ജീവിതസന്ധ്യയിൽ ഇത്തിരി കനിവ്
ജീവിതസന്ധ്യയിൽ ഇത്തിരി കനിവ്
“അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക” എന്ന് പൗലൊസ് അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. (ഗലാ. 6:10) ആ ദിവ്യമാർഗനിർദേശം പിൻപറ്റിക്കൊണ്ട് ഇന്നും നാം സഹവിശ്വാസികൾക്കു നന്മ ചെയ്യാനുള്ള വഴികൾ തേടുന്നു. വൃദ്ധസദനങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരീസഹോദരന്മാരും സഭയുടെ സ്‌നേഹപൂർവമായ പരിപാലനം അർഹിക്കുന്നുണ്ട്.
ഇന്ത്യപോലുള്ള ചില രാജ്യങ്ങളിൽ പ്രായമായ മാതാപിതാക്കളെ വീട്ടിൽത്തന്നെ പരിചരിക്കുകയാണു പതിവ്. എന്നാൽ മറ്റു രാജ്യങ്ങളിൽ പ്രായമായ പലർക്കും വൃദ്ധസദനങ്ങളാണ് അഭയം. വൃദ്ധസദനങ്ങളിൽ കഴിയുന്ന ക്രിസ്‌തീയ സഹോദരങ്ങളെ സംബന്ധിച്ചെന്ത്? അവരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്? കുടുംബാംഗങ്ങളുടെ സഹായമില്ലാത്തപക്ഷം അവർക്ക് എങ്ങനെ മുന്നോട്ടുപോകാനാകും? ക്രിസ്‌തീയ സഭയ്‌ക്ക് എന്തു ചെയ്യാനാകും? അവരെ പതിവായി സന്ദർശിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
വൃദ്ധസദനങ്ങളിലെ വെല്ലുവിളികൾ
പ്രായമായ ക്രിസ്‌ത്യാനികൾ ഒരു വൃദ്ധമന്ദിരത്തിലേക്കു മാറുമ്പോൾ പ്രാദേശിക സഭയിലെ സഹോദരങ്ങളെ അവർക്കു പരിചയമില്ലായിരിക്കാം. അതുകൊണ്ട് അവിടെയുള്ള സാക്ഷികൾ കൂടെക്കൂടെ അവരെ സന്ദർശിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചെന്നുവരില്ല. മാത്രമല്ല, വ്യത്യസ്‌ത വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരായിരിക്കാം മറ്റ് അന്തേവാസികൾ.
ഇതൊക്കെ പ്രായമായ നമ്മുടെ സഹാരാധകരെ ബുദ്ധിമുട്ടിലാക്കിയേക്കാം.ചിലയിടങ്ങളിൽ, മതപരമായ പരിപാടികൾ വൃദ്ധമന്ദിരങ്ങളിൽവെച്ചു നടത്താൻ തീരുമാനിക്കാറുണ്ട്. “സംസാരശേഷി ഏറെക്കുറെ നഷ്ടമായ ചില സഹോദരങ്ങളെ അവരുടെ സമ്മതം ചോദിക്കാതെ വീൽച്ചെയറിലിരുത്തി പള്ളിയിൽ കൊണ്ടുപോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്,” ഒരു ജീവനക്കാരൻ പറയുന്നു. മാത്രമല്ല, പതിവു ദിനചര്യയിൽനിന്ന് ഒരൽപ്പം മാറ്റത്തിനുവേണ്ടി ജീവനക്കാർ ജന്മദിനങ്ങളും ക്രിസ്‌തുമസ്സും ഈസ്റ്ററും മറ്റും ആഘോഷിക്കാനുള്ള ഏർപ്പാടു ചെയ്യാറുണ്ട്. മനസ്സാക്ഷിക്കു നിരക്കാത്ത ഭക്ഷണവും ചിലപ്പോൾ പ്രശ്‌നമായിട്ടുണ്ട്. (പ്രവൃ. 15:28, 29) ഈ സഹോദരങ്ങളെ പതിവായി സന്ദർശിക്കുന്നെങ്കിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ അവരെ നമുക്കു സഹായിക്കാനാകും.
സഭയുടെ പിന്തുണ
കുടുംബാംഗങ്ങളുടെ പിന്തുണയില്ലാത്ത പ്രായമായവരോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിവർത്തിക്കുന്നതിൽ ശ്രദ്ധയുള്ളവരായിരുന്നു ആദിമക്രിസ്‌ത്യാനികൾ. (1 തിമൊ. 5:9, 10) അതുപോലെതന്നെ, തങ്ങളുടെ പ്രദേശത്തുള്ള വൃദ്ധസദനങ്ങളിൽ കഴിയുന്നവർ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്നത്തെ മേൽവിചാരകന്മാർ ശ്രദ്ധയുള്ളവരാണ്. * മൂപ്പനായ റോബർട്ട് പറയുന്നതു ശ്രദ്ധിക്കുക: “പ്രായമായവരുടെ സാഹചര്യം നേരിൽക്കണ്ടു മനസ്സിലാക്കാനും അവരോടൊത്തു പ്രാർഥിക്കാനുമായി മേൽവിചാരകന്മാർ അവരെ സന്ദർശിക്കുന്നതു നല്ലതായിരിക്കും. അങ്ങനെയാകുമ്പോൾ അവരെ സഹായിക്കാനായി സഭയ്‌ക്കു പലതും ചെയ്യാനാകും.” സഹായം ആവശ്യമുള്ളവരെ പരിചരിക്കുന്നതിനെ യഹോവ വലിയ പ്രാധാന്യത്തോടെ വീക്ഷിക്കുന്നു; അതുകൊണ്ട് ഈ സഹോദരങ്ങളെ സന്ദർശിക്കുകവഴി നമുക്ക് യഹോവയുടെ മനസ്സറിയാം എന്നു കാണിക്കുകയായിരിക്കും നമ്മൾ.—യാക്കോ. 1:27.
ആവശ്യമുള്ളപക്ഷം വൃദ്ധസദനത്തിലുള്ള സഹോദരീസഹോദരന്മാർക്കു സഹായമെത്തിക്കാൻ മൂപ്പന്മാർ ക്രമീകരണം ചെയ്യാറുണ്ട്. താൻ നിരീക്ഷിച്ച ഒരു ആവശ്യത്തെക്കുറിച്ചു പറയുകയാണ് റോബർട്ട്: “യോഗങ്ങൾക്കു ഹാജരാകാൻ സാധിക്കുന്നവരെ നാം അതിനായി പ്രോത്സാഹിപ്പിക്കണം.” എന്നാൽ രാജ്യഹാളിലേക്കു യാത്ര ചെയ്യാൻ സാധിക്കാത്തവർക്കുവേണ്ടി മൂപ്പന്മാർ മറ്റു ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. സന്ധിരോഗത്താൽ (osteoarthritis) കഷ്ടപ്പെടുന്ന 85 വയസ്സുള്ള ഷാക്‌ലീൻ ടെലിഫോണിലൂടെയാണു യോഗപരിപാടികൾ ശ്രദ്ധിക്കുന്നത്. അവർ പറയുന്നു: “യോഗങ്ങൾ നടക്കുന്ന സമയത്തുതന്നെ കേൾക്കാൻ കഴിയുന്നതുകൊണ്ട് ഒത്തിരി പ്രയോജനങ്ങളുണ്ട്. എന്തുതന്നെ സംഭവിച്ചാലും അതു നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലുമാവില്ല.”
ടെലിഫോണിലൂടെ പരിപാടികൾ ശ്രദ്ധിക്കാൻ കഴിയാത്ത ഒരു സഹോദരനോ സഹോദരിക്കോ വേണ്ടി പരിപാടികൾ റെക്കോർഡ് ചെയ്യാനുള്ള ഏർപ്പാടുകൾ മൂപ്പന്മാർ ചെയ്‌തേക്കാം. അതു കൊടുക്കാൻപോകുന്ന വ്യക്തിക്ക് ആ സഹോദരനോടോ സഹോദരിയോടോ സംസാരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും സാധിക്കും. “പ്രാദേശിക സഭയിലെ സഹോദരങ്ങളെക്കുറിച്ച് അവരോടു പറയുന്നത്, തങ്ങൾ ഇപ്പോഴും ആത്മീയ സഹോദരവർഗത്തിന്റെ ഭാഗമാണെന്ന തോന്നൽ അവരിൽ ഉളവാക്കും,” ഒരു മേൽവിചാരകൻ പറയുന്നു.
ആശയവിനിമയം നിറുത്തിക്കളയരുത്
ഒരു വൃദ്ധസദനത്തിലേക്കു മാറേണ്ടിവരുന്നത് പ്രായമായ പലരെയും സംബന്ധിച്ചിടത്തോളം വിഷമംപിടിച്ച ഒരു കാര്യമാണെന്നു പറയേണ്ടതില്ലല്ലോ. ഫലമോ? ചിലർ തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നു. എന്നാൽ വൃദ്ധസദനത്തിലേക്കു മാറിയ ഉടൻതന്നെ അവരെ ചെന്നു കാണുകയും പതിവായി ചെല്ലാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്നത് മനസ്സമാധാനവും സന്തോഷവും വീണ്ടെടുക്കാൻ അവരെ സഹായിക്കും.—സദൃ. 17:22.
ഈ സഹോദരങ്ങൾക്ക് ആശയവിനിമയത്തിനു തടസ്സമായേക്കാവുന്ന മാനസികപ്രശ്‌നങ്ങളോ കേൾവിത്തകരാറോ മറ്റോ ഉണ്ടെങ്കിൽ, അവരെ സന്ദർശിക്കുന്നതുകൊണ്ടു വലിയ കാര്യമൊന്നുമില്ലെന്നു ചിലർ ചിന്തിച്ചേക്കാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽപ്പോലും അവരെ പതിവായി സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ സഹവിശ്വാസികളെ ‘ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുകയാണെന്നു’ തെളിയിക്കുകയായിരിക്കും നാം. (റോമ. 12:10) അടുത്തകാലത്ത് നടന്ന കാര്യങ്ങൾ അവരുടെ ഓർമയിൽ ഇല്ലെങ്കിൽ കുട്ടിക്കാലത്തെ സംഭവങ്ങളോ സത്യത്തിൽവന്നതു സംബന്ധിച്ച അനുഭവങ്ങളോ പറയാൻ അവരെ പ്രോത്സാഹിപ്പിക്കാനായേക്കും. എന്നാൽ വാക്കുകൾ കിട്ടാതെ അവർ വിഷമിക്കുന്നെങ്കിലോ? ക്ഷമയോടെ ശ്രദ്ധിക്കുക; ആവശ്യമെങ്കിൽ, ഓർത്തെടുക്കാൻ അവർ ശ്രമിക്കുന്ന ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞുകൊണ്ടോ അവരുടെ മനസ്സിലുള്ള ആശയം സംഗ്രഹിച്ചുകൊണ്ടോ സംഭാഷണം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക. ആശയക്കുഴപ്പമോ സംസാരതടസ്സമോ നിമിത്തം പറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നില്ലെങ്കിൽ സംസാരത്തിന്റെ രീതി അടുത്തു ശ്രദ്ധിച്ചുകൊണ്ട് അതു മനസ്സിലാക്കിയെടുക്കാൻ ശ്രമിക്കാവുന്നതാണ്.
സംസാരം തികച്ചും അസാധ്യമാണെങ്കിൽ മറ്റു മാർഗങ്ങൾ അവലംബിക്കാനാകും. സംസാരപ്രാപ്‌തി നഷ്ടപ്പെട്ട 80 വയസ്സുള്ള ഒരു ക്രിസ്‌തീയ സഹോദരിയാണ് മാഡ്‌ലെൻ. അവരെ പതിവായി സന്ദർശിക്കുന്ന ലോറൻസ് എന്ന പയനിയർ സഹോദരി ആശയവിനിമയത്തിനായി താൻ തിരഞ്ഞെടുക്കുന്ന മാർഗത്തെക്കുറിച്ചു പറയുന്നു: “മാഡ്‌ലെനോടൊപ്പം പ്രാർഥിക്കുമ്പോൾ ഞാൻ അവരുടെ കൈപിടിക്കും. മാഡ്‌ലെനാണെങ്കിൽ നന്ദിസൂചകമായി എന്റെ കൈ മെല്ലെ അമർത്തുകയും കണ്ണു ചിമ്മുകയും ചെയ്യും.” നമ്മുടെ ഭാഗത്തുനിന്നുള്ള ഒരു സാന്ത്വനസ്‌പർശം, ഒരു ആശ്ലേഷം അതൊക്കെ അവരുടെ ലോകംതന്നെ മാറ്റിമറിക്കും.
നിങ്ങളുടെ സാമീപ്യം ഒരു സാന്ത്വനം
നിങ്ങളുടെ പതിവുസന്ദർശനം, വൃദ്ധസദനത്തിൽ അവർക്കു നല്ലപരിചരണം കിട്ടാൻ ഇടയാക്കിയേക്കാം. വൃദ്ധമന്ദിരങ്ങളിലുള്ള സഹവിശ്വാസികളെ 20-ഓളം വർഷമായി സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഡാൻയൽ പറയുന്നതു ശ്രദ്ധിക്കുക: “ഒരാൾക്കു പതിവായി സന്ദർശകരുണ്ടെന്ന കാര്യം വൃദ്ധസദനത്തിലെ ജീവനക്കാർ ശ്രദ്ധിക്കുമ്പോൾ അദ്ദേഹത്തിനു നല്ല പരിചരണം ലഭിക്കും.” നേരത്തേ പരാമർശിച്ച റോബർട്ട് പറയുന്നു: “സ്ഥിരം സന്ദർശിക്കുന്ന ഒരാൾ പറയുന്നതു കേൾക്കാൻ ജീവനക്കാർ കൂടുതൽ ചായ്‌വു കാണിച്ചേക്കാം. വല്ലപ്പോഴുംമാത്രം വന്നുപോകുന്ന ഒരാളുടെ വാക്കുകൾ അത്ര ഗൗനിച്ചെന്നുവരില്ല.” അന്തേവാസികളുടെ കുടുംബക്കാരെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകുകയെന്നത് നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ സന്ദർശകരുടെ നന്ദിപ്രകടനം അവർ വളരെയധികം വിലമതിക്കും. മാത്രമല്ല, ജീവനക്കാരുമായി നല്ലൊരു ബന്ധം
ഉണ്ടാക്കിയെടുക്കാൻ നമുക്കു കഴിഞ്ഞാൽ അവരുടെ സംരക്ഷണയിൽ കഴിയുന്ന പ്രായമായ നമ്മുടെ സഹോദരങ്ങളുടെ വിശ്വാസങ്ങളും മൂല്യങ്ങളും മറ്റും അവർ മാനിക്കാൻ ഏറെ സാധ്യതയുണ്ട്.ചെറിയ സഹായങ്ങൾ ചെയ്‌തുകൊടുത്തുകൊണ്ടും നമുക്കു ജീവനക്കാരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാനാകും. ചില സ്ഥലങ്ങളിൽ, യോഗ്യരായ ജീവനക്കാരെ കിട്ടാനില്ല എന്നത് പ്രായമായവർക്കു ലഭിക്കുന്ന പരിചരണത്തെ ബാധിച്ചേക്കാം. റിബേക്ക എന്ന നഴ്‌സ് പറയുന്നു: “വലിയ തിരക്കുപിടിച്ച സമയമാണ് ഭക്ഷണവേളകൾ. അതുകൊണ്ട് ആ സമയത്ത് വന്ന് നിങ്ങളുടെ സുഹൃത്തിനെ ഭക്ഷണം കഴിക്കാൻ സഹായിച്ചാൽ വളരെ ഉപകാരമായിരിക്കും.” നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ജീവനക്കാരോടു ചോദിക്കാൻ മടി വിചാരിക്കരുത്.
പ്രായമായ നമ്മുടെ സഹോദരീസഹോദരന്മാരെ പതിവായി സന്ദർശിക്കുന്നതുകൊണ്ട് മറ്റൊരു ഗുണമുണ്ട്: അവരുടെ ആവശ്യം കണ്ടറിഞ്ഞുപ്രവർത്തിക്കാൻ നമുക്കാകും—ചുമതലപ്പെട്ടവരുടെ അനുമതിയോടെ. ഉദാഹരണത്തിന്, പ്രിയപ്പെട്ടവരുടെ ഫോട്ടോകളോ കുട്ടികൾ വരച്ച ചിത്രങ്ങളോകൊണ്ട് അവരുടെ മുറി അലങ്കരിക്കാൻ ഒരുപക്ഷേ നമുക്കു കഴിഞ്ഞേക്കും. അല്ലെങ്കിൽ, ചൂടുപകരുന്ന വസ്‌ത്രങ്ങളോ ബ്രഷ്, പേസ്റ്റ്, ചീപ്പ്, സോപ്പ് തുടങ്ങി നിത്യോപയോഗ സാധനങ്ങളോ കൊണ്ടുപോയിക്കൊടുക്കാൻ കഴിഞ്ഞേക്കും. വൃദ്ധമന്ദിരത്തിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ അൽപ്പം ശുദ്ധവായു ശ്വസിക്കാനായി നമ്മുടെ സുഹൃത്തിനെ ഒന്നു പുറത്തുകൊണ്ടുപോകാനാകുമോ? മേൽപ്പരാമർശിച്ച ലോറൻസ് പറയുന്നു: “ഓരോ ആഴ്‌ചയും ഞാൻ ചെല്ലുന്നതു നോക്കിയിരിക്കും മാഡ്‌ലെൻ. കുട്ടികൾ കൂടെയുള്ളപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതാണ്. എന്താ, ആ കണ്ണുകളിലെ ഒരു തിളക്കം!” അത്തരം കൊച്ചുകൊച്ചു കാര്യങ്ങൾക്ക് വലിയ ഫലം ഉളവാക്കാനാകും.—സദൃ. 3:27.
ഇരുകൂട്ടർക്കും പ്രയോജനം
പ്രായമായ ഒരാളെ പതിവായി സന്ദർശിക്കുന്നത് നമ്മുടെ “സ്‌നേഹത്തിന്റെ പരമാർത്ഥത”യുടെ മാറ്റുരയ്‌ക്കുന്നു. (2 കൊരി. 8:8) എങ്ങനെ? നമ്മുടെ സുഹൃത്തിന്റെ അവസ്ഥ ഒന്നിനൊന്നു മോശമാകുന്നതു കാണേണ്ടിവരുന്നതു വേദനാജനകമാണ്. ലോറൻസിന്റെ വാക്കുകൾ: “ആദ്യമൊക്കെ മാഡ്‌ലെന്റെ ശോച്യാവസ്ഥകണ്ട് ഞാൻ കരഞ്ഞുപോയിട്ടുണ്ട്. എങ്കിലും ഭയാശങ്കകൾ മറികടക്കാനും പ്രോത്സാഹനം പകരാനും ഹൃദയംഗമമായ പ്രാർഥന സഹായിക്കുമെന്നു ഞാൻ മനസ്സിലാക്കി.” പാർക്കിൻസൺസ് രോഗമുള്ള ലാറി എന്ന സഹോദരനെ വർഷങ്ങളായി സന്ദർശിക്കുന്ന ഒരാളാണ് റോബർട്ട്. അദ്ദേഹം പറയുന്നു: “ലാറി പറയുന്ന ഒരു വാക്കുപോലും എനിക്കു മനസ്സിലാകാറില്ല; രോഗം അത്രയ്‌ക്ക് അദ്ദേഹത്തെ ബാധിച്ചിരുന്നു. എങ്കിലും ഒന്നിച്ചിരുന്നു പ്രാർഥിക്കുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസം മനസ്സിലാക്കാൻ എനിക്കാകുന്നുണ്ട്.”
നമ്മുടെ സന്ദർശനത്തിലൂടെ പ്രായമായവർക്കു മാത്രമല്ല നമുക്കും പ്രയോജനങ്ങൾ ലഭിക്കുന്നുണ്ട്. വ്യത്യസ്‌ത മതവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർക്കിടയിൽ പാർക്കുമ്പോഴും യഹോവയോടു പറ്റിനിൽക്കാനുള്ള അവരുടെ ദൃഢനിശ്ചയം, വിശ്വാസവും ധൈര്യവും എത്ര പ്രധാനമാണെന്നു നമ്മെ പഠിപ്പിക്കുന്നു. കാഴ്‌ചയ്‌ക്കും കേൾവിക്കും തകരാറുണ്ടെങ്കിലും ആത്മീയ ഭക്ഷണത്തോടുള്ള അവരുടെ താത്‌പര്യം, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്ന വാക്കുകൾക്ക് അടിവരയിടുന്നു. (മത്താ. 4:4) ഒരു കുഞ്ഞിന്റെ പുഞ്ചിരി, ഒരുമിച്ചുള്ള ഒരു നേരത്തെ ആഹാരം തുടങ്ങി കൊച്ചുകൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന അവർ, ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാൻ നമ്മെ പഠിപ്പിക്കുകയല്ലേ? ആത്മീയ കാര്യങ്ങളോട് അവർക്കുള്ള പ്രിയം ശരിയായ മുൻഗണനകൾ വെക്കാൻ നമ്മെ സഹായിക്കുന്നു.
പ്രായമായവർക്കു നൽകുന്ന പിന്തുണ മുഴുസഭയ്‌ക്കും പ്രയോജനം ചെയ്യും. എങ്ങനെ? സഹോദരങ്ങളുടെ സ്‌നേഹത്തിനായി അതിയായി വാഞ്‌ഛിക്കുന്നവരാണ് ശാരീരികപരിമിതികളുള്ള ആ സഹോദരങ്ങൾ. അങ്ങനെ, അനുകമ്പ കാണിക്കാനുള്ള കൂടുതൽ അവസരങ്ങൾ സഭയ്‌ക്കു ലഭിക്കുന്നു. അതുകൊണ്ട് ദീർഘകാലത്തേക്കാണെങ്കിൽപ്പോലും പ്രായമായവരെ പരിചരിക്കുന്നതിനെ അന്യോന്യം ശുശ്രൂഷിക്കാനുള്ള അവസരമായി കാണണം. (1 പത്രൊ. 4:10, 11) ഇക്കാര്യത്തിൽ മൂപ്പന്മാർ മുൻകയ്യെടുക്കുമ്പോൾ ക്രിസ്‌ത്യാനിത്വത്തിന്റെ ഈ വശം അവഗണിക്കാനാവാത്തതാണെന്ന് സഭാംഗങ്ങൾ പഠിക്കും. (യെഹെ. 34:15, 16) നമ്മുടെ സ്‌നേഹവും പിന്തുണയും തങ്ങൾ ആരോരുമില്ലാത്തവരല്ല എന്ന് അവർക്ക് ഉറപ്പുകൊടുക്കും!
[അടിക്കുറിപ്പ്]
^ ഖ. 8 ഒരു സഹോദരനോ സഹോദരിയോ മറ്റൊരു സ്ഥലത്തുള്ള വൃദ്ധസദനത്തിലേക്കു മാറുന്നുവെന്ന് അറിഞ്ഞാലുടൻ സെക്രട്ടറി എത്രയും പെട്ടെന്ന് അവിടത്തെ മൂപ്പന്മാരെ വിവരം അറിയിക്കുന്നതു പ്രായമായവരോടുള്ള പരിഗണനയായിരിക്കും.
[28-ാം പേജിലെ ആകർഷക വാക്യം]
“ഒരാൾക്ക് പതിവായി സന്ദർശകരുണ്ടെന്ന കാര്യം വൃദ്ധസദനത്തിലെ ജീവനക്കാർ ശ്രദ്ധിക്കുമ്പോൾ അദ്ദേഹത്തിനു നല്ല പരിചരണം ലഭിക്കും”
[26-ാം പേജിലെ ചിത്രം]
ഹൃദയംഗമമായ പ്രാർഥന മനസ്സമാധാനം വീണ്ടെടുക്കാൻ പ്രായമായവരെ സഹായിച്ചേക്കും
[26-ാം പേജിലെ ചിത്രം]
സ്‌നേഹവാത്സല്യങ്ങൾ പ്രായമായവർക്കു കരുത്തേകും