സന്തോഷദായകമായ തിരഞ്ഞെടുപ്പുകൾ
സന്തോഷദായകമായ തിരഞ്ഞെടുപ്പുകൾ
‘ഏതു നേരത്താണ് എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്!’ എത്രവട്ടം നിങ്ങൾ അപ്രകാരം ചിന്തിച്ചിട്ടുണ്ട്? പിന്നീടൊരിക്കലും ദുഃഖിക്കേണ്ടിവരാത്തതരം തിരഞ്ഞെടുപ്പുകൾ നടത്താനാണു നമുക്കിഷ്ടം, വിശേഷാൽ നമ്മുടെ ജീവിതഗതിയെ ബാധിക്കുന്ന തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ. എന്നാൽ, സന്തോഷദായകമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമുക്ക് എങ്ങനെ കഴിയും?
ഒന്നാമതായി, നമ്മുടെ പക്കൽ ഈടുറ്റ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം. അത്തരം മാനദണ്ഡങ്ങൾ ഉണ്ടോ? ഇല്ലെന്നായിരിക്കാം പൊതുവേയുള്ള അഭിപ്രായം. ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ അനുസരിച്ച്, ബിരുദം നേടാറായ വിദ്യാർഥികളിൽ 75 ശതമാനവും, തെറ്റും ശരിയും സംബന്ധിച്ച മാനദണ്ഡങ്ങൾ ഇല്ലെന്നും അത് “വ്യക്തിപരമായ മൂല്യങ്ങൾക്കും സാംസ്‌കാരിക വൈവിധ്യങ്ങൾക്കും” അനുസരിച്ചു മാറുന്നുവെന്നും വിശ്വസിക്കുന്നവരാണ്.
കേവലം വ്യക്തിപരമായ അല്ലെങ്കിൽ പൊതുവേയുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സദാചാരത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതു ന്യായമാണോ? ഒരിക്കലുമല്ല. ആളുകൾക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാമായിരുന്നെങ്കിൽ സകലതും താറുമാറാകുമായിരുന്നു. നിയമങ്ങളും കോടതിയും പോലീസുമൊന്നും ഇല്ലാത്ത ഒരിടത്തു താമസിക്കാൻ ആർക്കാണിഷ്ടം? തന്നെയുമല്ല, വ്യക്തിപരമായ അഭിപ്രായങ്ങൾ എല്ലായ്‌പോഴും ആശ്രയയോഗ്യമായ വഴികാട്ടി ആയിരിക്കില്ല. ശരിയാണെന്ന ബോധ്യത്തോടെ നാം ചെയ്‌ത ഒരു സംഗതി തെറ്റായിപ്പോയി എന്നു പിന്നീടു തിരിച്ചറിഞ്ഞേക്കാം. മാനവരാശിയുടെ മുഴു ചരിത്രവും പിൻവരുന്ന ബൈബിൾ സത്യത്തിന്റെ സത്യതയ്‌ക്ക് അടിവരയിടുന്നു: “നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) ആ സ്ഥിതിക്ക്, ജീവിതത്തിലെ സുപ്രധാന സംഗതികളെക്കുറിച്ചുള്ള തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ മാർഗനിർദേശത്തിനായി നമുക്ക് എങ്ങോട്ടു തിരിയാനാകും?
കഴിഞ്ഞ ലേഖനത്തിൽ പരിചിന്തിച്ച യുവഭരണാധിപൻ യേശുവിനെ സമീപിച്ചത് ബുദ്ധിപൂർവകമായ ഒരു സംഗതിയായിരുന്നു. ആ യുവാവിന്റെ ചോദ്യങ്ങൾക്കു മറുപടി പറയവേ യേശു ന്യായപ്രമാണം ഉപയോഗിച്ചതായി നാം കണ്ടു. യഹോവയാം ദൈവം സകല അറിവിന്റെയും ജ്ഞാനത്തിന്റെയും നിറകുടമാണെന്നും തന്റെ സൃഷ്ടികൾക്ക് ഉത്തമമായത് എന്തെന്ന് അവന് യോഹന്നാൻ 7:16) അതേ, ജീവിതത്തിൽ ബുദ്ധിപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുന്ന ആശ്രയയോഗ്യമായ വഴികാട്ടിയാണു ദൈവവചനം. അതിലെ ഏതാനും തത്ത്വങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. ബാധകമാക്കുന്നെങ്കിൽ അവ നമുക്കു സന്തോഷം പകരുമെന്നതു തീർച്ചയാണ്.
അറിയാമെന്നും യേശു തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ്, “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ” എന്നു യേശു പറഞ്ഞത്. (സുവർണ നിയമം
മറ്റുള്ളവരോട് ഇടപെടുമ്പോൾ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു അടിസ്ഥാന തത്ത്വത്തെക്കുറിച്ച് വിഖ്യാതമായ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പഠിപ്പിക്കുകയുണ്ടായി. അതേക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) ഈ തത്ത്വം പൊതുവേ ‘സുവർണ നിയമം’ എന്നാണ് അറിയപ്പെടുന്നത്.
ഇതിനു നേർവിപരീതമായി ചിലർ ഇങ്ങനെ പഠിപ്പിക്കുന്നു: ‘നിങ്ങൾക്കു മറ്റുള്ളവർ ചെയ്യാൻ ഇച്ഛിക്കാത്തത് നിങ്ങൾ അവർക്കായി ചെയ്യരുത്.’ സുവർണ നിയമവും അതിനു വിരുദ്ധമായ പഠിപ്പിക്കലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ നല്ല അയൽക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ഉപമയെക്കുറിച്ചു നമുക്കൽപ്പം പരിചിന്തിക്കാം. ഒരു യഹൂദനെ കൊള്ളക്കാർ മുറിവേൽപ്പിച്ച് അർധപ്രാണനായി വഴിയിൽ ഉപേക്ഷിച്ചുപോയി. ഒരു പുരോഹിതനും ലേവ്യനും അദ്ദേഹത്തെ കണ്ടിട്ടു മാറി കടന്നുപോയി. ആ മനുഷ്യന്റെ യാതന കൂട്ടുന്ന വിധത്തിൽ യാതൊന്നും ചെയ്യാതിരുന്നതുകൊണ്ട് അവർ സുവർണ നിയമത്തിന്റെ വിപരീത തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു എന്നു പറയാം. എന്നാൽ, അവരിൽനിന്നു വ്യത്യസ്‌തമായി വഴിപോക്കാനായ ഒരു ശമര്യക്കാരൻ സഹായസന്നദ്ധത കാണിച്ചു. അദ്ദേഹം മുറിവുകൾ വെച്ചുകെട്ടി അയാളെ ഒരു വഴിയമ്പലത്തിലാക്കി. മറ്റുള്ളവർ തനിക്കുവേണ്ടി ചെയ്യാൻ ആഗ്രഹിച്ചതാണ് ആ ശമര്യക്കാരൻ ചെയ്‌തത്. അദ്ദേഹം ‘സുവർണ നിയമം’ ബാധകമാക്കി. ശരിയായ ഒരു തിരഞ്ഞെടുപ്പായിരുന്നു അത്.—ലൂക്കൊസ് 10:30-37.
പെരുമാറ്റം സംബന്ധിച്ച ഈ നിയമം സന്തോഷദായകമായ നിരവധി വിധങ്ങളിൽ നമുക്കു ബാധകമാക്കാനാകും. നിങ്ങളുടെ അയൽപക്കത്തേക്ക് ഒരു കുടുംബം പുതിയ താമസക്കാരായെത്തി എന്നു സങ്കൽപ്പിക്കുക. അവരെ കണ്ട് സ്വാഗതമരുളാൻ മുൻകൈയെടുക്കരുതോ? ഒരുപക്ഷേ, അവിടവുമായി പരിചിതരാകാൻ അവരെ സഹായിക്കുന്നതിനു പുറമേ അവരുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനും ആവശ്യങ്ങളിൽ സഹായിക്കുന്നതിനും നിങ്ങൾക്കു സാധിക്കും. അയൽക്കാരെന്ന നിലയിലുള്ള പരിഗണന കാണിക്കുന്നതിൽ മുൻകൈയെടുക്കുകവഴി പുതുതായെത്തിയ താമസക്കാരുമായി നിങ്ങൾക്കു നല്ല ബന്ധങ്ങൾ സ്ഥാപിക്കാനാകും. ദൈവത്തിനു പ്രസാദകരമായ വിധത്തിൽ പ്രവർത്തിച്ചിരിക്കുന്നു എന്നറിയുന്നതിന്റെ സംതൃപ്‌തിയും നിങ്ങൾക്കു ലഭിക്കും. ബുദ്ധിപൂർവകമായൊരു തീരുമാനമല്ലേ അത്?
പരസ്‌നേഹത്തിൽ അധിഷ്‌ഠിതമായി
സുവർണ നിയമത്തിനു പുറമേ, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്ന മറ്റു മാർഗനിർദേശങ്ങളും യേശു നൽകുകയുണ്ടായി. മോശൈക ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണെന്ന ചോദ്യത്തിന് യേശു ഇങ്ങനെ ഉത്തരം നൽകി: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം. ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.”—മത്തായി 22:36-40.
യേശു തന്റെ മരണത്തിന്റെ തലേരാത്രിയിൽ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്ന “പുതിയോരു കല്‌പന” ശിഷ്യന്മാർക്കു നൽകി. (യോഹന്നാൻ 13:34) അതൊരു പുതിയ കൽപ്പനയാണെന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണ്? സകലന്യായപ്രമാണവും അടങ്ങിയിരിക്കുന്ന രണ്ടു കൽപ്പനകളിൽ ഒന്ന് അയൽക്കാരോടുള്ള സ്‌നേഹം ആണെന്ന് അതിനോടകംതന്നെ യേശു പറഞ്ഞിരുന്നില്ലേ? മോശൈക ന്യായപ്രമാണത്തിൽ ഇസ്രായേല്യർക്ക് ഈ കൽപ്പന നൽകിയിരുന്നു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” (ലേവ്യപുസ്‌തകം 19:18) എങ്കിലും, യേശു ഇപ്പോൾ അതിലും കൂടുതൽ ചെയ്യാൻ ശിഷ്യന്മാരോടു കൽപ്പിച്ചു. അതേ രാത്രിയിൽത്തന്നെ, തന്റെ ജീവൻ അവർക്കുവേണ്ടി നൽകാൻ പോകുകയാണെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. അതിനുശേഷം ഇങ്ങനെ തുടർന്നു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന. സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:12-14) അതേ, മറ്റുള്ളവരുടെ താത്‌പര്യങ്ങൾക്കു നമ്മുടേതിനെക്കാൾ മുൻതൂക്കം നൽകണം എന്ന അർഥത്തിൽ ആ കൽപ്പന പുതിയതായിരുന്നു.
നമ്മുടെ സ്വന്തം താത്‌പര്യങ്ങളെയും മറികടന്ന് നിസ്വാർഥ സ്‌നേഹം കാണിക്കാനാകുന്ന നിരവധി മാർഗങ്ങൾ ഉണ്ട്. പിൻവരുന്ന സാഹചര്യം ഉദാഹരണമായെടുക്കുക: ഒരു അപ്പാർട്ടുമെന്റിലാണു നിങ്ങൾ താമസിക്കുന്നത് എന്നിരിക്കട്ടെ. നല്ല ആവേശം പകരുംവിധം
ഉച്ചത്തിൽ സംഗീതം കേൾക്കുന്നതാണ് നിങ്ങൾക്കിഷ്ടം. പക്ഷേ, അതു നിങ്ങളുടെ അയൽവാസിയെ അലോസരപ്പെടുത്തും. അയൽവാസിക്കു സ്വൈര്യം കൊടുക്കാനായി ശബ്ദം അൽപ്പം കുറയ്‌ക്കാൻ നിങ്ങൾ തയ്യാറാകുമോ? മറ്റുവാക്കുകളിൽ പറഞ്ഞാൽ, സ്വന്തം താത്‌പര്യത്തെക്കാൾ അയൽവാസിയുടെ താത്‌പര്യത്തിനു നിങ്ങൾ മുൻതൂക്കം നൽകുമോ?മറ്റൊരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. കാനഡയിലെ മഞ്ഞുപെയ്യുന്ന ഒരു ശൈത്യകാല ദിവസം. യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടുപേർ പ്രായമായ ഒരു വ്യക്തിയെ സന്ദർശിച്ചു. സംഭാഷണത്തിനിടെ, ഹൃദ്രോഗ പ്രശ്‌നമുള്ളതുകൊണ്ട് വീട്ടിലേക്കുള്ള വഴിയിലെ മഞ്ഞു നീക്കംചെയ്യാൻ സാധിച്ചില്ലെന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം, എന്തോ ചുരണ്ടിമാറ്റുന്ന ഒച്ച അദ്ദേഹം കേട്ടു. ആ രണ്ടു സാക്ഷികൾ വന്ന് മഞ്ഞുമാറ്റി വഴി തെളിക്കുന്ന ഒച്ചയായിരുന്നു അത്. യഹോവയുടെ സാക്ഷികളുടെ കാനഡയിലെ ബ്രാഞ്ചിന് പ്രായംചെന്ന ആ മനുഷ്യൻ ഇപ്രകാരം എഴുതി: “യഥാർഥ ക്രിസ്‌തീയ സ്‌നേഹം ഞാനിന്ന് അനുഭവിച്ചറിഞ്ഞു. ലോകത്തെക്കുറിച്ചു പൊതുവേ എനിക്കുണ്ടായിരുന്ന മോശമായ ധാരണ അതു തിരുത്തിക്കുറിച്ചു. മാത്രമല്ല നിങ്ങളുടെ ലോകവ്യാപക പ്രവർത്തനത്തോട് എനിക്കുണ്ടായിരുന്ന മതിപ്പും ഏറെ ആഴമുള്ളതായിത്തീർന്നു.” അതേ, മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പ്, എത്ര നിസ്സാരമാണെന്നു തോന്നിയാൽപ്പോലും, അവരെ അതു നല്ലരീതിയിൽ സ്വാധീനിച്ചേക്കും. ആത്മത്യാഗത്തോടെയുള്ള അത്തരം തിരഞ്ഞെടുപ്പുകൾ സന്തോഷദായകമായ ഫലമുളവാക്കുമെന്നതിൽ തർക്കമില്ല!
ദൈവസ്‌നേഹത്തിൽ അധിഷ്‌ഠിതമായി
തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു ഘടകം ഏറ്റവും വലിയ കൽപ്പനയിൽ യേശു വിവരിക്കുകയുണ്ടായി—ദൈവത്തോടുള്ള സ്‌നേഹം. യഹോവയുമായി അതിനോടകംതന്നെ ഒരു സമർപ്പിത ബന്ധമുണ്ടായിരുന്ന യഹൂദന്മാരോടാണ് യേശു അതു പറഞ്ഞത്. എങ്കിലും, ഓരോ ഇസ്രായേല്യനും വ്യക്തിഗതമായി ദൈവത്തെ മുഴുദേഹിയോടെയും മുഴുഹൃദയത്തോടെയും സേവിക്കാൻ തിരഞ്ഞെടുക്കേണ്ടിയിരുന്നു.—ആവർത്തനപുസ്‌തകം 30:15, 16.
അതുപോലെതന്നെ, ദൈവത്തെക്കുറിച്ചുള്ള സ്വന്തം വികാരമാണ് നിങ്ങളുടെ തിരഞ്ഞെടുപ്പുകളിലൂടെ വെളിച്ചത്താകുന്നത്. ഉദാഹരണമായി, ബൈബിൾ പരിജ്ഞാനം ആഴമുള്ളതായിത്തീരുകയും അതിലെ പ്രായോഗിക മൂല്യത്തോടുള്ള വിലമതിപ്പു വർധിക്കുകയും ചെയ്യുന്നതോടെ നിങ്ങളും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. യേശുവിന്റെ ഒരു അനുഗാമിയായിത്തീരുക എന്ന ലക്ഷ്യത്തോടെ ക്രമമായ ഒരു ബൈബിൾ പഠനത്തിനു നിങ്ങൾ തയ്യാറാകുമോ? അങ്ങനെ ചെയ്യുന്നത് സുനിശ്ചിതമായും സന്തോഷദായകമാണ്. കാരണം യേശു ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.”—മത്തായി 5:3, NW.
താൻ കൈക്കൊണ്ട തീരുമാനത്തെപ്രതി ആ യുവഭരണാധിപൻ പരിതപിച്ചുവോയെന്ന് നമുക്കറിയില്ല. എങ്കിലും, വർഷങ്ങളോളം യേശുക്രിസ്‌തുവിനെ അനുഗമിച്ച അപ്പൊസ്‌തലനായ പത്രൊസിനു തോന്നിയത് എന്താണെന്നു നമുക്കറിയാം. പൊതുയുഗം ഏതാണ്ട് 64-ൽ, തന്റെ അന്ത്യം അടുക്കവേ പത്രൊസ് ഇവ്വിധം സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു: ‘ [ദൈവം] നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാൻ ഉത്സാഹിക്കുക.’ (2 പത്രൊസ് 1:14; 3:14) 30 വർഷം മുമ്പ് എടുത്ത തിരഞ്ഞെടുപ്പിനെപ്രതി പത്രൊസിനു തെല്ലും ഖേദമില്ലായിരുന്നു എന്നത് വ്യക്തമാണ്. മറ്റുള്ളവരെയും തങ്ങൾ എടുത്ത തിരഞ്ഞെടുപ്പിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
പത്രൊസിന്റെ ബുദ്ധിയുപദേശം അനുസരിക്കുകയെന്നാൽ യേശുവിന്റെ ഒരു അനുഗാമിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുകയും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നതിനുള്ള തീരുമാനം എടുക്കുക എന്നാണ്. (ലൂക്കൊസ് 9:23; 1 യോഹന്നാൻ 5:3) അതത്ര എളുപ്പമല്ല എന്നു തോന്നിയേക്കാമെങ്കിലും യേശു ഈ ഉറപ്പുനൽകുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
ആർതറിന്റെ അനുഭവം നോക്കുക. പത്തു വയസ്സുള്ളപ്പോൾ ആർതർ ഒരു ജീവിതവൃത്തി എന്നനിലയിൽ വയലിൻ അഭ്യസിക്കാൻ തുടങ്ങി. 14 വയസ്സായപ്പോഴേക്കും ഗായകസംഘത്തിലെ ഒരു വയലിൻ വായനക്കാരനായി മാറിയെങ്കിലും ആർതറിനു സന്തോഷം കണ്ടെത്താനായില്ല. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് എല്ലായ്‌പോഴും ചോദ്യങ്ങളുണ്ടായിരുന്ന ആർതറിന്റെ അച്ഛൻ മതപ്രബോധകരെ വീട്ടിൽ വരുത്തിയിരുന്നു. എങ്കിലും അവർ പറഞ്ഞതിലൊന്നും ആർതർ തൃപ്‌തനല്ലായിരുന്നു. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് ദൈവം ഉണ്ടോ എന്നും ഉണ്ടെങ്കിൽ തിന്മ പ്രവൃത്തികൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും ചർച്ച ചെയ്‌തിരുന്നു. അതേത്തുടർന്ന്, ആർതറിന്റെ അച്ഛൻ യഹോവയുടെ സാക്ഷികളുമായി സംഭാഷണത്തിലേർപ്പെടാൻ തുടങ്ങി. അദ്ദേഹം അതിൽ ആകൃഷ്ടനായി. അത് കുടുംബം മൊത്തത്തിൽ ബൈബിൾ പഠിക്കുന്നതിലേക്കു നയിച്ചു.
അങ്ങനെ, ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നും ജീവിതത്തിന്റെ ഉദ്ദേശ്യം എന്തെന്നും ആർതർ തിരുവെഴുത്തുകളിൽനിന്നു വ്യക്തമായി മനസ്സിലാക്കി. മറ്റു മൂന്നു കുടുംബാംഗങ്ങളോടൊപ്പം, ഒരിക്കലും ദുഃഖിക്കേണ്ടിവന്നിട്ടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് ആർതർ നടത്തി. യഹോവയ്‌ക്ക് തന്റെ ജീവിതം സമർപ്പിച്ചു. “സത്യത്തിന്റെ പരിജ്ഞാനം നൽകി യഹോവ എന്നെ അനുഗ്രഹിച്ചതിലും പരസ്‌പരം മത്സരിക്കുന്ന സംഗീതജ്ഞരുടെ ഇടയിൽനിന്ന് എന്നെ രക്ഷിച്ചതിലും ഞാൻ അതിയായി സന്തോഷിക്കുന്നു. വിജയിക്കുന്നതിനായി ആളുകൾ എന്തു ദ്രോഹവും ചെയ്യും.”
തന്റെ സുഹൃത്തുക്കളെ രസിപ്പിക്കുന്നതിനായി ആർതർ ഇപ്പോഴും വയലിൻ വായിക്കാറുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം അതിനെ ചുറ്റിപ്പറ്റിയല്ല, മറിച്ച് ദൈവസേവനത്തിൽ കേന്ദ്രീകൃതമാണ്. അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ചോഫീസിൽ ഇപ്പോൾ സേവിച്ചുവരുന്നു. ആ യുവഭരണാധിപൻ ചെയ്‌തതിനു വിപരീതമായി, ആർതറിനെയും മറ്റു ദശലക്ഷങ്ങളെയുംപോലെ അങ്ങേയറ്റം സന്തോഷദായകമായ തിരഞ്ഞെടുപ്പു നടത്താൻ നിങ്ങൾക്കും സാധിക്കും, തന്റെ അനുഗാമിയായിത്തീരാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടുതന്നെ.
[6-ാം പേജിലെ ചിത്രം]
നിങ്ങളുടെ തിരഞ്ഞെടുപ്പിന് മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കാനാകും
[7-ാം പേജിലെ തലവാചകം]
[7-ാം പേജിലെ ചിത്രം]
ബൈബിൾ പഠിച്ച് നിങ്ങൾ യേശുവിന്റെ അനുഗാമിയായിത്തീരുമോ?