എങ്ങനെയുള്ള ഒരാളാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
എങ്ങനെയുള്ള ഒരാളാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
ഫിലിപ്പീൻസിലെ ഒരു പട്ടണത്തിൽനിന്നുള്ള റിപ്പോർട്ടാണിത്. അവിടുത്തെ പോലീസ് മേധാവി ഒരു പയനിയർ സഹോദരിയോടു ചോദിച്ചു: “ആ മനുഷ്യനെ നേരെയാക്കാൻ നിങ്ങൾ എന്താണു ചെയ്‌തത്?” തന്റെ മേശപ്പുറത്തിരുന്ന ഫയലുകൾ കാണിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: “അയാളെക്കുറിച്ചുള്ള കേസുകളാണ് ഇതു മുഴുവൻ. വലിയൊരു തലവേദനയിൽനിന്നാണ് നിങ്ങൾ ഞങ്ങളെ രക്ഷിച്ചത്.” സ്ഥിരം മദ്യപിച്ച് അടിപിടി ഉണ്ടാക്കിയിരുന്ന ഒരാളെക്കുറിച്ചാണ് പോലീസ് മേധാവി സംസാരിച്ചത്. ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ ആ വ്യക്തിയെ പ്രേരിപ്പിച്ചത് എന്താണ്? ദൈവനിശ്വസ്‌തവചനമായ ബൈബിൾ!
‘മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു, ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ’ എന്ന അപ്പൊസ്‌തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം പലരും മനസ്സോടെ കൈക്കൊണ്ടിരിക്കുന്നു. (എഫെ. 4:22-24) നാം വരുത്തേണ്ട മാറ്റങ്ങൾ വലുതായിരുന്നാലും ചെറുതായിരുന്നാലും പുതിയ വ്യക്തിത്വം ധരിക്കുക എന്നത് ക്രിസ്‌ത്യാനിത്വത്തിലേക്കുള്ള ചവിട്ടുപടിയാണ്.
മാറ്റങ്ങൾ വരുത്തുന്നതും സ്‌നാനമേൽക്കാൻ യോഗ്യത നേടുന്നതും ഒരു തുടക്കം മാത്രമാണ്. സ്‌നാനമേൽക്കുന്ന ഒരു വ്യക്തിയെ അടിസ്ഥാന രൂപം മാത്രം കൈവന്നിട്ടുള്ള ഒരു ശിൽപ്പത്തോട് ഉപമിക്കാനാകും. അത് കണ്ടാൽ എന്തിന്റെ ശിൽപ്പമാണെന്ന് മനസ്സിലാകും, പക്ഷേ മിനുക്കുപണികളെല്ലാം പൂർത്തിയാക്കിയാലേ അത് ഭംഗിയുള്ള ഒരു ശിൽപ്പമായിത്തീരൂ. ഒരു ദൈവദാസന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ സ്‌നാനമേൽക്കുമ്പോൾ നമുക്കുണ്ടായിരിക്കും. എന്നാൽ നമ്മുടെ വ്യക്തിത്വം അപ്പോഴും ശൈശവദശയിലാണ്. ഇനിയും മാറ്റങ്ങൾ വരുത്തിക്കൊണ്ട് അത് മെച്ചപ്പെടുത്തേണ്ടതുണ്ട്.
പൗലൊസ് പറയുന്നത് ശ്രദ്ധിക്കൂ, “അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.” (റോമ. 7:21) പുരോഗതി വരുത്തേണ്ടതിന്റെ ആവശ്യം അവൻ തിരിച്ചറിഞ്ഞിരുന്നു; ആരായിത്തീരണം എന്നും അവന് അറിയാമായിരുന്നു. നമ്മുടെ കാര്യമോ? നമ്മളും സ്വയം ഇങ്ങനെ ചോദിക്കേണ്ടതാണ്: ‘അകമേ ഞാൻ ആരാണ്? ഞാൻ ഏതുതരം വ്യക്തിയാണ്? ഏതുതരം വ്യക്തിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്?’
അകമേ ഞാൻ ആരാണ്?
നിലംപൊത്താറായ ഒരു പഴയവീട് പുതുക്കിപ്പണിയേണ്ടിവരുമ്പോൾ പുറമേ പെയിന്റടിച്ച് അതു 2 കൊരി. 13:5) അനഭികാമ്യമായ പ്രവണതകൾ തിരിച്ചറിയുകയും അവ തിരുത്തുകയും വേണം. ഇതിനാവശ്യമായ സഹായങ്ങൾ യഹോവ പ്രദാനം ചെയ്‌തിരിക്കുന്നു.
ശരിയാക്കിയെടുക്കാമെന്നു കരുതുന്നത് ബുദ്ധിയല്ല. ബലക്ഷയം സംഭവിച്ചിട്ടുള്ള ചുവരുകളുടെയും മറ്റും കേടുപാടുകൾ അവഗണിച്ചാൽ അത് കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ. ഇതുപോലെയാണ് നമ്മുടെ കാര്യവും. ഒരു നല്ല വ്യക്തിയാണെന്നു പുറമേ കാണിക്കുന്നതുകൊണ്ടായില്ല, പിന്നെയോ നമ്മുടെ വ്യക്തിത്വത്തിന്റെ കാതലോളം ചെന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മുടെ പഴയവ്യക്തിത്വം വീണ്ടും തലപൊക്കിയേക്കാം. അതുകൊണ്ട് ഒരു ആത്മപരിശോധന അനിവാര്യമാണ്. (പൗലൊസ് എഴുതി: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ. 4:12) ദൈവവചനമായ ബൈബിളിലെ സന്ദേശത്തിന് നമ്മുടെ ജീവിതത്തിൽ ശക്തമായ സ്വാധീനംചെലുത്താനാകും. നമ്മുടെ ഉള്ളിലേക്ക്, ആലങ്കാരികമായി പറഞ്ഞാൽ നമ്മുടെ സന്ധിമജ്ജകളിലേക്ക് ആഴ്‌ന്നിറങ്ങാൻ അതിനാകും. പുറമേ കാണുന്നതിനോടോ അല്ലെങ്കിൽ നമ്മെക്കുറിച്ചു നാം ചിന്തിക്കുന്നതിനോടോ ഉള്ള താരതമ്യത്തിൽ, നമ്മുടെ യഥാർഥ വ്യക്തിത്വം പുറത്തുകൊണ്ടുവരാനും ആന്തരം വെളിവാക്കാനും ദൈവവചനത്തിനാകും. അതേ, നമ്മുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ ദൈവവചനം നൽകുന്ന സഹായം എത്ര വിലപ്പെട്ടതാണ്.
ഒരു പഴയവീടു റിപ്പയർ ചെയ്യുമ്പോൾ കേടുവന്നതൊക്കെ മാറ്റിവെക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ അതുകൊണ്ടുമാത്രമാകുന്നില്ല, കേടുപാടുകൾ ഉണ്ടാകാനുള്ള കാരണം മനസ്സിലാക്കുന്നെങ്കിൽ അത് ആവർത്തിക്കാതിരിക്കാനുള്ള പ്രതിവിധികൾ ചെയ്യാൻ നമുക്കാകും. നമ്മുടെ മോശമായ പ്രവണതകളെ തിരിച്ചറിയുകയും ഒപ്പം അതിനു കാരണമാകുന്നത് എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നെങ്കിൽ അവയെ വരുതിയിൽ നിറുത്താൻ നമുക്കു കഴിയും. പല ഘടകങ്ങൾ നമ്മുടെ വ്യക്തിത്വരൂപീകരണത്തിൽ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ സാമൂഹിക-സാമ്പത്തികനില, ചുറ്റുപാട്, സംസ്‌കാരം, മാതാപിതാക്കൾ, സുഹൃത്തുക്കൾ, മതപശ്ചാത്തലം എന്നിവയെല്ലാം അതിലുൾപ്പെടുന്നു. ടിവി പരിപാടികൾക്കും സിനിമകൾക്കും വിനോദങ്ങൾക്കുമെല്ലാം നമ്മെ സ്വാധീനിക്കാൻ കഴിയും. നമ്മുടെ വ്യക്തിത്വത്തെ മോശമായി സ്വാധീനിക്കുന്ന സംഗതികളെ തിരിച്ചറിയുന്നത് അവയുടെ ദൂഷ്യഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ നമ്മെ സഹായിക്കും.
ഒരു ആത്മപരിശോധനയ്‌ക്കുശേഷം, ‘ഞാൻ ഇങ്ങനെയൊക്കെയാണ്’ എന്നു പറയാനുള്ള ചായ്‌വ് നാം കാണിച്ചേക്കാം. ഇതൊരു തെറ്റായ ചിന്താഗതിയാണ്. കൊരിന്ത്യർക്കുള്ള ലേഖനത്തിൽ, ഒരിക്കൽ വ്യഭിചാരികളും സ്വവർഗരതിക്കാരും മദ്യപാനികളും ആയിരുന്ന ചിലരെ പരാമർശിച്ചുകൊണ്ട് പൗലൊസ് പറഞ്ഞു: ‘നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ ദൈവത്തിന്റെ ആത്മാവിനാൽ നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരിച്ചിരിക്കുന്നു.’ (1 കൊരി. 6:9-11) യഹോവയുടെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിൽ വിജയിക്കാനാകും.
ഫിലിപ്പീൻസിലെ മർക്കോസിന്റെ * കാര്യം നോക്കാം. തന്റെ പശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “എപ്പോഴും വഴക്കടിക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ. അതുകൊണ്ടാണ് 19 വയസ്സായപ്പോഴേക്കും ഞാനൊരു താന്തോന്നിയായത്.” ചൂതാട്ടവും മോഷണവും പിടിച്ചുപറിയും അയാളുടെ ജീവിതത്തിന്റെ ഭാഗമായി. മർക്കോസും സംഘവും ഒരിക്കൽ ഒരു വിമാനം തട്ടികൊണ്ടുപോകാൻപോലും പദ്ധതിയിട്ടു. വിവാഹശേഷവും അയാളുടെ ജീവിതത്തിനു യാതൊരു മാറ്റവും ഉണ്ടായില്ല. ഉണ്ടായിരുന്നതൊക്കെയും ഒടുവിൽ ചൂതാട്ടത്തിൽ നഷ്ടമായി. അയാളുടെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു, അധികം താമസിയാതെ മർക്കോസും അവരോടൊപ്പം പഠനം തുടങ്ങി. ഒരു സാക്ഷിയാകാനുള്ള യോഗ്യത തനിക്കില്ലെന്ന് ആദ്യമൊക്കെ അദ്ദേഹം കരുതി. എന്നാൽ പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും യോഗങ്ങളിൽ ഹാജരാകുകയും ചെയ്‌തതോടെ മർക്കോസ് തന്റെ മുൻകാലചെയ്‌തികൾ ഉപേക്ഷിച്ചു. ഇപ്പോൾ അദ്ദേഹം സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിയാണ്. ജീവിതത്തിൽ എങ്ങനെ മാറ്റംവരുത്താമെന്ന് ഇന്ന് അദ്ദേഹം മറ്റുള്ളവരെ പഠിപ്പിക്കുന്നു.
ഏതുതരം വ്യക്തിയാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
നമ്മുടെ ക്രിസ്‌തീയ ഗുണങ്ങൾക്കു മാറ്റുകൂട്ടാൻ നാം എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം? പൗലൊസ് ക്രിസ്‌ത്യാനികളെ ഉപദേശിക്കുന്നു: ‘നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ. അന്യോന്യം ഭോഷ്‌കു പറയരുതു; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളക. തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിക്കുക.’—കൊലൊ. 3:8-10.
പഴയവ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് പുതിയതു ധരിക്കുക എന്നതാണ് നമ്മുടെ മുഖ്യലക്ഷ്യം. അതിനായി നാം ഏതു ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്? പൗലൊസ് പറയുന്നു: “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” (കൊലൊ. 3:12-14) ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ നാം ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ ‘യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവരായിത്തീരാൻ’ നമുക്കു കഴിയും. (1 ശമൂ. 2:26) ഭൂമിയിലായിരിക്കെ യേശു ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ ഉത്തമമാതൃകവെച്ചു. ആ മാതൃകയെക്കുറിച്ചു നാം പഠിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും വേണം. അപ്പോൾ ‘ദൈവത്തെ അനുകരിക്കുന്നതിൽ’ ക്രിസ്‌തുവിന്റെ കാൽച്ചുവടു പിന്തുടരുകയായിരിക്കും നാം.—എഫെ. 5:1, 2.
ബൈബിൾ കഥാപാത്രങ്ങളുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ചു പഠിക്കുന്നത് ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നു തിരിച്ചറിയാൻ നമ്മെ സഹായിക്കും. ഉദാഹരണത്തിന് ഗോത്രപിതാവായ യാക്കോബിന്റെ പുത്രൻ യോസേഫിന്റെ കാര്യമെടുക്കാം. അനീതികൾക്കിരയായെങ്കിലും യോസേഫ് നിഷേധാത്മക മനോഭാവത്തിനു കീഴ്‌പെട്ടില്ല; ആന്തരിക സൗന്ദര്യത്തിനു മങ്ങലേൽക്കാൻ അനുവദിച്ചില്ല. (ഉല്‌പ. 45:1-15) ഇതിനു നേർവിപരീതമായിരുന്നു ദാവീദ് രാജാവിന്റെ മകനായ അബ്‌ശാലോമിന്റെ സ്വഭാവം. ജനക്ഷേമതത്‌പരനാണെന്നു നടിച്ച അവന്റെ സൗന്ദര്യത്തെ ജനങ്ങൾ വാഴ്‌ത്തിപ്പാടിയിരുന്നു. എന്നാൽ യഥാർഥത്തിൽ അവനൊരു വഞ്ചകനും കൊലപാതകിയും ആയിരുന്നു. (2 ശമൂ. 13:28, 29; 14:25; 15:1-12) ബാഹ്യസൗന്ദര്യവും നല്ലവനായി ഭാവിക്കുന്നതും ഒരുവന്റെ വ്യക്തിത്വം ആകർഷകമാക്കുന്നില്ല.
നമുക്കു വിജയിക്കാനാകും
നമ്മുടെ വ്യക്തിത്വം ആകർഷകമാക്കുന്നതിനും ദൈവത്തിന്റെ ദൃഷ്ടിയിൽ കൊള്ളാവുന്നവരായിത്തീരുന്നതിനും നാം നമ്മുടെ ആന്തരിക മനുഷ്യന് ശ്രദ്ധനൽകണം. (1 പത്രൊ. 3:3, 4) നമ്മുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മോശമായ സ്വാഭാവവിശേഷങ്ങളും അവയ്‌ക്കു കാരണമായ ഘടകങ്ങളും തിരിച്ചറിയുകയും അതോടൊപ്പം ദൈവികഗുണങ്ങൾ നട്ടുവളർത്തുകയും വേണം. നമ്മുടെ ശ്രമങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ?
തീർച്ചയായും, യഹോവയുടെ സഹായത്താൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമുക്കാകും. സങ്കീർത്തനക്കാരനെപ്പോലെ നമുക്കു പ്രാർഥിക്കാം: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീ. 51:10) ദൈവാത്മാവ് നമ്മിൽ പ്രവർത്തിക്കാനും ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ ശക്തിപ്പെടുത്താനും നമുക്കു പ്രാർഥിക്കാം. യഹോവയുടെ ദൃഷ്ടിയിൽ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിത്തീരാൻ നമുക്കു കഴിയും, തീർച്ച!
[അടിക്കുറിപ്പ്]
^ ഖ. 11 യഥാർഥ പേരല്ല.
[4-ാം പേജിലെ ചിത്രം]
കൊടുങ്കാറ്റിൽ തകർന്ന ഈ വീട് പെയിന്റടിച്ചാൽ മാത്രം മതിയോ?
[5-ാം പേജിലെ ചിത്രം]
നിങ്ങളുടെ വ്യക്തിത്വം ക്രിസ്‌തുവിന്റേതു പോലെയാണോ?