ചുമതലകൾ ഏൽപ്പിച്ചുകൊടുക്കേണ്ടത് എന്തുകൊണ്ട്, എങ്ങനെ?
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കേണ്ടത് എന്തുകൊണ്ട്, എങ്ങനെ?
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുക! ആരാണ് അത് ആദ്യം ചെയ്‌തത്? യഹോവ. അതും, നമ്മുടെ ഭൂമിയൊക്കെ സൃഷ്ടിക്കുന്നതിനും വളരെമുമ്പ്! യഹോവ ആദ്യം സൃഷ്ടിക്കുന്നത് തന്റെ ഏകജാതപുത്രനെയാണ്, പിന്നീട് അവനെ “ശില്‌പി” ആയി ഉപയോഗിച്ചുകൊണ്ട് ഈ മുഴുപ്രപഞ്ചത്തിനും രൂപംനൽകി. (സദൃ. 8:22, 23, 30; യോഹ. 1:3) കാലാന്തരത്തിൽ ദൈവം ആദ്യമനുഷ്യജോഡിയെ ഉരുവാക്കി, എന്നിട്ട് “ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ” എന്നു അവരോടു കൽപ്പിക്കുകയും ചെയ്‌തു. (ഉല്‌പ. 1:28) ഏദെനിലെ പറുദീസ മുഴുഭൂമിയിലും വ്യാപിപ്പിക്കുന്നതിനുള്ള നിയോഗം ദൈവം മനുഷ്യർക്കു കൊടുത്തു. അതെ, ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നത് തുടക്കം മുതൽക്കേ യഹോവയുടെ സംഘടനയുടെ ഒരു സവിശേഷതയായിരുന്നു.
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നതിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത്? ചില സഭാ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ പഠിക്കേണ്ടത് എന്തുകൊണ്ട്? അവർക്ക് അത് എങ്ങനെ ചെയ്യാനാകും?
എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
കാര്യങ്ങൾ മറ്റൊരാളെ ഭരമേൽപ്പിക്കുക, പ്രതിനിധിയായി ഒരാളെ നിയമിക്കുക, ഉത്തരവാദിത്വങ്ങളും അധികാരവും കൊടുക്കുക എന്നതൊക്കെ ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. അതായത് ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ മറ്റുള്ളവരെയുംകൂടി ഉൾപ്പെടുത്തുക എന്നു സാരം. അങ്ങനെവരുമ്പോൾ അധികാരം പങ്കുവെക്കേണ്ടതായിവരുമെന്ന് ഓർക്കുക.
ക്രിസ്‌തീയസഭയിൽ ചുമതലകൾ ലഭിക്കുന്നവർ, അവരിൽ നിക്ഷിപ്‌തമായിരിക്കുന്ന കർത്തവ്യം നിർവഹിക്കാനും ഏൽപ്പിച്ച ജോലിയുടെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ടു നൽകാനും അത് നിയമിച്ചുതന്ന വ്യക്തിയോട് അഭിപ്രായങ്ങൾ ആരായാനും പ്രതീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നത് ആരാണോ ആ സഹോദരനുതന്നെയാണ് ആത്യന്തികമായി ഉത്തരവാദിത്വമുള്ളത്. ജോലിയുടെ പുരോഗതി വിലയിരുത്തിക്കൊണ്ട് ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതും അദ്ദേഹംതന്നെയാണ്. ‘എങ്കിൽപ്പിന്നെ ഞാൻതന്നെ ഇതങ്ങു ചെയ്‌താൽപോരേ, എന്തിനു മറ്റുള്ളവരെ ഏൽപ്പിക്കണം?’ എന്നു ചിലർ ചോദിച്ചേക്കാം.
എന്തുകൊണ്ട്?
യഹോവ തന്റെ ഏകജാതപുത്രനെ സൃഷ്ടിച്ച് പിന്നീടുള്ള എല്ലാ സൃഷ്ടിക്രിയകളിലും അവനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ചിന്തിക്കുക. അതെ, ‘ദൃശ്യമായതും അദൃശ്യമായതുമുൾപ്പെടെ’ “സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം അവൻ മുഖാന്തരമത്രേ സൃഷ്ടിക്കപ്പെട്ടത്.” (കൊലോ. 1:16) സ്രഷ്ടാവിന് എല്ലാം തനിയെ ചെയ്യാനാകുമായിരുന്നു, എന്നിരുന്നാലും ഫലദായകമായ ഒരു ജോലി ചെയ്യുന്നതിന്റെ സന്തോഷവും സംതൃപ്‌തിയും പുത്രനും ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിച്ചു. (സദൃ. 8:31) ദൈവത്തിന്റെ ഗുണങ്ങൾ അടുത്തറിയാൻ ഇത് പുത്രന് കൂടുതൽ അവസരമേകി. അല്ലെങ്കിൽ, തന്റെ ഏകജാതപുത്രനെ പരിശീലിപ്പിക്കാൻ യഹോവ ഈ അവസരം വിനിയോഗിച്ചു എന്ന് നമുക്കു പറയാനാകും.
ഭൂമിയിലായിരുന്നപ്പോൾ യേശുക്രിസ്‌തു തന്റെ പിതാവിനെ അനുകരിച്ചുകൊണ്ട് ഉത്തരവാദിത്വങ്ങൾ പങ്കുവെച്ചു. സുവാർത്താപ്രസംഗത്തിന് നേതൃത്വം കൊടുക്കുന്നതിനായി അവൻ ആദ്യം 12 അപ്പൊസ്‌തലന്മാരെ പരിശീലിപ്പിച്ചയച്ചു. പിന്നീട് 70 പേരെ അവൻ പരിശീലിപ്പിച്ച് തനിക്കുമുമ്പായി അയയ്‌ക്കുകയുണ്ടായി. (ലൂക്കോ. 9:1-6; 10:1-7) ആ പ്രദേശങ്ങളിലെ അവരുടെ പ്രവർത്തനം യേശുവിന്റെ ശുശ്രൂഷയ്‌ക്കൊരു അടിസ്ഥാനമായി വർത്തിച്ചു. സ്വർഗത്തിലേക്കു പോകുന്നതിനുമുമ്പായി ലോകവ്യാപക പ്രസംഗപ്രവർത്തനം ഉൾപ്പെടെ കൂടുതൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ പരിശീലനംസിദ്ധിച്ച തന്റെ ശിഷ്യന്മാർക്ക് അവൻ നൽകി.—മത്താ. 24:45-47; പ്രവൃ. 1:8.
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നതും അതു നിർവഹിക്കാൻ പരിശീലിപ്പിക്കുന്നതും ക്രിസ്‌തീയ സഭയുടെ മുഖമുദ്രയാണ്. അപ്പൊസ്‌തലനായ പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു: “നീ എന്നിൽനിന്നു കേട്ടതും അനേകം സാക്ഷികളാൽ സ്ഥിരീകരിക്കപ്പെട്ടതുമായ കാര്യങ്ങൾ വിശ്വസ്‌തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക; അങ്ങനെ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.” (2 തിമൊ. 2:2) അതെ, അനുഭവസമ്പത്തുള്ളവർ മറ്റുള്ളവരെ പരിശീലിപ്പിക്കണം, അങ്ങനെ അവരും മറ്റുള്ളവർക്കു പരിശീലനം നൽകാൻ പ്രാപ്‌തരായിത്തീരും.
പഠിപ്പിക്കുന്നതിലും ഇടയവേല ചെയ്യുന്നതിലും ഉള്ള ചില ഉത്തരവാദിത്വങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു മൂപ്പന് ആ ക്രിസ്‌തീയ ചുമതലകൾ നിറവേറ്റുന്നതിലെ സന്തോഷം അനുഭവിക്കാൻ മറ്റുള്ളവർക്കുകൂടി ഒരവസരം നൽകാവുന്നതാണ്. മനുഷ്യന്റെ പ്രാപ്‌തികൾക്കു പരിമിതിയുണ്ടെന്ന തിരിച്ചറിവ്, സഭാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ മറ്റുള്ളവരുടെ സഹായം തേടാൻ മൂപ്പന്മാരെ പ്രേരിപ്പിക്കേണ്ടതാണ്. “താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്” എന്ന് ബൈബിൾ പറയുന്നു. (സദൃ. 11:2) താഴ്‌മയുള്ള ഒരു വ്യക്തി സ്വന്തം പരിമിതികളെക്കുറിച്ച് അവബോധം ഉള്ളവനായിരിക്കും. എല്ലാക്കാര്യങ്ങളും സ്വയം ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾ മടുത്തുപോയേക്കും. മാത്രമല്ല, നിങ്ങൾക്കു നഷ്ടമാകുന്നത് നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുമായിരുന്ന സമയംകൂടിയാണ്. അതുകൊണ്ട് ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നതാണ് എന്തുകൊണ്ടും ജ്ഞാനം. മൂപ്പന്മാരുടെ സംഘത്തിന്റെ കോ-ഓർഡിനേറ്ററുടെ കാര്യമെടുക്കുക. സഭാ കണക്കുകൾ ഓഡിറ്റു ചെയ്യാൻ അദ്ദേഹത്തിന് മറ്റു മൂപ്പന്മാരോട് ആവശ്യപ്പെടാനാകും. അത് മറ്റു മൂപ്പന്മാർക്കും സഭയുടെ സാമ്പത്തികനില മനസ്സിലാക്കാൻ അവസരം നൽകും.
ഉത്തരവാദിത്വങ്ങൾ നൽകുകവഴി വൈദഗ്‌ധ്യവും അനുഭവപരിചയവും നേടാൻ മറ്റുള്ളവർക്ക് അവസരം നൽകുകയാണ് മൂപ്പന്മാർ, അതേസമയം ചുമതല കൈയേൽക്കുന്നയാളുടെ പ്രാപ്‌തികൾ വിലയിരുത്താനും അവർക്കൊരവസരം കിട്ടും. ഉചിതമായ സഭാ ഉത്തരവാദിത്വങ്ങൾ നിയമിച്ചുനൽകുന്നതിലൂടെ മൂപ്പന്മാർക്ക് ശുശ്രൂഷാദാസന്മാരായി നിയമിക്കാൻ കഴിയുന്നവരെ ‘പരിശോധിച്ചറിയാനാകും.’—1 തിമൊ. 3:10.
ഇനി, ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുകവഴി മറ്റുള്ളവരിൽ വിശ്വാസമുണ്ടെന്ന് തെളിയിക്കുകയാണ് മൂപ്പന്മാർ. പൗലോസ് തിമൊഥെയൊസിനെ മിഷനറിസേവനത്തിൽ കൂടെക്കൊണ്ടുനടന്ന് പരിശീലിപ്പിച്ചു. അങ്ങനെ 1 തിമൊ. 1:2) അതുപോലെ, സൃഷ്ടിക്രിയയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ യഹോവയും യേശുവും തമ്മിലും ഒരു ഉറ്റബന്ധം ഉടലെടുത്തു. മറ്റുള്ളവരെ ജോലികൾ ഭരമേൽപ്പിക്കുകവഴി മൂപ്പന്മാർക്ക് അവരുമായി ഒരു ഊഷ്‌മളബന്ധം വളർത്തിയെടുക്കുന്നതിന് അവസരം ലഭിക്കും.
അവർക്കിടയിൽ ഒരു ഗാഢബന്ധം ഉടലെടുത്തു. “വിശ്വാസത്തിൽ എന്റെ യഥാർഥപുത്രനായ” തിമൊഥെയൊസ് എന്നാണ് പൗലോസ് അവനെ വിളിച്ചത്. (ചിലർ മടിക്കുന്നതിന്റെ കാരണം
ഈ പ്രയോജനങ്ങളെല്ലാം അറിയാമെങ്കിലും ചുമതലകൾ ഏൽപ്പിച്ചുകൊടുക്കാൻ ചില മൂപ്പന്മാർ വിമുഖത കാണിക്കുന്നു, അധികാരം കുറഞ്ഞുപോകുമോ എന്നുള്ള ഭയമായിരിക്കാം കാരണം. ‘എല്ലാത്തിനും എന്റെ കൈ ചെല്ലണം, എങ്കിലേ ശരിയാകൂ’ എന്നാണ് ചിലർ ചിന്തിക്കുന്നത്. സ്വർഗാരോഹണം ചെയ്യുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരെ ഭാരിച്ച ചില ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുവെന്നോർക്കുക. താൻ ചെയ്‌തതിനെക്കാൾ വലിയതോതിൽ തന്റെ ശിഷ്യന്മാർക്കു ചെയ്യാനാകും എന്ന് അവന് നന്നായി അറിയാമായിരുന്നു.—മത്താ. 28:19, 20; യോഹ. 14:12.
മുൻകാല അനുഭവങ്ങളായിരിക്കാം ചില മൂപ്പന്മാരെ ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നതിൽനിന്ന് പിന്നോട്ടു വലിക്കുന്നത്. ചുമതലകൾ ഏൽപ്പിച്ചുകൊടുത്തപ്പോൾ അവർക്കു തൃപ്‌തികരമായ ഫലം ലഭിച്ചിട്ടുണ്ടാവില്ല. വേഗത്തിലും ഏറെ മെച്ചമായും തനിക്ക് ജോലികൾ ചെയ്യാനാകും എന്നായിരിക്കാം അവർ ചിന്തിക്കുന്നത്. എന്നാൽ പൗലോസിന്റെ ദൃഷ്ടാന്തം ചിന്തിക്കുക. ചുമതലകൾ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യം അവന് അറിയാമായിരുന്നു. എന്നാൽ എല്ലായ്‌പോഴും അവർ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ മിഷനറിയാത്രയിൽ തന്റെ കൂട്ടാളിയും യുവാവുമായ മർക്കോസിനെ അവൻ പരിശീലിപ്പിക്കുകയുണ്ടായി. എന്നാൽ തന്റെ നിയമനംവിട്ട് അവൻ വീട്ടിലേക്കു മടങ്ങിയപ്പോൾ പൗലോസ് തീർത്തും നിരാശിതനായി. (പ്രവൃ. 13:13; 15:37, 38) പക്ഷേ ഈ സംഭവംകൊണ്ടൊന്നും മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിൽനിന്ന് പൗലോസ് വിട്ടുനിന്നില്ല. മിഷനറിയാത്രയിൽ കൂടെവരാൻ അവൻ തിമൊഥെയൊസിനെ ക്ഷണിച്ചതായി നാം കണ്ടല്ലോ. കൂടുതൽ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ തിമൊഥെയൊസ് പ്രാപ്‌തിനേടിയപ്പോൾ പൗലോസ് അവനെ എഫെസൊസിൽ വിട്ടിട്ടുപോയി, സഭയിൽ മേൽവിചാരകന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാൻ അവനെ അധികാരപ്പെടുത്തുകയും ചെയ്‌തു.—1 തിമൊ. 1:3; 3:1-10, 12, 13; 5:22.
ആരെങ്കിലും ഒരാൾ നന്നായി പ്രതികരിച്ചില്ലെന്നു കരുതി മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിൽനിന്ന് മൂപ്പന്മാർ വിട്ടുനിൽക്കുന്നത് ഉചിതമല്ല. മറ്റുള്ളവരെ വിശ്വസിക്കുന്നതും അവരെ പരിശീലിപ്പിക്കുന്നതും പ്രധാനമാണെന്നുമാത്രമല്ല അതാണ് ശരിയായ കാര്യവും. എന്നാൽ ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ മൂപ്പന്മാർ മനസ്സിൽപ്പിടിക്കണം?
എങ്ങനെ?
ചുമതലകൾ ഏൽപ്പിക്കുന്നതിനുമുമ്പ് അതിനായി ഉദ്ദേശിക്കുന്ന സഹോദരന്റെ യോഗ്യതകൾ പരിശോധിക്കേണ്ടതുണ്ട്. യെരുശലേമിൽ ഭക്ഷ്യവിതരണത്തിനുവേണ്ടി ചില ക്രമീകരണങ്ങൾ ചെയ്യേണ്ടിവന്നപ്പോൾ “ആത്മാവും ജ്ഞാനവും നിറഞ്ഞവരും സുസമ്മതരുമായ ഏഴുപുരുഷന്മാരെ”യാണ് അപ്പൊസ്‌തലന്മാർ അക്കാര്യത്തിനായി തിരഞ്ഞെടുത്തത്. (പ്രവൃ. 6:3) ആശ്രയയോഗ്യരല്ലാത്ത ആളുകളെ ഒരു ജോലി ഏൽപ്പിച്ചാൽ അവർ അത് ചെയ്യാനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് ആദ്യം ചെറിയചെറിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുക. ആൾ ആശ്രയയോഗ്യനെന്നു തെളിഞ്ഞാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ അയാൾക്കു നൽകാവുന്നതാണ്.
ചിന്തിക്കേണ്ട കാര്യങ്ങൾ ഇനിയുമുണ്ട്. ഓരോരുത്തരുടെയും വ്യക്തിത്വവും പ്രാപ്‌തികളും വ്യത്യസ്‌തമാണ്; അനുഭവപരിചയവും അങ്ങനെതന്നെ. സൗഹാർദപരമായ പെരുമാറ്റവും പ്രസന്നമായ പ്രകൃതവും ഉള്ള സഹോദരനെ സേവകനായി നിയമിച്ചാൽ അദ്ദേഹം അതിൽ ശോഭിച്ചേക്കും. എന്നാൽ അടുക്കും ചിട്ടയും കൃത്യനിഷ്‌ഠയുമൊക്കെയുള്ള ഒരു സഹോദരന് സഭാ സെക്രട്ടറിയുടെ സഹായിയായി സേവിക്കാൻ കഴിഞ്ഞേക്കും. കലാവാസനയുള്ള ഒരു സഹോദരിയെ സ്‌മാരകത്തിനും മറ്റും രാജ്യഹാൾ അലങ്കരിക്കാനായി നിയോഗിക്കാവുന്നതാണ്.
ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്താണ് ചെയ്യാൻ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി പറയുക. ചില കാര്യങ്ങൾ ചോദിച്ചറിയാനായി യോഹന്നാൻ സ്‌നാപകൻ യേശുവിന്റെ അടുക്കലേക്ക് തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ, താൻ അറിയാനാഗ്രഹിക്കുന്നതെന്താണെന്ന് ഉപയോഗിക്കേണ്ട വാക്കുകൾ സഹിതം ലൂക്കോ. 7:18-20) എന്നാൽ അത്ഭുതകരമായി ആഹാരം നൽകിയശേഷം മിച്ചംവന്നവ ശേഖരിക്കുക എന്നു മാത്രമാണ് യേശു ശിഷ്യന്മാരോടു പറഞ്ഞത്, അതിന്റെ വിശദാംശങ്ങളിലേക്കൊന്നും അവൻ കടന്നില്ല. (യോഹ. 6:12, 13) നിയമനത്തിന്റെ പ്രകൃതത്തെയും ചെയ്യുന്ന ആളിന്റെ യോഗ്യതയെയും ആശ്രയിച്ചിരിക്കും പലകാര്യങ്ങളും. ഒരു കാര്യം നിയമിച്ചുകൊടുക്കുന്നയാൾക്കും ചെയ്യുന്നയാൾക്കും ആ നിയമനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, എത്ര കൂടെക്കൂടെ റിപ്പോർട്ട് നൽകണം, നിയമനം നിർവഹിക്കുന്നയാൾക്ക് എത്രമാത്രം സ്വാതന്ത്ര്യമുണ്ട് ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരിക്കണം. ഒരു നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണെങ്കിൽ, കാര്യകാരണസഹിതം അതു വിശദീകരിച്ചുകൊടുത്ത് ജോലിതീർക്കേണ്ട തീയതി സംബന്ധിച്ച് പരസ്‌പരധാരണയിലെത്തണം.
അവർക്കു പറഞ്ഞുകൊടുത്തു. (നിയമിച്ചുകൊടുക്കുന്നയാൾക്ക് ആവശ്യമായ ഫണ്ട്, സാധനസാമഗ്രികൾ, ആൾസഹായം ഇവയൊക്കെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റുള്ളവരോട് പറയുന്നതും നല്ലതാണ്. “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” പത്രോസിനു കൊടുക്കുമെന്നു യേശു പറഞ്ഞത് മറ്റു ശിഷ്യന്മാരുടെ സാന്നിധ്യത്തിലായിരുന്നു. (മത്താ. 16:13-19) ചില നിയമനങ്ങളുടെ ഉത്തരവാദിത്വം ആർക്കാണെന്ന് സഭയെ അറിയിക്കുന്നത് നന്നായിരിക്കും.
ചുമതല ഏൽപ്പിച്ചുകൊടുക്കുന്നവർ ചില കാര്യങ്ങൾ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. ഏൽപ്പിച്ചുകൊടുത്ത ജോലിയിൽ നിങ്ങൾ അനാവശ്യമായി കൈകടത്തുന്നെങ്കിൽ ആ വ്യക്തിയോട് നിങ്ങൾ ഫലത്തിൽ ഇങ്ങനെ പറയുകയായിരിക്കും: “എനിക്കു നിങ്ങളെ അത്ര വിശ്വാസമില്ല.” നിങ്ങൾ പ്രതീക്ഷിക്കുന്ന റിസൽട്ട് കിട്ടിയില്ലെങ്കിലും ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുത്ത സഹോദരന് കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുന്നത് ആത്മവിശ്വാസവും പ്രവൃത്തിപരിചയവും നേടാൻ അദ്ദേഹത്തെ സഹായിക്കും. ഇതിനർഥം ഒരു ജോലി ഏൽപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ അങ്ങോട്ടു തിരിഞ്ഞുനോക്കേണ്ടതില്ല എന്നല്ല. സൃഷ്ടിക്രിയയിൽ പുത്രന് ഒരു പങ്കുകൊടുത്തെങ്കിലും യഹോവയും കാര്യങ്ങളിൽ ഉൾപ്പെടുന്നുണ്ടായിരുന്നു. “നാം നമ്മുടെ സ്വരൂപത്തിൽ . . . മനുഷ്യനെ ഉണ്ടാക്കുക” എന്ന് അവൻ യേശുവിനോടു പറഞ്ഞത് അതാണ് കാണിക്കുന്നത്. (ഉല്‌പ. 1:26) അതുകൊണ്ട് നിങ്ങളുടെ വാക്കാലും പ്രവൃത്തിയാലും, ചെയ്യുന്ന ജോലിയെ പിന്തുണയ്‌ക്കുക, ആ വ്യക്തിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുക. അതുവരെ ചെയ്‌ത കാര്യങ്ങൾ ഒന്ന് ഓടിച്ചുനോക്കുന്നത് അദ്ദേഹത്തെ സഹായിച്ചേക്കും. ജോലി ശരിയായവിധമല്ല ചെയ്‌തതെങ്കിൽ കൂടുതലായ ഉപദേശവും സഹായവും നൽകാൻ മടിക്കരുത്. ആത്യന്തികമായി ആ ജോലിയുടെ ഉത്തരവാദിത്വം അത് ഏൽപ്പിച്ചുകൊടുത്ത നിങ്ങൾക്കാണെന്ന കാര്യം ഓർക്കുക.—ലൂക്കോ. 12:48.
ഇങ്ങനെ സഭാ മൂപ്പന്മാർ നല്ല താത്‌പര്യമെടുത്ത് ചുമതലകൾ ഏൽപ്പിച്ചുകൊടുത്തതുവഴി പല സഹോദരങ്ങൾക്കും പ്രയോജനം നേടാനായിട്ടുണ്ട്. എല്ലാ മൂപ്പന്മാരും ചുമതലകൾ ഏൽപ്പിച്ചുകൊടുക്കേണ്ടത് എന്തുകൊണ്ടെന്നും എങ്ങനെയെന്നും പഠിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അവർ യഹോവയെ അനുകരിക്കുകയാണ്.
[29-ാം പേജിലെ ചതുരം]
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുകയെന്നാൽ. . .
• നേട്ടങ്ങൾ കൈവരിക്കുന്നതിലെ സന്തോഷം പങ്കുവെക്കുക എന്നാണ്
• കൂടുതൽ ചെയ്‌തു തീർക്കാനുള്ള ഒരു മാർഗമാണ്
• എളിമയുടെയും ജ്ഞാനത്തിന്റെയും തെളിവാണ്
• മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള വേദിയാണ്
• മറ്റുള്ളവരെ വിശ്വസിക്കുന്നു എന്ന് തെളിയിക്കുന്നതിനുള്ള അവസരമാണ്
[30-ാം പേജിലെ ചതുരം]
എങ്ങനെ അതു ചെയ്യാം
• പ്രാപ്‌തരായവരെ തിരഞ്ഞെടുക്കുക
• വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക
• എന്താണു പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുക
• ആവശ്യമായ സഹായം നൽകുക
• എങ്ങനെ പോകുന്നുവെന്ന് നിരീക്ഷിക്കുക, അവരിലുള്ള വിശ്വാസത്തിന് ഉറപ്പുകൊടുക്കുക
• ഉത്തരവാദിത്വം ഏൽക്കാൻ തയ്യാറാകുക
[31-ാം പേജിലെ ചിത്രങ്ങൾ]
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുന്നതിൽ ഒരു ജോലി നിയമിച്ചുകൊടുക്കുന്നതും പുരോഗതി വിലയിരുത്തുന്നതും ഉൾപ്പെടുന്നു