, ഉള്ളിലെ വികാരങ്ങൾ ഉൾപ്പെടെ നമ്മുടെ “ഹൃദയത്തെ”യും “അന്തരംഗങ്ങളെ”യും യഹോവ മനസ്സിലാക്കുന്നു.
പരീക്ഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
അപ്പോൾപ്പിന്നെ പുരാതന കാലത്തെ ദാവീദ് രാജാവ് പിൻവരുംവിധം പറഞ്ഞതിൽ അതിശയിക്കാനില്ല: “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.” (സങ്കീർത്തനം 26:2) യഹോവ പരീക്ഷിച്ചാൽ ഭയപ്പെടേണ്ടതില്ലാത്തവിധം വാക്കിലും പ്രവൃത്തിയിലും ദാവീദ് പൂർണമായും ശുദ്ധിയുള്ളവനായിരുന്നോ? ആയിരുന്നില്ലെന്നു വ്യക്തമാണ്! നമ്മെയെല്ലാവരെയുംപോലെ ദാവീദും അപൂർണനും ദൈവിക നിലവാരങ്ങൾക്കൊത്ത് പൂർണമായി ഉയരാൻ കഴിയാത്തവനും ആയിരുന്നു. തന്റെ ബലഹീനതകൾ നിമിത്തം ദാവീദ് ഗുരുതരമായ പല തെറ്റുകളും ചെയ്യുകയുണ്ടായി. എങ്കിലും അവൻ ‘ഹൃദയനിർമലതയോടെ നടന്നു.’ (1 രാജാക്കന്മാർ 9:4) എങ്ങനെ? ശിക്ഷണം കൈക്കൊള്ളുകയും തന്റെ ഗതി തിരുത്തുകയും ചെയ്‌തുകൊണ്ട്. അങ്ങനെ അവൻ യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നുവെന്നു തെളിയിച്ചു. ദൈവത്തോടുള്ള അവന്റെ ഭക്തി സമ്പൂർണമായിരുന്നു.
ഇന്നു നമ്മെ സംബന്ധിച്ചെന്ത്? നാം അപൂർണരാണെന്നും അതിനാൽ വാക്കിലും പ്രവൃത്തിയിലും നാം പാപം ചെയ്‌തേക്കാം എന്നും യഹോവയ്‌ക്കറിയാം. എങ്കിലും, ഭാവി മുൻകൂട്ടി കാണാനുള്ള കഴിവുപയോഗിച്ച് നമ്മുടെ ജീവിതഗതി അവൻ മുൻനിർണയിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്‌തിയോടെയാണ് അവൻ നമ്മെ സൃഷ്ടിച്ചത്; അവൻതന്നെ ഔദാര്യമായി നൽകിയ ആ സമ്മാനത്തെ അവൻ മാനിക്കുകയും ചെയ്യുന്നു.
എങ്കിലും, ചിലപ്പോഴൊക്കെ നമ്മുടെ ആന്തരിക വ്യക്തിയെ അഥവാ ആന്തരങ്ങളെ യഹോവ പരീക്ഷിക്കുന്നു എന്നു വേണമെങ്കിൽ പറയാം. നമ്മുടെ ഹൃദയനില വെളിപ്പെടുത്താനുള്ള അവസരങ്ങൾ നൽകിക്കൊണ്ടാകാം അവൻ അപ്രകാരം ചെയ്യുന്നത്. നമ്മുടെ ഉള്ളിന്റെയുള്ളിലെ ചായ്‌വുകൾ വെളിപ്പെട്ടുവരുംവിധം വ്യത്യസ്‌ത സാഹചര്യങ്ങളെയോ വെല്ലുവിളികളെയോ അവൻ അനുവദിച്ചെന്നും വരാം. എത്ര സമർപ്പിതരും വിശ്വസ്‌തരുമാണു നാമെന്നു യഹോവയ്‌ക്കു കാണിച്ചുകൊടുക്കാനുള്ള അവസരങ്ങൾ അത് നമുക്കു തരുന്നു. യഹോവ അനുവദിക്കുന്ന അത്തരം പരീക്ഷകൾ നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്നു; നാം “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” ആണോയെന്ന് അതു വെളിപ്പെടുത്തുന്നു.—യാക്കോബ് 1:2-4.
വിശ്വാസത്തിന്റെ പരിശോധന പുരാതന നാളിൽ
വിശ്വാസത്തിന്റെയും ആന്തരങ്ങളുടെയും പരിശോധനകൾ യഹോവയുടെ ദാസർക്കു പുത്തരിയല്ല. പൂർവപിതാവായ അബ്രാഹാമിന്റെ കാര്യം പരിചിന്തിക്കുക. ‘ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു.’ (ഉല്‌പത്തി 22:1) എന്നാൽ ദൈവത്തിലുള്ള അബ്രാഹാമിന്റെ വിശ്വാസം അതിനോടകംതന്നെ പരീക്ഷിക്കപ്പെട്ടിരുന്നു. സമ്പദ്‌സമൃദ്ധമായ ഊർ ദേശത്തുനിന്നു കുടുംബാംഗങ്ങളെയും കൂട്ടി അപരിചിതമായ ഒരു ദേശത്തേക്കു മാറിത്താമസിക്കാൻ പതിറ്റാണ്ടുകൾക്കു മുമ്പേ യഹോവ അബ്രാഹാമിനോട് ആവശ്യപ്പെടുകയുണ്ടായി. (ഉല്‌പത്തി 11:31; പ്രവൃത്തികൾ 7:2-4) ഊർ ദേശത്ത് സ്വന്തമായി ഒരു ഭവനം ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള അബ്രാഹാം കനാനിൽ പതിറ്റാണ്ടുകളോളം താമസിച്ചെങ്കിലും അവിടെ സ്ഥിരമായ ഒരു താമസസ്ഥലം സ്വന്തമാക്കിയില്ല. (എബ്രായർ 11:9) നാടോടിയായി അലഞ്ഞു നടന്ന അബ്രാഹാമിന്റെയും കുടുംബത്തിന്റെയും ജീവിതം ദാരിദ്ര്യം, സായുധ കൊള്ളക്കാർ, പ്രദേശത്തെ പുറജാതീയ ഭരണാധിപന്മാർ എന്നിങ്ങനെയുള്ള പല അപകടങ്ങൾക്കും മധ്യേയായിരുന്നു. അങ്ങനെയൊക്കെയായിരുന്നിട്ടും അബ്രാഹാമിന്റെ വിശ്വാസം വളരെ ഉത്‌കൃഷ്ടമെന്നു തെളിഞ്ഞു.
അതിനുശേഷം യഹോവ അബ്രാഹാമിന് ഒരു കടുത്ത പരീക്ഷ നൽകി. “നിന്റെ മകനെ, നീ സ്‌നേഹിക്കുന്ന നിന്റെ എകജാതനായ യിസ്‌ഹാക്കിനെ തന്നേ, . . . ഹോമയാഗം കഴിക്ക.” (ഉല്‌പത്തി 22:2) അബ്രാഹാമിന് യിസ്‌ഹാക് വെറുമൊരു മകനായിരുന്നില്ല. ഭാര്യ സാറയിലുണ്ടായ ഏക മകനും വാഗ്‌ദത്തം ചെയ്യപ്പെട്ട സന്തതിയും ആയിരുന്നു. അബ്രാഹാമിന്റെ ഏകപ്രത്യാശയും അവനിലായിരുന്നു. കാരണം ദൈവത്തിന്റെ വാഗ്‌ദത്തം അനുസരിച്ച് കനാൻ അവകാശമാക്കുകയും അനേകർക്ക് അനുഗ്രഹമായിത്തീരുകയും ചെയ്യുമായിരുന്ന അബ്രാഹാമിന്റെ “സന്തതി”യായിരുന്നു അവൻ. വാസ്‌തവത്തിൽ, ആറ്റുനോറ്റുണ്ടായ, ദൈവത്തിൽനിന്നുള്ള ഒരു അത്ഭുതത്തിന്റെ ഫലമായി ജനിച്ച മകൻ ആയിരുന്നു യിസ്‌ഹാക്.—ഉല്‌പത്തി 15:2-4, 7.
ആ കൽപ്പനയ്‌ക്കു പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ അബ്രാഹാമിന് എത്ര പ്രയാസമായിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. യഹോവയ്‌ക്ക് ഒരു മനുഷ്യയാഗത്തിന്റെ ആവശ്യമുണ്ടോ? ഈ വാർധക്യകാലത്ത് അബ്രാഹാമിന് ഒരു മകൻ ഉണ്ടായിരിക്കുന്നതിന്റെ സന്തോഷം യഹോവ നൽകിയത്, പിന്നീട് അതേ മകനെ യാഗം അർപ്പിക്കാൻ ആവശ്യപ്പെടാനായിരുന്നോ? *
ഇത്തരം വിവരങ്ങൾ സംബന്ധിച്ച് വ്യക്തമായ ഉത്തരങ്ങൾ ഇല്ലാതിരുന്നിട്ടും അബ്രാഹാം ഉടനടി അത് അനുസരിച്ചു. യാഗം നടത്താൻ തിരഞ്ഞെടുത്ത മലയിലെത്താൻ മൂന്നു ദിവസം യാത്രചെയ്യേണ്ടിവന്നു അവന്. അവൻ അവിടെ ഒരു യാഗപീഠം പണിത് അതിന്മേൽ വിറക് അടുക്കിവെച്ചു. ഇപ്പോൾ പരിശോധന അതിന്റെ പരിസമാപ്‌തിയിലേക്കു വന്നിരിക്കുകയാണ്. കശാപ്പുകത്തിയെടുത്ത് തന്റെ മകനെ കൊല്ലാൻ അബ്രാഹാം കൈയുയർത്തുമ്പോൾ ഒരു ദൂതനെ ഉപയോഗിച്ച് തടഞ്ഞുകൊണ്ട് യഹോവ ഇപ്രകാരം പറയുന്നു: “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്‌ക കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (ഉല്‌പത്തി 22:3, 11, 12) അബ്രാഹാമിന്റെ വിശ്വാസത്തിനു ലഭിച്ച എത്ര വലിയ പ്രതിഫലം! അവന്റെ വിശ്വാസത്തെക്കുറിച്ച് യഹോവയ്‌ക്കുണ്ടായിരുന്ന മതിപ്പ് അസ്ഥാനത്തായില്ല. (ഉല്‌പത്തി 15:5, 6) ഉടൻതന്നെ അബ്രാഹാം യിസ്‌ഹാക്കിനു പകരമായി ഒരു ആട്ടുകൊറ്റനെ യാഗമർപ്പിച്ചു. തുടർന്ന് യഹോവ അബ്രാഹാമിന്റെ സന്തതിയുമായുള്ള ഉടമ്പടി സ്ഥിരീകരിച്ചു. വെറുതയല്ല, അബ്രാഹാം യഹോവയുടെ സ്‌നേഹിതനായി അറിയപ്പെട്ടത്.—ഉല്‌പത്തി 22:13-18; യാക്കോബ് 2:21-23.
നമ്മുടെ വിശ്വാസവും പരിശോധിക്കപ്പെടുന്നു
ഇന്നത്തെ ദൈവദാസരും പരീക്ഷകളിൽനിന്ന് ഒഴിവുള്ളവരല്ല എന്നു നമുക്കെല്ലാം അറിയാം. എന്നാൽ, നമ്മുടെ കാര്യത്തിൽ ഒരുപക്ഷേ യഹോവ എന്തെങ്കിലും ചെയ്യാൻ നമ്മോട് ആവശ്യപ്പെടുന്നതിനെക്കാൾ എന്തെങ്കിലും സംഭവിക്കാൻ അവൻ അനുവദിക്കുന്നതായിരിക്കാം നമുക്കൊരു പരിശോധനയായിത്തീരുന്നത്.
അപ്പൊസ്‌തലനായ പൗലൊസ് എഴുതി: “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ് 3:12) സഹപാഠികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ എന്നിവരിൽനിന്നോ തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്ന ഗവൺമെന്റ് അധികാരികളിൽനിന്നോ നമുക്ക് അത്തരം ഉപദ്രവങ്ങൾ നേരിട്ടെന്നുവരാം. വാചികവും ശാരീരികവുമായ ദുഷ്‌പെരുമാറ്റമോ ഒരു ക്രിസ്‌ത്യാനിയുടെ ഉപജീവനമാർഗത്തെ തടസ്സപ്പെടുത്തുന്നതോപോലും അതിൽ ഉൾപ്പെട്ടേക്കാം. മനുഷ്യവർഗം പൊതുവേ അനുഭവിക്കുന്ന പ്രശ്‌നങ്ങളായ രോഗങ്ങൾ, നിരാശകൾ, അനീതിപരമായ ഇടപെടലുകൾ എന്നിവയും സത്യക്രിസ്‌ത്യാനികൾ നേരിടുന്നു. ഇതെല്ലാം ഒരുവന്റെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്നു.
വിശ്വാസം പരിശോധിക്കപ്പെടുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് പത്രൊസ് പറയുന്നു: “നിങ്ങൾ ഇപ്പോൾ അല്‌പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്‌തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്‌ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.” (1 പത്രൊസ് 1:6, 7) അതേ, പരിശോധനയുടെ ഫലങ്ങളെ തീയിൽ ശോധന കഴിക്കുന്ന, അല്ലെങ്കിൽ ശുദ്ധിചെയ്യുന്ന പൊന്നിനോടാണ് താരതമ്യം ചെയ്‌തിരിക്കുന്നത്. ശുദ്ധീകരണ പ്രക്രിയയുടെ ഫലമായി ശുദ്ധമായത് വെളിപ്പെട്ടുവരുകയും അശുദ്ധി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. നാം പരിശോധനകൾക്കു വിധേയരാകുമ്പോൾ നമ്മുടെ വിശ്വാസത്തോടുള്ള ബന്ധത്തിൽ സമാനമായ ചിലതു സംഭവിക്കുന്നു.
ഉദാഹരണത്തിന്, ഒരു അത്യാഹിതമോ പ്രകൃതിവിപത്തോ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എങ്കിലും, യഥാർഥ വിശ്വാസമുള്ളവർ അമിതമായി വ്യാകുലപ്പെട്ടുകൊണ്ട് തകർന്നുപോകുന്നില്ല. യഹോവയുടെ പിൻവരുന്ന വാക്കുകളിൽ അവർ ആശ്വാസം കണ്ടെത്തുന്നു: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (എബ്രായർ 13:5) തങ്ങൾക്ക് ആവശ്യമായിരിക്കുന്നത് യഹോവ പ്രദാനം ചെയ്യുമെന്ന ഉറപ്പോടെ അവർ ആത്മീയ കാര്യങ്ങൾക്കു പ്രാധാന്യം നൽകുന്നതിൽ തുടരും. അവരുടെ വിശ്വാസം പ്രയാസമേറിയ സാഹചര്യങ്ങളിൽ അവരെ നിലനിറുത്തും; ഒപ്പം അനാവശ്യമായ ആകുലതകളാൽ സാഹചര്യം ഒന്നുകൂടെ വഷളാക്കുന്നതിൽനിന്ന് അത് അവരെ തടയുകയും ചെയ്യും.
നമ്മുടെ വിശ്വാസത്തിന്മേലുള്ള പരിമിതികൾ വെളിപ്പെടുന്നതിനു പരിശോധനകൾ ഇടയാക്കിയേക്കാം എന്നതാണ് വാസ്‌തവം; അതിനനുസൃതമായി നാം തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നുവെങ്കിൽ അതു പ്രയോജനം ചെയ്യും. ഒരു വ്യക്തി സ്വയം ഇപ്രകാരം ചോദിക്കണം: ‘എനിക്ക് എന്റെ വിശ്വാസത്തെ എങ്ങനെ ബലിഷ്‌ഠമാക്കാം? തിരുവെഴുത്തുകളുടെ പ്രാർഥനാപൂർവകമായ പഠനത്തിനും ധ്യാനത്തിനും ഞാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടോ? സഹവിശ്വാസികളോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കുകയെന്ന കരുതലിൽനിന്നു ഞാൻ പൂർണ പ്രയോജനം നേടുന്നുണ്ടോ? ആകുലതകൾ പ്രാർഥനയിൽ യഹോവയെ അറിയിക്കേണ്ട സന്ദർഭങ്ങളിൽ ഞാൻ എന്നിൽത്തന്നെ ആശ്രയിക്കുകയാണോ?’ ഈ വിധത്തിൽ സ്വയം വിലയിരുത്തുന്നത് തുടക്കം മാത്രമേ ആകുന്നുള്ളൂ.
വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നതിന് ഒരുവൻ തന്റെ ആത്മീയ വിശപ്പു വർധിപ്പിക്കേണ്ടതുണ്ട്; അതായത് ‘വചനം എന്ന മായമില്ലാത്ത പാൽകുടിപ്പാനുള്ള വാഞ്‌ഛ’ ഉണ്ടായിരിക്കണം. (1 പത്രൊസ് 2:2; എബ്രായർ 5:12-14) സങ്കീർത്തനക്കാരൻ വിവരിച്ചതരം വ്യക്തിയായിരിക്കാൻ നാം ശ്രമിക്കണം: “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ” ആയിരിക്കണം.—സങ്കീർത്തനം 1:2.
ബൈബിൾ വെറുതെ വായിക്കുന്നതുകൊണ്ടായില്ല. ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത് എന്തെന്നു ചിന്തിക്കുകയും നൽകിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യുന്നതു പ്രധാനമാണ്. (യാക്കോബ് 1:22-25) അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും, പ്രാർഥനകൾ കൂടുതൽ കൃത്യവും വ്യക്തിപരവുമായിത്തീരും, അവനിലുള്ള വിശ്വാസം ശക്തമാകുകയും ചെയ്യും.
പരിശോധിക്കപ്പെട്ട വിശ്വാസത്തിന്റെ മൂല്യം
ദൈവാംഗീകാരം നേടാൻ തികച്ചും അനുപേക്ഷണീയമായ സംഗതിയാണ് വിശ്വാസം എന്ന തിരിച്ചറിവ് എബ്രായർ 11:6) അതുകൊണ്ട്, “എന്റെ അവിശ്വാസത്തെ ജയിക്കുവാൻ എന്നെ സഹായിക്കണമേ” എന്ന് യേശുവിനോടു യാചിച്ച ആ മനുഷ്യനെപ്പോലെയായിരിക്കണം നാം.—മർക്കൊസ് 9:24, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
അതു ബലിഷ്‌ഠമാക്കുന്നതിനുള്ള ശക്തമായ പ്രേരണയാണ്. ബൈബിൾ നമ്മെ ഇവ്വിധം ഓർമിപ്പിക്കുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾക്കു മറ്റുള്ളവരെയും സഹായിക്കാനാകും. ഉദാഹരണമായി, ഒരു ക്രിസ്‌ത്യാനിക്കു താൻ സ്‌നേഹിക്കുന്ന ആരെങ്കിലും മരണത്തിൽ നഷ്ടപ്പെടുമ്പോൾ പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിലുള്ള ശക്തമായ വിശ്വാസം അദ്ദേഹത്തെ നിലനിറുത്തുന്നു. അദ്ദേഹത്തിന് അതിയായ ദുഃഖം തോന്നുന്നു; എങ്കിലും “പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖി”ക്കുന്നില്ല. (1 തെസ്സലൊനീക്യർ 4:13, 14) സഹിച്ചു നിൽക്കാൻ പ്രാപ്‌തമാക്കുന്ന ഒരു ക്രിസ്‌ത്യാനിയുടെ വിശ്വാസം നിരീക്ഷിക്കുന്ന മറ്റുള്ളവർ മൂല്യവത്തായ എന്തോ കൈമുതലായുള്ള വ്യക്തിയാണ് അദ്ദേഹമെന്നു തിരിച്ചറിഞ്ഞേക്കാം. അത് സമാനമായ വിശ്വാസം സമ്പാദിക്കണമെന്ന ആഗ്രഹം അവരിൽ അങ്കുരിപ്പിച്ചേക്കാം; ദൈവവചനം പഠിക്കാനും യേശുക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാനും സ്വാധീനിച്ചുകൊണ്ടുതന്നെ.
പരിശോധിക്കപ്പെട്ട വിശ്വാസത്തിന് അത്യന്ത ശക്തിയുണ്ടെന്നു യഹോവയ്‌ക്കറിയാം. കൂടാതെ, നമ്മുടെ വിശ്വാസത്തിനു നമ്മെ നിലനിറുത്തുന്നതിനുള്ള കഴിവുണ്ടോ എന്നു നമുക്കും മനസ്സിലാക്കാനാകും. വിശ്വാസത്തിന്റെ കാര്യത്തിലുള്ള നമ്മുടെ പരിമിതികളെ കണ്ടെത്താൻ അതു സഹായിക്കുന്നു. തത്‌ഫലമായി അതു പരിഹരിക്കുന്നതിനുള്ള അനുപമമായ അവസരവും നമുക്കു ലഭിക്കുന്നു. മാത്രമല്ല, പരീക്ഷകളെ നാം വിജയകരമായി നേരിടുമ്പോൾ മറ്റുള്ളവരെ യേശുവിന്റെ അനുഗാമികളായിത്തീരാൻ അതു സഹായിച്ചേക്കാം. അതുകൊണ്ട് ശക്തമായ വിശ്വാസം, അതേ, ഒന്നിനുപുറകേ ഒന്നായി പരീക്ഷകൾക്കു വിധേയമായ വിശ്വാസം, നിലനിറുത്താൻ നമുക്കു പരമാവധി ശ്രമിക്കാം. അങ്ങനെ ആ വിശ്വാസം ‘യേശുക്രിസ്‌തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്‌ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ ഇടവരട്ടെ.’—1 പത്രൊസ് 1:7.
[അടിക്കുറിപ്പ്]
^ ഖ. 11 യിസ്‌ഹാക്കിന്റെ ‘യാഗത്തിന്റെ’ പ്രതീകാത്മക പ്രാധാന്യം സംബന്ധിച്ച വിവരങ്ങൾക്ക് 1989 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-ാം പേജ് കാണുക.
[13-ാം പേജിലെ ചിത്രം]
വിശ്വാസത്തിന്റെ പ്രവൃത്തികൾ അബ്രാഹാമിനെ ദൈവത്തിന്റെ സ്‌നേഹിതനാക്കി
[15-ാം പേജിലെ ചിത്രം]
പരിശോധനകൾ നമ്മുടെ വിശ്വാസം ശക്തമാണ് എന്നതിനു തെളിവുനൽകും
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
From the Illustrated Edition of the Holy Scriptures, by Cassell, Petter, & Galpin