വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യാക്കോബ് ഏശാവായി നടിച്ചതിനെക്കുറിച്ച് ഉല്പത്തി 27:18, 19 പറയുന്നു. ആ പ്രവൃത്തി തെറ്റായിരുന്നില്ലേ?
നിങ്ങൾക്ക് ആ വിവരണം പരിചിതമായിരിക്കാം. വേട്ടയാടി ഇറച്ചി കൊണ്ടുവരാൻ വൃദ്ധനായ യിസ്ഹാക് ഏശാവിനോട് ആവശ്യപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക.” ഭർത്താവ് പറഞ്ഞ കാര്യങ്ങൾ കേട്ട റിബേക്ക രുചികരമായ ഒരു വിഭവം ഉണ്ടാക്കിയിട്ട് യാക്കോബിനോടു പറയുന്നു: “നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു [ഭക്ഷണം] അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം.” അപ്പോൾ യാക്കോബ് ഏശാവിന്റെ അങ്കി ധരിച്ച് കഴുത്തും കൈകളും ആട്ടിൻതോൽകൊണ്ട് പൊതിഞ്ഞിട്ട് രുചികരമായ ആ വിഭവവുമായി തന്റെ പിതാവിന്റെ അടുക്കൽ ചെന്നു. “നീ ആർ, മകനേ” എന്നു യിസ്ഹാക് ചോദിച്ചപ്പോൾ “ഞാൻ നിന്റെ ആദ്യജാതൻ ഏശാവു” എന്നു യാക്കോബ് മറുപടി പറഞ്ഞു. അതു വിശ്വസിച്ച യിസ്ഹാക് അവനെ അനുഗ്രഹിച്ചു.—ഉല്പത്തി 27:1-29.
റിബേക്കയും യാക്കോബും അങ്ങനെ ചെയ്തതിന്റെ കാരണം സംബന്ധിച്ച മുഴുവിശദാംശങ്ങളും ബൈബിൾ നൽകുന്നില്ലെങ്കിലും അത് പെട്ടെന്നുണ്ടായ ഒരു സാഹചര്യമാണെന്നു സൂചിപ്പിക്കുന്നുണ്ട്. റിബേക്കയുടെയും യാക്കോബിന്റെയും പ്രവൃത്തിയെ ദൈവവചനം ന്യായീകരിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യുന്നില്ലെന്നു നാം മനസ്സിൽപ്പിടിക്കണം. അതുകൊണ്ട്, നുണ പറയാനോ ചതിക്കാനോ ഉള്ള ഒഴികഴിവായി ഈ സംഭവത്തെ കാണരുത്. എങ്കിലും പ്രസ്തുത സാഹചര്യത്തിന്മേൽ ബൈബിൾ വെളിച്ചംവീശുകതന്നെ ചെയ്യുന്നു.
ഒന്നാമതായി, പിതാവിന്റെ അനുഗ്രഹത്തിന് അവകാശി ഏശാവല്ല യാക്കോബായിരുന്നു എന്നു വിവരണം വ്യക്തമാക്കുന്നുണ്ട്. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ, വിലമതിപ്പില്ലാതിരുന്ന തന്റെ സഹോദരനിൽനിന്നു യാക്കോബ് അതു നിയമപരമായി വാങ്ങിയിരുന്നു. ഏശാവ് “ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.” (ഉല്പത്തി 25:29-34) അതുകൊണ്ട്, തനിക്ക് അവകാശപ്പെട്ട അനുഗ്രഹത്തിനുവേണ്ടിയാണ് യാക്കോബ് പിതാവിനെ സമീപിച്ചത്.
രണ്ടാമതായി, അനുഗ്രഹം വാങ്ങിയത് യാക്കോബാണെന്നു തിരിച്ചറിഞ്ഞ യിസ്ഹാക് താൻ ചെയ്തതിനു മാറ്റംവരുത്താൻ ശ്രമിച്ചില്ല. ഇരട്ടക്കുട്ടികൾ പിറക്കുന്നതിനു മുമ്പ് യഹോവ റിബേക്കയോടു പറഞ്ഞിരുന്ന കാര്യം യിസ്ഹാക് അപ്പോൾ ഓർമിച്ചിരിക്കാം: “മൂത്തവൻ ഇളയവനെ സേവിക്കും.” (ഉല്പത്തി 25:23) യാക്കോബ് ഹാരാനിലേക്കു പുറപ്പെടാനിരിക്കെ, യിസ്ഹാക് യാക്കോബിനെ കൂടുതലായി അനുഗ്രഹിച്ചു എന്നതും ശ്രദ്ധേയമാണ്.—ഉല്പത്തി 28:1-4.
സംഭവിച്ചുകൊണ്ടിരുന്ന കാര്യത്തിൽ യഹോവയ്ക്കു താത്പര്യമുണ്ടായിരുന്നെന്നും അതു സംബന്ധിച്ച് അവന് അറിയാമായിരുന്നെന്നും ഉള്ള കാര്യവും നാം ഓർക്കണം. യിസ്ഹാക്കിന്റെ അനുഗ്രഹം ദൈവം അബ്രാഹാമുമായി ചെയ്ത വാഗ്ദാനവുമായി ബന്ധപ്പെട്ടതായിരുന്നു. (ഉല്പത്തി 12:2, 3) അനുഗ്രഹം യാക്കോബിനു ലഭിക്കാൻ ദൈവത്തിന് ആഗ്രഹമില്ലായിരുന്നെങ്കിൽ, ഏതെങ്കിലും വിധത്തിൽ അവന് അതു തടയാമായിരുന്നു. യഹോവ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല യാക്കോബിന് അക്കാര്യം സംബന്ധിച്ച് ഇപ്രകാരം ഉറപ്പുകൊടുക്കുകയും ചെയ്തു: ‘നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.’—ഉല്പത്തി 28:10-15.