വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർഥവത്തായ ഒരു ജീവിതലക്ഷ്യം പിൻപറ്റുക

അർഥവത്തായ ഒരു ജീവിതലക്ഷ്യം പിൻപറ്റുക

അർഥവത്തായ ഒരു ജീവിതലക്ഷ്യം പിൻപറ്റുക

“ജീവനുള്ളതൊക്കെയും യഹോവയെ സ്‌തുതിക്കട്ടെ.”—സങ്കീർത്തനം 150:6.

1. ഒരു ചെറുപ്പക്കാരൻ ജീവിതത്തിന്‌ അർഥം കണ്ടെത്താൻ ശ്രമിച്ചത്‌ എങ്ങനെയെന്നു വിശദീകരിക്കുക.

“ജനങ്ങളെ സഹായിക്കണം എന്ന ചിന്ത ആയിരുന്നു മെഡിസിനു ചേരാൻ എന്നെ പ്രേരിപ്പിച്ചത്‌. ഒരു ഡോക്ടർ എന്നനിലയിൽ എനിക്കു ലഭിക്കുന്ന അന്തസ്സും വരുമാനവും എന്റെ ജീവിതം സന്തോഷപൂർണമാക്കുമെന്നും ഞാൻ കരുതി,” സൊങ്‌ ജിൻ, കൊറിയ. * “എന്നാൽ ഒരു ഡോക്ടർക്കു ചെയ്യാൻ കഴിയുന്ന സഹായം വളരെ പരിമിതമാണെന്ന തിരിച്ചറിയൽ എന്നെ നിരാശയിലാഴ്‌ത്തി. പിന്നീട്‌ ഞാൻ ചിത്രകല പഠിച്ചു. എന്നാൽ എന്റെ ചിത്രങ്ങൾ എനിക്കു സന്തോഷം തന്നു എന്നല്ലാതെ മറ്റുള്ളവർക്കു വലിയ ഗുണമൊന്നും ചെയ്‌തില്ല. ഞാൻ അധ്യാപന ജോലിയിലേക്കു തിരിഞ്ഞു. എന്നാൽ ചില വസ്‌തുതകൾ പറഞ്ഞു കൊടുക്കാമെന്നല്ലാതെ യഥാർഥ സന്തോഷത്തിലേക്കു നയിക്കുന്ന മാർഗനിർദേശം കൊടുക്കാൻ സാധിക്കില്ലെന്നു പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി.” മറ്റ്‌ അനേകരെപ്പോലെ സൊങ്‌ ജിനും ജീവിതത്തിന്‌ അർഥം കണ്ടെത്താൻ ശ്രമിക്കുക ആയിരുന്നു.

2. (എ) ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക എന്നുവെച്ചാൽ അതിന്റെ അർഥമെന്താണ്‌? (ബി) നമ്മെ സംബന്ധിച്ച്‌ സ്രഷ്ടാവിന്‌ ഒരു ഉദ്ദേശ്യമുണ്ടെന്ന്‌ നമുക്കെങ്ങനെ അറിയാം?

2 യഥാർഥ ഉദ്ദേശ്യമുണ്ടായിരിക്കുക എന്നതിന്റെ അർഥം ജീവിക്കുന്നതിന്‌ ഒരു കാരണം ഉണ്ടായിരിക്കുക, ഒരു ലക്ഷ്യം ഉണ്ടായിരിക്കുക എന്നൊക്കെയാണ്‌, ആ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചായിരിക്കും നമ്മുടെ സകല പ്രയത്‌നവും. അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക മനുഷ്യർക്കു യഥാർഥത്തിൽ സാധ്യമാണോ? തീർച്ചയായും അതേ! ബുദ്ധിയും മനസ്സാക്ഷിയും ചിന്താപ്രാപ്‌തിയും സഹിതം നമ്മെ സൃഷ്ടിച്ചു എന്ന വസ്‌തുത കാണിക്കുന്നത്‌ നമ്മെ ഇവിടെ ആക്കിവെച്ചിരിക്കുന്നതിൽ നമ്മുടെ സ്രഷ്ടാവിനു വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നാണ്‌. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്തുന്നതിനും അതു നിറവേറ്റുന്നതിനും ന്യായമായും സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്‌.

3. മനുഷ്യനെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

3 നമ്മെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിൽ പല കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. അത്ഭുതകരമായി നമ്മെ സൃഷ്ടിച്ചതുതന്നെ ദൈവത്തിന്റെ നിസ്സ്വാർഥ സ്‌നേഹത്തിന്റെ തെളിവാണ്‌. (സങ്കീർത്തനം 40:5; 139:14) അപ്പോൾ, ദൈവം ചെയ്യുന്നതുപോലെ മറ്റുള്ളവരോടു നിസ്സ്വാർഥ സ്‌നേഹം കാണിക്കുക എന്നതാണ്‌ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കുക എന്നതിനാൽ അർഥമാക്കുന്നത്‌. (1 യോഹന്നാൻ 4:7-11) സ്‌നേഹനിർഭരമായ ദൈവോദ്ദേശ്യത്തിന്‌ അനുസൃതമായി ജീവിക്കാൻ നമ്മെ സഹായിക്കുന്ന അവന്റെ കൽപ്പനകൾ അനുസരിക്കുക എന്നുകൂടി അതിനർഥമുണ്ട്‌.—സഭാപ്രസംഗി 12:13; 1 യോഹന്നാൻ 5:3.

4. (എ) ജീവിതത്തിനു യഥാർഥ ഉദ്ദേശ്യം ഉണ്ടാകണമെങ്കിൽ നാം എന്തു ചെയ്യേണ്ടതുണ്ട്‌? (ബി) ഏറ്റവും ഉന്നതമായ ലക്ഷ്യം എന്താണ്‌?

4 അന്യോന്യവും മറ്റു സൃഷ്ടികളുമായും മനുഷ്യർ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കണമെന്നതും നമ്മെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിൽ ഉൾപ്പെടുന്ന കാര്യമാണ്‌. (ഉല്‌പത്തി 1:26; 2:15) എന്നാൽ സന്തോഷവും സുരക്ഷിതബോധവും മനസ്സമാധാനവും അനുഭവപ്പെടണമെങ്കിൽ നാം എന്തു ചെയ്യണം? മാതാപിതാക്കൾ അടുത്തുണ്ടെന്ന അറിവ്‌ ഒരു കുട്ടിക്കു സന്തോഷവും സുരക്ഷിതബോധവും പ്രദാനം ചെയ്യുന്നതുപോലെ, സ്വർഗീയ പിതാവുമായി ഒരു നല്ല ബന്ധം നമുക്കുണ്ടെങ്കിൽ ജീവിതത്തിന്റെ അർഥവും ഉദ്ദേശ്യവും നമുക്കു കണ്ടെത്താനാകും. (എബ്രായർ 12:9) അവനോട്‌ അടുത്തു ചെല്ലാൻ നമ്മെ അനുവദിച്ചുകൊണ്ടും നമ്മുടെ പ്രാർഥന കേൾക്കാൻ സന്നദ്ധത കാണിച്ചുകൊണ്ടും അത്തരമൊരു ബന്ധം സ്ഥാപിക്കുക അവൻ സാധ്യമാക്കിത്തീർക്കുന്നു. (യാക്കോബ്‌ 4:8; 1 യോഹന്നാൻ 5:14, 15) നാം വിശ്വാസത്തോടെ ‘ദൈവത്തോടുകൂടെ നടന്നുകൊണ്ട്‌’ അവന്റെ സുഹൃത്തുക്കളായാൽ നമുക്കു സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കാനും അവനു സ്‌തുതി കരേറ്റാനും സാധിക്കും. (ഉല്‌പത്തി 6:9; സദൃശവാക്യങ്ങൾ 23:15, 16; യാക്കോബ്‌ 2:23) ഒരു വ്യക്തിക്കു വെക്കാനാകുന്ന ഏറ്റവും ഉന്നതമായ ലക്ഷ്യമാണത്‌. സങ്കീർത്തനക്കാരൻ എഴുതി: “ജീവനുള്ളതൊക്കെയും യഹോവയെ സ്‌തുതിക്കട്ടെ.”—സങ്കീർത്തനം 150:6.

നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്‌?

5. ഭൗതികവസ്‌തുക്കൾക്ക്‌ ഒന്നാം സ്ഥാനം കൊടുക്കുന്നതു ബുദ്ധിശൂന്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 ഭൗതികമായും ആത്മീയമായും നാം നമ്മെത്തന്നെയും നമ്മുടെ കുടുംബങ്ങളെയും കരുതണമെന്നുള്ളതും ദൈവോദ്ദേശ്യമാണ്‌. എന്നാൽ പ്രാധാന്യമേറിയ ആത്മീയ കാര്യങ്ങളെ മൂടിക്കളയാതെ ഭൗതിക കാര്യങ്ങൾക്കുവേണ്ടി കരുതുന്നതിനു സമനിലയോടു കൂടിയ വീക്ഷണം ആവശ്യമാണ്‌. (മത്തായി 4:4; 6:33) നിർഭാഗ്യവശാൽ, മിക്ക ആളുകളും ഭൗതികസമ്പത്ത്‌ വാരിക്കൂട്ടുന്നതിലാണ്‌ ഏതാണ്ടു മുഴുവനായിത്തന്നെ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. പക്ഷേ ഭൗതികവസ്‌തുക്കൾക്കൊണ്ടു മാത്രം നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാമെന്നു ചിന്തിക്കുന്നതു ബുദ്ധിശൂന്യമാണ്‌. അടുത്തയിടെ ഏഷ്യയിൽ വളരെ സമ്പന്നരായ ആളുകളുടെ ഇടയിൽ നടന്ന അഭിപ്രായ സർവേയും തെളിയിക്കുന്നത്‌ അതാണ്‌. പലരും “അവരുടെ സമ്പത്ത്‌ അവർക്കു നേടിക്കൊടുത്ത സോഷ്യൽ സ്റ്റാറ്റസും എന്തൊക്കെയോ തങ്ങൾ നേടി എന്ന തോന്നലും ഉള്ളപ്പോൾപോലും അവർ അരക്ഷിതബോധമുള്ളവരും കലുഷിതമായ മനസ്സുള്ളവരുമാണെന്ന്‌” സർവേ റിപ്പോർട്ടു ചെയ്യുന്നു.—സഭാപ്രസംഗി 5:11.

6. ധനത്തിനു പിന്നാലെ പായുന്നവർക്കു യേശു എന്ത്‌ ഉപദേശം നൽകി?

6 ‘ധനത്തിന്റെ വഞ്ചനയെക്കുറിച്ച്‌’ യേശു സംസാരിച്ചിരുന്നു. (മർക്കൊസ്‌ 4:19) എന്തുകൊണ്ടാണ്‌ ധനം വഞ്ചനാത്മകമാണെന്നു പറയുന്നത്‌? കാരണം, ആളുകൾ ചിന്തിക്കുന്നത്‌ അത്‌ സന്തോഷം കൈവരുത്തുമെന്നാണ്‌. എന്നാൽ വാസ്‌തവം അതല്ല. ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി: “ധനം മോഹിക്കുന്നവൻ ധനംകൊണ്ടു തൃപ്‌തിയടയുകയില്ല.” (സഭാപ്രസംഗി 5:10, പി.ഒ.സി. ബൈബിൾ) ഒരേസമയം ഭൗതിക ലക്ഷ്യങ്ങൾക്കു പിന്നാലെ പോകാനും മുഴുഹൃദയത്തോടെ ദൈവത്തെ സേവിക്കാനും ആകുമോ? ഇല്ല, അത്‌ ഒരിക്കലും സാധ്യമാകില്ല. “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല” എന്ന്‌ യേശു പറഞ്ഞു. ഭൂമിയിൽ ഭൗതിക വസ്‌തുക്കൾ സ്വരൂപിക്കാനല്ല മറിച്ച്‌ “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” എന്നാണു യേശു ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചത്‌. അതിനർഥം “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ” അറിയുന്ന ദൈവത്തിന്റെ മുമ്പിൽ ഒരു നല്ല പേർ സമ്പാദിക്കുക എന്നതാണ്‌.—മത്തായി 6:8, 19-25.

7. “സാക്ഷാലുള്ള ജീവനെ” എങ്ങനെ കരഗതമാക്കാം?

7 തന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസിന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇക്കാര്യത്തിൽ വളരെ ശക്തമായ ഉപദേശം നൽകി. അവൻ പറഞ്ഞു: “ധനവാന്മാരോടു . . . നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.”—1 തിമൊഥെയൊസ്‌ 6:17-19.

എന്താണു ‘സാക്ഷാലുള്ള ജീവൻ’?

8. (എ) പണത്തിനും പദവിക്കും പിന്നാലെ അനേകർ പരക്കംപായുന്നത്‌ എന്തുകൊണ്ട്‌? (ബി) ഇവർ എന്തു മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു?

8 ‘ശരിക്കും ജീവിക്കുക’ എന്നു കേട്ടാൽ ഒട്ടുമിക്ക ആളുകളുടെയും മനസ്സിൽ വരുന്നത്‌ ആഡംബരപൂർണമായ സുഖലോലുപമായ ജീവിതമാണ്‌. അവരെ സംബന്ധിച്ചിടത്തോളം അതാണ്‌ “സാക്ഷാലുള്ള ജീവൻ.” ഏഷ്യയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഒരു ന്യൂസ്‌ മാസിക പറയുന്നത്‌ ഇതാണ്‌: “സിനിമയും ടിവി-യുമൊക്കെ കാണുന്നവർ, അവർ കാണുന്ന കാര്യങ്ങൾ ആഗ്രഹിക്കാൻ പഠിക്കുന്നു, സ്വരൂപിക്കേണ്ടവയെക്കുറിച്ചു സ്വപ്‌നം കാണുകയും ചെയ്യുന്നു.” അനേകരുടെയും ജീവിതത്തിന്റെ ഉദ്ദേശ്യംതന്നെ പണവും പദവിയുമൊക്കെ സമ്പാദിക്കുക എന്നതാണ്‌. പലരും അവരുടെ യൗവനവും ആരോഗ്യവും കുടുംബജീവിതവും ആത്മീയ മൂല്യങ്ങളുമെല്ലാം ഇത്തരം കാര്യങ്ങൾ സമ്പാദിക്കുന്നതിനുവേണ്ടി ഹോമിച്ചിരിക്കുന്നു. വളരെ കുറച്ചുപേർ മാത്രമേ ഇത്തരം ആഡംബരവും സുഖലോലുപതയുമെല്ലാം ദൈവോദ്ദേശ്യത്തിനെതിരെ പ്രവർത്തിക്കാൻ ജനകോടികളെ പ്രേരിപ്പിക്കുന്ന ഈ “ലോകത്തിന്റെ ആത്മാവിനെ” പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളാണെന്നു തിരിച്ചറിയുന്നുള്ളു. (1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2) വളരെയധികം ആളുകൾ ഇന്ന്‌ അസന്തുഷ്ടരായിരിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതായി യാതൊന്നുമില്ല!—സദൃശവാക്യങ്ങൾ 18:11; 23:4, 5.

9. മനുഷ്യന്‌ ഒരിക്കലും നേടാനാകാത്തതെന്ത്‌, എന്തുകൊണ്ടതു സാധിക്കുന്നില്ല?

9 എന്നാൽ മറ്റുള്ളവരുടെ നന്മ ലാക്കാക്കി പട്ടിണിയും രോഗങ്ങളും അനീതിയുമെല്ലാം തുടച്ചുനീക്കാൻ വേണ്ടി നിസ്സ്വാർഥം പ്രവർത്തിക്കുന്നവരുടെ കാര്യമോ? പ്രശംസനീയവും ആത്മത്യാഗപരവുമായ അവരുടെ പ്രവർത്തനങ്ങളിൽനിന്ന്‌ അനേകർ പ്രയോജനം നേടുന്നുണ്ട്‌. എന്നിരുന്നാലും അവരുടെ ഏറ്റവും നല്ല ശ്രമങ്ങൾക്കും ഇന്നത്തെ ഈ വ്യവസ്ഥിതിയെ നേരും നെറിയുമുള്ള ഒന്നാക്കി മാറ്റാനാവില്ല. എന്തുകൊണ്ട്‌? “സർവ്വലോകവും ദുഷ്ടന്റെ [സാത്താന്റെ] അധീനതയിൽ കിടക്കുന്നു” എന്നതാണു കാരണം. അവനാകട്ടെ ഈ വ്യവസ്ഥിതി മാറണമെന്നൊട്ട്‌ ആഗ്രഹവുമില്ല.—1 യോഹന്നാൻ 5:19.

10. വിശ്വസ്‌തരായവർ “സാക്ഷാലുള്ള ജീവൻ’ എപ്പോൾ ആസ്വദിക്കും?

10 ഇന്നു കാണുന്ന ഈ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മാത്രമേ ഒരുവനുള്ളുവെങ്കിൽ അത്‌ എത്ര ഖേദകരമായ സംഗതിയാണ്‌. “നാം ഈ ആയുസ്സിൽ മാത്രം ക്രിസ്‌തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകലമനുഷ്യരിലും അരിഷ്ടന്മാരത്രേ” എന്നു പൗലൊസ്‌ എഴുതി. “നാം തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്നതാണ്‌ ഈ ജീവിതം മാത്രമേയുള്ളുവെന്നു ചിന്തിക്കുന്നവരുടെ മനോഭാവം. (1 കൊരിന്ത്യർ 15:19, 32) എന്നാൽ “നാം ദൈവത്തിന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്നു ബൈബിൾ പറയുമ്പോൾ, നമുക്കുള്ള ഒരു നല്ല ഭാവിയെക്കുറിച്ചാണ്‌ അതു സംസാരിക്കുന്നത്‌. (2 പത്രൊസ്‌ 3:13) ആ സമയത്ത്‌ ക്രിസ്‌ത്യാനികൾക്ക്‌ ‘സാക്ഷാലുള്ള ജീവൻ,’ സ്വർഗത്തിലോ ദൈവരാജ്യ ഗവൺമെന്റിന്റെ സ്‌നേഹനിർഭരമായ ഭരണത്തിൻകീഴിലോ പൂർണതയുള്ള ‘നിത്യജീവൻ’ ആസ്വദിക്കാനാകും.—1 തിമൊഥെയൊസ്‌ 6:12.

11. ദൈവരാജ്യ താത്‌പര്യങ്ങൾക്കായി പ്രവർത്തിക്കുന്നത്‌ ലക്ഷ്യബോധമുള്ള പ്രവർത്തനമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

11 മനുഷ്യന്റെ പ്രശ്‌നങ്ങൾക്കെല്ലാം പൂർണമായ പരിഹാരം കണ്ടെത്താൻ ദൈവരാജ്യത്തിനു മാത്രമേ സാധിക്കൂ. അതുകൊണ്ട്‌ ദൈവരാജ്യ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതാണ്‌ ഒരാൾക്കു പിന്തുടരാനാകുന്ന ഏറ്റവും നല്ല ലക്ഷ്യം. (യോഹന്നാൻ 4:34) ആ ലക്ഷ്യത്തിൽ പ്രവർത്തിക്കുമ്പോൾ നമ്മുടെ സ്വർഗീയ പിതാവുമായി ഒരു അനുഗൃഹീത ബന്ധം ആസ്വദിക്കാനും നമുക്കു സാധിക്കും. മാത്രവുമല്ല, ഇതേ ജീവിതലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിന്‌ ആത്മീയ സഹോദരീസഹോദരന്മാർക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷവും നമുക്ക്‌ ആസ്വദിക്കാനാകും.

ശരിയായ ത്യാഗം ചെയ്യുക

12. ഇന്നത്തെ ജീവിതവും “സാക്ഷാലുള്ള” ജീവിതവും തമ്മിൽ വിപരീത താരതമ്യം ചെയ്യുക

12 “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു”വെന്ന്‌ ബൈബിൾ പറയുന്നു. പണവും പ്രശസ്‌തിയും ഉൾപ്പെടെ സാത്താന്യ ലോകത്തിന്റെ ഒരു ഭാഗവും അവശേഷിക്കില്ല, എന്നാൽ “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കും.” (1 യോഹന്നാൻ 2:15-17) ഈ വ്യവസ്ഥിതിയുടെ നിശ്ചയമില്ലാത്ത ധനത്തിനും ക്ഷണികമായ യശസ്സിനും പൊള്ളയായ സുഖഭോഗങ്ങൾക്കും വിപരീതമായി ‘സാക്ഷാലുള്ള ജീവൻ,’ ദൈവരാജ്യത്തിൻകീഴുള്ള നിത്യജീവൻ, സ്ഥായിയായതാണ്‌. മാത്രമല്ല ത്യാഗങ്ങൾ ചെയ്യാൻ തക്ക മൂല്യമുള്ളതുമാണ്‌, പക്ഷേ അവ ശരിയായ ത്യാഗങ്ങളായിരിക്കണം.

13. ഒരു ദമ്പതി ശരിയായ ത്യാഗം ചെയ്‌തത്‌ എങ്ങനെയാണ്‌?

13 ഹെൻറിയുടെയും സൂസന്റെയും കാര്യമെടുക്കുക. രാജ്യ താത്‌പര്യങ്ങൾ ഒന്നാമതുവെച്ചു പ്രവർത്തിക്കുന്നവരുടെയെല്ലാം ജീവിതത്തിൽ ദൈവസഹായം ഉണ്ടാകും എന്ന വാഗ്‌ദാനത്തിൽ അവർക്കു പൂർണ വിശ്വാസമുണ്ടായിരുന്നു. (മത്തായി 6:33) അതുകൊണ്ട്‌ രണ്ടുപേരും ജോലിചെയ്‌ത്‌ ഒരു വലിയ വീട്ടിൽ താമസിക്കുന്നതിനു പകരം ഒരു ചെറിയ വീട്ടിൽ താമസിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം കൂടുതൽ സമയം ആത്മീയകാര്യങ്ങളിൽ ചെലവഴിക്കുന്നതിനായി അവർ തീരുമാനിച്ചു. (എബ്രായർ 13:15, 16) എന്നാൽ ഒരു സുഹൃത്തിന്‌ ഇവരുടെ ഈ തീരുമാനം ഒട്ടും ഉൾക്കൊള്ളാനായില്ല. ഉദ്ദേശ്യശുദ്ധിയോടെ അവൾ സൂസനോടു പറഞ്ഞു: “സൂസൻ, നിങ്ങൾക്കെന്നെങ്കിലും കുറേക്കൂടി മെച്ചമായ വീട്ടിൽ താമസിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ വേണ്ടെന്നുവെച്ചേ പറ്റൂ.” യഹോവയുടെ താത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതു ‘ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാണെന്നു’ ഹെൻറിക്കും സൂസനും പക്ഷേ നന്നായി അറിയാമായിരുന്നു. (1 തിമൊഥെയൊസ്‌ 4:8; തീത്തൊസ്‌ 2:12) അവരുടെ രണ്ടു പെൺമക്കളും തീക്ഷ്‌ണതയുള്ള മുഴുസമയ സുവിശേഷകരായിത്തീർന്നു. ഒരു കുടുംബം എന്നനിലയിൽ തങ്ങൾക്കു യാതൊന്നും നഷ്ടപ്പെട്ടതായി അവർ കരുതുന്നില്ല, മറിച്ച്‌ ‘സാക്ഷാലുള്ള ജീവൻ’ ലക്ഷ്യംവെച്ചു പ്രവർത്തിച്ചതിൽനിന്നു വളരെയധികം പ്രയോജനം ഉണ്ടാവുകയും ചെയ്‌തു.—ഫിലിപ്പിയർ 3:8; 1 തിമൊഥെയൊസ്‌ 6:6-8.

ലോകത്തെ മുഴുവനായി അനുഭവിക്കാതെ . . .

14. ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം മറന്നുപോകുന്നത്‌ ഏതൊക്കെ അപകടങ്ങളിലേക്കു നയിക്കും?

14 നമ്മുടെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം മറന്നുപോവുകയും ‘സാക്ഷാലുള്ള ജീവന്റെ’മേലുള്ള പിടി അയയ്‌ക്കുകയും ചെയ്യുന്നത്‌ ശരിക്കും അപകടമാണ്‌. ഈ ലോകത്തിന്റെ “ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി”പ്പോകാനുള്ള സാധ്യത അപ്പോൾ ഏറെയാണ്‌. (ലൂക്കൊസ്‌ 8:14) ഭൗതികവസ്‌തുക്കൾക്കായുള്ള അനിയന്ത്രിതമായ ആഗ്രഹവും ‘ഉപജീവനചിന്തകളെക്കുറിച്ചുള്ള ഭാരവും’ ഈ വ്യവസ്ഥിതിയുടെ കാര്യങ്ങളിൽ അമിതമായി ഉൾപ്പെടുന്നതിലേക്കു നമ്മെ നയിക്കും. (ലൂക്കൊസ്‌ 21:34) ധനികരാകാനുള്ള ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുന്ന ഇന്നത്തെ സാമ്പത്തിക ക്രമത്തിന്റെ പിടിയിലമർന്നിട്ട്‌ ചിലരെങ്കിലും “വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നത്‌ ദുഃഖകരമായ വസ്‌തുതയാണ്‌. എന്തിന്‌ യഹോവയുമായുള്ള ബന്ധംപോലും ചിലർ നഷ്ടപ്പെടുത്തിയിരിക്കുന്നു. ‘നിത്യജീവനെ പിടിച്ചുകൊള്ളാഞ്ഞതിനാൽ’ എത്ര വലിയ വിലയാണ്‌ അവർ ഒടുക്കേണ്ടി വന്നത്‌.—1 തിമൊഥെയൊസ്‌ 6:9, 10, 12; സദൃശവാക്യങ്ങൾ 28:20.

15. ‘ലോകത്തെ മുഴുവനായി അനുഭവിക്കാത്തതിനാൽ’ ഒരു കുടുംബം പ്രയോജനം നേടിയത്‌ എങ്ങനെ?

15 “ലോകത്തെ അനുഭവിക്കുന്നവർ അതിനെ [മുഴുവനായും] അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം” എന്ന്‌ പൗലൊസ്‌ ഉപദേശിച്ചു. (1 കൊരിന്ത്യർ 7:31) ഇതിനു ചെവികൊടുത്ത രണ്ടുപേരാണ്‌ കേത്തും ബോണിയും. “ദന്ത ഡോക്ടറാകാനുള്ള പഠനം ഏതാണ്ടു പൂർത്തിയായപ്പോഴാണ്‌ ഞാൻ യഹോവയുടെ സാക്ഷിയായിത്തീരുന്നത്‌,” കേത്ത്‌ പറയുന്നു. “എനിക്കു വേണമെങ്കിൽ കൂടുതൽ രോഗികളെ ചികിത്സിച്ചുകൊണ്ട്‌ കൂടുതൽ പണമുണ്ടാക്കാമായിരുന്നു, എന്നാൽ അങ്ങനെ ചെയ്യുന്നത്‌ ഞങ്ങളുടെ ആത്മീയ ജീവിതത്തെ ബാധിക്കുമെന്നു ഞാൻ മനസ്സിലാക്കി. ഞാൻ എന്റെ പ്രാക്ടീസിന്റെ സമയം കുറച്ചുകൊണ്ട്‌ കുടുംബത്തിന്റെ—ഞങ്ങൾക്കു പിന്നീട്‌ അഞ്ചു പെൺകുട്ടികൾ ജനിച്ചു—ആത്മീയവും വൈകാരികവുമായ കാര്യങ്ങൾക്കു കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിച്ചു. മിച്ചംവെക്കാൻ കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ചെലവു ചുരുക്കി ജീവിക്കാൻ ഞങ്ങൾ പഠിച്ചു, ഞങ്ങളുടെ ആവശ്യങ്ങളൊന്നും ഒരിക്കലും നടക്കാതെ പോയിട്ടില്ല. ഇഴയടുപ്പമുള്ള സന്തുഷ്ടമായ കുടുംബജീവിതമായിരുന്നു ഞങ്ങളുടേത്‌. ഒടുവിൽ ഞങ്ങളെല്ലാവരും മുഴുസമയ ശുശ്രൂഷകരായിത്തീർന്നു. ഞങ്ങളുടെ മക്കളെല്ലാവരും വിവാഹിതരാണ്‌, മൂന്നുപേർക്കു കുട്ടികളുമുണ്ട്‌. അവരെല്ലാവരും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക എന്നതാണ്‌ ജീവിതത്തിൽ അവർ ഒന്നാമതു വെക്കുന്ന കാര്യം, അതുകൊണ്ടുതന്നെ അവരുടെ കുടുംബങ്ങളും സന്തുഷ്ടമാണ്‌.”

നിങ്ങളുടെ ജീവിതത്തിൽ ദൈവോദ്ദേശ്യത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുക

16, 17. പ്രഗത്ഭരായ ആരുടെയൊക്കെ ദൃഷ്ടാന്തങ്ങളാണു ബൈബിൾ കാണിച്ചുതരുന്നത്‌, അവർ ഓർമിക്കപ്പെടുന്നത്‌ എങ്ങനെയാണ്‌?

16 ദൈവോദ്ദേശ്യത്തിന്‌ അനുരൂപമായി ജീവിച്ചവരുടെയും അല്ലാത്തവരുടെയും ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്‌. ആ ദൃഷ്ടാന്തങ്ങൾ നൽകുന്ന പാഠങ്ങൾ ഏതു പ്രായത്തിലും സാഹചര്യത്തിലും സാംസ്‌കാരിക പശ്ചാത്തലത്തിലും ഉള്ളവർക്ക്‌ ഒരുപോലെ ബാധകമാണ്‌. (റോമർ 15:4; 1 കൊരിന്ത്യർ 10:6, 11) നിമ്രോദ്‌ വൻ പട്ടണങ്ങൾ പണിതു, എന്നാൽ യഹോവയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമായിട്ടാണ്‌ അവൻ അതു ചെയ്‌തത്‌. (ഉല്‌പത്തി 10:8, 9) നല്ല ദൃഷ്ടാന്തങ്ങളും ബൈബിളിൽ അനേകമുണ്ട്‌. ഉദാഹരണത്തിന്‌ മോശെയുടെ കാര്യമെടുക്കുക, ഈജിപ്‌തിലെ ഒരു ഉന്നതവ്യക്തിയായി തുടരുക എന്നത്‌ അവന്റെ ഉദ്ദേശ്യമല്ലായിരുന്നു. മറിച്ച്‌ അവൻ തന്റെ ആത്മീയ ഉത്തരവാദിത്വങ്ങളെ “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ . . . വലിയ ധനം എന്ന്‌” എണ്ണി. (എബ്രായർ 11:26) വൈദ്യനായ ലൂക്കൊസ്‌ പൗലൊസിനെയും മറ്റുള്ളവരെയും ചികിത്സിച്ചിട്ടുണ്ടാവണം. എന്നാൽ സുവിശേഷകനും ഒരു ബൈബിൾ എഴുത്തുകാരനും എന്നനിലയിലാണ്‌ അവൻ ഏറ്റവും വലിയ സംഭാവന നൽകിയത്‌. പൗലൊസ്‌ അറിയപ്പെട്ടത്‌ നിയമ പണ്ഡിതൻ എന്നനിലയിലല്ല. ഒരു മിഷനറി, “ജാതികളുടെ അപ്പൊസ്‌തലനായി”ട്ടാണ്‌ അവൻ അറിയപ്പെടുന്നത്‌.—റോമർ 11:13.

17 സൈന്യാധിപനായിട്ടോ സംഗീതജ്ഞനായിട്ടോ അല്ല ദാവീദ്‌ മുഖ്യമായും അറിയപ്പെടുന്നത്‌. യഹോവയ്‌ക്കു ‘ബോധിച്ച ഒരു പുരുഷൻ’ എന്നനിലയിലാണ്‌ അവന്റെ ഖ്യാതി. (1 ശമൂവേൽ 13:14) നാം ദാനീയേലിനെ അറിയുന്നത്‌ ഒരു ബാബിലോണിയൻ ഗവൺമെന്റ്‌ ഉദ്യോഗസ്ഥനായിട്ടല്ല മറിച്ച്‌ യഹോവയുടെ വിശ്വസ്‌ത പ്രവാചകൻ ആയിട്ടാണ്‌. അതുപോലെ എസ്ഥേർ അറിയപ്പെടുന്നത്‌ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായിട്ടാണ്‌, പേർഷ്യൻ രാജ്ഞിയെന്ന നിലയിലല്ല. പത്രൊസും അന്ത്രെയാസും യാക്കോബും യോഹന്നാനും അറിയപ്പെടുന്നത്‌ സമർഥരായ മുക്കുവരായിട്ടല്ല, പിന്നെയോ യേശുവിന്റെ അപ്പൊസ്‌തലന്മാരായിട്ടാണ്‌. ഏറ്റവും നല്ല ദൃഷ്ടാന്തം യേശുവിന്റേതാണ്‌, അവൻ നമുക്കു “ക്രിസ്‌തു”വാണ്‌, “തച്ചനല്ല.” (മർക്കൊസ്‌ 6:3; മത്തായി 16:16) ഇവരെല്ലാം ഒരു കാര്യം തിരിച്ചറിഞ്ഞിരുന്നു, തങ്ങൾക്ക്‌ എന്തൊക്കെ പ്രാപ്‌തികളും സ്വത്തും പദവിയുമൊക്കെ ഉണ്ടായിരുന്നാലും തങ്ങളുടെ ജീവിതം ലൗകിക തൊഴിലിൽ കേന്ദ്രീകരിച്ചായിരിക്കരുത്‌ മറിച്ച്‌ ദൈവസേവനത്തിൽ അധിഷ്‌ഠിതമായിരിക്കണം എന്ന്‌. ദൈവഭയമുള്ള വ്യക്തി ആയിരിക്കുന്നതാണ്‌ ഏറ്റവും ഉന്നതവും പ്രതിഫലദായകവുമായ ലക്ഷ്യം എന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു.

18. ഒരു യുവ ക്രിസ്‌ത്യാനി തന്റെ ജീവിതം എങ്ങനെ വിനിയോഗിക്കാൻ തീരുമാനിച്ചു, അവൻ എന്തു തിരിച്ചറിഞ്ഞു?

18 തുടക്കത്തിൽ പരാമർശിച്ച സൊങ്‌ ജിൻ, ഒടുവിൽ ഈ വസ്‌തുത തിരിച്ചറിഞ്ഞു. “എന്റെ ആരോഗ്യവും പ്രാപ്‌തിയുമെല്ലാം വൈദ്യരംഗത്തോ കലയിലോ അധ്യാപന ജോലിയിലോ ചെലവഴിക്കുന്നതിനു പകരം, എന്റെ ജീവിതം ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ വിനിയോഗിക്കാൻ തീരുമാനിച്ചു,” അദ്ദേഹം വിശദീകരിക്കുന്നു. “ആളുകളെ നിത്യജീവന്റെ വഴിയിലേക്കു നയിച്ചുകൊണ്ട്‌ ബൈബിളധ്യാപകരുടെ സേവനം കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ഞാൻ സേവിക്കുന്നു. ഒരു മുഴുസമയ ശുശ്രൂഷകൻ ആയിരിക്കുന്നത്‌ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണു ഞാൻ ചിന്തിച്ചിരുന്നത്‌. എന്നാൽ വ്യത്യസ്‌ത സംസ്‌കാരങ്ങളിലുള്ളവരെ ബൈബിൾ പഠിപ്പിക്കാനുള്ള പ്രാപ്‌തിയും എന്റെ വ്യക്തിത്വവും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കുമ്പോൾ മുമ്പെന്നത്തെക്കാളും വെല്ലുവിളികൾ നിറഞ്ഞതായിത്തീരുന്നു ഇന്ന്‌ എന്റെ ജീവിതം. യഹോവയുടെ ഉദ്ദേശ്യം നമ്മുടെയും ഉദ്ദേശ്യമാക്കുക എന്നതാണ്‌ ജീവിതം അർഥപൂർണമാക്കാനുള്ള ഏക മാർഗം.”

19. ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം എന്ത്‌?

19 ജീവരക്ഷാകരമായ അറിവിനാലും രക്ഷയുടെ പ്രത്യാശയാലും ക്രിസ്‌ത്യാനികളായ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 17:3) അതുകൊണ്ട്‌ നമുക്കു ലഭിച്ച “ദൈവത്തിന്റെ കൃപ” നാം ‘വ്യർഥമാക്കരുത്‌.’ (2 കൊരിന്ത്യർ 6:1) മറിച്ച്‌ നമുക്കു ലഭിക്കുന്ന വിലയേറിയ ഓരോ ദിനവും യഹോവയെ സ്‌തുതിക്കാൻ നമുക്ക്‌ ഉപയോഗിക്കാം. ഇപ്പോൾപ്പോലും യഥാർഥ സന്തോഷം കൈവരുത്തുന്ന നിത്യജീവനിലേക്കു നയിക്കുന്ന ജ്ഞാനം നമുക്കു പകർന്നുകൊടുക്കാം. അങ്ങനെ ചെയ്യുകവഴി യേശുവിന്റെ പിൻവരുന്ന വാക്കുകൾ എത്ര സത്യമാണെന്നു നാം തിരിച്ചറിയും: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം.” (പ്രവൃത്തികൾ 20:35) നാം ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്തുകയും ചെയ്യും.

[അടിക്കുറിപ്പ്‌]

^ ഖ. 1 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• നമുക്കു വെക്കാനാകുന്ന ഏറ്റവും ഉന്നതമായ ലക്ഷ്യം എന്താണ്‌?

• ഭൗതികവസ്‌തുക്കളുടെ സമ്പാദനത്തിനായി ജീവിക്കുന്നത്‌ ബുദ്ധിശൂന്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവം വാഗ്‌ദാനം ചെയ്യുന്ന ‘സാക്ഷാലുള്ള ജീവൻ’ എന്താണ്‌?

• ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ നമുക്ക്‌ എങ്ങനെ നമ്മുടെ ജീവിതം വിനിയോഗിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾ ശരിയായ ത്യാഗം ചെയ്യേണ്ടതുണ്ട്‌